ഇതിലും നല്ലത് ഇങ്ങനൊരുത്തൻ ജനിക്കാതിരിക്കുന്നതായിരുന്നു എന്ന്.. മനസ്സുനൊന്ത് തലയിൽ കൈവച്ചമ്മ നീ ഒരിക്കലും ഗുണം പിടിക്കില്ലെടാ എന്ന് പറഞ്ഞപ്പോഴും

ഗുണ്ട
രചന: സുനിൽ പാണാട്ട്

ഉത്സവപറമ്പിൽ വച്ച് തെറ്റൊന്നും ചെയ്യാത്ത അച്ഛനെ രണ്ടുപേർ തെറിവിളിച്ചിട്ടും പിടിച്ചങ്ങ് തള്ളിയിട്ടും ഒന്നും മിണ്ടാതെ തന്റെ കൈ പിടിച്ച് നടന്ന അച്ഛനോടന്ന് പുച്ഛമാണെനിക്ക് തോന്നിയത്….!

” ലാലേട്ടന്റെയും മമ്മൂക്കയുടെയും ഹീറോയിസം കണ്ടിട്ടുള്ള എനിക്ക് എന്റെ അച്ഛനും അങ്ങനാണെന്ന സ്വപ്നമാണവിടെ തകർന്നടിഞ്ഞത്…!

“ഇതൊക്ക കണ്ടിട്ടും പേടിക്കാതെ സൂത്രത്തിൽ അച്ഛന്റെ കൈവിടീച്ച് താഴെ കിടന്ന കല്ലെടുത്ത് ആൾകൂട്ടത്തിനിടയിൽ നിന്ന് അച്ഛന്റെ ദേഹത്ത് കൈവച്ചതിലൊരുത്തന്റെ തലക്ക് തന്നെ ആഞ്ഞ് എറിഞ്ഞുകൊണ്ടായിരുന്നു ഈ പത്തു വയസ്സുകാരന്റെ അരങ്ങേറ്റം…

“അന്ന് തൊട്ട് മനസ്സിൽ കയറി കൂടിയതാ തെറ്റൊന്നും ചെയ്യാത്തവരെ ഉപദ്രവിക്കുന്നവർക്കെതിരെ പ്രതികരിക്കണമെന്ന്…!

“അതെ അതിന് വേണ്ടിയൊരു ഗുണ്ടയാവണമെനിക്കെന്ന്.!
മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യുന്നൊരു ഗുണ്ട..!

“അത് കൊണ്ടാണ് വലുതാവുമ്പോൾ നിങ്ങൾക്കാരാവണം എന്ന ലിറ്റി ടീച്ചറുടെ ചോദ്യത്തിന് ടീച്ചറെയും ക്ലാസ്സിലെ കുട്ടികളെയും ഞെട്ടിച്ച് കൊണ്ടന്ന് പറഞ്ഞത് എനിക്കൊരു ഗുണ്ടയാവണമെന്ന് …!

“എന്റെ ഉത്തരം കേട്ട് കൂട്ടുകാരാരോക്കെയോ മൂക്കത്ത് വിരൽ വച്ച് ചിരിച്ചപ്പോഴും സ്വന്തം ലക്ഷ്യത്തിൽ തന്നെ ഉറച്ചു നിന്നു ഞാൻ..

“പടവലങ്ങക്ക് ഷർട്ടും ട്രൗസറും ഇടീച്ച കോലമുള്ള അവന് ഗുണ്ടയാവണം പോലും!!!!!

“സഹപാഠികൾ തമ്മിൽ നോക്കി മൂക്കത്ത് വിരൽ വച്ച് കളിയാക്കി.ആ കളിയാക്കലിലും എന്നിലെ ഗുണ്ട തളർന്നില്ല..!

പിന്നീടോരാളെ ചറപറ ഇടിച്ചപ്പോൾ തന്റെ ഇടിയും ചവിട്ടും കൊണ്ട് താഴെവീണയാൾ കരച്ചിലിനിടയിലും തുടയിലൊരു പിച്ചും അടിയും തന്നപ്പോഴാണ് ഞെട്ടിയെഴുന്നേറ്റ് കണ്ണ് തുറന്നത് ..

“ന്റെ ഗുണ്ടമോൻ ഇനി താഴേകിടന്നാമതി ട്ടോ മുത്തശ്ശിക്കിനി ചവിട്ട് കൊള്ളാൻ വയ്യെന്ന് പറഞ്ഞോരു പായയും തലയിണയും എടുത്തു താഴേ വിരിച്ചുതന്നു മുത്തശ്ശി..! അന്ന് മുതൽ കിടപ്പ് താഴേയും.!

പിന്നീട് എന്റെ ഇടിയും ചവിട്ടും വാങ്ങിക്കൂട്ടിയത് തെക്കെ പറമ്പിലെ കണ്ണൻ വാഴയും നേന്ത്രവാഴതയ്യുമൊക്കെയായിരുന്നു ….

“ഇടി കൊണ്ട് ഒടിഞ്ഞ് വീണ കണ്ണൻ വാഴകൾക്കും നേന്ത്രവാഴകൾക്കും പകരം ചോദിക്കാനായി വന്നതന്നച്ഛനായിരുന്നു…!

വളർന്നു വരുന്ന ഒരു ഗുണ്ടയെ മുളയിലെ നുള്ളി നശിപ്പിക്കാൻ തെക്കെ തൊടിയിലെ പുളിമര കൊമ്പുമന്നച്ഛനോടോപ്പംകൂട്ടുനിന്നു…

തുടക്ക് താഴോട്ട് ഒരുപാട് ചിത്രം വരച്ച് അച്ഛൻ മടങ്ങുമ്പോഴും കരച്ചിൽ കടിച്ച് പിടിച്ച് ഞാൻ പലപ്പോഴും എന്നെതന്നെ ആശ്വസിപ്പിക്കും തളരരുത് ഒരു ഗുണ്ടക്ക് വേണ്ടത് ആത്മധൈര്യമാണ് നീ തളരരുതെന്ന്..!

“കൊണ്ടാലും കൊടുത്താലും മാത്രമെ ഒരു ഗുണ്ടക്ക് വളർച്ചയുള്ളു എന്ന്…!”ഒരിക്കൽ തന്റെ ചോറ്റുപാത്രം കട്ടെടുത്ത് ചോറു മുഴുവൻ കഴിച്ച അരവിന്ദനെ കുത്തിന് പിടിച്ച് മുഖത്തിടിച്ചാണ് തന്റെ രണ്ടാമത്തെ അരങ്ങേറ്റം ..

വിശന്നിട്ടാടാ ആദി ഇന്ന് വീട്ടിൽ ഒന്നും വച്ചില്ല പട്ടിണിയാ ഇനിയെന്നെ തല്ലല്ലെ എന്നവൻ കരഞ്ഞ് പറഞ്ഞപ്പോൾ ഈ ഗുണ്ടയും ഒന്ന് കരഞ്ഞു…!

“അടിച്ചവന്റെ സങ്കടം കേട്ട് ആദ്യമായി കരഞ്ഞ ഗുണ്ട..!
അന്നവന്റെ തോളിൽ കയ്യിട്ട് പിന്നീടുള്ള ദിവസങ്ങളിൽ അവനുള്ള ചോറും പൊതിയും ഈ ഗുണ്ടയുടെ ബാഗിൽ സ്ഥാനം പിടിച്ചു..!

സ്ക്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലേക്ക്‌ കടന്നപ്പോഴേക്കും ഈ ഗുണ്ടക്കും കൂട്ടിന് വന്നു ഗുണ്ടാ ലുക്കിൽ നീയെന്നെ പിരിച്ച് വക്കടാ പിരിച്ച് വച്ച് അഹങ്കരിക്കടാ എന്ന് പറഞ്ഞ് നല്ലകട്ടി മീശ.!

“അടിപിടിയും അതിന് പുറമെ പരാതികളും ആവോളമച്ഛന്റെ കാതിലെത്തിയപ്പോൾ തല്ലിയിയും ഗുണദോഷിച്ചും നേരയാക്കാൻ നോക്കുമ്പോഴോക്കെ വാശിയായിരുന്നെനിക്ക് പൊട്ടിതെറിച്ച് നിൽക്കുന്ന പ്രായത്തിന്റെ വാശി..!

“പറഞ്ഞതനുസരിക്കാതായപ്പോൾ പിന്നെ അച്ഛനും അമ്മയും നിർത്തി ആ ഉപദേശം …!” ഉപദേശിക്കാൻ വന്ന അരവിന്ദനോടും പറഞ്ഞു നീ നിന്റെ പണി നോക്കടാ എനിക്കറിയാമെന്റെ കാര്യം നോക്കാനെന്ന് …

കോളേജ് തുടക്കം റാഗ് ചെയ്യ്ത ചേട്ടൻന്മാരെ അടിച്ച് കൊണ്ടായിരുന്നു ..!
അതിന്റെ പുറകെ എന്നും അടിയായപ്പോൾ പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു അല്ല അവർ നിർത്തിച്ചു …!

“അന്ന് വീട്ടിലെത്തിയപ്പോഴമ്മ പറയുന്നുണ്ടായിരുന്നു നല്ല മക്കൾ ജനിക്കാൻ പുണ്യം ചെയ്യണമെന്ന്…! ഇതിലും നല്ലത് ഇങ്ങനൊരുത്തൻ ജനിക്കാതിരിക്കുന്നതായിരുന്നു എന്ന്..

മനസ്സുനൊന്ത് തലയിൽ കൈവച്ചമ്മ നീ ഒരിക്കലും ഗുണം പിടിക്കില്ലെടാ എന്ന് പറഞ്ഞപ്പോഴും.. പത്തു മാസം ചുമന്ന് പെറ്റ കണക്കുപറഞ്ഞപ്പോഴും .. പറയാൻ കണക്കുകൾ ഏറെ ഉണ്ടായിട്ടും ഒന്നും പറയാതെ കോലായിലെ ചാരുകസേരയിലിരുപ്പുണ്ടായിരുന്നച്ഛൻ ..!

” വാശിയോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുമ്പോഴും മനസ്സുനിറയെ അഹങ്കാരമായിരുന്നെനിക്ക് തന്നെ തോൽപ്പിക്കാൻ ആരുമില്ലെന്നഹങ്കാരം… !”തനിക്ക് എന്തിനും ഏതിനും പോന്ന കുറച്ച് കൂട്ടുകാരുണ്ടെന്ന അഹങ്കാരം ..!

” ആ അഹങ്കാരത്തിന്റെ ആയുസ് തീർന്നത് മൂന്നുമുറി പള്ളി പെരുന്നാളിനിടക്ക് ഉണ്ടാക്കിയ തല്ലിൽ തന്നെക്കാൾ വലിയവനാരോ തന്റെ പള്ളയിലൊരു പിച്ചാത്തി കയറ്റിയപ്പോഴാണ് ..!

“തനിക്കെന്തിനും കൂടെ ഉണ്ടാവും എന്ന് കരുതിയവർ തന്നെയും ഇട്ടിട്ട് ഓടുന്നത് മറഞ്ഞ് തുടങ്ങിയ കൺപോളകൾ കിടയിലൂടെ ഒരു മിന്നായം പോലെയാണന്ന് കണ്ടത്…!

“കരഞ്ഞ് വിളിച്ചിട്ടും വെള്ളത്തിനായി കെഞ്ചിയിട്ടുമൊരാൾ പോലും തന്നില്ലൊരാളും..

നോക്കി നിൽക്കുവല്ലാതെ അടുത്തേക്ക് വരാനില്ലായിരുന്നു ഒരുത്തനും.. ഒരു തെരുവുപട്ടിയെ പോലെ ആദിയെന്ന ഗുണ്ട ഇവിടെ അസ്ഥമിക്കുന്നു ..!

മനസ്സിൽ അറിയാതെ അച്ഛന്റെയും അമ്മയുടെയും മുഖം അവരെ അവസാനമായി ഒരു നോക്ക് കാണാൻ മോഹം ഇല്ല ഇനിയത് നടക്കില്ല അമ്മേ അച്ഛാ ആദിയിവിടെ തീരുന്നു ശപിക്കരുത് മാപ്പ് …

ഒടുവിൽ കണ്ടു അവനെ തന്നെ കുലുക്കി വിളിച്ച് കവിളിൽ രണ്ട് തട്ട് തട്ടി നീയെന്നെ ഇട്ടിട്ട് പോയോടാ പട്ടി എന്നുറക്കെകരഞ്ഞ് ഒരു കൊച്ച് കുഞ്ഞിനെ എന്നവണ്ണം തന്നെ കോരിയെടുത്ത് ഓടുന്ന അരവിന്ദനെ..

“കണ്ണുതുറന്നപ്പോൾ കണ്ടത് തനിക്കരികിൽ ഹോസ്പിറ്റലിൽ ഇരിക്കുന്ന അച്ഛനെയും അമ്മയേയും ആയിരുന്നു അവർക്കൊപ്പം അരവിന്ദനും…

കുത്തു കൊണ്ട് ഒരുവശം തളർന്നെന്നും അത് ശരിയാവാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നും ഇപ്പോൾ ഒരു മാസമായി ഈ കിടപ്പെന്നും..!

അതറിഞ്ഞപ്പോൾ തനിക്ക് തന്നോട് തന്നെ പകയാണന്ന് തോന്നിയത് ..!”അരികത്തിരുന്ന അമ്മയോട് അമ്മയുടെ ശാപംഫലിച്ചല്ലോ അമ്മെ എന്ന് കണ്ണീരോടെ ചോദിച്ചതുമങ്ങനാണ്…!

” കൈകൾ കൂട്ടി പിടിച്ചമ്മ കരഞ്ഞപ്പോൾ തന്റെ തലയിൽ തലോടിയച്ഛനും കണ്ണീർവാർത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു എന്റെ മോനൊന്നും ഇല്ല എന്ന് ..ഇത് പെട്ടന്ന് ശരിയാവുമെടാ എന്ന്..

ഇനിയെങ്കിലും മോൻ അച്ഛനെയും അമ്മയെയും അനുസരിക്കണമെന്ന്.. ഞങ്ങളുടെ ഏക പ്രതീക്ഷയാണ് നീയെന്ന്..

” ഓരോ മക്കളും അനുസരണയില്ലാതെ വളരുമ്പോൾ മതാപിതാക്കൾ അനുഭവിക്കുന്ന ദുഖം അതാണേറ്റവും വലിയ വേദനയെന്ന് ..

സ്വന്തം മകൻ തെരുവിൽ സ്ഥിരം അടിപിടി കൂടുന്നത് കാണേണ്ടിയും അതിനേ കുറിച്ച് കേൾക്കേണ്ടിയും വരുന്ന മാതാപിതാക്കളാണ് ഏറ്റവും ഭാഗ്യംകെട്ടവരരെന്ന്…!

അച്ഛന്റെയും അമ്മയുടെയും കൈകൾ ചേർത്ത് പിടിച്ചപ്പോൾ സത്യം ചെയ്യ്തു ഇനി ഞാൻ എഴുന്നേറ്റ് നടക്കുന്നത് അച്ഛനെയും അമ്മയെയും അനുസരിക്കുന്ന

മകനായിട്ടായിരിക്കുമെന്ന്.
ഇനി ഇതെന്റെ രണ്ടാം ജന്മമായിരിക്കും ഇത് സത്യമെന്ന്…

 

Leave a Reply

Your email address will not be published. Required fields are marked *