(രചന: ഗുരുജി)
‘അമ്മേ….. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അമ്മയതിന് സമ്മതിക്കണം..!’
എന്നോളം വളർന്ന എന്റെ മോൾ അവളുടെ കൂട്ടുകാരിയുമായി വീട്ടിലേക്ക് വന്ന് എന്നോട് പറഞ്ഞതാണ്.
അതുകേട്ട ഞാൻ താങ്ങാൻ പറ്റാത്ത അത്രത്തോളം ഓർമ്മകളുടെ ഭാരവുമായി എന്റെ മുറിയിൽ കയറി കതകടച്ചു. തിര തൊടുമ്പോൾ ഒലിച്ച് പോയ മണൽ തരികളിൽ പോയ കാലത്തിന്റെ പാദങ്ങളുമായി ഞാൻ എന്റെ നഷ്ട്ട തീരത്തിലേക്ക് കുഴിഞ്ഞു…
അന്ന് കോളേജിൽ നിന്ന് ഇത്തിരി വൈകിയാണ് ഹോസ്റ്റലിലേക്ക് ഞാൻ എത്തിയത്. അപ്പോഴേക്കും അവളെ അവളുടെ അമ്മാവൻമ്മാര് കൊണ്ട് പോയിരുന്നു.
ഇന്നത്തേത് പോലെ എന്ത് പറ്റിയെന്ന് ചോദിച്ചൊരു സന്ദേശമയക്കാൻ പോലും സാഹചര്യമുള്ള സാങ്കേതിക ലോകമായിരുന്നില്ലയത്. ആകെയുള്ളത് ആര് വിളിച്ചാലും വിട്ട് വിട്ട്
കേൾക്കുന്നയൊരു ലാൻഡ് ഫോണാണ്. അതും വ്യക്തമായ കാര്യകാരണങ്ങൾ ബോധിപ്പിച്ചാൽ മാത്രം അനുവാദം തരുന്ന വാർഡന്റെ മുറിയിൽ.
എന്തോ, അന്ന് എനിക്ക് അവിടെ നിന്ന് അവളെ വിളിക്കാൻ തോന്നിയില്ല. ആറ് മണിക്ക് ശേഷം ഹോസ്റ്റൽ വിട്ട് പുറത്തേക്ക് പോകാൻ ഞങ്ങൾ പെണ്ണുങ്ങൾക്ക് അനുവാദമുണ്ടാകാത്തത് കൊണ്ട് കാര്യമറിയാതെ ഞാൻ ആ രാത്രി മുഴുവൻ വിഷമിച്ച് വിയർത്തു.
പിറ്റേന്ന് കോളേജിന് പരിസരത്തുള്ളയൊരു ടെലിഫോൺ ബൂത്തിൽ കയറി അവളുടെ വീട്ടിലേക്ക് ഞാൻ വിളിച്ചു. പ്രതീക്ഷിച്ചത് പോലെ അവൾ തന്നെ ഫോണെടുത്തു.
പെണ്ണ് കാണൽ ചടങ്ങാണെന്ന് പെണ്ണ് വലിയ സന്തോഷത്തിലാണ് പറഞ്ഞത്.. നിനക്ക് ചെറുക്കനെ ഇഷ്ട്ടപ്പെട്ടുവോയെന്ന് ചോദിച്ചപ്പോൾ വന്നിട്ട് പറയാമെന്ന് പറഞ്ഞ് അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു.
അന്ന് ഞാനൊരു ചിറകൊടിഞ്ഞ ശലഭത്തെ പോലെ നിരാശയോടെ കോളേജ് ക്യാമ്പസ്സിലൂടെ പാറി ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചുപോയി. വാർഡനോട് സുഖമില്ലെന്ന കള്ളവും പറഞ്ഞു.
ഒരു ജൂനിയർ കുട്ടിയുമായി മുറി പങ്കിടുന്ന കാര്യത്തിൽ എനിക്ക് ആദ്യമൊരു അനിഷ്ട്ടമൊക്കെ ഉണ്ടായിരുന്നു.
പക്ഷേ, ചുരുക്കം ചില നാളുകൾ കൊണ്ട് തന്നെ ഈ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി അവൾ മാറുകയായിരുന്നു. കുട്ടിക്കാലം തൊട്ടേ അച്ഛനു അമ്മയും നഷ്ട്ടപ്പെട്ട കുട്ടികളായത് കൊണ്ടായിരിക്കും ഞങ്ങൾക്ക് അത്രയും കൂട്ട് കൂടി നടക്കാൻ അന്ന് സാധിച്ചത്.
അവൾക്കും എന്തിനും ഏതിനും ഞാൻ വേണമായിരുന്നു. അന്ന് പയ്യനൊരുത്തൻ അവളെ ക്ലാസ്സ് മുറിയിൽ വെച്ച് ശല്യപ്പെടുത്തിയെന്ന് കേട്ടപ്പോൾ എന്റെ നിയന്ത്രണം തെറ്റി.
അവന്റെ കരണത്തൊന്ന് പൊട്ടിച്ചപ്പോൾ മാത്രം ശാന്തമായ എന്നെ അവളന്ന് മുറുക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവൾക്ക് ഞാനും എനിക്ക് അവളുമെന്ന് വെറുതേ തെറ്റിദ്ധരിച്ച് പോയി ഞാനന്ന്…
അതിന് ശേഷം കോളേജിൽ അവളേയും എന്നേയും ചേർത്തൊരു സ്വവർഗ്ഗനുരാഗ കഥ പാട്ടായി പടരുന്നുണ്ടെന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്.
അത് കേട്ടപ്പോൾ ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീടത് ഞാൻ എനിക്കുള്ളിൽ ശരിവെക്കുകയായിരുന്നു. അവളുമായി എല്ലാ അർത്ഥത്തിലും മിച്ച
ജീവിതം പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷമേയുള്ളൂ… പക്ഷേ, അവൾക്കെന്നെ അത്തരത്തിൽ കാണാൻ പറ്റുമോയെന്നതിൽ ഞാൻ വല്ലാതെ പരിഭ്രമിച്ചു.
പെണ്ണും പെണ്ണും പ്രണയത്തിലായാൽ മാനം ഇടിഞ്ഞ് വീഴുന്നയൊരു ലോകമായിരുന്നു അന്നെനിക്ക് ചുറ്റും. എന്നിട്ടും ഞാൻ അവളോടത് തുറന്ന് പറയാൻ തീരുമാനിച്ചു.
മുറിയിൽ രണ്ട് കട്ടിലുകളുണ്ടെങ്കിലും ഇടക്ക് ഞങ്ങൾ അതിൽ ഏതെങ്കിലുമൊന്നിൽ കെട്ടിപ്പിടിച്ച് കിടക്കാറുണ്ട്. അന്നും പതിവ് പോലെ ഞങ്ങൾ അങ്ങനെ കിടക്കുകയായിരുന്നു.
അവളുടെ കൃതാവിൽ മുട്ടി നിൽക്കുന്ന എന്റെ ചുണ്ടുകളെ ഞാൻ അവളുടെ കാതിലേക്ക് ഉയർത്തി. അവളൊരു ഞെരിപിരിയോടെ അപ്പോൾ മുഖം തിരിച്ചു. സൗഹൃദത്തിന്റെ വരമ്പിൽ
നിന്നെന്റെ ഹൃദയം തെന്നി വീണ് അവളുടെ പിൻകഴുത്തിലെന്നെ കൊണ്ട് അമർത്തി ചുംബിപ്പിച്ചു.
അവൾ ധൃതിയിൽ എഴുന്നേൽക്കുകയും എന്നെ തുറിച്ച് നോക്കുകയും ചെയ്തു. പിന്നീട് രണ്ട് നാൾ ഞങ്ങൾ പരസ്പരം നോക്കുകയോ സംസാരിച്ചതോ ഇല്ല. മൂന്നാം നാൾ അവളുടെ അമ്മാവൻമ്മാര് വന്ന് അവളെ കൊണ്ടുപോകുകയും ചെയ്തു.
ഒരാഴ്ച്ച കഴിഞ്ഞ് അവൾ വന്നിട്ടുണ്ടെന്നറിഞ്ഞ് കോളേജിൽ നിന്ന് നേരത്തേ ഞാൻ ഇറങ്ങി. ഹോസ്റ്റൽ മുറിയിലെത്തും വരെ എന്റെ ഹൃദയം വല്ലാതെ വെപ്രാളപ്പെട്ടു.
കതക് തുറന്നപ്പോൾ അവൾ നീട്ടിയ ഉണ്ണിയപ്പത്തിന്റെ മധുരം നാവിൽ തട്ടിയപ്പോഴാണ് ഞാനൊന്ന് ശാന്തമായത്.
‘ നീയെന്ത് തീരുമാനിച്ചു…?'”എന്ത്…?”‘വിവാഹമുറപ്പിച്ചോ…?'”ഉറപ്പിച്ചു. ഈ വർഷം തന്നെയുണ്ടാകും…”
പിന്നെ എനിക്ക് അവളോട് യാതൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. ശരീരം രണ്ടായി വേർപെട്ട് പോകുന്നത് പോലെയൊരു അനുഭവം.
ഒരു കടുത്ത തലവേദന അഭിനയിച്ച് ഞാനന്ന് നേരത്തേ കയറി കിടക്കുകയും ചെയ്തു. ഉറങ്ങാതെ കിടക്കുന്ന എന്നെ കണ്ടിട്ടാകണം നിനക്കെന്താ പറ്റിയെതെന്ന് ചോദിച്ച് എപ്പോഴോ അവൾ എന്റെയടുത്ത് വന്ന് കിടന്നത്.
അവളിലേക്ക് തിരിഞ്ഞ് എനിക്ക് നീയില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് തലയിണയിൽ മുഖം പൂഴ്ത്തി ഞാൻ കരഞ്ഞപ്പോൾ അവളൊന്നും പറയാതെ എഴുന്നേറ്റു.
പിറ്റേന്ന് ഞാൻ ഉണർന്നപ്പോൾ മുറിയിൽ അവൾ ഉണ്ടായിരുന്നില്ല. കോളേജിലുമവൾ എത്തിയിട്ടില്ല.
തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് തന്റെ വീട്ടിൽ നിന്ന് കോളേജിലേക്ക് വലിയ ദൂരമില്ലാത്ത അവൾ ഹോസ്റ്റൽ വേണ്ടെന്ന് വെച്ച് താമസം വീട്ടിലേക്ക് മാറ്റിയെന്നത് അറിയാൻ സാധിച്ചത്. അവൾ വേണ്ടെന്ന് വെച്ചത് എന്നെയാണെന്ന് മനസ്സിലായത് കൊണ്ടായിരിക്കും എനിക്കന്ന് പഠിത്തം നിർത്താൻ തോന്നിയത്.
വീട്ടിലെ കാരണവർ പറയുന്നത് മാത്രം കേട്ട് നടക്കുന്നയൊരു യന്ത്രമായിരുന്നു പിന്നീട് ഞാൻ. തലയിൽ മുഴുവൻ അവളുമായുള്ള ഓർമ്മകൾ പൂക്കാതെ ഉലഞ്ഞു.
പുറത്ത് പറയാൻ പോലും വിലക്കപ്പെട്ട പ്രണയത്തിൽ ആയതിന്റെ സംഘർഷാബോധം എന്റെ തല പെരുപ്പിച്ചു. മാനസികമായി പെണ്ണിനെന്തോ പ്രശ്നമുണ്ടെന്ന് കരുതി കാരണവർ എന്നെ ഉടൻ കെട്ടിച്ച് വിടുകയും ചെയ്തു.
വർഷമൊന്ന് കഴിയും മുമ്പേ കെട്ട് പൊട്ടിയ പട്ടം പോലെ ഞാൻ ആ പുരുഷന്റെ കൈകളിൽ നിന്ന് താഴെ വീണു. അപ്പൊഴെന്റെ പള്ളയിലൊരു പെൺ കുഞ്ഞുണ്ടായിരുന്നു.
അവളാണ് വളർന്ന് വന്ന് എന്റെ മാറിലേക്ക് ചാഞ്ഞ് തന്റെ കൂട്ടുകാരിയുമായി ജീവിതം പങ്കിടാനുള്ള അനുവാദം ചോദിച്ച് പുറത്തങ്ങനെ കാത്തിരിക്കുന്നത്…
എനിക്കല്ലാതെ പിന്നെ ആർക്കാണ് അവരെ അംഗീകരിക്കാനും ഉൾക്കൊള്ളാനും സാധിക്കുകയല്ലേ…!!!?