(രചന: ശാലിനി)
വെള്ള പുതച്ചുറങ്ങുന്ന അച്ഛന്റെ അരികിലേക്ക് ആർത്തലച്ചു വീഴുന്ന അച്ചുവിനെ നോക്കി കണ്ണീരടക്കാനാവാതെ ആ അമ്മ ഇരുന്നു..
“അച്ഛാ.. ഒന്ന് കണ്ണ് തുറക്ക്.. അച്ചുവാ വിളിക്കുന്നെ. ദേ അച്ഛന്റെ മുത്ത് വന്നിരിക്കുന്നു..
എഴുന്നേറ്റു വാ അച്ഛാ.. ”
നെഞ്ചു പൊട്ടിക്കരയുന്ന അച്ചുവിനെ ആരൊക്കെയോ താങ്ങി എഴുന്നേൽപ്പിച്ചു. അമ്മയുടെ അലമുറ കണ്ട് മുത്ത് മോളും കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അവർ കണ്ണുകൾ അടച്ചു ഭിത്തിയിലേയ്ക്ക് ചാരിയിരുന്നു..
ഏക മകന്റെ ചേതനയറ്റ ശരീരം കാണാൻ ബാക്കി വെച്ചതായിരുന്നോ തന്റെയീ ജന്മം.അവൻ ആഗ്രഹിച്ചത് പോലൊരു ജീവിതം കിട്ടാതെ വന്നതാണല്ലോ എല്ലാത്തിനും കാരണം!
“അമ്മേ ചോറ് എടുത്തു വെച്ചോ.?”ഇന്നലെ രാത്രിയിൽ വൈകി കയറി വന്ന തന്റെ മോന്റെ ചോദ്യം ചെവിയിൽ വീണ്ടും മുഴങ്ങുന്നു.
അവൻ രുചിയോടെ ചോറ് വാരിത്തിന്നുന്നതും നോക്കി ആ പാതിരാത്രി താൻ അവന് കൂട്ടിരുന്നു.
കഴിച്ച പാത്രം കഴുകി വെച്ച് ലൈറ്റ് അണച്ച് കിടന്നു. മരുന്ന് ഒരു പിടി കഴിക്കാൻ ഉള്ളത് കൊണ്ട് നേരത്തെ എന്തെങ്കിലും കഴിച്ച് ഗുളികയും വിഴുങ്ങി മകനെയും നോക്കിയിരിക്കും.
കുറച്ചു നാളായിട്ടുള്ള പതിവാണ്. കൊച്ചു മോളുടെ കല്യാണം കഴിഞ്ഞതിനു ശേഷം അപ്പുവും മകനും താനും മാത്രമായിരിക്കുന്നു വീട്ടിൽ. അപ്പു കഴിപ്പും കഴിഞ്ഞ് നേരത്തെ കയറി കിടക്കും.
മകൻ കയറി വരുന്ന അവസ്ഥയുടെ രീതി അറിയാവുന്നത് കൊണ്ട് ഉറക്കവും വരില്ല.. മദ്യപാനം ഈയിടെ ഇത്തിരി കൂടിയിട്ടുണ്ട്. എന്ത് ചെയ്യാനാണ്. വയസ്സ് നാൽപ്പത്തി ഒൻപത് ആയി. കൂടെ ഉണ്ടാകേണ്ടവൾ ഇട്ടെറിഞ്ഞു പോയിട്ട് വർഷം കുറച്ചായി!
നിരന്തരമുള്ള വഴക്ക് ഒടുവിൽ നീണ്ട ഒരു പിണക്കത്തിലേക്കാണ് എത്തിച്ചത്.. ജോലിക്ക് പോകുന്നില്ല, കള്ള് കുടിക്കുന്നു, വീട് നോക്കുന്നില്ല തുടങ്ങി അവൾക്ക് പരാതികളൊരുപാട് ആയിരുന്നു.
വിവാഹപ്രായമെത്തിയ മകളും പ്രായപൂർത്തിയായ മകനും അവരുടെ വഴക്കിന് നിത്യവും സാക്ഷികളാകേണ്ടി വന്നു. ഒരിക്കൽ അവൾ വീട് വിട്ട് എങ്ങോട്ടാ ഇറങ്ങി പോയി.
ആ ദേഷ്യത്തിന് അവനൊട്ട് അന്വേഷിക്കാനും പോയില്ല.
പിന്നീട് ആരോ പറഞ്ഞറിഞ്ഞു അവൾ മലേഷ്യയിൽ ആണെന്നൊക്കെ..
മകളുടെ കല്യാണ ആലോചനകൾ മുറുകി വരുന്ന സമയം. പലരും പെൺകുട്ടിയെ വന്നു കണ്ട് ഇഷ്ടപ്പെട്ടു പോയി.
പക്ഷേ, ശേഷം പിന്നെ ആരും ഒരു മറുപടിയും തരാതെ വന്നപ്പോൾ ബ്രോക്കർ പറഞ്ഞറിഞ്ഞു പെൺകുട്ടിയുടെ അമ്മയെ കുറിച്ച് അത്ര നല്ല കഥകൾ അല്ല പുറത്ത് കേൾക്കുന്നതെന്ന്..
അതോടെ മോൾക്കും നിരാശയായി..
ഇനിയാരുടെ മുൻപിലും മുഖം കാണിക്കില്ലെന്ന് അവൾക്ക് വാശിയായി.
പക്ഷെ ഒരിക്കൽ അമ്പലത്തിൽ വെച്ചോ മറ്റോ അച്ചുവിനെ കണ്ട ഒരാളാണ് അവൾക്ക് പുതിയ ആലോചനയുമായി വന്നത്. ഗൾഫിൽ ജോലിയുള്ള പയ്യനെ അവൾക്കും ഇഷ്ടപ്പെട്ടു.
അവർക്കാകട്ടെ പെൺകുട്ടിയുടെ അമ്മയുടെ കഥകൾ ഒന്നും ഒരു പ്രശ്നവും ആയിരുന്നില്ല.
അന്ന് വിവാഹം തീരുമാനിച്ച വിവരം അറിയിക്കാൻ അവളുടെ നമ്പർ തേടി അശോകൻ അവളുടെ വീട്ടിൽ ചെന്നു. അവൾ പക്ഷേ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല.
വീട്ടുകാരുടെ നിർബന്ധം കൊണ്ട്
ആയിരിക്കാം വിവാഹത്തിന് മണ്ഡപത്തിനു സമീപം ഒരു വെറുതെകാരിയെ പോലെ നോക്കിനിന്നത്.
അന്ന് അവളെ കണ്ട് ബന്ധുക്കൾ പലരും അടക്കം പറഞ്ഞു..
പിന്നെയെപ്പോഴോ തിരക്കുകൾക്കൊടുവിൽ അവളും അപ്രത്യക്ഷമായിരുന്നു !!
അവളുടെ വരവും പൊക്കും ആൾക്കാരിൽ ഒരു കൗതുകമാണ് ഉണർത്തിയത്.. മോഡേൺ വേഷവും മോടിയും അപരിചിതമായ ഭാവവും.
പിന്നീടുള്ള ഒരു കാര്യങ്ങളും അവളെ ആരും അറിയിച്ചതുമില്ല.
അച്ചുവിന് ഒരു കുഞ്ഞ് ഉണ്ടായപ്പോഴും മകന്റെ നിർബന്ധത്തിന് അച്ചു,
അമ്മയെ ഫോൺ വിളിച്ചു പറഞ്ഞു..
പക്ഷേ, തന്റെ പേരക്കുട്ടിയെ കാണാനോ മോളുടെ സുഖവിവരം തിരക്കാനോ ഒന്നും അവൾ മെനക്കെട്ടില്ല ! അതോടെ മകന്റെ മദ്യപാനവും കൂടിയതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല.
അവൾക്ക് ഇത്ര പെട്ടന്ന് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് ആർക്കും പിടികിട്ടിയില്ല..ഭർത്താവിന്റെ ചെയ്തികളിൽ എതിർപ്പ് ഇണ്ടാകാം, പക്ഷേ സ്വന്തം മക്കളെ പോലും അവൾക്കിങ്ങനെ അകറ്റി നിർത്താൻ കഴിയുന്നത് വല്ലാതെ അത്ഭുതപെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി അവൻ വല്ലാത്ത മനഃപ്രയാസത്തിൽ ആയിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.. സംസാരിക്കാൻ പോലും താല്പ്പര്യം ഇല്ലാതെ എപ്പോഴും ചിന്തിച്ച് ഇരിപ്പാണ്.
ജോലി കഴിഞ്ഞ് വരുന്നത് ഏതെങ്കിലും ഒരു സമയത്ത്. അതും ഉറയ്ക്കാത്ത കാലടികളോടെ..
ഭാര്യ കൂടെയില്ലാത്ത ദുഃഖം അവനെ വല്ലാതെ തളർത്തിക്കളയുന്നു. ഒരമ്മയെക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഭാര്യക്ക് തന്നെയാണ്.
“അവളൊന്ന് തിരിഞ്ഞു നോക്കുന്നുപോലുമില്ലല്ലോ..” എന്നൊരിക്കൽ വിഷമത്തോടെ പറയുന്നത് കേട്ട് അവനെ എന്ത്പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ താനും കുഴങ്ങി..
“നീയിങ്ങനെ കുടിച്ച് നശിച്ചാൽ പിന്നെ അവളെങ്ങനെ വരാനാണ്. ജീവിതം വെറുതെ കളയാനുള്ളതല്ല. മോൾക്കൊരു കുഞ്ഞ് ആയി. ഇനിയെങ്കിലും നിന്റെ കുടിയൊന്ന് നിർത്ത്. ”
ഒന്നും മിണ്ടാതെ തലയും കുമ്പിട്ട് അവൻ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. പിന്നെ കുറച്ചു ദിവസങ്ങൾ മദ്യത്തിന്റെ മണമില്ലാതെ ഉറച്ച കാലുകളോടെ പതിവിലും നേരത്തെ തന്നെ എത്തിത്തുടങ്ങി !
ഒരു ദിവസം വളരെ പ്രതീക്ഷയോടെയാണ് അവൻ എന്നോട് പറഞ്ഞത്..
“അമ്മേ ഞാൻ ഇന്ന് അവളെ വിളിക്കാൻ തീരുമാനിച്ചു..”അതുകേട്ട് അന്നൊരുപാട് സന്തോഷം തോന്നി. ഇപ്പോഴെങ്കിലും അവന് നേർബുദ്ധി തോന്നിയല്ലോ.
“നന്നായി മോനെ ! നിങ്ങൾ സന്തോഷത്തോടെ കഴിയുന്നത് കണ്ടിട്ട് അമ്മയ്ക്ക് മരിച്ചാലും വേണ്ടില്ല..”
പക്ഷേ ഫോൺ വിളിച്ചു കഴിഞ്ഞ് അകത്തേയ്ക്ക് കയറിവന്ന അവന്റെ മുഖം വല്ലാതെ വിളറിപ്പോയിരുന്നു.
ചോദിച്ചപ്പോൾ ഒന്നും പറയാതെയും, മുഖം തരാതെയും അവൻ നേരേ മുറിയിലേക്ക് പോയി. കഴിക്കാൻ വിളിച്ചിട്ട് വിശപ്പില്ലെന്ന് പറഞ്ഞു ലൈറ്റ് ഓഫ് ആക്കി കിടന്നു.
അവൾ കൊടുത്ത എന്തെങ്കിലും മറുപടി ആയിരിക്കണം അവനെ വിഷമത്തിലാക്കിയതെന്ന് ഉറപ്പുണ്ടായിരുന്നു. കുറച്ചു വെള്ളവും ഗുളികയും വല്ല വിധേനയും കഴിച്ച് താനും കയറിക്കിടന്നു.. നാളെ ആകട്ടെ അവളെയൊന്ന് വിളിക്കണം..
നീ വിചാരിക്കുന്നത് പോലെയല്ല. ഇപ്പോൾ അവൻ ഒരുപാട് മാറിപ്പോയി എന്ന് പറഞ്ഞു മനസ്സിലാക്കണം. എന്റെ കുഞ്ഞ് വല്ലാതെ ദുഃഖിക്കുന്നുണ്ട്.
അവന്റെ നല്ല പ്രായങ്ങളെല്ലാം ഒരപ്പൂപ്പൻ താടിപോലെ കാറ്റിൽ പറന്നു പോകുന്നത് ഇനിയും കണ്ടിരിക്കാൻ വയ്യാ..
ഓരോരോ ചിന്തകളുമായി കിടന്നത് കൊണ്ട് ഉറങ്ങാൻ വൈകി. രാവിലെ എഴുന്നേൽക്കാൻ ഇത്തിരി വൈകിപ്പോയി. പുറത്ത് തെക്കേതിലെ വിമലയുടെ അലമുറ കേട്ടാണ് വാതിൽ തുറന്നത്..
മുറ്റം നിറയെ ആളുകൾ !
“എന്താ എന്ത് പറ്റി..?””പോയി അശോകന്റെ അമ്മേ.. എല്ലാം പോയി “ഒന്നും പിടികിട്ടാതെ കണ്ണും തിരുമ്മി നിൽക്കുമ്പോൾ കൂടെയുണ്ടായിരുന്ന വിമലയുടെ മോൻ ഉറക്കെ പറഞ്ഞു.
“നമ്മുടെ അശോകൻ തെക്കേപറമ്പിലെ പ്ലാവിന്റെ കൊമ്പിൽ.. “ബാക്കി കേൾക്കാൻ കരുത്തില്ലാതെ മറിഞ്ഞു വീഴുകയായിരുന്നു. ദൈവമേ ! അവൻ വിഷമം മുഴുവനും ഇങ്ങനെയാണോ തീർത്തത്.. ഇനിയെനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ആരുണ്ട്..?
അമ്മേ ചോറ് എടുത്തു വെയ്ക്ക്, എന്ന് പറഞ്ഞു കേറിവരാനും, ദേഷ്യപ്പെടാനും ഇനിയെനിക്ക് ആരുമില്ലല്ലോ..
സങ്കടപ്പെരുമഴയിൽ ആർത്തലയ്ക്കുമ്പോൾ ആരൊക്കെയോ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഒന്നും കാണാൻ ശക്തിയില്ലാതെ തളർന്ന് അവശയായി കിടന്നു.
പോസ്റ്റ് മോർട്ടം കഴിഞ്ഞ് കൊണ്ട് വന്ന് തിണ്ണയിൽ ഇറക്കി കിടത്തുമ്പോൾ ആരൊക്കെയോ താങ്ങിപ്പിടിച്ച് അവന്റെയടുത്തിരുത്തി..
കണ്ണുകളടച്ച് ശാന്തമായി ഉറങ്ങുന്ന അവനോടൊപ്പം തന്നെയും കൂടി ദൈവം വിളിച്ചിരുന്നെങ്കിലെന്നു ആശിച്ചുപോയി.. ആളുകൾ കൂടിക്കൂടി വന്നു. ആരൊക്കെയോ ചോദിക്കുന്നു നളിനി വരുമോയെന്ന്. അവളിനി വന്നാലെന്ത് വന്നില്ലെങ്കിലെന്ത് ! പോയത് എനിക്കും എന്റെ കൊച്ചുമക്കൾക്കും ആണല്ലോ ഈശ്വരാ !!
അച്ചുവിന്റെ ദേഹം ഏങ്ങലടികൾ കൊണ്ട് ചെറുതായി കുലുങ്ങിക്കൊണ്ടിരുന്നു. പാവം അച്ഛന്റെ സ്നേഹം മാത്രമായിരുന്നു അവളുടെ ആകെയുള്ളൊരു സമാധാനം.
പെട്ടന്ന് ആരൊക്കെയോ എത്തിവലിഞ്ഞു പുറത്തേക്ക് നോക്കുന്നു..
ആൾക്കാർക്കിടയിലൊരു കുശുകുശുപ്പ്! നളിനി വന്നു..
ചാടിയെഴുന്നെൽക്കാൻ തുടങ്ങിയ അച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു.
“അരുത്.. അവൾ കണ്ടിട്ട് പോകട്ടെ. ഇനിയൊരിക്കലും അവൾക്ക് കാണേണ്ടി വരില്ലല്ലോ
ആ മുഖം !”
മൃതദേഹത്തിന് മുൻപിൽ നിന്ന് കരയുന്ന അവൾ പെട്ടന്ന് ബോധം കെട്ട് വീഴുന്നത് കണ്ട് അച്ചു പരിഹാസത്തോടെ അമ്മൂമ്മയെ ഒന്ന് നോക്കി..
“അവരുടെ നാടകം നടത്താനുള്ള സ്ഥലമല്ല ഇത്.. അമ്മൂമ്മ ചെന്ന് ഇറക്കി വിടുന്നുണ്ടോ.. അല്ലെങ്കിൽ ഞാൻ പോയി പറയും.. ”
“പോയത് നമുക്കാണ് മോളേ. അവൾക്കിനി മനസ്സമാധാനത്തോടെ ഒന്നുറങ്ങാൻ പറ്റുമോ..
എന്റെ കുഞ്ഞിന്റെ അവസാനത്തെ ആഗ്രഹമായിരുന്നു അവളുടെ വരവ് !
പക്ഷേ ഇതിങ്ങനെ ആയിപ്പോയല്ലോ… ”
വീണ്ടും ഒരു കരച്ചിൽ വന്നു മൂടുമ്പോൾ മകന്റെ ദേഹം കർമ്മം ചെയ്യാൻ വേണ്ടി പുറത്തേക്ക് എടുത്തിരുന്നു..