ഗംഗമ്മ
(രചന: Bhavana Babu. S (ചെമ്പകം )
എങ്ങോട്ടാ ജെസ്സി നീയിങ്ങനെ കയറും പൊട്ടിച്ചോണ്ട് ഓടുന്നെ…. ഒന്ന് കാല് തെറ്റിയിരുന്നേൽ ഞാനിപ്പോ മൂക്കും കുത്തി വീണേനെ.
അസ്ത്രം പോലെ പായുന്ന എന്നെ പിടിച്ചു നിർത്തിയാണ് കത്രീന്നമ്മച്ചിയുടെ ചോദ്യംസോറി കത്രീനമ്മച്ചി, അത് പിന്നെ ഞാൻ നമ്മുടെ ഗംഗമ്മ വന്നൊന്ന് നോക്കാൻ പോണതാ. എണീറ്റപ്പോ ഇച്ചിരി വൈകി പോയി.അതാണീ വെപ്രാളം.
കലി മൂത്ത് എന്നേം നോക്കി നിൽക്കുന്ന അമ്മച്ചിയെ ഒന്ന് സമാധാനിപ്പിക്കാനെ ന്നോണം ഞാൻ പറഞ്ഞു.
“അതിനെന്താ ഇത്ര സംശയം?ഇന്നത്തെ ദിവസം ഈ ഭൂമിയിലവൾ ജീവിച്ചിരിപ്പുണ്ടേൽ ഇവിടെയെത്തില്ലേ ? രാവിലെത്തന്നെ വന്ന്. ദാണ്ടേ, ആ വാകമര ചോട്ടിലിരിപ്പുണ്ട്….
“ആണോ അമ്മച്ചി, ഗംഗമ്മ വന്നോ…. മനസ്സിൽ ഒരായിരം പൂത്തിരി കത്തിച്ച സന്തോഷത്തോടെ ഞാൻ ചോദിച്ചു.
“ഓ വന്ന് വന്ന്… പക്ഷെ കഴിഞ്ഞ തവണത്തെക്കാൾ കോലം കെട്ടിട്ടുണ്ട് പെണ്ണ്. കാലൊക്കെ എവിടെയോ തട്ടിച്ചു ചോര ഒലിക്കുന്നുന്നുണ്ട്. നീ പോകുമ്പോ മദറിന്റെ മുറീന്ന് ആ മരുന്ന് പെട്ടികൂടി എടുത്തോണ്ട് പോ.എന്നിട്ട് അതൊക്കെയൊന്ന് വൃത്തിക്ക് കെട്ടി വച്ചു കൊട് ”
“അയ്യോ ഗംഗമ്മയ്ക്ക് മുറി പറ്റിയെന്നോ…. ഉള്ളിലെ തേങ്ങൽ അടക്കി വച്ചു കൊണ്ട് ഞാൻ ചോദിച്ചു….
“എന്റെ ജെസ്സി ഇതിപ്പോ ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ. ഒന്നുകിൽ കാല് അല്ലേൽ കൈയ്യ്. അല്ലാ,എനിക്കിപ്പോഴും മനസിലാകാത്തത് ബുദ്ധിയും ബോധവുമൊക്കെ പോയിട്ടും ഈ ദിവസം ഓർത്തു വച്ച് എങ്ങനെയാണ് ഗംഗ
ഇവിടെ എത്തുന്നതെന്നാണ്? ആ പറഞ്ഞിട്ട് കാര്യമില്ല അങ്ങനെയല്ലേ കിച്ചൻ അവളെ സ്നേഹിച്ചത് …. അതൊക്കെ പോട്ടെ നീയിങ്ങനെ കിന്നാരം പറഞ്ഞ് നിൽക്കാതെ വേഗം അപ്പുറത്തേക്ക് ചെല്ല് പെണ്ണെ….”
കത്രീന്നമ്മച്ചി പറഞ്ഞു കേട്ടതും മദറിന്റെ റൂമിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സുമായി ഞാൻ ഗംഗമ്മയുടെ അടുത്തേക്കോടി.
വാകമര ചോട്ടിൽ , കൊഴിഞ്ഞു വീഴുന്ന ഓരോ പൂക്കളെയും പെറുക്കിയെടുത്ത് ചുണ്ടോട് ചേർത്ത് വച്ചു ഗംഗമ്മയെന്തോ പിറുപിറുക്കുന്നുണ്ട്.
അമ്മയെ കണ്ടതും, സന്തോഷം കൊണ്ടോ അതോ ആ അവസ്ഥയിൽ സങ്കടപ്പെട്ടിട്ടോ, മുറ്റത്തെ തൂണും ചാരി ഞാൻ മിണ്ടാതെ നിൽപ്പായി.
“എന്താ ജെസ്സി , നീ ഗംഗയേയും നോക്കി മിണ്ടാതെ മാറി നിൽക്കുന്നത്? അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് ചോറ് വാരി കൊടുക്കുന്നില്ലേ?
തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടരികിലായി മദർ നിൽക്കുന്നു.”പിന്നെ ഗംഗയുടെ മുറിവൊക്കെ ഞാൻ ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്തിട്ടുണ്ട്.”ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് നോക്കികൊണ്ട് മദർ പറഞ്ഞു
“അല്ല മദർ, കത്രീന്നമ്മച്ചി പറഞ്ഞത് സത്യമല്ലേ? ഒരു തരി ഓർമ്മ ഇല്ലാഞ്ഞിട്ടും എത്രയൊക്കെ അലഞ്ഞു തിരിഞ്ഞാലും, ഈ ദിവസം കൃത്യമായി ഗംഗമ്മ എങ്ങനെയാണ് ഇവിടെയെത്തുന്നത് ?”
എന്റെ ചോദ്യം മദറിനെയൊട്ടും അതിശയപ്പെടുത്തിയില്ലെന്ന് തോന്നും വിധത്തിൽ മദർ എന്നെയും ഗംഗമ്മയെയും മാറി മാറി നോക്കി.
“ജെസ്സി , ഈ ചോദ്യം നിന്നെക്കാൾ മുൻപേ എത്രയോ വട്ടം ഞാൻ സ്വയം ചോദിച്ചിട്ടുള്ളതാണ്…. എന്ത് മിടുക്കിയും, സാമാർഥ്യവും ഉള്ളവൾ ആയിരുന്നു എന്റെ ഗംഗ. ഓറഞ്ചിന്റെ നിറമുള്ളവളും .
ചിരിക്കുമ്പോൾ മിഴികളിൽ പ്രകാശം പരത്തുന്നവളുമായിരുന്നു . ഈ അനാഥാലയത്തിന്റെ ജീവനായിരുന്ന ഗംഗയിന്ന് അവശയായി ആർക്കും തിരിച്ചറിയാനാകാതെ എന്റെ മുന്നിലിങ്ങനെയിരിക്കുമ്പോൾ ശരിക്കുമെന്റെ ഉള്ളം പിടയ്ക്കുന്നു മോളെ
മദറിന്റെ സങ്കടം ഞാനാ വാക്കുകളിൽ നിന്നും തിരിച്ചറിയുന്നുണ്ടായിരുന്നു.”ജെസ്സി , നീ ചെന്ന് ഗംഗയെ ചോറ് കഴിപ്പിച്ചിട്ട് വാ… ഇന്നെങ്കിലും അവൾ വയറു നിറച്ചു വല്ലതും കഴിക്കട്ടെ
ഞാനൊന്നും മിണ്ടാതെ ഗംഗമ്മയുടെ അടുത്തേക്ക് നടന്നു…. തൂശനില നിവർത്തി വച്ച് അമ്മക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഓരോന്നായി വിളമ്പി…. എല്ലാ കറികളും ചേർത്ത് ഒരു ഉരുളയായി ഞാൻ ഗംഗമ്മയെ സ്നേഹത്തോടെ വിളിച്ചു
“ഗംഗമ്മേ , ഇങ്ങോട്ട് നോക്കിക്കേ, എന്നിട്ട് ആ വായൊന്നു തുറന്നേ…..ഞാൻ പറയുന്നതൊന്നും കേൾക്കാതെ ദൂരേക്ക് നോക്കി ഒന്നും മിണ്ടാതെ ഗംഗമ്മ ഇരിക്കുകയാണ് …
ആദ്യമൊക്കെ അനുസരിച്ചില്ലേലും ഒടുവിലെന്റെ സ്നേഹമുള്ള ഉരുളകൾ ഗംഗമ്മ കഴിക്കുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു .
മകളുടെ വാത്സല്യത്തോടെ ഞാൻ ഗംഗമ്മയ്ക്ക് ഓരോ ഉരുളയും ഉരുട്ടി കൊടുത്തു.
“ഗംഗമ്മേ, നമുക്ക് അകത്തേക്ക് പോയി എന്റെ മുറിയിൽ കുറച്ചു നേരം കിടക്കാം”….
സ്നേഹത്തോടെ ഞാൻ വിളിച്ചതും എന്റെ കൈ തട്ടി മാറ്റി ഗംഗമ്മ തിരികെ പോകാനൊരുങ്ങി….
“ഗംഗമ്മേ, കുറച്ചു നേരം കൂടി ഇവിടെയിരിക്ക്. പിന്നെ പോകാം ” ഉള്ളിലെ വിങ്ങൽ അടക്കി വയ്ക്കാനാകാതെ ഞാൻ പറഞ്ഞു.
എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞത് കൊണ്ടാകും… ഗംഗമ്മ അനുസരണയുള്ളൊരു കുഞ്ഞിനെ പോലെ എന്റെ മടിയിൽ കിടന്നു…….
ഗംഗമ്മയെ പറ്റി ഞാനാദ്യം അറിയുന്നത് പതിനാലാം വയസ്സിലാണ്. ഇന്നും ആ ദിവസമെനിക്കോർമ്മയുണ്ട് ….. അന്ന് പുറത്ത് നല്ല ഇടിയോടു കൂടിയൊരു മഴ പെയ്യുന്നുണ്ടായിരുന്നു.തണുപ്പ് നിറഞ്ഞൊരു കാറ്റ് മെല്ലെ
അരിച്ചിറങ്ങുന്നു കൊണ്ട് ഞാന ന്ന് ഉറങ്ങാൻ കിടന്നിരുന്നത് കത്രീന്നമ്മച്ചിക്കൊപ്പമായിരുന്നു. അന്നാണ് ഞാൻ അമ്മച്ചിയോട് ഗംഗമ്മയെക്കുറിച്ച് ആദ്യമായി ചോദിക്കുന്നത്
കത്രീന്നമ്മച്ചി, ഇവിടെ ഇടക്ക് വരുന്ന ഗംഗമ്മയില്ലേ അവരെങ്ങനെയാ ഇങ്ങനെ ആയത്?എങ്ങനെ ആയെന്ന്…. ഉറക്കച്ചടവിനിടയിൽ അമ്മച്ചി ചോദിച്ചു.
“എന്ന് വച്ചാൽ എന്തോ സുഖമില്ലാത്തത് പോലെ “?”അതൊക്കെയൊരു വല്യ കഥയാ ജെസ്സികൊച്ചേ,ഞാനത് നിനക്ക് പറഞ്ഞു തരാം.
ആറാം വയസ്സിലാണ് ഗംഗ ഈ അനാഥ മന്ദിരത്തിലെത്തുന്നത്. സന്ധ്യ കഴിഞ്ഞ് ഒരു ഏഴ് ഏഴര ആയിക്കാണും അന്നും ഇതു പോലെ പുറത്ത് നല്ലോം ഇടി വെട്ടി മഴ പെയ്യുന്നുണ്ടായിരുന്നു. മുറ്റത്തു നനഞ്ഞ് വിറങ്ങലിച്ചു നിൽക്കുന്ന
അവളെയാദ്യം കണ്ടത് മദറായിരുന്നു
.പേരെന്താന്നൊക്കെ ചോദിച്ചപ്പോ
തമിഴും മലയാളവും ചേർത്ത് എന്തൊക്കെയോ പറഞ്ഞു . ആകെ പേടിച്ചരണ്ട് മദറിനെയും കെട്ടിപ്പിടിച്ചു കരയുന്ന ഗംഗയെ എനിക്കിന്നും ഓർമ്മയുണ്ട്.കത്രീന്നമ്മച്ചിയുടെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു…..
ആ എന്നിട്ട് ബാക്കി പറ അമ്മച്ചി…. തണുപ്പിൽ ഒന്നൂടെ ആ ദേഹത്തോടൊട്ടി കൊണ്ട് ഞാൻ പറഞ്ഞു….
“മദർ ആദ്യം പോലീസ് സ്റ്റേഷനിലാണ് വിവരമറിയിച്ചത് . തുടർന്നുള്ള അന്വേഷണത്തിലാണറിയുന്നത് ആ കൊച്ച് പാലക്കാട് തമിഴ്നാട് അതിർത്തിയിലെ ഏതോ വലിയ കുടുംബത്തിലേതാണെന്ന് .
സ്വത്തിന് വേണ്ടി അതിന്റെ അച്ഛനെയും അമ്മയെയും അവരുടെ ബന്ധുക്കൾ കൊന്നു കളഞ്ഞു. ഗംഗയെ പുറത്തേക്ക് ഒന്നും വിടരു രുതെന്ന് പോലീസ് മദറിനോട് പ്രത്യേകം പറഞ്ഞു. അങ്ങനെയാണ് ഗംഗ ഇവിടത്തെ ഒരാളാകുന്നത്. പന്ത്രണ്ടാമത്തെ വയസ്സിൽ മറ്റു കുഞ്ഞുങ്ങളുടെ ഗംഗമ്മ ആകുന്നത്”
“ആ എന്നിട്ട്…. ആകാംക്ഷയോടെ ഞാൻ ചോദിച്ചു.”അങ്ങനെ ഗംഗമ്മ വളർന്നു. സുന്ദരിയായി. അവൾക്ക് പത്ത് വയസ്സ് ഉള്ളപ്പോഴാണ് പതിനൊന്നു വയസ്സുള്ള കിച്ചൻ ഇവിടെയെത്തുന്നത്. ആരോരും ഇല്ലാത്ത ഒരനാഥൻ. പക്ഷെ ആളൊരു കൊച്ചു പോക്കിരിയായിരുന്നു….”
“എന്നിട്ട്, കിച്ചനും, ഗംഗമയും തല്ല് കൂടിയോ അമ്മച്ചി…. ഇടക്ക് കേറി ഞാൻ ചോദിച്ചു.
“ഏയ്… സത്യത്തിൽ കിച്ചന് ഗംഗയെ പേടിയായിരുന്നു, എന്ന് വച്ചാൽ ഇഷ്ടമുള്ളൊരു പേടി.അതായിരുന്നു എന്റെ ഗംയുടെ സ്വഭാവം . സ്നേഹം കൊണ്ട് ആരെയും തോൽപ്പിക്കുന്നവൾ.”
“അങ്ങനെ എന്റെ കുട്ടികൾ വളർന്നു. കൂട്ടുകാർ ആയിരുന്ന അവർ എപ്പോഴോ ഇഷ്ടത്തിലായി. മദർ കിച്ചനോട് കാര്യം തിരക്കിയപ്പോൾ അവർ പരസ്പരം പ്രണയത്തിലാണെന്ന് പറഞ്ഞു. . അങ്ങനെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ അവരാദ്യം കണ്ടു മുട്ടിയ വാക മരച്ചോട്ടിൽ വച്ച് മദർ അവരുടെ മിന്നുകെട്ട് നടത്തി.
“കല്യാണം കഴിഞ്ഞിട്ട് അവർ ഇവിടെയാണോ അമ്മച്ചി കഴിഞ്ഞത്?””ഇവിടെ നിൽക്കുന്നതാണ് നല്ലതെന്ന് മദർ കിച്ചനോട് പറഞ്ഞിരുന്നു. കാരണം ഗംഗയുടെ ജീവന് അപ്പോഴും ഭീഷണി ഉണ്ടെന്ന് മദറിന് വല്ലാത്ത
സംശയം ഉണ്ടായിരുന്നു. പക്ഷെ കിച്ചൻ വലിയ അഭിമാനിയായിരുന്നു. അവൻ മറ്റൊരു വീടെടുത്ത് ഗംഗയെയും കൊണ്ട് അങ്ങോട്ട് മാറി ”
“പക്ഷെ അത് വേണ്ടായിരുന്നു എന്നെനിക്കിപ്പോൾ തോനുന്നു.” നെടുവീർപ്പോടെ അമ്മച്ചി പറഞ്ഞു.
“അതെന്താ അമ്മച്ചി അങ്ങനെ പറഞ്ഞത്… ആശങ്കയോടെയായിരുന്നു ഞാൻ ചോദിച്ചത്.” നീയൊന്ന് അടങ്ങ് പെണ്ണേ പറയട്ടെ.”
“അങ്ങനെ അവർ രണ്ടു പേരും ആ വീട്ടിൽ സുഖമായി താമസിക്കാൻതുടങ്ങി.
ഇടക്കൊക്കെ ഇങ്ങോട്ട് വന്ന് കുഞ്ഞുങ്ങളെയൊക്കെ കാണാറുണ്ടായിരുന്നു. ഗംഗ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ കിച്ചന്റെയൊരു സന്തോഷം കാണണമായിരുന്നു.
ദിവസമ ടുത്ത് വരുന്തോറും അവരവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു. പക്ഷെ കർത്താവിനു പോലും അസൂയ തോന്നിയിട്ടുണ്ടാകും. അല്ലെങ്കിൽ പിന്നെ അന്ന് അങ്ങനെ ഒക്കെ സംഭവിക്കില്ലല്ലോ….
അമ്മച്ചിയുടെ ഓരോ വാക്കുകളും ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഞാൻ കേട്ടു കിടന്നു .”അന്ന് മഴ കാരണം കിച്ചൻ ജോലിയിൽ നിന്നിറങ്ങാൻ കുറച്ചു വൈകി. പ്രസവ ത്തിന്റെ ഡേറ്റ് അടുത്തെത്തിയല്ലോ എന്നോർത്ത് ആധിയിലായിരുന്ന അവൻ ഓടിപ്പിടച്ച്
മുറ്റത്ത് എത്തിയതും വീടിന്റെ കതക് മലർക്കെ തുറന്ന് കിടക്കുന്നത് കണ്ടു അപ്പോൾ തന്നെ കാര്യങ്ങളത്ര പന്തിയല്ലെന്ന് അവനു മനസ്സിലായി.
ശബ്ദമുണ്ടാക്കാതെ ഒരു മടലെടുത്തു ഉള്ളിലേക്ക് കയറിയതും ഗംഗയുടെ കഴുത്തിൽ കത്തിയും വച്ചു ആക്രോശിച്ചു കൊണ്ട് നിൽക്കുന്ന കുറച്ചു ഗുണ്ടകളെയാണ് അവൻ കണ്ടത് …”
“ഗംഗേ എന്ന് അലറി വിളിച്ചുകൊണ്ട് അവൻ ആഞ്ഞടുത്തു. പത്തു പേരെ ഒറ്റക്ക് നിന്ന് തല്ലാൻ കഴിവുള്ളവൻ ആയിരുന്നു ഞങ്ങടെ കിച്ചൻ. പക്ഷെ ഇടക്ക് ഗംഗയിലേക്ക് അവന്റെ ശ്രദ്ധ
മാറിയ തക്കം നോക്കി അതിലൊരുത്തൻ അവന്റെ വയറ്റിൽ കഠാര കുത്തിയിറക്കി. മരണത്തിലും അവന്റെ മനസ്സ് നിറയെ പേടിച്ചു അലമുറയിടുന്ന ഗംഗയുടെ മുഖം മാത്രമായിരുന്നു.
തന്റെ ജീവന്റെ ജീവനായ കിച്ചൻ പിടഞ്ഞു മരിക്കുന്നത് കണ്ടതും ഗംഗയുടെ മനസ്സിന്റെ താളം തെറ്റി എങ്ങോട്ടെന്നറിയാതെ ഇരുട്ടത്ത് അവളാ വീട് വിട്ടോടി.
“അപ്പോൾ ആ കുഞ്ഞ്, ആ കുഞ്ഞിനെന്തു പറ്റി അമ്മച്ചി,? നിറമിഴികളോടെ ഞാൻ ചോദിച്ചു…..”
“ആ കഥ ഞാൻ പിന്നെ പറയാം കൊച്ചേ. ഇപ്പൊ നല്ല ഉറക്കം വരുന്നു. വെളുപ്പിന് നാലു മണിക്ക് എണീക്കാൻ ഉള്ളതാ. നീയും മിണ്ടാതെ കിടക്കാൻ നോക്ക് ”
ഗംഗമ്മയുടെ കുഞ്ഞെവിടെയാണെന്ന് ഞാൻ പലരോടും ചോദിച്ചു…. ആരും ഒന്നും പറഞ്ഞില്ല…..
പെട്ടെന്നാണ് ഗംഗമ്മ എന്റെ മടിയിൽ നിന്നും ചാടിയെഴുന്നേറ്റത്.ഇനി പിടിച്ചു വച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ഗംഗമ്മ പോകുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി.ഞാൻ മദറിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
“മദറേ , നോക്ക് ഗംഗമ്മ പോകുന്നു. അമ്മയെയൊന്ന് തിരിച്ചു വിളിക്കോ …. കരഞ്ഞു കൊണ്ടാണ് ഞാനത് ചോദിച്ചത്
“ജെസ്സി, നമ്മൾ എത്ര പ്രാവശ്യം അവളെ പിടിച്ചു വയ്ക്കാൻ നോക്കിയതാണ്. ട്രീറ്റ് മെന്റിന് അഡ്മിറ്റ് ആക്കിയതുമാണ്. പക്ഷെ അവൾ അതൊന്നും കൂട്ടാക്കാതെ ഓരോ തവണയും ചാടിപ്പോകും. നീയും കണ്ടതല്ലേ അതൊക്കെ.”
“നിങ്ങൾക്കൊക്കെ അത് അനാഥലയത്തിലെ പഴയ ഗംഗയായിരിക്കും. പക്ഷെ ആ പോകുന്നത് എന്റെ അമ്മയാണ്. എന്നെ പ്രസവിച്ച എന്റെ പെറ്റമ്മ ”
കരച്ചിലിനിടയിൽ ഞാൻ പറഞ്ഞ വാക്കുകൾ കേട്ട് മദറൊന്ന് ഞെട്ടി.”ജെസ്സി, നിന്നോട് ആരാണ് ഈ രഹസ്യം പറഞ്ഞത്? അന്നമ്മയാണോ “?
എന്റെ കണ്ണുകളിലേക്ക് നോക്കി മദർ ചോദിച്ചു.”എന്നോട് ആരുമൊന്നും പറഞ്ഞില്ല മദർ.പക്ഷെ അമ്മയുടെ നോട്ടത്തിൽ, ആ സ്പർശത്തിൽ ഒക്കെയില്ലേ എന്നോടുള്ള സ്നേഹവും കരുതലുമൊക്കെ . ആദ്യമൊക്കെ അതെന്താണെന്ന് എനിക്ക് തിരിച്ചറിയാൻ
കഴിഞ്ഞില്ല. ഒടുവിൽ, റോഡിലൂടെ അലഞ്ഞു തിരിയുന്ന അമ്മയെ കണ്ടു വേദനയോടെ കണ്ണുനീർ പൊടിയുമ്പോൾ, ആ അമ്മയുടെ വാത്സല്യത്തിൽ ഹൃദയത്തിൽ വല്ലാത്തൊരു അനുഭൂതി നിറയുമ്പോൾ അപ്പോഴെനിക്ക് മനസ്സിലായി ഗംഗമ്മ എന്റെ സ്വന്തം അമ്മയാണെന്ന് ”
“ഒരിക്കൽ മദർ എന്നോട് ചോദിച്ചില്ലേ, പ്ലസ് ടു വിനു നല്ല മാർക്ക് ഉണ്ടായിട്ടും എം ബി ബി എസ് എടുക്കാതെ നീയെന്തിന് ഐ. പി. എസ് സെലക്ട് ചെയ്തു എന്ന്. അതിനെനിക്ക് വ്യക്തമായൊരു ഉദ്ദേശ്യം ഉണ്ട് മദർ, എന്റെ അച്ഛനെ കൊന്നവരെ
നിയമത്തിനു മുന്നിലെനിക്ക് കൊണ്ട് വരണം . അമ്മക്ക് നഷ്ടപ്പെട്ടതൊക്കെ എനിക്ക് തിരികെ നൽകണം. ഇതിനൊക്കെ മുൻപായി അമ്മയുടെ ട്രീറ്റ്മെന്റ്ചെയ്തു നോർമ്മൽ ആക്കണം അതാണെന്റെ ആദ്യത്തെ സ്വപ്നം .
“ജെസ്സി, ഗംഗയുടെയും, കിച്ചന്റെയും അവസ്ഥ നിനക്ക് വരരുതെന്ന് കരുതിയാണ് ഞാനാ രഹസ്യം നിന്നിൽ നിന്നും മറച്ചു വച്ചത്. അല്ലാതെ മനഃപൂർവമല്ല.”
വല്ലാത്തൊരു കുറ്റബോധത്തോടെയാണ് മദർ അത് പറഞ്ഞത്”എനിക്ക് അറിയാം മദർ…. മരിക്കാനെനിക്ക് പേടിയില്ല. ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്റെ അമ്മയുടെ മകളായി എനിക്ക് കഴിയണം. ആ ലക്ഷ്യത്തിലേക്ക് ഞാൻ വൈകാതെ എത്തുക തന്നെ ചെയ്യും.”
തിരികെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ ആസ്വസ്ഥമായി
ആഞ്ഞടിക്കുന്നുണ്ടായിരുന്നു.ഗംഗയുടെയും, കിച്ചന്റെയും മകളാണ് ഞാൻ. ആ വീര്യത്തോടെ ജനിച്ചവൾ. ഉള്ളിലെ കണക്ക് കൂട്ടലുകളിലേക്ക് ചുവടുറപ്പിച്ചു തലയുയർത്തിപ്പിടിച്ചു ഞാനെന്റെ യാത്ര തുടങ്ങി…..