ചാറ്റിങ്ങും ജീവിതവും
(രചന: Nisha L)
“രണ്ടു പെറ്റപ്പോഴേക്കും നീയങ്ങു തുടുത്തു സുന്ദരിയായല്ലോ പെണ്ണേ.. ” വാട്സ്ആപ്പിൽ വന്ന ശ്രീജിത്തിന്റെ മെസ്സേജ് കണ്ട് മിഥുന നാണം കൊണ്ട് കൂമ്പി.
മിഥുനയുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവർഷം ആയി. ഭർത്താവ് കിരൺ ഒരു ബിസിനസ്മാൻ ആണ്. എട്ടു വയസുകാരി മിത്രയും നാലു വയസുകാരൻ ആദിയും മക്കൾ.
നല്ല സാമ്പത്തിക ഭദ്രതയുള്ള ഒരു കൊച്ചു കുടുംബം. കിരണും കുട്ടികളും പോയി കഴിഞ്ഞാൽ പിന്നീടുള്ള സമയം വിരസതയോടെ കടന്നു പോകുന്നു എന്നു പറഞ്ഞപ്പോഴാണ് കിരൺ അവൾക്കു ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തത്.
അങ്ങനെയാണ് പത്താം ക്ലാസ്സ് ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അവളും അംഗമാകുന്നത്. ഗ്രൂപ്പിൽ നിന്ന് കൂട്ടുകാരുമായുള്ള പരിചയം പുതുക്കി സന്തോഷത്തോടെ പോകുമ്പോഴാണ് ശ്രീജിത്തിന്റെ പ്രൈവറ്റ് മെസ്സേജ് വരുന്നത്.
പഠിക്കുന്ന സമയം അവൻ വലിയ പഠിപ്പിസ്റ്റും പോരാത്തതിന് അവന്റെ അമ്മ അവരുടെ മലയാളം ടീച്ചറും ആയിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് അവനോടു ചാറ്റ് ചെയ്യുന്നതിൽ തെറ്റൊന്നും തോന്നിയില്ല.
പക്ഷേ…പിന്നീട് എപ്പോഴോ ചാറ്റിംഗിന്റെ ഗതി മാറി. ഇക്കിളിപെടുത്തുന്ന മെസ്സേജ്കളും അതിർവരമ്പുകൾ ഭേദിച്ച സംസാരവും അവർക്കിടയിൽ വന്നു.
ചാറ്റിംഗ് പിന്നേ വീഡിയോ കാളിലേക്കും ചെന്നെത്തി. ഇപ്പോൾ രാവിലെ കിരണും കുട്ടികളും പോകാൻ വേണ്ടി അവൾ കാത്തിരിക്കും ശ്രീജിത്തിനോട് സംസാരിക്കാൻ.
“എന്നാ പെണ്ണേ നിന്നെ ഒന്ന് നേരിട്ട് കാണുന്നത്. എനിക്ക് കാണാൻ കൊതിയാവുന്നു. ““എനിക്കും.. നമുക്ക് എത്രയും പെട്ടെന്ന് കാണാമെടാ… “
വൈകിട്ട് വന്ന കിരൺ,,, യൂണിഫോം പോലും മാറ്റാതെ കുട്ടികൾ ഒറ്റക്ക് സിറ്റ് ഔട്ടിൽ ഇരിക്കുന്നത് കണ്ട് വേവലാതിയോടെ കാറിൽ നിന്ന് ഇറങ്ങി ഓടി ചെന്നു.
“എന്താ മക്കളെ.. എന്ത് പറ്റി.. അമ്മ എവിടെ..? ““അറിയില്ല അച്ഛാ.. ഞങ്ങൾ വന്നപ്പോൾ വീട് പൂട്ടി കിടക്കുകയായിരുന്നു. അമ്മയെ കാണാതെ ഞങ്ങൾ പേടിച്ചിരിക്കുകയായിരുന്നു. “
“മക്കൾ പേടിക്കണ്ട.. നമുക്ക് അമ്മയെ വിളിച്ചു നോക്കാം.. ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തേക്ക് പോയതായിരിക്കും.”
എങ്കിലും ലേറ്റ് ആകുമ്പോൾ ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ അവൾക്ക്. മനസിൽ ഓർത്തു കൊണ്ട് അവൻ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു കുട്ടികളെ അകത്തു കയറ്റി. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്..
അപ്പോഴാണ് മിത്രമോൾ ഫോണുമായി ഓടി വന്നത്.“അച്ഛാ.. അമ്മ ഫോൺ കൊണ്ടു പോകാൻ മറന്നു.”
ഛെ.. ഈ പെണ്ണ്.. ഒരു ശ്രദ്ധയുമില്ലാതെ എന്തൊക്കെയാ ചെയ്തു വച്ചിരിക്കുന്നത്. ഫോൺ പോലും എടുക്കാതെ പോയിരിക്കുന്നു. ഇനി ചിലപ്പോൾ അവളുടെ വീട്ടിൽ ആർക്കെങ്കിലും ആപത്ത്.. .. ഈശ്വര..
പെട്ടെന്ന് തന്നെ അവൻ അവളുടെ വീട്ടിലേക്ക് വിളിച്ചു. ഫോൺ എടുത്തത് അവളുടെ അച്ഛൻ ആയിരുന്നു.“അച്ഛാ.. മിഥു അവിടേക്ക് വന്നോ? ““ഇല്ല മോനെ.. എന്താ എന്ത് പറ്റി.? ““അവളെ ഇവിടെ കാണുന്നില്ല.. “
“അയ്യോ എന്റെ കുഞ്ഞിന് എന്തു പറ്റി. ഞങ്ങൾ അങ്ങോട്ട് വരാം… “കിരൺ പിന്നീട് സ്വന്തം വീട്ടിലും അവൾ പോകാൻ സാധ്യതയുള്ള ബന്ധു വീടുകളിലും ഒക്കെ വിളിച്ചു നോക്കി. എങ്ങും അവളില്ല എന്ന അറിവ് അവനെ ഭ്രാന്തനാക്കി.
ഈശ്വര എന്റെ മിഥുന് എന്തെങ്കിലും ആപത്തു പറ്റി കാണും. ആരെങ്കിലും അവളെ അപകടപ്പെടുത്തി കാണുമോ.. അപ്പോഴാണ് വീടിന്റെ പരിസരത്ത് ഒന്നും അവളെ നോക്കിയില്ല എന്ന ചിന്ത അവനിൽ ഉണ്ടായത്.
പരിഭ്രാന്തിയോടെ അവൻ വീടിനു ചുറ്റും അവളെ വിളിച്ചു നടന്നു. എവിടെയും അവളെ കാണാനില്ല.അപ്പോഴേക്കും അവളുടെയും അവന്റെയും വീട്ടുകാർ എത്തി.
“ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കാം. “
രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം..“ഹലോ mr. കിരൺ അല്ലെ..? ““അതെ.. “
“ഇത് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ്.. ഒരു മിസ്സിംഗ് കേസ് ഫയൽ ചെയ്തിരുന്നില്ലേ.. ““അതെ.. സർ.. അതെ.. എന്തെങ്കിലും വിവരം കിട്ടിയോ സാർ.. “?“ആ.. നിങ്ങൾ ഒന്ന് ഇവിടെ വരെ വാ.. “
കിരൺ പെട്ടെന്ന് തന്നെ കുട്ടികളെയും കൂട്ടി സ്റ്റേഷനിലേക്ക് തിരിച്ചു. പോകുന്ന വഴി അവളുടെ അച്ഛനെയും വിളിച്ചു പറഞ്ഞു. അയാളും സ്റ്റേഷനിൽ എത്തിയേക്കാം എന്ന് അറിയിച്ചു.
സ്റ്റേഷനിൽ എത്തിയപ്പോൾ ആകെ നിറം മങ്ങിയ കോലത്തിൽ നിൽക്കുന്ന മിഥുനയെ കണ്ട് അവന്റെ മനസ് പിടഞ്ഞു.
“മിഥു.. നീ.. നീ.. എവിടെ ആയിരുന്നു..? നിന്നെ കാണാതെ ഞാനും കുഞ്ഞുങ്ങളും എത്ര പേടിച്ചെന്നോ.. നിനക്ക് എന്താ പറ്റിയത്.. ഫോൺ എടുക്കാതെ പോയതെന്താ മിഥു നീ.. “?
അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖം കുനിച്ചു നിൽക്കുന്ന അവളെ കണ്ടു SI പറഞ്ഞു.
“അവൾ ഒന്നും പറയില്ല.. കാരണം അവൾ അവളുടെ കാമുകന്റെ കൂടെ സുഖിക്കാൻ പോയതാ.. “അതുകേട്ടു കിരണിന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങി.
“ഇല്ല.. ഇല്ല.. ഞാൻ വിശ്വസിക്കില്ല. എന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു അവൾക്ക് പോകാൻ ആവില്ല.. ” അവൻ ഉറക്കെ പറഞ്ഞു.
“കിരൺ.. നിങ്ങൾ ശാന്തനാകു.. ദേ ആ നിൽക്കുന്നവന്റെ കൂടെ ഹോട്ടൽ റൂമിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. “
അപ്പോഴാണ് സ്റ്റേഷന്റെ മൂലയിൽ കൂനി കൂടി നിൽക്കുന്ന ചെറുപ്പക്കാരനെ കിരൺ കണ്ടത്.ഈ സമയം അവളുടെ അച്ഛൻ അവിടെ എത്തി..
“എന്താ സർ.. എന്റെ മോളെ കുറിച്ച് വല്ല വിവരവും കിട്ടിയോ..? ” വേവലാതിയോടെ അയാൾ ചോദിച്ചു.
“മ്മ്.. ദേ നിൽക്കുന്നു നിങ്ങളുടെ മകളും അവളുടെ കാമുകനും. “ഓഫീസർ പറഞ്ഞതു കേൾക്കെ ആ പിതൃ ഹൃദയം അലറി വിളിച്ചു പോയി.
“എന്റെ മകൾ… ഞാൻ വളർത്തിയ എന്റെ മകൾ..”കണ്മുന്നിൽ കാണുന്ന കാഴ്ചകൾ ഒന്നും തന്നെ വിശ്വസിക്കാൻ ആകാതെ വിറങ്ങലിച്ചു നിൽക്കുന്ന കിരണിനെയും കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു ആ അച്ഛൻ നിലവിളിച്ചു…
പോലീസ് ഓഫീസർ തുടർന്നു…“ഇനി എങ്ങനെയാ കാര്യങ്ങൾ.. അവളുടെ കാമുകൻ ഇപ്പോൾ പറയുന്നത് അവന് അവളെ വേണ്ട എന്നാണ്.. ഇവളെ ഇനി എന്തു ചെയ്യണം.. നിങ്ങൾ കൊണ്ടു പോകുന്നോ..? “
തല താഴ്ത്തി നിൽക്കുന്ന അവളെ കിരൺ ഒന്നുകൂടി നോക്കി..“ഇവളെ കാണാതായപ്പോൾ പലരും പറഞ്ഞു ഇവൾ ആരുടെയോ കൂടെ ഓടി പോയതാണെന്ന്. പക്ഷേ ഇവിടെ ഇവളെ ഇങ്ങനെ കാണുന്ന നിമിഷം വരെ ഞാൻ അത് വിശ്വസിച്ചില്ല.
അവൾക്ക് എന്തോ അപകടം പറ്റി കാണും എന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ അവളെ കുറിച്ച് മോശമായി ചിന്തിക്കാൻ എനിക്ക് സാധിച്ചില്ല.. അത്രക്ക് വിശ്വാസം ആയിരുന്നു എനിക്ക് ഇവളെ.. പക്ഷേ..
“ഞാൻ കൊടുത്ത സ്നേഹവും സംരക്ഷണവും സൗകര്യങ്ങളും പോരാഞ്ഞത് കൊണ്ടായിരിക്കുമല്ലോ ഇവൾ ഇങ്ങനെ ഒരുത്തന്റെ ഒപ്പം ഇറങ്ങി പോയത്.
അതുകൊണ്ട് ഇനി എനിക്ക് ഇവളെ വേണ്ട സാർ.. ക്ഷമിച്ചു കൂടെ കൂട്ടാൻ ഞാൻ ദൈവമൊന്നുമല്ല… മനുഷ്യനാണു… സാധാരണ മനുഷ്യൻ… എല്ലാ വികാരങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ.
എന്റെ കുട്ടികളോട് ഞാൻ പറഞ്ഞു കൊടുത്തു വളർത്തിക്കോളാം അവരുടെ അമ്മ മരിച്ചു പോയി എന്ന്. അച്ഛൻ വേണമെങ്കിൽ അവളെ കൂട്ടി കൊണ്ടു പൊയ്ക്കോളൂ.. “
“വേണ്ട.. എനിക്ക് ഇനി മുതൽ ഇങ്ങനെ ഒരു മകളില്ല.. എന്റെ മകൾ മരിച്ചു പോയി എന്ന് ഞാനും വിശ്വസിച്ചു കൊള്ളാം..”
പറഞ്ഞിട്ട് അച്ഛനും,,, കുട്ടികളെയും ചേർത്ത് പിടിച്ചു കിരണും സ്റ്റേഷന്റെ പടി ഇറങ്ങി പോയി..
അൽപ്പനേരത്തെ ശരീരസുഖത്തിന് വേണ്ടി സ്നേഹമുള്ള ഒരു ഭർത്താവിനെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് മിഥുന സ്റ്റേഷന്റെ മതിലിൽ ചാരി തല കുമ്പിട്ടു നിന്നു..
കുട്ടികളെയും കിരണിനെയും അച്ഛനെയും തല ഉയർത്തി നോക്കാൻ ആകാതെ,, മുന്നോട്ടുള്ള ജീവിതം എന്താകും എന്നറിയാതെ.