അമ്മ പറഞ്ഞ കള്ളം
രചന: Kannan Saju
ഹാ… എന്തോന്നടെ ഇത് ??? ശമ്പളം കിട്ടുമ്പോൾ കരയുന്നവനെ ഞാൻ ആദ്യായിട്ട് കാണുവാ… സന്തോഷിക്കണ്ടേ സമയല്ലേ ഇത്.. ഇനിയുള്ള മുപ്പതു ദിവസങ്ങളിൽ ഏതെങ്കിലും കിട്ടുവോ ഈ സന്തോഷം ? … അഭിയെ ആശ്വസിപ്പിച്ചു കൊണ്ട് നിയാസ് പറഞ്ഞു.
അഭി കണ്ണ് തുടച്ചുനിയാസ് : എന്താ പരിപാടി ? ഒന്ന് കറങ്ങാൻ പോയാലോ ? രാത്രി ഫുഡ് പൊറത്തൂന്നു അടിക്കാം
അഭി : ഇല്ലടാ.. നാളെ പോവാം.. ആദ്യായിട്ട് ശമ്പളം കിട്ടിയതല്ലേ. വീട്ടിൽ ഒന്ന് പോണംനിയാസ് : എന്നാ പിന്നെ നീ ഒള്ള നേരത്തെ പോവാൻ നോക്ക്… വൈകിയ അങ്ങോടു വണ്ടി കിട്ടാൻ പാടല്ലേ
അഭി : ആം ഞാനിറങ്ങുവാ…അമ്മയ്ക്കും അച്ഛനും ഉള്ള ഡ്രെസ്സും മറ്റുമായി അഭി വണ്ടിയിൽ കയറി. വിൻഡോ സീറ്റിൽ ഇരുന്നു കൊണ്ട് അവൻ അച്ഛന് വാങ്ങിയ മുണ്ടും ഷർട്ടും എടുത്തു നോക്കി
അച്ഛന് പാകാവായിരിക്കുവോ ??? സ്വയം ചോദിച്ചു… ആ മുണ്ടിൽ തലോടി കോബ്ദിരിക്കവേ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
അച്ഛനോട് മിണ്ടിയിട്ട് മൂന്നു വർഷം കഴിയുന്നു…
അച്ഛന് സന്തോഷാവും ഉറപ്പാ… ആവുമായിരിക്കും അല്ലെ ??? അവൻ സ്വയം ചോദിച്ചു… എന്നോട് ഇപ്പോഴും ദേഷ്യം കാണുമോ? അതോ അച്ഛൻ എന്നോട് മിണ്ടാതിരിക്കുവോ ???
എല്ലാത്തിനും കാരണം ആ നശിച്ച രാത്രി ആയിരുന്നു.. അല്ല ഒരു പക്ഷെ ഓർമ വെച്ചപ്പോൾ മുതൽ ഉള്ള രാത്രികൾ.. എന്നും കുടിച്ചു കാലിൽ നിക്കാതെ വരുന്ന അച്ഛൻ, തെറി വിളിയും ബഹളവും കേട്ടു ഉറങ്ങാതെ കിടന്ന രാത്രികൾ.. പക്ഷെ അന്നൊക്കെ എത്ര തെറി വിളിച്ചാലും
അച്ഛൻ ഞങ്ങളെയൊ അമ്മയെയോ തല്ലില്ലായിരുന്നു.
ദേഹോപദ്രവം ഇല്ലായിരുന്നു… വീട്ടിലേക്കു ആവശ്യമുള്ളതെല്ലാം കൊണ്ട് വരുമായിരുന്നു..
അച്ഛനും അമ്മയും തമ്മിൽ ഉള്ള പോര് മുറുകുമ്പോൾ ജയിക്കാനായി അച്ഛൻ വിളിക്കുന്ന തെറികൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്…. അന്നും അച്ഛന് അണിയനോടായിരുന്നു സ്നേഹം…. അവൻ പറയുന്നതെല്ലാം വാങ്ങി കൊടുക്കും, പറയുന്ന കള്ളങ്ങൾ
എല്ലാം വിശ്വസിക്കും.. അച്ഛന്റെ നാവിൽ നിന്നും ഒരു സ്നേഹ വാക്ക് കേക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട്.. ഇപ്പോഴും കൊതിക്കുന്നു.
അച്ഛൻ വീട് നോക്കാതെ ആയതോടെ പ്രശ്നങ്ങൾ കൂടിയത്… അന്നും കുടിച്ചു വന്നു തെറിയും ഒച്ചപ്പാടും തന്നെ… പഠിക്കാനോ ഉറങ്ങാനോ തോന്നില്ല… അച്ഛന് എപ്പോഴും വിഷമങ്ങളാണ്, എന്താ കാരണം?? ഒരു കരണോം ഇല്ല.. എനിക്ക്
ഓര്മയുള്ള കാലം മുതൽ കുടിക്കുന്നതാ.. കുടിക്കുന്നതിൽ അല്ല, കുടിച്ചാൽ ഭ്രാന്ത് പോലെ ആയി തുടങ്ങി.. എത്ര രാത്രികൾ തല്ലാൻ തുടങ്ങിയ അച്ഛനെ തടഞ്ഞു മാറ്റി നിർത്തി… സത്യത്തിൽ അമ്മയെ ഓർക്കുമ്പോൾ സങ്കടം വരും.. ഒരു
പെണ്ണിന് ജീവിതത്തിൽ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടാവും.. സ്വപ്‌നങ്ങൾ ഉണ്ടാവും… വീട്ടു ജോലിയും, അല്ലാതെ പണിക്കു പോവുന്നതും അതുകഴിഞ്ഞു ഈ തെറി കേൾക്കലും… ജീവിത്തിൽ എന്താ സന്തോഷം ???
എന്തായിരുന്നു അച്ഛന്റെ പ്രശ്നം എന്ന് ഇന്നും അറിയില്ല… എല്ലാവരെയും വെറുപ്പിച്ചു.. കയ്യിൽ പണമുണ്ടായിരുന്നപ്പോ എല്ലാ കൂടപ്പിറപ്പുകൾക്കും അച്ഛനെ വേണാരുന്നു… പിന്നെ ആരും ഇല്ലാതായി.. അച്ഛന്റെ അച്ഛനും അമ്മയും എല്ലാം…
അച്ഛനും അമ്മയും തമ്മിൽ ഉള്ള പ്രശ്ങ്ങൾ ആവും അനിയൻ പയ്യെ എന്നിലേക്ക് അടുത്തു തുടങ്ങിയത്.. പഠിത്തം കഴിഞ്ഞു ജോലി ഇല്ലാതെ ഉള്ള അലച്ചിൽ… അനിയൻ രെക്ഷപെടുമ്പോ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ കുഴപ്പം കൂടാതെ നടക്കൂലോ എന്ന് കരുതി ഒരുപാട് കഷ്ട്ടപെടുമ്പോഴും ഞാൻ ആശ്വസിച്ചു..
തട്ട് മുട്ട് പണികൾ എല്ലാം ചെയ്തു എങ്ങനെയൊക്കെയോ എന്റെ കാര്യങ്ങൾ ഓടിച്ചു… പലപ്പോഴും പലരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നു… സത്യത്തിൽ ജീവിതത്തെ വെറുത്ത നിമിഷങ്ങൾ… ഒരു പിച്ചക്കാരനും താനും തമ്മിൽ എന്ത് വ്യത്യാസം എന്ന് തോന്നിയ നിമിഷങ്ങൾ..
കയ്യിൽ പണം ഇല്ലാത്തവനുമായുള്ള സൗഹൃദം ബാധ്യതയാകും എന്ന് മനസ്സിലാക്കിയപ്പോൾ അകന്നു പോയ സൗഹൃദങ്ങൾ, ബന്ധങ്ങൾ….
വഴക്കുകൾ അതിരു വിട്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും വീട്ടുകാരെ സമീപിച്ചു… ഒന്നിലും ഇടപെടാൻ ആരും മനസ്സ് കാണിച്ചില്ല… ഉപദ്രവ കാരിയായി അച്ഛൻ മാറും എന്ന് തോന്നുമ്പോൾ മാമനെ വിളിക്കും.. മാമൻ വന്നു സംസാരിച്ചു തീർത്തു പോവും…
പക്ഷെ ആ നശിച്ച രാത്രി… ഞാനും ഉറങ്ങാൻ കിടന്നിരുന്നു.. പെട്ടന്നാണ് അമ്മയുടെ നിലവിളിയും അടിക്കുന്ന ശബ്ദവും കേട്ടത്. ഞാൻ മുറിയിൽ നിന്നും ഇറങ്ങി ചെല്ലും മുന്നേ അനിയൻ എത്തിയിരുന്നു.. അവൻ അച്ഛനുമായി വാക്ക് തർക്കത്തിൽ ആയി…
ഞാൻ തള്ളിയിട്ടില്ലെന്നു അച്ഛൻ പറഞ്ഞു,
പക്ഷെ കലി അടക്കാൻ അച്ഛൻ തയ്യാറായിരുന്നില്ല… അമ്മയുടെ കരച്ചിലും അച്ഛന്റെ കലിയും അടിക്കുന്ന ശബ്ദവും അനിയനെ വികാരം കൊള്ളിച്ചു.. അവന്റെ ശബ്ദം ഉച്ചത്തിൽ ഉയർന്നു.. അച്ഛനെ ഈ പ്രായത്തിൽ തിരുത്താൻ ആവില്ലെന്ന്
അറിയാമായിരുന്ന ഞാൻ അനിയനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. പക്ഷെ അച്ഛൻ അവനെ മകനായി പോലും കാണാത്ത നിമിഷം.. എപ്പോഴും കയ്യിൽ കരുതാറുള്ള പിച്ചാത്തിയുമായി അനിയന് നേരെ പാഞ്ഞടുത്ത നിമിഷം. അവന്റെ കഴുത്തിനു പിടിച്ചു കുത്താൻ ഉള്ള കലിയിൽ നിന്ന നിമിഷം. പിച്ചാത്തി
ബലമായി വാങ്ങി വലിച്ചെറിഞ്ഞെങ്കിലും കഴുത്തിലെ പിടുത്തം വിടാൻ അച്ഛൻ തയ്യാറല്ലായിരുന്നു.. മദ്യം ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാവുന്ന ഭ്രാന്ത്… ഒടുവിൽ ബലമായി തള്ളി മാറ്റേണ്ടി വന്നു.. ആ തള്ളലിൽ തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു നിലത്തു വീണു.
ഒന്നും മനഃപൂർവം അല്ല… ഇടയിൽ കിടന്നു നരകിക്കുന്നവരുടെ അവസ്ഥ ആർക്കും അറിയണ്ടല്ലോ… അനിയൻ ആവർത്തിച്ച് ചോദിച്ചപ്പോ തല്ലി എന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞത് അവനെ അത്രത്തോളം മുറിവേൽപ്പിച്ചത്.. ഈ കഷ്ടപ്പാടുകൾക്കിടയിലും അത് നരക ജീവിതം ജീവിക്കുമ്പോൾ തല്ലുക കൂടിയും, പ്രായമായ മക്കൾക്ക് ഒരിക്കലും അത് അംഗീകരിക്കാൻ ആവില്ലായിരുന്നു..
ആ രാത്രി ഞാൻ ഉറങ്ങിയില്ല.
ആ രാത്രി എന്നല്ല… അതോർത്തു ഉറങ്ങാത്ത എത്രയോ രാത്രികൾ… അനിയനും അച്ഛനും അമ്മയും എല്ലാം മറന്നു പഴയപോലെ ആയി.. ആക്കി.. വനിതാ സെല്ലിലെ മാഡത്തിനെ കണ്ടു അച്ഛനെയും അമ്മയെയും
കൗൺസിലിംഗിന് കൊണ്ട് പോയി.. കൂടെ ഞങ്ങളും… ആ മൂന്നു മണിക്കൂർ വിലപ്പെട്ടതായിരുന്നു… അവിടുന്നിറങ്ങിയ അച്ഛൻ മറ്റൊരു അച്ഛൻ ആയിരുന്നു… കുടിക്കും.. പക്ഷെ പ്രശ്നങ്ങൾ ഇല്ല.. അവർ മൂന്നു പേരും സംസാരിക്കും, ചിരിക്കും ചിലപ്പോൾ വഴക്കിടും…
സ്നേഹിച്ച പെണ്ണും പോയതോടെ ജീവിതത്തിൽ ഒരു മുഴു വട്ടനായി ഞാൻ മാറിയിരുന്നു… എങ്കിലും ജീവിച്ചു.. അനിയൻ പഠിത്തം കഴിയാൻ നാളുകൾ മാത്രമേ ബാക്കിയുള്ളു.. അവന്റെ ജീവിതം സേഫ് ആവുന്ന വരെ എങ്ങനെയും പിടിച്ചു നിക്കണം… പിന്നെ വര്ഷങ്ങളായി ഒന്നിനും അവരെ
ആശ്രയിക്കുന്നില്ലെങ്കിലും വളർത്തി വലുതാക്കിയ അവർക്കു വയസാവുമ്പോൾ ചികിത്സക്കും ജീവിക്കാനും ഉള്ളത് ഉണ്ടാക്കി വെക്കണം.. എന്നിട്ട് എങ്ങോടെങ്കിലും പോണം.. അതായിരുന്നു ചിന്ത.. ഒരു പക്ഷെ ഈ ഭൂമിയിൽ നിന്നു തന്നെ !
അനിയന് നല്ലൊരു ജീവിതം ആവുമ്പോൾ അച്ഛന്റെയും അമ്മയുടെയും കാര്യം പേടിക്കണ്ടല്ലോ എന്ന് കരുതി.. പക്ഷെ അവനു ജോലി കിട്ടി… അവൻ അവന്റെ കാര്യങ്ങൾ മാത്രമായി ഹോസ്റ്റലിൽ കൂടി.. അച്ഛനും അമ്മയ്ക്കും വേണ്ടി ഒന്നും ചെയ്യാൻ അവൻ തയ്യാറല്ലായിരുന്നു..
അതോടെ എങ്ങനെ എങ്കിലും ഒരു ജോലി ലക്ഷ്യമായി ഓടി… കുറെ അലഞ്ഞു ഒടുവിൽ കിട്ടി… അങ്ങനെ ആദ്യമായി വിദ്യാഭ്യാസം കൊണ്ട് നേടിയ ജോലിക്ക് ശമ്പളം കിട്ടി…
ഇന്ന് അച്ഛനോട് മിണ്ടണം… ഞാൻ അധ്വാനിച്ച പണത്തിനു വാങ്ങിയ ഡ്രസ്സ് അച്ഛന് കൊടുക്കണം… അച്ഛന് സന്തോഷമാവാതെ ഇരിക്കില്ല.ഇനി നല്ലൊരു പെണ്ണ് കെട്ടണം, പിന്നെ കുഞ്ഞു.. അങ്ങനെ അങ്ങനെ.. എന്റെ.
ഏറ്റവും വലിയ ആഗ്രഹം ആണ്, ഒരു ബുള്ളറ്റ് വാങ്ങണം. അതിൽ മുന്നിൽ എന്റെ മോളെയും പിന്നിൽ എന്റെ അച്ഛനെയും ഇരുത്തി നാട് മുഴുവൻ കറങ്ങണം.. സ്വന്തമായി ഒന്നും ഇല്ലാത്തവന്റെ ഒരു കൊച്ചു സ്വപ്നം
ഓരോന്ന് ആലോചിച്ചു അഭി ഇരുന്നുറോൻസന്റെ കോൾ വന്നുറോൻസൻ : അഭി നീ ഉടനെ നാട്ടിലേക്കു വരണം
അഭി : എടാ ഞാൻ ബസ്സിലാണ് ഒരു മണിക്കൂറിനുള്ളിൽ എത്തും.. എന്താടാ പെട്ടന്ന്?
റോൻസൻ : ഏയ് പ്രത്യേകിച്ചു ഒന്നും അല്ലടാ അത്.. നിന്റെ അനിയൻ ഒന്ന് വണ്ടീന്ന് വീണു.. ഇപ്പൊ കുഴപ്പില്ല..ചെറിയ മുറിവുകൾ ഉള്ളു.. എന്നാലും അമ്മ ഒക്കെ പേടിച്ചിരിക്ക.. അതാ.. ഞാൻ ബസ് സ്റ്റാന്റിൽ ഉണ്ടാവും
റോൻസന്റെ വാക്കുകളിൽ കള്ളത്തരം ഉണ്ടന്ന് എനിക്ക് മനസ്സിലായി…ആരോ പോയിരിക്കുന്നു.. അത് മൂന്നു പേരിൽ ആരായാലും എനിക്ക് വേദന ആണ്… എന്റെ അച്ഛനും കൂടി ആണെങ്കിൽ.. അവന്റെ കണ്ണ് നിറഞ്ഞു
റോൻസന്റെ ബൈക്കിൽ വീട്ടു മുറ്റത്തു എത്തും വരെ അഭി അവനോടു ഒന്നും ചോദിച്ചില്ലകൂടി നിക്കുന്ന ആളുകൾ അഭിയെ നോക്കി
പുതിയാ വസ്ത്രങ്ങൾ അടങ്ങിയ ഭാഗുമായി അവൻ വീട്ടിലേക്കു നടന്നുഅനിയൻ മുന്നിൽ മിണ്ടാതെ ഇരിക്കുന്നുണ്ട്, അഭിയുടെ ചങ്കു പിടഞ്ഞു
അകത്തു കയറിയതും ഒരു മൂലയിൽ അമ്മയും കരഞ്ഞു തളർന്നു ഇരിക്കുന്നുണ്ട്
അഭിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിർത്താതെ പൊഴിഞ്ഞുഅവൻ നിലത്തു കിടത്തിയിരിക്കുന്ന വെള്ള പുതപ്പിച്ച മൂക്കിൽ പഞ്ഞി വെച്ച, ജീവിച്ചിരുന്നപ്പോൾ ഒരിക്കലും നിലത്തുറക്കാത്ത കാലുകൾ കൂട്ടി കെട്ടിയിരിക്കുന്നു അച്ഛനെ കണ്ടു….
അവൻ മുട്ടുകാൽ കുത്തി ഇരുന്നു….
അച്ഛന്റെ ഓർമ്മകൾ അവന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു.. മദ്യപിച്ചു ഒറ്റക്കിരുന്നു സംസാരിക്കുന്ന അച്ഛനും, തന്റെ തള്ളിൽ തല ഇടിച്ചു നിലത്തു വീഴുന്ന അച്ഛനും ആയിരുന്നു അതിൽ കൂടുതലും… കരയാൻ പോലും പറ്റുന്നില്ല..
അവൻ ബാഗ് തുറന്നു… അച്ഛന് വേണ്ടി വാങ്ങിയ മുണ്ടും ഷർട്ടും അച്ഛന്റെ പാദങ്ങളിൽ വെച്ചു.. കരഞ്ഞു കൊണ്ട് കൂട്ടി കെട്ടി ഇരിക്കുന്ന പാദങ്ങളിൽ ശിരസ്സ് വെച്ചു..
അത് കണ്ട അമ്മ വീണ്ടും നിലവിളി തുടങ്ങി… അവസാനമായി നമ്മുടെ കൊച്ചിനോടൊന്നു മിണ്ടാൻ പോലും പറ്റിയില്ലല്ലോ ചേട്ടാ.. അന്നേരത്തെ ദേഷ്യത്തിന് നിങ്ങളെന്നെ തല്ലിയെന്നു കള്ളം പറഞോണ്ടല്ലെ ഇങ്ങനൊക്കെ ഉണ്ടായത്
ഒരു ഞെട്ടലോടെ അഭി തല ഉയർത്തി അമ്മയെ നോക്കിഅമ്മ : എന്നോട് ക്ഷമിക്കു മോനെ.. അന്ന് അച്ഛൻ അടിച്ചത് കട്ടിലിനിട്ടാണ് എനിക്കിട്ടല്ല.. അന്നേരം തെറി പറഞ്ഞ ദേഷ്യത്തിൽ അമ്മ നിങ്ങളോട് കള്ളം പറഞ്ഞതാ.. അമ്മയോട് ക്ഷമിക്കു മോനെ
അഭിയുടെ ചങ്കു തകർന്നു.. എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ലന്ന സത്യം അഭിയുടെ അച്ഛന് അറിയില്ലായിരുന്നല്ലോ…
അലറി വിളിച്ചു കൊണ്ട് അഭി ഉച്ചത്തിൽ കരഞ്ഞു…. കരഞ്ഞു തളർന്നു കാലിൽ വീഴുമ്പോഴും മനസ്സിൽ ഏറ്റവും വലിയ സങ്കടം” അവസാനമായി പോലും ഒന്ന് മിണ്ടാൻ പറ്റിയില്ലല്ലോ അച്ഛാ ” !