രചന: Kannan Saju
” ഏട്ടാ.. ഏട്ടാ.. എട്ടോയ്…. “തന്റെ മുന്നിലൂടെ തീഗോളമായി ഓടുന്ന കുഞ്ഞൂഞ്ഞിനെ സ്വപ്നം കണ്ടു അവൻ ഞെട്ടലോടെ ഉണർന്നു..
” അയ്യോ.. എന്താ മോനേ ഇത്.. ഇങ്ങനെ ചാടി എഴുന്നേക്കല്ലേ… “അമ്മ അവനരുകിൽ വന്നു താങ്ങി പിടിച്ചിരുന്നുകൊണ്ടു പറഞ്ഞു..
ക്യാൻസർ ബാധിച്ചു തന്റെ അവസാന നാളുകൾ എണ്ണി ഇരിക്കുന്ന അവന്റെ അരികിൽ അച്ഛനും അമ്മയും എപ്പോഴും ഉണ്ടാവും…
അമ്മ അവനെ ദേഹത്തോട് ചാരി മുടിയില്ലാത്ത തലയിൽ തലോടിക്കൊണ്ടിരുന്നു….” അമ്മേ… “” ഉം ”
” കുഞ്ഞൂഞ്ഞു ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ അമ്മ എന്നെ ഇതുപോലെ സ്നേഹിക്കുമായിരുന്നോ? ”
ആ ചോദ്യം കേട്ടു അതുവരെ പിടിച്ചു നിന്നിരുന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു..
” ആരും ആർക്കും പകരമാവില്ലല്ലോ മോനേ.. അവനുണ്ടായാലും നീ പോയാൽ നിനക്ക് പകരം ആവില്ലല്ലോ? ”
” പിന്നെന്തേ അവൻ ഉണ്ടായിരുന്നപ്പോ ഒന്നും അമ്മ എന്നെ തിരിഞ്ഞു നോക്കാഞ്ഞേ ? ”
ശരിയാണ്… എട്ടു വയസുള്ള കുഞ്ഞൂഞ്ഞു മരിക്കും വരെ താൻ ഇവനെ തിരിഞ്ഞു നോക്കിയിട്ടില്ല… മനപ്പൂർവം ആണോ..? രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ എല്ലാവരും അങ്ങനെ അല്ലേ?
” അമ്മ അവനു ചോറ് വാരി കൊടുക്കുന്നത് കൊതിയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട് “” മോനേ അമ്മ… “” മനഃപൂർവം അല്ലെന്നല്ലേ ? ”
” ഞാൻ കുഞ്ഞല്ലേ അമ്മേ.. അവനെക്കാൾ മൂന്ന് വയസ്സല്ലേ എനിക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു ”
“നീ അതൊക്കെ ഇപ്പോഴും മനസ്സിൽ വെച്ചു നടക്കുവാണോ.. അമ്മ ഇപ്പൊ എപ്പോഴും നിന്റെ കൂടെ ഇല്ലേ? ”
” ഉണ്ട്.. അമ്മയുടേം അച്ഛന്റേം സ്നേഹം ഒന്ന് കിട്ടി വന്നതേ ഉണ്ടായിരുന്നുള്ളൂ… അതൊന്നു അനുഭവിക്കാൻ കാലം അനുവദിക്കുന്നില്ലല്ലോ അമ്മേ “അമ്മ കണ്ണുകൾ തുടച്ചു…
” അമ്മ ഒരുപോലെ ഞങ്ങളെ സ്നേഹിച്ചിരുന്നെങ്കിൽ എന്തായിരുന്നു പ്രശ്നം… വേണ്ട വല്ലപ്പോഴും ഒരു വാക്ക്.. ഒരു നോക്കു… സ്നേഹത്തോടെ ഒരു ചേർത്തു നിർത്തൽ
അവന്റെ കണ്ണുകൾ നിറഞ്ഞു..” അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ കുഞ്ഞൂഞ്ഞിനെ കൊള്ളില്ലായിരുന്നല്ലോ അമ്മേ.. ”
അവൾ ഞെട്ടി..ചാടി എഴുന്നേറ്റു..” നീ എന്താ പറഞ്ഞെ? “അവൾ കലിയോടെ അവനെ നോക്കി
” ഞാൻ ഗ്യാസ് തുറന്നു വിട്ടു അവനെ മനപ്പൂർവം അടുക്കളയിലേക്കു വിട്ടതാണ്… “അമ്മയുടെ മുഖം കറുത്തു… അത്രക്കും ഇഷ്ടമായിരുന്നു അമ്മക്കവനെ
” ഇത്രയും ദുഷ്ടനായിരുന്നോ നീ.. വെറുതെ അല്ല ദൈവം നിന്നെ നേരത്തേ വിളിക്കുന്നത്.. നീ മരിക്കേണ്ടവനാണ്.. ”
അമ്മ പറഞ്ഞു നിർത്തി…” കണ്ടോ.. ഒറ്റ നിമിഷം കൊണ്ടു എന്നോടുള്ള സ്നേഹം അവസാനിച്ചത് കണ്ടോ… അമ്മക്ക് ഏറ്റവും പ്രിയം അവനോടായിരുന്നു ”
ചെയ്തു തെറ്റിൽ ഒട്ടും കുറ്റബോധം ഇല്ലാതെ ഉള്ള അവന്റെ സംസാരം അവളെ വികാര ഭരിതയാക്കി
” മരണ കിടക്കയിൽ കിടക്കുമ്പോളും ഇങ്ങനെ ക്രൂരമായി സംസാരിക്കുവാൻ നിനക്കെങ്ങനെ കഴിയുന്നു? ”
അവൻ ചിരിച്ചു…” മരിക്കാറായിട്ടു പോലും ഇപ്പോഴും ഇളയ മകനെ ഇത്രയും സ്നേഹിക്കാൻ അമ്മക്ക് എങ്ങിനെ കഴിയുന്നു? ”
” വിജയ് നീയെന്റെ ക്ഷമയെ അളക്കരുത്.. ! “” അറിയാം.. നിങ്ങള്ക്ക് ഞാൻ എന്നും ഒരു ഭാരമാണ്.. ഇത്രയും നാൾ നിങ്ങൾ എന്നോട് കാണിച്ച സ്നേഹം അവൻ ഇല്ലാത്തതു കൊണ്ടു മാത്രം എനിക്ക്
കിട്ടിയതാണ്.. സത്യത്തിൽ നിങ്ങൾ എന്നിൽ അവനെ കണ്ടു… ഞാൻ നിങ്ങളുടെ മകൻ തന്നെ ആണോ? അതോ അച്ഛനല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടായതാണോ? ”
അവന്റെ ചോദ്യം അമ്മയുടെ കാലിന്റെ പെരുവിരലിൽ നിന്നും എന്തോ തലച്ചോറ് വരെ ഇരച്ചു കയറ്റി….
അല്പ സമയം കഴിഞ്ഞു അവൾ മുറിക്കു പുറത്തേക്കു വന്നു…..നഴ്സ് അവന്റെ കണ്ണുകൾ അടച്ചു… അപ്പോഴും ആ മുഖം പുഞ്ചിരിക്കുന്നു പോലെ നഴ്സിന് തോന്നി
” അമ്മയുടെ കൈകളാൽ ഊന്നിയ തലയിണക്കടിയിൽ ശ്വാസം കിട്ടാതെ പിടയുമ്പോഴും അവന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു… ദയാ വധം കാത്തു കിടക്കാൻ ത്രാണി ഇല്ലാതെ വേദന
അനുഭവിക്കുന്നവന്റെ ചിരി, ജീവനേക്കാൾ ഏറെ സ്നേഹിച്ച അനിയൻ കണ്മുന്നിൽ കത്തി തീരുന്നതു കണ്ടു നിന്നു സമനില തെറ്റിയവന്റെ ചിരി, അച്ഛന്റെയും അമ്മയുടെയും ലാളന കൊതിച്ചു വികാരങ്ങൾ നശിച്ചവന്റെ ചിരി, അനിയൻ
മരിച്ച വേദനയിൽ നിന്നും പുറത്തു വരാൻ വര്ഷങ്ങൾ എടുത്ത അമ്മയെ താൻ കണ്ടതാണ്.. താനും കൂടി പോവുമ്പോൾ അവർ വേദനിക്കരുത്… അതിനു അവർ തന്നെ വെറുക്കണം… അതിനായി ഒരു
കള്ളം പറഞ്ഞു.. അനിയനെ കൊന്നെന്നു… അമ്മയെ വാക്കുകളാൽ പ്രകോപിപ്പിച്ചു. ഒടുവിൽ ജന്മം നലകിയവളെ കൊണ്ടു ജീവൻ എടുപ്പിച്ചവന്റെ ചിരി ചിരിച്ചു മനസ്സിനെയും ശരീരത്തിനെയും ബാധിക്കുന്ന വേദനകളിൽ നിന്നും അവൻ യാത്രയായി… ഒരു പുഞ്ചിരിയോടെ ”