ഭാഗ്യവാൻ
രചന: Vandana M Jithesh
അയാളുടെ തൊണ്ണൂറാം പിറന്നാളിന്റെ ക്ഷണക്കത്തടിച്ചു. മക്കളും മരുമക്കളും പേരമക്കളും വിദേശത്ത് നിന്നു പറന്നെത്തുമെന്ന് അറിഞ്ഞു.
സ്വർണ്ണലിപികളിൽ എഴുതിയ ക്ഷണക്കത്ത് നാട്ടിലാകെ പ്രചരിച്ചു. ക്ഷണിക്കാൻ ആർക്കും സമയം ഇല്ലാത്തത് കൊണ്ട് പത്രത്തിനൊപ്പം ആ കത്തും സകല വീട്ടിലും എത്തി. കണ്ടവരിൽ ചിലർ അസൂയപ്പെട്ടു.
” അയാളുടെ ഭാഗ്യം “നാട്ടുകാർ പരസ്പരം പറഞ്ഞു..” കൊട്ടാരം പോലെ വീട്.. ഇഷ്ടം പോലെ പറമ്പ്.. മൂന്നു ആൺമക്കൾ.. മൂന്നുപേരും വിദേശത്ത് ഉയർന്ന ജോലിക്കാർ. അവർക്ക് ചേർന്ന മരുമക്കൾ. ആരോഗ്യമുള്ള ചെറുമക്കൾ.. അയാളുടെ ഭാഗ്യം തന്നെ ”
” അയാൾക്ക് സ്വൈര്യം കെടുത്താൻ പെണ്ണുമ്പിള്ളയും ഇല്ലല്ലോ.. ഭാഗ്യവാൻ “കവലയിൽ ആണുങ്ങൾ അടക്കം പറഞ്ഞു ചിരിച്ചു..
” അയാൾക്ക് വെച്ചു വിളമ്പാനും കടയിൽ പോകാനും തിരുമ്പാനുമൊക്കെ ഒരു പയ്യൻ പണിക്കാരനും ഉണ്ടല്ലോ.. വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ട.. ഭാഗ്യവാൻ ”
പെണ്ണുങ്ങൾ കുശുമ്പ് കുത്തി..” ഈ പ്രായത്തിലും ഷുഗറോ പ്രഷറോ ഒന്നുമില്ല.. ഭാഗ്യം തന്നെ “മരുന്നിനു വേണ്ടി വരി നിന്ന ചിലർ പറഞ്ഞു ചിരിച്ചു.
ആ ഭാഗ്യവാനെ മാത്രം ആരും അറിഞ്ഞില്ല. ആ വലിയ പറമ്പിനുള്ളിൽ കൊട്ടാരം പോലുള്ള വീട്ടിൽ ഒരു മുറിയിൽ തളച്ചിടപ്പെട്ട ഭാഗ്യവാൻ. ഒരു ഫോൺകാൾ പോലും വരാത്ത വീട്ടിൽ സ്വന്തം മക്കളുടെയും ചെറുമക്കളുടെയും സ്വരവും മുഖവും
മറന്നു തുടങ്ങുന്ന ഭാഗ്യവാൻ. ഇഷ്ടപ്പെട്ട ആഹാരമോ, വെള്ളമോ ചോദിച്ചാൽ ചാടിതുള്ളുന്ന വേലക്കാരൻ പയ്യന്റെ ശാസനകൾക്ക് മുന്നിൽ തല കുനിക്കുന്ന ഭാഗ്യവാൻ.. ഒന്ന് മിണ്ടിപ്പറയാനുണ്ടായിരുന്ന പങ്കാളിയെ പോലും നഷ്ടപ്പെട്ടു തനിച്ചായ ഭാഗ്യവാൻ..
തൊണ്ണൂറാം പിറന്നാളിന് വരുന്ന മക്കൾ തനിക്കുള്ളതൊക്കെ പകുത്തു വീതിച്ചു തന്നെ കളയുമെന്ന് അറിഞ്ഞ ഭാഗ്യവാൻ..
തൊണ്ണൂറാം പിറന്നാളിന് നാല് നാൾ ശേഷിക്കേ മക്കളും ചെറുമക്കളും പറന്നു വന്നപ്പോൾ അച്ഛന്റെ തണുത്തുറഞ്ഞ ദേഹം കണ്ടു മരവിച്ചു പോയി. ജീവനോടെ മക്കളേ കാണാൻ നില്കാതെ അയാൾ യാത്രയായി. പിറന്നാൾ നിശ്ചയിച്ച ദിവസം സഞ്ചയനം നടന്നപ്പോൾ ആളുകൾ പറഞ്ഞു..
” പിറന്നാൾ നടന്നില്ലെങ്കിലെന്താ.. മരിച്ചപ്പോ മക്കൾ എല്ലാവരും എത്തിയല്ലോ.. ഭാഗ്യവാൻ “തന്റെ ഭാഗ്യമോർത്തു ഒരാത്മാവ് എവിടെയോ നിന്നു തേങ്ങി..