(രചന: രജിത ജയൻ)
” ഇത്രയും ചെറിയ ഒരു പെൺകുട്ടിയെ ആണോ അച്ഛനെനിക്ക് കല്യാണം കഴിക്കാനായ് കണ്ടെത്തിയത്..?
കയ്യിലിരിക്കുന്ന ഫോണിലെ പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും നോക്കി സംശയം തീർക്കാനെന്നപ്പോലെ വിശ്വജിത്ത് അച്ഛനോട് ചോദിച്ചു
“അവളത്ര ചെറിയ കുട്ടിയൊന്നും അല്ലെടാ മോനെ, ഇരുപതു വയസ്സുള്ള ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്..മോഹൻ പറഞ്ഞത് കേട്ടതും വിശ്വജിത്ത് അച്ഛനെ കൂർപ്പിച്ച് നോക്കി
“നീയെന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട ,നിനക്കിഷ്ട്ടപ്പെട്ട പോലീസ് ജോലി കിട്ടിയിട്ടേ നീ പെണ്ണുകെട്ടുള്ളു എന്ന് വാശി പിടിച്ചതുകൊണ്ടാണ് നിനക്കിപ്പോൾ വയസ്സ് മുപ്പത് ആവാറായത്
” നിനക്ക് ചേരുന്ന പ്രായത്തിലുള്ള പെൺകുട്ടികളെ കണ്ടെത്തിയപ്പോഴെല്ലാം വില്ലനായത് നിങ്ങളുടെ ജാതകങ്ങളുടെ പൊരുത്തമില്ലായ്മ ആണ്..
“ഈ കുട്ടിയ്ക്ക് ഇത്തിരി പ്രായം കുറവാണെന്നേ ഉള്ളു, ജാതകങ്ങൾ തമ്മിലെല്ലാം നല്ല പൊരുത്തമുണ്ട്, കൂടാതെ എന്റെ കൂട്ടുകാരന്റെ മോളുമാണ്.. നല്ല കുട്ടിയാടാ..
മോഹനൻ താൽപര്യത്തോടെ പറഞ്ഞു എങ്കിലും വിശ്വജിത്തിനത് ഉൾക്കൊള്ളാനാവത്തതുപോലെയവൻ അച്ഛനെ തന്നെ നോക്കി ..
“നീയിനി അതിനെ പറ്റി കാടുകേറി ചിന്തിച്ചു കൂട്ടുകയൊന്നും വേണ്ട ,ഒരു ദിവസം നമ്മുക്ക് അവിടെ പോയ് അവരെ നേരിട്ടു കണ്ടു സംസാരിച്ച് നോക്കാം, എന്നിട്ട് മതി ബാക്കി, പോരെ..?
മോഹനൻ ചോദിച്ചതും വിശ്വം അച്ഛനെ നോക്കിയൊന്ന് ചിരിച്ചു തലയാട്ടി അകത്തേക്ക് നടന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു പോലീസ് യൂണിഫോം .അതു നേടാനുള്ള ശ്രമത്തിനിടയിൽ വിവാഹത്തിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല
താനും അച്ഛനും മാത്രമുള്ള തങ്ങളുടെ ഈ കുഞ്ഞുകുടുംബത്തിലേക്ക് തന്റെ ഇണയായ് കയറി വരുന്ന പെൺകുട്ടിയെ കുറിച്ച് തനിക്കങ്ങനെ വലിയ സ്വപ്നങ്ങളൊന്നുമില്ല
എങ്കിലും തന്റെ അച്ഛനവളൊരു നല്ല മകളായിരിക്കണം എന്നത് തന്റെ മോഹമാണ് ..
കുഞ്ഞുനാളിലെ അമ്മയെ നഷ്ട്ടപ്പെട്ട തനിക്കെല്ലാം തന്റെ അച്ഛനാണ് .അച്ഛന്റെ ജീവനും ജീവിതവും താനാണ്
അതു കൊണ്ടു തന്നെയാണ് തനിക്ക് വേണ്ട പെൺകുട്ടിയെ കണ്ടെത്താനുള്ള ചുമതല അച്ഛനു നൽകിയത്
തന്റെ വയസ്സിനനുയോജ്യമായ പ്രായമുള്ള ,അല്പം പക്വതയുള്ള ഒരു പെൺകുട്ടിയെ ആണ് മനസ്സിൽ കണ്ടിരുന്നത് ഇതു പക്ഷെ തീരെ ചെറിയ കുട്ടിയാണല്ലോ ..?
കയ്യിലെ ഫോണിലെ ഫോട്ടോയിലേക്ക് നോക്കി വീണ്ടും വിശ്വം ചിന്തിച്ചു ..അച്ഛനുമൊത്ത് പെണ്ണുകാണാനായ് അവിടെ ചെന്നതു മുതൽ എന്തിനെന്നറിയാതെയൊരു പരിഭ്രമം വിശ്വജിത്തിനുണ്ടായിരുന്നു
തനിക്ക് മുമ്പിലേക്ക് നീണ്ടു വന്ന ചായ കപ്പ് കണ്ടു മുഖമുയർത്തി നോക്കിയപ്പോൾ കണ്ണിലാദ്യം പതിഞ്ഞത് നീല കല്ലിന്റെ ഒരു മൂക്കുത്തിയാണ് ,അതിനൊപ്പമൊരു പുഞ്ചിരിക്കുന്ന മുഖവും..
മുമ്പിൽ നിൽക്കുന്ന പെൺകുട്ടിയോട് എന്താണ് ചോദിക്കേണ്ടതെന്നറിയാതെ വിശ്വമൊരു നിമിഷം പതറി..
സാധാരണ ചോദിക്കേണ്ട പേരുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം തന്നെ പൊതുസഭയിൽ പറഞ്ഞു കഴിഞ്ഞു .
പേര് വേദ എന്നാണെന്നും പഠിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണെന്നും ,ടൗണിലാണ് കോളേജെന്നും പറഞ്ഞു കഴിഞ്ഞു
ഇതു തനിക്കും അവൾക്കും മാത്രമായ് അനുവദിച്ച സമയമാണ്, എന്താണ് ചോദിക്കുക ..?
അവൻ ചിന്തിച്ചു”ജിത്തേട്ടനെന്നെ ഇഷ്ട്ടമാവാത്തതു കൊണ്ടാണോ ഒന്നും മിണ്ടാത്തത് ..?പെട്ടന്നാണ് അവളിൽ നിന്നാ ചോദ്യം …അവനൊന്നു ചമ്മി
“ഏയ്..അതൊന്നും അല്ലടോ ഞാൻ തന്നോട് എന്താണ് ചോദിക്കേണ്ടത് എന്ന് ..”എനിക്ക് ജിത്തേട്ടനെ നേരത്തെ തന്നെ അറിയാം അച്ഛന്റെ സുഹൃത്തിന്റെ മകനെന്ന നിലയിലും ,ടൗൺ എസ് ഐ എന്ന നിലയിലും
അവൾ പറഞ്ഞു കേട്ടപ്പോൾ അവനോർത്തത് താനൊരിക്കൽ പോലും അവളെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ എന്നായിരുന്നു ..
“വേദ തനിക്ക് എന്നെ നേരത്തെ അറിയാമെന്നു പറഞ്ഞതുകൊണ്ട് ചോദിക്കുവാ ഞാനും താനും തമ്മിൽ ഏകദേശം പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് മാത്രമല്ല ഞാനും അച്ഛനും മാത്രമുള്ളതാണ് ഞങ്ങളുടെ ജീവിതം . തനിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ പറ്റുമോ ?
“നമ്മൾ തമ്മിലുള്ള വയസ്സിന്റെ അന്തരം എനിക്കൊരു പ്രശ്നമല്ല ജിത്തേട്ടാ ,പിന്നെ ഒരുപാട് സ്നേഹമുള്ളൊരു അച്ഛൻ വളർത്തിയ മകനായതു കൊണ്ടു തന്നെ ജിത്തേട്ടനും അങ്ങനെ ഒരാൾ ആവുമെന്നാണ് എന്റെ വിശ്വാസം ..
അതുകൊണ്ടുതന്നെ എന്നെ ഉൾക്കൊള്ളാൻ ജിത്തേട്ടന് പറ്റുമെങ്കിൽഈ പെണ്ണുകാണലൊരു വിവാഹത്തിൽ അവസാനിക്കുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ് ..
യാതൊരു സങ്കോചവും പരിഭ്രമവും ഇല്ലാതെ വേദ പറഞ്ഞപ്പോൾ അവൻ ശ്രദ്ധിച്ചത് അവളിലെ പക്വമതിയായ പെണ്ണിനെയാണ്, അവനിലൊരു പുഞ്ചിരി വിരിഞ്ഞു ..
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അച്ഛനെടുത്ത് തന്ന താലിചാർത്തി വേദയെ തന്റെ ഭാര്യയാക്കി മാറ്റിയപ്പോഴും അവന്റെ ചുണ്ടിലാ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു ..
വിവാഹ രാത്രിയിൽ തനിക്കരികിലേക്കെത്തിയ വേദയെ നെഞ്ചോടു ചേർത്തണച്ച് കിടന്നുങ്ങുമ്പോൾ അവളിലെ പെണ്ണിനെ അറിയുന്നതിനു മുമ്പായ് അവളുടെ മനസ്സിനെ അറിയണമെന്നവൻ ചിന്തിച്ചതും അതേ പുഞ്ചിരിയോടെയാണ്..
അച്ഛനു മുമ്പിൽ കുറുമ്പുകാട്ടുന്ന മകളായും ചുറ്റുമുള്ളവർക്ക് മുമ്പിൽ കാര്യപ്രാപ്തിയുള്ള പെണ്ണായും അവൾ നിമിഷ നേരം കൊണ്ട് മാറുമ്പോൾ അവനുമുമ്പിലവൾ അവന്റെ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിൽ പോലും തരളിതയായ് മാറുന്ന അവന്റെ മാത്രം പെണ്ണായിരുന്നു.
അവന്റെ സ്നേഹത്തെ ഉൾക്കൊള്ളുന്ന കടലായും പ്രണയത്തെ താങ്ങുന്ന ഭൂമിയായും അവൾ മാറിയ നാളിലവളിലെ പെണ്ണിനെ അവനാദ്യമായ് അറിഞ്ഞു
തന്റെ നെഞ്ചിൽ ആലസ്യത്തോടെ കിടക്കുന്നവളെ തനിക്കുള്ളിലേക്ക് ഒന്നുകൂടി ചേർത്തുനിർത്തി കൊണ്ടവൻ അവളുടെ നെറ്റിയിൽ മൃദുവായൊന്നുമ്മവെച്ചു
അവനിലെ പുരുഷനെ പൂർണ്ണനാക്കിയവളോടുള്ള ,അവനിലെ മകനെ മനസ്സിലാക്കിയവയോടുള്ള അവന്റെ സ്നേഹചുംബനം …
അതേറ്റു വാങ്ങിയവന്റെ നെഞ്ചിൽ തന്നെ അവളുറങ്ങിയപ്പോൾ ആ പ്രകൃതി പോലും അവരുടെ പ്രണയത്തിലൊന്നു ലജ്ജിച്ച് തല താഴ്ത്തി നിന്നു …