തിരിച്ചറിവിന്റെ ഏടുകൾ
(രചന: Archana Surya)
അമ്മ കൊണ്ടുവച്ച ഭക്ഷണത്തിന് മുന്നിൽ ഇരുന്നെങ്കിലും ഒന്നും കഴിക്കുവാൻ ദേവാനന്ദിന് തോന്നിയില്ല. മനസ്സിന് ആകെയൊരു വീർപ്പുമുട്ടൽ.
എന്തോ അരുതായ്ക നടക്കാൻ പോകുന്ന പോലെ ഒരു സങ്കടം…. എത്ര സന്തോഷത്തോടെ ഇരിക്കേണ്ട സമയമാണിത്!
ഈ വീട്ടിലെ അവസ്ഥയോ!!! ദേവ പ്രിയയുടെ മുറിയിൽനിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് തുടങ്ങി. ഭക്ഷണത്തിലേക്ക് നീട്ടിയ കൈ പിൻവലിച്ചു കൊണ്ട് നന്ദു അടുക്കളയിലേക്ക് ചെന്നു. അമ്മയെ അവിടെയെങ്ങും കാണുന്നില്ല. തുണി നനയ്ക്കുകയാവു
ഇല്ലെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടാലുടൻ ഓടിയെത്തിയേനെ പാവം.കുഞ്ഞിന്റെ കരച്ചിൽ കുറച്ചൂടി ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയപ്പോൾ നന്ദു വേഗം മുറിയിലേക്ക് ഓടി.അവിടെ എത്തുമ്പോൾ കുഞ്ഞ് തൊട്ടിലിൽ കിടന്ന് അത്യുച്ചത്തിൽ കരയുന്നുണ്ട്.
പ്രിയു ഏതോ ലോകത്ത് എന്നവണ്ണം കണ്ണും തുറന്നു കട്ടിലിൽ കിടക്കുന്നു. നന്ദു കുഞ്ഞിനെ തൊട്ടിലിൽ നിന്നുമെടുത്തു. അതാകെ മുള്ളി നനഞ്ഞു കിടക്കുകയാണ് . അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു. വേഗം വാവേ തുണി മാറ്റി.
പുതിയ പള്ളയുടുപ്പിട്ടു കൊടുത്തു പുതിയ മുണ്ട് തുണി എടുത്തു താറു കെട്ടി കൊടുത്തു.നന്ദുവിന്റെ കണ്ണുകൾ വീണ്ടും അവളിലേക്കെത്തി. രാവിലെ അമ്മ കുളിപ്പിച്ചിട്ടുണ്ട്. മുടി തലയണയ്ക്കുമുകളിലൂടെ വിതർത്തിട്ടിരിക്കുന്നു. ഈ ലോകത്തെ അല്ല എന്ന മട്ടിലാണ് കിടപ്പ്.
വിരൽ നുണയുന്ന ശബ്ദം കേട്ടാണ് വീണ്ടും സ്വന്തം കയ്യിലേക്ക് നോട്ടം എത്തിയത്. കുഞ്ഞാവ……..തന്റെ പ്രിയുന്റെ മകൾ……..താൻ എടുത്തു നടന്ന തന്റെ കുഞ്ഞനുജത്തിയുടെ പൊന്നുമോൾ!!! മേഘതുണ്ട് പോലെ ഒരു സുന്ദരിക്കുട്ടി.
ചുരുണ്ട ഇടതൂർന്ന മുടിയും കുഞ്ഞി ചുണ്ടുകളും നിറയെ പീലിയുള്ള കണ്ണുമായി റോസ് നിറമുള്ള ഒരു കുഞ്ഞിപെണ്ണ്!!!” തന്നെ നോക്കി കണ്ണു ചിമ്മുന്നുണ്ട്.
ആ കുഞ്ഞു മുഖത്തേക്ക് നോക്കി ഇരുന്നപ്പോൾ തന്നെ തന്റെ സങ്കടമൊക്കെ മാറുന്നത് നന്ദു അറിഞ്ഞു. തന്റെ പ്രിയുവിനെ പറിച്ചു വച്ചത് പോലെ ഒരു സുന്ദരിക്കുട്ടി തന്നെ.
” മാമന്റെ ചക്കരയ്ക്ക് വിശക്കുന്നുണ്ടോടീ ഇങ്ക് വേണോഡി കള്ളിപൊന്നേ “എന്നൊക്കെ കൊഞ്ചിച്ചു കൊണ്ട് അവൻ കുഞ്ഞുമായി അനിയത്തിക്ക് അടുത്തേക്ക് ഇരുന്ന് അവളെ തട്ടി വിളിച്ചു.
ഏതോ ദിവാസ്വപ്നത്തിൽ നിന്നെന്നപോലെ അവൾ ഞെട്ടിയെഴുന്നേറ്റു കുഞ്ഞിനെ വാങ്ങി.അവൻ വീണ്ടും അനിയത്തിയെ നോക്കിക്കണ്ടു.
കണ്ണിനു ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു ഉറക്കമില്ലായ്മ തെളിഞ്ഞുകാണാം, മുഖമാകെ നിരാശയിലാണ്ട പോലെ…. ഒരു തെളിച്ചമില്ല. ഒരു ദീർഘശ്വാസമുതിർത്തു കൊണ്ട് അവൻ അമ്മയ്ക്കടുത്തേക്ക് നടന്നു.
അലക്കിയ തുണിയുള്ള ബക്കറ്റുമായി അയയ്ക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു അമ്മ.നന്ദുവിനെ കണ്ടപ്പോൾ പരാതികെട്ടഴിക്കാൻ തുടങ്ങി.
“എടാ എത്രയായി പറയുന്നു ഒരു പെണ്ണ് കെട്ടാൻ നിനക്ക് 28 വയസ്സ് കഴിഞ്ഞില്ലേ എനിക്ക് ഒരു കൈ സഹായമെങ്കിലും കിട്ടിയിരുന്നേനേനെ”
എന്നാൽ അമ്മയുടെ പരാതിക്ക് ചെവികൊടുക്കാതെ നന്ദു തുണി ഓരോന്നായി എടുത്ത് അയയിൽ വിരിക്കാൻ തുടങ്ങി.അതിനിടയിൽ അമ്മയോട് ആയി പറഞ്ഞു,
” അമ്മ ഇന്ന് ഞാൻ ബസിലാണ് പോകുന്നത് വണ്ടിയോടിക്കാൻ വയ്യ. ചെറുതായി എന്തെങ്കിലും ആക്കിയിട്ട് മോളുടെ അടുത്ത് തന്നെയിരിക്കണം കേട്ടോ”
ദേവികയിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു. കൂടെ കണ്ണുകളും നിറഞ്ഞു. ഷേക്സ്പിയർ പറഞ്ഞപോലെ ‘sighing like a furnace ‘എന്നതായിരുന്നു ആ അമ്മയുടെ അപ്പോഴത്തെയവസ്ഥ. ഒരു നിമിഷം എന്തോ ചിന്തിച്ചു നിന്നിട്ട് അവർ വീണ്ടും പറയാൻ തുടങ്ങി,
“എടാ നന്ദുട്ടാ എന്റെ മോൾക്കെന്തോ കണ്ണ് തട്ടിയിട്ടുണ്ട്, അല്ലെങ്കിൽ ഏതോ ശാശ് കൂടിയിട്ടുണ്ട്……എന്റെ കുഞ്ഞ് എന്ത് സന്തോഷത്തിലായിരുന്നു.
ആശുപത്രിയിൽ വച്ചെന്തോ ഏനക്കേട് പിണഞ്ഞതാണ് മിണ്ടാട്ടവും ഉരിയാട്ടവും ഒന്നുമില്ല.ഭക്ഷണം കഴിക്കില്ല, കുഞ്ഞിനെ നോക്കില്ല, ശാന്താന് ഫോൺ വിളിച്ചാൽ സംസാരിക്കില്ല, ഉറക്കവുമില്ല,……കണ്ണും തുറന്നു ഇങ്ങനെ കിടക്കും……
ചിലപ്പോഴൊക്കെ കരയും… കുഞ്ഞു കരഞ്ഞാൽ അതിനെയെടുക്കില്ല… പാൽ കൊടുക്കത്തില്ല ചിലപ്പോഴൊക്കെ കരയുന്നത് കാണാം… അല്ലെങ്കിൽ ഭയങ്കര ദേഷ്യം. നാത്തൂൻ ഇന്നലെ വന്ന് എന്തൊക്കെയോ വഴക്കും പറഞ്ഞു ചാടിത്തുള്ളി പോയി.
അമ്മ എന്തു വേണമെടാ മക്കളെ????എന്റെ നെഞ്ച് ഉരുകുന്നത് ആരെങ്കിലുമ റിയുന്നുണ്ടോ??? നിന്റച്ഛൻ വിളിക്കുമ്പോഴും പറയും ഞാൻ ശ്രദ്ധിക്കാത്ത കൊണ്ടാണെന്ന് ആന്നോടാ മക്കളേ!!!!!അമ്മ പൊന്നുപോലല്ലേ അവളെ നോക്കുന്നത്????
അത്രയും പറഞ്ഞപ്പോഴേക്കും ആ പാവം വിതുമ്പി പോയിരുന്നു. നന്ദുവിന്റെയും കണ്ണുനിറഞ്ഞു.അതമ്മ കാണാതിരിക്കാനായി അവൻ തിരിഞ്ഞു നിന്നു. അവനിൽ നിന്നും മറുപടിയൊന്നും കിട്ടാഞ്ഞാകും നേരിയതും കൊണ്ട് മുഖവും കണ്ണും അമർത്തി തുടച്ച് അമ്മ അകത്തേക്ക് നടന്നു
ചിറയിൽ വീട്ടിലെ ദേവികയുടെയും പ്രബലന്റയും മക്കളാണ് ദേവാനന്ദ് എന്ന നന്ദുവും ദേവപ്രിയ എന്ന പ്രിയുവും. നന്ദുവിനെക്കാൾ ഏഴ് വയസിനിളപ്പമാണവൾ. അതുകൊണ്ടുതന്നെ അനിയത്തി എന്നതിനേക്കാൾ മകളായിരുന്നു അവൾ.
പ്രബലൻ ഒരു കമ്പനിയിൽ പ്രൊഡക്ഷൻ മാനേജർ ആണ്.ദേവിക വീട്ടമ്മയും. അത്യാവശ്യം ഭേദപ്പെട്ട സാമ്പത്തികമുള്ള യാഥാസ്ഥിക കുടുംബമായിരുന്നു അവരുടേത്.നന്ദൻ കൃഷി ഓഫീസറാണ്. പ്രീയു ഡിഗ്രി കഴിഞ്ഞപ്പോഴാണ് ജാതകം വില്ലനായി അവതരിച്ചത്.
അങ്ങനെ എവിടെയോ കിടക്കുന്ന ചൊവ്വയും കുറച്ച് ജ്യോത്സ്യന്മാരും ഒരു പണിയുമില്ലാത്ത കുറെ കാരണവന്മാരും തുനിഞ്ഞിറങ്ങിയപ്പോൾ പൂമ്പാറ്റയെ പോലെ പാറി നടന്ന പാവം പ്രിയൂട്ടി ഇരുപതാം വയസ്സിൽ ഭാര്യയും ഇരുപത്തിയൊന്നാം വയസ്സിൽ അമ്മയുമായി.
പ്രിയുവിന്റെ ഭർത്താവ് ഖത്തറിലാണ്. അവൾ ഗർഭിണിയായിരുന്നപ്പോൾ പോയതാണ്. ഇപ്പോൾ ഏഴ് മാസം കഴിഞ്ഞിരിക്കുന്നു.
ലീവ് കിട്ടാത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ല. കുഞ്ഞിന്റെ നൂല് കെട്ടിന് വരും എന്നാണ് പറഞ്ഞിരിക്കുന്നത്. ഗർഭസമയത്ത് ഭർത്താവ് കൂടെ ഇല്ലാത്ത വിഷമം ഒഴിച്ചാൽ അവൾ സന്തോഷവതിയായിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞത് മുതൽ ആളാകെ മാറി.
എപ്പോഴും മറ്റേതോ ലോകത്ത് എന്നപോലെയാണ് പെരുമാറ്റം.സങ്കടവും നിരാശയും, ചിലപ്പോഴൊക്കെ അമിതമായ ദേഷ്യവും!!!!!കുഞ്ഞിനെപ്പോലും ശ്രദ്ധിക്കില്ല എന്നതരം!!!!!!പ്രിയുന്റെ അമ്മായിയമ്മ പറയുന്നത് അത് അഹങ്കാരമാണെന്നാണ്.
എന്തുതന്നെയായാലും ഇതിനൊരു തീരുമാനം ഉണ്ടാകണമെന്ന് നന്ദു മനസ്സിൽ തീരുമാനിച്ചു.പ്രസവം കഴിഞ്ഞിട്ട് ഇന്ന് 19 ദിവസമായിരിക്കുന്നു.
രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഭർത്താവ് വരും.അതവളോട് പറഞ്ഞിട്ടില്ല. നന്ദു പ്രീയുവിന്റെ അവസ്ഥ കൂട്ടുകാരിയോട് അറിയിച്ചപ്പോൾ അവൾ പറഞ്ഞത് പി പി ഡി (പോസ്റ്റ് പാർട്ടം ഡിപ്രെഷൻ) ആണെന്ന്.
സംഗതി സീരിയസ് ആണെങ്കിൽ ചികിത്സ കൊടുക്കണമെന്നും പറഞ്ഞു.ഓരോന്നുമോർത്ത് കൊണ്ട് നന്ദു ബസ്റ്റോപ്പിൽ എത്തി.ബസ്സ് വരാൻ പിന്നെയും സമയമുള്ളതിനാൽ ഫോണെടുത്തു വാട്സ്ആപ്പ് തുറന്നു.
അപ്പോഴാണ് സ്കൂൾ ഗ്രൂപ്പിൽ’ ആദരാഞ്ജലികൾ’ എന്ന് പറഞ്ഞ് കൂടെ പഠിച്ച സുഹൃത്തിന്റെ ചേച്ചിയുടെ ഫോട്ടോ കണ്ടത്. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി!!!””മറ്റൊരു സുഹൃത്തിനെ വിളിച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. അവന്റെ മറുപടി ഏതോ ഗുഹയിൽ എന്നവണ്ണമാണ് നന്ദു കേട്ടത്…..
“അളിയാ പ്രസവശേഷം ആള് ഡിപ്രഷനിൽ ആയിരുന്നു. ഇന്നലെ അടുത്ത് ആരും ഇല്ലാതിരുന്ന നേരത്ത് കേറി തൂങ്ങിക്കളഞ്ഞു. കുഞ്ഞിന് ഒന്നര മാസമേ ആയിട്ടുള്ളൂ.മനുഷ്യന്റെ ഓരോ കാര്യങ്ങളെ…..”
തിരിച്ച് ഒന്ന് മൂളുവാൻ പോലും ത്രാണിയില്ലാതെ,ഫോൺ ചെവിയിൽ നിന്നും മാറ്റാതെ എത്രനേരം ആ നിൽപ്പ് തുടർന്നു എന്ന് നന്ദു അറിഞ്ഞില്ല.
ഇതിനിടയിൽ തനിക്ക് പോകാനുള്ള ബസ് വന്നു പോയതും അറിഞ്ഞില്ല.തലയ്ക്കുള്ളിൽ എന്തൊക്കെയോ മൂളി പറക്കുന്ന പോലെ… നെഞ്ചിൽ ഒരു കല്ലെടുത്ത് വെച്ചപോലെ… ആകെ ഒരു പരവേശം…. പെട്ടെന്ന് എന്തോ ഓർത്ത് എന്നപോലെ വീട്ടിലേക്കോടി.
നന്ദു തിരികെ ചെല്ലുമ്പോൾ അമ്മ റോഡിൽ നിന്ന് മീൻ വാങ്ങുന്നുണ്ട് , തിരികെ വരുന്ന മകനെ കണ്ട് എന്തോ ചോദിക്കാൻ തുടങ്ങിയതും അമ്മയോട് ” ഞാൻ ലീവ് ആണ് അമ്മ” എന്നു പറഞ്ഞ് വീട്ടിലേക്ക് നടന്നു. നേരെ പ്രിയുവിന്റെ മുറിയിലേക്ക് നടന്നു. വാതിൽ അകത്തുനിന്ന് അടച്ചിരിക്കുകയാണ്.
അവൻ തട്ടി വിളിച്ചിട്ടും പ്രതികരണമില്ല അമ്മ അങ്ങ് റോഡിൽ നിന്ന് വിശേഷവും പറഞ്ഞു വരാൻ കുറെയേറെ സമയം കഴിയും. കാത്തിരിക്കാൻ കഴിയില്ല. രണ്ടുംകൽപ്പിച്ച് സർവ്വ ആരോഗ്യവും എടുത്ത് വാതിൽ ചവിട്ടിപ്പൊളിച്ചു കടന്നപ്പോൾ കണ്ട കാഴ്ച!!!!!!!
“മോളെ………….”നന്ദുവിന്റെ വിളി കേട്ടതും കാല് സ്ലിപ്പായി അവൾ നിലത്തേക്ക് വീണു.അവൻ ഓടിച്ചെന്ന് അനിയത്തിയെ വാരിയെടുത്തു കട്ടിലിലേക്ക് കിടത്തി. ഒരു അഗ്നിഗോളം നെഞ്ചിൽ കിടന്ന് തിളക്കുന്നത് പോലെ നന്ദുവിനെ
വിയർക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം താൻ വൈകിയിരുന്നെങ്കിൽ…… ഓർക്കുമ്പോൾ തന്നെ തല പൊളിയും പോലെ……”എന്താടി ചക്കരേ നീ കാട്ടിയത്???? ചേട്ടൻ ഒരു നിമിഷം വൈകിയിരുന്നെങ്കിലോ?”
അവനെ വയറ്റിൽ കൂടി ചുറ്റിപ്പിടിച്ച് ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു അവൾ.നന്ദു അകത്തുകയറുമ്പോൾ ഫാനിലെ കുരുക്കിലേക്ക് കഴുത്തു നീട്ടാൻ തുടങ്ങിയ അനിയത്തിയാണ് കണ്ടത്. അവന്റെ വിളയിൽ സ്ടൂളിൽ നിന്നും കാല് സ്ലിപ്പയി ആള് വീണു.
നന്ദു അവളെ അടർത്തിമാറ്റി വേഗം കട്ടിലിൽ കയറി ആ കുരുക്കഴിച്ച് മാറ്റി.അമ്മ കണ്ടാൽ ആ പാവം അത് താങ്ങില്ല എന്നറിയാമായിരുന്നു. ഇതൊന്നുമറിയാതെ കുഞ്ഞുവാവ ബേബി കോട്ടിൽ സുഖമായി ഉറങ്ങുന്നുണ്ട്.
“എന്തിനാടാ ഇങ്ങനെ???? എന്റെ മോൾക്ക് എന്താ പറ്റിയത്???? ചോദിച്ചപ്പോഴേക്കും അവനും വിതുമ്പി പോയിരുന്നു.
“എനിക്ക്….. എനിക്കറിയില്ല ചേട്ടാ എല്ലാത്തിനോടും ദേഷ്യം തോന്നി… ആരെയും വേണ്ടെന്നു തോന്നുന്നു.. പിന്നെ… പിന്നെ എന്തൊക്കെയോ പോലെ… സ്റ്റിച്ചിന്റെ അസഹ്യമായ വേദനയും… എനിക്ക് ആരുമില്ല എന്ന് തോന്നും… എല്ലാം ഇട്ടെറിഞ്ഞു പോകാൻ തോന്നുന്നു…”
അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞുകൊണ്ട് അനിയത്തി പ്രതികരിച്ചത് കേട്ടപ്പോൾ ഒരുവേള നന്ദുവിന്റെ ഹൃദയവും വേദനയാൽ വിങ്ങി.
തൊണ്ടക്കുഴിയിൽ തിക്കിയ കരച്ചിലിനെ അടക്കികൊണ്ട് അവളുടെ തലയിൽ മൃദുവായി തഴുകി കൊടുത്തു കൊണ്ട് പറഞ്ഞു
“ഒന്ന് നുള്ളി പോലും നോവിക്കാതെ നിന്നെ വളർത്തിയത് ഇതിനാണോ??സാരമില്ല പോട്ടെ…ഇതൊന്നും അമ്മയോട് പറയണ്ട നിന്റെ ശാന്തേട്ടൻ നാളെ എത്തും കേട്ടോ എന്റെ മോള് വിഷമിക്കേണ്ട..
നമുക്ക് എന്തായാലും ഡോക്ടറെ ഒന്നു കാണാം ഇനിയും എന്റെ മോൾക്ക് ഇനിയും ഇത്തരം പൊട്ടത്തരങ്ങൾ വല്ലതും തോന്നിയാലോ ഏട്ടനും കുറച്ചു ദിവസം ലീവ് എടുക്കാം കേട്ടോ”
ഇത്രയും പറഞ്ഞ് അവളുടെ നെറുകയിൽ ഒരു ഉമ്മയും കൊടുത്തു അവളെ നേരെ കിടത്തിയശേഷം കാലിൽ തടവി നോക്കി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയിട്ട് തന്റെ കൂട്ടുകാരി സജസ്റ്റ് ചെയ്ത സൈക്യാട്രിസ്റ്റിനെ വിളിച്ച് അപ്പൊയിൻമെന്റടുത്തു.
ശേഷം എല്ലാ വിവരങ്ങളും ചേർത്ത് ഒരു വോയിസ് മെസ്സേജ് പ്രിയുവിന്റെ ഭർത്താവിനും തങ്ങളുടെ അച്ഛനും അയച്ചുകൊടുത്തു.
അങ്ങനെ ട്രീറ്റ്മെന്റ് തുടങ്ങി. ഇത് പ്രസവാനന്തര വിഷാദം ആണെന്നും സൈക്കോതെറാപ്പി അല്ലെങ്കിൽ ടോക്ക് തെറാപ്പിയും ആന്റിഡിപ്രസന്റ്കളും ഉപയോഗിച്ചാൽ മതിയെന്നും ഡോക്ടർ പറഞ്ഞു.
ഒരിക്കലും അവളെ തനിച്ചിരിക്കാൻ അനുവദിക്കരുതെന്നും പ്രത്യേകം ഓർമ്മപ്പെടുത്തി. അമ്മയെയും അമ്മായിയും കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി.
എല്ലാവരും ഇടംവലം തന്നെ നിന്നു.അവൾ പതിയെ സാധാരണ നിലയിലേക്ക് മടങ്ങിവന്നു.ഇന്ന് കുഞ്ഞിന്റെ ഒന്നാം പിറന്നാളാണ്.കുഞ്ഞിനെയുംകൊണ്ട് മറ്റൊരു വർണ്ണ പൂമ്പാറ്റയായി പ്രിയു പാറിനടക്കുന്നു.
ഒരു നിമിഷത്തെ വ്യത്യാസത്തിൽ എത്ര പേരുടെ ജീവിതം മാറിമറിഞ്ഞിരുന്നേനെ!!!!ദേവപ്രിയയുടെ കാര്യത്തിൽ ദൈവത്തിന്റെ കരുതലിന്റെ ഒരു കൈത്തിരി തെളിഞ്ഞിരുന്നു എന്നും പറയാം.
വാൽക്കഷണം :- പ്രസവശേഷം ചില സ്ത്രീകളിൽ കണ്ടു വരുന്ന അവസ്ഥയാണ് പി പി ടി (പോസ്റ്റ് പാർട്ടം ഡിപ്രഷൻ). ഇതിന് പല അവസ്ഥാന്തരങ്ങളും ഉണ്ട് ഇന്ന് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ സ്വന്തം കുഞ്ഞിനെ കൊന്നു കളയുന്ന പലരെയും നമ്മൾ കാണുകയും ചെയ്യുന്നു.
ഇതൊരുതരം മാനസിക അവസ്ഥയാണ്. ഇതിന് ചികിത്സയുമുണ്ട്. പരിഹാരവുമുണ്ട്. പക്ഷേ പൂർണ്ണപിന്തുണയോടെ തന്നെ ഈ അവസ്ഥയെ നേരിടുക. കൂടെ നിന്നില്ലെങ്കിൽ ഒരുപക്ഷേ വലിയ നഷ്ടങ്ങൾ തേടി എത്താം.
“ഞങ്ങളും പെറ്റതല്ലേ, അന്നൊന്നും ഈ പുതുമയൊന്നും ഇല്ലായിരുന്നല്ലോ” എന്ന ചിന്താഗതി ആദ്യമേ മാറ്റിവയ്ക്കുക. രണ്ടും രണ്ട് സാഹചര്യങ്ങളാണ്. ഭക്ഷണക്രമത്തിൽ പോലും ഒരുപാട് മാറ്റങ്ങൾ.
വീട് നിറയെ ആളുകളുള്ള ഇടത്തുനിന്ന് അണു കുടുംബങ്ങളിലേക്ക് ഉള്ള മാറ്റം. അങ്ങനെ പല പല ഘടകങ്ങൾ!!!പണ്ട് കാലത്ത് പോലും ചെറിയ രീതിയിലെങ്കിലും ഇത്തരം പ്രവണതകൾ കണ്ടിരുന്നു.
“ഓ പ്രസവത്തിനുശേഷം അതിന് ചെറിയ നൊസുണ്ട് ” എന്ന് ആരെയെങ്കിലും കുറച്ച് നമ്മളും കേട്ടിരിക്കാം.
പഴയകാലത്ത് പ്രസവ ശുശ്രൂഷയിൽ മരുന്നുകളുടെ കൂട്ടത്തിൽ കുടങ്ങൽ അപ്പം അല്ലെങ്കിൽ കുടങ്ങൽ കുറുക്ക് ഒക്കെ ഒരു കൂട്ടം ആയിരുന്നു എന്ന് അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. കുടങ്ങൽ പ്രധാനമായും മാനസിക അസുഖത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നതായി വായിച്ചിട്ടുണ്ട്.
ചിലപ്പോൾ പ്രസവാനന്തര മരുന്നിൽ അതും ഉൾപ്പെടുത്തിയിരുന്നത് ആയതിനാലാവാം. ഒരു ദിവസം രാവിലെ വാട്സാപ്പിൽ കണ്ട കൂട്ടുകാരിയുടെ ചേച്ചിയുടെ മരണവാർത്തയാണ് ഇത്രയും എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ഇന്നും വേദനയോടെ മാത്രം ഓർക്കുന്ന സംഭവം!! വിശ്വസിക്കാൻ കഴിയാത്തതായിരുന്നു ആ വാർത്ത. പോസ്റ്റ് പാർട്ടം ഡിപ്രഷന് ചികിത്സയിലായിരുന്നു എന്നും ഭർത്താവിന്റെ ശ്രദ്ധ മാറിയ നേരത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി.
ആവശ്യമെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോവുകയാണെങ്കിൽ കണ്ണിലെണ്ണയൊഴിച്ച് അവരുടെ ജീവനും ജീവിതത്തിനും കാവലിരിക്കണം എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു…