(രചന: J. K)
രാവിലെ എണീറ്റ് ജോലികളെല്ലാം ഒരുവിധം ഒരുക്കി വെച്ചു.. ലക്ഷ്മിയുടെ ലഞ്ച് ബോക്സിൽ അവൾക്ക് ഉച്ചയ്ക്കുള്ളതാക്കി..
ചോറ് ആക്കി കൊടുത്താൽ കഴിക്കില്ല വല്ല ചായയുടെ പലഹാരം ആണെങ്കിൽ പകുതിയെങ്കിലും കഴിക്കും..
അതുകൊണ്ടാണ് ഇഡ്ഡലിയും ഒരു പാത്രത്തിൽ സാമ്പാറും ആക്കി വച്ചു കൊടുത്തത്…
മടിച്ചി ഇതുവരെ ഒന്ന് എണീറ്റത് പോലുമില്ല… ആറാം ക്ലാസിലെത്തിയിട്ടും കുഞ്ഞാണെന്ന ഭാവം..””ലച്ചൂ…””സൗമ്യ ഉറക്കെ വിളിച്ചു…
ഉറക്കെ ചടവോടെ അവൾ തിരിഞ്ഞു കിടന്നതല്ലാതെ എണീച്ചു വന്നില്ല സൗമ്യക്ക് അറിയാം ഇത് ഒന്നും രണ്ടും വെളിയിൽ ഒന്നും നിൽക്കില്ല എന്ന് അവസാനം ചട്ടകവുമായി പോകേണ്ടി വരും എന്ന്..
അവളുടെ അരികിൽ ചെന്ന് ഒരു യുദ്ധം തന്നെ കഴിഞ്ഞപ്പോഴാണ് ലച്ചു ഒന്ന് എണീറ്റ് കുളിക്കാൻ പോയത് വേഗം ഉമ്മറത്ത് ചെന്നു നോക്കി അവിടെ പത്രം വന്നിട്ടുണ്ട് അതിലൂടെ മെല്ലെ ഒന്ന് കണ്ണോടിച്ചു പെട്ടെന്നാണ് ഒരു വാർത്തയിൽ തന്റെ കണ്ണ് ഉടക്കി നിന്നത്…
ഇന്നലെ ടൗണിന് അരികിലുള്ള പൊന്തക്കാട്ടിൽ വച്ച് കണ്ട കിട്ടിയ അജ്ഞാത ജഡം… ആളെ തിരിച്ചറിഞ്ഞു
ഫോട്ടോയും അതിൽ കൊടുത്തിരിക്കുന്ന പേരും അഡ്രസ്സും എല്ലാം കൂടെ അവൾ ഒന്ന് വായിച്ചു..
“”അനിൽ… “”അനിയേട്ടൻ..ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി. അപ്പോഴേക്കും ലച്ചു ചായ കുടിക്കാൻ വേണ്ടി ഡൈനിങ് ടേബിളിൽ വന്ന് ബഹളം വയ്ക്കുന്നുണ്ട്..
മുഖത്തെ ഭാവ വ്യത്യാസം അവൾക്ക് മനസ്സിലാകാതിരിക്കാൻ വേണ്ടി ഏറെ പരിശ്രമിച്ചു അടുക്കളയിലേക്ക് നടന്നു അവൾക്കുള്ളത് പാത്രത്തിൽ എടുത്ത് കൊണ്ടുവന്ന് വെച്ച് കൊടുത്തു
അവളുടെ കൂടെ തന്നെയാണ് താനും ഭക്ഷണം കഴിക്കാറ് ഇന്നെന്തോ അതിനു തോന്നിയില്ല അമ്മ കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ എന്തോ പറഞ്ഞു ഒഴിവായി.
ഇന്ന് ജോലിക്ക് പോകാനും തോന്നിയില്ല ബാങ്കിൽ വിളിച്ചുപറഞ്ഞു ഞാൻ ഇന്ന് ലീവ് ആണ് എന്ന്…
വേഗം ലച്ചുവിനെ സ്കൂളിൽ വിട്ട് മുറിയിലേക്ക് ചെന്നു. ആകെ ശരീരത്തിന് മനസ്സിനും എല്ലാം ഒരു തളർച്ച പോലെ അലമാര തുറന്ന് അതിനുള്ളിൽ അലസമായി വച്ചിരുന്ന ആൽബം എടുത്ത് ഒന്നുകൂടി മറിച്ചുനോക്കി…
താനും അനിയേട്ടനും കല്യാണ വേഷത്തിൽ..
ഓർമ്മകൾ കുറച്ചു വർഷങ്ങൾക്കു മുന്നിലേക്ക് ഓടിപ്പോയി…
അച്ഛന് ബാങ്കിൽ ആയിരുന്നു ജോലി അമ്മ ടീച്ചറും അത്യാവശ്യം നല്ല ചുറ്റുപാടായിരുന്നു തനിക്ക്..
തന്റെ പുറകെ നടന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നതാണ് അനിയേട്ടൻ..ആൾക്ക് അപ്പോൾ ജോലിയൊന്നും ഇല്ലായിരുന്നു ഞാൻ വീട്ടിൽ വന്ന് അന്വേഷിക്കാൻ വേണ്ടി പറഞ്ഞു അല്ലാതെ പ്രണയിച്ചു നടക്കാനൊന്നും എനിക്ക് താല്പര്യം ഇല്ല എന്ന്…
അങ്ങനെയാണ് അനിയേട്ടൻ ഫ്രണ്ട്സുമായി വന്ന് അച്ഛനോട് വിവാഹ കാര്യം അവതരിപ്പിക്കുന്നത് അച്ഛൻ എന്നെ വിളിച്ച് ചോദിച്ചു എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ
അനിയേട്ടനോടായി പറഞ്ഞു നല്ല ഒരു ജോലി ഉണ്ടെങ്കിൽ കല്യാണം കഴിപ്പിച്ച് തരാം എന്ന് വേറെ ഡിമാൻഡ് ഒന്നുമില്ല അവളെ നന്നായി നോക്കുന്ന ഒരാൾ ആവണം എന്നേയുള്ളൂ എന്ന്…
അങ്ങനെയാണ് അനിയേട്ടൻ ഗൾഫിലേക്ക് പോകുന്നതും അടുത്ത ലീവിന് വരവിൽ ഞങ്ങളുടെ വിവാഹം നടക്കുന്നതും…
വെറും മൂന്നുമാസത്തെ ലീവേ ഉള്ളൂ എന്നാണ് വിവാഹത്തിനുമുമ്പ് പറഞ്ഞിരുന്നത് പക്ഷേ മൂന്നുമാസം കഴിഞ്ഞിട്ടും ആൾക്ക് പോകേണ്ട ഒരു കൂട്ടവും ഇല്ല..
വിസിറ്റിംഗ് വിസയ്ക്ക് പോയി അത് എക്സ്റ്റൻഡ് ചെയ്ത് ഗൾഫിൽ തന്നെ പിടിച്ചുനിന്നു നാട്ടിലേക്ക് വന്നതായിരുന്നു അനിയേട്ടൻ എന്ന് പിന്നീടാണ് മനസ്സിലായത് അവിടെ ഒരു ജോലിയും അയാൾക്ക് ശരിയായിട്ടില്ല…
എങ്കിലും എനിക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല നാട്ടിൽ തന്നെ മാന്യമായ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത് അങ്ങനെയാണ് ആള് ഒരു പ്രൈവറ്റ് ബാങ്കിൽ പൈസ പിരിക്കാൻ വേണ്ടി കയറുന്നത്…
ആള് പിന്നെ കുടി തുടങ്ങി.. പല ചീത്ത സ്വഭാവങ്ങളും തുടങ്ങി ഓരോരുത്തര് പറഞ്ഞു അറിയാൻ തുടങ്ങി എല്ലാം..
എല്ലാം സഹിച്ചു നിന്നു കാരണം അപ്പോഴേക്കും ഞങ്ങൾക്ക് മോള് ജനിച്ചിരുന്നു..
പക്ഷേ അയാൾക്ക് വേറെ ഒരു കാര്യം കുഞ്ഞു എന്നൊരു അറിവ് കിട്ടിയതോടുകൂടി ഞാൻ ആകെ തകർന്നു അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു..
അച്ഛൻ അതിന്റെ പുറകെ അന്വേഷിച്ചപ്പോഴാണ് എല്ലാം സത്യമാണ് എന്നറിഞ്ഞത് അയാൾക്ക് ഇതൊക്കെ ഒരു തമാശയാണ്.. ജീവിതത്തോട് തന്നെ വെറുപ്പായി മോളുള്ളതുകൊണ്ട് പിടിച്ചുനിന്നു അച്ഛനാണ് വീട്ടിലേക്ക് തന്നെ വരാൻ വേണ്ടി വിളിച്ചത്..
അച്ഛൻ മുന്നേ തന്നെ അന്വേഷിക്കേണ്ടതായിരുന്നു അത് അച്ഛന്റെ അടുത്തു പറ്റിയ തെറ്റാണ് എന്ന് പറഞ്ഞ് അച്ഛൻ ഏറെ വിഷമിച്ചിരുന്നു..
പക്ഷേ അച്ഛൻ നിരപരാധിയാണെന്ന് എനിക്കറിയാമായിരുന്നു ഒരിക്കൽപോലും ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല..
അച്ഛന്റെ കൂടെ ഇറങ്ങി.. അയാൾ പുറകെ വന്ന് ബഹളം വച്ചിരുന്നു അത് പോലീസ് കേസ് ആയി.. ഏറെ കഷ്ടപ്പെട്ടാണ് അയാളിൽ നിന്ന് ഡിവോഴ്സ് വാങ്ങിയെടുത്തത്..
അച്ഛൻ റിട്ടയേഡ് ആവുന്നതിനു മുമ്പ് അച്ഛൻ ജോലി ചെയ്തിരുന്ന ബാങ്കിൽ എനിക്ക് ജോലി ശരിയാക്കി തന്നതും അച്ഛൻ തന്നെയാണ് സ്വന്തമായി ഒരു വീട് വാങ്ങിത്തന്നു ഞങ്ങളെ അങ്ങോട്ട് മാറ്റി..
ഒരുപക്ഷേ അനിയൻ വിവാഹം കഴിക്കുമ്പോൾ ഞങ്ങൾ ഒരു ബാധ്യതയാവരുത് എന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നിരിക്കാം…
വീട് ആയതിനുശേഷം അച്ഛനും അമ്മയും അനിയന്റെ അടുത്തും എന്റെ അടുത്തുമായി മാറി മാറി നിൽക്കും..
അതുകൊണ്ടുതന്നെ ഒറ്റപ്പെട്ടതുപോലെ എനിക്ക് ഇതുവരെയും തോന്നിയില്ല.. അനിയേട്ടനെ പല കേസിലും പോലീസ് അറസ്റ്റ് ചെയ്തു എന്ന് അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ വിവരം ലഭിക്കാറുണ്ട് പക്ഷേ അതൊന്നും കാര്യമാക്കിയില്ല…
അയാളെ സംബന്ധിക്കുന്നത് ഒന്നും ഇനി എനിക്ക് ബാധകമല്ലായിരുന്നു പക്ഷേ അതിനിടയിലാണ് ഇപ്പോൾ പേപ്പറിൽ ഇങ്ങനെയൊരു വാർത്ത..
അപ്പോഴേക്കും എന്റെ മനസ്സ് കണ്ടത് പോലെ അച്ഛൻ വിളിച്ചിരുന്നു അച്ഛൻ അനിയന്റെ വീട്ടിലേക്ക് പോയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ ഇങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു..
അച്ഛനും അമ്മയും ഇങ്ങോട്ട് വന്ന് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു ലച്ചു മോളെ കൊണ്ടുപോയി അവന്റെ ബോഡി ഒന്ന് കാണിച്ചു കൊടുക്കണം എന്ന്..
അത് വേണോ എന്ന് ചോദിച്ചപ്പോൾ വേണം എന്ന് പറഞ്ഞു അച്ഛൻ..കാരണം ഇപ്പോൾ അവൾക്ക് അറിയാം അവളുടെ അച്ഛൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന്..
ഒരുപക്ഷേ നാളെ അതില്ല എന്ന് നമ്മൾ പറഞ്ഞാലും അവൾക്കത് ഉൾക്കൊള്ളാൻ ആവണം എന്നില്ല..
ചിലപ്പോൾ നിന്നെ കുറ്റപ്പെടുത്തി എന്ന് വരാം അച്ഛനില്ലാതെ അവളെ വളർത്തിയതിന്…
അച്ഛനിൽ നിന്ന് അവളെ പിരിച്ചതിന്..
അതൊന്നും ഇല്ലാതിരിക്കാൻ ഇപ്പോൾ അവളെ ഒന്നു കൊണ്ടുപോയി കാണിക്കണം ഇനി ഒരിക്കലും അവളുടെ അച്ഛൻ തിരിച്ചു വരില്ല എന്ന് അവൾക്ക് ബോധ്യപ്പെടണം..
ആലോചിച്ചു നോക്കിയപ്പോൾ അച്ഛൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നി അവൾക്ക് മാത്രമല്ല എനിക്കും ഒന്ന് കാണണം ഇനി അങ്ങനെ ഒരാൾ ജീവിതത്തിലെ ഇല്ല എന്ന് സ്വയം ഒന്നു പറഞ്ഞു ബോധ്യപ്പെടുത്തണം…
സ്കൂളിൽനിന്ന് അവളെയും വിളിച്ച് അയാളെ കാണാൻ വേണ്ടി പോകുകയാണ്..
അവസാനമായി…അയാൾ ചെയ്ത തെറ്റുകൾ ക്ഷമിച്ചത് കൊണ്ടോന്നും അല്ല. മറിച്ച് ചില ബന്ധങ്ങൾ എത്ര നിഷേധിച്ചാലും യാഥാർത്ഥ്യം എന്നൊന്നുണ്ടല്ലോ… അതിൽ നിന്ന് രക്ഷപ്പെടാൻ ആവില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ട്…