(രചന: J. K)
“”അമ്മേ.. എനിക്കും ഒരു സോൾജിയർ ആവണം…””പെട്ടെന്ന് കേട്ടത് കൊണ്ടാവാം ആ അമ്മയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായത്… പതിനെട്ടു വയസ്സുള്ള തന്റെ മകൻ തമാശ പറഞ്ഞതല്ല എന്ന്
നല്ല ബോധ്യമുണ്ടായിരുന്നു അവർക്ക് അതുകൊണ്ടുതന്നെ അവരതിന് നല്ലപോലെ ഒരു റിപ്ലൈ കൊടുക്കാതെ വേഗം സ്വന്തം മുറിയിലേക്ക് പോയി..
മടിച്ചു മടിച്ചാണ് അവൻ ഈ കാര്യം തന്നോട് ആവശ്യപ്പെട്ടത് അതിന്റെ പുറകിൽ വലിയൊരു കഥയുമുണ്ട്… അവന് അത് അറിയാവുന്നതാണ് ഒരു ദുരന്തം തന്നെ താൻ ജീവിതത്തിൽ ഏറ്റുവാങ്ങിയതാണ് ഇനിയും ഒന്നും കൂടി താങ്ങാൻ ശക്തിയില്ല എന്ന്…
ഇന്ന് തന്റെ ജീവിതത്തിൽ സ്വന്തം എന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ അവനെയുള്ളൂ തന്റെ മകൻ..അവളുടെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി…
“”” ഡി പട്ടാളക്കാരനാ നിന്നെ വരച്ച വരയിൽ നിർത്തും… നിന്റെ ഈ കുറുമ്പും ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തറുതല പറയുന്നതൊക്കെ അവിടെ ചെന്ന് നിൽക്കും നോക്കിക്കോ… “”അമ്മയാണ്,.
രാജേട്ടന്റെ വിവാഹം ഉറപ്പിച്ചത് മുതൽ എന്ത് കുരുത്തക്കേട് കാണിച്ചാലും ഇത് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക അത് കേൾക്കുമ്പോൾ അമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി മുറിയിലേക്ക് ഓടും അവിടെ ഡയറിയുടെ ഉള്ളിൽ കല്യാണം ഉറപ്പിക്കാൻ വരുമ്പോൾ തന്ന ആളിന്റെ ഫോട്ടോ സൂക്ഷിച്ചുവച്ചിട്ടുണ്ട് ആരും അറിയാതെ..
സുബേദാർ രാജേന്ദ്ര പ്രകാശ്.. “”””” ആണോ അങ്ങനെയാണോ? ഈ പട്ടാളക്കാരൻ എന്നെ കെട്ടിക്കൊണ്ടുപോകുന്നത് ചട്ടം പടിപ്പിക്കാനാണോ?? “”
എന്ന് ഫോട്ടോയിൽ നോക്കി കുസൃതിയോടെ ചോദിച്ചു നോക്കി.ചെറിയൊരു ഭയം ഇല്ലാതില്ല കാരണം ആളിന്റെ മുഖത്ത് മുഴുവൻ ഗൗരവമാണ് ഒരു പട്ടാളക്കാരന്റെ ഗൗരവം..
പെണ്ണുകാണാൻ വന്ന് അത് കഴിഞ്ഞ് ജോലിയിലേക്ക് തന്നെ തിരിച്ചു പോയതാണ് ഇനി കല്യാണം അടുപ്പിച്ച് ലീവിന് വരും…
എന്തായാലും വിവാഹ ശേഷമുള്ള ജീവിതം ശരിക്കും എങ്ങനെയാണ് എന്നതിൽ അവൾക്ക് യാതൊരു രൂപവും ഉണ്ടായിരുന്നില്ല..
ഏറെ വൈകാതെ അനിത, അനിത രാജേന്ദ്രനായി മാറിയിരുന്നു… ഭയപ്പെട്ടാണ് ആ മുന്നിൽ ആദ്യമൊക്കെ പോയി നിന്നിരുന്നത് തന്റെ മുഖത്തെ പേടിയും ടെൻഷനും കാണുമ്പോൾ ചെറിയൊരു ചിരി ആ മുഖത്ത് വിരിഞ്ഞിരുന്നു…
“” ഒരു സോൾജിയറിന്റെ ഭാര്യക്ക് ഇങ്ങനത്തെ ഭയം ഒട്ടും ചേരില്ലാട്ടോ “”
ഒരിക്കൽ തന്നെ നോക്കി രാജേട്ടൻ പറഞ്ഞ കമന്റ് ആണ് അതിൽ പിന്നെ ഭയം മുഖത്ത് വരുത്താതെ നോക്കി ക്രമേണ ഉള്ളിൽ നിന്നും അത് പോയി. ആള് വളരെ ഫ്രീയായിട്ട് ഇടപെടുന്ന ഒരാളായിരുന്നു…
ഒരിക്കൽപോലും ആളുടെ ഒരു കാര്യവും എന്നെക്കൊണ്ട് ചെയ്യാൻ സമ്മതിച്ചില്ല.. പകരം എനിക്കുള്ളത് കൂടി ചിലപ്പോൾ ചെയ്തുതരും ഭാര്യ എന്നുവച്ചാൽ ഭർത്താവിന്റെ അടിമപ്പണിയെടുക്കാനുള്ളവളല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം..
പക്ഷേ ഒരു ഭാര്യയായി എന്റെ വീടിന്റെ പടിയിറങ്ങി പോരുമ്പോൾ എനിക്ക് ഏറെ പേരിൽ നിന്ന് കിട്ടിയ ഉപദേശവും അതായിരുന്നു ഭർത്താവിന്റെ വീട്ടിൽ നല്ല മരുമകൾ ആകണം അങ്ങനെ നല്ല മരുമകളാകാൻ ഒരുപാട് ജോലി ചെയ്യണം
അവർ പറയുന്നത് എല്ലാം കേൾക്കണം എന്ത് ചീത്ത പറഞ്ഞാലും തലകുനിച്ചത് നിന്നു കൊടുക്കണം മറുത്ത് ഒന്നും പറയരുത് ഇതൊക്കെയാണ് ഒരു നല്ല മരുമകളുടെ ലക്ഷണം അത് ഞാൻ രാജേട്ടനോട് പറഞ്ഞപ്പോൾ പൊട്ടി പൊട്ടി ചിരിക്കുകയാണ് ഉണ്ടായത്…
ഇതൊക്കെ ആരുണ്ടാക്കിയ നിയമാവലിയിൽ ഉള്ളത് ആണ്??
എന്ന് ചോദിച്ചപ്പോൾ കണ്ണു കൂർപ്പിച്ച് ഞാൻ അദ്ദേഹത്തെ നോക്കി..
ചിരിയോടെ തന്നെ എനിക്ക് പറഞ്ഞു തന്നിരുന്നു വിവാഹം കഴിഞ്ഞു എന്ന് വച്ച് ഒരാൾ ഒരാളുടെ അടിമയായി എന്നല്ല അർത്ഥം രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് അവിടെ രണ്ടുപേർക്കും രണ്ടുപേരുടേതായ
വ്യക്തിത്വം ഉണ്ടാവും അത് പരസ്പരം അംഗീകരിക്കണം എങ്കിലേ ആ ജീവിതത്തിന് ഒരു മനോഹാരിതയുണ്ടാവൂ ഒരാൾക്ക് വേണ്ടി ഒരാൾ തന്റെ സ്വത്വം തന്നെ അടിച്ചമർത്തി ജീവിക്കാൻ തയ്യാറായാൽ പിന്നെ അതിനെ ജീവിതം എന്ന് പറയുമോ ടോ???
അദ്ദേഹത്തോടുള്ള എല്ലാ മനോഭാവങ്ങളും മാറി എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നുണ്ടായിരുന്നു ആളോട്…
ഒരു ഭർത്താവ് എന്ന നിലയിൽ യാതൊരു അവകാശങ്ങളും അദ്ദേഹം തട്ടിപ്പറിച്ച് എടുക്കാൻ ശ്രമിച്ചിരുന്നില്ല എന്റെ ദേഹത്ത് തൊടുന്നത് കൂടി എന്റെ സമ്മതത്തോടെയാണ്…
വല്ലാത്തൊരു കംഫർട്ട് ആയിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ള ജീവിതം..
ഇതിനിടയിൽ അദ്ദേഹത്തിന്റെ ലീവ് കഴിഞ്ഞ് അദ്ദേഹം ജോലിയിലേക്ക് തിരിച്ചുപോയി കുറച്ചു ദിവസങ്ങൾ
കഴിഞ്ഞാണ് ഞാൻ ഗർഭിണിയാണ് എന്ന സത്യം മനസ്സിലാക്കുന്നത് അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോൾ ഏറെ സന്തോഷമായിരുന്നു എന്നോട് പറഞ്ഞിരുന്നു ഇതൊരു ആൺകുട്ടിയാകും എന്റെ പോലെ അവനെയും ഒരു സോൾജിയർ ആക്കണം എന്ന്..
പക്ഷേ വിധി മറ്റും ആയിരുന്നു തീരുമാനിച്ചിരുന്നത് അവനെ ഞാൻ പ്രസവിച്ച അന്ന് തന്നെ അവിടെ അദ്ദേഹം കൊല്ലപ്പെട്ടു എന്നെ അറിയിക്കാൻ വന്നവർക്ക് കുഴങ്ങി പ്രസവിച്ചു കിടക്കുന്ന ഒരു പെണ്ണിനോട് എങ്ങനെ തന്റെ കുഞ്ഞിന്റെ അച്ഛൻ ഇനിയില്ല എന്ന് പറയും എന്നോർത്ത്..
എങ്ങനെയൊക്കെയോ അവർ എന്നോട് കാര്യം അവതരിപ്പിച്ചു.. ആദ്യം അലമുറയിട്ട കരഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ വാക്കുകൾ ആയിരുന്നു ഉള്ളിൽ നിറയെ…
“” ഒരു സോൾജിയർ എന്ന നിലയിൽ എനിക്ക് ഏറെ ഉത്തരവാദിത്തങ്ങൾ ഉണ്ട്… അത്രയും തന്നെ കടമകൾ തനിക്കും ഉണ്ട്… ഒരു രാജ്യത്തിനുവേണ്ടി
ജീവൻ പോലും കൊടുക്കാൻ തയ്യാറായിട്ടാണ് ഓരോ പട്ടാളക്കാരും ഇന്നിവിടെ ജീവിക്കുന്നത്… എന്ത് എന്ന് സംഭവിക്കും എന്നൊന്നും പറയാൻ പറ്റില്ല പ്രത്യേകിച്ച് ഞങ്ങൾ പട്ടാളക്കാരുടെ ജീവിതത്തിൽ…
അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ നീ ഒരിക്കലും മറ്റാരെയും കുറ്റപ്പെടുത്തരുത്.. വിഷമിക്കുകയും ചെയ്യരുത് കാരണം പൂർണമനസ്സോടെ തന്നെ ഞാൻ ഏറ്റെടുത്തതാണ് ഈ ജോലി ഇവിടെ മരണം പറ്റിയാൽ പോലും എനിക്ക് അതിന് അഭിമാനമേയുള്ളൂ അതിന്റെ രാജ്യത്തിനു വേണ്ടിയാണല്ലോ എന്ന അഭിമാനം….”””
അദ്ദേഹത്തിന്റെ മനസ്സ് എനിക്ക് മനസ്സിലാക്കാമായിരുന്നു. അതുകൊണ്ടുതന്നെ അന്ന് ഞാൻ സ്വയം ആർജിച്ച കരുത്തിലാണ് ഇത്രയും നാൾ ജീവിച്ചത് പക്ഷേ മകന്റെ കാര്യത്തിൽ
ഇത്രയും നാളായിട്ടും ഞാൻ ഇങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല അവന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് പോലും എനിക്കറിഞ്ഞിരുന്നില്ല…
അദ്ദേഹത്തിന്റെ ഫോട്ടോയിലേക്ക് മെല്ലെ നോക്കി. അത് കാണുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസമാണ് ജീവിക്കാൻ മുന്നോട്ട് വളരെ ഒരു പ്രേരകം തന്നെയാണ്…
നേർത്തൊരു ചിരിയോടെയുള്ള ആ ഫോട്ടോ ഒരുപാട് തിരിച്ചും ഒരുപാട് വിഷമിച്ചും കണ്ടിട്ടില്ല ആളെ എന്തിനും ഒരു മിതത്വം ഉണ്ടായിരുന്നു.. ഒരുപക്ഷേ മരണസമയത്തും ആ മുഖത്ത് അതുപോലൊരു ഭാവം ആവാം..
അഭിമാനം മാത്രമേ തോന്നിയിട്ടുള്ളൂ ആ ആളെ കുറിച്ച് ഓർക്കുമ്പോൾ…കുറച്ചുനേരം റൂമിൽ തനിയെ ഇരുന്ന് ഞാൻ പുറത്തേക്ക് വന്നു…
“” എനിക്കറിയാം അമ്മയ്ക്ക് സമ്മതമാവില്ല എന്ന് അച്ഛന്റെ വിധി തന്നെ എനിക്കും വരും എന്ന് ഓർത്തല്ലേ… പക്ഷേ അമ്മേ….””‘എന്നവൻ പറഞ്ഞു തുടങ്ങിയതും പറഞ്ഞിരുന്നു..
“” നിന്റെ ആഗ്രഹം സഫലമാകാനുള്ള വഴികൾ എത്രയും പെട്ടെന്ന് നോക്കൂ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നിന്നോട് കൂടെ ഉണ്ടാകും എന്ന്…
വിശ്വാസം വരാതെ അവൻ എന്നേ നോക്കി….
ഏറെ ചിന്തിച്ചതിനുശേഷം അവനെ തടയും എന്നാണ് അവൻ കരുതിയിരുന്നത് പറഞ്ഞത് കേട്ട് അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു…
“”” ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യയായിരുന്നു അദ്ദേഹത്തിന്റെ വീരചരമം എന്നും അഭിമാനത്തോടുകൂടി ഓർക്കുന്നവളാണ് ഞാൻ എന്റെ മകനും കൂടി രാജ്യത്തിന് വേണ്ടി പോരാടും എന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.. ഞാൻ നിന്നെ തടയും എന്ന് കരുതിയോ ഒരു പട്ടാളക്കാരന്റെ ഭാര്യക്കും അതിന് കഴിയില്ല… “”’
അത്രയും പറഞ്ഞപ്പോഴേക്ക് മകൻ വന്ന് അമ്മയെ കെട്ടിപ്പിടിച്ചിരുന്നു അമ്മയുടെ കണ്ണിൽനിന്ന് അശ്രുക്കള് പൊഴിഞ്ഞിരുന്നു അത് പക്ഷേ സങ്കടം കൊണ്ടല്ല വല്ലാത്ത അഭിമാനം ഓർത്ത് അച്ഛന്റെ മകൻ ഇങ്ങനെയേ ചിന്തിക്കൂ എന്നോർത്ത്…