- (രചന: ശ്രേയ)
അന്ന് ഒരു വൈകുന്നേരം ഓഫീസിൽ നിന്ന് തിരക്കിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അനുവിന്റെ കോൾ തേടിയെത്തുന്നത്. വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തിക്കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.
” എന്താടി..?”ഏറ്റവും അടുത്ത സുഹൃത്തിന്റെ കോൾ തേടിയെടുത്തുമ്പോൾ ഇങ്ങനെയല്ലാതെ മറ്റ് എങ്ങനെ പ്രതികരിക്കാനാണ്.. ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും ഞങ്ങൾ തമ്മിൽ കോൺടാക്ട് ചെയ്തിട്ട് ഇപ്പോൾ വളരെയധികം നാളുകൾ ആയിരിക്കുന്നു.
എനിക്ക് ഇപ്പോൾ ഈയിടെയായി രണ്ടുമൂന്നു പ്രോജക്റ്റുകൾ ഒന്നിച്ച് വന്നതു കൊണ്ട് അതിന്റെ തിരക്കുകളിലാണ്. അവൾക്കാണെങ്കിൽ കല്യാണത്തോട് അനുബന്ധിച്ചുള്ള പാചക പഠനവും..!
” ഞങ്ങൾ ആ പ്രൊപ്പോസൽ വേണ്ടെന്നു വച്ചു…”അവൾ പറഞ്ഞത് കേട്ടപ്പോൾ ഒരു നിമിഷം ഷോക്കേറ്റത് പോലെയാണ് തോന്നിയത്. മനസ്സിലേക്ക് ഓടിയെത്തിയത് അവളുടെ ഫോണിൽ കണ്ട ആ ചെറുപ്പക്കാരന്റെ മുഖമാണ്…
” വൈ..? “ആ ചോദ്യം വളരെ പതിഞ്ഞതായിരുന്നു. കാരണം അവളോട് ശബ്ദം ഉയർത്തി സംസാരിക്കാൻ പോലും ആ നിമിഷം ഞാൻ അശക്തയായിരുന്നു…
” ഞാൻ നിന്നോട് നേരിട്ട് പറയാം.. നീ ഇപ്പോൾ എവിടെയുണ്ട്..? “അവളുടെ ചോദ്യം കേട്ടപ്പോൾ നേരിൽ കാണുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി.
” ഞാൻ ഗാന്ധി പാർക്കിലേക്ക് വന്നോളാം.. നീ അവിടെ എത്തിയാൽ മതി.. “അത്രയും പറഞ്ഞു കോൾ കട്ടാക്കി കൊണ്ട് വണ്ടി നേരെ ഗാന്ധി പാർക്കിലേക്ക് വിട്ടു.
അവിടെയെത്തി അവൾക്കു വേണ്ടി കാത്തിരിക്കുമ്പോഴും മനസ്സിൽ മുഴുവൻ എന്തുകൊണ്ട് ഈ വിവാഹം വേണ്ടെന്നു വച്ചു എന്ന ചിന്തയായിരുന്നു..അവർക്കിടയിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നതായി അറിയില്ല.
കാണാനും പരസ്പരം നല്ല മാച്ച് ഉള്ള രണ്ട് ആൾക്കാർ ആയിരുന്നു അവർ.അവൾക്ക് അവൻ പ്രാണനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
രണ്ടാളും കൂടി ഒന്നിച്ചുള്ള ഫോട്ടോകളും സ്റ്റാറ്റസുകളും അവളുടെ വാട്സ്ആപ്പ് ഭരിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഇവർ തമ്മിൽ ഇത്രയധികം പ്രണയത്തിലാണോ എന്ന്.. അത്രത്തോളം സ്നേഹിച്ചവർ തമ്മിൽ എങ്ങനെയാണ് പെട്ടെന്ന് പിരിഞ്ഞു പോവുക..?
ചിന്തകളിൽ മുഴുകി അങ്ങനെ ഇരിക്കുമ്പോൾ അനു മുന്നിൽ വന്നു നിന്നു.
അവളുടെ മുഖത്ത് വലിയ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല. വിവാഹം ഉപേക്ഷിച്ചത് തന്നെ ആയിരിക്കാം കാരണം എന്ന് തോന്നി.
അവളോട് അങ്ങോട്ട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നുന്നുണ്ടായിരുന്നില്ല. ഇനി അഥവാ ചോദിച്ചിട്ട് അവൾക്ക് വിഷമമായാലോ..?
അത് മനസ്സിലാക്കിക്കൊണ്ടാവണം അവൾ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയത്.” ഞാൻ റിലേഷൻ വേണ്ടെന്ന് വച്ചു.. ”
അവൾ പറഞ്ഞ ആ വാക്കുകളാണ് ഞാൻ ശ്രദ്ധിച്ചത്. അവൾ വേണ്ടെന്നുവച്ചു എന്ന് തന്നെയാണ് അവൾ ഇപ്പോഴും പറയുന്നത്.
“എന്തുകൊണ്ട്..? നിങ്ങൾ തമ്മിൽ എന്തായിരുന്നു പ്രശ്നം..”ആ ചോദ്യം ചോദിക്കാതിരിക്കാൻ ആയില്ലാ.
” അയാൾ എന്നെയും എന്റെ കുടുംബത്തെയും വഞ്ചിക്കുകയായിരുന്നു. അയാൾക്ക്… അയാൾക്ക് മെന്റൽ പ്രോബ്ലം ഉണ്ട്… അതു മറച്ചുവെച്ചു കൊണ്ടാണ് അയാൾ ഈ വിവാഹത്തിന് താല്പര്യം കാണിച്ചത്.”
അവൾ അത് പറഞ്ഞു കേട്ടപ്പോൾ മരവിപ്പായിരുന്നു തോന്നിയത്.” അങ്ങനെയൊന്നും ആവില്ല.. അയാളെ കണ്ടാൽ അയാൾക്ക് അങ്ങനെയൊരു പ്രശ്നമുള്ളതായി ആരും പറയില്ലല്ലോ.. തോന്നിയതായിരിക്കും.. “അങ്ങനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ആണ് തോന്നിയത്.
“ഇത് അയാൾ തന്നെയാണ് എന്നോട് പറഞ്ഞത്.മറ്റാരെങ്കിലും എന്നോട് പറഞ്ഞിട്ടാണ് ഞാൻ ഇത് അറിയുന്നതെങ്കിൽ അയാളെ തെറ്റിദ്ധരിച്ചതാകും എന്നെങ്കിലും പറയുമായിരുന്നു. ഇത് സ്വയം കുറ്റസമ്മതം നടത്തുമ്പോൾ പിന്നെ ഞാൻ എന്താണ് വേണ്ടത്..?”
അവൾ പറഞ്ഞത് തനിക്ക് പൂർണമായും മനസ്സിലാവുന്നുണ്ടായിരുന്നില്ല.” നീ പറഞ്ഞത് എന്താണെന്ന് എനിക്ക് വ്യക്തമായില്ല.. ”
ഒരു നിമിഷം അവൾ എന്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
” കഴിഞ്ഞ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കൂടി പുറത്തു പോയിരുന്നു. ഒരു ആൽമര ചുവട്ടിലാണ് എന്നെയും കൊണ്ട് പോയത്. അവിടെ എത്തിയപ്പോൾ മുതൽ അയാൾ ആകെ അസ്വസ്ഥനാണ് എന്ന് ഞാൻ കണ്ടു. അതിന്റെ കാരണം ഞാൻ അന്വേഷിച്ചപ്പോൾ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അയാൾ അത് പറഞ്ഞു.
എന്റെ അമ്മ ആക്സിഡന്റ് ആയി മരിക്കുന്നത് ഇവിടെ വച്ചാണ്. അത് നേരിൽ കാണേണ്ടി വന്ന ഒരു മകന്റെ അവസ്ഥ നിനക്ക് ഊഹിക്കാമോ..? അന്നുവരെ അമ്മയുടെ വിരൽ തുമ്പ്
പിടിച്ചു നടന്ന ഒരു മകനായിരുന്നു.. പെട്ടെന്നൊരു ദിവസം അമ്മയുടെ തണൽ ഇല്ലാതെ പോയി. ആ അവസ്ഥയെ അഭിമുഖീകരിക്കാൻ ആ മകന് കഴിയില്ലായിരുന്നു.
അവന്റെ ഏക ആശ്രയമായ അമ്മ നഷ്ടപ്പെട്ടതോടെ, അവന്റെ സ്വബോധവും നഷ്ടമായി. ഏകദേശം ഒന്നര വർഷത്തോളം മെന്റൽ അസൈലത്തിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന്
പുറത്തു വന്നതിനു ശേഷം പിന്നീട് ഒരിക്കലും അങ്ങനെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ എന്നോട് പറഞ്ഞത്. ”
അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നത് അനാഥനായ ഒരു ബാലന്റെ മുഖമായിരുന്നു. അമ്മയെ നഷ്ടപ്പെട്ട് അലറി കരയുന്ന ഒരു ചെറിയ കുഞ്ഞിന്റെ മുഖം..
” ഇതിന് നീ അയാളെ ഉപേക്ഷിച്ചു പോകേണ്ട കാര്യം എന്താ..? അയാൾക്ക് ചികിത്സയ്ക്ക് ശേഷം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നല്ലേ പറയുന്നത്..? ”
എന്ന് ചോദിച്ചപ്പോൾ അവളുടെ മുഖം ഇരുളുന്നത് കണ്ടു.” അയാൾക്ക് അസുഖം ഒന്നുമില്ല എന്ന് അയാൾ പറയുന്നതല്ലേ..? അത് സത്യമാണോ കള്ളമാണോ എന്ന് ആർക്കറിയാം..? ”
അവളുടെ ആ മറു ചോദ്യത്തിൽ എനിക്ക് ഒന്നും പറയാനില്ലാതായിപ്പോയി. ജീവിതം അവളുടേതാണ്.. തീരുമാനമെടുക്കേണ്ടതും അവളാണ്.. അവിടെ അവളെ ഫോഴ്സ് ചെയ്യാനും എന്തെങ്കിലും ഒരു തീരുമാനം എടുപ്പിക്കാനുള്ള അധികാരം തനിക്കില്ലല്ലോ…!!
അവളോട് യാത്ര പറഞ്ഞു പിരിഞ്ഞിട്ടും മനസ്സിൽ ഉണ്ടായിരുന്നത് മുഴുവൻ ആ ചെറുപ്പക്കാരന്റെ അവസ്ഥയായിരുന്നു. ഈ കാരണം പറഞ്ഞ് അയാൾക്ക് എവിടെ നിന്നെല്ലാം നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടാകും..?
ദിവസങ്ങൾ ഓടി മറഞ്ഞതിന് ഒപ്പം അവളും പുതിയ ജീവിതത്തെ തേടി. പുതിയ പ്രൊപ്പോസൽ വന്നതും വിവാഹം ഉറപ്പിച്ചതും ഒക്കെ വളരെ പെട്ടെന്ന് കഴിഞ്ഞു. അവളുടെ വിവാഹം ക്ഷണിക്കാനായി ഒരിക്കൽ അവൾ വീട്ടിലെത്തിയിരുന്നു.
അവളെ കാണുമ്പോൾ മുഴുവൻ ഓർമ്മ വരുന്നത് നിഷ്കളങ്കനായ ആ ചെറുപ്പക്കാരന്റെ മുഖമാണ് എന്നുള്ളതുകൊണ്ടു തന്നെ പലപ്പോഴും അവളോട് സ്നേഹത്തോടെ ഇടപെടാൻ പോലും തനിക്ക് കഴിയാതെ വന്നിരിക്കുന്നു.
അവളുടെ വിവാഹത്തിന് പോയി മടങ്ങി വരുന്ന വഴിയിലാണ് ആ ചെറുപ്പക്കാരനെ വീണ്ടും കാണുന്നത്. മഴപെയ്തതു കൊണ്ട് വഴിയരികിൽ വണ്ടി നിർത്തി ഒരു കടത്തിണ്ണയിലേക്ക് കയറി നിൽക്കുമ്പോൾ അവിടെ അയാളും ഉണ്ടായിരുന്നു.
എന്നെ കണ്ടപ്പോൾ തന്നെ സൗഹൃദ ഭാവത്തിൽ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. അവളുടെ സുഹൃത്ത് എന്ന നിലയിൽ എന്നെ അയാൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
” താൻ എന്താടോ ഇവിടെ..? “അയാൾ ചിരിയോടെ അന്വേഷിച്ചപ്പോൾ തിരിച്ച് ഒരു ചിരി മടക്കി നൽകാതിരിക്കാൻ കഴിഞ്ഞില്ല.”ഒരു കല്യാണം ഉണ്ടായിരുന്നു.. പോയി വരുന്ന വഴിയാണ്..”
അവളുടെ വിവാഹം ആണെന്ന് പറയാൻ തോന്നിയില്ല. ഒരുപക്ഷേ അവളെ അയാൾ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ അത് അയാൾക്ക് ഒരു ബുദ്ധിമുട്ട് ആയാലോ..?
” തന്റെ കൂട്ടുകാരിയുടെ വിശേഷമൊക്കെ എന്തുണ്ട്..? കല്യാണം ആയോ..? “നിറഞ്ഞ ചിരിയോടെ അയാൾ അന്വേഷിച്ചപ്പോൾ സഹതാപം തോന്നി.”ഇന്ന് അവളുടെ വിവാഹമായിരുന്നു…”
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഒരു നിമിഷം അയാളുടെ മുഖം മങ്ങുന്നത് കണ്ടു.. വളരെ പെട്ടെന്ന് തന്നെ സ്വതസിദ്ധമായ പുഞ്ചിരി വീണ്ടെടുത്തു..
“നന്നായി.. അല്ലെങ്കിലും എന്നെപ്പോലെ ഒരു ഭ്രാന്തന്റെ കൂടെ ആര് ജീവിക്കാനാണ്..? ”
അയാൾ സ്വയം പറഞ്ഞു. അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ വലിയൊരു വേദന തോന്നി.” അതിന് ഇപ്പോൾ അസുഖം ഒന്നും ഇല്ലല്ലോ..? “ഞാൻ ചോദിച്ചപ്പോൾ ആ മുഖം എനിക്ക് നേരെ ഉയരുന്നത് കണ്ടു.
” എത്രപേർ വിശ്വസിക്കും..? പണ്ടൊരിക്കൽ ഇങ്ങനെ ഒരു അസുഖം വന്നിട്ടുള്ളത് കൊണ്ടുതന്നെ ഇനിയും അതുണ്ടാകാം എന്ന് ചിന്തിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. ഭ്രാന്ത് എന്നു പറയുന്നത് വേരുപിടിച്ചു കഴിഞ്ഞാൽ
പിന്നെ പറിച്ചെറിയാൻ ബുദ്ധിമുട്ടാണ്..ഇനി ഒരിക്കലും എനിക്ക് അങ്ങനെ ഒരു അസുഖം വരില്ല എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ പോലും അത് വിശ്വസിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്.. അത് നമ്മുടെ ശാപം തന്നെയാണ്.. ”
നിരാശയോടെയും ദുഃഖത്തോടെയും അയാൾ അത് പറയുമ്പോൾ അയാൾ അനുഭവിക്കേണ്ടിവന്ന വേദനകൾ മുഴുവൻ അതിൽ അടങ്ങിയിട്ടുണ്ടായിരുന്നു..
മറുപടി പറയാതെ കുറെയേറെ നിമിഷങ്ങൾ കടന്നു പോയപ്പോൾ,തന്റെ സംഹാരതാണ്ഡവം അവസാനിപ്പിച്ച് മഴയും മടങ്ങി പോയിട്ടുണ്ടായിരുന്നു.
” പിന്നീട് എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് കാണാം.. “എന്ന വെറും വാക്കിലൂടെ പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോൾ,ഒരിക്കൽ കൂടി അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
ഏതു മനുഷ്യനെയും ആകർഷിക്കാൻ കഴിയുന്ന ഒരു ചിരി അയാളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു.. ഒരുപക്ഷേ അയാൾ അയാളുടെ ദുഃഖങ്ങൾക്ക് മറയായി പിടിച്ചിരിക്കുന്നത് ആയിരിക്കണം ഈ ചിരി…
അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെയും നോക്കി നിന്നുപോയി..ഒരുപക്ഷേ കാലം കടന്നുപോകുമ്പോൾ അയാൾ എന്റെയും ഓർമ്മയിൽ നിന്ന് അകന്നു പോയേക്കാം.. എങ്കിലും ഈ നിമിഷം ഉള്ളിൽ അയാൾ മാത്രമാണ്.. അയാൾ അനുഭവിക്കേണ്ടിവന്ന യാതനകൾ മാത്രമാണ്…!!