(രചന: രജിത ജയൻ)
“ഞാനൊരു വിവാഹം കഴിച്ചു കാണണമെന്ന് അമ്മയ്ക്ക് അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പറയുന്ന പെൺകുട്ടിയെ അമ്മ എനിക്ക് നേടി തരൂ ..
” എങ്കിൽ ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കാം ..”ഞാൻ ഒരു തടസ്സവും പറയില്ലഎന്റെ അമ്മ സത്യം …
മകന്റെഉറച്ച വാക്കുകൾ കേട്ട് വിശ്വാസം വരാതെ ഗീത വീണ്ടും വീണ്ടും അവനെ തന്നെ നോക്കി
അവനിൽ നിന്ന് അത്തരമൊരു സമ്മതം അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..”ഗുരുവായൂരപ്പാ നീയെന്റെ പ്രാർത്ഥന കേട്ടു …
നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പിയവർ…”ഏയ് അമ്മാ.. ഒരു മിനിറ്റ്, ഞാൻ പറഞ്ഞത് അമ്മ ശരിയ്ക്കും കേട്ടില്ലേ .. ഇത്രയ്ക്കും സന്തോഷിക്കാൻ ..?
അമ്മയുടെ സന്തോഷം തുടിയ്ക്കുന്ന മുഖത്ത് നോക്കി സംശയത്തോടെ വിശ്വൻ ചോദിച്ചതും ഗീതയുടെ മുഖമൊന്ന് വാടി ..
അവരൊരു നിമിഷം അവൻ പറഞ്ഞ വാക്കുകളിലൂടെ സഞ്ചരിച്ചൂഅവൻ പറയുന്ന പെൺകുട്ടിയെ നേടികൊടുത്താൽ …
ആ വാക്കുകൾ ഗീതയുടെ മനസ്സിലുയർന്ന് വന്നതും അവരുടെ മുഖത്തെ സന്തോഷം മാഞ്ഞു..
അവർ വിശ്വയെ ഒന്ന് സൂക്ഷിച്ചു നോക്കി..”എന്താമ്മേ …?അമ്മയുടെ മുഖത്തെ സന്തോഷം പെട്ടന്ന് ഇല്ലാതെയായതു ശ്രദ്ധിച്ചു കൊണ്ടവൻ തിരക്കി
“മോനെ.. വിശ്വാ..അത്.. നീയെന്താ പറഞ്ഞത് ?”നീ പറയുന്ന പെൺക്കുട്ടിയെ നിനക്ക് വേണ്ടി കണ്ടെത്തി തന്നാൽ നീ വിവാഹം കഴിച്ചോളാം എന്നല്ലേ ..?
അവർ തിരക്കി”അതേ.. അതു തന്നെയാണ് ഞാൻ പറഞ്ഞത് ..”അങ്ങനെ ഒരു കുട്ടി .., അതാരാ വിശ്വാ ..?
“ഇത്രയും വർഷങ്ങൾക്കിടയിൽ ഞാനെത്ര നിർബന്ധിച്ചിട്ടും നീ നിനക്ക് കല്യാണം വേണ്ട എന്നു പറഞ്ഞാണ് നടന്നത്
“എന്നിട്ടിപ്പോൾ പെട്ടന്നൊരു കുട്ടിയുടെ കാര്യം പറയുന്നു, ആരാ അത് ..?അങ്ങനെ ഒരു കുട്ടി ഉണ്ടോ..?
“നീ വീണ്ടും എന്നെ പറ്റിക്കുന്നോ..?”അമ്മ ഇത്രയ്ക്കും ടെൻഷനടിക്കേണ്ട കാര്യം ഒന്നൂല്ല”ഇത്രയും നാൾ ഈ ജീവിതത്തിലെനിക്കൊരു കൂട്ട് വേണംന്ന് തോന്നീട്ടില്ല..
” പക്ഷെ ഇപ്പോൾ തോന്നുന്നു ഒരാൾ ഇനിയുള്ള ജീവിതകാലം മുഴുവൻ കൂടെ വേണംന്ന്,
” ആ ആൾ കൂടെയുണ്ടെങ്കിൽ ഈ ജീവിതം ഒന്നൂടിയൊന്ന് മനോഹരമാക്കാമെന്ന് , ആ ഒരാൾ ആണെങ്കിൽ മാത്രം …
ദൂരെയെങ്ങോ മിഴികളുറപ്പിച്ച് ഒരു പുഞ്ചിരിയോടെ വിശ്വ പറഞ്ഞു നിർത്തിയതും ഗീത അവന്റെ കയ്യിൽ മുറുകെ പിടിച്ചു
“ആരാ മോനെ ആ ഒരാൾ..?
അമ്മ പോയ് ചോദിക്കാം ആ കുട്ടിയുടെ വീട്ടിൽ …”ആ കുട്ടിയുടെ വീട്ടിൽ അല്ല അമ്മാ .. ,
“ആ കുട്ടിയോട് ചോദിക്കൂ ആദ്യം എന്നെ ,ഈ വിശ്വഭദ്രനെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടോന്ന്..അതിനു ശേഷം മതി ബാക്കിയെല്ലാം ..
ഇട്ടിരിക്കുന്ന യൂണിഫോമിന്റെ ബട്ടണുകളെല്ലാം ഒന്നുകൂടി ചെക്ക് ചെയ്ത് തൊപ്പി തലയിൽ എടുത്ത് വെച്ച് വിശ്വ അമ്മയ്ക്ക് നേരെ തിരിഞ്ഞ് പറഞ്ഞതും അവന്റെ നെഞ്ചിലെ നെയിംബോർഡിൽ ഗീതയുടെ മിഴികളൊന്നുടക്കി ..
“വിശ്വഭദ്രൻ IPS..,,”അപ്പോ ശരി അമ്മാ.. ഞാനിറങ്ങാണ് .. വൈകീട്ട് കാണാം..അമ്മയ്ക്കൊരു നേർത്ത പുഞ്ചിരി നൽകിയവൻ തന്റെ ബുള്ളറ്റിനരികിലേക്ക് നടന്നു”മോനെ.. വിശ്വാ.. നീ പെൺക്കുട്ടി ആരാണെന്ന് പറഞ്ഞില്ലല്ലോ ..?
“ആരാ പെൺകുട്ടി ..?അമ്മയുടെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിലെ പുഞ്ചിരിയൊന്നു കൂടി തിളങ്ങി
അവനമ്മയെ ഒന്നു നോക്കി ഒപ്പം വീടിനടുത്തായ് ഉണ്ടാക്കിയ നൂപുര എന്ന അമ്മയുടെ നൃത്തവിദ്യാലയത്തിലേക്കും ..
ഗീതയുടെ മുഖത്തൊരു അമ്പരപ്പായിരുന്നപ്പോൾ”അവിടെ.. അവിടെ ആരാ മോനെ ..?
ധാരാളം പെൺകുട്ടികൾ രാവിലെ തന്നെ നൃത്തം പരിശീലിക്കുന്നതിലേക്ക് നോക്കി ഗീതയവനോട് ചോദിച്ചു ..”കാശ്മീര..”അവളെ മതി അമ്മേ എനിക്ക്
പറഞ്ഞു കൊണ്ടമ്മയുടെ മുഖത്തേക്കൊന്ന് നോക്കി വിശ്വ ബുള്ളറ്റുമെടുത്ത് പോയിട്ടും അവൻ പറഞ്ഞ പേരിൽ കുടുങ്ങി കിടക്കുകയായിരുന്നു ഗീത
“കാശ്മീര ..”ആ കുട്ടിയോ .. അവളെങ്ങനെ …?ചിന്തകൾ തലയിലൊരു തേനീച്ച കൂടിളക്കി തുടങ്ങിയതും ഗീതയുടെ മിഴികൾ വീണ്ടും നൃത്തവിദ്യാലയത്തിലേക്ക് പോയിഅവിടെ അവൾ , പാതിയിൽ വിടർന്നൊരു താമരമൊട്ടു പോലെ ..
കാശ്മീര..ഗീതയുടെ കണ്ണുകളവളിൽ തന്നെ തറഞ്ഞു നിന്നുകേൾക്കുന്ന പാട്ടിൽ ലയിച്ച് പരിസരം മറന്ന് മനോഹരമായ് നൃത്തം ചെയ്യുന്നവളിലേക്ക് ,അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക്…
അവളെ തന്നെ നോക്കി നിൽക്കവേ ഗീതയിൽ നിന്നൊരു നെടുവീർപ്പുയർന്നു..ഇരുപതു വയസ്സു പോലും തികയാത്ത ഈ കൊച്ചു പെൺകുട്ടിയെ താനെങ്ങനെ മുപ്പത്തിയേഴ് വയസ്സുള്ള തന്റെ മകനു വേണ്ടി വിവാഹം ആലോചിക്കുമെന്ന ചിന്തയിലവരുഴറി…
ഇത്രയും കാലം ഒരു വിവാഹമേ വേണ്ടാന്നു പറഞ്ഞു നടന്നിരുന്ന തന്റെ മകൻ ഈ കൊച്ചു പെൺകുട്ടിയിൽ മയങ്ങിയോ.. ?
അതും നാടു വിറപ്പിക്കുന്ന സകല തെമ്മാടികളുടെയും പേടി സ്വപ്നമായ വിശ്വഭദ്രൻ IPS എന്ന തന്റെ മകൻ …
സ്റ്റേഷനിലെത്തി തന്റെ കസേരയിലിരിക്കുമ്പോഴും വിശ്വന്റെ മനസ്സിൽ രാവിലെ താൻ അമ്മയോട് പറഞ്ഞ കാര്യങ്ങളായിരുന്നു …
ജീവിതത്തിലൊരു ഇണയുടെ ആവശ്യമുണ്ടെന്ന് ഇത്രയും കാലം തോന്നാത്തതുകൊണ്ടാണ് ഒരു വിവാഹത്തെ പറ്റി ഇതുവരെ ചിന്തിക്കാതിരുന്നത് ..
മനസ്സിനിഷ്ട്ടം തോന്നുന്ന ,അല്ലെങ്കിൽ ജീവിതത്തിൽ കൂടെ കൂട്ടാൻ പറ്റിയ ഒരാളെയും കണ്ടുമുട്ടിയിട്ടില്ലായിരുന്നു കഴിഞ്ഞകാലങ്ങളിൽ ..
ആശിച്ചു സ്വന്തമാക്കിയ ഈ ജോലിയായിരുന്നു ഏറ്റവും വലുതെന്നാണ് ഈ അടുത്ത നാൾവരെ കരുതിയത് ..
എന്നാൽ അവളെ കാശ്മീരയെ അമ്മയുടെ നൃത്ത വിദ്യാലയത്തിൽ കണ്ട ആ നിമിഷം തന്റെ ഹൃദയമിടിപ്പൊന്നേറിയത് ഇപ്പോഴും മനസ്സിലുണ്ട്
അവളുടെ വിടർന്ന കണ്ണുകളിലേക്കും അഴിഞ്ഞുലഞ്ഞ് കിടക്കുന്ന കറുത്തു നീണ്ട മുടി ചുരുളിലേക്കും തന്റെ ലോകം ചുരുങ്ങിയതെത്ര പെട്ടന്നാണ് ..
കാശ്മീര എന്ന അവളുടെ പേരു പോലും തന്നിലൊരു പ്രണയവസന്തം വിരിയിക്കുന്നു എന്നു തിരിച്ചറിഞ്ഞ നാളുകളിലെന്നോ ഒരിക്കൽ തന്റെ പ്രായത്തിനോടവനാദ്യമായ് ദേഷ്യം തോന്നി..
അവളെ സ്വന്തമാക്കാനൊരു യൗവനം തന്നിലില്ലെന്ന ചിന്തയോടെ എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴണമ്മ വീണ്ടും തന്റെ വിവാഹ കാര്യവുമായ് മുന്നിൽ വന്നത് ..
അറിയാതെ വീണതാണ് നാവിൽ നിന്ന് കാശ്മീരയുടെ കാര്യം.. അതോ മനസ്സത്രയും അവളെ ആഗ്രഹിക്കുന്നുണ്ടോ ..?
ഒരുത്തരം കിട്ടാതെ വിശ്വ കസേരയിലേക്ക് ചാരി കിടക്കുമ്പോഴും അവന്റെ മനസ്സിൽ നിറയെ അവളുടെ മുഖമായിരുന്നു കാശ്മീരയുടെ..
ദിവസങ്ങൾ മുന്നോട്ടു കടന്നു പോയെങ്കിലും പിന്നീട് ഗീതയൊരിക്കലും വിശ്വയോട് അവന്റെ വിവാഹത്തെ പറ്റി സംസാരിച്ചില്ല
കാശ്മീര എന്ന തന്റെ സ്വപ്നത്തിന് തിരശ്ശീല വീണതു വിശ്വയുടെ മനസ്സിലൊരു നോവായ് അവ ശേഷിച്ചു ..
എങ്കിലും അവളറിയാതെയവൻ പലപ്പോഴും അവളെ നോക്കാറുണ്ടായിരുന്നു..
സ്വന്തമാക്കാൻ കഴിയില്ലെങ്കിലും ചില തിനോടൊന്നുമുള്ള ഇഷ്ട്ടം ഒരിക്കലും മനസ്സീന്ന് മാറില്ലല്ലോ ..
“അമ്മേ … അതേ ..കഴിഞ്ഞ രണ്ടു മൂന്നു ദിവസ്സായിട്ട് കാശ്മീരയെ അമ്മയുടെ ക്ലാസ്സിൽ കാണുന്നില്ലല്ലോ ?എന്തു പറ്റി..?
കുറച്ചു ദിവസ്സങ്ങൾ കാശ്മീരയെ ക്ലാസ്സിൽ കാണാത്തതു കൊണ്ട് മടിച്ചാണെങ്കിലും കാരണം തിരക്കി അമ്മയുടെ അടുത്തുവന്നതാണ് വിശ്വ ..
“അവൾ നൃത്ത പഠനം അവസാനിപ്പിച്ചു ..അവന്റെ മുഖത്ത് നോക്കാതെ ഗീത പറഞ്ഞതും അവനിലൊരു ഞെട്ടലുണ്ടായി ..
“പ0നം നിർത്തുകയോ ..? എന്തിന്..? അമ്മ കാര്യം തെളിച്ചു പറയൂ..ഉള്ളിലെ ഞെട്ടൽ മറച്ചുവെച്ചവൻ അമ്മയോട് ചോദിച്ചു
കാശ്മീര അമ്മയുടെ നൃത്ത ക്ലാസ്സിലെ പഠനം അവസാനിപ്പിച്ചുവെന്ന വാർത്ത വിശ്വയെ തളർത്തിയിരുന്നു സത്യത്തിൽ ..
അവൻ പോലും അറിയാതെ അവൾ അവനിൽ അത്രയേറെ വേരുറപ്പിച്ചിരുന്നു”ആ കുട്ടിയുടെ വിവാഹം ഉറപ്പിച്ചു വിശ്വാ.. ഇനി പ0നമെല്ലാം വിവാഹശേഷം മതിയെന്നാ അവളുടെ വീട്ടുകാർ പറഞ്ഞത് ..
വിവാഹം ഉറപ്പിച്ചോ ..?അമ്മയുടെ വാക്കുകൾ ഈർച്ചവാൾപോലെ ഹൃദയത്തെ കീറി മുറിച്ചിട്ടും കേട്ടതു വിശ്വസിക്കാൻ കഴിയാതെ വിശ്വ അമ്മയെ നോക്കി
“ആ വിവാഹം ഉറപ്പിച്ചു .. അവക്കൊരാളെ ഇഷ്ട്ടം ആയിരുന്നു ,ആ ഇഷ്ട്ടത്തെ അവളുടെ വീട്ടുകാർ അംഗീകരിച്ചപ്പോൾ അവളുടെ കല്യാണവുമായ് …
വിശ്വയുടെ മുഖത്ത് നോക്കാതെ അമ്മയോരോന്നു പറയുമ്പോഴും അതൊന്നും കേൾക്കാൻ കഴിയാത്ത വിധം വിശ്വ തകർന്നിരുന്നു ..
കശ്മീരയ്ക്ക് കല്യാണം.. അതും അവൾ പ്രണയിച്ച ആളുമായ് ..,,അതോർക്കവേ അവനിലൊരു ചിരി വിടർന്നു .. നഷ്ട്ടത്തിന്റെ നോവുണർത്തുന്ന ചിരി ..
അല്ലെങ്കിലും തന്നെ പോലെ പ്രായം കൂടിയൊരുത്തന് അവളെ പോലൊരു ചെറിയ പെൺകുട്ടിയെ ചിന്തിക്കാൻ പോലും യോഗ്യത ഇല്ലല്ലോ ..
അവന്റെ കണ്ണുകൾ നിറഞ്ഞു…ഇന്നായിരുന്നു ആ കല്യാണം ..കാശ്മീരയുടെ..അവളിഷ്ട്ടപ്പെട്ട ആളുമായിട്ടുള്ള കല്യാണം ..
തിരക്കൊഴിഞ്ഞ മുറ്റത്തവശേഷിച്ച കസേരകൾ പെറുക്കിയെടുക്കുന്ന ജോലിക്കാരെ നോക്കി ആ ജനലിനരികെ നിൽക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു ,എന്തിനെന്നറിയാതെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു ..
തനിക്ക് പുറകിലൊരു കാൽ പെരുമാറ്റം കേട്ടതും ജനലോരത്തു നിന്നും കണ്ണുകൾ പിൻവലിച്ച് വിശ്വ തിരിഞ്ഞു നോക്കി
അവനു പുറക്കിൽ അവൾ, കാശ്മീര.. കയ്യിലൊരു പാൽഗ്ലാസ്സുമായ് …തനിക്ക് മുമ്പിൽ തല കുനിച്ച് നിലത്തേക്ക് നോക്കി നിൽക്കുന്നവളെ വിശ്വ വീണ്ടും വീണ്ടും നോക്കി .. വിശ്വസിക്കാൻ കഴിയാതെ എന്നവണ്ണം ..
കാശ്മീര സ്നേഹിച്ചിരുന്നത് തന്നെയായിരുന്നെന്നത് ,അവളുടെ വിവാഹം നിശ്ചയിച്ചത് താനുമായിട്ടാണെന്നറിഞ്ഞത് ഒന്നും ..ഒന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ലിതുവരെ
രാവിലെ അവളുടെ കഴുത്തിൽ താലികെട്ടുമ്പോൾ ചുറ്റും നിന്നാരൊക്കയോ പറയുന്നതങ്ങളുടെ പ്രായത്തെ പറ്റിയുള്ള സംസാരം കേട്ടവളെ പതർച്ചയോടെ നോക്കുമ്പോൾ അവളുടെ കണ്ണിൽ തെളിഞ്ഞ തന്നോടുള്ള പ്രണയം കണ്ടവൻ അമ്പരന്നിരുന്നു.. ഇതെല്ലാം സത്യം തന്നെയോ ..
“കാശ്മീരാ…തനിക്ക് മുമ്പിൽ തലയും കുമ്പിട്ടു നിൽക്കുന്നവളെ താടിതുമ്പിൽ പിടിച്ചുയർത്തി വിളിക്കവേ അവന്റെ ശബ്ദം വിറച്ചിരുന്നു”മീര… അങ്ങനെ വിളിച്ചാൽ മതി വിശ്വേട്ടാ..
“വിശ്വേട്ടൻ അങ്ങനെ വിളിക്കുന്നതു കേൾക്കാനാണ് എനിക്കിഷ്ട്ടം ..അവനെ നോക്കി അവന്റെ മുഖത്തേക്ക് കണ്ണുകളുറപ്പിച്ചു പ്രണയത്തോടവൾ പറഞ്ഞു..
“വിശ്വസിക്കാൻ കഴിയുന്നില്ല മീരാ നീയെന്റെ സ്വന്തമായെന്ന് ..അവൻ പറഞ്ഞതും അവളവന്റെ രോമങ്ങൾ നിറഞ്ഞ ദൃഢമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചുയർന്ന് അവന്റെ കവിളിൽ ചുണ്ടമർത്തി ..
“ഇപ്പോൾ വിശ്വാസമായോ ..?കാതോരം അവളുടെ ശബ്ദം കേട്ടതും അവനൊന്ന് ഞെട്ടി കവിളിൽ കയ്യമർത്തി..”എനിക്ക് ഇഷ്ടമായിരുന്നു വിശ്വഭദ്രനെന്നെ ഇയാളെ.. എന്ന് എപ്പോൾ തുടങ്ങി എന്നൊന്നും അറിയില്ല ..
“ആ ഇഷ്ട്ടം കൂടിയിട്ടാണ് ഇവിടെ ഡാൻസ് ക്ലാസിന് വന്നത് .. അങ്ങനെ ഉള്ള എന്നോട് വിശ്വേട്ടനെ വിവാഹം കഴിക്കാമോ എന്ന് വിശ്വേട്ടന്റെ അമ്മ ചോദിച്ചാൽ …
“രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നു വിശ്വേട്ടാ എനിക്ക് നിങ്ങളെ സ്വന്തമാക്കാൻ ,അതിലുപരി വിശ്വേട്ടനും എന്നെ സ്നേഹിച്ചിരുന്നു സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് … എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ..
‘എന്റെ പ്രായം…,,വിശ്വ പറയാൻ തുടങ്ങവേ അവയെ തടഞ്ഞെന്ന പോലെ കാശ്മീരയുടെ അധരങ്ങൾ അവനിൽ വീണ്ടും അമർന്നു
“പ്രായം ഉണ്ടായിക്കോട്ടെ ,എന്നെ സ്നേഹിക്കുന്ന അച്ഛനായ്, ശാസിക്കുന്ന ഏട്ടനായ്, തഴുകി തലോടി ഉറക്കുന്ന പ്രിയപ്പെട്ടവനായെല്ലാം മാറാൻ വിശ്വേട്ടനിത്തിരി പ്രായം നല്ലതാ ..
ഒരു ചിരിയോടെ അവൾ പറഞ്ഞുഅവന്റെ പരാതികൾക്കും പ്രശ്നങ്ങൾക്കുമുള്ള ഉത്തരമെന്നോണം പിന്നെയും പലവട്ടം അവളുടെ അധരങ്ങൾ അവനിൽ പലയിടത്തായ് പതിഞ്ഞൊടുവിൽ
ഇനിയൊരു പരാതിയും അവരിലവശേഷിപ്പിക്കാത്ത വിധം അവരൊന്നായ് ചേർന്നൊരുടലായ് ആ മുറിയിലമരവേ അവർക്കായ് വർണ്ണങ്ങൾ നിറച്ചൊരു പൊൻപുലരി പുറത്ത് വിടരാൻ കാത്തു നിന്നു.