(രചന: J. K)””””
മായ ഞാൻ അമ്മയെയും കൂട്ടി വന്നാല് നീ സമ്മതിക്കോ?? “”
കണ്ണൻ പിന്നെയും അവളെ തന്നെ നോക്കി നിന്നു… മായക്ക് മറുപടി എന്ത് പറയണം എന്ന് അറിയില്ലായിരുന്നു ഒന്നും മിണ്ടാതെ അവൾ വേഗം നടന്നു നീങ്ങി….
അവൾ നടന്നു നീങ്ങുന്നത് കണ്ടപ്പോൾ കണ്ണന് എന്തോ വിഷമമായിരുന്നു
ആദ്യമായി അവസാനമായും തന്റേ നെഞ്ചിൽ കയറിപ്പറ്റിയവൾ… അവളെ നോക്കി ഇത്തിരി നേരം നിന്നു കണ്ണൻ…
വീട്ടിലെത്തിയതും മായ ആരോടും മിണ്ടാതെ മുറിയിലേക്ക് പോയി. അവിടെ കട്ടിലിൽ ഇരിക്കുമ്പോൾ തന്റേ പ്രതിബിംബം തൊട്ട് മുന്നിൽ അവൾ കണ്ടു…..
താൻ കണ്ണനോട് ചെയ്തത് ശരിയായോ എന്നായിരുന്നു അവൾ ചിന്തിച്ചിരുന്നത്….. എന്നും ദ്രോഹിച്ചിട്ടെയുള്ളൂ പല പേരും പറഞ്ഞ് ഇങ്ങോട്ട് വന്നതു മുഴുവൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് ആയിരുന്നു…
അവളുടെ ഓർമ്മകൾ കുറച്ചു വർഷം മുന്നിലേക്ക് പോയി അന്ന് കോളേജിൽ പഠിക്കുന്ന കാലം എന്നും ഉണ്ടാവും താൻ പോകുന്ന നേരത്തും വരുന്ന നേരത്തും….
വഴിവക്കിൽ തന്നെയും കാത്ത് എന്നപോലെ…
കൂട്ടുകാരികളെല്ലാം അയാളുടെ പേര് പറഞ്ഞ കളിയാക്കാൻ തുടങ്ങിയപ്പോൾ ദേഷ്യം ആണ് തോന്നിയത്…
ഒരു ദിവസം വരുന്ന വഴിയിൽ നിന്ന് എന്തോ ഒരു കത്ത് എനിക്ക് നേരെ നീട്ടി എന്റെ മനസ്സിലുള്ളത് മുഴുവൻ ഇതിലുണ്ട് വായിച്ചിട്ട് ഒരു മറുപടി തരണം എന്നു പറഞ്ഞു….
അത് വാങ്ങാൻ കൂട്ടാക്കാതെ ഞാൻ പോയപ്പോൾ പുറകെ വന്ന് ഇത് വാങ്ങിയിട്ട് പോയാ മതി എന്ന് കർക്കശമായി പറഞ്ഞിരുന്നു…
എനിക്ക് ദേഷ്യമാണ് വന്നത് അത് വാങ്ങി വലിച്ചെറിഞ്ഞ് ഞാൻ അവിടെ നിന്നും പോയി വീട്ടിൽ ചെന്ന് അച്ഛനോട് ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തപ്പോൾ അച്ഛനാണ് അയാളുടെ വീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയത്….
മകനെ അടക്കി ഒതുക്കി നിർത്തിയില്ലെങ്കിൽ തല്ല് മേടിക്കും എന്നൊക്കെ പറഞ്ഞ് അയാളുടെ അച്ഛനെ ഭീഷണിപ്പെടുത്തി….
അറിയില്ലായിരുന്നു അപ്പോൾ അയാളുടെ പെങ്ങളുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുകയാണ് എന്ന്…. അതുകാരണം ആ കല്യാണം മുടങ്ങി…
അതിൽ പിന്നെ കുറച്ചു ദിവസത്തേക്ക് അയാളുടെ ശല്യം ഉണ്ടായിരുന്നില്ല കുറെനാൾ കഴിഞ്ഞപ്പോൾ വഴിയിൽ കാത്തു നിന്നിരുന്നു വീണ്ടും അയാൾ…..
എന്നോട് പറഞ്ഞു എനിക്ക് കുട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു….. അത് മാത്രമാണ് ഞാൻ ആ കത്തിൽ എഴുതിയത് അതിൽ തെറ്റുണ്ട് എന്ന് എനിക്കിപ്പോഴും തോന്നുന്നില്ല….
എന്റെ മനസ്സ് തന്റെ മുന്നിൽ അറിയിക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ പക്ഷേ അതിനു പകരം എനിക്ക് നഷ്ടമായത് എന്റെ അനിയത്തിയുടെ ഉറപ്പിച്ച വിവാഹമാണ് എല്ലാവരുടെയും സന്തോഷമാണ്….
കുട്ടിക്ക് ഇഷ്ടമില്ല എന്നറിഞ്ഞു പുറകെ നടന്നത് എന്റെ തെറ്റാണ് ഞാൻ സമ്മതിക്കുന്നു… ഇനി ഉണ്ടാവില്ല ഞാൻ പോവുകയാണ് ഗൾഫിലേക്ക്… അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി അപ്പോൾ എന്തോ ഒരു വിഷമം പോലെ…
കുറച്ചുകാലം നെഞ്ചിൽ ഒരു ഭാരം എടുത്ത് വെച്ചതുപോലെ അതുണ്ടായിരുന്നു പിന്നെ സാവധാനം ഞാൻ അയാളെ മറന്നു.. അച്ഛൻ തന്നെയാണ് ഒരു വിവാഹം എനിക്ക് ആലോചിച്ചു ഉറപ്പിച്ചത്…
വലിയ ബാങ്ക് ഉദ്യോഗസ്ഥനാ എന്നൊക്കെ പറഞ്ഞ്….എല്ലാം ശരിയായിരുന്നു വലിയ വീട് എല്ലാം ഉണ്ടായിരുന്നു പക്ഷേ ഒന്നുമാത്രം അയാൾക്ക് ഇല്ലായിരുന്നു സ്നേഹിക്കാനുള്ള ഒരു മനസ്സ്… അത് അയാൾ മറ്റാർക്കോ നൽകിയിരുന്നു…
വീട്ടുകാർ അംഗീകരിക്കാത്ത ബന്ധമായതിനാൽ രഹസ്യമായി ഇപ്പോഴും തുടരുന്നുണ്ടത്രേ…
ആദ്യം ഒന്നും അറിഞ്ഞില്ല… ആദ്യമേ എന്നോട് വലിയ താല്പര്യം ഒന്നുമില്ലായിരുന്നു… അയാളുടെ സ്വഭാവം ഇങ്ങനെയാവും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു…
പക്ഷേ അതിന് കാരണം അയാളുടെ മറ്റൊരു ബന്ധമാണ് എന്ന് ചിലർ വഴി ഞാനറിഞ്ഞു പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല തിരികെ പോന്നു…..
വീട്ടുകാരോട് സത്യം മുഴുവൻ പറഞ്ഞപ്പോൾ അവരും എന്നോട് ഇനിയും അങ്ങോട്ട് പോകണം എന്ന് പറഞ്ഞ് നിർബന്ധിച്ചില്ല ഈ ബന്ധം പിരിയാം എന്നാണ് എന്റെ തീരുമാനം എന്ന് പറഞ്ഞപ്പോൾ അവർ കൂടെ നിൽക്കുകയാണ് ചെയ്തത്…
ഡിവോഴ്സ് വേണം എന്നു പറഞ്ഞ കേസ് ഫയൽ ചെയ്തത് ഞങ്ങളായിരുന്നു
അവർക്ക് യാതൊരു എതിർപ്പും ഇല്ലായിരുന്നു അയാൾ എനിക്ക് പേപ്പർ ഒപ്പിട്ട് തന്നത് യാതൊരുവിധ കുറ്റബോധവും ഇല്ലാതെ ആയിരുന്നു എന്റെ ജീവിതം വെറുതെ തകർത്തെറിഞ്ഞ അയാളോട് എനിക്ക് എന്തോ അപ്പോൾ വല്ലാത്ത ദേഷ്യം തോന്നി….
അപ്പോഴാണ് കണ്ണൻ ഗൾഫിൽ നിന്ന് വന്നു എന്ന് അറിഞ്ഞത്…ഇത്രകാലമായിട്ടും അയാൾ ഒരു വിവാഹം കഴിക്കാതെ നിൽക്കുകയാണത്രെ…. അമ്മയും പെങ്ങമ്മാരും ഒരുപാട് നിർബന്ധിച്ചു എന്ന് എന്നെ മറക്കാൻ കഴിയില്ല എന്നായിരുന്നു അയാളുടെ മറുപടി…
അത് കേട്ടപ്പോൾ എന്തോ എനിക്ക് വീണ്ടും വല്ലാത്ത അസ്വസ്ഥത തോന്നി… ഞാൻ കാരണം ഒരാൾ…. പക്ഷേ ഇനിയൊരു ജീവിതം അത് വയ്യ ഒന്നുതന്നെ ദുസഹം ആയിരുന്നു ഇനിയും ഒരെണ്ണം കൂടി പരീക്ഷണാർത്ഥം അതിനു ഒട്ടും വയ്യായിരുന്നു എനിക്ക്…..
അതുകൊണ്ടാണ് അമ്പലത്തിലേക്ക് പോകുന്ന വഴിയരികിൽ നിന്ന് കണ്ടിട്ടും ഒന്നും മിണ്ടാതെ പോന്നത് വെറുതെ ഒന്ന് നോക്കിയാൽ സംസാരിച്ചാൽ വീണ്ടും അയാൾക്ക് മോഹങ്ങൾ നൽകുമോ എന്ന ഭയം….
അയാളോട് സംസാരിക്കണം എന്നും എനിക്ക് വേണ്ടി കാത്തിരിക്കരുത് എന്നും ഒക്കെ പറയണം എന്നൊക്കെ ഉണ്ടായിരുന്നു നല്ലൊരു ജീവിതം അയാൾക്കും വേണം…
ഇങ്ങനെ കാത്തിരിക്കാൻ മാത്രം എന്നിൽ ഒരു പ്രത്യേകതയുമില്ല എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു പക്ഷേ ഒന്നിനും മനസ്സ് വന്നില്ല വേഗം അയാളുടെ കണ്ണിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ഓടുവാൻ ആണ് തോന്നിയത് അത് തന്നെയാണ് ചെയ്തതും….
ഒരിക്കൽ അയാളുടെ പെങ്ങൾ എന്നെ കാണാൻ വന്നിരുന്നു അവൾ എന്റെ അടുത്തുവന്ന് സംസാരിച്ചു നമ്മൾ ഇഷ്ടപ്പെടുന്നവരെക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരെ കൂടെ നിർത്തിയാൽ ആണ് സന്തോഷം കൂടുക എന്ന് അവൾ പറഞ്ഞു….
നമ്മൾ ഇഷ്ടപ്പെടുന്നവർ അത്രേം സ്നേഹം നമുക്ക് സ്നേഹം തിരിച്ചു തരണം എന്നില്ല…. അവർക്ക് മറ്റു പലരെയും സ്നേഹമുണ്ടാകും പക്ഷേ നമ്മളെ മാത്രം ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒരിക്കലും നമ്മൾ അവരെ കണ്ടില്ല എന്ന് നടിക്കരുത് എന്ന്….
എന്റെ അച്ഛനോടും പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് അവൾ പോയത്..
അച്ഛന് എതിർപ്പൊന്നും ഇല്ലായിരുന്നു ഞാൻ സങ്കടപ്പെട്ട് ഇരിക്കുന്നത് എപ്പോഴും കാണുന്നുണ്ട് അച്ഛൻ…. ഈ ബന്ധം എനിക്കും ഇഷ്ടമാവും എന്ന് അച്ഛൻ കരുതിക്കാണും….
അതുകൊണ്ടുതന്നെ വീട്ടുകാരെ വിളിച്ച് നല്ല ഒരു ദിവസം നോക്കി ഇങ്ങോട്ട് വന്നോളാൻ അച്ഛൻ അവരോട് പറഞ്ഞു…. പിന്നെ കണ്ണ്ൻ വീട്ടുകാരെയും വിളിച്ചു വന്നിരുന്നു വിവാഹം അന്വേഷിക്കാൻ…
ആർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞു…
ആ മടിയിൽ തലചായ്ച്ച് ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ചോദിച്ചിരുന്നു കണ്ണേട്ടനോട്…
“”” എന്നെ കിട്ടിയില്ലായിരുന്നെങ്കിൽ ഈ ജന്മം വിവാഹം കഴിക്കില്ലേ എന്ന്??? “”””ഒരു കള്ളച്ചിരിയോടെ കണ്ണേട്ടൻ പറഞ്ഞു
“”” നിന്നെ കിട്ടാതിരിക്കില്ലല്ലോ എന്റെ ഇഷ്ടം അത് ആത്മാർത്ഥമാണ് ആത്മാർത്ഥമായി നമ്മൾ എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് എങ്ങനെയെങ്കിലും നമ്മുടെ കയ്യിൽ വന്ന് ചേരുക തന്നെ ചെയ്യും”””എന്ന്…
പിന്നീട് അങ്ങോട്ട് നല്ല നാളുകളായിരുന്നു ഞങ്ങളുടെ പ്രണയവും സന്തോഷവും മാത്രമുള്ള ഒരു സുന്ദരമായ ജീവിതം…