(രചന: J. K)
“”””ചെക്കൻ എൻജിനീയറാണ്, അഭിൻ എന്നാ പേര് ബാംഗ്ലൂർ ഒരു ടെക്നോപാർക്കിൽ ആണ് ജോലി….”””എന്ന് അമ്മ ആരോടോ ഗമയിൽ ഫോൺ വിളിച്ച് പറയുന്നുണ്ടായിരുന്നു…
ഒത്തിരി പറഞ്ഞതാണ് ഇപ്പോൾ തന്നെ വിവാഹം വേണ്ട എന്ന് ഞാൻ ഡിഗ്രി പോലും കമ്പ്ലീറ്റ് ചെയ്തിട്ടില്ല…പക്ഷേ ഏതോ ഒരു ജോൽസ്യർ പറഞ്ഞത്രേ.
ഇപ്പോൾ വിവാഹം കഴിക്കേണ്ട സമയമാണ് ഇപ്പോൾ കഴിച്ചില്ലെങ്കിൽ പിന്നെ കുറെ കാലം കഴിഞ്ഞിട്ട് ആ യോഗം ഉള്ളൂ എന്ന് അതാണ് ഇപ്പോൾ എടുപ്പിടി എന്നുവച്ച് വിവാഹമാലോചിച്ചതും ഒരെണ്ണം ഉറപ്പിച്ചതും…
നന്നായി പഠിക്കുന്ന കുട്ടി ആയതുകൊണ്ട് തന്നെ കോളേജിൽ എല്ലാവരും എന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് തടഞ്ഞു.. പ്രത്യേകിച്ച് ഷാനിബ മിസ്… ഡിഗ്രി എങ്കിലും പൂർത്തിയാക്കൂ എന്നവർ പറഞ്ഞു….
ഞാൻ നിസ്സഹായയാണ് ഒന്നും എന്റെ കയ്യിലല്ല എന്ന് അവരോട് പറയേണ്ടി വന്നു അവർക്ക് എന്റെ അവസ്ഥ മനസ്സിലാകുമായിരുന്നു….
എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ ഡിഗ്രി പൂർത്തിയാക്കണം എന്ന് ഉപദേശിച്ചു എന്നെ….
അതുതന്നെയായിരുന്നു എന്റെയും മോഹം അല്ലെങ്കിൽ തന്നെ എനിക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല…
അതിന് ഒരു കാരണവും ഉണ്ടായിരുന്നു അവർ പെണ്ണ് കാണാൻ വന്നപ്പോൾ അയാൾ എന്നോട് സംസാരിച്ചതാണ് ഒരു പ്രത്യേക സ്വഭാവക്കാരൻ…
അയാളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞ് എല്ലാവരും അവിടെ നിന്ന് ഒഴിഞ്ഞു കൊടുത്തു കുറേനേരം എന്റെ മുഖത്തേക്ക് നോക്കിനിന്നല്ലാതെ അയാൾ ഒന്നും സംസാരിച്ചില്ല ഞാനാണ് കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞത്….
പേര് ഗൗരി എന്ന് ആണെന്നും… ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ് എന്നും എല്ലാം…
വെറുതെ ഒന്ന് മൂളി കേൾക്കുക മാത്രം ചെയ്തു.
തിരിച്ച് ഒന്നും ചോദിച്ചില്ല അയാളെ പറ്റി ഒന്നും പറഞ്ഞതുമില്ല എന്തോ അപ്പോൾ തന്നെ എനിക്ക് അയാളോടുള്ള മുഴുവൻ ഇമ്പ്രഷനും നഷ്ടപ്പെട്ടിരുന്നു..
ഇങ്ങനെ ഒരാളോട് കൂടെ ജീവിക്കുക എത്ര ദിവസമായിരിക്കുമെന്ന് വെറുതെ ഓർത്തു വീട്ടുകാരോട് മൊത്തം ഞാൻ പറഞ്ഞതാണ് ഈ വിവാഹം വേണ്ട എന്ന്..
ഒരു മിനിറ്റ് സംസാരിച്ചപ്പോഴേക്ക് നീ അയാളെ അളന്നു കഴിഞ്ഞു എന്നാണ് എല്ലാവരും എന്നോട് ചോദിച്ചത്…
നല്ല പൈസക്കാരാണ് നല്ല തറവാട്ടുകാർ പോരാത്തതിന് നല്ല ജോലിയും ബാംഗ്ലൂർ സ്വന്തമായി ഫ്ലാറ്റും ഉണ്ടത്രേ…
ഇതിൽ കൂടുതൽ ഒരു യോഗ്യതയും അയാൾക്ക് ആവശ്യമുണ്ടായിരുന്നില്ല..വിവാഹം നിശ്ചയിച്ചു… നിശ്ചയം ഒന്നും വേണ്ട വിവാഹം മതി എന്ന് അവര് തന്നെയാണ് പറഞ്ഞത് അവർക്ക് എല്ലാത്തിനും കൂടി വരാൻ ലീവില്ല എന്ന്…
അവർ എന്തു പറഞ്ഞാലും ഇവിടെ സമ്മതമായിരുന്നു.. അതുകൊണ്ടുതന്നെയാണ് ഇവിടെ അച്ഛൻ ഒരു ജ്യോൽസ്യരുടെ അടുത്ത് പോയി നല്ല നാള് നോക്കി വന്നത്….
എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് പറഞ്ഞതുപോലെ ഈ വിവാഹത്തിന് ഒരുങ്ങി.. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു കുഴപ്പം ഒന്നും ഉണ്ടാകരുതേ എന്ന്…
എല്ലാ പെൺകുട്ടികളുടെയും പോലെ ഏറെ മോഹങ്ങളും സ്വപ്നങ്ങളുമായി ഞാൻ വിവാഹജീവിതത്തിലേക്ക് കാലെടുത്തുവച്ചു പക്ഷേ ആദ്യത്തെ രാത്രിയിൽ തന്നെ കല്ലുകടി തുടങ്ങിയിരുന്നു….
കയ്യിൽ ഒരു ഗ്ലാസ് പാലും തന്ന എന്നെ റൂമിലേക്ക് ആനയിച്ചു ഞാൻ അവിടെ അയാളെ പ്രതീക്ഷയോടെ കാത്തിരുന്നു
പക്ഷേ അന്ന് മുഴുവൻ അയാൾ മുറിയിലേക്ക് വന്നില്ല ഞാൻ എപ്പോഴും ഉറങ്ങിപ്പോയി രാവിലെ എണീറ്റ് അടുക്കളയിലേക്ക് ചെന്നു. അവിടെ അയാളുടെ അമ്മയുടെയും പെങ്ങളുടെയും മുഖം ആകെ വിളറിയിരുന്നു….
“”””അഭിക്ക് ഒരു കൂട്ടുകാരന്റെ കൂടെ എങ്ങോട്ടോ പോവേണ്ടിവന്നു ആർക്കോ അപകടം പറ്റിയെന്ന് അവർ ഇന്നലെ മുഴുവൻ ഹോസ്പിറ്റലിൽ ആയിരുന്നു അവൻ കുറെ ഇങ്ങോട്ട് വരാൻ നോക്കി പക്ഷേ കഴിഞ്ഞില്ല മോളോട് പറയാൻ പറഞ്ഞു”””
എന്ന് പറഞ്ഞ് അമ്മ എന്നെ സമാധാനിപ്പിച്ചു. അതൊന്നുമല്ല യാഥാർത്ഥ്യമെന്ന് അവരുടെ തന്നെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു എങ്കിലും കൂടുതലൊന്നും അന്വേഷിക്കാൻ നിൽക്കാതെ അവർ പറഞ്ഞതും അപ്പടി വിഴുങ്ങി ഞാൻ അവിടെ തന്നെ നിന്നു…
അത് ആദ്യത്തെ അനുഭവമായിരുന്നില്ല അയാളുടെ ഒളിച്ചു കളി… എന്നെ കാണുമ്പോഴൊക്കെയും അയാൾ ഒഴിഞ്ഞുമാറുന്നത് പോലെ തോന്നി ആദ്യമൊക്കെ ഞാനത് കണ്ടില്ല എന്ന് നടിച്ചു
പക്ഷേ ഒരുപാട് ഒന്നും സഹിക്കാൻ എന്നെ കൊണ്ടായില്ല ഒരു ദിവസം ഞാൻ തുറന്നു തന്നെ ചോദിച്ചു അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന്….
ഒരു ക്ഷമാപണത്തോടെ അയാൾ എന്നോട് പറഞ്ഞു ഒരു ഇണയിൽ ഒരിക്കലും അയാൾക്ക് സംതൃപ്തി കണ്ടെത്താൻ കഴിയില്ല….
അയാൾക്ക് അയാളോട് തന്നെയാണ് സ്നേഹം എന്ന് ഇങ്ങനെയും സമൂഹത്തിൽ ആളുകൾ ഉണ്ടെന്ന് ഞാൻ അപ്പോൾ മാത്രമായിരുന്നു അറിഞ്ഞത്…..
എല്ലാവരും കൂടി തലയിൽ വച്ച് തന്ന ജീവിതം ഇത് ആരോട് പറയണം എന്ത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു തൽക്കാലം ഒന്നും പ്രതികരിക്കാതെ ഞാൻ എന്റെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിക്കൂടി…
ഞങ്ങൾ തമ്മിൽ പരസ്പരം കാണുന്നതുപോലും ചുരുക്കമായി… ഇത് അവിടെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
അയാളുടെ അമ്മയും മറ്റും ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടു അവരെല്ലാം എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി ഞാൻ സ്നേഹപൂർവ്വം പെരുമാറിയാൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ അഭിയെ എന്ന് അവർ പറഞ്ഞു…. ഒടുവിൽ കുറ്റം മുഴുവൻ എന്റേതായി….
അവരുടെ മുന്നിൽവച്ച് ഇത്രയും കുറ്റപ്പെടുത്തൽ കേട്ടതുകൊണ്ട് മാത്രം അറിയാതെ ഞാൻ എല്ലാം തുറന്നു പറഞ്ഞു പോയി…
ഒരിക്കലും ഞാൻ അയാളെ കുറ്റം പറയില്ല അത് അയാളുടെ ജീവിതമാണ് അയാളുടെ ഇഷ്ടപ്രകാരം അയാൾക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്
പക്ഷേ എന്നെ അതിൽ ഉൾപ്പെടുത്തിയതാണ് എനിക്ക് ഒട്ടും ദഹിക്കാത്തത് തുറന്നു പറയാമായിരുന്നു അയാളുടെ സെക്ഷ്വൽ ഓറിയന്റേഷൻ….
പകരം സമൂഹത്തിന്റെ കണ്ണിൽ വിവാഹിതനാണ് എന്ന് കാണിക്കാൻ വേണ്ടി മാത്രം അയാൾ എന്റെ ജീവിതം കരുവാക്കി..
അത്രയും പൊട്ടിത്തെറിച്ച് ഞാൻ എന്റെ സാധനങ്ങളും എടുത്ത് അവിടെ നിന്നും ഇറങ്ങി പിന്നെ ഒട്ടും അവിടെ നിൽക്കാൻ തോന്നിയില്ല വീട്ടിലേക്ക് ചെന്നാൽ സ്ഥിതി എന്ന് എനിക്കറിയില്ലായിരുന്നു ഇതെല്ലാം ഞാൻ അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നും..
അവിടെയും സ്ഥിതി മറിച്ചൊന്നുമല്ലായിരുന്നു അവർ കുറ്റപ്പെടുത്തിയത് എന്നെയാണ് സ്നേഹത്തോടെ പെരുമാറിയാൽ എല്ലാം മാറും അത്രേ….
എന്നോട് അവരെ വിളിച്ചു മാപ്പ് പറഞ്ഞ് തിരിച്ചു പോകാൻ വരെ അവർ പറഞ്ഞു പക്ഷേ എനിക്ക് അതിന് പറ്റുമായിരുന്നില്ല….
വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത് എന്നുകൂടി അവർ പറഞ്ഞു… അതിൽ കൂടുതൽ ഒന്നും സഹിച്ച് അവിടെയും നിൽക്കാൻ തോന്നിയില്ല…
എന്റെ സാധനങ്ങളെല്ലാം എടുത്ത് ഇറങ്ങി ആദ്യം തന്നെ മുന്നിൽ തെളിഞ്ഞത് ഷാനിബ ടീച്ചറുടെ മുഖമായിരുന്നു…
അവിടെ ചെന്ന് എല്ലാം പറഞ്ഞപ്പോൾ എന്നെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു ടീച്ചറുടെ വീട്ടിൽ നിന്നാൽ വീട്ടുകാർ പ്രശ്നമുണ്ടാക്കും എന്ന് അറിയാമായിരുന്നതുകൊണ്ട് ടീച്ചർ തന്നെയാണ് അവിടെ കോളേജ് ഹോസ്റ്റലിൽ റൂം ശരിയാക്കി തന്നത്….
ടീച്ചർ എന്നെ സ്പോൺസർ ചെയ്തോളാം എന്ന് പറഞ്ഞു.. ചിലപ്പോഴൊക്കെ നമ്മൾ ജീവിതത്തിൽ ദൈവങ്ങളെ നേരിട്ട് കാണാറില്ലേ അതുപോലെ ആയിരുന്നു അപ്പോൾ എനിക്ക് ഷാനിബ ടീച്ചർ……
അവരാരും പക്ഷേ എന്നെ തിരിഞ്ഞു പോലും നോക്കിയില്ല പുകഞ്ഞ കൊള്ളിയായി എന്നെ കണക്കാക്കി….
ഞാൻ നന്നായി പഠിച്ചു വാശിയായിരുന്നു എനിക്ക് എല്ലാവരുടെയും മുന്നിൽ ജയിച്ചു കാണിക്കണം എന്ന്.. ഞാൻ തോറ്റു മടങ്ങും എന്നായിരുന്നു വീട്ടുകാരുടെ ധാരണ പക്ഷേ അതുണ്ടായില്ല..
ഡിഗ്രി കഴിഞ്ഞ് ഒരു പാർട്ട് ടൈം ജോലിക്ക് പോയി പിജി ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ ഷാനിബ ടീച്ചർ അതിന് അനുവദിച്ചില്ല.. പഠിക്കാൻ ആഗ്രഹമുള്ള കുട്ടികളെ പഠിപ്പിക്കുന്നത് ടീച്ചർക്ക് ഏറെ ഇഷ്ടമാണ് എന്ന്….
അവർക്ക് കുഞ്ഞുങ്ങളിലായിരുന്നു അതുകൊണ്ടുതന്നെ എന്റെ മോളുടെ സ്ഥാനത്താണ് നിന്നെ കണ്ടിരിക്കുന്നത് എന്നുകൂടി പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല….
അങ്ങനെ പിജി കഴിഞ്ഞപ്പോൾ, അത്യാവശ്യം കുഴപ്പമില്ലാത്ത സാലറിയിൽ ഞാൻ ഒരു സ്ഥാപനത്തിൽ കയറിപ്പറ്റി….
എന്റെ മോഹങ്ങൾക്ക് തടസ്സം നിന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കുന്നത് എന്റെ വാശിയായിരുന്നു അന്തസ്സോടെ തന്നെ ഞാൻ ജീവിച്ചു…. ഇനി നല്ലൊരു വിവാഹവും കഴിക്കും..
ആരുടെയും സഹായം ഇല്ലാതെ തന്നെ….