(രചന: J. K)
“””അമ്മ എന്താ ചെയ്യുന്നത്???””” ഗൾഫിൽ നിന്ന് വിളിക്കുമ്പോൾ ആദിത്യൻ അന്വേഷിച്ചു…
അമ്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് അമ്മ പുറത്ത് പോകുന്നത് ശ്രദ്ധിക്കണമെന്ന് എല്ലാം ആദിത്യൻ ഭാര്യയോട് പറഞ്ഞിരുന്നു..
ഇപ്പോൾ കൊടുക്കുന്ന മരുന്നിന് നല്ല ഡോസാണ് എന്നും അതുകൊണ്ടുതന്നെ സർവ്വനേരവും അമ്മയ്ക്ക് ഉറക്കം തന്നെയാണ് അതുകൊണ്ട് പേടിക്കാനില്ല എന്നും ഭാര്യ ഗിരിജ പറഞ്ഞു..
എന്നാലും അമ്മയുടെ മേത്ത് ഒരു കണ്ണ് വേണം എന്ന് ഭാര്യയെ പറഞ്ഞ ഏൽപ്പിച്ചു ആദിത്യൻ…
അല്ലാതെ ഒരു പ്രവാസിയായ മകന് എന്ത് ചെയ്യാൻ കഴിയും…
അച്ഛൻ പോയി ഇനി അമ്മ കൂടിയേ ഉള്ളൂ…
അച്ഛനും അമ്മയും ഉള്ള കാലം അത് അത്രമേൽ മനോഹരമാണ്… ആദിത്യൻ ഓർത്തു…
പറ്റിയാൽ ഈ മാസം ഒന്ന് നാട്ടിലേക്ക് പോകണം അമ്മയെ ഒന്നുകൂടി കാണണം അമ്മയുടെ കാര്യം ആലോചിക്കുമ്പോഴൊക്കെ വല്ലാത്ത വിർപ്പു മുട്ടലാണ്
ആദ്യത്യന്റെ മിഴികൾ നിറഞ്ഞു വന്നു ഫോണിലെ കഴിഞ്ഞതവണ വരുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് എടുത്ത ഫോട്ടോയിലേക്ക് മിഴികൾ നീണ്ടു അന്ന് അമ്മയുടെ മുഖത്ത് കണ്ട ആ പുഞ്ചിരി അത് ഇപ്പോഴും അവിടെത്തന്നെ കാണും ചില നേരങ്ങളിൽ…
ചില നേരത്ത് കുഞ്ഞുങ്ങളെ പോലെ കരയും..ആദിത്യന്റെ ഓർമ്മകൾ പുറകിലേക്ക് നീണ്ടു അമ്മയും അച്ഛനും താനും അതായിരുന്നു തങ്ങളുടെ ലോകം അമ്മയും അച്ഛനും സ്കൂൾ ടീച്ചേഴ്സ് ആണ് അതുകൊണ്ട് തന്നെ ടീച്ചറുടെ മകൻ എന്ന പ്രത്യേക പരിഗണന തനിക്ക് സ്കൂളിൽ എന്നും കിട്ടിയിരുന്നു…
ആകെ ഒരു മകനെ ഉള്ളൂ എന്നു പറഞ്ഞിട്ട് കാര്യമില്ല അമ്മയ്ക്ക് സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തം മക്കളെ പോലെ ആയിരുന്നു അവരെ ഭയങ്കര സ്നേഹം ആയിരുന്നു…
ഓരോരുത്തർക്കും പ്രത്യേക പരിഗണന കൊടുക്കുന്നത് കണ്ട് അസൂയ വന്നു എത്രയോ തവണ അമ്മയോട് പിണങ്ങി ഇരുന്നിട്ടുണ്ട് അപ്പോഴൊക്കെ അമ്മ കവിളിൽ നുള്ളി ഒരു ഉമ്മയും തന്നിട്ട് പറയും കുശുമ്പൻ എന്ന്….
അച്ഛനും അമ്മയും തമ്മിലും വല്ലാത്ത അടുപ്പമായിരുന്നു അച്ഛന് അമ്മയില്ലാതെ ഒരു നിമിഷം ആ വീട്ടിൽ പറ്റില്ല അതുകൊണ്ട് തന്നെ അമ്മ അച്ഛനെയോ എന്നെയോ ഞങ്ങളുടെ ആ വീടോ വിട്ട് സ്വന്തം വീട്ടിൽ പോലും പോയി നിൽക്കാറില്ല….
പോകുകയാണെങ്കിൽ കൂടി രാവിലെ പോയി വൈകുന്നേരം വരും എന്ന രീതിയിൽ മാത്രമായിരുന്നു പോയിരുന്നത്…
ശ്രീദേവി ടീച്ചറും വത്സൻ മാഷും സ്കൂളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ടീച്ചേഴ്സ് ആയിരുന്നു.. അവരുടെ മകനായി ജനിച്ചതിൽ പലപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട്…
അവരുടെ ശിഷ്യസ സമ്പത്തും ഒരുപാട് ആയിരുന്നു അവരെല്ലാം വലുതായി ഓരോ സ്ഥാനങ്ങളിൽ എത്തി അമ്മയെയും അച്ഛനെയും കാണാൻ വരുമ്പോൾ മിഴി നിറഞ്ഞു പോയിട്ടുണ്ട് ഇത്രയും സ്നേഹം അവരിൽ ഇപ്പോഴും അവരോട് കാത്തുസൂക്ഷിക്കുന്നല്ലോ എന്ന് വിചാരിച്ച്….
സ്കൂളിൽനിന്ന് ആദ്യം റിട്ടയർ ചെയ്തത് അച്ഛനായിരുന്നു അച്ഛന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അത്… വീട്ടിൽ മക്കളുടെ ബഹളമോ ഒന്നും ഇല്ലാതെ കഴിച്ചുകൂട്ടാൻ അച്ഛനെ കൊണ്ടാവുമായിരുന്നില്ല…
അതുകൊണ്ടുതന്നെ അച്ഛന്റെ മുഖം ആകെ വല്ലാണ്ടായിരുന്നു ആ ദിവസങ്ങളിൽ….
ഞാനും അമ്മയും പോയില്ല അച്ഛന്റെ റിട്ടയർമെന്റ് ദിവസം സ്കൂളിലേക്ക്…
ആ കുട്ടികളോടും കൂടെ ജോലി ചെയ്യുന്ന അധ്യാപകരോടും അച്ഛൻ യാത്ര പറഞ്ഞിറങ്ങുന്നത് കാണാൻ അമ്മയ്ക്കും എനിക്കും ശക്തിയില്ലായിരുന്നു…
പതുക്കെ അച്ഛൻ റിട്ടയർമെന്റ് ജീവിതത്തോട് പൊരുത്തപ്പെട്ടു അതിനുശേഷം ആണ് അമ്മയുടെത് അച്ഛനേക്കാൾ വേദനയാവും അമ്മയ്ക്ക് എന്നറിയാമായിരുന്നു അതുകൊണ്ട് തന്നെ കൈ മുറുക്കി പിടിച്ച് അച്ഛൻ കൂടെയുണ്ടായിരുന്നു തളരുമ്പോൾ ഒരു താങ്ങ് എന്നപോലെ…
അമ്മ പിന്നെ കുറേ ദിവസം കരച്ചിലായിരുന്നു സ്കൂളിലേക്ക് പോകേണ്ട നേരം എത്തുമ്പോൾ..
എന്നും ധൃതിപിടിച്ച് എല്ലാം ചെയ്തിരുന്ന ആൾക്ക് ഒന്നും ചെയ്യാനില്ലാതെ ആയി പെട്ടെന്ന് ഒരു ദിവസം…
കാലങ്ങൾ നീണ്ടുപോയി….ഓരോ അസുഖങ്ങളായി വന്നുകൊണ്ടിരുന്നുഇതിനിടയിൽ എന്റെ വിവാഹം കഴിഞ്ഞു എനിക്കും ഒരു മോൻ ജനിച്ചു അവർക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു…
അപ്പൂപ്പനും അമ്മൂമ്മയും ആയതിനുശേഷം നിലത്തൊന്നുമല്ലായിരുന്നു രണ്ടുപേരും…
എനിക്ക് ജോലി സംബന്ധമായി ഗൾഫിൽ പോകേണ്ടി വന്നു.. അത് അവർക്ക് ഏറെ വിഷമം ഉണ്ടാക്കിയെങ്കിലും മോൻ കൂടെയുള്ളത് കാരണം സമ്മതിച്ചു…
ഇതിനിടയിൽ അച്ഛൻ ഞങ്ങളെ വിട്ട് പോയി അത് പക്ഷേ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു അതിനു ശേഷം അമ്മ മാനസികമായി തകർന്നു
ഓരോന്ന് ബന്ധമില്ലാത്തതൊക്കെ വിളിച്ചു പറയാൻ തുടങ്ങി സ്കൂളിലേക്ക് ആണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി നടക്കും അവളോട് ശ്രദ്ധിക്കാൻ പറയും….
അവളും നന്നായി ശ്രദ്ധിക്കും അവൾക്കും അമ്മയും അച്ഛനും ജീവനായിരുന്നു അവർക്ക് തിരിച്ചും.. ഒരിക്കലും അവളെ ഒരു മരുമകളായി അവർ കണ്ടിട്ടില്ല..
സ്വന്തം മകൾ തന്നെയായിരുന്നു ഗിരിജ അവർക്ക്.. അതുകൊണ്ടുതന്നെ സ്വന്തം അച്ഛനും അമ്മയും എന്നപോലെ അവൾക്കും ഇഷ്ടമായിരുന്നു…
അവൾ അമ്മയെ നന്നായി നോക്കുമായിരുന്നു പക്ഷേ ഇടയ്ക്ക് അവളുടെ കണ്ണ് വെട്ടിച്ചു അമ്മ പുറത്തേക്കിറങ്ങും പലപ്പോഴും അടുത്തുള്ളവർ കണ്ട് വീട്ടിലേക്ക് കൊണ്ട്വന്നു ആക്കി കൊടുക്കും…
എല്ലാവരെയും മറന്നു അമ്മ ആരെയും തിരിച്ചറിയില്ല.. പക്ഷേ കഴിഞ്ഞ തവണ ഞാൻ ചെന്ന് വിളിച്ചപ്പോൾ മാത്രം എന്റെ സ്വരം തിരിച്ചറിഞ്ഞു..
“”” അമ്മയുടെ കുശുമ്പൻ കുട്ടൻ വന്നുവോ എന്ന് ചോദിച്ചു”””അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി… അമ്മയെ വിട്ട് ഇനി ഇങ്ങോട്ട് വരില്ല എന്ന് കരുതിയതാണ്
പക്ഷേ വരാതിരിക്കാൻ കഴിഞ്ഞില്ല അമ്മയുടെ കൂടെ തന്നെ നിൽക്കണം എന്നുണ്ടായിരുന്നു ഇത്തവണ ഇനി പോകുമ്പോൾ അമ്മയുടെ കൂടെ മാത്രം നിൽക്കണം…
അത് തീരുമാനിച്ച് ഉറച്ചിരുന്നു…
പക്ഷേ പെട്ടെന്നാണ് നാട്ടിൽ നിന്ന് ഗിരിജയുടെ ഫോണ് അതും അസമയത്ത്….
എന്തോ അതിന്റെ സൗണ്ട് കേട്ടിട്ട് തന്നെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി ഫോൺ അറ്റൻഡ് ചെയ്തു…
“””ഏട്ടാ അമ്മ… നമ്മുടെ അമ്മ “””
അവൾ കരയുകയാണ്.. ബാക്കി കേൾക്കാൻ ശക്തിയില്ലാതെ ഞാൻ ഫോൺ കട്ട് ചെയ്തു…
എത്രയും പെട്ടെന്ന് അമ്മയുടെ അരികിലേക്ക് എത്തണമെന്ന് വിചാരിച്ചതാണ് പക്ഷേ ഒരു നോക്ക് കാണാൻ പോലും കഴിയാതെ…. അതിനുമുമ്പ് അമ്മ…
ഫ്ലാറ്റിലെ മുറിയിൽ ഇരുന്ന് സങ്കടം സഹിക്കാൻ കഴിയാതെ അലറി കരഞ്ഞു…അപ്പുറത്ത് റൂമിൽ നിന്ന് കൂട്ടുകാരെല്ലാം അരികിലേക്ക് വന്നിരുന്നു…. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവരും നിന്നു…
അവർക്ക് പറയാനുള്ളത് വിധി എന്ന് മാത്രമായിരുന്നു..അതെ ഇതെല്ലാം വിധിയാവും അവസാനമായി ഒരു നോക്ക് എന്നെയോ എനിക്ക് അമ്മയെയോ കാണാൻ കഴിയാതെ ഇങ്ങനെ ഒരു യാത്ര പറച്ചിൽ…
കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോൾ അമ്മയുടെ ആത്മാവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുകയായിരുന്നു…
കാരണം ഇനി എനിക്ക് ചെയ്യാനുള്ളത് അന്ത്യകർമ്മങ്ങളും ഈ പ്രാർത്ഥനകളും മാത്രമാണല്ലോ…..