(രചന: ആവണി)
അവൾ ഒരിക്കൽ കൂടി ആ നിറവയറിലേക്ക് കൈവച്ചു നോക്കി. കൈ പതിയുന്ന ഇടത്തൊക്കെയും കുഞ്ഞിന്റെ കാലുകൾ പതിയുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൾക്ക് ആവേശമായി.
അവൾ വീണ്ടും വീണ്ടും കൈകൾ ഓരോ ഇടങ്ങളിലായി ചേർത്ത് വച്ചു. കുഞ്ഞിന്റെ സ്പർശം ഓരോ തവണ അറിയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു.
“അമ്മ..”അവൾ പതിയെ ഉരുവിട്ടു.നാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട ദിവസമാണ്. ഒരുപക്ഷേ നാളെ.. അല്ലെങ്കിൽ തൊട്ടടുത്ത ഏതെങ്കിലും ദിവസങ്ങളിൽ തന്നെ താൻ ഒരു അമ്മയാകും..!
അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ അവൾക്ക് പെട്ടെന്ന് മറ്റൊരു രൂപം ഓർമ്മ വന്നു.അവളുടെ സ്വന്തം അമ്മയെ..!
ഒരുപക്ഷേ അമ്മയുടെ വയറ്റിൽ താൻ ജന്മം കൊണ്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ അമ്മയും ഇങ്ങനെ തന്നെ ആയിരിക്കില്ലേ സന്തോഷിച്ചിട്ടുണ്ടാവുക..?
എന്റെ ഓരോ ചലനങ്ങളും അമ്മ ഒരുപാട് സന്തോഷത്തോടെ നോക്കിക്കണ്ടിരിക്കണം. തന്നെ വളർത്തി വലുതാക്കാൻ തന്നെ അമ്മ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്..!
അതൊക്കെ ഓർക്കുമ്പോൾ അവൾക്ക് നെഞ്ചിൽ ഒരു വിങ്ങൽ തോന്നി.തന്റെ പ്രണയത്തിനു വേണ്ടി താൻ ഉപേക്ഷിച്ചു വന്നത് ആ അമ്മയെ ആയിരുന്നില്ലേ..?
ആ സമയത്ത് അമ്മയ്ക്ക് എത്രമാത്രം വേദനിച്ചിരിക്കണം..? നാളെ ഒരു സമയത്ത് ഒരു പക്ഷേ തന്റെ വയറ്റിലുള്ള കുഞ്ഞ് ഇങ്ങനെയൊന്ന് പ്രവർത്തിക്കുമ്പോൾ തനിക്കും വേദനിക്കില്ലേ..?
അവളുടെ മനസ്സ് ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെ തീർക്കുന്നുണ്ടായിരുന്നു.അവൾ സൗമ്യ. ഭർത്താവ് വിനയനുമൊത്ത് സന്തോഷമായി ജീവിക്കുന്നു. ഇപ്പോൾ ഗർഭിണിയുമാണ്.
വിനയൻ ലോറി ഡ്രൈവർ ആയാണ് ജോലി. ഇടയ്ക്ക് അയാൾ ലോഡുമായി പോയാൽ ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞാണ് മടങ്ങി വരാറുള്ളത്.അവൾ പ്രഗ്നന്റ് ആയതിനു ശേഷം ആണ് അയാളുടെ ആ സ്വഭാവത്തിൽ കുറച്ചെങ്കിലും മാറ്റം വന്നത്.
ലോഡുമായി പോയാൽ എത്രയും വേഗം തിരികെ വീട്ടിൽ എത്താനാണ് അയാൾ ശ്രമിക്കാറ്. അതിനു വേണ്ടി അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ഡ്രൈവ് ചെയ്യുന്നുണ്ട് എന്ന് സൗമ്യക്ക് അറിയാം.
ഓരോ തവണയും ലോഡുമായി പോകുമ്പോൾ അവൾ അയാളെ ഓർമിപ്പിക്കും.” ഇവിടെ ഞാൻ തനിക്കാണ് എന്ന് കരുതി അമിത വേഗതയിൽ വണ്ടിയോടിക്കുക ഒന്നും ചെയ്യരുത്.
നിങ്ങൾക്ക് എന്തെങ്കിലും പറ്റിപ്പോയാൽ പിന്നീട് എനിക്ക് ആരും ഇല്ലാതായി പോകും എന്ന് മറക്കരുത്. എനിക്ക് മാത്രമല്ല നമ്മുടെ കുഞ്ഞും അനാഥനായി വളരേണ്ടി വരും.ആ ഒരു അവസ്ഥ നമ്മുടെ കുടുംബത്തിന് വരുത്തി വയ്ക്കരുത്.. ”
അവൾ പറയുന്നത് കേൾക്കുമ്പോൾ അയാൾ പുഞ്ചിരിയോടെ തല കുലുക്കും.അത് അവൾക്കുള്ള സമ്മതമാണ്.
പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവളുടെ അടുത്ത് എത്രയും വേഗം എത്തണം എന്നുള്ള ഒരു ചിന്ത മാത്രമേ അവന്റെ മനസ്സിൽ ഉണ്ടാകൂ.
സാധാരണയായി അവൻ പോകുമ്പോൾ തൊട്ടടുത്ത വീട്ടിലെ ചേച്ചിയെ അവൾക്ക് കൂട്ടിന് ഇരുത്തിയിട്ടാണ് പോകാറ്. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു.
സൗമ്യയും ആ ചേച്ചിയും കൂടി ഉമ്മറത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും നിർത്താതെ പെയ്യുന്ന മഴ..!
കരയും കടലും തിരിച്ചറിയാനാവാതെ വെള്ളം ഒഴുകുന്ന അവസ്ഥ..! പേമാരി എന്ന് തന്നെ പറയാം.
” ഈ അവസ്ഥയിൽ നാളെ ആശുപത്രിയിൽ പോകുന്നത് എങ്ങനെയാ മോളെ..? ”
ആ ചേച്ചി ചോദിക്കുന്നുണ്ട്. പക്ഷേ മറുപടിയൊന്നും ഇല്ലാതെ അവൾ മഴയിലേക്ക് തന്നെ തുറിച്ചു നോക്കി.
അന്ന് താൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന നിമിഷം അമ്മയുടെ കണ്ണുകളും ഒരുപക്ഷേ ഇങ്ങനെയായിരിക്കണം പെയ്തത്. നെഞ്ച് ഇടറി കൊണ്ട് അമ്മ വിളിച്ച ഒരു വിളിയും താൻ കേട്ടില്ല. അന്ന് തനിക്ക് തന്റെ സന്തോഷം മാത്രമായിരുന്നു വലുത്.
ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട തന്നെ വളർത്തി വലുതാക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത് അമ്മയുടെ ചെറിയ പ്രായമായതുകൊണ്ടു തന്നെ അമ്മയ്ക്ക് വിവാഹാലോചനയുമായി വന്നവർ കുറവൊന്നും ആയിരുന്നില്ല.
പക്ഷേ അമ്മയ്ക്ക് അപ്പോഴൊക്കെയും ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.”എന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്. എനിക്കൊരു മകളുണ്ട്. ഇനിയുള്ള എന്റെ ജീവിതം അവൾക്ക് വേണ്ടിയാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിലേക്ക് പുതിയൊരു ആളിനെ ഒരിക്കലും ഞാൻ ക്ഷണിക്കില്ല.
കാരണം അയാൾ എന്റെ കുഞ്ഞിനോട് ഒരു മകളെപ്പോലെ തന്നെ പെരുമാറണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ.. സമൂഹത്തിൽ ഇത്തരത്തിൽ എന്തൊക്കെ കഥകൾ നമ്മൾ കേൾക്കുന്നു..!
ഇനി അഥവാ അയാൾ നല്ലവനാണെങ്കിലും എനിക്ക് ഒരിക്കലും മറ്റൊരാളെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ ആവില്ല. ഞാനും എന്റെ മകളും മാത്രം മതി ഇനിയുള്ള ജീവിതത്തിൽ…!”
അമ്മയുടെ ഉറച്ച ശബ്ദം ആയതിനാൽ ആയിരിക്കണം വിവാഹ ആലോചനകളുടെ എണ്ണം കുറഞ്ഞു. പതിയെ പതിയെ അത് ഇല്ലാതായി.
അമ്മയും മകളും മാത്രമുള്ള ലോകം തന്നെയായിരുന്നു അത്. അച്ഛൻ ഞങ്ങൾക്ക് വേണ്ടി ഒരു വീടുണ്ടാക്കിയിരുന്നു. അതിന്റെ പേരിൽ കുറെ ബാധ്യതകളും..!
അതൊക്കെ തീർക്കുന്നത് തുടങ്ങി തന്റെ പഠനവും ചിലവുകളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ അമ്മയുടെ തലയ്ക്ക് അകത്തുകൂടി ഓടുന്നുണ്ടായിരുന്നു.
ഒരു നിമിഷം പോലും അമ്മ തളർന്നിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും പണികൾ ചെയ്തു നടക്കുന്ന അമ്മയെ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.
പല വീടുകളിലും അടുക്കളപ്പണിക്കും തൊഴിലുറപ്പിനും ഒക്കെ പോകുന്നതിനു പുറമേ വീട്ടിൽ കോഴിയും പശുവും ഒക്കെ ഉണ്ടായിരുന്നു. പിന്നെ അത്യാവശ്യം പച്ചക്കറി..!
നേരം പുലരുന്നതിനു മുൻപേ എണീറ്റ് വീട്ടിലെ പണികളൊക്കെ ചെയ്തു കഴിഞ്ഞ് പിന്നെ പാടത്തും പറമ്പിലും അന്യരുടെ തൊടിയിലും ഒക്കെ അമ്മയ്ക്ക് പണിയുണ്ടായിരുന്നു.
രാത്രിയിൽ ഏതെങ്കിലും ഒരു യാമത്തിൽ ആയിരിക്കും അമ്മ ഉറങ്ങാനായി മുറിയിലേക്ക് വരുന്നത്.
പക്ഷേ ആ വരുന്ന നിമിഷം വാത്സല്യത്തോടെ തന്നെ തലോടി നെറ്റിയിൽ ഒരു ചുംബനം തന്നതിന് ശേഷം മാത്രമേ അമ്മ ഉറങ്ങാറുള്ളൂ..!
അത്രയും സ്നേഹ വാത്സല്യത്തോടെ തന്നെ വളർത്തിയത് ആയിരുന്നു അമ്മ. ഞാൻ നന്നായി പഠിക്കണമെന്നും നല്ലൊരു നിലയിൽ എത്തണമെന്നും തന്നെക്കാൾ വാശി അമ്മയ്ക്ക് ആയിരുന്നു. എന്നിൽ അമ്മ വല്ലാത്ത ഒരു പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു.
അമ്മയുടെ കഷ്ടപ്പാടുകളെ കുറിച്ച് ബോധ്യം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ പ്രതീക്ഷകൾക്ക് ഒപ്പം വളരാൻ താൻ ശ്രമിച്ചിരുന്നു.
കോളേജിൽ പഠിക്കാൻ പോയപ്പോഴാണ് വിനയനെ ആദ്യമായി കാണുന്നത്. കണ്ട മാത്രയിൽ തോന്നിയ ഇഷ്ടം ഒന്നുമായിരുന്നില്ല വിനയനോട്. പകരം പരസ്പരം അടുത്തറിഞ്ഞപ്പോൾ തോന്നിയ സ്നേഹവും ബഹുമാനവും മാത്രമായിരുന്നു.
ആരുമില്ലാതെ വളർന്ന വിനയനെ സംബന്ധിച്ച് താൻ വച്ച് നീട്ടിയ സ്നേഹം അവന്റെ പ്രാണനു തുല്യമായിരുന്നു. ആരൊക്കെ എത്രയൊക്കെ എതിർപ്പ് പറഞ്ഞിട്ടും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് മാത്രം ഒരു കുറവും വന്നില്ല.
ഒടുവിൽ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ എനിക്ക് വീട്ടിൽ വിവാഹാലോചനകൾ തുടങ്ങി. ആ സമയത്ത് വിനയന്റെ കാര്യം അമ്മയോട് എനിക്ക് തുറന്നു പറയേണ്ടി വന്നു.
പക്ഷേ അമ്മ ആ ബന്ധത്തിന് ഒരിക്കലും കൂട്ടുനിൽക്കില്ല എന്ന് പറഞ്ഞു.അതിന് കാരണമായി ചൂണ്ടിക്കാട്ടിയത് വിനയൻ ഒരു അനാഥനാണ് എന്നുള്ളതായിരുന്നു.
ആ സമയത്ത് അമ്മയോട് തോന്നിയ ദേഷ്യത്തിനും വാശിക്കും വിനയൻ ഒപ്പം മാത്രമേ ജീവിക്കൂ എന്ന് അമ്മയോട് വിളിച്ചു പറഞ്ഞു ആ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. നെഞ്ചു പൊട്ടി അമ്മ പിന്നിൽ നിന്ന് വിളിച്ചത് കേൾക്കാതെ അല്ല. കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ചതാണ്..!
പക്ഷേ ഇന്ന് വരെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.വിനയൻ അത്രയും കാര്യമായി തന്നെയാണ് തങ്ങളെ നോക്കുന്നത്.അതുമാത്രമാണ് ഒരു ആശ്വാസം.
പക്ഷേ ഇപ്പോൾ അമ്മയെ ഓർക്കുമ്പോൾ അമ്മയോട് ചെയ്തതൊക്കെയും തെറ്റായിരുന്നു എന്നൊരു തോന്നൽ.. തനിക്ക് വേറെ കഷ്ടപ്പെട്ട് അമ്മയെ ഉപേക്ഷിച്ചു വന്നത് ശരിയായില്ല എന്നൊരു തോന്നൽ..!
ആ തോന്നൽ ശക്തിപ്പെട്ടപ്പോൾ അവൾ ഫോണെടുത്ത് വിനയനെ വിളിച്ചു.” എന്റെ ഡെലിവറി കഴിയുമ്പോൾ അമ്മയുടെ അടുത്തേക്ക് എന്നെ കൊണ്ടു പോണം. എനിക്ക് അമ്മയെ കാണണം. ചെയ്തതിനോക്കെ അമ്മയോട് ക്ഷമ ചോദിക്കണം.”
അവൾ പറഞ്ഞപ്പോൾ അവൻ മറുവശത്ത് വിശ്വസിക്കുന്ന സ്വരം അവൾ കേട്ടു.അവന്റെ മറുപടി പ്രതീക്ഷിക്കാതെ തന്നെ അവൾ ഫോൺ കട്ട് ചെയ്തു. ഒരിക്കലും അവൻ എതിർക്കില്ല.
അമ്മയെ നേരിൽ കാണുന്ന സുന്ദര നിമിഷത്തെ സ്വപ്നം കണ്ടുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.