(രചന: അംബിക ശിവശങ്കരൻ)
ഈ പതിനെട്ടു ദിവസത്തെ കാലയളവിനുള്ളിൽ തന്നെ അവളുടെ കണ്ണുനീര് എല്ലാം വറ്റിയിട്ടുണ്ടായിരുന്നു.
എങ്കിലും അവന്റെ ഓർമ്മകളിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ വറ്റി വരണ്ട മരുഭൂമി എന്നപോലെ കിടന്ന അവളുടെ കവിൾ തടങ്ങൾക്ക് നനവേകാൻ ഒന്നോ രണ്ടോ
നീർത്തുള്ളികൾ വീണ്ടും ഒഴുകിക്കൊണ്ടിരിക്കും. അവൾക്ക് ഇപ്പോഴും ജീവൻ ബാക്കിയുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തൽ എന്നോണം…”വിജിത ജയരാജ്.”
പുറത്തുനിന്ന് വിളി ആവർത്തിച്ചു കേട്ടപ്പോഴാണ് അറുപതിനടുത്ത് പ്രായം തോന്നുന്ന ആ സ്ത്രീ ഉമ്മറത്തേക്ക് ചെന്നത്.
“വിജിത ജയരാജ്?”അവരെ കണ്ടതും അയാൾ വീണ്ടും ആവർത്തിച്ചു ചോദിച്ചു.”മോൾക്ക് നല്ല സുഖമില്ല എഴുത്ത് എന്തെങ്കിലും ആണെങ്കിൽ എന്റെ കയ്യിൽ തന്നാൽ മതി ഞാൻ കൊടുത്തോളാം.” ഇടയ ശബ്ദത്തോടെ അവർ പറഞ്ഞു.
“ഇത് അങ്ങനെ മറ്റൊരാളുടെ കയ്യിൽ കൊടുക്കാൻ പറ്റില്ല. അപ്പോയിൻമെന്റ് ഓർഡർ ആണ് വിജിത നേരിൽ സൈൻ ചെയ്തു തന്നാലേ തരാൻ പറ്റുകയുള്ളൂ..”
അവർ പിന്നെ ഒന്നും പറഞ്ഞില്ല അകത്തേക്ക് നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.”മോളെ വിജി.. മോളെ…”
ഉമ്മറത്തേക്ക് വരുമ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും തക്കതായ ശക്തി അവളുടെ ശരീരത്തിന് ഉണ്ടായിരുന്നില്ല. അവർ വേഗം അവളെ താങ്ങി പിടിച്ചുകൊണ്ട് അങ്ങോട്ട് കൊണ്ടുചെന്നു.
അയാൾ കാണിച്ചപ്രകാരം ഉള്ള ഇടങ്ങളിൽ ഒപ്പിടാൻ പേന കൈയിൽ പിടിക്കുമ്പോഴേക്കും അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. ശേഷം ആ ലെറ്റർ കവർ അവളെ ഏൽപ്പിച്ച് അയാൾ തിരിഞ്ഞു നടന്നതും അവൾ അത് തുറന്നു നോക്കി വായിച്ചു.
ആ നിമിഷം തന്നെ അവളുടെ കണ്ണിൽ നിന്നും വെള്ളത്തുള്ളികൾ ധാരധാരയായി ഒഴുകാൻ തുടങ്ങി. അത് കണ്ടതും അവർ അമ്പരന്നു.അവരവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ വേഗം അവളെ പിടിച്ചിരുത്തി.
“എന്താ മോളെ?എന്തിനാ നീ കരയുന്നത്? ഇത്ര ദിവസവും എന്റെ മോളുടെ കണ്ണ് നീർ തോർന്നിട്ടില്ലല്ലോ… ഇനിയെങ്കിലും മോള് കരയാതിരിക്ക്. പോയത് എന്റെ മകൻ ആണെങ്കിലും അമ്മയുടെ ചങ്ക് പിടയുന്നത് മോളുടെ കണ്ണുനീർ കാണുമ്പോഴാണ്.. എന്ത് പകരം നൽകിയാണ് മോളെ ഞാൻ ഇനി നിന്റെ കണ്ണുനീരിന് ഒരു അറുതി വരുത്തേണ്ടത്?”
അത്രനേരം അടയ്ക്കി നിർത്തിയ അവരുടെ കണ്ണ് നീര് പ്രളയമായി ഒഴുകിക്കൊണ്ടിരുന്നു.
“അമ്മ വിഷമിക്കാതിരിക്ക്… ഞാനിപ്പോൾ കരഞ്ഞത് സന്തോഷം കൊണ്ടാണ്. അമ്മയുടെ മോൻ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് ഗവൺമെന്റ് ജോലി കിട്ടിയിരിക്കുന്നു. പക്ഷേ അത് കാണാൻ എങ്കിലും ആ പാവത്തിന് ആയുസ്സ് നീട്ടി കൊടുക്കാമായിരുന്നില്ലേ ദൈവമേ…”
തേങ്ങൽ അടക്കാൻ കഴിയാതെ അവൾ അകത്തേക്ക് ഓടിയപ്പോൾ സന്തോഷിക്കണോ അതോ കരയണോ എന്നറിയാതെ അവർ ഒരു നിമിഷം നിസ്സഹായയായി നിന്നു.
മുറിക്കുള്ളിലെ ഇരുട്ടിൽ തന്റെ ഭർത്താവിന്റെ ഫോട്ടോയും നെഞ്ചോടടക്കി വെച്ച് കരയുമ്പോൾ അവൾക്ക് നെഞ്ചിനകത്ത് വലിയൊരു പാറക്കല്ല് കയറ്റിവെച്ചിരിക്കുന്നത് പോലെ തോന്നി. നേരെ ചൊവ്വേ ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ തേങ്ങി.
“നല്ല കഴിവുള്ളവളാണ് വിജി നീ … ഇങ്ങനെ ഓരോ ദിവസവും ഈ വീടിനുള്ളിലും ഈ അടുക്കളയിലും ജീവിച്ചു തീർക്കാനുള്ളതല്ല നിന്റെ ജീവിതം. സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ
കാര്യം. എന്നും എന്റെ തണലിൽ നിൽക്കാമെന്ന് നീ കരുതരുത്. നാളെ ഞാൻ ഇല്ലാതായാലും യാതൊരു കുറവുകളും ഇല്ലാതെ നീ സന്തോഷത്തോടെ ജീവിക്കണം…”
അവന്റെ വാക്കുകൾ കാതുകളിൽ അലയടിക്കാൻ തുടങ്ങിയതും അവൾ രണ്ട് കൈകൊണ്ടും തന്റെ ചെവികൾ പൊത്തിപ്പിടിച്ചു.
“അറം പറ്റിയില്ലേ ജയേട്ടാ…? ജയേട്ടൻ പറഞ്ഞത് അറം പറ്റിയില്ലേ…?അന്ന് ഞാൻ പറഞ്ഞതല്ലേ തമ്മിൽ അകലുന്ന കാര്യം തമാശയ്ക്ക് പോലും പറയരുതെന്ന്.. ജയേട്ടനെ മരണത്തിന് വിട്ടുകൊടുത്തിട്ട് എനിക്കെന്തിനാ ഈ ജോലി? എന്നെ ഒരിക്കലും തനിച്ചാക്കില്ലെന്ന് പറഞ്ഞിട്ട് ആ
വാക്ക് തെറ്റിച്ചില്ലേ? ജയേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയാത്ത എന്നെ എന്തിനാണ് തനിച് ആക്കി പോയത്?” അവളുടെ കണ്ണുനീർ ഫോട്ടോയിൽ ആകെ പടർന്നു.
“നാലുവർഷം മുൻപാണ് താൻ ജയേട്ടന്റെ കൈപിടിച്ച് ഈ വീട്ടിലേക്ക് കയറി വരുന്നത്. അച്ഛനും അമ്മയും മരിച്ചുപോയ ഒരു അനാഥ പെണ്ണിനോട് തോന്നിയിരുന്ന ഒരു സഹതാപമായിരുന്നോ എന്നറിയില്ല ഭർത്താവ് എന്നതിലുപരി ഈ മനുഷ്യൻ തനിക്ക് തന്റെ മാതാപിതാക്കൾ കൂടിയായിരുന്നു.
വിവാഹം കഴിഞ്ഞതിൽ പിന്നെ അച്ഛനും അമ്മയും ഇല്ലാത്ത അനാഥയാണ് താൻ എന്ന തോന്നൽ ഒരിക്കൽപോലും ഉണ്ടായിരുന്നില്ല. ജയേട്ടൻ അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം തങ്ങൾക്കുണ്ടായിരുന്നില്ല.
ഓരോ മാസവും മാസമുറയുടെ ദിവസം തെറ്റുമ്പോൾ പ്രതീക്ഷയോടെ ഇരുവരും കാത്തിരിക്കാറുണ്ട് പിന്നീട് ആ പ്രതീക്ഷയും മാഞ്ഞു തുടങ്ങി. അപ്പോഴൊക്കെയും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെ തന്നെ ചേർത്തുപിടിച്ച് ജയേട്ടൻ പറയാറുണ്ട് നിന്റെ മോൻ ഞാനും എന്റെ മോൾ നീയും അല്ലേ എന്ന്….”
“തന്റെ സ്വപ്നങ്ങളെ തന്നെക്കാൾ ഏറെ ചേർത്തുപിടിച്ചവൻ.… അതിനായി തനിക്കൊപ്പം നിന്നവൻ…. മറ്റാരെക്കാളും തന്നെ സ്നേഹിച്ചവൻ.. എന്നും തന്നെ ചേർത്തുനിർത്തിയവൻ..ഇനിയില്ല.” അവൾക്ക് ഹൃദയം നുറങ്ങുന്നത് പോലെ തോന്നി.
“ഒരു ആക്സിഡന്റ് ആയിരുന്നു. ആ നശിച്ച ദിവസം…. ജയേട്ടൻ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ തോന്നിയിരുന്നു. എന്തെന്ന് അറിയാത്ത വിധം ഒരു നീറ്റൽ മനസ്സിനെ അലട്ടിയിരുന്നു അന്ന്.
ഇന്ന് ജോലിക്ക് പോകേണ്ടെന്ന് പറയാൻ പലവട്ടം മനസ്സ് കൊതിച്ചതാണ് പക്ഷേ എന്തു പറഞ്ഞായിരുന്നു ജോലിക്ക് പോകാൻ ഇറങ്ങിയ ജയേട്ടനെ തടഞ്ഞു നിർത്തേണ്ടിയിരുന്നത്?അന്ന് ആ ദിവസം
മുഴുവനും എന്തെന്നറിയാത്ത ഒരു ആദി മനസ്സിനെ അലട്ടി കൊണ്ടിരുന്നു. ഒന്നും ചെയ്യാൻ കഴിയാതെ.. അരുതാത്തത് ഒന്നും സംഭവിക്കരുതെന്ന് സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
പക്ഷേ ജോലി കഴിഞ്ഞ് എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നപ്പോഴും, ഫോണിൽ വിളിക്കുന്ന സമയത്ത് എല്ലാം മറുപടി ഇല്ലാതിരുന്നപ്പോഴും അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. ഒടുക്കം ഫോണിന്റെ മറു തലക്കൽ മുഴങ്ങിക്കേട്ടത് ഒരു അപരിചിതന്റെ ശബ്ദം ആയിരുന്നു.
“നിങ്ങൾ വേഗം മിത്ര മെഡിക്കൽ ട്രസ്റ്റിലേക്ക് വാ നിങ്ങളുടെ ഭർത്താവിനൊരു അപകടം പറ്റിയിട്ടുണ്ട്.” അത്രയും കേട്ട് കഴിഞ്ഞപ്പോഴേക്കും തന്റെ സമനില നഷ്ടമായിരുന്നു. നിലവിളിച്ചുകൊണ്ട് ആശുപത്രിയിലേക്ക് എത്തുമ്പോൾ കണ്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ജയേട്ടനെയാണ്.
ഒരു നോക്കു മാത്രമേ താൻ തന്റെ ജീവനെ കണ്ടുള്ളൂ പിന്നീട് ബോധം വരുമ്പോൾ ജയേട്ടൻ തന്റെ വരവ് പോലും കാത്തുനിൽക്കാതെ തെക്കേ മുറ്റത്ത് ചാരമായി കഴിഞ്ഞിരുന്നു. ഒരുപക്ഷേ താനന്ന് പോകേണ്ട എന്ന് നിർബന്ധം പറഞ്ഞിരുന്നെങ്കിൽ ജയേട്ടൻ ഇന്നും തന്റെ കൂടെ……”
അവൾക്ക് സങ്കടം നിയന്ത്രിക്കാൻ ആയില്ല.
തന്റെ ചാരത്തായി വച്ചിരുന്ന അപ്പോയിൻമെന്റ് ഓർഡറിലേക്ക് അവൾ നോക്കി.
“ഇനിയെന്തിനാണ് ജയേട്ടാ എനിക്കിത്? ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ എനിക്ക് ജയേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ ജയേട്ടനും പോയി.
ഞാൻ ഇന്ന് ഈ ലോകത്തിൽ തീർത്തും അനാഥയാണ്. ആരുമില്ലാത്തവളായി ഞാൻ ഇനി എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്? ഞാൻ കുറെ പിടിച്ചുനിൽക്കാൻ ശ്രമിച്ചുനോക്കി. യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ നോക്കി.
പക്ഷേ എനിക്ക് അതിന് കഴിയുന്നില്ല. ഇനിയും എനിക്ക് വയ്യ… ജയേട്ടൻ ഇല്ലാത്ത ഈ വീട്ടിൽ എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ….മരണത്തിനുമപ്പുറം ആത്മാക്കളുടെതായ ഒരു ലോകമുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട് അവിടെ നമ്മെ വേർപ്പെടുത്താൻ ആർക്കും കഴിയില്ലല്ലോ? ഞാൻ വരികയാണ് ജയേട്ടാ… ജയേട്ടന്റെ അടുത്തേക്ക്.”
അതും പറഞ്ഞുകൊണ്ട് അവൾ ബെഡ്ഷീറ്റും കൈയിൽ എടുത്ത് തളർന്നുവീഴാറായ കാലുകളോടെ കട്ടിലിൽ കയറി നിന്നു. ഫാനിൽ കുരുക്ക് ഇടാനായി മുകളിലേക്ക് നോക്കിയതും അവൾക്കാകെ കണ്ണിലിരുട്ട് കയറുന്നതായി തോന്നി. തല ചുറ്റിലും തിരിയുന്നത് പോലെ തോന്നിയതോടെ അവൾ കട്ടിലിൽ തന്നെ കുഴഞ്ഞുവീണു.
പതിവുപോലെ ഊണ് കഴിക്കാൻ അവളെ വന്നു വിളിക്കാൻ നേരമാണ് വാതിലിൽ കൊളുത്തിട്ടിരിക്കുന്നത് അവർ ശ്രദ്ധിച്ചത്.എത്ര വിളിച്ചിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ അവർക്കുള്ളിൽ പരിഭ്രാന്തി കയറി. ഓടിച്ചെന്ന് പുറകുവശത്ത് ജനലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന വിജിതയെ
കണ്ടത്.അവരുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിക്കൂടിയത് എല്ലാവരും ചേർന്ന് വാതിൽ ചവിട്ടി തുറന്ന് വേഗം തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു.
“വിജിതയുടെ ആരാണ് നിങ്ങൾ?”അവളെ പരിശോധിച്ച ശേഷം ഡോക്ടർ ജയന്റെ അമ്മയെ അകത്തേക്ക് വിളിച്ചു.”വിജി എന്റെ മകന്റെ ഭാര്യയാണ്.”
“ആ കുട്ടിയുടെ ബോഡി നല്ല പോലെ വീക്ക് ആണല്ലോ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ?”
അത് കേട്ടതും അവർ ഒരു നിമിഷം മൗനമായി ഇരുന്നു.പിന്നെ നടന്നതെല്ലാം ഡോക്ടറോട് പറഞ്ഞു.
“ഐ സീ…പക്ഷേ എന്തുതന്നെയായാലും ആ കുട്ടി ഇനി നിരാഹാരം ഇരിക്കരുത്. അങ്ങനെ സംഭവിച്ചാൽ അത് വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ വളർച്ചയെ കൂടി ബാധിക്കും ആ കുട്ടി പ്രഗ്നന്റ് ആണ്.”
ഡോക്ടർ അതു പറഞ്ഞതും അവർക്ക് ഒരുപോലെ സന്തോഷവും കരച്ചിലും വന്നു. സ്ഥലകാല ബോധമില്ലാതെ അവർ അല്പം നേരം അവിടെയിരുന്നു കരഞ്ഞു.
“വിജി നീ ഇനി ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കരുത്. ഞാൻ നിന്നെ വിട്ട് എവിടെ പോകാനാണ്? ശരീരം മാത്രമല്ലേ തമ്മിലകന്നിട്ടുള്ളൂ..എന്റെ ജീവൻ ഇപ്പോഴും നിന്റെ അടിവയറ്റിൽ തുടിക്കുന്നുണ്ടല്ലോ.. അതേ വിജി നമ്മുടെ കുഞ്ഞിന് വേണ്ടി നീ ജീവിക്കണം. ഒരാളുടെ മുന്നിലും കൈനീട്ടാതെ നല്ലതുപോലെ നീ നമ്മുടെ കുഞ്ഞിനെ വളർത്തണം. അതുമാത്രമാണ് എനിക്ക് വേണ്ടി നീ ഇനി ചെയ്തു തരേണ്ടത്.”
മയക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോൾ അടുത്ത് ഡോക്ടർ ഉണ്ടായിരുന്നു. അവൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
“കൂൾ വിജിത.. നൗ യു ആർ ഓൾ റൈറ്റ് . പിന്നെ കൺഗ്രാജുലേഷൻസ്.. ഒരു അമ്മയാകാൻ തയ്യാറായിക്കോളൂ….”
അവൾക്ക് ഒരു നിമിഷം തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഡോക്ടർ പറയും മുന്നേ തന്നെ ഇത് തന്നോട് ജയേട്ടൻ പറഞ്ഞിരിക്കുന്നു. ഇല്ല..ജയേട്ടൻ തന്നെ വിട്ട് ഒരിക്കലും പോകുകയില്ല.ഇവിടെ അതൊരു ജീവനായി പുനർജനിച്ചിരിക്കുന്നു. ”
അവൾ തന്റെ അടിവയറിൽ കൈ വയ്ക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. വീട്ടിലെത്തിയതും കട്ടിലിൽ വലിച്ചെറിഞ്ഞിരുന്ന അപ്പോയിൻമെന്റ് ഓർഡർ അവൾ നെഞ്ചോട് ചേർത്തുവച്ചു.
“ഇല്ല ജയേട്ടാ ഞാൻ ഇനി ഒരിക്കലും മരണത്തെക്കുറിച്ച് ചിന്തിക്കില്ല. നമ്മുടെ കുഞ്ഞിനു വേണ്ടി ഞാൻ ജീവിക്കും. ആരുടെ മുന്നിലും കൈനീട്ടാതെ ഞാൻ നമ്മുടെ കുഞ്ഞിനെ വളർത്തും.
അതിനെന്നെ പ്രാപ്തയാക്കിയതും ജയേട്ടൻ തന്നെയാണ്. ഇനി ഞാൻ കരയില്ല കാരണം എന്റെ കണ്ണുനീർ കണ്ടാൽ ജയേട്ടൻ ഒരിക്കലും സന്തോഷത്തോടെ ഇരിക്കില്ലെന്ന് എനിക്കറിയാം.”
കണ്ണ് നിറഞ്ഞെങ്കിലും അവൾ പുഞ്ചിരിച്ചു. ഉള്ളിൽ ഉറക്കെ കരയുമ്പോഴും പുറമേ അവൾ മനോഹരമായി പുഞ്ചിരിച്ചു കൊണ്ടിരുന്നു.