നല്ലപാതി
(രചന: Aparna Aravindh)
പെയ്ത് കൊതിപ്പിക്കുന്ന മഴ മനസ്സിൽ വല്ലാത്തൊരു കുളിര് പകരുന്നുണ്ടായിരുന്നു.
മഴ കാണുമ്പോൾ ആർക്കുമോന്ന് പ്രണയിക്കാൻ തോന്നിപ്പോകും. ഇത്രമേൽ ഭ്രാന്തമാണോ പ്രണയം….
മഴയോട് പണ്ടേ വല്ലാത്തൊരു ഇഷ്ടമാണ്.. അതിന് മറ്റൊരു കാരണം കൂടെയുണ്ട്. എന്റെ ആരതി..
കളികൂട്ടുകാരിയായ് കൂടെ ചിണുങ്ങി നടന്ന പ്രായം മുതൽ ആരതി എന്റെ ജീവനാണ്..
സ്കൂളിലേക്കുള്ള വാകപൂത്ത വഴികളിൽ എത്രമാത്രം ആ കണ്ണുകളെ ഞാൻ പ്രണയിച്ചിട്ടുണ്ട്..
ഇടവപ്പാതി പെയ്ത് തോർന്ന വഴികളിൽ അവളുടെ കൈ പിടിച്ച് എത്ര ദൂരം ഞാൻ നടന്നിട്ടുണ്ട്, അവളെന്നാൽ എനിക്കെന്റെ ജീവനായിരുന്നില്ലേ..
“ആരതിയെ നോക്കണേ കണ്ണാ .. വെള്ളം കണ്ടാൽ അവിടൊക്കെ പോയ് ഇറങ്ങും.. നീ നല്ലോണം ശ്രെദ്ധിക്കാണെ”
അമ്മായി ഇതും പറഞ്ഞാണ് ആരതിയെ എന്റെ കൂടെ വിട്ടയക്കുക..
സത്യമാണ് പെണ്ണിന് വെള്ളം കണ്ടാൽ പ്രാന്ത് തന്ന്യാ.. നീന്താനാണെങ്കിൽ അറിയുകയുമില്ല.
മഴ പെയ്ത് വെള്ളം നിറഞ്ഞ പാടങ്ങളിൽ വെള്ളം തെറിപ്പിച്ച് അവൾ ഓടി നടക്കും.. മാനത്ത്കണ്ണനെ പിടിക്കാനെന്നും പറഞ് ചേമ്പില നുള്ളി തോട്ടിന്റെ പടികളിൽ കൂടെ ഊർന്നിറങ്ങും..
അമ്മാവൻ വാങ്ങിയ പുത്തൻ കുട കാറ്റിൽ പരത്തി ആ മഴയൊക്കെ നനഞ് ചിരിച്ചുകൊണ്ടിരിക്കും..അവളെ നിലയ്ക്ക് നിർത്താൻ ഞാനൊരുപാട് കഷ്ടപെട്ടിട്ടുണ്ട്..
അവളെ ശകാരിക്കുന്ന എന്റെ കുടകൂടി കാറ്റിൽ പറത്തി അവളുടെ കൂടെ മഴ നനയാൻ പറയാറാണ് പതിവ്. . വീട്ടിലേക്ക് പോകുന്ന വഴിയിൽ വിരിഞ് നിൽക്കുന്ന ആമ്പൽകുളം അവളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
പൂത്ത് നിൽക്കുന്ന ആമ്പൽ പാടം നോക്കി അവൾ കൊഞ്ചി നിൽക്കും.. വെളുത്ത കവിളിൽ ഒലിച്ചിറങ്ങിയ കണ്മഷി പതിയെ കൈകൊണ്ട് മായ്ച്ചുകളഞ്ഞിട്ട് അവളുടെ ഒരു ചിണുങ്ങലുണ്ട്..
എന്റെ കണ്ണേട്ടാ..ഒരു ആമ്പൽ പൂ.. എനിക്ക് വേണ്ടി.. ഒരെണ്ണം… ഇനി ചോദിക്കില്ല.. ഇല്ലേൽ ഞാനിപ്പോ ഇറങ്ങി പറിക്കും ട്ടോ.
അവളുടെ കൊഞ്ചലിൽ എന്നും ഞാൻ അടിയറവ് പറഞ്ഞിട്ടേ ഉള്ളു.. പറ്റില്ലെന്ന് നൂറ് തവണ ആവർത്തിച്ചുപറഞ്ഞാലും ചിണുങ്ങി കൊണ്ടുള്ള അവളുടെ നോട്ടത്തിൽ ഞാൻ മൂക്കും കുത്തി വീഴും…
ബാഗ് അവളുടെ കൈയിൽ കൊടുത്ത് പതിയെ കുളത്തിലിറങ്ങി പൂ പറിക്കും..ഒന്നിന് പകരം ഒരായിരം പൂക്കൾ എന്റെ കൈ നിറയുന്നത് വരെ ഞാൻ പറയ്ക്കുമായിരുന്നു..
പൂ വാങ്ങിക്കുമ്പോളുള്ള അവളുടെ ഒരു നോട്ടമുണ്ട്.. അവളിലേക്ക് ഞാൻ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നും.. അവളുടെ കൂടെയുള്ള ഓരോ ദിവസവും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു..
അമ്പലക്കുളവും, ആമ്പൽ പാടവും, മീൻപിടുത്തവും, ശങ്കരേട്ടന്റെ കടയിലെ തേൻ മിട്ടായിയും.. ഇടവപ്പാതിയിലെ തണുത്ത മഴയും.. ഓരോ നിമിഷവും വല്ലാത്തൊരു അനുഭവമാണ്.
അവൾ എന്റെ ജീവനായിരുണെന്ന് എനിക്ക് ബോധ്യമായത് അവളെ കാണാതിരുന്ന ആ ഏഴ് ദിവസങ്ങളിൽ ആയിരുന്നു.
“ആരതി ഇനി കുറച്ച് ദിവസം സ്കൂളിലേക്കില്ലട്ടോ കണ്ണാ” എന്ന് അമ്മായി വന്ന് പറഞ്ഞപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു ഭാരമായിരുന്നു..
ഒളിച്ചും പാത്തും അവളെ കാണാൻ പോകാൻ പുറപ്പെട്ടെങ്കിലും അമ്മ പൂർണ്ണമായും വിലക്കി.. അവളില്ലാത്ത മഴദിവസങ്ങളിൽ മാനം ആർക്കോ വേണ്ടി കരയുന്ന പോലെ എനിക്ക് തോന്നി.. ആമ്പൽക്കുളം ശോഭയില്ലാതെ പൂത്തു നിന്നു.
പിന്നീട് പെട്ടന്നാണ് ഒരു ബുധനാഴ്ച്ച അവൾ എന്റെ മുൻപിൽ പ്രേത്യക്ഷപെടുന്നത്. അന്നവളെ കാണാൻ എന്തൊരു ചന്തമായിരുന്നെന്നോ.. പുത്തൻ പാട്ടുപാവാടയിൽ ആകെ സുന്ദരിയായിരുന്നു എന്റെ പെണ്ണ്..
കരിമഷി നീട്ടി എഴുതിയ കണ്ണുകൾ എന്നോടെന്തൊക്കയോ പറയുന്നുണ്ടായിരുന്നു.. ചുവന്നുതുടുത്ത അധരങ്ങൾ എന്നെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു..
തുളസ്സികതിർ ചൂടിയ തലമുടി കാറ്റിൽ പതിയെ ഇളകുന്നുണ്ടായിരുന്നു.. അമ്മായി സമ്മാനിച്ച പുത്തൻ ജിമിക്കികമ്മൽ എന്റെ മുൻപിൽ നൃത്തം വെയ്ക്കുന്നുണ്ടായിരുന്നു..
“എന്താ കണ്ണേട്ടാ.. റെഡി ആയില്ലേ.. സ്കൂളിൽ പോണ്ടേ.”. അവൾ എന്തൊക്കയോ ചോദിച്ചപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്..
നീ ഇത് വരെ എവിടെ ആയിരുന്നെന്ന ചോദ്യത്തിന് ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മിണ്ടിയില്ല..
വൈകീട്ട് പെയ്ത മഴയിൽ നനഞ്ഞുകുളിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ ഹൃദയം അവൾക്ക് വേണ്ടി തുടിക്കുന്നുണ്ടായിരുന്നു..
പതിവ് പോലെ ആമ്പൽപൂ കൊതിച്ച് കുളത്തിലേക്ക് നോക്കിയിരുന്ന എന്റെ പെണ്ണിന് കൈ നിറയെ പൂക്കൾ ഞാൻ സമ്മാനിച്ചു.
ആരതി നിന്നെ കാണാതെ ഞാൻ എന്ത് മാത്രം.. വിഷമിച്ചെന്നോ…. എന്റെ ഉള്ളിൽ വിങ്ങി നിന്ന സങ്കടം ഞാൻ അവളോട് പങ്കുവെച്ചു.
ഞാനും..നിനക്ക് വിഷമം ഒന്നുമില്ല..എന്നെ കാണാതെ നീ ലീവ് എടുത്ത് വീട്ടിൽ ഇരുന്നില്ലേ.അത്… കണ്ണേട്ടാ..നീ ഒന്നും പറയണ്ട..
കുറെ നാളുകൾക്കു ശേഷം അവളെ കാണുമ്പോൾ ഇഷ്ടം തുറന്നു പറയണം എന്ന് കരുതിയതാണ് പക്ഷേ പറഞ്ഞു വന്നപ്പോൾ ദേഷ്യമായി പോയ്..
പതിയെ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകൂടി കണ്ടപ്പോൾ.. നെഞ്ച് പിടക്കാൻ തുടങ്ങി.
“ആരതി.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, എന്തോ പറഞ്ഞു വന്നപ്പോൾ ഇങ്ങനെ ആയിപ്പോയി, സോറി ഡി,,, നിന്നെ കാണാതെ ഒരുനിമിഷം പോലും നിൽക്കാൻ പറ്റുന്നില്ലടി… നോക്ക് എന്തെങ്കിലും ഒന്ന് പറയെടോ.
അവൾ ഒന്നും മിണ്ടാതെ നടന്നകന്നപ്പോൾ നെഞ്ചിൽകുത്തിമുറിക്കുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു…
പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങൾ പരസ്പരം കാണുന്നത് പോലും പതിവില്ലാതെയായ്. ഇഷ്ടം തുറന്നു പറയേണ്ടിയിരുന്നില്ല എന്ന് ഞാൻ എന്നെ തന്നെ ശപിച്ചു.
പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ്ങിന് പാലക്കാട്ടേക്ക് പോകാൻ നിൽക്കുമ്പോഴാണ് ആരതി എന്നെ കാണണമെന്ന് പറഞ് വരുന്നത്.. കൈയിൽ ചേർത്ത് പിടിച്ച ആമ്പൽ പൂ അവൾ എനിക്കായ് നീട്ടി..
“എന്ത് പറ്റി. ഇപ്പോൾ ഒന്ന് വരാൻ തോന്നിയെ ..ഇഷ്ടം പറഞ്ഞിട്ടായിരുന്നോ നീ പിണങ്ങിയത്.. അത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്.. മറന്നു എന്ന് കരുതി മിണ്ടാൻ വരണ്ട.
തിരിഞ്ഞ് നടന്ന എന്റെ കൈ പിടിച്ച് അവൾ ആമ്പൽ പൂ അതിൽ വെച്ചു. കൈകൾ നീട്ടി എന്റെ കവിളിൽ ചേർത്ത് പിടിച്ചു..
“സൂക്ഷിച്ച് പോണം ട്ടോ… എന്നെ വിളിക്കണം.. നിന്നെ കാണാതിരിക്കാൻ എനിക്ക് കഴിയില്ല.. ” അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു..
അവൾക്കെന്നോടുള്ള പ്രണയം ആ കണ്ണിൽ നേരിട്ട് കാണാമായിരുന്നു..
നനഞ്ഞ കണ്ണുകൾ പതിയെ അടച്ച് അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ ചേർത്ത് പിടിച്ചു.. ഏതോ സ്വപ്നത്തിലെന്നോണം ഞാൻ തരുത്ത് നിന്നുപോയി..
പുഞ്ചിരിച്ച് പടിയിറങ്ങുമ്പോൾ അവൾ ഒന്നുകൂടെ പറഞ്ഞു.. അവൾക് ഞാൻ ഇല്ലാതെ പറ്റില്ലെന്ന്…. സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ഞാനാകെ കുഴങ്ങി..
സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ എന്തൊക്കയോ കാണിച്ചു.. പിന്നീടുള്ള വർഷങ്ങൾ ഞങ്ങളുടേതായിരുന്നു..സ്നേഹിച്ചും തല്ലുകൂടിയും ഓരോ വർഷവും ഞങ്ങൾ ആഘോഷിച്ചു.
പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു.. “എന്താടാ ഈ മഴയും നോക്കി കണ്ണും മിഴിചിരിക്കൂന്നേ.”..
ചുമലിൽ തട്ടി അമ്മ വിളിച്ചപ്പോളാണ് ചിന്തകളിൽ നിന്നും ഉണർന്നത്..ഒന്നൂല്ല്യ ന്റെ അമ്മേ ..ഞാൻ പണ്ട് എനിക്ക് പണി കിട്ടിയ വഴി ആലോചിചതാ…എന്താ ടാ
ഞാൻ അമ്മേടെ മരുമോളെ പറ്റി ഓർത്തതായിരുന്നുഎന്നെ പറ്റി ആരാ ഓർത്തത്
ആരും ഒന്നും ഓർത്തില്ലേ.. . എനിക്ക് എന്തിന്റെ കേടായിരുന്നു നിന്നെ പിടിച്ചു തലയിൽ വെക്കാൻ എന്ന് ഓർത്തുപോയതാണെ..
എടാ കള്ള കണ്ണാ.. നിന്നെ ഞാൻ…രണ്ടും കൂടെ തല്ലുകൂടാതെ.. വയറ്റിൽ ഒരു ജീവനുള്ളത് മറക്കണ്ട…
കൈകൾ ചേർത്ത് പതിയെ അവളുടെ വയറ്റിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു നീ എന്റെ നല്ലപാതി അല്ലേടി…
(ചില പ്രണയങ്ങൾ അങ്ങനെയാണ് വിട്ട് കളയുംതോറും ചേർത്ത് പിടിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും..)