ഒരു ദിവസം എത്രയോ പെണ്ണുകാണലുകൾ നടക്കുന്നതാണ്.. അങ്ങനെ വന്നു കണ്ടു പോകുന്നവരിൽ ഒരാളായിരിക്കും

(രചന: ശ്രേയ)

 

“എന്ജോയിങ് ലൈഫ് മോമെന്റ്സ് “എന്ന ക്യാപ്ഷൻ കൂട്ടി ചേർത്ത് രേവതി പോസ്റ്റ്‌ ചെയ്ത ഫോട്ടോ കണ്ടിട്ട് മിനിയുടെ കണ്ണ് പുകയാൻ തുടങ്ങി.. അവളുടെ ഒക്കെ ഒരു യോഗം…!!

മാസത്തിൽ മാസത്തിൽ ടൂർ ആണ്.. അവളുടെ കെട്ടിയോൻ ആണേൽ എന്തോ കൂടിയ ജോലി ആണ്.. അപ്പോ പിന്നെ ഇതിനൊക്കെ ഉള്ള വക ഇല്ലാണ്ട് ഇരിക്കോ..!!

മിനി നെടുവീർപ്പിട്ടു.എനിക്കും ഉണ്ട് ഒരു കെട്ടിയോൻ.. ഒന്നിനും കൊള്ളാത്തൊരു മനുഷ്യൻ..! കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയത് ആണ് ഓരോ സ്ഥലങ്ങളിൽ പോകാം എന്ന് പറഞ്ഞുള്ള തന്റെ പ്ലാനിംങും അതൊന്നും നടക്കില്ല എന്ന് നിഷ്കരുണം പറയുന്ന കെട്ടിയോനും..!

അവളുടെ ഓർമ്മകൾ കല്യാണ ദിവസം ആയിരുന്നു..ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് തിടുക്കപ്പെട്ടു മിനിക്ക് വിവാഹ ആലോചനകൾ നടക്കുന്ന സമയം..! അന്ന് ഒരു ദിവസം തന്നെ മൂന്നും നാലും പെണ്ണുകാണൽ ആണ്..

അങ്ങനെ ഒരു കൂട്ടർ വന്നു പോയതിനു പിന്നാലെ ആണ് രഘുവും ബ്രോക്കറും അയാളുടെ അളിയനും കൂടെ കയറി വരുന്നത്. പെണ്ണുകാണൽ എന്നും ഉള്ളത് കൊണ്ട് അവർക്ക് കൊടുക്കാനുള്ളതൊക്കെ സ്റ്റോക്ക് ഉണ്ടാരുന്നു..

ചെക്കനും പെണ്ണിനും സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ പറയാൻ ഉള്ളതൊക്കെ തനിക്ക് അറിയാമായിരുന്നു..

അയാൾ പറഞ്ഞത് മുഴുവൻ കുടുംബത്തെ കുറിച്ചു ആയിരുന്നു.. ചെറുപ്പത്തിൽ അച്ഛൻ മരിച്ചിട്ടും അയാളെയും രണ്ട് പെങ്ങന്മാരെയും ഒരു കുറവും അറിയിക്കാതെ വളർത്തിയ അമ്മയെ കുറിച്ച്..

അമ്മ സുഖമില്ലാതെ കിടപ്പിലാവുമ്പോൾ അയാൾ കുടുംബം ഏറ്റെടുത്തു.. പെങ്ങന്മാരെ രണ്ടാളെയും നന്നായി പഠിപ്പിച്ചു.

വിവാഹം കഴിപ്പിച്ചു വിട്ടു.. രണ്ടാൾക്കും നല്ല ജീവിതം ആണ്.. പെങ്ങന്മാർ എന്ന് പറഞ്ഞാൽ പുള്ളിക്ക് ജീവൻ ആണെന്ന് ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി..

” ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ വിവാഹം കഴിഞ്ഞാൽ താനും അവരെ അങ്ങനെ തന്നെ നോക്കണം.. അവരുടെ ഒരു കാര്യത്തിലും ഒരു കുറവും ഉണ്ടാവരുത്.. ”

ആദ്യ കാഴ്ചയിൽ തന്നെ പ്രശ്നമുണ്ടാക്കണ്ടല്ലോ എന്ന് കരുതി അയാൾ പറഞ്ഞതെല്ലാം സമ്മതിക്കുകയും ചെയ്തു..

ഒരു ദിവസം എത്രയോ പെണ്ണുകാണലുകൾ നടക്കുന്നതാണ്.. അങ്ങനെ വന്നു കണ്ടു പോകുന്നവരിൽ ഒരാളായിരിക്കും രഘു എന്നാണ് താൻ കരുതിയത്. പക്ഷേ ജാതകത്തിൽ നല്ല ചേർച്ചയുണ്ടെന്നും ചെറുക്കന് പെണ്ണിനെ ഇഷ്ടമായി എന്നുമൊക്കെ അറിഞ്ഞപ്പോൾ പിന്നെ ഈ വിവാഹം നടത്താം എന്നായി മിനിയുടെ വീട്ടുകാർ.

മിനിക്ക് രഘുവിനെ കണ്ടപ്പോൾ വലിയ ഇഷ്ടക്കേട് ഒന്നും തോന്നാത്തത് കൊണ്ട് തന്നെ അവൾ പകുതി സമ്മതം നൽകി. വിവാഹത്തിന്റെ ഓരോ ചടങ്ങുകൾ നടക്കുമ്പോഴും അയാൾ പെങ്ങന്മാർക്ക് പ്രാധാന്യം കൊടുക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അത് കണ്ടിട്ട് അവളുടെ അമ്മ പറഞ്ഞത് ഇപ്പോഴും അവൾക്ക് ഓർമ്മയുണ്ട്.” അവൻ കുടുംബസ്നേഹം ഉള്ള ചെറുക്കനാണ്.. അല്ലെങ്കിൽ പെങ്ങന്മാരെ ഇത്രയും കാര്യമായിട്ട് നോക്കുമോ..? എന്തായാലും നിനക്ക് വിധിച്ചത് നല്ലത് തന്നെയാണ്.. ”

അത് കേട്ടപ്പോൾ അന്ന് അഭിമാനം തോന്നിയിരുന്നു എന്നത് സത്യം തന്നെ. അവരെ നോക്കുന്നതു പോലെ കാര്യമായി തന്നെയും നോക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലെത്തിയപ്പോൾ ആദ്യത്തെ ദിവസം തന്നെ പെങ്ങന്മാർ എല്ലാവരും കൂടെയുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങൾ എങ്ങനെയൊക്കെയാണ് എന്ന് തന്നെ പറഞ്ഞു പഠിപ്പിച്ചത് അവരായിരുന്നു.

ഏട്ടന്റെ രാവിലത്തെ ശീലങ്ങൾ ഇങ്ങനെയെല്ലാമാണ് എന്ന് തനിക്ക് പറഞ്ഞു തന്നത് അവരായിരുന്നു.

വൈകുന്നേരം അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ, എല്ലാവർക്കും ഇന്ന സാധനങ്ങളാണ് ആവശ്യമെന്ന് തന്നോട് പറഞ്ഞത് അവരായിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യദിവസം രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് താൻ ആദ്യമായി രഘുവേട്ടനോട് ഒരാവശ്യം പറയുന്നത്.

“നമുക്ക് നാളെ രാവിലെ ക്ഷേത്രത്തിൽ പോകാം.അങ്ങനെ പോകണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്..”

താൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ നോക്കിയത് സ്വന്തം പെങ്ങന്മാരെ ആയിരുന്നു. അവർക്ക് രണ്ടുപേർക്കും അത്ര തൃപ്തിയുള്ള മുഖമായിരുന്നില്ലെങ്കിലും രണ്ടാളും തലകുലുക്കി സമ്മതിക്കുന്നുണ്ടായിരുന്നു.

“ശരി രാവിലെ തന്നെ പോയേക്കാം..”അന്ന് ആ മറുപടി വന്നു കഴിഞ്ഞപ്പോൾ താൻ വല്ലാതെ സന്തോഷിച്ചിരുന്നു.

രാവിലെ ക്ഷേത്രത്തിൽ പോയിക്കഴിഞ്ഞു നേരെ പോയത് മാർക്കറ്റിലേക്ക് ആയിരുന്നു. അവിടെനിന്ന് ആവശ്യമുള്ള മീനും ചിക്കനും ഒക്കെ വാങ്ങുമ്പോൾ അയാൾ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു പെങ്ങന്മാർക്കും അളിയന്മാർക്കും ഇതൊക്കെയാണ് താല്പര്യം എന്ന്.

അതെല്ലാം വീട്ടിൽ കൊണ്ടുവന്നു കഴിഞ്ഞിട്ട് തന്നെ ഒന്ന് സഹായിക്കാൻ അടുക്കളയിൽ ഒരാളും ഉണ്ടായിരുന്നില്ല.

“ഏട്ടത്തിയുടെ പാചകം എങ്ങനെയാണെന്ന് ഞങ്ങൾ നോക്കട്ടെ..”ചിരിച്ചുകൊണ്ട് രണ്ടാളും പറഞ്ഞത് അങ്ങനെയായിരുന്നു.

സന്തോഷത്തോടെ തന്നെ അവർക്ക് വച്ചു വിളമ്പി.അത് കഴിക്കാൻ ഇരിക്കുമ്പോഴാണ് മൂത്ത പെങ്ങളുടെ ഭർത്താവ് രഘുവേട്ടനോട് ഒരു കാര്യം ചോദിക്കുന്നത്.

” കല്യാണം കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ഇനി എങ്ങോട്ടാ അളിയാ ട്രിപ്പ് പോകുന്നത്..? ”

ആ ചോദ്യം കേട്ടപ്പോൾ തന്നെ പെങ്ങൾ അയാളെ ദേഷ്യത്തിൽ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

” പിന്നെ വിജയേട്ടന് എന്തിന്റെ കേടാണ്..? കല്യാണവും അതിനോട് അനുബന്ധിച്ച് ചെലവുകളും ഒക്കെയായി ഏട്ടന്റെ നടുവൊടിഞ്ഞിരിക്കുന്ന സമയമാണ്.. ഇതിനിടയ്ക്ക് ട്രിപ്പ് പോകാത്തതിന്റെ കുറവേ ഉള്ളൂ.. അത് പിന്നീട് എപ്പോ വേണമെങ്കിലും പോകാമല്ലോ.. ”

പെങ്ങൾ പറഞ്ഞപ്പോൾ രണ്ടാമത്തെ ആളും അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.” അങ്ങനെ മതിയല്ലേ ചേട്ടാ..? ”

അവരുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു അവസാനം അങ്ങനെ കൂടെ ചോദിക്കാൻ അവർ മറന്നില്ല.

” അങ്ങനെ മതി.. ഞാനും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്.”ഭർത്താവിന്റെ അഭിപ്രായം വന്നപ്പോൾ തനിക്ക് ഉണ്ടായിരുന്ന പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു പോയിരുന്നു.

ഇതിപ്പോൾ വിവാഹം കഴിഞ്ഞ് വർഷം പത്തായി. പിള്ളേര് രണ്ടുപേരായി.. ഇന്നുവരെ ഒരു ട്രിപ്പും പോയിട്ടില്ല. ആകെ പോകുന്ന ട്രിപ്പ് തന്റെ വീട്ടിലേക്കാണ്. അതല്ലെങ്കിൽ പെങ്ങന്മാരുടെ വീട്ടിലേക്ക് അവരുടെ എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും..

അല്ലാതെ ഫാമിലി ടൈം എന്നൊരു സാധനം ഈ വീട്ടിൽ ഇല്ല..എന്തെങ്കിലും ഒരാവശ്യം പറഞ്ഞാൽ അതിനു കുത്തിതിരിപ്പ് ഉണ്ടാക്കുന്ന നാത്തൂന്മാരാണ് തന്റേത്.. തന്റെ ആവശ്യങ്ങൾ തന്റെ ഭർത്താവിനോട് പറയുന്നതിനു മുന്നേ നാത്തൂനെ ബോധിപ്പിക്കേണ്ട അവസ്ഥ..

ഇന്നെന്തായാലും രഘുവേട്ടൻ വരുമ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കണം എന്ന് മിനി മനസ്സിൽ ഉറപ്പിച്ചു.

വൈകുന്നേരം അയാൾ വന്നു കയറിയത് വല്ലാത്ത സന്തോഷത്തോടെ ആയിരുന്നു..”എനിക്കൊരു കാര്യം പറയാനുണ്ട്..”

അവൾ പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ അയാൾ അവളോട് ഒരു കാര്യം പറഞ്ഞു.

മിക്കവാറും പെങ്ങന്മാർ ആരെങ്കിലും വിരുന്നിനു വരുന്നുണ്ടായിരിക്കും. അല്ലാതെ മുഖത്ത് ഇങ്ങനെ സന്തോഷം കാണുന്നത് അപൂർവ്വമാണ്..!

അവൾ ഓർത്തു.”നമുക്ക് നാളെ ഒരു ട്രിപ്പ് പോയാലോ..?”അയാൾ ചോദിച്ചപ്പോൾ അവൾക്ക് അത്ഭുതം തോന്നി.

“നീയെന്താ ഒന്നും പറയാത്തത്..?”അവളുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമില്ല എന്ന് കണ്ടതോടെ അയാൾ വീണ്ടും ചോദിച്ചു.

” എനിക്ക് ആളു മാറിയത് ഒന്നുമല്ലല്ലോ അല്ലേ..? “അവൾ തന്നെ കളിയാക്കുകയാണ് എന്ന് മനസ്സിലായപ്പോൾ അയാൾക്ക് ചെറിയൊരു വിഷമം തോന്നി.

” രഘുവേട്ടനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഇത്രയും വർഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് രഘുവേട്ടന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചോദ്യം ഞാൻ കേൾക്കുന്നത്. അതിന്റെ അമ്പരപ്പു കൊണ്ട് ചോദിച്ചതാണ്.”

അവൾ പറഞ്ഞപ്പോൾ അയാൾ തലയാട്ടി.” തന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അച്ഛൻ മരിച്ചു പോയതിനു ശേഷം അമ്മ ഞങ്ങളെ വളർത്തി വലുതാക്കാൻ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.. അച്ഛന് അത്യാവശ്യം മദ്യപാനം ഒക്കെ ഉണ്ടായിരുന്നതുകൊണ്ട് സമ്പാദ്യമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല.

നാളെ എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മക്കൾക്കും കുടുംബത്തിനും നന്നായി ജീവിക്കാൻ കഴിയണം എന്നൊരു ആഗ്രഹമായിരുന്നു എന്റെ മനസ്സിൽ. അതുകൊണ്ടാണ് കിട്ടുന്ന പണം മുഴുവൻ സ്വരൂപിച്ച് വെച്ചത്.

ഓരോ ട്രിപ്പിന് പോകുമ്പോഴും എത്ര രൂപയുടെ ചെലവ് വരും എന്ന് ഞാൻ കണക്കു കൂട്ടും. ആ പണം കൊടുത്ത് വേറെ എന്തെങ്കിലും ചെയ്യാമല്ലോ എന്ന് ചിന്തിക്കും.. അതുകൊണ്ടാണ് ഓരോ തവണയും ഓരോരോ കാരണങ്ങൾ പറഞ്ഞു ഞാൻ ട്രിപ്പുകൾ മുഴുവൻ വേണ്ടെന്ന് വെച്ചത്.. ”

അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് സഹതാപം തോന്നി.”പിന്നെ പെങ്ങമ്മാരും കൂടി അങ്ങനെ തന്നെ പറയുമ്പോൾ അത് ശരിയാണെന്ന് ചിന്തിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷേ കഴിഞ്ഞ ദിവസം അളിയൻ എന്നെ കാണാൻ വന്നപ്പോൾ ഒരു കാര്യം പറഞ്ഞു.

അവരെല്ലാവരും കൂടി ഇടയ്ക്കിടയ്ക്ക് ട്രിപ്പ് പോകുന്ന കാര്യവും ഫോട്ടോകളും ഒക്കെ എന്നെ കാണിച്ചു. എന്നിട്ട് അവൻ എന്നോട് ചോദിച്ചു ചേട്ടത്തിയെ ഒരിക്കലെങ്കിലും ഇങ്ങനെ എവിടെയെങ്കിലും കൊണ്ടുപോയിട്ടുണ്ടോ എന്ന്..?

ഏട്ടന് ആഗ്രഹം ഒന്നുമില്ലെങ്കിലും ഏട്ടത്തിക്ക് വീട്ടിൽ വന്നു കയറിയ നാൾ മുതൽ ഇങ്ങനെ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങൾ ഉണ്ടായി കാണില്ലേ..? പെങ്ങന്മാരുടെ വാക്കുകേട്ട് അവരുടെ ഓരോരോ ആഗ്രഹങ്ങൾ തള്ളിക്കളയുമ്പോൾ അവർക്ക് എത്രമാത്രം വേദനിക്കുമെന്ന് ഏട്ടൻ ചിന്തിക്കാറുണ്ടോ..?

ആ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു എന്ന് തന്നെ പറയാം.. ഞാൻ ഓർത്തപ്പോൾ ശരിയാണ് അവരെല്ലാവരും ലൈഫ് എൻജോയ് ചെയ്യുന്നുണ്ട്.. ഞാൻ മാത്രം എന്തിനാണ് ഇങ്ങനെ വെറുതെ ജോലി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്..? അങ്ങനെ ആലോചിച്ചപ്പോൾ എവിടെയെങ്കിലും പോകാം എന്ന് തോന്നി..”

അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവൾ വേഗം തന്നെ അയാളെ കെട്ടിപ്പിടിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

” എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം എനിക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഇപ്പോഴെങ്കിലും അത് സാധിച്ചു തരാൻ തോന്നിയല്ലോ..!”

ആ നിൽപ്പിലും അവൾ പറയുന്നുണ്ടായിരുന്നു..അപ്പോഴും അവളോട് പറയാതെ അയാൾ ഉള്ളിലടക്കി വെച്ച മറ്റൊരു കാര്യമുണ്ടായിരുന്നു..

ഓരോ തവണയും അവളോടൊപ്പം എവിടെയെങ്കിലും പോകണം എന്ന് ആഗ്രഹവും പ്ലാനും വരുമ്പോൾ ആദ്യം പങ്കുവെച്ചിരുന്നത് സഹോദരിമാരായിരുന്നു. അപ്പോഴൊക്കെയും ഓരോരോ ന്യായങ്ങൾ പറഞ്ഞു ആ പ്ലാനുകൾ മുഴുവൻ ഇല്ലാതാക്കിയിരുന്നത് അവർ തന്നെയായിരുന്നു..

ഇനി ഒരുപക്ഷേ അങ്ങനെ ഒന്നും കേട്ടാൽ ഇനി അവർക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നൊരു ചിന്തയിൽ അയാൾ ഉള്ളിൽ അടക്കിവെച്ച ഒരു സത്യം…

Leave a Reply

Your email address will not be published. Required fields are marked *