“ഈ ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ നീ ഇനി എത്ര നാൾ ജീവിച്ചാലാ, ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത്, ഒരുപാട് ചിലവും

സ്വർഗ്ഗം
(രചന: ശ്യാം കല്ലുകുഴിയിൽ)

“ഈ ജോലിയും കൂലിയും ഇല്ലാത്തവന്റെ കൂടെ നീ ഇനി എത്ര നാൾ ജീവിച്ചാലാ, ഒരു പെൺകുട്ടിയാണ് വളർന്നു വരുന്നത്,

ഒരുപാട് ചിലവും കാര്യങ്ങളുമൊക്കെയുണ്ട് എന്നും ഈ അച്ചി വീട്ടീന്ന് തിന്നുറങ്ങി കഴിയുന്നത് നടക്കില്ല എന്നവനോട് നീ പറഞ്ഞേരെ….”

അന്നും രാവിലെ ജോലി തിരക്കി പോയിടത്ത് നിന്ന് നിരാശയോടെ മടങ്ങി വരുമ്പോഴാണ് മുറ്റത്ത് നിന്നേ അമ്മായിയമ്മയുടെ ശബ്ദം കേട്ടത്,

അത് കേട്ടപ്പോൾ വീട്ടിലേക്ക് കയറണോ വേണ്ടയോയെന്ന് ഒന്ന് ചിന്തിച്ചു, അൽപനേരം കഴിഞ്ഞും അവളുടെ ഭാഗത്ത്‌ നിന്ന് മറുത്ത് ഒരു വാക്ക് പോലും കേൾക്കാതെ വന്നപ്പോഴാണ് ആ വെയിലത്ത് തിരികെ നടന്നത്…

പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് മുഖത്തെ വിയർപ്പ് തുടയ്ക്കുമ്പോൾ രണ്ട് തുള്ളി കണ്ണുനീർ കൂടി അതിൽ പടർന്നിരുന്നു…

” ഒറ്റ മോളാണ്, വീട്ടുകാർ ലാളിച്ചു വളർത്തിയതാകും, അതിന്റെതായ പിടിവാശികളൊക്കെ കാണും പെണ്ണിനും, പെണ്ണിന്റെ വീട്ടുകാർക്കും, അത് കൊണ്ട് ഒന്നുകൂടി ആലോചിച്ചിട്ട് മതി ഈ ബന്ധം..

വീണയുടെ ആലോചന വന്നപ്പോൾ വീട്ടുകാരും കൂട്ടുകാരും അത് പറഞ്ഞെങ്കിലും,

വീണയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായത് കൊണ്ട് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാം എന്ന് നിർബന്ധിച്ചത് താൻ തന്നെ ആയിരുന്നു…

വീണയോട് കൂടുതൽ സംസാരിക്കുമ്പോഴും, അടുത്തറിയുമ്പോഴും ഒറ്റ മോൾ ആയതിന്റെ വാശിയോ നിർബന്ധങ്ങളോ ഒന്നും ഉള്ളതായി തോന്നിയിരുന്നില്ല,

അവൾക്ക് എല്ലാവരോടും സ്നേഹം തന്നെ ആയിരുന്നു, പതിയെ വീട്ടുകാർക്ക് അവളെ കുറിച്ചുള്ള തെറ്റിദ്ധാരണ അവൾ തന്നെ മാറ്റിയെടുത്തു …

” വീട്ടിൽ അച്ഛനും അമ്മയും മാത്രമല്ലെയുള്ളൂ, നമുക്ക് അങ്ങോട്ട് മാറിക്കൊണ്ട് ചേച്ചിയോട് ഈ വീട്ടിൽ താമസിക്കാൻ പറയാം, അവർ കുറെ ആയില്ലേ ഇങ്ങനെ വാടക വീട് മാറി മാറി…… ”

ഒരു രാത്രി വീണ എന്നോട് അത് പറയുമ്പോൾ ഞാൻ അർദ്ധസമ്മതത്തോടെ ഒന്ന് മൂളിയതേ ഉണ്ടായിരുന്നുള്ളു.

ഒരു കണക്കിന് അവൾ പറഞ്ഞത് ശരിയാണ്, അളിയനും ജോലി കുറവാണ് പിന്നെ രണ്ടു മക്കളുടെ പഠിപ്പ്, അതിന്റെ കൂടെ വീട്ടു വാടക, പലപ്പോഴും അവർ പണത്തിനായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്….

” നിനക്ക് ഷോപ്പിൽ വരാനും പോകാനും അവിടെ നിൽക്കുന്നതല്ലെ കുറച്ചൂടെ സൗകര്യം, പിന്നെ മോൾക്കും അത് ഒരു ആശ്വാസം ആകും രണ്ടാളും കുറെ കഷ്ടപ്പെടുന്നുണ്ട്. പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ് … ”

വീണ പറഞ്ഞ കാര്യങ്ങൾ അമ്മയോട് അവതരിപ്പിച്ചപ്പോഴാണ് അമ്മ എങ്ങും കൊള്ളിക്കാതെ അങ്ങനെ പറഞ്ഞത്, അതിന് ശേഷമാണ് വീണയുടെ വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചത് ..

വീണയുടെ വീട്ടിലും സ്വന്തം വീടുപോലെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു, അച്ഛനും അമ്മയ്ക്കും സ്വന്തം മോനെപ്പോലെ തന്നെ ആയിരുന്നു ഞാനും.

എല്ലാവരും സന്തോഷത്തോടെ തന്നെയായിരുന്നു അവിടെ കഴിഞ്ഞതും. മോൾ ജനിച്ചതോടെ ആ സന്തോഷം ഇരട്ടിയായതല്ലാതെ അൽപ്പം പോലും കുറഞ്ഞിരുന്നില്ല…..

പിന്നെയാണ് കടയിൽ കച്ചവടം കുറഞ്ഞുവന്നത്, പൈസ അവിടുന്നും ഇവിടുന്നും മറിച്ച് മറിച്ച് കൈവിട്ട് പോകും എന്നായപ്പോഴാണ് വീണയോട് കാര്യങ്ങൾ തുറന്ന് പറയുന്നത്,

ഒന്നും മിണ്ടാതെ അവൾ അടുത്തിരുന്ന് എല്ലാം കേട്ടുകഴിഞ്ഞ് അൽപനേരം എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു…

” ഇതെടുത്ത് എന്താന്ന് വച്ചാൽ ചെയ്ത് കടങ്ങൾ തീർക്ക്, നമുക്ക് ഇനി വേറെ എന്തേലും നോക്കാന്നേ , നിങ്ങൾ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നീറി നീറി ഇരിക്കേണ്ട…. ”

പിറ്റേന്ന് രാവിലെ അവളുടെ കുറച്ച് സ്വർണ്ണം എന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ടാണവൾ അത് പറഞ്ഞത്….

” എല്ലാം ശരിയാവും ഏട്ടാ , ഇതുപോയാൽ നമുക്ക് വേറെ എന്തേലും ജോലി നോക്കാം, നിങ്ങൾ ഇങ്ങനെ വിഷമിച്ചിരിക്കാതെ…. ”

കയ്യിൽ ഏൽപ്പിച്ച സ്വർണത്തിലേക്ക് നോക്കി തല കുമ്പിട്ട് ഇരിക്കുമ്പോഴാണ് അവൾ അരികിൽ വന്നിരുന്ന് അതുപറഞ്ഞ് എന്നെ സമാധാനിപ്പിച്ചത്….

പിന്നെ ദിവസങ്ങൾ കഴിഞ്ഞു പോകവേ അച്ഛന്റെയും അമ്മയുടെയും സ്വഭാവവും മാറി മാറി വന്നു,

ഇടക്കൊക്കെ കുത്തുവാക്കുകൾ കൊണ്ടവർ വേദനിപ്പിച്ചെങ്കിലും, ഇടയ്ക്ക് മോളോടും ദേഷ്യപ്പെടുന്നത് കണ്ടപ്പൊഴാണ് ഉള്ളിലെ സങ്കടം ഇരട്ടിച്ചത്,

എന്നാലും ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് കൂടെ നിന്ന വീണ ആയിരുന്നു ആശ്വാസം.

പക്ഷേ ഇന്നവൾ മറുത്ത് ഒരു വാക്ക് പോലും പറയാതെ ഇരുന്നപ്പോഴാണ് തീർത്തും തോറ്റു പോയത്…

എന്നെ കാണാത്തത് കൊണ്ട് ഇടയ്ക്ക് വീണ ഫോൺ ചെയ്തിരുന്നെങ്കിലും ആ സമയത്ത് വായിൽ തോന്നിയ കള്ളം എന്തോ പറയുകയായിരുന്നു.

പിന്നെ രാത്രി പതിവിലും വൈകിയാണ് മടിച്ചെങ്കിലും ആ വീട്ടിൽ കയറി ചെന്നത്….പതിവുപോലെ അച്ഛനും അമ്മയും ഹാളിൽ ടീവിയുടെ മുന്നിൽ ഇരിപ്പുണ്ട്,

പണ്ടൊക്കെ ഞാൻ വന്ന് കയറുമ്പോൾ ചിരിച്ചുകൊണ്ട് എന്തേലും സംസാരിക്കുന്നവർ ഇന്നിപ്പോ കണ്ട ഭാവം പോലും കാണിക്കാതെ ടീവിയിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

എന്നും ഹാളിൽ തൂക്കി ഇട്ടിരിക്കുന്ന കസേരയിൽ, മോളെയും മടിയിൽ ഇരുത്തി, മൊബൈൽ നോക്കി ആടിയിരിക്കുന്ന വീണയേയും മോളെയും മാത്രം അവിടെ കണ്ടിരുന്നില്ല…

” നീ എന്താ ലൈറ്റൊക്കെ അണച്ച് കിടക്കുന്നെ… ”മുറിയിൽ കയറി ലൈറ്റ് ഇട്ടപ്പോഴാണ് കട്ടിലിൽ കിടക്കുന്ന വീണയെ കാണുന്നത്….

” ഏയ്‌ ഒന്നുമില്ല വെറുതെ മോളോടൊപ്പം കിടന്നത… നിങ്ങളിതുവരെ എവിടെ ആയിരുന്നു…. ”

അവളുടെ ആ ചോദ്യത്തിന് ഒന്നും മിണ്ടാതെയാണ് ഡ്രസ്സ്‌ മാറി മോളുടെ അടുക്കൽ ചേർന്ന് കിടന്നത്. അപ്പോഴും വീണ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു….

” നിങ്ങൾ മ ദ്യപിച്ചിട്ടുണ്ടോ…. ”മോളുടെ മുടിയിൽ തഴുകി അവളെ ചേർന്ന് കിടക്കുന്ന എന്നോട് വീണ ചോദിക്കുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ മോളെ ചേർന്ന് കിടന്നതേയുള്ളു…

” നിങ്ങൾക്ക് കഴിക്കാൻ എടുക്കട്ടെ…..”വീണയുടെ ചോദ്യത്തിൽ പതിവില്ലാത്ത ഒരു ദേഷ്യം ഉണ്ടായിരുന്നു…” വേണ്ട…. ”

ഒറ്റവാക്കിൽ ഞാൻ മറുപടി ഒതുക്കുമ്പോൾ വീണ എഴുന്നേറ്റ് വാതിൽ അടച്ച് മുറിയിലെ ലൈറ്റും ഓഫ്‌ ആക്കി കട്ടിലിൽ വന്നിരുന്നു….” നീ ഒന്നും കഴിക്കുന്നില്ലേ…. ”

എന്റെ ചോദ്യത്തിന് അവൾ ഒന്നും മിണ്ടിയിരുന്നില്ല. കുറെ നേരം ആ ഇരുപ്പ് ഇരുന്ന ശേഷമാണ് മോളെ നീക്കി കിടത്തി അവൾ എന്റെ അരികിലേക്ക് വന്ന് കിടന്നത്…

” ഇത്ര നാൾ ഇല്ലാത്ത ഈ പുതിയ ശീലങ്ങളൊക്കെ എപ്പോഴാ തുടങ്ങിയത്… ”ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ അത് ചോദിക്കുമ്പോൾ വാക്കുകളിൽ നിറയെ പരിഭവം ഉണ്ടായിരുന്നു….

അവൾ അത് ചോദിക്കുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി കിടന്നതേയുള്ളു…..

” ഞാൻ പറഞ്ഞിട്ടില്ലേ മോളുടെ പ്ലെ സ്കൂൾ നടത്തുന്നത് എന്റെ ഒരു സുഹൃത്ത് ആണെന്ന്, അവൾ അന്നേ പറഞ്ഞതാ വീട്ടിൽ വെറുതെ ഇരിക്കാതെ അവിടെ ചെല്ലാൻ,

അവൾക്ക് ഒരു സഹായവും എനിക്കൊരു വരുമാനവും ആകുമെന്ന് അവൾ അന്ന് പറഞ്ഞപ്പോൾ ഞാൻ വല്യ കാര്യം ആക്കിയില്ല,,,, ”

വീണ പകുതി പറഞ്ഞു നിർത്തുമ്പോൾ അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക് മനസ്സിലായി തുടങ്ങിയിരുന്നു….

” ഞാൻ ഇന്നവളെ വിളിച്ചിരുന്നു, അവൾ പറഞ്ഞ ജോലി ഇപ്പോഴും ഉണ്ട്, എപ്പോഴെന്ന് വച്ചാൽ ചെന്നാൽ മതിയെന്നാണ് അവൾ പറഞ്ഞത്…. ”

വീണ അത് പറയുമ്പോൾ ഞാൻ ഒന്ന് മൂളിയതേയുള്ളൂ….പിന്നെയും കുറെ നേരം ഒന്നും മിണ്ടാതെ കിടന്ന ശേഷമാണ് അവൾ നെഞ്ചിലേക്ക് തല വച്ച് എന്നെ ചേർന്ന് കിടന്നത്…..

” അവളുടെ വീടിന്റെ മുകളിൽ രണ്ട് മുറി ഒഴിഞ്ഞു കിടപ്പുണ്ട് നമുക്ക് അവിടേക്ക് താമസം മാറാം…… ”നെഞ്ചിൽ കിടന്ന് അത് പറയുമ്പോഴാണ് ഞാൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്,

അപ്പോഴേക്കും അവൾ വാശിയോട് വീണ്ടും എന്നെ മുറുക്കെ പിടിച്ചു കിടന്നതേയുള്ളു, പതിയെ അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലേക്ക് പടരുന്നത് ഞാൻ അറിഞ്ഞിരുന്നു….

” വീണേ….. ”അവളുടെ മുടിയിൽ തഴുകി മെല്ലെ വിളിക്കുമ്പോൾ അവൾ ആർദ്രമായി ഒന്ന് മൂളിയതെയുള്ളൂ….

” ഞാൻ കണ്ടിരുന്നു ഉച്ചയ്ക്ക് തല കുമ്പിട്ട് മുറ്റത്ത് നിൽക്കുന്ന ആളിനെ, അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ കയറിവന്ന് എന്നെയും മോളെയും വിളിച്ചിറക്കി ഈ വീട്ടിൽ നിന്ന് ഇറങ്ങും എന്ന് ഞാൻ കരുതി, അത് തന്നെയാണ് ഞാൻ കൊതിച്ചതും. പക്ഷേ…… ”

” എടോ…. അത്….. ”അവൾ പകുതി വച്ച് നിർത്തുമ്പോൾ മറുപടി എന്ത്‌ പറയണം എന്നറിയാതെ ഞാനും കുഴഞ്ഞു…

” നിങ്ങൾ എന്റെ ഭർത്താവാണ്, ആ കിടക്കുന്നത് നമ്മുടെ മോളും, നിങ്ങൾ രണ്ടും തന്നെയാണ് എനിക്ക് വലുത്, അത് ഏതൊരു പെണ്ണിനും അങ്ങനെ തന്നെയാണ്,

നിങ്ങൾ നാണം കെട്ട് നിൽക്കുന്നിടത്ത് ഞാനും നിൽക്കില്ല, ഉള്ളത് കൊണ്ട് നമുക്ക് സന്തോഷത്തോടെ ജീവിക്കാം, പട്ടിണി എങ്കിൽ പട്ടിണി അത് ഞാനും മോളും സഹിച്ചോളാം…. ”

അത് പറഞ്ഞ് നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ പൊട്ടി കരയുമ്പോൾ എന്ത്‌ പറയണം എന്നറിയാതെ അവളുടെ മുടിയിൽ തഴുകി കിടക്കുന്ന എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

” അമ്മയുടെയും അച്ഛന്റെയും കുത്ത് വാക്കുകൾ കേട്ട് തുടങ്ങിയ നിമിഷം നിന്നെയും മോളെയും കൊണ്ട് ഇവിടെ നിന്ന് ഇറങ്ങാൻ തോന്നിയതാണ്,

പക്ഷേ….. നാളെ ഒരു പക്ഷേ ഇതുപോലെ സൗകര്യങ്ങൾ കിട്ടിയില്ലന്ന് വരാം, ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വന്നേക്കാം,

ഇതുവരെ നിനക്ക് പരിചയം ഇല്ലാത്ത ജീവിതത്തിൽ കൂടി കടന്ന് പോകുമ്പോൾ ഒരു പക്ഷേ നിനക്കെന്നോട് ദേഷ്യം തോന്നിയാലോ, ഞാൻ നിന്റെയും കൂടി ജീവിതം നശിപ്പിച്ചു എന്ന് തോന്നിയാലോ,

അവസാനം നീ എന്നെ തനിച്ചാക്കി പോയാലോ…. ഞാൻ പലതും കണ്ടില്ലെന്ന് നടിച്ചാൽ നീയും മോളും സന്തോഷത്തോടെ ഇരിക്കുമല്ലോ……. ”

എന്റെ വാക്കുകൾ എവിടെയൊക്കെയോ ഇടറിയിരുന്നു, അത് പറഞ്ഞു കഴിയുമ്പോൾ വീണ തല ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നു …

” ഏട്ടൻ എന്നെ കുറിച്ച് ഇതാണോ കരുതിയിരിക്കുന്നത്, നിങ്ങളുടെ ഉള്ളിലെ സന്തോഷം കളഞ്ഞിട്ട് എന്തിനാ ഏട്ടാ ഇങ്ങനെ സന്തോഷം അഭിനയിക്കുന്നത്,

പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അമ്മയുടെയും അച്ഛന്റെയും കുത്ത് വാക്കുകൾ കേൾക്കുമ്പോൾ മറുത്ത് എന്തേലും ഒന്ന് പറഞ്ഞിരുന്നെങ്കിലെന്ന്…

നിങ്ങൾ നിങ്ങളായി തന്നെ ജീവിച്ചാൽ മതി മറ്റുള്ളവർക്ക് വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി എത്ര നാളിങ്ങനെ…. ”അത് പറഞ്ഞവൾ വീണ്ടും മുഖം നെഞ്ചിലേക്ക് താഴ്ത്തി…..

” നാളെ തന്നെ നമുക്ക് ഇവിടെ നിന്ന് മറാം, സന്തോഷം ആയാലും സങ്കടം ആയാലും ഒരുമിച്ച് നേരിടാം, പട്ടിണി ആയാലും സാരമില്ല സമാധാനത്തോടെ മനസ്സ് തുറന്ന് ഉള്ളത് കൊണ്ട് നമുക്ക് സന്തോഷത്തോടെ ജീവിക്കാം….. ”

അവളത് പറഞ്ഞ് ചേർത്ത് പിടിച്ച് കിടക്കുമ്പോൾ അവളെ ഒന്ന് കൂടി മുറുക്കെ പിടിച്ചിരുന്നു…..” അതേ ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല എനിക്ക് നല്ല വിശപ്പുണ്ട്…. ”

ആ കിടപ്പ് കുറെ നേരം കിടന്ന ശേഷമാണ് അവൾ തല ഉയർത്തി വയറും തടവി ഒരു ചിരിയോടെ പറഞ്ഞത്….

” എനിക്കും….. ” ഞാനും അതുപോലെ വയറും തടവി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്…..” എന്നാ വാ….. ”

അവൾ എഴുന്നേറ്റ് എന്റെ കയ്യും പിടിച്ചു വലിച്ചാണ് ശബ്ദം ഉണ്ടാക്കാതെ മുറിയിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് നടന്നത്, പിന്നാലെ ഞാനും….

” അമ്മ പണി തന്നു ബാക്കി ചോറും ഇല്ല കറിയും ഇല്ല…. ”അവൾ നടുവിന് കയ്യും താങ്ങി നിന്ന് അത് പറയുമ്പോൾ ആദ്യം ചിരിയാണ് വന്നത്….

” ദോശ മാവ് ഫ്രിഡ്ജിൽ കാണും…. ” അത് പറഞ്ഞവൾ ഫ്രിഡ്ജ് തുറന്ന് മാവ് പുറത്തേക് എടുത്തു….

” തൽക്കാലം നമുക്ക് ദോശയും പഞ്ചസാരയും കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം…. ” എന്ന് പറഞ്ഞവൾ ദോശ കല്ല് അടുപ്പിലേക്ക് വച്ചു….” താൻ ഇവിടെ ഇരിക്ക് ഞാൻ ദോശ ചുടാം…. ”

അത് പറഞ്ഞ് അവളെ മാറ്റി ദോശ ചുടാൻ നിൽക്കുമ്പോൾ വീണ അടുപ്പിന്റെ സ്ലാബിൽ കയറി എന്നെയും നോക്കി ഇരുന്നു, ആ സമയത്ത് അവൾക്കൊരു പ്രത്യേക സൗന്ദര്യം ഉള്ളത് പോലെ എനിക്ക് തോന്നി….

ചൂട് ദോശ പാത്രത്തിലേക്കിട്ട് അതിന്റെ സൈഡിൽ കുറച്ച് പഞ്ചസാരയും തട്ടിയിട്ട് അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ എന്റെ മുഖത്ത് നോക്കി വായും തുറന്ന് ഇരിക്കുകയായിരുന്നു.

കുറച്ച് ദോശ നുള്ളിയെടുത്ത് അത് പഞ്ചസാരയിൽ മുക്കി അവളുടെ വായിൽ വച്ച് കൊടുക്കുമ്പോൾ അവൾ കണ്ണും അടിച്ചിരുന്ന് അത് കഴിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗി ആയിരുന്നു….

അവളും ദോശ എന്റെ വായിലേക്ക് വച്ച് തരുമ്പോൾ കല്യാണം കഴിഞ്ഞ് ഇത്രയും വർഷം എടുത്തല്ലോ ഇങ്ങനെയുള്ള സന്തോഷ നിമിഷങ്ങൾ ജീവിതത്തിൽ ആസ്വദിക്കാൻ എന്ന ചിന്തയിൽ ആയിരുന്നു ഞാൻ….

അടുക്കളയിലെ തട്ടും മുട്ടും കേട്ടാകും അവളുടെ അമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നത്, അടുക്കള വാതിലിൽ നടുവിന് കയ്യും താങ്ങി അവർ ഞങ്ങളെ തന്നെ നോക്കി നിന്നു…

” രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് ഭയങ്കര വിശപ്പ് ഉറക്കം വരുന്നില്ല….. ” വാതിൽക്കൽ നിൽക്കുന്ന അമ്മയോട് അത് പറയുമ്പോൾ അമ്മയുടെ നോട്ടത്തിൽ ഉള്ളിലെ ദേഷ്യം മൊത്തം പുറത്ത് കാണാമായിരുന്നു….

” നോക്കി നിൽക്കാതെ വേഗം ദോശ ചുടടി, മനുഷ്യനിവിടെ വിശന്ന് കണ്ണ് കാണാൻ വയ്യാ…. ”

വീണയോട് അൽപ്പം ഉച്ചത്തിൽ പറഞ്ഞതും അമ്മായിയമ്മ നിന്ന സ്ഥലം കാലിയാക്കി ഓടി കഴിഞ്ഞിരുന്നു. വീണയിൽ നിന്ന് അടക്കി പിടിച്ച ചിരിയും കേട്ടിരുന്നു….

പിറ്റേന്ന് ആ വീട്ടിൽ നിന്ന് വീണയെയും മോളെയും കൂട്ടി ഇറങ്ങുമ്പോൾ ഇതൊക്കെ എവിടെ വരെ പോകും എന്നുള്ള ഭാവത്തിൽ ആയിരുന്നു അച്ഛനും അമ്മയും…

വീണയുടെ കൂട്ടുകാരിയുടെ വീടിന്റെ മുകളിലെ ചെറിയ രണ്ട് മുറികൾക്ക് അവളുടെ വീട്ടിലും വല്യ വിശാലതയും, അവിടുത്തേലും വല്യ സന്തോഷവും ആയിരുന്നു.

ജീവിതത്തിൽ ആസ്വദിക്കാൻ കഴിയാതെ പോയ നല്ല നിമിഷങ്ങൾ കൊണ്ട് ആ കുഞ്ഞു മുറി സ്വർഗ്ഗം ആകുകയായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *