പണത്തിനു പിന്നാലെ പോകുമ്പോൾ
(രചന: അരുണിമ ഇമ)
“എന്നാലും ആ പെങ്കൊച്ചിന് എന്തിന്റെ കേടായിരുന്നു? തങ്കം പോലെ ഒരു കൊച്ച്.. ഇട്ടു മൂടാനുള്ള സ്വത്തും.. എന്നിട്ടും അത് ഈ കടുംകൈ ചെയ്തല്ലോ..”
തടിക്ക് കൈ ഊന്നിക്കൊണ്ട് സരസ്വതി പറഞ്ഞത് ശരിയാണെന്ന് മാറ്റി ചന്ദ്രിക തല കുലുക്കി.
“ഇപ്പോഴത്തെ പെൺപിള്ളേർ അല്ലേ..? വല്ല പ്രേമവും ഉണ്ടാകും.. അതിന്റെ എന്തെങ്കിലും പ്രശ്നത്തിൽ ആയിരിക്കും..”
തന്റെ ഉള്ളിലെ സംശയം മറച്ചു വെക്കാതെ ചന്ദ്രിക പറഞ്ഞു.” അത് ശരിയാ.. ഈ പെൺകൊച്ച് മുഖമുയർത്തി ഒരു മനുഷ്യനോട് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ”
സരസ്വതിയും ആ അഭിപ്രായത്തോട് യോജിച്ചു. ഇരുവരുടെയും ചർച്ചകൾ സ്വന്തം താല്പര്യത്തിനു അനുസരിച്ച് മുന്നോട്ടുപോയി.
അപ്പോഴും ആ പെൺകുട്ടിയെ കുറിച്ചോ അവൾ എന്തിന് ആ ത്മഹത്യ ചെയ്തു എന്നതിനെ കുറിച്ചോ അവർ ചിന്തിച്ചില്ല.
ആ വലിയ വീട്ടിൽ വെറും നിലത്ത് ഇരുന്നു അച്ഛനുമമ്മയും ചിന്തിച്ചതും അതിനെക്കുറിച്ച് തന്നെയായിരുന്നു. സുഖസൗകര്യങ്ങൾ ഒരുപാടുള്ള വീടാണ്.
തങ്ങൾ ചെറിയ പ്രായത്തിൽ കഷ്ടപ്പെട്ടതു പോലെ മകൾ കഷ്ടപ്പെടരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ സുഖസൗകര്യങ്ങളും അവൾക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു.
താങ്കളുടെ ജീവിതത്തിലെ വലിയൊരു പങ്ക് അതിനു വേണ്ടിയാണ് ചെലവഴിച്ചത്. അവൾക്ക് ദുഃഖം തോന്നുന്ന തരത്തിൽ ഒന്നും തന്നെ ഈ വീട്ടിൽ ഉണ്ടായിരുന്നില്ല.
എന്നിട്ടും എന്തിനാണ് അവൾ ഒരു സുപ്രഭാതത്തിൽ തന്റെ ജീവൻ വെടിഞ്ഞത് എന്ന് അച്ഛനും അമ്മയ്ക്കും സംശയമായി.
മകളുടെ നിശ്ചലമായ ശരീരത്തിലേക്ക് ഓരോ നിമിഷം നോട്ടം എത്തുമ്പോഴും അവർക്ക് സ്വയം പുച്ഛം തോന്നി.
അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ തന്നെ അതൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ല എന്ന് വേദനയോടെ അവർ ചിന്തിച്ചു.
അവളുടെ ശരീരം തെക്കേ തൊടിയിലേക്ക് എടുക്കുമ്പോഴും ദഹിപ്പിക്കുമ്പോഴും അമ്മ ആർത്തു കരഞ്ഞു.
അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഹൃദയ വേദനയെക്കാൾ തീരെ ചെറുതായിരുന്നില്ല.
ചടങ്ങുകളൊക്കെ കഴിയുമ്പോഴും ഇടക്കിടെ കേൾക്കുന്ന നാട്ടുകാരുടെ മുറുമുറുപ്പ് അവർ ശ്രദ്ധിച്ചിരുന്നു.
ആ കുട്ടിയുടെ ആ ത്മഹത്യ എന്തിനാണ് എന്ന് അറിയുന്നത് വരെയും നാട്ടുകാർ ഇങ്ങനെ ഓരോന്ന് പറയും എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
” ആ കൊച്ച് ഗർഭിണി എങ്ങാനും ആയിരിക്കും. നാട്ടുകാർ അറിഞ്ഞ് നാണക്കേട് ആകേണ്ട എന്ന് കരുതി ആയിരിക്കും ഇപ്പോൾ ഇങ്ങനെ ഒരു സാഹസം കാണിച്ചത്.”
കൂട്ടത്തിലാരോ പറഞ്ഞതുകേട്ട് ആ അമ്മ അലറിക്കരഞ്ഞു. താങ്കളുടെ മകൾ മരിച്ചതിനേക്കാൾ കൂടുതൽ അവരെ വേദനിപ്പിച്ചത് നാട്ടുകാരുടെ ഇത്തരത്തിലുള്ള സംസാരമായിരുന്നു.
ഡെഡ് ബോഡിയെ പോലും വിടാതെ അവർ അവരുടെ ഊഹാപോഹങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഒക്കെയും കേട്ട് ഒന്നും പ്രതികരിക്കാനാവാതെ ഉള്ളു നീറി ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു.
ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞു പോയപ്പോഴാണ് അവർക്ക് സമാധാനം കിട്ടിയത്. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അവർ ഇരുവരും ആ വീട്ടിൽ തനിച്ചായി.
വീടിനുള്ളിൽ അത്രയും ദിവസങ്ങൾ അടച്ചിരുന്നതുകൊണ്ടു തന്നെ അവർക്ക് വല്ലാത്ത മടുപ്പ് തോന്നി. കുറെ കാലങ്ങളായി അവർക്ക് അങ്ങനെ ഒരു പതിവില്ല.
രാവിലെ ഓഫീസിലേക്ക് പോകും. രാത്രി വൈകി മടങ്ങിവരും. അതിനിടയ്ക്ക് ഉള്ള വീട്ടിലെ കാര്യങ്ങളൊന്നും തന്നെ അന്വേഷിച്ചിട്ടില്ല.
മകളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടി ഒരു സർവെന്റിനെ ഏർപ്പാടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തിൽ പ്രത്യേകിച്ച് ടെൻഷന്റെ ആവശ്യം ഒന്നും വേണ്ടി വന്നില്ല.
ബെഡിൽ വെറുതെ ചാരി ഇരുന്നപ്പോൾ അമ്മയ്ക്ക് മകളുടെ മുറിയിലേക്ക് ഒന്ന് പോകണം എന്ന് തോന്നി. അവർ ധൃതിയിൽ എഴുന്നേറ്റ് ആ മുറി ലക്ഷ്യമാക്കി നടന്നു.
താൻ ഈ മുറിയിലേക്ക് കയറിയിട്ട് നാളുകൾ ഒരുപാട് ആയി എന്ന് മുറി തുറന്ന് അകത്തേക്ക് കയറിയപ്പോൾ അവർ ഒരു നിമിഷം ചിന്തിച്ചു. അവർക്ക് ജാള്യത തോന്നി.
അവരുടെ കണ്ണുകൾ ആർത്തിയോടെ തന്റെ മകളുടെ മുറിയിലെ ഓരോ വസ്തുവിലേക്ക് പാഞ്ഞു നടന്നു. മുറിയിൽ കിടക്കുന്ന ടേബിളിൽ ഇരിക്കുന്ന ഫാമിലി ഫോട്ടോ.
എപ്പോഴോ അവർ മൂന്നുപേരും ചേർന്ന് എടുത്തത്. ഈ അടുത്തകാലത്ത് ഉള്ളത് ഒന്നുമല്ല. അവൾ ചെറുതായിരിക്കുമ്പോൾ ഉള്ള ഫോട്ടോയാണ്.
അതിനുശേഷം അത്തരത്തിൽ ഒരു ഫോട്ടോ ഇതുവരെയും എടുത്തിട്ടില്ല എന്ന് ഞെട്ടലോടെ അവർ തിരിച്ചറിഞ്ഞു.
അതിന് പോലും സമയമില്ലാത്ത വണ്ണം തങ്ങൾ തിരക്കിൽ ആയിരുന്നോ എന്ന് അവർ ആ നിമിഷം ചിന്തിച്ചു.
ടേബിളിൽ അവൾ പഠിക്കുന്ന ബുക്കുകൾ ഒക്കെ ഉണ്ടായിരുന്നു. അവരുടെ കൈകൾ വെറുതെ അതിനെ തലോടി.
തന്റെ മകളെ കാലങ്ങളായി താൻ ഇങ്ങനെ തലോടാറില്ലായിരുന്നു എന്ന് അവർ ഓർത്തു. അവളെ ഒന്നു ചേർത്തു പിടിച്ചിട്ട് തന്നെ നാളുകളായി.
അവൾ അതൊക്കെ ആഗ്രഹിച്ചിട്ടുണ്ടാകുമോ? അവളുടെ ആ ആഗ്രഹം നടത്താതെയാണ് അവൾ മടങ്ങി പോയതെങ്കിൽ ഒരു അമ്മ എന്ന നിലയിൽ താൻ വലിയ ഒരു പരാജയം ആണെന്ന് അവർക്ക് തോന്നി.
പെട്ടെന്ന് അവരുടെ കണ്ണുകൾ ടേബിളിൽ ഇരിക്കുന്ന ഒരു കട്ടിയുള്ള പുസ്തകത്തിലേക്ക് പാഞ്ഞെത്തി. അവർ അത് തുറന്നു നോക്കി. അവളുടെ ഡയറി ആയിരുന്നു അത്.
മകൾക്ക് അങ്ങനെ ഒരു ശീലം ഉണ്ടോയെന്ന് അവർ ആശ്ചര്യത്തോടെ ചിന്തിച്ചു. അതിൽ അവൾ എഴുതിയിട്ടുള്ളത് എന്തൊക്കെയാണെന്ന് അറിയാൻ അവർക്ക് ഒരു വ്യഗ്രത തോന്നി.
നാട്ടുകാർ പറഞ്ഞതുപോലെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആ ഡയറിയിൽ ഉണ്ടായിരിക്കുമല്ലോ.അവളുടെ ബെഡിലേക്ക് ഇരുന്നുകൊണ്ട് അവർ ആ ഡയറി തുറന്നു.
” ഇന്ന് എന്റെ ജന്മദിനം ആയിരുന്നു.. എന്റെ അച്ഛനോ അമ്മയോ ഓർക്കാതെ പോയ ജന്മദിനം.
അവർ ആരെങ്കിലും എന്നെ ഒന്ന് വിഷ് ചെയ്യും എന്ന് കരുതി രാവിലെ തന്നെ ഞാൻ ഉണർന്നിരുന്നു. പക്ഷേ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഇരുവരും തങ്ങളുടെ തിരക്കുകളിലേക്ക് പോയി. ”ആദ്യ പേജിൽ എഴുതിയിരുന്ന വാക്കുകൾ ഞെട്ടലോടെയാണ് അവർ വായിച്ചത്.
മകളുടെ ജന്മദിനം പോലും ഓർത്തു വയ്ക്കാൻ സാധിക്കാത്ത വിധം പരാജയമായിരുന്നു തങ്ങൾ എന്ന മാതാപിതാക്കൾ എന്ന് ഒരു നിമിഷം അവർ ചിന്തിച്ചു.
പിന്നീടുള്ള താളുകളിൽ അവൾ എഴുതിയിരുന്നത് അവളുടെ ദുഃഖമായിരുന്നു. അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും പരിഭ്രമങ്ങളും പരിഭവങ്ങളും അതിൽ നിറഞ്ഞു നിന്നിരുന്നു.
അച്ഛനോടും അമ്മയോടും പറയണമെന്ന് അവൾ ഒരുപാട് ആശിച്ച ഒത്തിരി ഒത്തിരി കാര്യങ്ങൾ അതിനുള്ളിൽ ഉണ്ടായിരുന്നു.
ഓരോ വാക്കും വായിക്കുമ്പോൾ അമ്മ എന്ന നിലയിൽ താൻ തികഞ്ഞ പരാജയമാണെന്ന് അവർ ഉറപ്പിച്ചു. പണത്തിനു പിന്നാലെ പാഞ്ഞു നടന്നത് മകൾക്ക് സുഖസൗകര്യങ്ങൾ കൊടുക്കാൻ വേണ്ടിയായിരുന്നു.
പക്ഷേ അതിനിടയിൽ അവൾക്ക് ഒരു മനസ്സ് ഉണ്ടെന്നോ അച്ഛനെയും അമ്മയെയും ആഗ്രഹിക്കുന്ന സമയം ഉണ്ടെന്നോ ചിന്തിച്ചില്ല.
ഡയറിയുടെ അവസാന താളുകളിലേക്ക് അവർ കടക്കുമ്പോൾ അവരുടെ കണ്ണുകളിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ കണ്ണുനീർ ഉണ്ടായിരുന്നു.
“ഇന്ന് അജിത് സാർ എന്നോട് മോശമായി പെരുമാറി. എന്റെ സ്വ കാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കാൻ ശ്രമിച്ചു. അയാളിൽ നിന്ന് ഓടിയൊളിക്കാൻ ആണ് ഞാൻ ശ്രമിച്ചതും.
എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തിയിട്ടും എന്റെ ഭയം മാറുന്നുണ്ടായിരുന്നില്ല. എനിക്ക് എന്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ ഈ വീടിനുള്ളിൽ ആരുമില്ല.
സ്വന്തം അച്ഛനും അമ്മയ്ക്കും സമയമില്ല. അവർ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്ന ജോലിക്കാരി അവരുടെ ജോലി മാത്രം ചെയ്യുന്നു.
അല്ലെങ്കിൽ തന്നെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് ഉത്തരവാദിത്വം ആണ് അവർക്ക് എന്നോട് ഉണ്ടാകേണ്ടത്? അമ്മ ഒന്ന് വന്നിരുന്നെങ്കിൽ..
എന്നെ ചേർത്തുനിർത്തി എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടോ എന്ന് ഒന്ന് അന്വേഷിച്ചിരുന്നു എങ്കിൽ.. ഞാൻ ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നുണ്ട്..”
ആ വാക്കുകൾ അവർക്ക് വല്ലാത്ത ഞെട്ടൽ നൽകി. മകൾ മരിക്കുന്നതിന് രണ്ടു ദിവസം മുൻപുള്ള ഡയറിക്കുറിപ്പ് ആയിരുന്നു അത്.
മകളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആ സമയത്ത് പോലും അവളെ ആശ്വസിപ്പിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്ന് അവർ ഓർത്തു.
” ഇന്ന്.. അയാൾ.. ആ മൃഗം എന്നെ ഉപദ്രവിച്ചു. എന്റെ കരച്ചിൽ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ വേദന അറിയാനും ആരുമില്ല.. ”
ആ വാക്കുകൾ അവരെ കൂടുതൽ സങ്കടത്തിൽ ആക്കി. പഠിപ്പിക്കുന്ന അധ്യാപകനാൽ തന്നെ പീഡിപ്പിക്കപ്പെട്ട ഒരാളാണ് തന്റെ മകൾ എന്ന് ആ നിമിഷമാണ് അവർ തിരിച്ചറിഞ്ഞത്.
” ഇനി ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഉണ്ട് എന്ന് തോന്നുന്നില്ല.. അഥവാ ജീവിച്ചാൽ തന്നെ നാണം കെട്ട് ജീവിക്കേണ്ടി വരും.
അയാളുടെ കയ്യിൽ എന്റെ ന ഗ്ന ഫോട്ടോകളും വീഡിയോകളും ഉണ്ട് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇനിയും ഞാൻ അയാൾക്ക് വഴങ്ങി കൊടുക്കണമെന്ന്..
അയാൾ വിളിക്കുന്നിടത്തൊക്കെ ചെല്ലണമെന്ന്.. അങ്ങനെ നാണം കെട്ട് ജീവിക്കാൻ എന്നെ കിട്ടൂല.. എന്റെ ജീവിതം ഇവിടെ അവസാനിച്ചാലും സന്തോഷത്തോടെ ഞാൻ മരണത്തെ സ്വീകരിക്കും.. ”
അവസാന താളുകളിലെ വാക്കുകൾ അതായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ പൊട്ടിക്കരഞ്ഞു.
അവളുടെ സങ്കടം പറയാൻ തങ്ങളിൽ ആരെങ്കിലും അവളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
അവളെ ആശ്വസിപ്പിച്ച് ചേർത്തു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ, അവളെ തങ്ങൾക്ക് നഷ്ടമാകുമായിരുന്നില്ല .
പണത്തിനു പിന്നാലെ പോയപ്പോൾ ശിഥിലമായി പോയ തന്റെ മക്കളുടെ ഭാവിയോർത്ത് കണ്ണീരൊഴുക്കാൻ മാത്രമേ ആ നിമിഷം അമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ.