(രചന: അംബിക ശിവശങ്കരൻ)
നന്ദൻ ജോലി കഴിഞ്ഞു വന്നത് മുതൽ ശ്രദ്ധിക്കുകയാണ് തന്റെ ഭാര്യയുടെ മുഖത്ത് എന്തെല്ലാമോ വിഷമമുള്ളത് പോലെ…
അവന്റെ മുന്നിൽ തന്റെ സങ്കടം കഴിയാവുന്നത്ര ഒളിച്ചു വയ്ക്കാൻ അവൾ പാടുപെടുന്നുണ്ട് എങ്കിലും അത് ശ്രമം കണ്ടില്ല.
“എന്താ ചിന്നു നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്? രാവിലെ ഞാൻ ഇറങ്ങുമ്പോൾ ഒക്കെ നല്ല ഹാപ്പി ആയിരുന്നല്ലോ. ഇപ്പോൾ എന്തുപറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടായോ?”
അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവനത് ചോദിച്ചതും അത്രയും നേരം അടക്കി വെച്ചിരുന്ന കണ്ണീർ അണപൊട്ടി ഒഴുകാൻ തുടങ്ങി.
“എന്താടി എന്തിനാ നീ ഇങ്ങനെ കരയുന്നത് എന്നെ കൂടി ടെൻഷൻ ആക്കാതെ കാര്യം പറ മോളെ…”
അവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.കരച്ചിൽ അടക്കാൻ കുറച്ചു നിമിഷം എടുത്തെങ്കിലും അവൾ അവനോട് കാര്യം പറഞ്ഞു.
“ഇന്ന് അമ്പിളി ചിറ്റയും അമ്മുവും വന്നിരുന്നു അമ്മുവിന് മൂന്നുമാസം വിശേഷമുണ്ട്…”അത് കേട്ടപ്പോഴേ കാര്യങ്ങൾ ഏറെക്കുറെ അവന് വ്യക്തമായിരുന്നു.
” നമ്മുടെ കല്യാണം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞല്ലേ അവരുടെ കല്യാണം കഴിഞ്ഞത്…അമ്പിളിച്ചിറ്റ അമ്മുവിന്റെ കാര്യം പറയുന്നതിനൊപ്പം എനിക്ക് വിശേഷം ഉണ്ടോ എന്നുകൂടി ചോദിച്ചു. അമ്മ ആ നിമിഷം തൊട്ട് എന്നോട് മിണ്ടിയിട്ടില്ല നന്ദേട്ടാ….ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്? ”
അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.”അയ്യേ… നീ എന്താ ചിന്നു കൊച്ചുകുട്ടികളെപ്പോലെ….അമ്മ അതൊന്നും ഉദ്ദേശിച്ചു കാണില്ല നിനക്കറിയില്ലേ അമ്മയെ?”
” അല്ല നന്ദേട്ടാ….ഇത് അങ്ങനെയല്ല അമ്മയുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചതാണ് എപ്പോഴും പിണങ്ങുന്നത് പോലെയല്ല ഇത്. ”
” കുറച്ചുനാളുകളായി അമ്മ എന്നോട് ഒരു അകലം പാലിക്കുകയാണ്. ഞാൻ എന്ത് ചോദിച്ചാലും ആർക്കോ വേണ്ടി എന്ന പോലെയാണ് മറുപടി പറയുന്നത്. എനിക്ക് അത് മനസ്സിലാകുന്നുണ്ട് നന്ദേട്ടാ… എനിക്ക് അത് മനസ്സിലാകുന്നുണ്ട്. “കണ്ണുനീർ തുടച്ചുകൊണ്ട് സ്വയബോധം നഷ്ടപ്പെട്ടത് പോലെ അവൾ തുടർന്നു.
” അമ്മയെ പറഞ്ഞിട്ടും കാര്യമില്ല നന്ദേട്ടാ… എത്ര നാളായി അമ്മയും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാനും താലോലിക്കാനും ഒക്കെ അമ്മയ്ക്കും കൊതി കാണില്ലേ? അതും നന്ദേട്ടൻ ഒറ്റ മകനും. അപ്പോൾ നന്ദേട്ടനിലൂടെ മാത്രമേ തന്റെ തലമുറയെ അമ്മയ്ക്ക് കാണാനാകൂ… ”
” നമ്മുടെ പ്രണയം അംഗീകരിച്ച് എന്നെ മരുമകളായി സ്വീകരിച്ചപ്പോൾ ഇത്രയും വലിയ നിർഭാഗ്യം തലയിൽ പേറേണ്ടി വരുമെന്ന് അമ്മയൊരിക്കലും കരുതി കാണില്ല. “അവൾ നെഞ്ച് തകർന്ന് കരയുന്നത് കണ്ട് അവന്റെയും കണ്ണു നിറഞ്ഞു.
“എത്ര വർഷങ്ങളായി നമ്മൾ കാത്തിരിക്കുന്നു നന്ദേട്ടാ.. എത്ര ചികിത്സിച്ചു…കേണു തൊഴാത്ത ദൈവങ്ങൾ ഇനിയും ബാക്കിയുണ്ടോ? എന്നിട്ടും….. മടുത്തു തുടങ്ങിയിരിക്കുന്നു എനിക്ക്…. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും നശിച്ചതുപോലെ…..”
വീണ്ടും ഒരു നിമിഷം എന്തോ ചിന്തിച്ചതിനുശേഷം അവൾ തുടർന്നു.”ഞാനൊരു കാര്യം പറഞ്ഞാൽ നന്ദേട്ടൻ മറുത്തൊന്നും പറയരുത്””എന്താ?”
അവൻ ആകാംക്ഷയോടെ ചോദിച്ചു.”ഞാൻ ഗർഭിണിയാണെന്ന് എല്ലാവരെയും പറഞ്ഞു പറ്റിക്കാം”
“എന്താ നീ ഈ പറയുന്നത് ചിന്നൂ…കള്ളത്തരം കാണിക്കേണ്ട ഒരു കാര്യമാണോ ഇത്? ഒരിക്കൽ എല്ലാം എല്ലാവരും അറിയില്ലേ?എത്രനാൾ നമുക്കിത് മറച്ചുവയ്ക്കാൻ ആകും?”
“അത് അപ്പോഴല്ലേ നന്ദേട്ടാ… അതുവരെ എനിക്ക് ആ സ്നേഹവും പരിചരണവും അനുഭവിക്കണം.അമ്മ പഴയപോലെ എന്നോട് പെരുമാറണം കുറച്ചുനാളെങ്കിലും ഞാൻ അതെല്ലാം ഒന്ന് അറിഞ്ഞോട്ടെ പ്ലീസ്…”
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കരഞ്ഞു തന്റെ കാൽക്കൽ വീണപ്പോൾ പിന്നെ മറത്തൊന്നും പറയാൻ അവന് കഴിഞ്ഞില്ല.
“ശരി താൻ പറയുന്നതുപോലെ ഞാൻ കേൾക്കാം എനിക്ക് ഈ കണ്ണീർ കണ്ടു നിൽക്കാൻ വയ്യ.”അവൻ അവളെ സമാധാനിപ്പിച്ചു.
“എങ്കിൽ നാളെ ഓഫീസിൽ നിന്ന് വരുമ്പോൾ നന്ദേട്ടൻ ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങിയിട്ട് വരണം. അമ്മയ്ക്ക് ഇതിനെക്കുറിച്ച് വലിയ ധാരണയില്ല.
അതുകൊണ്ട് ഒരു മാർക്ക് വന്നാലാണ് ഗർഭിണി ആകുക എന്ന് നമുക്ക് അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാം. ഈ മാസം പിരീഡ് ആയിട്ടില്ലാത്തതുകൊണ്ടുതന്നെ അമ്മ അത് വിശ്വസിച്ചോളും.എന്റെ മുന്നിൽ വേറൊരു നിവർത്തിയും ഇല്ല നന്ദേട്ടാ സോറി.”
അവളുടെ ശബ്ദം വല്ലാതെ തളർന്നിരുന്നു അവനും എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് പോലെ തോന്നി.
പിറ്റേന്ന് അവൻ ഓഫീസിൽ നിന്ന് വരുന്നത് നോക്കി അവളും അമ്മയും കാത്തിരുന്നു.
“ഈ മാസം കുളി തെറ്റിയിരിക്കുകയാണെന്നും ചെറിയൊരു സംശയം ഉണ്ടെന്നും നന്ദനോട് അത് ചെക്ക് ചെയ്തു നോക്കാനുള്ള സാധനം വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട് എന്നും അവൾ നേരത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു. അതിൽ പ്രകാരമാണ് അവരും അക്ഷമയായി ഇരുന്നത്.”
അവനെ കണ്ടതും അവർ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.”ചിന്നു പറഞ്ഞ സാധനം വാങ്ങിയോടാ?”
അവരുടെ ഉത്സാഹം കണ്ട് അവന് നിരാശ തോന്നി. ബാഗിൽ നിന്നും അതെടുത്ത് കൊടുക്കുമ്പോൾ അവൻ മനസ്സിൽ തന്റെ അമ്മയോട് മാപ്പ് പറഞ്ഞു.
ഒട്ടും സമയം കളയാതെ തന്നെ അവൾ ബാത്റൂമിൽ പോയി യൂറിൻ എടുത്ത് കൊണ്ടുവന്ന് അതിലേക്ക് ഇറ്റിച്ചു.
അത്രയേറെ ആകാംക്ഷയോടെ നോക്കിനിൽക്കുന്ന അവരെ സഹതാപത്തോടെ നോക്കി നിൽക്കുക മാത്രമാണ് അവർ രണ്ടാളും ചെയ്തത്.
“ഹ്മ്മും…”കയ്യിലിരുന്ന പ്രഗ്നൻസി കിറ്റ് ടേബിളിലേക്ക് വച്ചുകൊണ്ട് നിരാശയോടെ അവർ അകത്തേക്ക് പോയി.
എന്താണ് സംഭവിച്ചത് എന്നറിയാതെ അതെടുത്തു നോക്കിയതും ഒരു നിമിഷം അവൾ സ്തംഭിച്ചു പോയി.”നന്ദേട്ടാ ഇത് നോക്ക്.”
വാക്കുകൾ പുറത്തു വരാൻ കഴിയാതെ തൊണ്ടയിൽ ഉടക്കിയപ്പോൾ അവൾ അത്രമാത്രം പറഞ്ഞു നിർത്തി.
അവളുടെ ആവേശം കണ്ടു അതിലേക്ക് നോക്കിയ അവന്റെയും കണ്ണ് ഒരു നിമിഷത്തേക്ക് തള്ളിപ്പോയി.
സന്തോഷമടക്കാൻ ആകാതെ അവൻ തന്റെ ഭാര്യയെ ഇരുകൈകളിലും കോരിയെടുത്തു കൊണ്ട് തുള്ളിച്ചാടി.
അപ്പോഴും ആ രണ്ടു വരകൾ അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു വരാനിരിക്കുന്ന തന്റെ പൊന്നോമനയുടെ പുഞ്ചിരിയെന്നോണം…