എഴുന്നേറ്റ് നടക്കുവാൻ പോലും കഴിയാതെ എങ്ങിനെ വിവാഹം നടത്താൻ കഴിയും.. പക്ഷെ ഈ അവസ്ഥയ്ക്കും

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ജീവാ…ഈ വിവാഹം നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്… ഇപ്പോഴത്തെ അവസ്ഥയിൽ നീതു മോൾക്ക് എഴുന്നേറ്റു നടക്കുവാൻ കഴിയില്ല..

പിന്നെങ്ങനാ ഇപ്പോൾ ഒരു കല്യാണം. അവൾക്ക് എല്ലാം ഭേദമാകുമോ എന്ന് നോക്കാം എന്നിട്ട് തീരുമാനിക്കാം കുടുംബ ജീവിതം അല്ലേ.. സഹതാപം അല്ലല്ലോ ജീവിതം എല്ലാം ആലോചിച്ചു വേണം ഒരു തീരുമാനം എടുക്കുവാൻ. ”

അമ്മാവന്റെ വാക്കുകൾ ഫോണിലൂടെ കേട്ടപ്പോൾ മറുപടിയൊന്നും പറയാതെ മൗനമായി ജീവൻ.

” നീ എന്താ മോനെ ഒന്നും പറഞ്ഞില്ല.. ആക്‌സിഡന്റിൽ ആ സ്‌കൂട്ടി പൂർണ്ണമായും തകർന്നു. ഇടിച്ചിട്ട കാറുകാരനും കണ്ട് നിന്നവരും പറയുന്നത് കുറ്റം നീതുവിന്റെയായിരുന്നു എന്നാണ്…

വണ്ടി നേരെ ഓടിക്കുവാൻ പോലും അറിയാതെ ഈ കുട്ടി എന്തിനാ ആ സ്‌കൂട്ടിയും കൊണ്ട് തിരക്കുള്ള റോഡിൽ ഇറങ്ങിയതെന്ന് എനിക്ക് അറീല്ല.. എന്തായാലും വരാനുള്ളത് വഴീൽ തങ്ങീലന്ന് ആണല്ലോ.. അവളുടെ വിധി ഇതാണ്.”

അമ്മാവന്റെ വിവരണം കേട്ട് ഒന്ന് നെടുവീർപ്പിട്ടു ജീവൻ.” അമ്മാവാ ഞാൻ നാട്ടിലേക്ക് വരുവാ.. ഇപ്പോൾ എയർപോർട്ടിൽ ആണ്. അങ്ങ് എത്തട്ടെ ഞാൻ. എന്നിട്ട് നമുക്ക് തീരുമാനിക്കാം എല്ലാം. ”

അത്രയും പറഞ്ഞവൻ കോൾ കട്ട് ആക്കി.’അമ്മാവൻ പറഞ്ഞത് ശെരിയാണ്.. ഈ അവസ്ഥയിൽ എഴുന്നേറ്റ് നടക്കുവാൻ പോലും കഴിയാതെ എങ്ങിനെ വിവാഹം നടത്താൻ കഴിയും.. പക്ഷെ ഈ അവസ്ഥയ്ക്കും കാരണം താൻ തന്നെയല്ലേ.. തന്റെ നിർബന്ധം കൊണ്ടല്ലെ നീതു സ്കൂട്ടി ഓടിച്ചു പഠിക്കാൻ തുടങ്ങിയത്. ‘

അവന്റെ ഉള്ളിൽ ഒരു നീറ്റലായി ആ ചിന്തകൾ മിന്നി മറയവേ വാട്ട്സാപ്പിൽ അനിയന്റെ നമ്പറിൽ നിന്നും ഒരു വോയിസ്‌ മെസേജ് വന്നു. സംശയത്തോടെ അവൻ അത് പ്ലേ ചെയ്തു.

‘മോനെ. അമ്മയാണ് ടാ.. അമ്മാവൻ പറഞ്ഞതിനെ പറ്റി എന്താ നിന്റെ തീരുമാനം. ആ പറഞ്ഞത് ഒന്നും അമ്മയുടെ തീരുമാനങ്ങൾ അല്ല കേട്ടോ അമ്മാവൻ ഓരോന്ന് സ്വയം തീരുമാനിച്ചു പറഞ്ഞതാണ്. മോൻ എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം ഉണ്ടാകും അമ്മയും..’

അത് കേട്ട ശേഷം ഒന്ന് ഒരു ചെറു പുഞ്ചിരി ജീവന്റെ ചുണ്ടിൽ വിടർന്നു. പതിയെ സീറ്റിലേക്ക് നിവർന്നിരുന്നു അവൻ.

പ്രണയമൊന്നുമായിരുന്നില്ല ജീവനും നീതുവും തമ്മിൽ. ഒന്നര വർഷങ്ങൾക്ക് മുൻപ് പെണ്ണ് കാണാൻ പോയപ്പോൾ ആണ് ജീവൻ അവളെ ആദ്യമായി കാണുന്നത് ഒറ്റ നോട്ടത്തിൽ തന്നെ രണ്ടാൾക്കും പരസ്പരം ഇഷ്ടമായി.

എന്നാൽ നീതുവിന്റെ പഠിപ്പ് കംപ്ലീറ്റ് ചെയ്യാനായി ഒന്നരവർഷം കഴിഞ്ഞു മതി വിവാഹം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു രണ്ട് വീട്ടുകാരും. എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു പൊതുവെ ഒരു ശാന്ത സ്വഭാവക്കാരിയായിരുന്നു. എൻഗേജ്മെന്റ് കഴിഞ്ഞ ശേഷമാണ് അവർതമ്മിലുള്ള യഥാർത്ഥ പ്രണയം ആരംഭിച്ചത്.

ഒന്നരവർഷക്കാലം പരസ്പരം ഇറങ്ങിയും പിണങ്ങിയും ആഴത്തിൽ പ്രണയിച്ചു അവർ. ഒടുവിൽ വിവാഹതീയതി വരെ എടുത്ത ഈ വേളയിൽ ആണ് ആക്സിഡന്റ് ഒരു വില്ലനായി അവർക്കിടയിലേക്കെത്തിയത്.

ഫ്‌ളൈറ്റ് അല്പം ലേറ്റ് ആയത് കൊണ്ട് തന്നെ ഒരു മണിക്കൂർ കൂടി എയർപോർട്ടിൽ ഇരിക്കേണ്ടതുണ്ടായിരുന്നു ജീവന്. അങ്ങിനെ ഇരിക്കുമ്പോൾ ഓർമ്മകൾ പതിയെ പിന്നിലേക്ക് സഞ്ചരിച്ചു നീതുവുമൊന്നിച്ചുള്ള മധുരമേറിയ നിമിഷങ്ങളിലേക്ക്.

“ദേ ഏട്ടാ.. എന്നെ കൊണ്ട് പറ്റില്ല കേട്ടോ ഈ സ്കൂട്ടിയൊന്നും ഓടിക്കാൻ ഞാൻ എവിടേ പോണേലും നടന്നു പൊയ്ക്കോളാം ”

റോഡിനോരത്ത് ചെറിയൊരു നീരസത്തോടെ നീതു നിൽക്കുമ്പോൾ അവളുടെ ചുമലിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു ജീവൻ.

” പറ്റില്ല പൊന്നേ.. പഠിച്ചേ പറ്റു ഇതൊന്നും ആനക്കാര്യം ഒന്നുമല്ല എന്റെ വീട്ടിൽ സ്കൂട്ടി ഒരെണ്ണം വെറുതെ ഇരിക്കുവാ നീ അത് ഓടിക്കാൻ പഠിച്ചാൽ അത്യാവശ്യ കാര്യങ്ങൾക്ക് ഒക്കെ പോയി വരാൻ എളുപ്പം ആകും ഇങ്ങനെ മടിപിടിച്ചു നിൽക്കാതെ വാശിയോടെ പഠിക്ക്… ഉറപ്പായും നിന്നെക്കൊണ്ട് പറ്റും ”

വിട്ടുകൊടുക്കുവാൻ അവൻ തയ്യാറല്ലായിരുന്നു.” ഈ ഏട്ടന്റെ ഒരു കാര്യം.. എന്നെ ഒന്ന് വെറുതെ വിട്.. “ജീവന്റെ നെഞ്ചിൽ ഒരു നുള്ള് വച്ചു കൊടുത്തു അവൾ.

” അമ്മേ.. “വേദനയിൽ ഒന്ന് കുതറി അവൻ.”പെണ്ണേ നിന്നെ ഇന്ന് ഞാൻ “വാശിയിൽ അവളെ ബലമായി പിടിച്ചു തന്നോട് അടുപ്പിച്ചു ഇരുകയ്യാലെ വരിഞ്ഞു മുറുകി ജീവൻ.

” ഏട്ടാ വിട് എനിക്ക് ശ്വാസം മുട്ടുന്നു.. “കുതറി മറുവാൻ നീതു നടത്തിയ ശ്രമങ്ങൾ എല്ലാം വിഭലമായിരുന്നു. പതിയെ പതിയെ അവളുടെ എതിർപ്പുകൾ അവസാനിച്ചു. നാണത്തോടെ അവന്റെ മാറിലേക്ക് ചാഞ്ഞു നീതു. അതോടെ ജീവന്റെ കരങ്ങളും അയഞ്ഞു. ബലമായി പിടിച്ചിരുന്ന അവന്റെ കരങ്ങൾ മൃദുവായി അവളെ തലോടി

” മക്കളേ.. ഈ കെട്ടിപ്പിടുത്തവും മുത്തം കൊടുക്കലുമൊക്കെ റോഡിൽ വച്ച് വേണോ കല്യാണം കഴിഞ്ഞിട്ടു വീട്ടിൽ വച്ച് പോരെ.. ”

ആ കാഴ്ച കണ്ട് കൊണ്ട് അവിടേക്ക് നടന്നു വന്ന പ്രായമേറിയ സ്ത്രീയുടെ കമന്റ് കേട്ടിട്ടാണ് ജീവൻ പെട്ടെന്ന് അവളിൽ നിന്നും അകന്നത്. ജാള്യതയിൽ തല ചൊറിഞ്ഞു കൊണ്ടവൻ മുഖം തിരിക്കവേ നീതുവും നാണത്തോടെ തല കുമ്പിട്ടു. അത് കണ്ടിട്ട് തല കുലുക്കി ചിരിച്ചു കൊണ്ടാ വൃദ്ധ നടന്നകന്നു.

” ഹൊ.. കാലൻ എന്നെ ഇപ്പോൾ ഞെരിച്ചു കൊന്നേനെ “ചെറിയൊരു നീരസത്തോടെ അവൾ പറയുമ്പോൾ പൊട്ടിച്ചിരിച്ചു പോയി ജീവൻ.

” ഹലോ ഭായ്… ഇതെന്താ കണ്ണും തുറന്നിരുന്നു ചിന്തുക്കുവാണോ.. ദേ ഫ്‌ളൈറ്റിലേക്ക് കേറാൻ ടൈം ആയി ”

അടുത്തിരുന്ന ആള് ചുമലിൽ തട്ടി വിളിക്കുമ്പോൾ ആണ് ജീവൻ ഓർമകളിൽ നിന്നും ഉണർന്നത്.” ഓ.. ഞാൻ എന്തോ ഓർത്തിരുന്നു പോയി.. താങ്ക്സ് ബ്രോ.. ”

ചാടിക്കൂട്ടിയെഴുന്നേറ്റു അവൻ. ശേഷം മറ്റുള്ളവർക്കൊപ്പം ഫ്ളൈറ്റിനുള്ളിലേക്ക് നടന്നു.വൈകുന്നേരത്തോടെ ഫ്ലൈറ്റ് ഇറങ്ങി ഹോസ്പിറ്റലിൽ എത്തി ജീവൻ. അവിടെ അവനായി അമ്മ ശാരദയും അനിയൻ കിരണും കാത്തു നിന്നിരുന്നു.

” മോനെ.. ഇതെന്ത് കോലമാടാ… “കണ്ടപാടെ ഓടി അരികിലെത്തി ശാരദ.” ഇപ്പോൾ എങ്ങിനുണ്ട് അമ്മേ അവൾക്ക് “ജീവന്റെ ആ ചോദ്യം കേട്ട് അവർ പതിയെ അവന്റെ ചുമലിൽ തട്ടി.

” വലതു കാലിൽ കൂടി കാറിന്റെ ടയർ കയറി മോനെ.. മോൾക്ക് ഇനി നടക്കാൻ കഴിയുമോ എന്ന് അറിയില്ല “ഒരു വിങ്ങലോടെയാണ് അവർ പറഞ്ഞവസാനിപ്പിച്ചത്.

” ചേച്ചി റോങ്ങ്‌ സൈഡിൽ വണ്ടി ഓടിച്ചു കയറിയതാണ് ചേട്ടാ.. ചേച്ചിക്ക് ഡ്രൈവിംഗ് അത്ര പരിചയം ഇല്ലല്ലോ.. എതിരെ വന്ന കാർ ഇടിച്ചിട്ടതാ.. ”

കിരൺ വിശദീകരിക്കുമ്പോൾ ജീവന്റെ മിഴിയിൽ നനവ് പടർന്നു.” ഏട്ടാ.. ഞാൻ സിറ്റിയിൽ ഒന്ന് പോകുവാ തയ്ക്കാൻ കൊടുത്ത ബ്ലൗസ് വാങ്ങണം.. ”

“എങ്ങിനാ പോണേ നീ.. “” ബസിനു.. ഇവിടെ ജംഗ്‌ഷനിൽ ഇറങ്ങി നിന്നാൽ എപ്പോഴും സിറ്റിയിലേക്ക് ബസ് കിട്ടും”

” വണ്ടി എടുത്ത് പോ നീതു. ഇങ്ങനൊക്കെയെ ഓടിക്കാൻ പഠിക്കുള്ളു.. ചുമ്മാ അത് വീട്ടിൽ ചാരി വച്ചിട്ട് എന്ത് കിട്ടാനാ.. ”

ആക്സിഡന്റ്റിനു പതിനഞ്ചു മിനിറ്റുകൾ മുന്നേ നീതുവുമായി ഫോണിൽ സംസാരിച്ചതാണ് അവൻ ഓർത്തത്.

‘ തന്റെ നിർബന്ധം കാരണമാണ് അവൾ സ്കൂട്ടിയുമെടുത്ത് പോയത്.. അല്ലായിരുന്നേൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു ‘

കുറ്റബോധത്താൽ ഉരുകി ജീവൻ.” മോനെ.. വന്നോ നീ.. “മുറിക്കും പുറത്തേക്ക് വന്ന നീതുവിന്റെ അമ്മ അപ്പോഴാണ് അവനെ കണ്ടത്. ആചര്യത്തോടെയാണവർ ജീവനരികിലേക്കെത്തിയത്.

“വാ.. മോനെ..നീതുവിനെ കാണേണ്ടേ നിനക്ക് “.മൗനമായി അവരുടെ പിന്നാലെ ഒരു യന്ത്രം കണക്കെ മുറിയിലേക്ക് കയറി ജീവൻ. ബെഡിൽ വാടിയ പൂത്തണ്ടുപോൽ കിടക്കുന്ന നീതുവിനെ കാൺകെ അവന്റെ ഒന്ന് ഉള്ളം വിങ്ങി.

” വേദനയെടുത്തു ബഹളം ആയിരുന്നു ഇച്ചിരി മുന്നേ വരെ.. ഇപ്പോൾ ഒരു ഇഞ്ജക്ഷൻ എടുത്തേ പിന്നേ വേദന കുറവുണ്ട്.. മോളെ ദേ ആരാ വന്നേക്കുന്നേ എന്ന് നോക്ക് ”

അമ്മയുടെ ചോദ്യം കേട്ട് പതിയെ തലയുയർത്തിയ നീതു ജീവനെ കണ്ട് ഒരു നിമിഷം ആശ്ചര്യത്തോടെ തന്നെ നോക്കി കിടന്നു പോയി. സന്തോഷത്താൽ അവളുടെ മിഴികൾ തുളുമ്പി..

” ഏട്ടൻ ഇത്ര പെട്ടെന്ന് ഇങ്ങ് വന്നുവോ.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. “അവളുടെ ചോദ്യത്തിനു പുഞ്ചരി മാത്രം മറുപടിയായി നൽകി ബെഡിന്റെ ഓരത്തായി ഇരുന്നു ജീവൻ..

” എങ്ങിനുണ്ട് തനിക്കു ഇപ്പോൾ.. “അവന്റെ ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു നീതു.

“സുഖല്ലേ ഏട്ടാ… ഇനി ഫുൾ ടൈം റസ്റ്റ്‌ സമയാസമയം ആഹാരം. ദേ റൂമിൽ ടീവി.. പിന്നേ ബാത്‌റൂമിൽ പോകാനും കുളിക്കാനും ഒക്കെയാണ് ഇനി ബുദ്ധിമുട്ട്.. അത് എങ്ങിനേലും അഡ്ജസ്റ്റ് ചെയ്താൽ പിന്നേ പരമ സുഖം.. ”

ജീവന്റെ ഉള്ളിൽ ഒരു നീറ്റൽ ആയി ആ മറുപടി.” ഞാൻ നിർബന്ധിച്ചതുകൊണ്ട് അല്ലേ നീ വണ്ടിയുമായി ഇറങ്ങിയേ.. അല്ലാരുന്നേൽ ഇപ്പോൾ ഈ ആപത്ത് വരില്ലായിരുന്നു. ”

” ഏയ്.. ഇത് എന്റെ വിധിയാണ് ഏട്ടാ… വണ്ടി എടുത്തു പോയോണ്ട് അങ്ങിനെ ഒരു അപകടം പറ്റി. അല്ലാരുന്നേൽ മറ്റേതേലും വഴിക്ക് ആയേനെ.. ”

അവളുടെ മറുപടിയും പ്രസരിപ്പുമൊക്കെ കാൺകെ വല്ലാത്ത അശ്ചര്യം തോന്നി ജീവന്. തന്റെ അവസ്ഥ അവൾ വേഗത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.

” ഏട്ടന് ലീവ് ഉണ്ടോ ഒരുപാട്.. ഇനീപ്പോ കല്യാണത്തിന്റെ കാര്യം ആലോചിക്കേണ്ട കേട്ടോ… ഈ അവസ്ഥയിൽ ഞാൻ ഒരു ഭാരം ആകും ഏട്ടന്. എന്റെ മനസിലും ഇപ്പോ ആ ആഗ്രഹം ഒന്നും ഇല്ല ഇനി നടക്കാൻ പറ്റുമോ ന്ന് പോലും അറീല.

ഈ അവസ്ഥയോട് പൊരുത്തപ്പെട്ട് എന്തേലും ഒക്കെ ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യണം.. അതൊക്കെ ആണ് ഇപ്പോൾ എന്റെ ചിന്തകൾ. പിന്നെ ഏട്ടൻ എന്നും ഒരു നല്ല സുഹൃത്തായി തന്നെ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട്.. ”

നീതുവിന്റെ വാക്കുകൾ കേട്ട് ശാരദ ഒരു നടുക്കത്തോടെ ജീവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനിൽ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും തന്നെയില്ലായിരുന്നു. അവന്റെ ഭാവം നീതുവും ശ്രദ്ധിക്കാതിരുന്നില്ല.

” അങ്ങിനെയാകട്ടെ.. തനിക്കു താത്പര്യം ഇല്ലേൽ ഞാൻ വെറുതെ വിവാഹം എന്നൊന്നും പറഞ്ഞു നിർബന്ധിക്കില്ല.”അത്രയും പറഞ്ഞു കൊണ്ട് എഴുന്നേറ്റു അവൻ.

” ഞാനൊന്ന് വീട്ടിൽ പോയി ഫ്രഷ് ആയി വരാം പിന്നേ കുറച്ചു കോളുകൾ വിളിക്കുവാനും ഉണ്ട്. വിവാഹത്തിനായി ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി ചെയ്തിരുന്നു. കാറ്ററിങ്, ബസ്സ്‌.. വെഡിങ് വീഡിയോ.. അങ്ങിനെ പലതും ബുക്ക്‌ ചെയ്തിരുന്നു ഇനീപ്പോ എല്ലാരേയും വിളിച്ചു അറിയിക്കണം ചടങ്ങ് ക്യാൻസൽ ആയ വിവരം ”

ജീവന്റെ ആ വാക്കുകൾ ഉള്ളിൽ തീ കനലു കോരിയിടുന്നത്രയും വേദനയുണ്ടാക്കിയെങ്കിലും പുറമെ പുഞ്ചിരിച്ചു നീതു. അ മറുപടി അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.അതേ അവസ്ഥയിൽ തന്നെയായിരുന്നു നീതുവിന്റെ അമ്മയും ശാരദയും കിരണും എല്ലാം.

“നന്നായി ഏട്ടാ.. ഞാൻ കരുതിയത് ഏട്ടൻ എന്നെ കെട്ടിയെ പറ്റു എന്നൊക്കെ പറഞ്ഞു സീൻ ആകുമെന്നാ ഇതിപ്പോ എല്ലാം പക്വതയോടെ തന്നെ മനസ്സിലാക്കി ഏട്ടൻ.. നന്നായി ”

അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്ന നോവ് വേഗത്തിൽ തിരിച്ചറിഞ്ഞു ജീവൻ.” വിവാഹം വേണ്ട എന്നത് തന്റെ തീരുമാനം അല്ലേ.. ഞാൻ അതിൽ എതിർക്കുന്നില്ല അത്ര മാത്രം.. ”

അത്രയും പറഞ്ഞു കൊണ്ടവൻ പതിയെ തിരിഞ്ഞു പുറത്തേക്കുള്ള ഡോറിനു നേരെ നടന്നു.. ഡോർ തുറന്ന ശേഷം ഒന്ന് തിരിഞ്ഞു.

” അതേ മാഡം.. ഇപ്പോൾ വിവാഹം വേണ്ട എന്നാണ് ഞാൻ പറഞ്ഞത് കേട്ടോ. അതിനർത്ഥം ഇനി ഒരിക്കലും വേണ്ട എന്നല്ല. ഇപ്പോൾ അതിനുള്ള സാഹചര്യം

അല്ല ഈ അവസ്ഥ ഒന്ന് മാറട്ടെ… എന്നിട്ട് ഞാൻ വന്ന് കെട്ടിക്കൊണ്ട് പൊയ്ക്കോളാം അതുവരെ ആ വേക്കൻസി അങ്ങിനെ ഒഴിഞ്ഞു തന്നെ കിടക്കട്ടെ ”

ജീവന്റെ ആ വാക്കുകൾ ഏറെ അവിശ്വസനീയമായി തോന്നിയിരുന്നു നീതുവിന്. സത്യത്തിൽ വിവാഹം വേണ്ട എന്ന് പറയുമ്പോഴും അവനെ വിട്ടു പിരിയുന്നത് മനസിൽ പോലും ഓർക്കുവാൻ കഴിയില്ലായിരുന്നു അവൾക്ക്. ജീവനുമായുള്ള ഒരു ജീവിതം തന്നെയാണ് നീതുവും ആഗ്രഹിച്ചത്.

” മോനെ… അത് കലക്കി ടാ.. ഇപ്പോഴാ മനസമാധാനം ആയത് “സ്നേഹത്തോടെ ഓടി ചെന്ന് അവന്റെ നെറുകയിൽ ഒരു മുത്തം നൽകി ശാരദ. നീതുവിന്റെ അമ്മയും കിരണുമൊക്കെ സന്തോഷത്തോടെ തന്നെ നോക്കി നിന്നുപോയി.

” ഏട്ടാ.. എന്നാലുംഅത്.. അത് വേണോ.. ഞാൻ ഇനി എന്ന് നടക്കുമെന്ന്… അല്ലേൽ ഇനി നടക്കുമോ എന്ന് പോലും അറിയില്ല. ഏട്ടൻ എനിക്ക് വേണ്ടി സ്വന്തം ജീവിതം പാഴാക്കണോ”

നിറകണ്ണുകളോടുള്ള നീതുവിന്റെ ചോദ്യം കേട്ട് ജീവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ ഡോർ അടച്ചിട്ട് അവൻ ബെഡിൽ അവളുടെ അരികിൽ ചെന്നിരുന്നു. വലതു കരം കവർന്നു.

” വേറൊരാളെ ഇനി നിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല നീതു.. അത്രയ്ക്കിഷ്ടമാണ് എനിക്ക് നിന്നെ.. നീ നടക്കും അത് എനിക്ക് ഉറപ്പ് ആണ്. ഇനി കുറച്ചു നാൾ എല്ലാ തിരക്കുകളും മാറ്റി വച്ചു നാട്ടിൽ തന്നെ ഉണ്ടാകും ഞാൻ…

നിന്റെ കാലുകളായി ഇനി ഞാനുണ്ട്. എന്റെ കൈപിടിച്ച് നടക്കാം നിനക്ക്‌.. നമ്മൾ ഒന്നിച്ചു നടന്നു പോയി ഏതേലും ക്ഷേത്രത്തിൽ വച്ചു താലി കെട്ടും .. അതുവരെ നിനക്കായ്‌ കാത്തിരിക്കും ഞാൻ. ”

ആ വാക്കുകൾ കേട്ട് പൊട്ടിക്കരയാതിരിക്കുവാൻ കഴിഞ്ഞില്ല നീതുവിന്. അവളെ പതിയെ പിടിച്ചു തന്റെ നെഞ്ചോട് ചേർക്കുമ്പോൾ ജീവനും അറിയാതെ വിങ്ങി പോയി..

” അത് പൊളിച്ചു .. നല്ല തീരുമാനം.. നീതു ഉറപ്പായും നടക്കും തന്നെ പോലൊരാൾ താങ്ങായി ഒപ്പമുണ്ടേൽ ആറു മാസങ്ങൾക്കുള്ളിൽ പുഷ്പം പോലെ നടക്കും.. ”

ആ സംഭാഷം കേട്ടു കൊണ്ട് മുറിയിലേക്കു കയറി വന്ന ഡോക്ടറുടെ വാക്കുകൾ ജീവന്റെ മുഖത്തു പുഞ്ചരി വിടർത്തി.

” ഞാനുണ്ട് ഡോക്ടർ.. നടന്നാലും നടന്നില്ലേലും എന്നും ഒരു താങ്ങായി ഇവൾക്കൊപ്പം.. ഞാൻ സ്നേഹിച്ചത് ഈ മനസ്സിനെയാണ്.”

ഇത്രയും പറഞ്ഞു കൊണ്ടവൻ നീതുവിന്റെ നെറുകയിൽ ചുംബിക്കുമ്പോൾ നിറമിഴികളോടെ അവന്റെ മിഴികളിൽ തന്നെ നോക്കിയിരുന്നു അവൾ.

സന്തോഷത്താൽ എല്ലാവരും ഒരുപോലെ മിഴി നീർ തുടച്ചു. ഒപ്പം നല്ലൊരു നാളേയ്ക്കായി മനമുരുകി പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *