അച്ഛന്റെ ഇഷ്ടങ്ങൾ അമ്മ മാത്രമല്ല മക്കളും അറിഞ്ഞിരിക്കണം. അല്ലാതെ പിന്നെ മക്കൾ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താണ്?

(രചന: അംബിക ശിവശങ്കരൻ)

ഓഫീസിൽ ഒഴിവുസമയം കിട്ടിയപ്പോഴാണ് സുഹൃത്തുക്കൾ എല്ലാം നേരം പോക്കായി ഒരു ഗെയിം സംഘടിപ്പിച്ചത്.’ ആർക്കാണ് തങ്ങളുടെ അച്ഛനെ ഏറ്റവും അധികം അറിയാവുന്നത്?’

ഇതായിരുന്നു ഗെയിമിന്റെ ഉള്ളടക്കം. ഇതനുസരിച്ച് ചോദ്യം തയ്യാറാക്കിയ ആൾ ഒഴികെ ബാക്കിയെല്ലാവരും ഒരു പേനയും പേപ്പറുമായി നിരന്നിരിക്കണം. ചോദ്യം തയ്യാറാക്കിയ ആൾ ഓരോ ചോദ്യങ്ങളായി വായിക്കും.

അതിന് ഓരോ നിശ്ചിത സമയവും അനുവദിക്കും. ഉത്തരം അറിയുകയാണെങ്കിൽ എഴുതുകയും അറിയില്ലെങ്കിൽ അത് ഒഴിവാക്കുകയും ചെയ്യാം. ഏറ്റവും അധികം ഉത്തരം ശരിയാക്കുന്ന വ്യക്തിയാണ് വിജയി.

ഈ ഗെയിമിനെ കുറിച്ച് കേട്ടപ്പോൾ തന്നെ അമൽ നിരാശനായി. അച്ഛനുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങൾ മുഴുവനും ഇതിൽ നിന്ന് ഇനി തലയൂരാനും നിവൃത്തിയില്ലല്ലോ… അങ്ങനെ ഗെയിം ആരംഭിച്ചു. ഓരോ ചോദ്യങ്ങളായി വന്നു തുടങ്ങി.

‘എന്നാണ് നിങ്ങളുടെ അച്ഛന്റെ ജന്മദിനം? അച്ഛന്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? അച്ഛൻ കൂടുതൽ സമയവും എവിടെയാണ് ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത്?’ എന്നിങ്ങനെ തുടങ്ങി ചോദ്യങ്ങൾ ഓരോന്നായി വന്നുതുടങ്ങിയെങ്കിലും ഒന്നിനുപോലും ഉത്തരം കിട്ടാതെ അവൻ കുഴങ്ങി.

ചോദ്യം കേട്ട മാത്രയിൽ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുന്ന തന്റെ സഹപ്രവർത്തകരെ അവൻ അത്ഭുതത്തോടെ നോക്കി. ഏതായാലും ഇത്തവണ അവൻ പരാജയപ്പെടുക തന്നെ ചെയ്തു.

വീട്ടിൽ ചെന്നതും അവൻ നേരെ അമ്മയുടെ അരികിലേക്കാണ് ചെന്നത്. അച്ഛനാ പരിസരത്ത് ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അമ്മയോട് സംസാരിക്കാൻ വന്നത്. ഇന്ന് താൻ നേരിടേണ്ടി വന്ന ചോദ്യങ്ങളൊക്കെയും അമ്മയോട് വെറുതെ ചോദിച്ചു നോക്കി.

“അച്ഛന്റെ കാര്യങ്ങൾ അച്ഛനോടല്ലേ ചോദിക്കേണ്ടത് അല്ലാതെ എന്നോടാണോ? പോയി അച്ഛനോട് ചോദിക്ക്..” അമ്മ കളിയായി പറഞ്ഞു.

” എന്റെ അമ്മേ ഒന്ന് പതുക്കെ പറയുന്നുണ്ടോ…?അച്ഛന്റെ ഇഷ്ടങ്ങൾ അമ്മയ്ക്ക് അറിയാമല്ലോ അമ്മ പറഞ്ഞത് തന്നാൽ മതി. ”

“അച്ഛന്റെ ഇഷ്ടങ്ങൾ അമ്മ മാത്രമല്ല മക്കളും അറിഞ്ഞിരിക്കണം. അല്ലാതെ പിന്നെ മക്കൾ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താണ്? അതിനെങ്ങനെയാ നീ അങ്ങേരോട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാറും കൂടി ഇല്ലല്ലോ.. അന്യര് കഴിയും പോലെയല്ലേ നിങ്ങൾ ഇവിടെ കഴിയുന്നത് പിന്നെ എങ്ങനെയാണ് ഇഷ്ടങ്ങൾ അറിയുന്നത്?”

“അമ്മയ്ക്ക് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി.”അവനോട് തർക്കിച്ചെങ്കിലും അവൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകി. അച്ഛൻ കഴിക്കാൻ വരുന്നതിനു മുന്നേ തന്നെ ഭക്ഷണം കഴിച്ച് അവൻ മുറിയിലേക്ക് പോയി.

കട്ടിലിൽ വെറുതെ കണ്ണ് തുറന്ന് കിടക്കുമ്പോൾ അവന്റെ മനസ്സ് എന്തിനെന്നറിയാതെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. അവിടെ നിന്നും എഴുന്നേറ്റ് അവൻ അച്ഛൻ കിടക്കുന്ന മുറിക്കരികിലൂടെ വെള്ളം കുടിക്കാൻ എന്ന വ്യാജ വെറുതെ നടന്നു. അച്ഛൻ മയങ്ങുകയാണെന്ന് ഉറപ്പുവരുത്തി ഒരല്പം നേരം മുറിയുടെ വാതിൽക്കൽ തന്നെ വെറുതെ നോക്കി നിന്നു.

പണി കഴിഞ്ഞു വന്നതിന്റെ ക്ഷീണം ആ കിതപ്പിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ഈയിടെയായി അച്ഛൻ വല്ലാതെ ക്ഷീണിതനായി കാണപ്പെടുന്നുണ്ട്. എല്ലുകൾ ഓരോന്നും ശരീരത്തിൽ അവിടെ ഇവിടെയായി ഉന്തിനിൽക്കുന്നുണ്ട്. അതെ അച്ഛന് പ്രായമായി വരുന്നു…

അടുക്കളയിൽ നിന്നും അമ്മയുടെ കാൽ പെരുമാറ്റം കേട്ടതും അവൻ വേഗം ഓടി കട്ടിലിൽ തന്നെ വന്നു കിടന്നു.

“അച്ഛനോട് ഇനി ജോലിക്ക് പോകേണ്ട എന്നും കുടുംബം ഞാൻ നോക്കിക്കോളാം എന്നും പറയാൻ എത്രയോ വട്ടം മനസ്സ് കൊതിച്ചിട്ടുണ്ട് പക്ഷേ മുന്നിൽ എത്തുമ്പോൾ എപ്പോഴും കാണാത്തതുപോലെ നടന്നകലുകയാണ് പതിവ്.”

” അച്ഛനെ അത്രയേറെ സ്നേഹിച്ച ഒരു കാലഘട്ടം തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. തന്റെ ബാല്യം… ചിലപ്പോൾ തോന്നും ആ ബാല്യത്തിൽ നിന്നും ഒരിക്കലും വളരേണ്ടതില്ലായിരുന്നു എന്ന്. എങ്കിൽ ഇന്നും അച്ഛനെ മനസ്സ് തുറന്ന് സ്നേഹിക്കാമായിരുന്നു.. ”

“എല്ലാ ആൺകുട്ടികൾക്കും അമ്മയോടാണ് അടുപ്പമെങ്കിൽ തനിക്കത് അച്ഛനോടായിരുന്നു. എപ്പോഴും അച്ഛൻ വേണം. അച്ഛന്റെ കൈപിടിച്ചു നടക്കണം, അച്ഛൻ വാരി തന്നാലേ ചോറുണ്ണുകയുള്ളൂ, അച്ഛന്റെ നെഞ്ചിലെ കിടന്നുറങ്ങുകയുള്ളൂ. ഇത്തരം വാശികൾ കൊണ്ടുനടന്നിരുന്ന ഒരു കുട്ടിയായിരുന്നു താൻ.”

“പിന്നീട് ജീവിതത്തിൽ നടന്ന ചില കാര്യങ്ങളാണ് തന്നെ അച്ഛനിൽ അകറ്റിയത്. അല്ല.. അച്ഛൻ ഒരിക്കലും തന്നോട് അകലം കാണിച്ചിട്ടില്ല അച്ഛനിൽ നിന്ന് മനപൂർവ്വം താൻ അകലം പാലിക്കുകയായിരുന്നു.”

“വളർന്നുവരുന്ന മിക്ക ആൺകുട്ടികൾക്കും മദ്യപാനത്തിന്റെയും പുകവലിയുടെയും രുചി അറിയുക എന്ന ഒരു ത്വര വന്നുചേരുമല്ലോ.

നമുക്കൊപ്പം ഉള്ള സുഹൃത്തുക്കൾ അത്തരത്തിൽ അവയ്ക്കെല്ലാം അടിമപ്പെട്ടതാണെങ്കിൽ നമ്മളെയും അവർ അതിലേക്ക് വലിച്ചിടുക എന്നത് സ്വാഭാവികം. അത്തരത്തിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പ്ലസ്ടുവിന് പഠിക്കുന്ന സമയം താൻ ആദ്യമായി പുകവലിക്കുന്നത്.

ആദ്യം ഒരു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് അത് ഒരു ഹരമായി മാറി. വീട്ടുകാർ അറിയാതെ പലവട്ടം മറഞ്ഞിരുന്നു കൊണ്ട് ചെയ്തുവെങ്കിലും ഒരിക്കൽ സ്കൂളിന് പുറകിലെ പൊളിഞ്ഞ കെട്ടിടത്തിന് മറവിൽ നിന്ന് പുകവലിക്കുമ്പോൾ അച്ഛൻ കൈയോടെ പിടികൂടി.

അന്ന് പരിസരം നോക്കാതെ അച്ഛൻ പൊതിരെ തല്ലി. കൂട്ടുകാരുടെ മുന്നിൽ വച്ചുള്ള അപമാനവും ഇത്രയും പ്രായമായിട്ടും അച്ഛന്റെ കയ്യിൽ നിന്ന് അടി വാങ്ങാൻ നാണമില്ലല്ലോടാ എന്നുള്ള സുഹൃത്തുക്കളുടെ പരിഹാസവും അച്ഛനോടുള്ള വെറുപ്പ് മനസ്സിൽ ഉടലെടുക്കുന്നതിന് കാരണമായി.”

“പിന്നീട് കലിയിടങ്ങാതെ വീട്ടിൽ വന്നു തല്ലാനോങ്ങിയ അച്ഛന്റെ കൈ തടഞ്ഞതും ഈ വീട്ടിൽ ഒരു ബഹളമയമായി. അമ്മ കൂടി തന്റെ ഭാഗം നിന്നതോടെ ഇനി ഇവന്റെ കാര്യത്തിൽ താൻ ഇടപെടുകയില്ല ഇവൻ നന്നായാലും നശിച്ചാലും ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ അവസാന വിധിയെഴുതി.

അന്ന് തമ്മിൽ അകന്ന മനസ്സുകൾ ഇന്നും ഒന്ന് ചേർന്നിട്ടില്ല. അച്ഛനായിരുന്നു ശരിയെന്ന് പിന്നീട് മുതിർന്നപ്പോൾ മനസ്സിലായി. പുകവലി എന്ന ദുശ്ശീലം ഉപേക്ഷിച്ചതും അതുകൊണ്ടുതന്നെയാണ്.

അച്ഛനോട് മാപ്പ് പറഞ്ഞ് ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിലും അച്ഛൻ അത് നിരസിക്കുമോ എന്ന ഭയം ആയിരുന്നു. ആ തോന്നലാണ് ഇന്നും തങ്ങൾക്കിടയിൽ ഈ അകൽച്ച നിലനിർത്തുന്നത്.”

ചിന്തകൾക്കൊടുവിൽ അവനെപ്പോളോ മയങ്ങിപ്പോയി.ദിവസങ്ങളും മാസങ്ങളും കടന്നുപോയി അന്ന് ഒരുനാൾ ഓഫീസിൽ തിരക്ക് പിടിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോൺകോൾ വന്നത്.

“അമലേ നീ വേഗം അംബിക മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് വാ.. അച്ഛൻ പണി എടുക്കുന്നതിനിടെ ഒന്നു കുഴഞ്ഞുവീണു.. ഞങ്ങളെല്ലാവരും ഇവിടെയുണ്ട് അച്ഛന് നിന്നെ കാണണമെന്ന്.. സമയം കളയാതെ വേഗം വാ..”

അമ്മയുടെ ആങ്ങള ശിവൻ മാമനാണ്. മാമന്റെ വെപ്രാളത്തിൽ നിന്ന് തന്നെ കാര്യം ഗുരുതരമാണെന്ന് അവന് മനസ്സിലായിരുന്നു.

ഫോൺ പോക്കറ്റിൽ തിരുകി ആശുപത്രിയിലേക്ക് പായുമ്പോൾ അവന്റെ ദേഹം ആകെ കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിർത്തി നേരെ ഐസിയുവിന്റെ മുന്നിലേക്ക് ഓടുമ്പോൾ അമ്മ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അച്ഛനെ കാണാനായി അകത്ത് കടന്നതും അവന്റെ നെഞ്ച് തകർന്നു. സംസാരിക്കാനാകാതെ അച്ഛന്റെ വാ എല്ലാം ഒരു ഭാഗത്തേക്ക് കോടിയിരിക്കുന്നു.

അവൻ അരികിലേക്ക് ചെന്നതും അയാൾ വിറക്കുന്ന കൈകളാൽ അവനെ ഒന്ന് തൊട്ടു. ശേഷം ദയനീയമായി അവനെ നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അതൊരുപക്ഷേ ഒരു മാപ്പുപറച്ചിലാകാം. അന്ന് തല്ലിയതിന്റെ കുറ്റബോധം അച്ഛനെ ഇന്നും അലട്ടുന്നുവോ? അവൻ ആ കൈകൾ മുറുകെ പിടിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ശേഷം ഒന്ന് ദീർഘമായി ശ്വാസം വലിച്ചു കൊണ്ട് ആ ഹൃദയം നിലച്ചു. അമ്മയുടെ നിലവിളി ഉയർന്നപ്പോൾ അവർ അമ്മയെ പുറത്തേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോയി. ജീവനറ്റ ശരീരം മുറുകെപ്പിടിച്ചുകൊണ്ട് അവൻ നിശബ്ദമായി തേങ്ങി കൊണ്ടിരുന്നു.

അച്ഛന്റെ വിയോഗം അവന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഒരു മാപ്പു പോലും കേൾക്കാതെ അച്ഛൻ യാത്രയായി. അച്ഛൻ പോയിക്കഴിഞ്ഞപ്പോഴാണ് തന്റെ മനസ്സിൽ അച്ഛന് എത്രമാത്രം സ്ഥാനം ഉണ്ടായിരുന്നെന്ന് അവൻ തിരിച്ചറിഞ്ഞത്.

അച്ഛന്റെ ശകാര വാക്കുകൾ ഇല്ലാത്ത ഈ വീട് തികച്ചും ശവപ്പറമ്പ് പോലെയാണ് അവന് തോന്നിയത്. വൈകുന്നേരം ജോലി കഴിഞ്ഞ് കയറി വരുമ്പോൾ ഉമ്മറത്ത് അച്ഛന്റെ അഭാവം അവന്റെ മനസ്സിനെ വല്ലാതെ അലട്ടി.

” ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച് ആകും അച്ഛൻ യാത്രയായിട്ട് ഉണ്ടാവുക. മകൻ എന്നെങ്കിലും തന്നെ മനസ്സിലാക്കുമെന്നും തന്നെ ചേർത്തുപിടിക്കും എന്നും അച്ഛൻ ആശിച്ചു കാണില്ലേ?അവസാന നിമിഷം അച്ഛന്റെ കണ്ണുകൾ അതെല്ലാം തന്നോട് വിളിച്ചോതുന്നുണ്ടായിരുന്നു. ”
കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൻ തന്റെ മിഴികൾ ഇറക്കി അടച്ചു.

കാലങ്ങൾ പിന്നെയും കടന്നുപോയി ഇന്നാണ് അച്ഛന്റെ ഒന്നാം ചരമവാർഷികം. രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി കഴിഞ്ഞ് അച്ഛനുവേണ്ടിയുള്ള കർമ്മങ്ങളെല്ലാം ചെയ്തതിനുശേഷം ആണ് ഓഫീസിലേക്ക് പോയത്.

അന്നും തിരക്കുകളില്ലാത്ത ഒരു ഒഴിവു ദിവസമായിരുന്നു.” ഇന്ന് വായനാദിനം അല്ലേ നമുക്ക് ഇന്ന് ഒരു കോമ്പറ്റീഷൻ നടത്താം. ഒരു ടോപ്പിക്ക് ഡിസൈഡ് ചെയ്തു ഒരു ചെറിയ കുറിപ്പ് തയ്യാറാക്കാം ഏറ്റവും മനോഹരമായ കുറിപ്പിന് സമ്മാനം. ”

“ചിറകറ്റ സ്വപ്നം”. ഇതാണ് വിഷയം. അതായത് ജീവിതത്തിൽ നിങ്ങൾ ഏറെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയതോ അല്ലെങ്കിൽ ഇനി ഒരിക്കലും നടക്കാത്തതോ ആയ ഒരു സ്വപ്നം എങ്കിലും എല്ലാവരുടെ ജീവിതത്തിലും ഉണ്ടായി കാണുമല്ലോ? അതിനെപ്പറ്റി വളരെ കുറച്ച് വാചകങ്ങളിൽ ഒരു കുറിപ്പ് തയ്യാറാക്കണം…എന്നാൽ തുടങ്ങിക്കോളൂ..”

വളരെ കുറച്ചു സമയങ്ങൾ മാത്രം എടുത്ത് ചുരുങ്ങിയ വാചകങ്ങളിൽ എല്ലാവരും കുറിപ്പ് തയ്യാറാക്കി.

ചെറിയ കുറിപ്പുകൾ ആയതുകൊണ്ട് തന്നെ അതെല്ലാം വായിച്ച് വിധി നിർണയിക്കാൻ അധികം സമയം വേണ്ടി വന്നില്ല.

“അപ്പോൾ നമ്മൾ ഇന്നത്തെ വിജയിയെ പ്രഖ്യാപിക്കാൻ പോവുകയാണ്. വളരെ ചുരുങ്ങിയ വാക്കുകളിൽ നടക്കാതെ പോയ ഒരു സ്വപ്നത്തെക്കുറിച്ച് ഹൃദയസ്പർശിയായി എഴുതി വിജയിയായത് മറ്റാരുമല്ല അമൽ സതീശൻ ആണ്.”

എല്ലാവരും കൈയ്യടിക്കുന്നതിനോടൊപ്പം അവർ ആ കുറിപ്പ് എല്ലാവരുടെയും മുന്നിലും വായിച്ചു കേൾപ്പിച്ചു.

“എന്റെ ജീവിതത്തിൽ നടക്കാതെ പോയതും ഇനി ഒരിക്കലും നടക്കാത്തതുമായ ഒരേ ഒരു സ്വപ്നം മാത്രമേയുള്ളൂ.. അത് മറ്റൊന്നുമല്ല എന്റെ അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ച് കരയുക എന്നതാണ്. അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.

ജീവിച്ചിരിക്കുമ്പോൾ ഞാനത് ഒരുപാട് കൊതിച്ചതാണെങ്കിലും അച്ഛന് അത് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി മനപ്പൂർവം ചെയ്തില്ല. പക്ഷേ അച്ഛനും അത് ആഗ്രഹിച്ചിരുന്നു എന്ന് അവസാന നിമിഷത്തിലെ നിറകണ്ണുകളോടെയുള്ള അച്ഛന്റെ നോട്ടം കണ്ടപ്പോഴാണ് മനസ്സിലായത്. ഇനി ഒരിക്കലും എനിക്ക് അതിന് സാധിക്കില്ല. ആ ആഗ്രഹം ബാക്കിയാക്കി അച്ഛൻ പോയി..”

അച്ഛന്റെ മരണക്കുറിപ്പ് എഴുതി ഒന്നാം സമ്മാനം വാങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അപ്പോഴും അച്ഛന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ മായാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *