അവളുടെ കണ്ണുകൾ അവനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവൻ വീണ്ടും കണ്ണുകൾ പുസ്തകത്താളിലേക്ക് തന്നെ പറിച്ചു നട്ടു

(രചന: അംബിക ശിവശങ്കരൻ)

അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്.

“പുതിയ താമസക്കാരാണെന്ന് തോന്നുന്നു.കൃഷ്ണേട്ടൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു പുതിയ താമസക്കാർ വരുമെന്ന്. ഒരു ഏട്ടനും അനിയത്തിയും ആണത്രേ.. ആ കുട്ടികളുടെ അച്ഛനും അമ്മയും മരിച്ചുപോയെന്ന കൃഷ്ണേട്ടൻ പറഞ്ഞത്.. പാവം കുട്ട്യോള്…”

വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന അമ്മ പറഞ്ഞത് കേട്ടതും വിവേകിനു എന്തെന്നില്ലാത്ത ദുഃഖം തോന്നി. കയ്യിലിരുന്ന പുസ്തകം മടക്കി വച്ചുകൊണ്ട് അവൻ അവർക്ക് അരികിലേക്ക് ചെന്നു. അവനെ കണ്ടതും ആ യുവാവ് നിറഞ്ഞ പുഞ്ചിരിയോടെ അവന് നേരെ ഹസ്തദാനം നൽകി.

“ഹായ് ഞാൻ കിരൺ. ഇവിടത്തെ പുതിയ താമസക്കാരാണ് ഞങ്ങൾ.ഇത് എന്റെ സിസ്റ്റർ കീർത്തന.”

വിവേക് ഇരുവരെയും നോക്കി പുഞ്ചിരിച്ചു.”ഞാൻ വിവേക്. ദാ അവിടെയാണ് താമസം.എന്റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടോ?”

“നോ.. താങ്ക്സ് ബ്രോ.. ഇതൊക്കെ ഇറക്കി വയ്ക്കാൻ ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്.””ശരി എങ്കിൽ നടക്കട്ടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ഞാനിന്ന് ഫ്രീയാണ്.”

“എങ്കിൽ പിന്നെ വൈകിട്ട് ബ്രോ ഒന്നിങ്ങോട്ട് ഇറങ്ങു.. നമുക്ക് എന്തെങ്കിലും ഒക്കെ സംസാരിച്ചിരിക്കാം എനിക്കാണെങ്കിൽ ഇവിടെ ആരെയും പരിചയമില്ല. എത്രയാണെന്ന്

കരുതിയാണ് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുന്നത്? അപ്പോഴേക്കും ഞങ്ങൾ ഇതൊക്കെ അടക്കി പെറുക്കി വയ്ക്കാം.”

“ഓഹ് അങ്ങനെയാകട്ടെ…”അതും പറഞ്ഞ് അവൻ അവിടെ നിന്നും മടങ്ങിപ്പോന്നു. തിരികെ വന്നു പുസ്തകം വായന തുടങ്ങുമ്പോഴും തന്നോട് സംസാരിക്കാൻ വിമുഖത കാണിച്ച ആ പെൺകുട്ടിയുടെ മുഖത്തേക്ക് കണ്ണുകൾ പാഞ്ഞു ചെന്നു. ആദ്യമായി ഒരാൾ പരിചയപ്പെടാൻ ചെല്ലുമ്പോൾ ഒന്ന് പുഞ്ചിരിച്ചെങ്കിൽ എന്താ?

അവളുടെ കണ്ണുകൾ അവനെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അവൻ വീണ്ടും കണ്ണുകൾ പുസ്തകത്താളിലേക്ക് തന്നെ പറിച്ചു നട്ടു.

വൈകുന്നേരം കാപ്പികുടി ഒക്കെ കഴിഞ്ഞിരുന്ന നേരമാണ് വിവേക് പുതിയ താമസക്കാരെ സന്ദർശിക്കാൻ ചെന്നത്. ചെന്ന് കയറുമ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയല്ലാതെ അവിടെ ആരെയും കണ്ടില്ല.

കോളിംഗ് കേടായിരുന്നത് കൊണ്ട് തന്നെ ഇവിടെ ആരുമില്ലേ എന്ന് രണ്ടുവട്ടം വിളിച്ചു ചോദിച്ചപ്പോഴാണ് ലിവിങ് റൂമിന്റെ കോർണറിൽ സെറ്റ് ചെയ്തു വച്ചിരുന്ന ചെറിയൊരു ലൈബ്രറി അവന്റെ ശ്രദ്ധയിൽ പെട്ടത്.

അവൻ അറിയാതെ തന്നെ വീടിനുള്ളിൽ പ്രവേശിച്ച് സാവകാശം ഓരോ പുസ്തകങ്ങളിലൂടെയും കണ്ണോടിച്ചു. താൻ വായിച്ചിട്ടില്ലാത്ത കുറെയേറെ പുസ്തകങ്ങളുടെ കളക്ഷൻ! അവന്റെ കണ്ണിന് ആ കാഴ്ച കുളിർമയേകി. അവൻ

തന്റെ വിരലുകളാൽ ഓരോ പുസ്തകങ്ങളിലൂടെയും തഴുകിക്കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്ന് വിളി കേട്ടത്.

” ഹലോ ബ്രോ… ബ്രോ ആയിരുന്നോ? ശബ്ദം കേട്ടപ്പോൾ ഞാൻ മറ്റാരോ ആണെന്ന് കരുതി. ഞങ്ങൾ പുറകുവശത്ത് തുണികൾ വിരിച്ചിടാനുള്ള ഒരു സെറ്റപ്പ് റെഡിയാക്കുകയായിരുന്നു.മോളെ…രണ്ട് ചായ ഇട്.”
അത് കേട്ടതും അവൾ അകത്തേക്ക് പോയി.

“അയ്യോ ഒന്നും വേണ്ട ഞാൻ കാപ്പി കുടിച്ചിട്ടാണ് വന്നത്.””അത് പറഞ്ഞാൽ പറ്റില്ല ബ്രോ.. ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമായി വന്നിട്ട് ഒന്നും കഴിക്കാതിരിക്കുന്നത് മോശമല്ലേ? ചായ വേണ്ടെങ്കിൽ ഹോട്ട് ആയി എന്തെങ്കിലും എടുക്കട്ടെ?.” കണ്ണ് ഇറക്കി കൊണ്ട് കിരൺ ചോദിച്ചു.

“അയ്യോ വേണ്ട പിന്നെ ഒരിക്കൽ ആകാം..”വിവേക് അത് സ്നേഹപൂർവ്വം നിരസിച്ചു.

“ഈ ബുക്സ് ഒക്കെ…?”
വിഷയം മാറ്റാനായി അവൻ പുസ്തകങ്ങൾ അടക്കിവെച്ച ഷെൽഫിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു.

“ഇതെല്ലാം മോളുടെതാണ് അവൾക്ക് ആകെയുള്ള വിനോദം ഈ വായന മാത്രമാണ്.എത്ര സമയം വേണമെങ്കിലും കുത്തിയിരുന്ന് വായിച്ചോളും.പക്ഷേ ഞാൻ നേരെ തിരിച്ചാണ് കേട്ടോ

വായിക്കുന്ന ശീലമേ എനിക്കില്ല. നിധി കാക്കുന്ന ഭൂതത്തെ പോലെയാ അവൾ ഇത് കാത്തു സൂക്ഷിക്കുന്നത്. അതിൽ ഒന്നിന്റെ ഓർഡർ തെറ്റിയാൽ മതി പിന്നെ ഇവിടെ ഭൂകമ്പം നടക്കും.”

അവനവളെ കളിയാക്കി കൊണ്ടിരിക്കുമ്പോഴാണ് കീർത്തന ചായയുമായി എത്തിയത്. അതിൽ ഒരു കപ്പ് അവൾ വിവേകിന്റെ നേരെ നീട്ടി.

“ബ്രോ, ചായ കുടിക്ക്… ഞാൻ ഇങ്ങനെയാ ഒരാളെ കിട്ടിക്കഴിഞ്ഞാൽ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ആ കാര്യത്തിൽ മോള് തിരിച്ചാ കേട്ടോ അത്രയേറെ അടുപ്പം തോന്നുന്നവരോട് മാത്രമേ അവള് സംസാരിക്കുകയുള്ളൂ.”

“ആ ചോദിക്കാൻ മറന്നു ബ്രോയുടെ വീട്ടിൽ ആരൊക്കെയുണ്ട്?”
ചായ കുടിച്ചു കൊണ്ടിരിക്കവേ എന്തോ ഓർമ്മ വന്നതുപോലെ കിരൺ ചോദിച്ചു.

” ഞാനും അച്ഛനും അമ്മയും ചേച്ചിയുമാണ്. ചേച്ചി ഇപ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്. ”

“അച്ഛനും അമ്മയും എപ്പോഴും കൂടെയുള്ളത് തന്നെ ഒരു ഭാഗ്യമാണ് ബ്രോ.. ഞങ്ങൾക്ക് പിന്നെ കുടുംബം എന്ന് പറയാൻ മാത്രം ഒന്നുമില്ല. ഇവൾക്ക് ഞാനും എനിക്ക് ഇവളും. അച്ഛൻ നേരത്തെ അങ്ങ് പോയി.

അമ്മയാണേൽ അഞ്ച് വർഷം മുന്നേയാണ് ഞങ്ങളെ തനിച്ചാക്കി പോയത്. ആ ഷോക്കിൽ നിന്നും മോൾ ഇതുവരെ മുക്തയായിട്ടില്ല. ഇവളെ കൊള്ളാവുന്ന ഒരുത്തനു കൈപിടിച്ചു ഏൽപ്പിച്ചിട്ട് വേണം എനിക്കും ഒരു കല്യാണം ഒക്കെ കഴിക്കാൻ…”

അത് പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞൊഴുകി. അത് കണ്ടതും അവനും വല്ലാതെയായി.

“ദാ.. അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞാൽ ഇതാണ് കുഴപ്പം മോൾ ഇരുന്നു കരയും. അതുകൊണ്ട് ഞാൻ മനപ്പൂർവ്വം ആ കാര്യം സംസാരിക്കാറില്ല. ബ്രോ ആയതുകൊണ്ട് പറഞ്ഞെന്നുമാത്രം.”

അന്നേരമാണ് കിരണിന്റെ ഫോൺ റിങ്ങ് ചെയ്തത്.”ഒരു മിനിറ്റ് ബ്രോ.. ഒരു അത്യാവശ്യ കോൾ ആണ് ഞാനിപ്പോൾ വരാം അതുവരെ നിങ്ങൾ സംസാരിച്ചിരിക്ക്.”

അത് പറഞ്ഞുകൊണ്ട് കിരൺ പുറത്തേക്ക് പോയതും കീർത്തനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഒരു നിമിഷം വിവേക് കുഴങ്ങി.

“കുട്ടി വിഷമിക്കാതിരിക്കൂ…ദൈവത്തിന് അത്രമാത്രം പ്രിയപ്പെട്ടതു കൊണ്ട് അവരെ നേരത്തെ വിളിച്ചെന്നു കരുതിയാൽ മതി.അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നൽകാൻ ഇത്രയും നല്ലൊരു ഏട്ടനെ ദൈവം തന്നില്ലേ? അതിൽ സന്തോഷിക്കുക…”

അവൾ പെട്ടെന്ന് കണ്ണു തുടച്ചു.”മാഷ് ഇന്ന് രാവിലെ ഏതു ബുക്കാണ് വായിച്ചുകൊണ്ടിരുന്നത്?”

അവൾ വേഗം തന്നെ വിഷയം മാറ്റിയെടുത്തു. പിന്നീട് അവർക്കിടയിൽ അക്ഷരങ്ങൾ മാത്രമായിരുന്നു സംസാരവിഷയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എത്രയേറെ പുസ്തകങ്ങളെ പറ്റിയാണ് അവൾ സംസാരിച്ചതെന്ന് അവൻ അതിശയത്തോടെ ഓർത്തു.

” ഞാൻ വായിച്ച ഓരോ ബുക്കിനെ കുറിച്ചും എന്റേതായ ശൈലിയിൽ ഞാൻ ഒരു കുറിപ്പ് എഴുതി വയ്ക്കാറുണ്ട്. ദാ ഇത് മാഷ് വായിച്ചുകൊണ്ടിരിക്കുന്ന ബുക്കിനെ കുറിച്ചാണ്.. വായിച്ചിട്ട് അഭിപ്രായം പറയൂ.. ”

അവൾ ഒരു ചെറിയ ഡയറി അവന് നേരെ നീട്ടി.അപ്പോഴേക്കും കിരൺ അവിടേക്ക് വന്നു. അവൻ വന്നതോടെ അവൾ അകത്തേക്ക് പോയി. അവളുമായുള്ള സംഭാഷണം അവനു അത്രയേറെ പ്രിയം തോന്നിയിരുന്നു. അതിനു ഭംഗം

വന്നപ്പോൾ എന്തെന്നില്ലാത്ത നിരാശയും. പിന്നെ അധികസമയം അവൻ അവിടെ നിന്നില്ല കിരണിനോട് യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോന്നു..

മുറിയിൽ കയറി ഡയറിയിലെ ഓരോ കുറിപ്പുകൾ വായിക്കുമ്പോഴും അവനു എന്തെന്നറിയാത്ത സന്തോഷം തോന്നി. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെയും പിടിച്ചിരുത്തുന്ന ഭാഷാശൈലി.ഈ അക്ഷരങ്ങൾ പിറവിയെടുത്തത് ആ വിരൽത്തുമ്പിനാൽ തന്നെയാണെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ പോലും അവന് പ്രയാസം തോന്നി.

പിന്നീട് അവളോട് സംസാരിക്കാൻ വേണ്ടി മാത്രം അവൻ ആ വീട്ടിലേക്ക് സന്ദർശനം നടത്താൻ തുടങ്ങി. അവളുടെ ഓരോ വാക്കുകളും, അത് അവൾ പ്രകടമാക്കുന്ന രീതിയും അത്രയേറെ ആരാധനയോടെയും

കൗതുകത്തോടെയും അവൻ നോക്കിയിരുന്നു. മാഷേ എന്നുള്ള അവളുടെ വിളിക്ക് ഒരു പ്രത്യേക കാന്തിക ശക്തിയുണ്ടെന്ന് അവനു തോന്നിപ്പോയി. അവർ പരസ്പരം പുസ്തകങ്ങൾ

കൈമാറി. അത് വായിച്ചശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. അവർ ഒന്നിച്ചുള്ള സമയങ്ങളിൽ എല്ലാം അവരുടേത് മാത്രമായ ഒരു ലോകം അവർ സൃഷ്ടിച്ചെടുത്തു.

പതിയെ ആ സൗഹൃദം വളർന്നു. തന്റെയുള്ളിൽ എവിടെയൊക്കെയോ അവളോട് ഉള്ള പ്രണയം നാമ്പിട്ടതായി അവൻ തിരിച്ചറിഞ്ഞു. അവളെ കാണാതിരിക്കുമ്പോൾ, മിണ്ടാതിരിക്കുമ്പോൾ എന്തെന്നറിയാത്ത

ഒരു വിങ്ങൽ ഹൃദയത്തിൽ അനുഭവപ്പെട്ടു.അവളുടെ മനസ്സിലും പറഞ്ഞറിയിക്കാൻ ആകാത്ത വിധം ഒരു ഇഷ്ടം വിവേകിനോട് തോന്നിത്തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കെയാണ് കിരണമായുള്ള സംസാരത്തിനിടയിൽ വിവേകിന്റെ വിവാഹ കാര്യത്തെക്കുറിച്ച് കിരൺ ചോദിച്ചത്.” ബ്രോയുടെ വിവാഹമൊന്നും നോക്കുന്നില്ലേ? ”

“വിവാഹത്തിനുള്ള പ്രായമായെന്ന് വീട്ടുകാർ പറഞ്ഞു. അവർ അന്വേഷിക്കുന്നുണ്ട്.”
കിരണിന് പുറകിലായി നിൽക്കുന്ന കീർത്തനയെ നോക്കിക്കൊണ്ട് വിവേക് പറഞ്ഞു.

“ബ്രോയ്ക്ക് താല്പര്യ കുറവ് ഒന്നുമില്ലെങ്കിൽ എന്റെ പെങ്ങളെ ഞാൻ ബ്രോയ്ക്ക് തരട്ടെ…. എനിക്കറിയാം ബ്രോയുടെ കൈകളിൽ അവൾ സുരക്ഷിതയായിരിക്കുമെന്ന്..”

കിരണത് പറഞ്ഞതും മറുപടി എന്തു പറയണമെന്ന് അറിയാതെ വിവേക് ഒരു നിമിഷം അമ്പരന്നു.

“എനിക്കറിയാം ബ്രോയ്ക്ക് താല്പര്യക്കുറവ് ഒന്നുമില്ലെന്ന്…മോൾക്കും ബ്രോയോട് ഇഷ്ടമുണ്ടെന്ന് ഞാൻ അറിഞ്ഞു. എങ്കിൽ പിന്നെ ഇതിൽപരം സന്തോഷം ഒരു ആങ്ങള എന്ന നിലയ്ക്ക് എനിക്ക് മറ്റെന്താണ്? വീട്ടുകാരെയും കൂട്ടി ബ്രോ ഒരു ദിവസം ഇങ്ങുവാ.. ഇവൾക്ക് അച്ഛനായും അമ്മയും ഞാൻ മാത്രമല്ലേ ഉള്ളൂ..?”

ഇത്രവേഗം തന്റെ ഇഷ്ടത്തിന് ഒരു തീർപ്പ് കൽപ്പിക്കും എന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവൾ അപ്പോൾ തന്നെ അവിടെ നിന്നും മുറിയിലേക്ക് ഓടി.”പെണ്ണിന്റെ ഒരു നാണം…”കിരൺ അവളെ കളിയാക്കി.

തിരികെ വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ടും അവനു ഉറങ്ങാൻ കഴിഞ്ഞില്ല. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. കീർത്തനയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ. അങ്ങനെ അവൾ തനിക്ക് സ്വന്തമാക്കാൻ പോകുന്നു.അവൻ ആ രാത്രി ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി..

പിറ്റേന്ന് വിവേക് അവിടെ ചെന്നെങ്കിലും കീർത്തനയോട് സംസാരിക്കാൻ കഴിഞ്ഞില്ല. സുഖമില്ലെന്ന് പറഞ്ഞ് കിടപ്പിലായിരുന്നു. അന്ന് അവനു എന്തോ വല്ലാത്ത ദുഃഖം തോന്നി. പരിചയപ്പെട്ടതിനുശേഷം ഇന്ന് ആദ്യമായാണ് തമ്മിൽ സംസാരിക്കാതിരുന്നത്.

അവൻ തലയിണയിൽ മുഖം അമർത്തി കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേന്ന് ആറുമണിയോട് അടുത്ത് പുറത്തു നിലവിളി കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്.പുറത്തേക്കോടിയതും കിരണിന്റെ നിലവിളിയാണെന്ന് മനസ്സിലായി. ആളുകളെല്ലാം അവരുടെ വീട്ടിലേക്ക് ഓടുന്നു.

കൈകാലുകൾ കുഴയുന്നതുപോലെ തോന്നിയെങ്കിലും സർവ്വശക്തിയും എടുത്ത് അവൻ അങ്ങോട്ട് ഓടി. ഓടി വന്ന് കണ്ട കാഴ്ച അവന്റെ നെഞ്ചു പിളർത്തുന്നതായിരുന്നു. ഫാനിൽ തൂങ്ങിയാടുന്ന കീർത്തനയുടെ മൃതദേഹം!. അവനൊരു നിമിഷം കണ്ണുകൾ പൊത്തി കൊണ്ട് പുറകോട്ട് വീണു.

“അവള് പോയി ബ്രോ.. എന്നെ ഈ മണ്ണിൽ ഒറ്റയ്ക്കിട്ട് അവള് പോയി. അതിനുമാത്രം എന്റെ മോൾക്ക് എന്ത് വിഷമം ആണാവോ ദൈവമേ ഉണ്ടായത്?”
വിവേകിനെ കണ്ടതും കിരൺ വന്ന് കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു. കിരണിനെ ആശ്വസിപ്പിക്കാൻ ഉള്ള ശക്തി പോലും

വിവേകിനു ഉണ്ടായിരുന്നില്ല. എന്നാലും അവൾ എന്തിനിത് ചെയ്തു? ഉത്തരം കിട്ടാത്ത ചോദ്യവും മനസ്സിൽ പേറി അവൻ ആ രാത്രി മുഴുവനും കരഞ്ഞുതീർത്തു.

പിന്നീടുള്ള ദിവസങ്ങൾ കിരണിനെ മുഖാമുഖം നോക്കുവാനുള്ള ശക്തി പോലും വിവേകിന് ഉണ്ടായിരുന്നില്ല. എങ്കിലും കഴിയാവുന്ന സമയങ്ങളിൽ ഒക്കെയും അവൻ കിരണിന് കൂട്ടിരുന്നു.

“തന്നെ ഓർത്തില്ലെങ്കിലും അവൾക്ക് അവളുടെ ഏട്ടനെ എങ്കിലും ഓർക്കാമായിരുന്നു.പാവം അവളെ അത്രയേറെ സ്നേഹിച്ച കിരൺ ഇത് എങ്ങനെയാണ് സഹിക്കുന്നത്?”

കിരണിനെ ഓർത്ത് വിവേകിന്റെ നെഞ്ച് പിടഞ്ഞു. അന്ന് അവൾ മരിച്ചിട്ട് അഞ്ചാം നാൾ. പുറത്തു പോസ്റ്റുമാൻ വന്നു വിളിച്ചപ്പോഴാണ് അവൻ പുറത്തിറങ്ങിയത്. തനിക്ക് നേരെ നീട്ടിയ ഒരു കത്ത് അവൻ മുറിക്കുള്ളിൽ വന്നു പൊട്ടിച്ചു വായിക്കാൻ തുടങ്ങി.”മാഷേ…”

അത് കണ്ടതും അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ഉയരുന്ന നെഞ്ചിടിപ്പിനോടൊപ്പം അവൻ ഓരോ അക്ഷരങ്ങളിലൂടെയും കണ്ണോടിച്ചു.

” മാഷേ.. ഞാൻ പോകുകയാണ്. എനിക്കറിയാം ഈ കത്ത് മാഷിന്റെ കയ്യിൽ കിട്ടുമ്പോഴേക്കും ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകുമെന്ന്. മാഷ് വിഷമിക്കരുത്. എനിക്കറിയാം മാഷിന് എന്നെ ഒരുപാട് ഇഷ്ടമാണെന്ന്.

അതിലുപരി മാഷിനെയും എനിക്ക് അത്രമേൽ ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ വിവാഹം നടക്കും എന്ന് ഉറപ്പായത്തോടെ ഞാൻ യാത്രയാകാൻ തീരുമാനിച്ചത്. അറിഞ്ഞുകൊണ്ട് മാഷിനെ ചതിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല..

മാഷ് അന്ന് പറഞ്ഞില്ലേ ഇതുപോലെ ഒരു ഏട്ടനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണെന്ന്.. എന്നാൽ മാഷിന് അറിയാമോ അയാൾ കാരണമാണ് ഞാനിന്ന് ഈ ലോകത്തോട് വിട പറയുന്നത് എന്ന്..അച്ഛൻ ഒന്നാണെങ്കിലും രണ്ട് അമ്മയുടെ വയറ്റിൽ ജനിച്ചവരാണ് ഞങ്ങൾ.

അമ്മയുടെ മരണശേഷം താങ്ങാകുമെന്ന് ഞാൻ കരുതിയ കൈകൾ തന്നെയായിരുന്നു മാഷേ എന്റെ ശരീരത്തെ പിച്ചി ചീന്തിയതും. അതേ മാഷേ… വർണ്ണനകൾ ഒന്നുമില്ലാതെ പറയുകയാണെങ്കിൽ എന്റെ സഹോദരന്റെ വെപ്പാട്ടിയാണ് ഞാൻ. എനിക്ക് അയാളിൽ നിന്ന് ഒരു രക്ഷയില്ലെന്ന് ഉറപ്പായതോടെ പലവട്ടം ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്.

പക്ഷേ എന്തോ കാരണത്താൽ ആയുസ്സ് നീട്ടി കിട്ടി. ഇവിടെ വന്ന് മാഷിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വന്ന രാത്രി തന്നെ ഞാൻ എന്റെ ജീവൻ ഒടുക്കുമായിരുന്നു.മാഷിനെ പരിചയപ്പെട്ടപ്പോൾ എന്തോ ജീവിക്കാൻ ഒരു കൊതി തോന്നി. ജീവിതത്തിൽ കുറച്ചു നല്ല ദിവസങ്ങൾ സമ്മാനിച്ച മാഷിന് നന്ദി….

അയാളുടെ വിഴുപ്പിനെയാണ് തന്ത്രപൂർവ്വം അയാൾ മാഷിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത്. ഞാൻ അതിന് കൂട്ടുനിൽക്കില്ല മാഷേ… കാരണം അത്രമേൽ ഞാൻ മാഷിനെ സ്നേഹിച്ചിരുന്നു. പുനർജന്മം ഉണ്ടോ എന്ന് അറിയില്ല ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും കാത്തിരിക്കും എന്റെ മാഷിനു വേണ്ടി…”

അത് വായിച്ചു കഴിഞ്ഞതും അവനു ശരീരമാകെ തളരുന്നത് പോലെ തോന്നി. എത്ര ഭംഗിയായാണ് അവൻ തന്റെ മുന്നിൽ നാടകം കളിച്ചത്. ഇപ്പോൾ പോലും ഒരു പാവത്തിനെ കൊലയ്ക്ക് കൊടുത്തിട്ട് എത്ര ഭംഗിയായാണ് അവൻ അഭിനയിക്കുന്നത്…. പാവം തന്റെ ജീവിതം തകരും എന്നറിഞ്ഞപ്പോൾ സ്വന്തം ജീവിതം തന്നെ ബലി

നൽകിയതാണവൾ…പക്ഷെ അവൾ തന്നോട് എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഇരു കൈയ്യും നീട്ടി താൻ അവളെ സ്വീകരിച്ചേനെ… അവളെ ഓർത്തു ഉള്ളു നീറുമ്പോഴും കിരണിനെ ഓർത്ത് അവന്റെ രക്തം തിളച്ചു കൊണ്ടിരുന്നു.

രാത്രി ആളുകൾ ഒഴിയുവോളം അവൻ കാത്തിരുന്നു. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിവേക് അവിടേക്ക് ചെന്നത്. വിവേകിനെ കണ്ടതും കിരൺ വീണ്ടും കരച്ചിൽ അഭിനയിക്കാൻ തുടങ്ങി.

ദേഷ്യം നിയന്ത്രിക്കാൻ ആകാതെ കയ്യിൽ കരുതിയ വലിയ ഇരുമ്പ് വടി കൊണ്ട് അവൻ കിരണിനെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് നിലത്ത് വീണ അവനെ ദേഷ്യം അടങ്ങാതെ പിന്നെയും ചവിട്ടിക്കൂട്ടി. എല്ലു നുറുങ്ങുന്ന വേദനയിൽ നിലവിളിക്കുന്ന അവന്റെ വായിൽ തുണി തിരുകി കൊണ്ട് വിവേക് അവന്റെ കഴുത്തിൽ പിടിച്ചു ഞെരിച്ചു.

“മിണ്ടരുത് നായേ നീ… നിന്നെ ഞാൻ കൊല്ലില്ല.. കിടന്നിടത്തുനിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ നീ കാലാകാലങ്ങളോളം ഈ കിടപ്പ് കിടക്കണം. ആ പാവത്തിനെ കൊലയ്ക്ക് കൊടുത്തതിന് അതിൽ കുറഞ്ഞു ഒരു ശിക്ഷ നിനക്കില്ല.

സ്വന്തം കൂടപ്പിറപ്പിനെ തന്നെ കിട്ടിയുള്ളൂ അല്ലേടാ നിനക്ക് കാമം തീർക്കാൻ?ഇത് നീ ആരോടെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ ഈ കത്ത് മതി കാലാകാലങ്ങളോളം നീ ജയിലിൽ കിടക്കാൻ… അതിനിനി നിന്റെ നാക്കും പൊങ്ങില്ല കേട്ടോ നായിന്റെ മോനെ…”

അതും പറഞ്ഞു ഒന്ന് കരയാൻ പോലും സമ്മതിക്കാതെ വിവേക് അവനെ നിലംപരിശാക്കി.

പ്രാണൻ പോകുന്ന വേദനയിൽ ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ പിടയുന്ന കിരണിനെ മറികടന്നുകൊണ്ട് അവൻ നടന്നു. അവളുടെ ശരീരം കത്തിയെരിഞ്ഞ ചിതയിലേക്ക് നോക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. ഇത്രയെങ്കിലും അവൾക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞ സംതൃപ്തിയോടെ എന്നെന്നേക്കുമായി അവൻ ആ പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *