(രചന: അംബിക ശിവശങ്കരൻ)
“ഗോപി… ഞങ്ങൾ അവരോട് സംസാരിച്ചു നോക്കി ഗീതുവിന് ഇക്കാര്യത്തിൽ സമ്മതക്കുറവ് ഒന്നുമില്ല. പക്ഷേ അമ്മു മോള് തീരെ സമ്മതിക്കുന്നില്ല.”
തെക്കേ മുറ്റത്തെ മാവിൻ ചോട്ടിൽ തന്റെ കസേരയിലിരുന്ന് എന്തൊക്കെയോ ചിന്തിച്ചിരുന്ന അയാളുടെ അടുത്തേക്ക് തന്റെ ഭാര്യ സഹോദരന്മാരായ അശോകനും കൃഷ്ണനും വന്നു.
“ഞാനും കൃഷ്ണേട്ടനും മാറിമാറി പറഞ്ഞു നോക്കി. അമ്മു മോൾക്ക് അത് ഉൾക്കൊള്ളാനേ പറ്റുന്നില്ല. ഗീതു മോളുടെ കല്യാണം കഴിഞ്ഞത് കൊണ്ട് അവൾ ഇപ്പോൾ കൂടുതൽ നേരവും അവിടെ അല്ലേ…
പക്ഷേ അമ്മു മോളുടെ കാര്യം അങ്ങനെ അല്ലല്ലോ? ഈ വീട്ടിൽ അവളുടെ അമ്മയ്ക്ക് പകരക്കാരിയായി മറ്റൊരാൾ വന്ന് കയറുന്നത് കണ്ടു നിൽക്കാൻ ത്രാണി ഉണ്ടാകില്ല പാവത്തിന്….നിനച്ചിരിക്കാതെ നേരത്തല്ലേ ദൈവം അതിന്റെ അമ്മയുടെ ജീവൻ എടുത്തത്.”
ഗോപിയുടെ കണ്ണുകൾ നിറഞ്ഞു. അപ്പോഴും അയാൾ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.
“ഞങ്ങളുടെ കൂടെപ്പിറപ്പ് പോയി അത് ഞങ്ങൾക്ക് എന്നും ഒരു തീരാനഷ്ടം തന്നെയാണ്.പക്ഷേ നിന്റെ ഈ ഇരിപ്പ് ഞങ്ങൾക്ക് സഹിക്കുന്നില്ല ഗോപി…
അമ്മു മോളും കൂടി ഒരുത്തന്റെ കൈപിടിച്ച് ഈ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ നിനക്ക് ആരാണ്? ഈ നാല് ചുവരുകൾക്കുള്ളിൽ നീ പിന്നെ തനിച്ചാകില്ലേ?
ഒന്ന് കിടപ്പിലായാൽ കൂടി ഒരു ഗ്ലാസ് വെള്ളമെടുത്തു തരാൻ നിനക്കൊരു തുണ വേണ്ടേ? അതുകൊണ്ടാ ശേഖരമ്മാവൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞതും ഞങ്ങൾ ഇതു മുറുകെ പിടിച്ചത്.
ആ കുട്ടിയെ ഞങ്ങൾക്ക് പരിചയമുണ്ട് നിന്നെയും മക്കളെയും പൊന്നുപോലെ ആ കുട്ടി നോക്കിക്കോളും പക്ഷേ അമ്മു മോളുടെ മനസ്സ് മാറാതെ..”
അയാൾ മുഴുവിപ്പിക്കാൻ കഴിയാത്ത ഒരു നിമിഷം നിശ്ചലമായി.”കൃഷ്ണേട്ടാ… അശോകേട്ടാ… എന്നോടുള്ള കരുതലും സ്നേഹവും കൊണ്ടാണ് നിങ്ങൾ രണ്ടാളും ഇത് പറയുന്നതെന്ന് എനിക്കറിയാം…നിങ്ങൾ പറഞ്ഞതൊക്കെയും സത്യമാണ് അമ്മു കൂടി പോയാൽ ഞാൻ ഈ വീട്ടിൽ തനിച്ചാകും.”
“അംബിക പോയിട്ട് രണ്ടു വർഷമായെങ്കിലും അവളുടെ ഓർമ്മകൾ എന്നെ ഒരു ഭ്രാന്തനാക്കി മാറ്റും എന്നുറപ്പുള്ളത് കൊണ്ട് മാത്രമായിരുന്നു ഞാൻ ഇതിന് സമ്മതിച്ചത്.
ചിലപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞാലോ എന്നൊരു പ്രതീക്ഷ… പക്ഷേ എന്റെ മോളെ വേദനിപ്പിച്ചുകൊണ്ട് എനിക്ക് ഒന്നും വേണ്ട അവൾക്ക് ഇഷ്ടമല്ലെങ്കിൽ ഇക്കാര്യം ദയവായി ഇനി സംസാരിക്കേണ്ട.”
തേജസ് നഷ്ടമായ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ ശ്രമിച്ചുകൊണ്ട് അയാൾ വീടിനകത്തേക്ക് പോയി. അമ്മുവിന്റെ മുറിയുടെ വാതിൽക്കൽ ചെന്ന് നോക്കുമ്പോൾ അവൾ മേശയിൽ മുഖം വെച്ചിരിക്കുകയായിരുന്നു.
” മോളെ… “അയാൾ തട്ടി വിളിച്ചതും അവൾ ഞെട്ടി എഴുന്നേറ്റു കൊണ്ട് കണ്ണുകൾ തുടച്ചു.
“മോള് കരയേണ്ട…മോൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും അച്ഛൻ ചെയ്യില്ല. മോള് കരുതുന്ന പോലെ അച്ഛന് വേറൊരു കല്യാണം കഴിച്ച് സുഖമായി ജീവിക്കാനുള്ള കൊതി കൊണ്ട് ഒന്നുമല്ല കേട്ടോ..
ഗീതു മോളുടെ കല്യാണം കഴിഞ്ഞു പോയപ്പോൾ അച്ഛന് കൂട്ടായി മോൾ ഉണ്ടായിരുന്നു ഈ വീട്ടിൽ ഇനി മോളു കൂടി പോയാൽ അച്ഛനു പിന്നെ ആരാ ഉള്ളത്.. ഒന്നു മിണ്ടാൻ… സങ്കടം പറഞ്ഞു ഒന്ന് കരയാൻ…
അച്ഛന് പിന്നെ ആരും ഇല്ലാതാവും. മനസ്സ് തുറന്നൊന്ന് സംസാരിക്കാൻ പോലും കഴിയാതെ ഈ വീടിനുള്ളിലെ ഏകാന്തതയിൽ എനിക്ക് എന്നെ തന്നെ നഷ്ടമായാലോ എന്ന് അച്ഛന് ഒരു പേടി അതാണ് കൃഷ്ണമാമനും അശോകമാമനും ഇതേപ്പറ്റി പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ സമ്മതം ചോദിക്കാൻ പറഞ്ഞത്.
നിങ്ങളുടെ അമ്മയ്ക്ക് പകരം ആകാൻ ആർക്കും കഴിയില്ല എന്ന് അച്ഛനറിയാം അത് മറന്നേക്കു… എന്റെ മക്കളെ വേദനിപ്പിച്ചുകൊണ്ട് ഞാൻ ഒന്നും ചെയ്യില്ല നിങ്ങൾക്കിനി ഞാൻ മാത്രമല്ലേ ഉള്ളൂ..”
അയാൾ അത് പറഞ്ഞു നിർത്തിയതും അവൾ അച്ഛനെ മുറുക്കെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.
“അച്ഛാ ഇത് ഒരിക്കലും എന്റെ സ്വാർത്ഥതയായി കണക്കാക്കരുത്. എനിക്കറിയാം ഞാൻ കൂടെ പോയാൽ അച്ഛൻ ശരിക്കും ഈ വീട്ടിൽ തനിച്ചാകുമെന്ന്…
ഇനിയുള്ള ജീവിതത്തിൽ അച്ഛന് ഒരു തുണ ആവശ്യമാണെന്നും എനിക്കറിയാം. പക്ഷേ എത്ര ശ്രമിച്ചിട്ടും അമ്മയ്ക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ എനിക്ക് കഴിയുന്നില്ല.
അമ്മയുടെ സ്ഥാനത്ത് മറ്റൊരാൾ ഇവിടെ കഴിയുന്നത് എങ്ങനെയാണ ഞാൻ നോക്കി നിൽക്കേണ്ടത്? എന്റെ അമ്മ അത്രയ്ക്ക് പാവമായിരുന്നില്ലേ? എന്തിനാ ദൈവം എന്റെ അമ്മയോട് ഇത്ര വലിയ ക്രൂരത കാണിച്ചത് ഞങ്ങടെ അമ്മയെ പോലെ ഇനി ആർക്കാണ് ഞങ്ങളെ സ്നേഹിക്കാൻ കഴിയുന്നത്?”
തന്റെ നെഞ്ചിൽ കിടന്ന് ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുന്ന മകളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആകാതെ അയാൾ നിന്നു ഈ ചോദ്യങ്ങൾക്ക് എല്ലാം എന്ത് ഉത്തരം പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കേണ്ടത്?
“കരയാതെ മോളെ അച്ഛന് ഈ കണ്ണീർ കണ്ടു നിൽക്കാൻ വയ്യ..””അച്ഛാ അശോകമാമനോടും കൃഷ്ണ മാമനോടും ഞാൻ പറയാം എന്റെ കല്യാണം കഴിയുന്നതുവരെ ഒന്ന് കാത്തിരിക്കാൻ അവരോട് പറയാൻ…
ഗീതു ചേച്ചിയെ പോലെ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വേറെ വീട്ടിൽ കഴിയുമ്പോൾ പതിയെ പതിയെ എനിക്ക് ഇത് ഉൾക്കൊള്ളാൻ പറ്റിയേക്കും… ഞാൻ കാരണം അച്ഛൻ ഒരിക്കലും തനിച്ചാകരുത്.”
അവളുടെ തീരുമാനം ശരി വെച്ച് കൊടുക്കുകയല്ലാതെ അയാൾ മറുത്തൊന്നും പറഞ്ഞില്ല.
ഒരു വർഷത്തിനകം തന്നെ എല്ലാവരും ചേർന്ന് നല്ലൊരു പയ്യനെ കണ്ടു പിടിച്ച് അവളുടെ വിവാഹം നടത്തി.
കല്യാണം കഴിഞ്ഞ് അവൾ ആ പടിയിറങ്ങുമ്പോൾ ഹൃദയമടർന്ന് പോകുന്ന വേദന അയാൾക്ക് തോന്നി. തന്റെ ഭാര്യയുടെ ഫോട്ടോയ്ക്ക് അകരികിൽ നിന്ന് പൊട്ടിക്കരഞ്ഞ അയാളെ കൃഷ്ണേട്ടനും അശോകേട്ടനും ചേർന്നാണ് പിടിച്ചു മാറ്റിയത്.
ഇത്തരം കാഴ്ചകൾ സ്ഥിരമായതോടെയാണ് രണ്ടുമാസത്തിനകം തന്നെ ഗോപിയുടെ വിവാഹവും നടത്തിയത്. കല്യാണം കഴിഞ്ഞ് ഉടൻ പോകാൻ ഒരുങ്ങിയ അമ്മുവിനെ ഗീതുവാണ് തടഞ്ഞത്.
“ഇന്ന് തന്നെ പോയാൽ എങ്ങനെയാണ് അമ്മു? ഇവിടെ ആരെങ്കിലും വേണ്ടേ? നാളത്തെ കൂടി കഴിഞ്ഞിട്ട് പോകാം…”
തന്റെ ചേച്ചിയുടെ നിർബന്ധപ്രകാരം അവിടെ തങ്ങിയെങ്കിലും അച്ഛന്റെ രണ്ടാം ഭാര്യയോട് അവൾക്ക് ഒരു അടുപ്പവും തോന്നിയില്ല എന്നതാണ് സത്യം.
അവർ മിണ്ടാൻ ശ്രമിക്കുമ്പോഴൊക്കെയും അവൾ മനപ്പൂർവം ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു എന്നാൽ ചേച്ചി അവരോട് വളരെ സ്നേഹത്തോടെ അടുത്തിടപെടുന്നതും സംസാരിക്കുന്നതും കണ്ട് അവൾക്ക് ദേഷ്യം തോന്നി.
മാസങ്ങൾ പിന്നെയും കടന്നുപോയി ഈ കാലത്തിനിടയ്ക്ക് സ്വന്തം വീട്ടിൽ വന്നു പോവുകയല്ലാതെ താമസിക്കുക എന്നത് അമ്മുവിനെ സംബന്ധിച്ച് വളരെ വലിയൊരു കടമ്പയായിരുന്നു.
ഒന്നോ രണ്ടോ വട്ടം മാത്രം ഒരു രാത്രി തങ്ങിയത് ഗീതു ഉള്ളതുകൊണ്ട് മാത്രമായിരുന്നു. അവർ സ്നേഹം നടിച്ചു വന്നാലും അമ്മു ഒഴിഞ്ഞു മാറും.
“എന്റെ അമ്മ എന്റെ അമ്മ മാത്രമാണ്”അതായിരുന്നു അവളുടെ മനസ്സിൽ.
അങ്ങനെയിരിക്കെയാണ് ഏഴാം മാസത്തിൽ അമ്മുവിനെ പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
തന്നെ നോക്കാൻ ഒരാളെ ജോലിക്ക് വയ്ക്കാൻ അവൾ തന്റെ ഭർത്താവിനെ പറഞ്ഞു സമ്മതിപ്പിച്ചുവെങ്കിലും താൻ നോക്കിക്കോളാം എന്ന് അച്ഛന്റെ ഭാര്യ പറഞ്ഞതോടെ എല്ലാവരും അത് അംഗീകരിച്ചു.
തന്റെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നോക്കുമ്പോഴും ഓരോന്ന് നിർബന്ധിച്ചു കഴിപ്പിക്കുമ്പോഴും അച്ഛന്റെ മുന്നിൽ വലിയ ആളാകാൻ തന്റെ അമ്മയുടെ സ്ഥാനം പിടിച്ചു പറ്റാനുമുള്ള പെടാപ്പാടാണ് ഇതെല്ലാം എന്നാണ് അവൾ വിശ്വസിച്ചിരുന്നത്.
മറഞ്ഞിരുന്ന് തന്റെ അച്ഛനെ വീക്ഷിക്കുമ്പോൾ ഒക്കെയും എന്നോ മറിഞ്ഞുപോയ അച്ഛന്റെ സന്തോഷം മുഖത്ത് പ്രകടമായത് പോലെ അവൾക്ക് തോന്നി.
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും തന്റെ അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തത് അവരായിരുന്നു. കുഞ്ഞിനെയും അവളെയും കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും മുതൽ അവളുടെ അടിവസ്ത്രം വരെ കഴുകി ഇട്ടിരുന്നത് അവരായിരുന്നു.
ഇക്കാലത്തിനിടയ്ക്ക് ദൈവം തട്ടിപ്പറച്ചു കൊണ്ടു പോയ അമ്മയുടെ സ്നേഹം അനുഭവിച്ച് അറിയുന്നത് പോലെ അവൾക്ക് തോന്നി രാത്രികളിൽ ഉറക്കമില്ലാതെ കുഞ്ഞിനെ എടുത്തു നടക്കുമ്പോൾ ആയിരുന്നു അവരുടെ സ്നേഹത്തിൽ കാപട്യം ഇല്ലെന്ന സത്യം അവൾ തിരിച്ചറിഞ്ഞത്. പതിയെ പതിയെ അവളുടെ മനസ്സിലെ അകലം ഇല്ലാതായി തുടങ്ങി.
90 കഴിഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്ന ദിവസം ആദ്യമായി അവൾ അവരെ ഓർത്തു കരഞ്ഞു ഇത്രനാൾ അനുഭവിച്ച അമ്മയുടെ സ്നേഹവും സംരക്ഷണവും ഇല്ലാതാകുമല്ലോ എന്നോർത്ത് അവളുടെ മനസ്സ് വിതുമ്പി.
ഇറങ്ങാൻ നേരം തന്നെയും കുഞ്ഞിനെയും ചേർത്തുപിടിച്ച് തേങ്ങുന്ന അവരെ നോക്കി അവൾ ആദ്യമായി ആ പദം ഉച്ചരിച്ചു..
“അമ്മ കരയാതെ ഞങ്ങൾ ഉടനെ വരാം”പ്രതീക്ഷിക്കാതെ കേട്ട ആ വിളിയിൽ നിന്നും അവരുടെ മാത്രമല്ല അയാളുടെയും മിഴികൾ നിറഞ്ഞു…