ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ” “കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ.

ബാംഗ്ലൂർ ഡേയ്സ്
(രചന: Nisha Pilllai)

മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു.”നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക് സീൻ ആണ്. നോക്ക് ആ പെൺകുട്ടി അവന്റെ ചെവിയിൽ മൃദുവായി കടിക്കുന്നത്. ”

അവൻ അവർക്കെതിരെ ഇരുന്ന കുട്ടികളെ നോക്കി. അവരെ കണ്ടാൽ ആർക്കും സ്നേഹിക്കാൻ തോന്നും. രൂപാലിയെ പോലെ തന്നെ. അവൾ അവനോടൊന്നും കൂടി ചേർന്ന് നിന്നു.

“മുകിലാ നമുക്ക് ഈ ആംപിയൻസിൽ ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ”

“കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ. ആരെങ്കിലും കണ്ടാലോ. “അവൻ അടിയ്ക്കാനായി കൈയോങ്ങി.

“എനിക്കെന്തു മാറ്റം, പണ്ടും ഞാൻ മുകിലന്റെ കാമുകി. ഇപ്പോഴും ഞാൻ മുകിലന്റെ കാമുകി.

സതീദേവി ഭഗവാൻ ശിവനെ എങ്ങനെ പ്രണയിച്ചുവോ, അതെ പോലെ ഈ പാവം രൂപാലി അവളുടെ മുകിലനെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. വർഷങ്ങൾ പന്ത്രണ്ടു കഴിഞ്ഞെങ്കിലും പ്രണയത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല. ”

അവൾ നെടുവീർപ്പിട്ടു. നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും ഒളിപ്പിക്കാനായി അവൾ തിരിഞ്ഞ് നിന്നു.

“എടീ ആ നിൽക്കുന്ന രോഹിത്തിനെ കണ്ടോ അവൻ പ്രിയയുടെ ബന്ധുവാണ്. ഒന്നിന് പത്താക്കി അവളുടെ അമ്മയുടെ ചെവിയിൽ എത്തിച്ച് കൊടുക്കും. ”

ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാൽ മാനേജർമാരെല്ലാം കൂടി ദീപാവലി പ്രമാണിച്ചു സംഘടിപ്പിച്ച ഒരു ത്രിദിന ടൂർ പരിപാടിയിലാണ് അവർ. ഒരു ടൂറിസ്റ്റ് ട്രാവലറിൽ അവർ ഇരുപതു പേർ മാത്രം.

രൂപാലി പൊതുവെ എല്ലാവരുമായി കമ്പനി ആയതുകൊണ്ട് അവളുടെ അടുത്തിരിക്കുന്നതിൽ മുകിലന് റിസ്ക് ഇല്ല. മുകിലന്റെ ഭാര്യയുടെ ബന്ധു രോഹിത്താകട്ടെ ഒരു തെലുങ്കത്തിയുടെ പിറകെയാണ്. അവനാകട്ടെ മുകിലനെ ശ്രദ്ധിക്കാൻ സമയം കൂടി കിട്ടുന്നതേയില്ല.

മുകിലനാണെങ്കിൽ ഭാര്യയുടെയും അവളുടെ അമ്മയുടെയും നാക്കിന്റെ നീളമോർത്തു നല്ല പേടിയുമുണ്ട്. അവന് രൂപാലിയുടെ സാന്നിധ്യം തന്നെ സ്വർഗ്ഗ സമാനമാണ്.

എല്ലാവരും പലവഴിക്ക് തിരിഞ്ഞപ്പോൾ നടപ്പാതയുടെ വളവിൽ അവർ മാത്രമായി. പെട്ടെന്ന് ചുറ്റും നോക്കിയിട്ട് മുകിലൻ രൂപാലിയുടെ കൈയെടുത്ത് അവന്റെ നെഞ്ചിന്റെ ഇടതു ഭാഗത്തു വച്ചു. എന്നിട്ടു കൗതുകത്തോടെ അവളുടെ മുഖത്തേയ്ക്കു നോക്കി.

“രൂപ നിനക്കെന്റെ ഹൃദയമിടിപ്പ് അറിയാൻ കഴിയുന്നുണ്ടോ. അതെന്റെ പൊന്നു രൂപാലി രൂപാലി എന്ന് വിളിച്ചു തേങ്ങുന്നത് നീ കേൾക്കുണ്ടോ. ”

രണ്ടു പേരും കുറെ നേരത്തേയ്ക്ക് മൗനത്തിലായി. അവളുടെ സാമാന്യം വലുപ്പമുള്ള നയനങ്ങൾ നിറഞ്ഞൊഴുകി. അവനു സങ്കടം വന്നു. അവളുടെ വലതു കയ്യിൽ അവൻ വിഷമത്തോടെ ചുംബിച്ചു.

അവളുടെ കണ്ണുനീരിൽ അവൻ അതീവ ഗാഡമായി ചുംബിച്ചു. ആ സമയത്ത് അവരെ ശല്യപ്പെടുത്താതിരിക്കാൻ കാറ്റ് പോലും ശാന്തമായി.

“പക്ഷെ ഈ ഹൃദയത്തിന്റെ ലൈസൻസി പ്രിയ അല്ലേ, ഈ രൂപാലിയല്ലല്ലോ. ഈ ഹൃദയത്തിന്റെ യഥാർത്ഥ ഉടമ രൂപാലിയാണെന്നു രൂപാലിക്കു മാത്രമേ അറിയൂ. ”

അവൾ പെട്ടെന്ന് കുനിഞ്ഞു അവന്റെ നെഞ്ചിൽ ഉമ്മ വച്ചു. ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത തരത്തിലുള്ള ഒരു തരം സ്നേഹപ്രഭാവം അവൻ അറിഞ്ഞു.

കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. രൂപാലി വല്ലാത്തൊരു പ്രതിഭാസമാണ്. അവളിലൂടെ അറിഞ്ഞ സ്നേഹം എത്ര വ്യത്യസ്തമാണ്.

“അത് പോട്ടെ മുകിലാ, നമ്മുടെ ഇടയിലെ സ്നേഹം ഇപ്പോഴും അവിടെയുണ്ട്. തുടക്കം മുതൽ ഇതാ ഈ നിമിഷം വരെ.

നമ്മൾ പരസ്പരം കാണുകയും കേൾക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരേ കട്ടിലിൽ കിടന്നുറങ്ങിയാലോ, അല്ലെങ്കിൽ പരസ്പരം ശരീരം പങ്കിട്ടാലോ മാത്രമാണ് സ്നേഹം നിലനിൽക്കുന്നതെന്ന് തെറ്റായ ധാരണയാണ്. ”

അവൻ പടികെട്ടുകളിൽ ഇരുന്നു. അവന്റെ കാലുകളിൽ ചാരി താഴത്തെ പടിക്കെട്ടിൽ അവളും ഇരുന്നു.

“രൂപാലി, മോളെ ചില സമയത്ത് നീ എനിക്കൊരു അതിശയമാണ്. നിന്റെ സ്നേഹമൊരു അത്ഭുതമാണ്. ”

” മുകിലാ, നമ്മുടെ ഇടയിൽ പരാതിയും കുറ്റപ്പെടുത്തലുമില്ല. നാണക്കേടും കുറ്റബോധവുമില്ല. നമ്മൾ പരസ്പരം അറിഞ്ഞവരാണ്.

സ്നേഹിച്ചവരാണ്. വഴക്കിനും വക്കാണത്തിനും നമുക്ക് സമയമില്ല. ഞാൻ എന്റെ അമ്മയെ പരിപാലിച്ചു കൊണ്ട്, നിന്നെ സ്നേഹിച്ചു കൊണ്ട്, ഇഷ്ടമുള്ള പട്ടണത്തിൽ ഇഷ്ടമുള്ള ജോലി ചെയ്തു കൊണ്ട് ഇങ്ങനെ അങ്ങ് ജീവിക്കും. ”

“പക്ഷെ എത്ര നാൾ ആണ് മോളെ നീയിങ്ങനെ ഒറ്റയ്ക്ക്, എന്നെ മാത്രം സ്നേഹിച്ചു, എനിക്കൊരു മനസ്സമാധാനവും കിട്ടുന്നില്ല നിന്നെയോർത്ത്.

എനിക്കാണേൽ സാഹചര്യങ്ങൾ വേറെയാണ്. പ്രിയയെയും അമിതമോളെയും അമ്മയെയും വിട്ടു ഒരു കാലത്തും എനിക്ക് നിന്നോടൊപ്പം വരാൻ സാധിക്കില്ല. ”

“മാസത്തിലൊരിക്കൽ നീ എന്നെ കാണാൻ വരുന്നുണ്ടല്ലോ. നിനക്കറിയാല്ലോ, നിന്നെ കാണാൻ വേണ്ടിയാണ്, സ്നേഹിക്കാൻ വേണ്ടിയാണ് ഡൽഹിയിൽ നിന്ന് ബാംഗ്ലൂർ നഗരത്തിലേക്ക് കൂടു മാറിയതെന്ന്..

പിന്നെ നീയൊരിക്കലും എന്നെ വിട്ടു പറന്നു പോകുമെന്ന് എനിക്ക് പേടിയില്ല. നീ എന്റെ ആത്മാവിന്റെ ഭാഗമാണ് ചക്കരെ….. പിന്നെ സദാചാര വാദികളായ മനുഷ്യർ പറയും നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന്.

സ്നേഹം ഒരു തെറ്റാണോ. ഭാര്യയെയും മക്കളെയും ഉറക്കി കിടത്തിയിട്ട് മനസ്സ് കൊണ്ട് ലോകത്തുള്ള പെണ്ണുങ്ങളോടൊക്കെ വ്യഭിചാരിക്കുന്ന സദാചാര വാദികളുടെ നാടാണ് നമ്മുടേത്. എനിക്ക് എന്റെ ശരിയാണ് വലുത്. ”

മുകിലൻ തിരുവനന്തപുരത്തും രൂപാലിക്ക് ബാംഗ്ലൂരും ആണ് ജോലി. മാസത്തിലൊരിക്കൽ ബാംഗ്ലൂർ ഹെഡ് ഓഫീസിലെത്തുന്ന സമയത്ത് മാത്രമാണ് അവർ തമ്മിൽ കണ്ടു മുട്ടുന്നത്. രൂപാലിയും അമ്മയും മാത്രമുള്ള ഫ്ലാറ്റിൽ അവനു സർവ സ്വാതന്ത്ര്യമാണ്.

രൂപാലിയുടെ അമ്മയ്ക്ക് അവൻ സ്വന്തം മകനെ പോലെയാണ്. സ്വന്തം മകളുടെ മനസിലെ പ്രണയത്തെ അവർക്കും അറിയാം, വർഷങ്ങൾക്കു മുൻപ് തന്നെ. മറ്റൊരു കല്യാണത്തിന് അവളെ ഉപദേശിച്ചു അവർ തളർന്നു.

ഡൽഹിയിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനത്തിൽ ഒന്നിച്ചാണ് അവർ ബിരുദത്തിനു പഠിച്ചത്.

ഈശ്വര വിശ്വാസിയായ മുകിലൻ എന്ന മലയാളിയും ക്ലാസ്സിലെ ഏറ്റവും ഉഴപ്പിയായ യുക്തിവാദിനി, ഡൽഹിക്കാരി രൂപാലിയും തമ്മിൽ എങ്ങനെയോ പ്രണയത്തിലായി. ഒരു തരം വിശുദ്ധ പ്രണയം. കോളേജിലും കാമ്പസിലും അവരുടെ പ്രണയം പാട്ടായി.

രണ്ടു വീട്ടുകാർക്കും അറിയാവുന്ന പ്രണയം, എല്ലാവർക്കും സമ്മതവുമായിരുന്നു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ അവർ അവരുടെ പ്രണയത്തെ വളർത്തി വലുതാക്കി. രൂപാലിയില്ലാതെ ഒരു നിമിഷം പോലും മുകിലന് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ.

അച്ഛന്റെ ബിസിനസ് എട്ടുനിലയിൽ പൊട്ടിയപ്പോൾ. അച്ഛനെ കടക്കെണിയിൽ നിന്നും കരകയറ്റാൻ, ബിസിനസിനെ രക്ഷിക്കാൻ അമ്മ കണ്ടെത്തിയ ഉപാധിയായിരുന്നു പ്രിയയുമായുള്ള വിവാഹം. ആത്മഹത്യയുടെ വക്കിലായ അച്ഛനെ രക്ഷിക്കാൻ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു പ്രിയ.

അവളുടെ സ്വത്തുക്കൾ ആദ്യമേ തന്നെ വിട്ടു നൽകിയിരുന്നു. മുകിലൻ തകർന്നു പോയിരുന്നു. അന്ന് രൂപാലിയായിരുന്നു അവനെ താങ്ങി നിർത്തിയത്. അവളുടെ മാനസിക പിൻബലം കൊണ്ട് മാത്രമാണ് അവൻ ആ ദിവസങ്ങളെ തരണം ചെയ്‌തത്‌.

വീട്ടുകാർക്കുവേണ്ടി നടന്ന വിവാഹം, അതിനു ശേഷം പ്രിയയുടെയും അവളുടെ അമ്മയുടെയും ചൊല്പടിയിൽ ജീവിക്കേണ്ടി വന്നു.

എല്ലാം അവരുടെ ഇഷ്ടപ്രകാരം മാത്രമായി, വസ്ത്രങ്ങൾ, ഭക്ഷണം, അങ്ങനെയെല്ലാമെല്ലാം. ജീവിതത്തെ വെറുത്തു തുടങ്ങിയപ്പോൾ കെട്ടുകൾ പൊട്ടിച്ചെറിയാൻ തോന്നി. ജീവിതത്തിലേയ്ക്ക് രൂപാലിയെ കൂട്ടണം എന്ന് തീവ്രമായി ആഗ്രഹിച്ച സമയത്താണ്, അമിതമോളുടെ ജനനം.

അപ്പോഴും അവനെ പുനർജീവിപ്പിച്ചത് മാസത്തിലെ രണ്ടു ദിവസത്തെ ആ “ബാംഗ്ലൂർ ഡേയ്സ് ” ആണ്. പരസ്പര ബഹുമാനത്തോടെ തുടങ്ങുന്ന ഇഷ്ടങ്ങൾ ഒരിക്കലും നഷ്ടപ്പെടുന്നില്ല. ബഹുമാനവും വിശ്വാസവും നിലനിൽക്കുന്ന കാലത്തോളം. സ്നേഹം എന്നുമെന്നും ഒരു പുതുമയുള്ള അനുഭവം മാത്രം ആയിരിക്കും.

മുകിലനെ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ തന്നെ രൂപാലി ജീവിതത്തിൽ നിന്നും വിവാഹമെന്ന ബാധ്യതയെ മാറ്റി വച്ചു. സുഹൃത്തുക്കളും ജോലിയും ഡാൻസും യാത്രകളും പാചകവും അവളുടെ ജീവിതത്തെ മൊത്തത്തിൽ കളർഫുൾ ആക്കി.

ആൺ സുഹൃത്തുക്കളുമായുള്ള ബുള്ളറ്റ് യാത്രകളൊക്കെ അവൾക്കു ഇഷ്ടമാണ്. അവളുടെ സ്വാതന്ത്ര്യത്തെ മുതലെടുക്കാൻ വരുന്ന സുഹൃത്തുകൾക്ക് അവളിലെ “സിങ്ക പെണ്ണിന്റെ ” കൈക്കരുത്ത് അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. അവളോട് എല്ലാവർക്കും ബഹുമാനമാണ്.

മുകിലന്റെ മുന്നിലെത്തുമ്പോൾ അവൾ പ്രണയം കൊണ്ട് വിവശയാകുന്നു. പെണ്ണിന്റെ തരളിത ഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആ ബന്ധമവൾക്കു ജീവദായിനിയാണ്, വിശുദ്ധമാണ്. ആ വിശുദ്ധബന്ധം അവർക്കിടയിൽ മാത്രം തങ്ങി നിന്നു.

മുകിലൻ പെട്ടെന്ന് മൗനിയായപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവൻ എന്തോ ആലോചനയിലാണ്. അവൾ എഴുന്നേറ്റു അവനോടു ചേർന്നിരുന്നു. അവന്റെ കവിളുകളിലും കഴുത്തിലും ചെവികളിലും അവളുടെ ചുണ്ടുകൾ മാറി മാറി ചേർത്ത് വച്ചു. അവനവളെ ചേർത്ത് പിടിച്ചു.

“എന്താ മുകിലാ ഇത്ര ഗാഢമായ ആലോചന. “”എടീ ഇങ്ങനെ പോയാൽ ഞാനൊരു ശാസ്ത്രജ്ഞൻ ആകും. ഒരു യന്ത്രം കണ്ടു പിടിക്കാൻ പോകുന്നു. നമുക്ക് രണ്ടാൾക്കും വേണ്ടി. ഒരു ടൈം ട്രാവലിംഗ് മെഷീൻ.

നീ എന്റെ അടുത്ത് പ്രേമപൂർവം വരുമ്പോൾ, ഞാൻ പോക്കറ്റിൽ നിന്നും ആ യന്ത്രമെടുത്ത് ഓണാക്കും. ആ സമയം ഈ ഭൂമി നിശ്ചലമാകും. നമ്മൾ രണ്ടു പേരുമൊഴിച്ചു എല്ലാവരും നിശ്ചലരാകും. മ്യുട്ട് ചെയ്യപ്പെട്ടവരെപോലെ അവരൊക്കെ നിന്നനില്പിൽ നിശ്ചലമാകും.

നമ്മൾ രണ്ടു പേർക്കും മാത്രം ചലന ശക്തിയുണ്ടാകും. നമ്മൾ ടൈം ട്രാവൽ ചെയ്ത് നമ്മുടെ ദൽഹി കാമ്പസ്സിലേയ്ക്ക് പോകും. അപ്പോൾ നമ്മുടെ പ്രായം പഴയതാകും. ചെറുപ്പക്കാരായ മുകിലനും രൂപാലിയും. ”

“ആഹാ എന്നിട്ടു ?”അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. മുഖം കുനിച്ചു അവളുടെ ചുണ്ടുകളിൽ ചുംബിച്ചു. അവളുടെ ചുണ്ടുകൾ അവന്റെ വായിനുള്ളിലായി. അവളവനെ തള്ളി മാറ്റി.

“ദേ രോഹിത്ത് വരുന്നു. “”ശെടാ. ഇത് പോലെ മണിക്കൂറുകളോളം കാമ്പസ്സിൽ പ്രേമിച്ചു നടക്കാൻ കഴിയണം. ആ പഴയ ഞാനും നീയും….. ”

അവൻ തന്റെ നര കയറിയ താടിയിൽ തടവി.”എന്നിട്ടോ? “”പ്രേമിക്കാനും പ്രേമിക്കപ്പെടാനുമുള്ള എന്റെ അവകാശത്തെ സംരക്ഷിക്കാൻ എനിക്കൊരു മെഷീൻ വേണം. പിരിയാൻ നേരം ഞാൻ വീണ്ടും യന്ത്രത്തിൽ വിരലമർത്തും. നമ്മൾ വീണ്ടും വർത്തമാന കാലത്തിലേക്ക് മടങ്ങി വരും. ”

രോഹിത് നടന്നു അവരുടെ അടുത്തേയ്ക്കു രസം കൊല്ലിയായി വന്നു.”അളിയൻ എപ്പോഴാ നാട്ടിലേയ്ക്ക് മടക്കം ? “”മറ്റന്നാൾ രാവിലെ. ”

“ഞാനുമുണ്ട്. നമുക്ക് ഒന്നിച്ചു പോകാം. നാളെ നമുക്ക് ഒരു ഹോട്ടലിൽ മുറിയെടുക്കാം. “അവൻ അവരെ വിട്ടു തെലുങ്കത്തി പെണ്ണിനൊപ്പം ഷോപ്പിംഗ് മാളിൽ കയറി.

“ഞാൻ പറഞ്ഞില്ലേ, അത്യാവശ്യമായി ഒരു മെഷീൻ വേണമെന്ന്. “”കബാബ് മേം ഹഡ്ഡീ. “അവൾ ചിരിച്ചു. അങ്ങനെ ഒരു മെഷീൻ ഉണ്ടായെങ്കിലെന്നു അവളും മനസ്സിൽ ഓർത്തു. എത്ര നന്നായിരുന്നു. അവനവളെ ചേർത്ത് പിടിച്ചു. അവന്റെ നോട്ടത്തിൽ പോലും അവളോടുള്ള സ്നേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *