മഴ
(രചന: Bhadra Madhavan)
അറിഞ്ഞില്ലേ വടക്കുംപ്പാട്ടെ രാമഭദ്രൻ കുഴഞ്ഞു വീണുപോലും…കേട്ടവരെല്ലാം സങ്കടം കൊണ്ട് താടിക്കു കൈ വെച്ചു….
പക്ഷെ അതിൽ ഭൂരിപക്ഷം സങ്കടങ്ങളും അൻപത്തിയെട്ടുകാരനായ രാമഭദ്രന്റെ ചെമ്പകപൂ പോലെ ചേലുള്ള 25വയസുകാരി ഭാര്യ ഗൗരിയെ ഓർത്തിട്ടായിരുന്നു…
പുറത്ത് ആർത്തു പെയ്യുന്ന മഴയിലേക്ക് കണ്ണ് നട്ടു രാമഭദ്രൻ കിടന്നു…ചെറുതായി വീശിയടിച്ചൊരു കാറ്റിൽ ഏതാനും വെള്ളതുള്ളികൾ ജാലകത്തിലൂടെ അയാളുടെ മുഖത്തേക്ക് വന്നുവീണു…. തണുപ്പ് കൊണ്ട് അയാളുടെ ദേഹത്ത് രോമങ്ങൾ കുളിര്കോരി…
അയാൾ തല ചെറുതായി തിരിച്ചു അടുത്തായി ഇരിക്കുന്ന ഗൗരിയെ നോക്കി…ഇളംപച്ച കരയുള്ള ഒരു നേര്യത് അലക്ഷ്യമായി ഉടുത്തു വരണ്ട കണ്ണുകളും പാറിപറന്ന മുടിയിഴകളും
മാഞ്ഞു തുടങ്ങിയ സിന്ദൂരപൊട്ടുമായി അതിമനോഹരമായൊരു എണ്ണഛായചിത്രം പോലെ പുറത്ത് ദൂരെ എവിടെയോ നോക്കി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു അവൾ..
ഗൗരി… പെട്ടന്നുള്ള വിളിയിൽ അവളൊന്നു ഞെട്ടി അയാളെ നോക്കി….അവളുടെ കൺകോണിൽ പെയ്യാൻ കൊതിച്ചു ഒരു കണ്ണ്നീർതുള്ളി തുളുമ്പിനിൽക്കുന്ന കാഴ്ച്ച അയാളിൽ നൊമ്പരമുണർത്തി
അവൾ തന്റെ കയ്യാൽ അയാളുടെ മുഖത്തെ വെള്ളം തുടച്ചുകളഞ്ഞു … സ്ഥാനം തെറ്റിപോയ പുതപ്പ് എടുത്തു അയാളെ പുതപ്പിക്കവേ കണ്ണിൽ നിന്നും കണ്ണീരിറ്റ് അയാളുടെ നരച്ച നെഞ്ചിൽ വീണു ചിതറിനീ കരയാ????
അയാൾ തന്റെ ചലനശേഷിയുള്ള വലം കൈ കൊണ്ട് അവളുടെ തലയിൽ അരുമയായി തലോടി…
മറുപടിയായി ശബ്ദമില്ലാത്തൊരു കരച്ചിലോടെ അവൾ അയാളുടെ നെഞ്ചിലേക്ക് മുഖമർത്തി…..
അവളുടെ കണ്ണ്നീർതുള്ളികൾ അവളുടെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു…. അറിയാതെ അയാളുടെ കണ്ണുകളും നിറഞ്ഞു തൂവി…..കരയട്ടെ ആവോളം കരയട്ടെ… അയാൾ അവളെ തഴുകികൊണ്ടേയിരുന്നു…
രാധേ നീ എതിർപ്പൊന്നും പറയണ്ട… അല്ല ഇനി പറഞ്ഞിട്ടും കാര്യമൊന്നുമില്ല… ഞാൻ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു
അല്ല ഏട്ടാ….അത്രയും പ്രായമുള്ള ആൾക്ക് എന്റെ കുഞ്ഞിനെ കെട്ടിച്ചുകൊടുക്കുന്നതിലും നല്ലത് അവളെ വല്ല വിഷവും കൊടുത്തു കൊല്ലുന്നതല്ലേ
എന്നാ നീ കൊണ്ട് വാടി വലിയ കൊമ്പത്തെ ആലോചന…ഒന്നാമത് തന്തയില്ല….തള്ളയാണെങ്കിൽ ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു രോഗിയും…
നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് വയ്യ ആ ഭാരം കൂടി നോക്കാൻ…. ഇത്രയും നാള് കൂടെപിറപ്പെന്ന കാരണത്താൽ നിന്റെ ചികിത്സയും ഇവിടുത്തെ വീട്ടുചെലവുമൊക്കെ ഞാൻ നോക്കി….ഇനി വയ്യ….എനിക്ക് മക്കള് മൂന്നാ…ഞാൻ ഇങ്ങനെ വണ്ടികാളയെ പോലെ ഓടി മടുത്തു…
വലിയ ജോലിയും പഠിപ്പും ചേലുമൊന്നും വേണന്ന്ല്യ… ഏതെങ്കിലും ഒരു പാവം പിടിച്ച ഒരു പയ്യനെ കിട്ടോന്ന് നോക്ക് ഏട്ടാ… എന്റെ ഗൗരിമോള് കുഞ്ഞല്ലേ… ഇരുപത്തിയൊന്നുവയസ് ആയതല്ലേയുള്ളൂ….
അച്ഛനെക്കാൾ പ്രായമുള്ള ഒരാൾക്ക് എന്റെ മോളെ കല്യാണം കഴിച്ചു കൊടുക്കുകയെന്നു പറയുമ്പോൾ സഹിക്കാൻ വയ്യ ഏട്ടാ…. രാധ വാതിൽപടിയിൽ ചാരി നിൽക്കുന്ന ഗൗരിയെ നിറകണ്ണുകളോടെ നോക്കി
രാധേ….രാമഭദ്രൻ നല്ല മനുഷ്യനാ… ഇത്രയും പ്രായമായിട്ടും കല്യാണം കഴിച്ചിട്ടില്ല….
ഒരുപാട് ലോകം കണ്ട ആളാണ്… ഇട്ടുമൂടാനുള്ള വകയുണ്ട്… അനന്തരാവകാശികൾ ആരുമില്ല… അയാളുടെ ഭാര്യയായി ഗൗരി അവിടെ ചെന്ന് കേറിയാൽ നിന്റെ മോൾക്ക് അവിടെത്തെ റാണിയായി ജീവിക്കാം
എന്നാലും ഏട്ടാ….രാധ എന്തോ പറയാൻ തുടങ്ങിഎനിക്ക് സമ്മതമാണ് അമ്മാവാ…. രാധയുടെ വാക്കുകൾക്ക് തടയിട്ട് കൊണ്ട് വിറയലോടെ ഗൗരി പറഞ്ഞുമോളെ…. രാധ ഹൃദയം തകർന്ന് മകളെ വിളിച്ചു
വേദന നിറഞ്ഞൊരു ചിരിയോടെ അമ്മയെ ഒന്ന് നോക്കിയ ശേഷം ഗൗരി തന്റെ മുറിയിലേക്ക് നടന്നു….തന്റെ കൊച്ച്മുറിയിലെ കിടക്കയിലേക്ക് വീണു അവൾ വാവിട്ടു കരഞ്ഞു….
കരച്ചിലൊന്നടങ്ങിയപ്പോൾ കിടക്കയിൽ കിടന്നിരുന്ന ഒരു പുസ്തകമെടുത്ത് അവൾ ശ്രദ്ധയോടെ താളുകൾ മറിച്ചു….നിറം മങ്ങിയ ഒരു ഫോട്ടോ അതിൽ നിന്നും ഊർന്നു വീണുഅനിരുദ്ധൻ…..
നിറമുള്ള കിനാവുകൾ കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ടവൻ… അതിമനോഹരമായി പുഞ്ചിരിക്കുകയും തമാശകൾ പറഞ്ഞു തന്നെ പൊട്ടിചിരിപ്പിക്കുകയും ചെയ്യുന്ന തന്റെ കുഞ്ഞേട്ടൻ
അവൾ അതിൽ തുരാതുരാ ഉമ്മ വെച്ചുപിറ്റേന്ന് രാവിലെ പതിവ് ക്ഷേത്രപൂജകൾ കഴിഞ്ഞു അനിരുദ്ധൻ ഇറങ്ങുമ്പോൾ ആൽത്തറയ്ക്ക് സമീപം ഗൗരി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവളെ കണ്ടപ്പോൾ അയാളൊന്ന് നിന്നു… പിന്നെ മുഖത്തൊരു ചിരി വരുത്തികൊണ്ട് അവളുടെ അരികിലേക്ക് നടന്നുകൊറേ നേരായോ വന്നിട്ട്??മ്മ് ഗൗരി മൂളി
എന്തേ ഭഗവാനെ തൊഴാൻ അകത്തേക്ക് വന്നില്ല???എന്തിനാ വരണേ…ദൈവം എന്നൊരാള് ഇല്ല… ഉണ്ടായിരുന്നുവെങ്കില് എന്റെ പ്രാർത്ഥനയ്ക്ക് ഫലം ഉണ്ടാവുമായിരുന്നു
അങ്ങനെ ഒന്നും പറയരുത് ഗൗരി… അയാൾ അവളെ ശാസിച്ചുകുഞ്ഞേട്ടൻ അറിഞ്ഞിലെ..എനിക്ക് അമ്മാവൻ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്…
മ്മ് ഞാൻ അറിഞ്ഞു..കണ്ടിട്ട്ണ്ട് അയാളെ…ഇടയ്ക്ക് ഇവിടെ തൊഴാൻ വരാറുണ്ട്
എനിക്ക് എതിർക്കാൻ വയ്യ കുഞ്ഞേട്ടാ… ഇത്രയും കാലം അച്ഛനില്ലാത്ത എന്നെ നോക്കിയതെല്ലാം അമ്മാവനാണ്.. മറുത്തൊരു വാക്ക് പറയാൻ വയ്യ
അനിരുദ്ധൻ ഒന്നും മിണ്ടാതെ പിടയുന്ന മനസോടെ നിന്നു…ജീവന് തുല്യം സ്നേഹിച്ച പെണ്ണാണ് ഗൗരി…ഇപ്പൊ തന്നെ കയ്യോടെ കൂട്ടികൊണ്ട് പോണമെന്നുണ്ട്…
പക്ഷെ എങ്ങോട്ട്…ഭർത്താവ് ഉപേക്ഷിച്ചു നിൽക്കുന്ന സഹോദരി…അവരുടെ മന്ദബുദ്ധിയായ മകൻ… പ്രായമായ മുത്തശി ഇവരുടെ ഇടയിലേക്കാണോ കൊണ്ട് പോണ്ടേത്…
ശാന്തിപണി കൊണ്ട് കിട്ടുന്ന വരുമാനം കൊണ്ട് അറ്റവും മൂലയും കൂട്ടി മുട്ടിക്കാൻ താൻ പെടുന്ന പാട് വലുതാണ്…. എല്ലാം തന്റെ തെറ്റാണ്….
പോറ്റാൻ കെൽപ്പില്ലാത്തവൻ പ്രണയിക്കാൻ നിൽക്കരുതായിരുന്നു… അർഹതയില്ലാത്തവൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു
എല്ലാം നല്ലതിന് ആണെന്ന് കരുതി സമാധാനിക്ക് ഗൗരി… അല്ലാണ്ട് എനിക്കിപ്പോ ഒന്നും ചെയ്യാൻ നിർവാഹമില്ല.. അയാൾ തന്റെ നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും മറച്ചു പിടിച്ചു തിടുക്കത്തിൽ നടന്നകന്നു
അയാൾ പോവുന്നത് ഗൗരി വേദനയോടെ നോക്കിനിന്നുഒരാഴ്ചക്ക് ശേഷം രാമഭദ്രൻ പെണ്ണ് കാണാൻ വന്നപ്പോൾ അവളെ ഒരുക്കാൻ അമ്മായിക്ക് ആയിരുന്നു തിടുക്കം കൂടുതൽ….
രോഗിയായ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മയുടെ പേരിലുള്ള വീട് തന്റെ പേരിലാവുമെന്നു അവർക്ക് അറിയാമായിരുന്നു….തന്നെ അയാൾക്ക് വിവാഹം ചെയ്യ്തു കൊടുക്കുന്നതിലൂടെ തന്റെ ശല്യവും ഒഴിവാക്കാമെന്ന് അവർക്ക് തോന്നിക്കാണും
മടിച്ചു മടിച്ചു ഉമ്മറത്തു ചെന്ന് ചായ എടുത്തു നീട്ടുമ്പോഴും അവൾ തലയുർത്തി നോക്കിയില്ല….
അല്ലെങ്കിൽ എന്തിനു നോക്കണം… താനൊരു ബലിയാടാണ്…അവർക്ക് ഇഷ്ട്ടങ്ങൾ ഉണ്ടാവില്ല…ഉണ്ടായാൽ തന്നെ അതാരും ഗൗനിക്കാറുമില്ല…. ആരെയും തലയുർത്തി നോക്കാതെ അവൾ തിരിച്ചു മുറിയിലെത്തി
എപ്പോഴോ അയാൾ മുറിയിലേക്ക് കടന്നു വന്നത് അവളറിഞ്ഞു… അയാളുടെ നേർക്ക് നോക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ തറയിൽ ഓടിനടന്നു.. എപ്പോഴോ അയാളുടെ കാൽപാദങ്ങളിൽ ചെന്ന് അവളുടെ നോട്ടം തറഞ്ഞുനിന്നു
അയാളുടെ ചുവന്ന കാലടികളും ശംഖുപോലെ വെളുത്ത നഖങ്ങളും അവളിൽ ഒരു നിമിഷം കൗതുകമുളവാക്കി
ഗൗരിയെന്താ തല കുനിച്ചിരിക്കുന്നത്… പെൺകുട്ടികൾ എപ്പോഴും തലയുർത്തി പിടിച്ചു ഇരിക്കണംഅവൾ പതിയെ തലയുർത്തി അയാളെ നോക്കി
ആറടിപൊക്കവും അതിനൊപ്പം ഉറച്ചശരീരവുമുള്ള ഒരു മനുഷ്യൻ….മുഖത്ത് വൃത്തിയായി വെട്ടിയൊതിക്കിയ താടിയും മീശയും നെറ്റിയിൽ കൂട്ട്പുരികങ്ങൾക്ക് നടുവിലായി ഒരു ചന്ദനകുറിയും വിടർന്ന ചിരിയും…
വല്ലാത്തൊരു പ്രകാശവും ചൈതന്യവും നിറഞ്ഞു നിന്നിരുന്നു അയാളുടെ മുഖത്ത്….പക്ഷെ അധികനേരം നോക്കി നിൽക്കാൻ കഴിയാതെ അവൾ മുറിയിൽ നിന്നുമിറങ്ങി പോയി
അന്നത്തെ കാഴ്ചയ്ക്ക് ശേഷം എപ്പോഴൊക്കെയോ അയാളെ വീണ്ടും കണ്ടിരുന്നു…..അമ്പലത്തിൽ… വായനശാലയിൽ…അങ്ങനെ എവിടെയൊക്കെയോ
ഒരിക്കൽ നിർത്താതെ മഴ പെയ്ത ഒരു രാവിൽ അസുഖം മൂർച്ഛിച്ചു അവളുടെ അമ്മ അന്ത്യശ്വാസം വലിച്ചു…..
അന്ന് ശവദാഹത്തിന് ശേഷം മുറിയിൽ കരഞ്ഞു തളർന്നിരുന്ന അവളുടെ തോളത്തു കരുത്തുള്ളൊരു കരമമർന്നു…. അത് അയാളായിരുന്നു… രാമഭദ്രൻ
വാ…. അയാൾ അവളുടെ കയ്യിൽ പിടിച്ചുഎങ്ങോട്ട്?? എന്തിന്?? എന്നൊന്നും അവള് ചോദിച്ചില്ല….മനസിനകത്ത് ഇരുട്ടായിരുന്നു
നടക്കുകയായിരുന്നു…..പാടവും ഇടവഴികളും കടന്ന് ഒരുപാട് നടന്നു…. എത്തി ചേർന്നത് വലിയൊരു നാലുകെട്ടു തറവാട്ടിലേക്ക് ആയിരുന്നു…. അവളൊന്നു മടിച്ചു നിന്നുവാ…ഇനി ഇതാണ് നിന്റെ വീട്
ചുവന്നു മിനുസമുള്ള തറയിൽ ചവിട്ടിയപ്പോൾ അവൾക്ക് കാൽവെള്ള കുളിർത്തുആരാ രാമ ഇത്????ആരുടെയോ ശബ്ദം കേട്ട് അവളൊന്നു തിരിഞ്ഞു നോക്കി
തടിച്ചു കുറുകിയ പ്രായമുള്ള ഒരു സ്ത്രീ അവിടെ നിൽക്കുന്നുണ്ടായിരുന്നുഇതാണ് ഞാൻ പറഞ്ഞ ഗൗരി
ആഹാ….ഈ അമ്മിഞ്ഞപാലിന്റെ മണം പോവാത്ത കൊച്ചിനെയാണോ നീ കൂട്ടി കൊണ്ട് വന്നത്… അവർ തന്റെ ഉരുണ്ട വലിയ മുലകൾ ഇളക്കി പൊട്ടിച്ചിരിച്ചു
അവരുടെ ചിരി ഗൗരിയിൽ അസ്വസ്ഥതയുണ്ടാക്കിഅത് മനസിലാക്കിയ അയാൾ അവളോട് അകത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു
മുൻപിൽ കണ്ട ഒരു മുറിയിൽ കേറി അവൾ കതകടച്ചു….മുറിയിലെ ജനാല തുറന്നതും അങ്ങകലെ ഒരു കുളം കണ്ട് അവളുടെ ഉള്ളൊന്നു തണുത്തു… പുറത്തേക്ക് കണ്ണ് നട്ടിരുന്നു സമയം കടന്നു പോയത് അവളറിഞ്ഞില്ല
മോളെ…… വാതിലിൽ ആരോ തട്ടി വിളിച്ചപ്പോൾ അവൾ വാതിൽ തുറന്നുഞാൻ കുഞ്ഞാത്തു… മോള് വന്നപ്പോൾ കണ്ടില്ലേ???
മ്മ്… ഓർമണ്ട് അവൾ ചിരിച്ചുമോൾക്ക് കുളിക്കേണ്ടെ… ഞാൻ കുളിമുറിയിൽ വെള്ളം കൊണ്ട് വെച്ചിട്ടുണ്ട്
കുളിചിറങ്ങുമ്പോൾ ഉമ്മറത്ത് വിളക്ക് തെളിയിച്ചിരുന്നു….അത് കണ്ട് അവളൊന്നു കണ്ണടച്ചു
രാത്രി ഭക്ഷണശേഷം മുറിയിൽ മലർന്ന് കിടന്നു എന്തൊക്കെയോ ആലോചിക്കുകയായിരുന്ന ഗൗരി ആരുടെയോ കാൽപെരുമാറ്റം കേട്ട് പിടഞ്ഞെണീറ്റു
അത് അയാളായിരുന്നു…..ഒരൊറ്റ മുണ്ട് മാത്രമായിരുന്നു അയാൾ ധരിച്ചിരുന്നത്…. നെഞ്ചിൽ പകുതിനരച്ച രോമങ്ങൾക്ക് കുറുകെ ഒരു മങ്ങിയ പൂണൂലുണ്ടായിരുന്നു….
നെറ്റിയിൽ വീതിയിൽ ഭസ്മകുറിയും തൊട്ടിരുന്നു…..ഏതൊക്കെയോ തിരിച്ചറിയാൻ കഴിയാത്ത സുഗന്ധങ്ങൾ അയാളെ ചുറ്റിപറ്റിയുണ്ടായിരുന്നു
ചെന്നായയുടെ മുൻപിൽ അകപ്പെട്ട ആട്ടിൻകുട്ടിയെ പോലെ ഗൗരി വിറച്ചു….അയാൾ ഇപ്പോൾ തന്നെ കീഴ്പെടുത്തുമെന്നുംഅയാളുടെ ബലിഷ്ഠമായ കരവലയത്തിൽ താൻ ഞെരിഞ്ഞു പോയേക്കുമെന്നും അവൾ വല്ലാതെ ഭയപ്പെട്ടു….അവൾ അയാളെ പേടിയോടെ നോക്കി
ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ… ഉണ്ടെങ്കിൽ കുഞ്ഞാത്തുവിനെ പറഞ്ഞു വിടാംവേണ്ട…. എനിക്ക് പേടിയൊന്നുല്ലമ്മ്….അയാളൊന്നു മൂളികൊണ്ട് പുറത്തിറങ്ങി
അയാൾ പോയതും അവൾ ആശ്വാസത്തോടെ വാതിൽ അടച്ചുകിടക്കയിൽ ഇരുളിലേക്ക് നോക്കി കിടക്കവേ അവൾക്ക് ആരൊക്കെയോ ഓർമ വന്നു…. അമ്മയെ… അനിരുന്ധനെ… ഓർമ പോലുമില്ലാത്ത അച്ഛനെ….
വേണ്ട…. ആരെയും ഓർക്കേണ്ട….. അവൾ കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു……രാവിലെ എണീക്കുമ്പോൾ അവളുടെ കണ്ണുകൾ അയാളെ തിരഞ്ഞുവെങ്കിലും അയാളെയെങ്ങും കണ്ടില്ല…. കുഞ്ഞാത്തുവിനോട് ചോദിക്കാനും അവൾക്ക് മടിതോന്നി
നേരം ഉച്ച തിരിഞ്ഞ സമയത്ത് അയാൾ കേറി വന്നു….ഇത് നിനക്കുള്ള വസ്ത്രങ്ങളാ…അളവ് ഒന്നും അറീല…എന്നാലും ഒരു ഊഹം വെച്ചു വാങ്ങിയിട്ടുണ്ട്…..അയാൾ കയ്യിലിരുന്ന കവറിൽ ഒന്ന് അവൾക്ക് കൊടുത്തു
പോയി ഈ മുഷിഞ്ഞതൊക്കെ മാറ്റി പുതിയത് ഇട്ടു മുകളിലേക്ക് വാട്ടോഅവൾ മറുപടി ഒന്നും പറയാതെ കവർ വാങ്ങി മുറിയിലേക്ക് നടന്നു
കണ്ണാടിക്ക് മുൻപിൽ നിന്ന് അവൾ തന്റെ നിറം മങ്ങിയ പാവാടയും ഉടുപ്പും അഴിച്ചു പുതിയ വസ്ത്രങ്ങളിൽ നിന്ന് കടുംനീല നിറമുള്ള ഒരു പട്ടുപാവാടയെടുത്തു ധരിച്ചു….കുറച്ചു അയഞ്ഞതെങ്കിലും അതവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു…
അവൾ കണ്ണാടിയിലേക്ക് നോക്കി…. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും മിന്നുന്ന ഒരു വസ്ത്രം താൻ ധരിചിട്ടില്ല..എന്തോ അവളുടെ കണ്ണ് നിറഞ്ഞു
അയാൾ പറഞ്ഞത് പ്രകാരം അവൾ മുകളിലെ അയാളുടെ മുറിയിലേക്ക് നടന്നു….അവളെ കണ്ടതും അയാൾ പുഞ്ചിരിച്ചു കൊണ്ട് കേറി വരാൻ കൈ കാണിച്ചു
ആദ്യമായിട്ടായിരുന്നു അവളാ മുറിയിൽ കടക്കുന്നത്….ആ മുറി നിറയെ അയാൾ വരച്ച ചിത്രങ്ങളായിരുന്നു….മുറിയുടെ നടുക്കായി കിടന്ന തടിയലമാര അനവധി പുസ്തകങ്ങളാൽ നിറഞ്ഞിരുന്നു…. അതിനോട് ചേർന്ന് ഭംഗിയുള്ള ഒരു വീണയും
അതാരുടേയാ ആ വീണ??അതോ അതെന്റെ മുത്തശിടെ…അതിന് എത്ര വർഷത്തെ പഴക്കം ഉണ്ടോന്നറിയോ നിനക്ക്??ഇല്ല….നൂറ്റിപത്ത്
നൂറ്റിപത്തോ…അവൾ ഞെട്ടുന്നതും അതിന് ഒപ്പം അവളുടെ കുഞ്ഞികണ്ണുകൾ വിടർന്നതും കണ്ട് അയാൾക്ക് ചിരി വന്നുനീ ഇവിടെ വന്നിരിക്ക്… അയാൾ മുറിയിൽ കിടന്ന കസേരയിലേക്ക് കൈ ചൂണ്ടി
അവൾ മടിച്ചു മടിച്ചു അവിടെ ചെന്നിരുന്നുഅയാൾ ഒരു കവറെടുത്തു അവളുടെ കയ്യിൽ കൊടുത്തുതുറന്നു നോക്ക്
അവൾ ആകാംക്ഷയോടെ അത് തുറന്നുനോക്കി…അതിൽ കുറച്ചു ആഭരണങ്ങൾ ആയിരുന്നു…നിനക്ക് വേണ്ടി വാങ്ങിയതാഎനിക്ക് വേണ്ട
വേണം….ഈ നിറം പോയതെല്ലാം മാറ്റി ഇതൊക്കെ എടുത്തിട്അയാളുടെ ഗൗരവം നിറഞ്ഞ മുഖത്ത് നോക്കി പിന്നെയവൾ മറത്തൊന്നും പറഞ്ഞില്ല….
അതിൽ വീതികൂടിയ പാദസ്വരവും മാലയും എട്ടുവളകളും കമ്മലും മോതിരവും ഇരുണ്ട പച്ച നിറമുള്ള മൂക്കുത്തിയും ഉണ്ടായിരുന്നു… മൂക്കുത്തി ഒഴികെ ബാക്കിയെല്ലാം അവൾ ദേഹത്തണിഞ്ഞു….മൂക്കുത്തി മാത്രം ബാക്കി വന്നു
നീ മൂക്ക് കുത്തിയിട്ടില്ലലെഇല്ല …പെൺകുട്ടികൾക്ക് മൂക്കുത്തി വല്ലാത്തൊരു അഴകാണ് അയാൾ പറഞ്ഞു
ശരിയാണ്…ആ മുറിയിലെ ചിത്രങ്ങളിലെ സ്ത്രീരൂപങ്ങൾക്ക് ഒക്കെയും വീതിയുള്ള മിന്നുന്ന മൂക്കുത്തി അയാൾ വരച്ചിരുന്നു
കഴിഞ്ഞതൊന്നും ഓർത്തു ഒരിക്കലും കണ്ണ് നനയിക്കരുത്ട്ടോ….അയാൾ അവളോട് പറഞ്ഞുഅവൾ ഒന്നും മിണ്ടാതെ ആ ചിത്രങ്ങൾ നോക്കികൊണ്ടിരുന്നു
എന്തെങ്കിലും അവശ്യമുണ്ടേൽ കുഞ്ഞാത്തുനോട് പറഞ്ഞാൽ മതി….ഉം….എന്നാ പൊക്കോ
അവൾ മെല്ലെ എണീച്ചു പുറത്തേക്ക് നടന്നു….പടി എത്തിയപ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി
അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കിഅറിയാതെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു
പിന്നീട് അങ്ങോട്ടുള്ള നാലു കൊല്ലം അവളുടെ അമ്മാവൻ പറഞ്ഞത് പോലെ തന്നെ അവളൊരു റാണിയായി തന്നെ അവൾ അവിടെ ജീവിക്കുകയായിരുന്നു…
രാമഭദ്രൻ അവളെ ഉൽസവത്തിനു കൊണ്ടുപോയി…. അവളെ വീണ വായിക്കാൻ പഠിപ്പിച്ചു…..വായിക്കാൻ പുസ്തകങ്ങൾ വാങ്ങി കൊടുത്തു….
നൃത്തം പഠിപ്പിച്ചു…. തലയുർത്തി നിന്ന് സംസാരിക്കാൻ പ്രാപ്തയാക്കി….അവർ ഒരുമിച്ചു പാടം കണ്ടു കുളം കണ്ടു….കൂത്ത് കണ്ടു…..പൂരം കണ്ടു…വൈകുന്നേരങ്ങളിൽ ഒരുമിച്ചു ഭഗവാനെ തൊഴുതു….
അവളുണ്ടാക്കിയ സാമ്പാറും പുളിശേരിയും അയാൾ രുചിയോടെ കഴിച്ചു….അയാൾ പറയുന്ന കഥകൾ അവൾ വിസ്മയത്തോടെ കേട്ടിരുന്നു….
കേൾവിക്ക് അനുസരിച്ചു അവളുടെ കണ്ണുകളിൽ ഭാവങ്ങൾ വിരിയുന്നതും അവൾ പൊട്ടിചിരിക്കുന്നതും അയാൾ നിറഞ്ഞ മനസോടെ നോക്കിയിരുന്നു… അയാൾ വാങ്ങിയ മൂക്കുത്തി ധരിക്കുവാനായി തട്ടാൻ മൂക്ക് തുളച്ച നേരത്ത് അവൾ ആദ്യമായി അടുത്തിരുന്ന അയാളുടെ കൈതണ്ടയിൽ അമർത്തി പിടിച്ചു….
മൂക്ക് പഴുത്തു കണ്ണ് നിറച്ചു നടന്ന അവളുടെ മൂക്കിൻതുമ്പിൽ അയാൾ ഏതോ കുഴമ്പിട്ട് കൊടുക്കുമ്പോൾ അവൾ വേദന കൊണ്ട് അയാളുടെ തോളത്ത് അമർത്തി കടിച്ചിട്ടുണ്ട്….
ഒരിക്കൽ എവിടെയോ പോയി വൈകിവന്ന ഒരു രാവിൽ വയൽകരയിലൂടെ അയാളുടെ തഴമ്പിച്ച കരങ്ങളിൽ തന്റെ കരങ്ങൾ ചേർത്ത് പിടിച്ചു അവൾ നടന്നിട്ടുണ്ട്….
പനി പിടിച്ചു വിറച്ച ഒരു പകലിൽ അയാൾ വാരി കൊടുത്ത ചൂടൻ കഞ്ഞി കുടിച്ചു കൊണ്ട് അവൾ അയാളുടെ നെഞ്ചിൽ പറ്റി ചേർന്നിരുന്നിട്ടുണ്ട്……..
പക്ഷെ ഒരിക്കലും അയാളുടെ മനസ്സിൽ അവളുടെ സാമിപ്യവും സ്പർശനങ്ങളും കാമമോ പ്രണയമോ ജനിപ്പിച്ചില്ല….. അവളുടെ സ്പർശനങ്ങൾ അത്രയും ഒരു മകൾ സ്വന്തം പിതാവിനോട് എന്നപോലെ നിർമലമായിരുന്നു
ഗൗരി… തന്റെ നെഞ്ചിൽ കിടന്നു മയങ്ങിപോയ ഗൗരിയെ അയാൾ തട്ടി വിളിച്ചു…ഗൗരി കണ്ണ് തിരുമി എണീറ്റു….എനിക്കിത്തിരി വെള്ളം വേണം… അയാൾ വിറയലോടെ പറഞ്ഞുഅവൾ കൂജയിലിരുന്ന തണുത്ത വെള്ളം പകർന്നു അയാൾക്ക് കൊടുത്തു
അയാളുടെ മുഖം വിളറി വെളുത്തിരുന്നു….. ശ്വാസമെടുക്കാൻ രാമഭദ്രൻ വല്ലാതെ പ്രയാസപെട്ടു…. അയാൾ വിറയലോടെ അവളുടെ കൈ എടുത്തു തന്റെ കണ്ണിനോട് ചേർത്ത് വെച്ചു….. അയാളുടെ കണ്ണിലെ ചുടുകണ്ണീർ വീണു അവളുടെ കൈ നനഞ്ഞു
ഞാൻ പോയ നിനക്കാരാ ഗൗരി???അവളൊന്നു മിണ്ടിയില്ല….അവളുടെ കണ്ണുകളിൽ വല്ലാതെ ഭയം നിറഞ്ഞു….
കുഞ്ഞാത്തു…അയാൾ വാതിൽക്കലിലേക്ക് നോക്കി പ്രയാസപെട്ടു വിളിച്ചു
കരഞ്ഞു വീർത്ത മുഖത്തോടെ കുഞ്ഞാത്തു അകത്തേക്ക് കേറിവന്നു…. അവരുടെ പിന്നാലെ അകത്തേക്ക് കയറി വന്നയാളെ കണ്ടു ഗൗരി ഞെട്ടി
അനിരുദ്ധൻ…..അവൾ ചോദ്യഭാവത്തിൽ രാമഭദ്രനെ നോക്കിഞാൻ പറഞ്ഞിട്ടാ കുഞ്ഞാത്തു അയാളെ കൂട്ടി കൊണ്ട് വന്നത്എന്തിന്??നീ അവനൊപ്പം പോണം….ഇല്ല… ഞാൻ എങ്ങോട്ടുമില്ല ഗൗരി തല വെട്ടിച്ചു
രാമഭദ്രൻ തന്റെ കൈ ഉയർത്തി അനിരുദ്ധനെ തന്റെ അരികിലേക്ക് വിളിച്ചു….ഗൗരിയുടെ കൈ എടുത്തു അനിരുദ്ധനെ ഏല്പിച്ചു…..
എനിക്കറിയാം ഒരിക്കൽ നീ ഇവളെയും ഇവൾ നിന്നെയും സ്നേഹിച്ചിരുന്നുവെന്ന്…. അയാൾക്ക് പിന്നീട് സംസാരിക്കാൻ കഴിയാതെ നാവ് കുഴഞ്ഞു
അയാൾ ശ്വാസം ആഞ്ഞു വലിച്ചു….. കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു….. ഗൗരി കരച്ചിലോടെ അയാളെ കെട്ടിപിടിച്ചു
ഒരു നോട്ടം കൊണ്ട് പോലും നിന്റെ ഗൗരി ചീത്തയായിട്ടില്ല….. അവൾക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ എനിക്ക് അവളും….ഇന്നിപ്പോ എനിക്ക് പോവാൻ സമയം ആയിരിക്കുന്നുവെന്ന് മനസ് പറയുന്നു…..
ഇനി നീയേയുള്ളൂ ഇവൾക്ക്…. നീ നോക്കണം ഇവളെ….. നാലു തലമുറ കഴിയാനുള്ള വക ഞാൻ ഇവളുടെ പേരിൽ എഴുതിവെച്ചിട്ടുണ്ട്….നിന്നെ വിശ്വസിച്ചു ഏൽപ്പിക്കുകയാണ് ഞാൻ ഇവളെ…..
പിന്നീട് എന്തൊക്കെയോ പറയാൻ അയാൾ തുടങ്ങിയെങ്കിലും അയാൾക്കതിനു കഴിഞ്ഞില്ല….ഒന്നുകൂടി അനിരുദ്ധന്റെ കയ്യിലേക്ക് ഗൗരിയെ ബലമായി പിടിച്ചു ഏല്പിച്ചു കൊണ്ട് അയാൾ അവളെയൊന്നു നോക്കി കൊണ്ട് എന്നെന്നേക്കുമായി കണ്ണടച്ചു….
സമൂഹത്തിന് മുൻപിൽ ഗൗരി അയാളുടെ ചോരയും നീരുമുള്ള ഭാര്യയായിരുന്നു…..പക്ഷെ വളർന്നു വലുതായ മകളെ അനുയോജ്യനായ ഒരാളെ ഏല്പിച്ചതിന് തുല്യമായ നിർവൃതിയിലായിരുന്നു ആ വലിയ മനുഷ്യന്റെ ആത്മാവ് ഈ ലോകം വിട്ട് പോയത്
നെഞ്ച് പൊട്ടി കീറുന്ന വേദനയോടെ അലറി കരഞ്ഞു കൊണ്ട് ഗൗരി അയാളുടെ ദേഹത്തേക്ക് വീണു അയാളെ കുലുക്കി വിളിച്ചു….
അനിരുദ്ധൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മുറിക്ക് പുറത്തിറങ്ങി…. അവള് കരയട്ടെ…മതിയാവോളം കരയട്ടെ….. ഈ മഴ പോലെ അവളുടെ ഉള്ളിലെ ദുഃഖം ആർത്തു കരഞ്ഞു തീർക്കട്ടെ……..
ഇങ്ങനെയൊക്കെ നടക്കുമോ… നടന്നിട്ടുണ്ടോ എന്നൊന്നും അറിയില്ല….വെറും സങ്കല്പം മാത്രമായി കാണുക…