കിടപ്പറയിൽ പോലും താനും ജിതേഷേട്ടനും കണ്ടുമുട്ടാത്ത അവസ്ഥ വന്നു.. തങ്ങൾക്കിടയിൽ ബന്ധം

(രചന: രജിത ജയൻ)

“രാധികേ നീ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് അച്ഛനെ കാണാൻ എന്നു പറഞ്ഞ് വീട്ടിലേക്ക് പോയാൽ അത് എങ്ങനെ ശരിയാകും?

” ഇവിടത്തെ കാര്യങ്ങൾ ആര് നോക്കും ?
എനിക്ക് വയ്യ ഇവിടുത്തെ ജോലികൾ എടുക്കാൻ …

ഇപ്പോ നീ വീട്ടിൽ പോയ് വന്നിട്ട് മാസമൊന്നായില്ലല്ലോ ?രണ്ടാഴ്ച കഴിയട്ടെ എന്നിട്ടു പോവാംഅതമ്മേ അച്ഛന് എന്നെ കാണണമെന്ന് …..

ഓ.. പിന്നെ, അച്ഛന് കാണണം പോലും, പറഞ്ഞു കേട്ടാൽ തോന്നും നീയങ്ങ് ചെന്നു കണ്ടാലുടനെ കിടക്കയിൽ പാതി ചത്തതുപോലെ കിടക്കുന്ന നിന്റെ തന്ത ചാടിയെണീക്കുമെന്ന്…

എന്തായാലും നാലു ദിവസം കഴിയട്ടെ ,എന്നിട്ടാലോചിക്കാം വീട്ടിൽ പോണ കാര്യം ,ഇപ്പോ നീ പോയി ആ പശുക്കിടാവിനെ ദൂരേ പറമ്പിലേക്ക് മാറ്റിക്കെട്ട് അല്ലെങ്കിൽ കറക്കാൻ ചെല്ലുമ്പോൾ പാലു മുഴുവൻ അതിന്റെ വയറ്റിലാവും..

രാധികയോട് പറഞ്ഞു കൊണ്ട് മാലതിയമ്മ കയ്യിലെ ഫോണുമായ് സെറ്റിയിലിരുന്നു…

നീറുന്ന മനസ്സും നിറയുന്ന കണ്ണുമായ് രാധിക തൊഴുത്തിനരികിലേക്ക് പോവുന്നതും നോക്കി ജിത്തുപൂമുഖത്തിരിക്കുന്നുണ്ടായിരുന്നു..

“ഏടത്തിയമ്മേ …അരികിൽ ജിത്തുവിന്റെ ശബ്ദം കേട്ടതും രാധിക പശുകിടാവിനെ കെട്ടി മുഖമുയർത്തിയവനെ നോക്കി

രാധികയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ അവന് മനസ്സിലൊരു നീറ്റലനുഭവപ്പെട്ടു

“ഏടത്തിയമ്മക്ക് വീട്ടിൽ പേണെങ്കിൽ മാറ്റി പുറപ്പെട്ട ങ്ങ് പോയാൽ പോരെ ?അമ്മയോട് ചോദിച്ചാൽ ഇതാവും മറുപടിയെന്ന് അറിയില്ലേ ഏടത്തിയ്ക്ക് ?

ഒന്നൂല്ലെങ്കിലും വർഷം രണ്ടായിലേ ഇവിടെ വന്നമ്മയെ കാണാൻ തുടങ്ങീട്ട് ..?ജിത്തുവിന്റെ ചോദ്യത്തിനും കണ്ണുനീർ മാത്രമായിരുന്നു രാധികയുടെ മറുപടി..

ജിത്തുവിനോടൊന്നും മിണ്ടാതെ വീടിനുള്ളിലേക്ക് തിരികെ നടക്കുമ്പോൾ രാധിക ഓർത്തത് അമ്മയെ എതിർത്ത് താൻ സ്വന്തം വീട്ടിൽ പോയാലുള്ള അവസ്ഥയാണ്

താൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ അമ്മ തന്റെ ഭർത്താവും അമ്മയുടെ മൂത്ത മകനുമായ ജിതേഷിനെ വിളിച്ച് അമ്മയെ ധിക്കരിച്ച് താൻ പോയെന്നു പറയും

ഉടൻ തന്നെ മൂപ്പർ ഗൾഫിൽ നിന്ന് തന്നെ വിളിച്ചു ചീത്ത പറയും ,പോരാത്തതിന് തന്റെ അമ്മയോടും പറയും വീട്ടിൽ നിന്നും ഉടനെ തന്നെ അവന്റെ വീട്ടിലേക്ക് മടക്കി അയക്കാൻ ..

വേണ്ട അല്ലെങ്കിലെ അച്ഛൻ അപകടത്തിൽപ്പെട്ട് കിടപ്പായതു മുതൽ അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല ..

ഇനിയെന്തിന് താൻ കൂടിയാ മനസ്സു വേദനിപ്പിക്കണം ,അല്ലെങ്കിലേ തന്നെ പറ്റിയോർത്ത് നീറുന്നുണ്ട് അമ്മയുടെ മനസ്സ് ,വെറുതെയെങ്കിലും താൻ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് അച്ഛനുമമ്മയും കരുതിക്കോട്ടെ …

യാതൊരു വിധ സങ്കടങ്ങളും ഇല്ലാതെ സന്തോഷവതിയായിട്ടായിരുന്നു വിവാഹം വരെ തന്റെ ജീവിതം .

വീടിനടുത്ത് സ്വന്തമായൊരു പലചരക്ക് കടയായിരുന്നു അച്ഛന് ,താനൊറ്റ മോളും ..ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു വിവാഹം ..

ഇവിടുത്തെ മൂത്ത മകനായ ജിതേഷിനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുമ്പോൾ ജിത്തേഷേട്ടന്റെ അമ്മ മനസ്സിൽ കണ്ടത് വീട്ടിലെ ഏക മകളായ എന്നെ കെട്ടുന്നതിലൂടെ അച്ഛന്റെ സമ്പാദ്യമെല്ലാം ഞാൻ മൂലം നാളെ അവരുടെ കയ്യിലെത്തുമെന്നായിരുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകൾ എത്ര മനോഹരമായിരുന്നു ,തന്നെ സ്വന്തം മകളെ പോലെയായിരുന്നു ഇവിടുത്തെ അമ്മ കൊണ്ടു നടന്നിരുന്നത്..

ജിതേഷേട്ടനുമതേ എന്നെ പിരിഞ്ഞൊരു നിമിഷം പോലും നിൽക്കില്ലയിരുന്നുനിന്റെ മുടിയിലെ നനുത്ത ഗന്ധവും നിറഞ്ഞ മാറിലെ ചൂടുമാണെന്റെ ഉറക്കത്തിന്റെ താരാട്ടെന്ന് പറഞ്ഞെപ്പോഴും തന്നെയാ നെഞ്ചോരം ചേർത്ത് നിർത്തുമായിരുന്നു ..

ജിത്തു അന്നെല്ലാം ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു, വീട്ടിൽ വരുമ്പോ ഒരു നേർത്ത ചിരിയിലോ ഒന്നോ രണ്ടോ വർത്തമാനത്തിലോ ഒതുങ്ങും അവൻ

എല്ലാ സന്തോഷങ്ങൾക്കും അധികം ആയുസ്സുണ്ടാവില്ലല്ലോ ?തന്റെ കല്യാണം കഴിഞ്ഞ് മാസമൊന്ന് കഴിഞ്ഞ സമയത്തായിരുന്നു കടയിലേക്ക് ആവശ്യമായ സാധനങ്ങൾ എടുക്കാൻ പോയ അച്ഛനെ അമിത വേഗത്തിൽ വന്ന ഒരു ലോറി ഇടിച്ചു തെറിപ്പിച്ചത്..

ആ അപകടംതന്റെ ജീവിതം തന്നെ ഇല്ലാതാക്കിയെന്ന് പറയാം ..അപകടത്തോടെ അച്ഛന്റെ ഓർമ്മകൾ നഷ്ട്ടമായ് ,ശരീരം തളർന്നച്ഛൻ കട്ടിലിലായ് ..

അച്ഛന്റെ ചികിൽസക്കായ് അമ്മ വീടും പുരയിടും കടയുമെല്ലാം ബാങ്കിൽ ഈടുവെച്ച് ലോണെടുത്തച്ഛനെ ചികിൽസിച്ചെങ്കിലും സംസാരശേഷിയും ഓർമ്മയും മാത്രം തിരികെ കിട്ടി..

ആദ്യമെല്ലാം ഒരു മകനായ് ഒപ്പം ഉണ്ടായിരുന്ന ജിതേഷേട്ടൻ ഇനി വീട്ടിൽ നിന്നാൽ അങ്ങോട്ടു ചില വിനു കൊടുക്കേണ്ടി വരുമെന്ന ഇവിടുത്തെ അമ്മയുടെ വാക്കു കേട്ട് അച്ഛന്റെ കാര്യങ്ങൾ നോക്കുന്നതിൽ നിന്നും മെല്ലെ പിൻ വാങ്ങി.. തന്നെയും വീട്ടിൽ പോവുന്നതിൽ നിന്നും വിലക്കി..

കുറെ കടങ്ങളല്ലാതെ ഇനിയൊന്നും തന്റെ വീട്ടിൽ നിന്ന് കിട്ടില്ലായെന്ന് മനസ്സിലാക്കിയപ്പോൾ തന്റെ ഈ വീട്ടിലെ സ്ഥാനം ഒരു അടിമയെ പോലെയായി..

ജിത്തേഷേട്ടനു തന്നെ ഇഷ്ട്ടമാണ് പക്ഷെ അതു പ്രകടിപ്പിക്കാനും അമ്മയുടെ അനുവാദം വേണമെന്ന അവസ്ഥ …രാത്രികളിൽ അമ്മയുടെ മുറിയിലായിരിക്കും താൻ പലപ്പോഴും..

എന്നും രാത്രി അമ്മയ്ക്ക് ഓരോരോ അസുഖങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി,
ഒടുവിൽ കിടപ്പറയിൽ പോലും താനും ജിതേഷേട്ടനും കണ്ടുമുട്ടാത്ത അവസ്ഥ വന്നു..

തങ്ങൾക്കിടയിൽ ബന്ധം ഊട്ടിയുറപ്പിക്കാൻ ഒരു കുഞ്ഞു പോലും ഉണ്ടാവരുതെന്ന് അമ്മയ്ക്ക് വാശിയുള്ളതുപോലെ ..

ഒടുവിൽ നാട്ടിലെ ജോലി മതിയാക്കി ആറു മാസം മുന്നേ ജിതേഷേട്ടൻ പ്രവാസിയായ് മാറി

എന്തിനാണിങ്ങനൊരു ജീവിതമെന്ന് പലവട്ടം ആലോചിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങി ചെല്ലാൻ അമ്മ സമ്മതിച്ചില്ല

കടങ്ങൾ മാത്രമുള്ള മുങ്ങുന്ന വഞ്ചിയിൽ നിന്ന് മകളെങ്കിലും തൽക്കാലംരക്ഷപ്പെടട്ടേ എന്ന് അമ്മ കരുതിയിട്ടുണ്ടാവും..

ഇടയ്ക്കെല്ലാം അച്ഛൻ തന്നെ കാണാൻ ആവശ്യപ്പെടുമെങ്കിലും ഇവിടുത്തെ അമ്മ ഒരിക്കലും പെട്ടെന്നു സമ്മതം തരില്ല..

ഇപ്പോ തന്നെ വീട്ടിൽ പോയിട്ടും അച്ഛനെ കണ്ടിട്ടും മാസമൊന്നു കഴിഞ്ഞു ,അച്ഛൻ പലപ്പോഴും തന്നെ അന്വോഷിക്കാറുണ്ടെന്ന് അമ്മ പറയും

ഇന്നെങ്കിലും പോവാനിവിടുത്തെ അമ്മ സമ്മതിക്കുമെന്ന് കരുതിയതാണ്… പക്ഷെ..

എന്തിനാണിങ്ങനെയൊരു ജീവിതമെന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട് ,എന്നെങ്കിലും ഇതിനെല്ലാം ഒരു മറുകര കണ്ടാലോ എന്ന പ്രതീക്ഷ മാത്രമാണിപ്പോ ജീവിതം …

അമ്മേ …അമ്മേ …ഏടത്തി അമ്മ എവിടെ ..?ഏടത്തി അമ്മേ …കൂയ് ..ഒന്നു രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഒരു ദിവസം പുറത്തു പോയി വന്ന ജിത്തു ഉമ്മറത്തു നിന്ന് ഉറക്കെ വിളിക്കുന്നതു കേട്ടാണ് രാധിക ഉമ്മറത്തേക്ക് ചെന്നത്..

നീയെന്തിനാ ജിത്തു അവളെ ഇങ്ങനെ വിളിച്ചു നടക്കുന്നത് ,അവൾക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്….

അവിടേയ്ക്ക് വന്ന അമ്മ പറഞ്ഞതും ജിത്തു അമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി , അമ്പത്തിനാലാം വയസ്സിലും നല്ല ചുറുചുറുക്കോടെ ആരോഗ്യത്തോടെ വൃത്തിയുള്ള വേഷം ധരിച്ച് അമ്മ ..

ഇരുപത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ള ഏടത്തിയമ്മയാണെങ്കിലോ പണിയെടുത്ത് ക്ഷീണിച്ച് അഴുക്കു പുരണ്ടവേഷവും ധരിച്ച് ആരോഗ്യമില്ലാത്ത ശരീരം പോലെ എല്ലുന്തി കവിൾ കുഴിഞ്ഞ് ..ഒരു പൂമ്പാറ്റയെ പോലെ ഈ വീടിന്റെ പടി കയറി വന്നവളാണിത് …

ജിത്തുവിന് നെഞ്ചിലൊരു വിങ്ങലനുഭവപ്പെട്ടു ,ഒപ്പം അമ്മയുടെ വാക്കുകൾ കേട്ട് ഭാര്യയെ അവഗണിക്കുന്ന സ്വന്തം ഏട്ടനോട് അമർഷവും ..

എന്തിനാടാ നീ കിടന്നു വിളിച്ചു കൂവിയത് ..?അമ്മ ചോദിച്ചതും അവൻ അമ്മയെ നോക്കി ഒന്നു ചിരിച്ചു ,എന്നിട്ടവൻ രാധികയുടെ നേരെ തിരിഞ്ഞു ..

ഏടത്തി അമ്മേ ,ഇങ്ങളുടെ ഫോൺ എവിടെ ?ഫോൺ… ഫോൺ എന്റെടുത്ത് ഉണ്ട് ,പക്ഷെ അതിൽ…

ആ.. എനിക്ക് മനസ്സിലായി, ബാലൻസില്ലാന്ന് ,എന്നോടൊന്നു പറയായിരുന്നില്ലെ ഏടത്തി ?

എന്തിനാപ്പോ എല്ലാ ഫോണിലും പൈസ ? അവൾക്കാരെയെങ്കിലും വിളിക്കാനുണ്ടെങ്കിൽ എന്റെ ഫോണിൽ നിന്ന് വിളിച്ചാ പോരെ ?

അമ്മ ചോദിച്ചതും ജിത്തു ഒന്നും മിണ്ടാതെ അമ്മയെ ഒന്നു നോക്കി, അമ്മയുടെ പുതിയ ശിക്ഷാരീതി കൊള്ളാം.. അവൻ മനസ്സിൽ പറഞ്ഞു ..

“ഏട്ടത്തി അമ്മയുടെ വീട്ടിൽ നിന്ന് അമ്മ വിളിച്ചിരുന്നു എന്റെ ഫോണിലേക്ക് ,ഏടത്തി ഒന്നങ്ങോട്ടു ചെല്ലുമോ എന്നു ചോദിച്ചു…

ഇതാണ്, ഇതാണ് ഞാനിവ ളുടെ ഫോണിൽ പൈസ ഇടാത്തത് ,എപ്പഴും എപ്പഴും ഒരു വിളിയും ചെല്ലാൻ പറയലും.. ,,ഒക്കെ കഴിഞ്ഞിപ്പോ നിന്റെ ഫോണിലായോ വിളി ..?

അമ്മ ദേഷ്യത്തിൽ ശബ്ദം ഉയർത്തിയതും ഏടത്തിയമ്മ ആകെ ഭയന്നു പോവുന്നതും ജിത്തു നോക്കി നിന്നു..

“എന്റെ പൊന്നമ്മേ ഇങ്ങനെ ചൂടാവാതെ, ഏടത്തി അമ്മയുടെ അമ്മ വിളിച്ചത് ഒരു സന്തോഷ വാർത്ത പറയാനാ, അവിടുത്തെ അച്ഛന്റെ അപകടത്തിന്റെ ഇൻഷൂർ കേസ് വിധിയായ് ,അച്ഛന്റെ ചികിത്സക്ക് ചിലവായ സംഖ്യ ഉൾപ്പെടെ വലിയൊരു സംഖ്യ വിധിയായീന്ന് ..

കടങ്ങളും മറ്റും തീർന്നാലും നല്ലൊരു സംഖ്യ ബാക്കി ഉണ്ടാവുംന്ന് ,കാര്യങ്ങളെല്ലാം ഒന്നു സെറ്റു ചെയ്യാനാ ഏടത്തിയമ്മയോട് ചെല്ലാൻ പറഞ്ഞത്…

ജിത്തു പറഞ്ഞതു വിശ്വസിക്കാൻ കഴിയാതെ രാധിക അവന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നൊരു നിമിഷം .. തന്റെ ജീവിതത്തിലെ കഷ്ട്ടപാടുകൾ തീർന്നോ ഭഗവാനെ …

അതേ സമയം ജിത്തുവിൽ നിന്നറിഞ്ഞവാർത്തയുടെ സന്തോഷം അവന്റെ അമ്മയുടെ മുഖത്തു കണ്ടു

ഒരിക്കൽ സ്വപ്നം കണ്ട പിന്നീട് നഷ്ട്ടപ്പെട്ടു എന്നു കരുതിയ മരുമകളുടെ സമ്പത്തെല്ലാം വീണ്ടും തിരിച്ചു കിട്ടാൻ പോവുന്നു എന്നത് അവർക്ക് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല..

സത്യാണോ ജിത്തു നീയീ പറയുന്നത് ? അമ്മ അവനോടു ചോദിച്ചുപിന്നെ സത്യം അല്ലാതെ ,ഏടത്തി അമ്മ ഇങ്ങനെ അന്തം വിട്ടു നോക്കി നിൽക്കാതെ വീട്ടിലേക്ക് പോവാൻ നോക്കൂ .. ജിത്തു പറഞ്ഞു

അതേ മോളെ.. മോളെന്താ ഇങ്ങനെ നിൽക്കുന്നത് ?വേഗം പുറപ്പെട്ടു വാ… ജിത്തു കൊണ്ടു വിടും മോളെ … അവിടുത്തെ എല്ലാ കാര്യങ്ങളും ശരിയായിട്ടിനി മോൾ തിരികെ വന്നാൽ മതി .

അതുവരെ ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .. ഞാനീ സന്തോഷ വാർത്ത ജിതേഷിനെ വിളിച്ചു പറയട്ടെ .. മോൾ പോയി റെഡിയാവൂ ..

അമ്മയുടെ പെട്ടന്നുള്ള സ്നേഹപ്രകടനം കണ്ടു അന്തം വിട്ടു അവരെ നോക്കി നിന്നു ജിത്തു .. അവന്റെ മനസ്സിൽ അവരോടപ്പോൾ പുച്ഛം ആയിരുന്നു നിറഞ്ഞു നിന്നത്..

അമ്മ ഫോണുമായ് അകത്തേക്ക് പോയതും രാധിക വസ്ത്രം മാറാൻ അകത്തേക്ക് തിരിഞ്ഞു ..”ഏടത്തി അമ്മേ … അവൻ വിളിച്ചുഎന്താ ജിത്തു…

“ഈ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുന്ന ഏടത്തിയമ്മ തിരികെ ഇതുപോലെയിനി ഇവിടേക്ക് വരരുത് അവൻ പറഞ്ഞു..

എനിക്ക് മനസിലായില്ല മോനെ .. നീയെന്താണ് പറയുന്നതെന്ന്വേറെ ഒന്നുമല്ല ,ഞാൻ നിങ്ങളെ ഏടത്തി അമ്മേ ന്ന് വിളിക്കുന്നത് നിങ്ങളെന്റെ ഏട്ടന്റെ ഭാര്യ ആയതിനാലാണ് ..

പ്രായം കൊണ്ട് നമ്മൾ തമ്മിൽ വല്യ വ്യത്യാസം ഇല്ല ,പക്ഷെ നിങ്ങളെക്കാൾ ലോക പരിചയം എനിക്കുണ്ട് ,മാത്രമല്ല എന്റെ അമ്മയേയും ഏട്ടനെയും നിങ്ങളെക്കാൾ നന്നായി എനിക്കറിയാം

എനിക്കുൾപ്പെടെ അമ്മയോട് സംസാരിച്ചോ എതിർത്തോ ജയിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ ,

ഒരിക്കൽ നഷ്ട്ടപ്പെട്ടു പോയ സമ്പത്തിനൊപ്പം നിങ്ങൾക്ക് നഷ്ട്ടപ്പെട്ടതാ നിങ്ങളുടെ ഇവിടുത്തെ സ്ഥാനം ,ഇപ്പോ വീണ്ടും ആ സമ്പത്ത് നിങ്ങൾക്ക് കിട്ടി ,ഇവിടുത്തെ സ്ഥാനവും ..

എന്തിനാണിങ്ങനെ പണത്തിനനുസരിച്ച് സ്നേഹം തൂക്കി അളന്നുതരുന്നവരെ തിരികെ സ്നേഹിക്കുന്നത് ?

ഇന്നു തിരികെ കിട്ടിയ സമ്പത്ത് ഇനിയൊരിക്കൽ കൂടി നിങ്ങൾക്ക് നഷ്ട്ടപ്പെട്ടാൽ നിങ്ങൾ വീണ്ടും പഴയതുപോലെ ആവും അതുണ്ടാവരുത് ..നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇനിയും നിങ്ങൾ പഠിച്ചില്ലേ..?

ഒരു സ്ത്രീയും ഒരു പുരുഷന്റെയും അടിമ അല്ല, ഒരു മകനും അമ്മയുടെ മാത്രം സ്വന്തമല്ല ,അമ്മയ്ക്കും ഭാര്യയ്ക്കും അവരവരുടേതായ സ്ഥാനം കൊടുക്കാൻ കഴിയണം ഒരു പുരുഷന് ..

ഈ ജീവിതം നിങ്ങൾക്കെന്തെങ്കിലും പാഠം നൽകിയിട്ടുണ്ടെങ്കിൽ ഇനി നിങ്ങൾ ഇങ്ങോട്ടു തിരികെ വരരുത് ,പകരം തളർന്നു പോയ ആ അച്ഛനും അമ്മയ്ക്കും താങ്ങായിട്ട് അവിടെ നിങ്ങളുടെ വീട്ടിൽ നിൽക്കണം നിങ്ങൾ ..

ഒപ്പം നിങ്ങളാരു സ്ത്രീയാണെങ്കിൽ നിങ്ങളുടെ ഭർത്താവിനെയും ഒപ്പം നിർത്തി കാണിച്ചു മനസ്സിലാക്കി കൊടുക്കണം എന്താണൊരു ഭാര്യ എന്ന്,

ഇതൊന്നും പറയാനോ നിങ്ങളെ സഹായിക്കാനോ ഇത്രയും കാലം എനിക്ക് പറ്റിയിട്ടില്ല ,ഇപ്പോ നിങ്ങളുടെ സമയം ആണ്, നന്നായ് ചിന്തിക്കൂ .. ഇവിടെ അമ്മയ്ക്കൊപ്പം ഞാനുണ്ടാവും ..

ജിത്തുവിൽ നിന്ന് വാക്കുകളോരോന്നായ് കേൾക്കുമ്പോൾ ഉണരുകയായിരുന്നു രാധികയുടെ ഉള്ളിലെ പെണ്ണിന്റെ കരുത്ത്…

രണ്ടു വർഷങ്ങൾക്കിപ്പുറം ജിതേഷിന്റെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിക്കുകയാണ് മാലതി അമ്മ

ഛെ.. ഇവനിതെന്താണ് ഫോണൊന്നെടുത്താൽ ..? ഞാനെത്ര നേരായീ വിളിക്കുന്നു… ഞാനൊന്നു വിളിച്ചാൽ പോലും ഫോണെടുക്കാൻ പറ്റാത്തത്ര തിരക്കായോ അവന് .. അവളെയും കെട്ടിപ്പിടിച്ചിരിപ്പായിരുക്കും പെൺകോന്തൻ, പെറ്റ തള്ളയെ മറന്നു പോയവൻ … ഗുണം പിടിക്കില്ല അവൻ ..

മാലതി അമ്മ അമർഷത്തോടെ ജിത്തേഷിനെ പ്രാകി കൊണ്ടിരുന്നപ്പോഴാണ്
ജിത്തു അങ്ങോട്ടു വന്നത്

എന്താണമ്മേ തനിയെ സംസാരിക്കുന്നത് …?തനിയെ സംസാരിച്ചതെന്നും അല്ലെ ടാ ഞാൻ നിന്റെ ഏട്ടനെ വിളിച്ചതാ ..

അവനിപ്പം വെറും അച്ചി കോന്തനായ് അച്ചി വീട്ടിൽ താമസം അല്ലേ .? നാണംകെട്ടവൻ … ഇങ്ങോട്ടവനൊന്നു വന്നിട്ട് രണ്ടാഴ്ച ആയി .. അവന്റെ പെറ്റ തള്ളയായ എന്നെ അവനൊന്ന് കാണുക പോലും വേണ്ടേ ?

അമ്മയുടെ സംസാരം കേട്ടതും ഉള്ളിൽ ഉയർന്ന സന്തോഷം മറച്ചുവെച്ചവൻ അമ്മയെ നോക്കി..

അങ്ങനെ പറയരുതമ്മേ ,അമ്മ തന്നെയല്ലേ ഗൾഫിൽ ഉണ്ടായിരുന്ന ഏട്ടനെ വിളിച്ച് അവിടുത്തെ പണി മതിയാക്കി ഇങ്ങോട്ടു വരാനും ഏടത്തി അമ്മ നോക്കി നടത്തിയിരുന്ന അവരുടെ അച്ഛന്റെ കട നോക്കി നടത്താൻ സഹായിക്കാനും പറഞ്ഞത് ..?

ആ.. അന്നങ്ങനെ പറഞ്ഞു, ഇവിടുന്ന് വീട്ടിലേക്ക് പോയവൾ തിരികെ ഇങ്ങോട്ടു വരാതെ അവിടെ കടയും കച്ചവടവും ആയി സ്ഥിരതാമസം ആക്കിയതുകൊണ്ടാ ഞാനവനെ വിളിച്ച് അങ്ങനെ പറഞ്ഞത്

എന്ന് വെച്ച് അവനവിടെ ഇങ്ങനെ സ്ഥിരതാമസമാക്കുമെന്ന് ഞാനറിഞ്ഞോ എന്നെയും നമ്മടെ വീടിനെയും പറ്റെ മറന്നു പോവുമെന്നോ ഞാനറിഞ്ഞോ അച്ചി കോന്തൻ..

എന്തായാലും ഏട്ടനും കൂടി വന്ന് നോക്കി നടത്താൻ തുടങ്ങിയപ്പം ആ കട ഇപ്പോ ഏറ്റവും തിരക്കുള്ള ഒരു സ്ഥാപനം ആയി .. നല്ല ലാഭവും ആയി .. ഇഷ്ട്ടം പോലെ പൈസ ഉണ്ട് ഇപ്പോ അവരുടെ കയ്യിൽ..

അവിടുത്തെ അച്ഛനും നല്ല മാറ്റമുണ്ട് .. ആകെ കൂടി ഇപ്പോ നല്ല കാലമാണ് ഏടത്തി അമ്മയ്ക്ക്.. ഏട്ടനിവിടെ ആയിരുന്നെങ്കിൽ ആ പൈസ എല്ലാം അമ്മയ്ക്ക് കിട്ടുമായിരുന്നു ,ഇതിപ്പോ എല്ലാം ഏടത്തിയമ്മയുടെ കൈവശമല്ലേ ..?കിട്ടിയ അവസരം ഉപയോഗിച്ച് ജിത്തു അമ്മയെ നല്ലോണം എരിക്കേറ്റി… അമർഷം സഹിക്കാതെ മാലതിഅമ്മ പല്ലുകൾ ന്തെരിച്ചു..

അതു മാത്രമല്ല അമ്മേ ഏടത്തി അമ്മ ഗർഭിണി അല്ലേ ഇപ്പോൾ .., അപ്പോ അവിടെ അല്ലേ ഏട്ടനിപ്പോഉണ്ടാവേണ്ടത് ?അതെല്ലാം എന്നായാലും അവരുടേതല്ലേ .. അവരവിടെ സന്തോഷത്തോടെ ജീവിക്കട്ടെ
ഇവിടെ അമ്മയ്ക്ക് ഞാനില്ലേ..?

ജിത്തു എന്തെല്ലാം പറഞ്ഞിട്ടും മാലതിയമ്മ പെൺ കോന്തനായി പോയി മകനെന്നു പറഞ്ഞവനെ പ്രാകുമ്പോൾ ജിത്തു മനസ്സുകൊണ്ട് ഏടത്തി അമ്മയെ അഭിനന്ദിക്കുകയായിരുന്നു

ജീവിക്കാൻ പഠിച്ചതിന് .. ജീവിതമെന്തെന്ന് ഏട്ടനെ പഠിപ്പിച്ചതിന് …. സ്വന്തം മാതാപിതാകൾക്ക് താങ്ങായി മാറിയതിന്…

Leave a Reply

Your email address will not be published. Required fields are marked *