സ്വന്തം മകളെപ്പോലും കൂട്ടിക്കൊടുക്കാൻ മടിക്കാത്ത വൃത്തികെട്ട ജന്മമാണ് നിങ്ങൾ….” അവൾ നിലത്തേക്ക് കാർക്കിച്ചു

ഹേമ

(രചന: Sana Hera)

 

“ന്നാലും ന്റെ കുട്ടിക്കീഗതി വന്നല്ലോ” നെഞ്ചിൽ വലതുകയ്യാൽ മുഷ്ടിചുരുട്ടിയിടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ അവൾ അവജ്ഞയോടെ നോക്കി.

കരഞ്ഞുവീർത്തിരുന്ന കൺപോളകളിൽ വരൾച്ച പടർന്നിരുന്നു. ഓടുപാകിയ ഒറ്റമുറിവീടിന്റെ അടുക്കളത്തിണ്ണയിലൊറ്റിവീണിരുന്ന കാലത്തുപെയ്ത മഴയുടെ അവശേഷിപ്പുകളെ നിർവികാരയായിയവൾ നോക്കിയിരുന്നു.

കാവിവിരിച്ച തറയിൽ ഏറെ നേരമിരുന്നതിനാലാൽ കാലുകളിൽ മരവിപ്പനുഭവപ്പെട്ടു. കതകിനപ്പുറം സഹതാപം കലർന്ന ദൃഷ്ടികളവളിൽ പതിഞ്ഞുകൊണ്ടിരുന്നു.

അവന്റെ അംശം തന്നിൽ മുളയിട്ടെന്നവൾ മനസ്സിലാക്കിയത് ആ ചിത കത്തിയെരിഞ്ഞതിന്റെ രണ്ടാം നാളായിരുന്നു.

ഒരിറ്റു ദാഹജലത്തിനായവൾ വിളറിയ മുഖം വെല്ലസാരിത്തുമ്പുകൊണ്ട് അമർത്തിത്തുടച്ച് പാറിക്കിടന്ന മുടിയിഴകൾ വാരിക്കട്ടിയെഴുന്നേറ്റു.

മൺകൂജയിൽ നിന്ന് തണുത്ത നീര് ഓട്ടുഗ്ലാസ്സിലേക്ക് പകർന്ന് അതവൾ വായിലേക്കുചരിച്ചു.

തന്റെ പാതിയെ ചിതയിലേക്കെടുത്തതിനു ശേഷം ഇന്നീനേരം വരെ തന്റെ അകത്തുച്ചെന്നത് ഈ വെള്ളം മാത്രമാണെന്നവളോർത്തു.

ശ്വാസമെടുക്കാനുള്ള ശേഷിപോലുമില്ലാതെ തളർന്നുപോകുമെന്ന് തോന്നിയപ്പോൾ ഒരു കിണ്ണത്തിലേക്കവൾ കലത്തിൽ മൂടിവച്ചിരുന്ന കഞ്ഞി പകർന്ന് പിൻവാതിലിലൂടെ പുറത്തിറങ്ങി അലക്കുകല്ലിൽ ചെന്നിരുന്നു.

എരിയുന്ന ചന്ദനത്തിരിയുടെ ഗന്ധമപ്പോഴും വായുവിൽ തങ്ങി നിന്നിരുന്നു.

“ആഹാ…. ന്റെ ഹേമക്കുട്ടിയിപ്പോഴും ഏട്ടനോട് പിണങ്ങിയിരിക്കാണോ?”കോപത്താൽ വിനുവിനെതിരെ മുഖം തിരിച്ചിരുന്ന അവളുടെ തോളിലൂടെ കയ്യിട്ടുകൊണ്ടവനാരാഞ്ഞു.

അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ അവളെ ചേർത്തുപിടിച്ചു.”നീയെന്തിനാ ന്നോട് പിണങ്ങിയാൽ അലക്കുകല്ലിൽ വന്നിരിക്കുന്നത്?”

തന്നെ ഇറുകെപ്പുണർന്നുകൊണ്ടവൻ തോളിൽ തലവച്ചുകിടന്നപ്പോൾ ആ പിണക്കം അലിഞ്ഞില്ലാതായിരുന്നു.കഞ്ഞിതുളുമ്പി ദേഹത്തു വീണപ്പോഴാണവൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവന്നത്. തന്നെ ചേർത്തുപിടിച്ചിരുന്ന കൈകളുടെ ചൂട് അപ്പോഴും അവളിൽ തങ്ങി നിന്നിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടവൾ കരണ്ടിയിൽ കഞ്ഞിയെടുത്ത് ചുണ്ടോടടുപ്പിച്ചു.പെട്ടന്നവന്റെ കരങ്ങളവളുടെ കൈത്തണ്ടയിലമർന്നു. കുസൃതി നിറഞ്ഞ ചിരിയോടെയവനാ കഞ്ഞിയവന്റെ വായിലേക്ക് ചരിച്ചു.

“നിക്ക് തരാതെ നീ ഒറ്റക്ക് കഴിക്കുന്നോ?”ചിണുങ്ങിക്കൊണ്ടവൻ അവളുടെ കവിളിൽ നുള്ളി. ആ മുഖത്ത് പട്ടിപ്പിടിച്ചിരുന്ന വറ്റുകൾ തട്ടിമാറ്റാനായി ഉയർത്തിയ കൈകളവനെ സ്പർശിച്ചതും വായുവിലവൻ അപ്രത്യക്ഷനായി.

“ന്തിനാ വിനുവേട്ടാ ന്നെ തനിച്ചാക്കിപ്പോയെ…..”പെയ്തുതുടങ്ങിയ നയനങ്ങൾ കഞ്ഞിയിൽ ഉപ്പുപകർന്നുകൊണ്ടിരുന്നു. മനസ്സില്ലാമനസ്സോടെ രണ്ടുകവിൾ കഞ്ഞിയിറക്കിയവൾ ബാക്കി തൊഴുത്തിലെ കാടിവെള്ളത്തിലേക്കൊഴിച്ചു.

പശുവിന്റെ അകിടുനുണഞ്ഞു പാലുകുടിക്കുന്ന കിടാവിനെയവൾ ഇമ്മചിമ്മാതെ നോക്കിനിന്നു. തന്നിലും ഒരു ജീവൻ തുടിക്കുന്നുണ്ട്. വിനുവേട്ടന്റെ ജീവൻ!

കോലായിലെ ജനാലയോടുച്ചേർത്തിട്ടിരുന്ന പലകക്കട്ടിലിൽ കാലിൽ മുഖം പൂഴ്ത്തിയവളിരുന്നു. സാരിയുടെ വിടവിലൂടെയവൾ വയറിൽ തഴുകിക്കൊണ്ടിരുന്നു.

ചാലിട്ടൊഴുകിയ മിഴികളെ അവൾ ഇറുക്കിയടച്ചു.മാസങ്ങൾക്കുമുൻപൊരു രാത്രിയിൽ സ്വന്തം മാനം രക്ഷിക്കാൻ മറ്റുവഴികളില്ലാതെ ജീവനൊടുക്കാനിറഞ്ഞിത്തിരിച്ച തനിക്കൊരു ജീവിതം വച്ചു നീട്ടിയ വിനുവേട്ടൻ.

അന്നുതൊട്ടിന്നുവരെ ഒരു വാക്കുകൊണ്ടുപോലും തന്നെ നോവിച്ചിട്ടില്ല. ഇന്ന് താൻ സമനിലതെറ്റുന്ന വക്കിലെത്തിയപ്പോൾ ജീവിക്കാനായുള്ള ഏറ്റവും മഹത്തരമായ ഒരു സമ്മാനം തനിക്കായി നൽകിയിരിക്കുന്നു.

“മോളെ….” ആ സ്ത്രീയുടെ സ്വരം കാതിൽ ചാട്ടൂളിപോലെ വന്നുപതിച്ചതുമവൾ തലയുയർത്തിയവരെ തുറിച്ചുനോക്കി.”നീയ് ഞാൻ പറയണത് അനുസരിക്ക് മോളെ….

നിന്റെ നല്ല ഭാവിക്ക് വേണ്ട്യാ അമ്മ പറയണത്””ഹും അമ്മ….” പുച്ഛത്തോടെയവൾ മുഖം തിരിച്ചു.”ഇതിനെ നമുക്കങ്ങട്ട് വേണ്ടാ വെക്കാം… നീയിപ്പോഴും ചെറുപ്പാണ് തന്തയില്ലാത്ത കൊച്ചിനെ നീയെങ്ങനെ നോക്കാനാ?”

അവളുടെ തലയിൽ തഴുകാനായെത്തിയ അവരുടെ കരങ്ങളെ തട്ടിമാറ്റിക്കൊണ്ടവൾ പിടഞ്ഞെഴുന്നേറ്റു.

“തൊട്ടുപോവരുതെന്നെ…. അമ്മയോ? നിങ്ങളെന്റെ അമ്മയല്ല. ആ വാക്കുരുവിടാനുള്ള അർഹതപോലുമില്ല നിങ്ങൾക്ക്. നിങ്ങളാണ്…

നിങ്ങളുടെ പണത്തിനോടുള്ള ആർത്തിയാണ് എനിക്കെന്റെ വിനുവേട്ടനെ നഷ്ടപ്പെടുത്തിയത്.”അവളുടെ കണ്ണിലെ അഗ്നി അവരെ ചുട്ടെരിക്കാൻ കെൽപ്പുള്ളതായിരുന്നു.

“ഓ…. അവൾടെയൊരു വിനുവേട്ടൻ ബാക്കിയാർക്കും കെട്ട്യോനില്ലാത്ത പോലെയാ പെണ്ണിന്റെ വർത്താനം.”കൂസലില്ലാതെ അവരത് പറഞ്ഞുകേട്ടപ്പോൾ നിയന്ത്രണം വിട്ടവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി.

“മിണ്ടരുത് നിങ്ങൾ നിങ്ങൾക്കൊരു ഭർത്താവിന്റെ വിലയറിയില്ല എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്ക് പോലും അറിയില്ലല്ലോ? നിങ്ങൾ സ്നേഹിച്ചത് മുഴുവൻ പണത്തെയാണ്.

അതിനുവേണ്ടി ഏതറ്റം വരെ പോകാനും നിങ്ങൾ മടിക്കില്ല. സ്വന്തം മകളെപ്പോലും കൂട്ടിക്കൊടുക്കാൻ മടിക്കാത്ത വൃത്തികെട്ട ജന്മമാണ് നിങ്ങൾ….”

അവൾ നിലത്തേക്ക് കാർക്കിച്ചു തുപ്പി.”നീയിങ്ങനെ കിടന്നു പിടക്കാതെടി. ആരുടെ ധൈര്യത്തിലാ നീയീ തുള്ളുന്നത്? ആ തെണ്ടിച്ചെക്കനെയോർത്തോ? അവൻ ചത്തു മണ്ണടിഞ്ഞില്ലേ?

ഇനി ഞാൻ പറയുന്നതും കേട്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞോളണമിവിടെ.” ഭീഷണികലർന്ന സ്വരത്തിൽ കൈവിരൽചൂണ്ടിക്കൊണ്ടവർ പറഞ്ഞു.

“ഇതെന്റെ വിനുവേട്ടന്റെ വീടാ.. ഇവിടെ നിന്നിറങ്ങേണ്ടത് നിങ്ങളാ…. ഇനി ഒരു നിമിഷം പോലും നിങ്ങളിവിടെ നിന്നൂടാ നിന്നാലെന്റെ വിനുവേട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല”

അവരെ പിടിച്ചിഴച്ചവൾ വീടിന്റെ വെളിയിലേക്ക് തള്ളിയിട്ടു.ഈ പടിയിലിനി നിങ്ങളുടെ നിഴൽപോലും വീഴാൻ പാടില്ല എനിക്കറിയാം എന്റെ കുഞ്ഞിനെ വളർത്താൻ. ആറുമാസമേ ഒന്നിച്ചു കഴിയാൻ സാധിച്ചിട്ടുള്ളെങ്കിലും അതിനുള്ള ധൈര്യം എന്റെ വിനുവേട്ടനെനിക്ക് തന്നിട്ടുണ്ട്….”

അവർക്കുമുന്നിൽ ആ പഴകിയ മരവാതിൽ കൊട്ടിയടയപ്പെട്ടു.”എടി ഒരുമ്പെട്ടോളെ…. നീയൊരുകാലത്തും ഗുണം പിടിക്കില്ലടി.”മുറ്റത്തുനിന്നുയർന്ന ശാപവാക്കുകളവളെ തളർത്തിയില്ല കൈത്തണ്ടകൊണ്ട് കണ്ണുകളമർത്തിത്തുടച്ച് തിരിതെളിയിച്ച വിനുവിന്റെ പടത്തിനുമുന്നിലവൾ നിന്നു.

“ഇല്ല വിനുവേട്ടാ…. ഇനി ഹേമ കരയില്ല തളരില്ല ആരുടേയും തുണയെനിക്ക് വേണ്ടാ…. തലയുയർത്തിത്തന്നെ ജീവിക്കും നമ്മുടെ കുഞ്ഞിനുവേണ്ടി.”

അവളുടെ ഉറച്ച വാക്കുകൾ ആ മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. ശാന്തനായി ചിരിക്കുന്ന അവന്റെ പടത്തിനു മുന്നിൽ തെളിഞ്ഞുനിന്ന തിരിയപ്പോൾ കൂടുതൽ ശോഭയോടെ ജ്വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *