(രചന: J. K)
കോടതിയിൽ നിന്ന് അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കടക്കുമ്പോൾ എന്തോ ഹിമയുടെ മിഴികൾ നിറഞ്ഞൊഴുകി…
അയാൾ കുറച്ചു അപ്പുറത്ത് ആയി നിൽക്കുന്നുണ്ടായിരുന്നു… മഹേഷ്…
അവൾ അയാളെ തല ഉയർത്തി നോക്കാതെ അവിടെ നിന്നും നടന്നു നീങ്ങി..
ചെയ്തതിലെ ശരി കേടുകൾ ഒന്നുകൂടി മനസ്സിലിട്ട് കണക്ക് കൂട്ടി…. താൻ ചെയ്തത് ശരിയാണ് എന്ന് തന്നെയായിരുന്നു. അപ്പോഴും മനസ്സ് പറയുന്നത്…
പക്ഷേ അയാളെ നോക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല മെല്ലെ നടന്നതെന്ന് കാറിൽ കയറി അവൾ വീട്ടിലേക്ക് നീങ്ങി..
വീട്ടിൽ ചെന്ന് മുറിയിലേക്ക് കയറിയതും കണ്ടു കട്ടിലിന്റെ മുകളിൽ കിടക്കുന്ന തന്റെ വിവാഹ ആൽബം ഇന്നലെ രാത്രി താൻ നോക്കാൻ എടുത്തു വച്ചതാണ്..
ചിരിയോടെ നിൽക്കുന്ന രണ്ടു പേര്…
ഒത്തിരി പ്രതീക്ഷയോടെ ജീവിതം തുടങ്ങിയവർ പക്ഷേ എവിടെയും എത്താതെ ഇപ്പോൾ രണ്ടുപേരും രണ്ട് ദ്രുവങ്ങളിൽ…
ഓർമ്മകൾ പുറകിലേക്ക് പാഞ്ഞുപോയി…പഠനം എല്ലാം കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹേഷിന്റെ വിവാഹാലോചന വന്നത് അയാൾക്ക് സ്വന്തമായി ബിസിനസ് ആയിരുന്നു നല്ല കുടുംബം പേരുകേട്ട തറവാടും…
അന്വേഷിച്ചപ്പോൾ ആർക്കും മഹേഷിനെ പറ്റി ചീത്തതായി ഒന്നും പറയാനില്ല അതുകൊണ്ടുതന്നെ ഈ വിവാഹം നടന്നു..
അന്വേഷിച്ച് തൃപ്തി അടഞ്ഞത് കൊണ്ട് മാത്രമാണ് അച്ഛൻ എന്നെ ആ വീട്ടിലേക്ക് കൈപിടിച്ചു കൊടുത്തത് പക്ഷേ ഒരാളുടെ എല്ലാ കാര്യങ്ങളും അയൽവക്കത്ത് അന്വേഷിച്ചാൽ മനസ്സിലാവില്ല എന്ന് തിരിച്ചറിയാൻ ഇത്തിരി വൈകി പോയിരുന്നു…
അയാൾക്ക് സ്നേഹം കൂടി ഭ്രാന്ത് ആയതായിരുന്നു..എന്തും ഒരളവിൽ കൂടുതലായാൽ അത് മറ്റുള്ളവർക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്താകും അത് സ്നേഹമായാൽ കൂടി….
അത് അനുഭവിച്ചറിയുകയായിരുന്നു ഞാൻ….എങ്ങോട്ടും വിടാതെ അയാളുടെ വീട്ടിൽ തന്നെ നിൽക്കണമായിരുന്നു ആരോടും സംസാരിക്കാൻ പാടില്ല മറ്റാരെങ്കിലുമായി കൂടുതൽ ഇടപഴകിയാൽ അയാൾക്ക് ഭ്രാന്ത് ആകും
കാരണം ആർക്കും അയാളെക്കാൾ കൂടുതൽ ഇംപോർട്ടൻസ് ഞാൻ കൊടുക്കുന്നത് അയാൾക്ക് താങ്ങാൻ കഴിയില്ല ആയിരുന്നു…
എന്റെ വീട്ടിലേക്ക് വിട്ടാൽ അച്ഛനോട് അമ്മയോടും ഞാൻ ഇടപഴകുന്നത് പോലും സഹിക്കാൻ കഴിയാത്ത ഒരുതരം ടോക്സിക് റിലേഷൻ ആയിരുന്നു അയാൾക്ക്….
ആദ്യമൊക്കെ ഞാൻ കുറെ സഹിച്ചു എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ അല്ലേ എന്ന് കരുതി പക്ഷേ, എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു കാര്യങ്ങൾ..
ഒരിക്കൽ ഞാൻ മുമ്പ് അപ്ലൈ ചെയ്തിരുന്ന ഒരു ജോലിയുടെ ഇന്റർവ്യൂ കാർഡ് എനിക്ക് വന്നു അത് അയാൾ എനിക്ക് തരാതെ ഒളിപ്പിച്ചുവെച്ചു
പിന്നീട് അതിനെപ്പറ്റി ഒരിക്കൽ എന്റെ ഒരു കൂട്ടുകാരി അറിഞ്ഞപ്പോഴാണ് ഞാൻ അയാളോട് ചോദിച്ചത് അയാൾ ഉരുണ്ടുകളിക്കുന്നത് എനിക്ക്
കാണാമായിരുന്നു ആരോട് സത്യം പറയാൻ പറഞ്ഞപ്പോഴാണ് പറഞ്ഞത് അത് അയാൾ നശിപ്പിച്ചു എന്ന് എനിക്കെന്തോ അത് കേട്ട് വല്ലാതായി…
അപ്പോൾ മുതലാണ് ഞാൻ തിരിച്ചു ചിന്തിക്കാൻ തുടങ്ങിയത്….എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോലിയായിരുന്നു അത് അത് കിട്ടാനായി ഞാൻ ഒരുപാട് നടന്നത് ഇനി വേദനിപ്പിച്ചു കൊണ്ടേയിരുന്നു….
അയാൾക്ക് എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിന് പകരമായി തിരിച്ച് അയാളോട് എനിക്ക് ദേഷ്യം തോന്നാൻ തുടങ്ങി…
ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു പോലും വരുന്നത് അയാൾക്ക് ഇഷ്ടമല്ലായിരുന്നു സ്നേഹം പങ്കിട്ട് പോകുമോ എന്ന് ഭയം….
എന്റെ അച്ഛനിൽ നിന്നും എന്നെ അകറ്റി അമ്മയിൽ നിന്നും എന്നെക്കൊണ്ട് തന്നെ അവരോട് എന്നെ ഇനി വിളിക്കരുത് എന്ന് പറയിപ്പിച്ചു…
എല്ലാവരും എന്റെ മാറ്റം കണ്ട് വിചാരിച്ചത് എന്റെ സ്വാർത്ഥതയാണ് എന്നാണ് അവിടെയുള്ള സുഖം കൊണ്ട് എല്ലാവരെയും ഞാൻ അകറ്റുന്നതാണ് എന്നായിരുന്നു…
യാഥാർത്ഥ്യം പക്ഷേ ആരും മനസ്സിലാക്കിയില്ല…
ഒടുവിൽ എനിക്ക് മടുക്കാൻ തുടങ്ങിയിരുന്നു ഈ ബന്ധം…
എങ്ങോട്ടും കൊണ്ടുപോകില്ല കൂടെ കൂട്ടില്ല… പകരം എന്തെങ്കിലും ഒന്ന് പറഞ്ഞാൽ അത് എത്ര വേണമെങ്കിലും വാങ്ങിത്തരും… ഇടയ്ക്കിടയ്ക്ക് എന്നെ സന്തോഷിപ്പിക്കാൻ സ്വർണ്ണം വാങ്ങും..
പാട്ടുസാരികൾ കൊണ്ട് മൂടും….
കിടപ്പറയിലും എന്നോട് നീതിപുലർത്താൻ അയാൾ മറന്നില്ല പക്ഷേ, ഗർഭിണി ആവാതിരിക്കാനുള്ള മരുന്ന് മുടക്കം വരാതെ എനിക്കയാൾ വാങ്ങി തന്നിരുന്നു… കിടക്കുന്നതിനു മുമ്പ് അത് എന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചിരുന്നു…
പലപ്പോഴും എനിക്കൊരു കുഞ്ഞു വേണം എന്ന് പറഞ്ഞപ്പോൾ അത് കേൾക്കാത്തത് പോലെ ഇരിക്കും… പകരം വരുമ്പോൾ എന്തെങ്കിലും ഒരു സമ്മാനം ആയി വരും…
ഇതിലൊക്കെ ഒരു പെണ്ണ് തൃപ്തയായിക്കൊള്ളും എന്നായിരുന്നു അയാളുടെ ധാരണ…
സ്വർണ്ണത്തിന്റെ കൂട്ടിലാണെങ്കിലും ബന്ധനം അത് ആർക്കും സഹിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ എനിക്കും അതുകൊണ്ട് തന്നെ പതിയെ ഞാൻ മറിച്ച് ചിന്തിച്ചു തുടങ്ങി…
ഒരിക്കൽ ഇതിനെപ്പറ്റി അയാളോട് ഞാൻ വിശദമായിത്തന്നെ സംസാരിച്ചതാണ് ഇത് ശരിയല്ല എന്നും എനിക്കും സ്വാതന്ത്ര്യങ്ങൾ ഉണ്ട് എന്നും.
എനിക്ക് പറ്റാവുന്ന രീതിയിലൊക്കെ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു
പക്ഷേ അയാൾക്ക് അതൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല കുറെ കോംപ്രമൈസ് ചെയ്ത് ഞാൻ എന്നല്ലാതെ ജീവിതത്തിന് യാതൊരു
മാറ്റവും ഉണ്ടായിരുന്നില്ല മടുപ്പ് കൂടിക്കൂടി വന്നു. അങ്ങനെയാണ് ഒരു ദിവസം ഞാൻ വീട്ടിലേക്ക് തിരിച്ചത്…
എന്നെ അവിടെ കാണാൻ അയാൾ ഭ്രാന്ത് എടുത്തത് പോലെ എന്റെ വീട്ടിലേക്ക് ഓടി വന്നിരുന്നു അപ്പോഴേക്കും ഞാൻ അച്ഛനോട് അമ്മയോട് എല്ലാം പറഞ്ഞിരുന്നു അവർ എന്റെ കൂടെ നിന്നു…
അയാൾ അവിടെ നിന്നും കാഴ്ചവെച്ച പെർഫോമൻസ് കൂടിയായപ്പോൾ അവർക്കും യാഥാർത്ഥ്യം മനസ്സിലായി…
ഇനിയെന്ത് എന്നുള്ള ആലോചനയിൽ ഞാൻ തന്നെയാണ് ഡിവോഴ്സ് മതി എന്ന് പറഞ്ഞത്
കാരണം അയാളെ പറഞ്ഞ് മനസ്സിലാക്കാവുന്നതിന്റെ പരമാവധി ഞാൻ ശ്രമിച്ചിരുന്നു ഒരുപക്ഷേ ഒരു കൗൺസിലിംഗ് കൊണ്ട് ഒന്നും അയാൾ ശരിയാകും എന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു….
അതുകൊണ്ടുതന്നെയാണ് അച്ഛനോട് ഒന്നിച്ച് ഒരു വക്കീലിനെ പോയി കണ്ട് ഡിവോഴ്സ് ഫയൽ ചെയ്തത്…
നോട്ടീസ് കെട്ടിയപ്പോൾ അയാൾ എന്നെ കാണാൻ വന്നിരുന്നു എന്റെ മുന്നിൽ നിന്ന് കരഞ്ഞു എന്നെ വിട്ടുപോയാൽ അയാൾ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു…
പക്ഷേ ഞാൻ നിസ്സഹായ ആയിരുന്നു അയാൾക്ക് എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെ പേരിൽ എന്റെ ജീവിതം എങ്ങനെ കൂട്ടിലടച്ചത് പോലെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല ആയിരുന്നു…
പലരും എന്നെ തെറ്റുകാരി എന്ന് വ്യാഖ്യാനിച്ചു. ഒന്ന് രണ്ടു ദിവസം ചിലപ്പോൾ ഇത്തരക്കാരെ നമുക്ക് സഹിക്കാൻ കഴിഞ്ഞേക്കും…
പക്ഷേ ഒരു ജീവിതകാലം മുഴുവൻ അവരുടെ കീഴിൽ കഴിയുക എന്നത് ശരിക്കും പ്രയാസകരമായ ഒരു കാര്യം തന്നെയാണ് അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ…
മാറിനിന്ന് കുറ്റം പറയാൻ മാത്രം നമ്മുടെ ആളുകൾക്ക് ഒരു പ്രത്യേക കഴിവ് ഉണ്ടല്ലോ അതുകൊണ്ട് ആരെയും ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല എനിക്കെന്താണ് ശരി എന്ന് തോന്നുന്നത് മാത്രം ചെയ്യാനായിരുന്നു എനിക്കിഷ്ടം…
ഞാൻ അയാളുടെ വശം ചിന്തിക്കാതെ മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു കുറെ കൗൺസിലിംഗും ഹിയറിങ്ങും എല്ലാം കഴിഞ്ഞ് ഒടുവിൽ ഡിവോഴ്സ് കിട്ടി…
എനിക്ക് അയാളുടെ ഇപ്പോഴും സ്നേഹമാണ്… സഹതാപമാണ്… കാരണം അയാളുടെ ഉള്ളിൽ ഉള്ളത് എന്നോട് സ്നേഹം മാത്രമാണ്..
ആൽബം മെല്ലെ മടക്കി ഞാൻ അത് പഴയ സാധനങ്ങൾ എടുത്തു വയ്ക്കുന്നതിന്റെ കൂട്ടത്തിൽ ഇട്ടു ഒപ്പം മനസ്സില് തികട്ടി വരുന്ന കുറെ ഓർമ്മകളും…. ഇനി എനിക്കൊന്ന് ശ്വാസം എടുക്കണം സ്വാതന്ത്ര്യത്തിന്റെ…