(രചന: Kannan Saju)
“സ്വന്തം മകളുടെ പ്രസവം നോക്കാൻ അമ്മ കാശ് ചോദിക്കേ ??? നീയെന്നതാ അഞ്ജലി ഈ പറയുന്നേ???”ഫോണിൽ അവൾ പറഞ്ഞതെല്ലാം കേട്ടു ഞെട്ടലോടെ നിരഞ്ജന ചോദിച്ചു…
” എന്റെ അവസ്ഥ അതാണെടി… നിന്റെ കയ്യിൽ ഉണ്ടങ്കിൽ ഒരു 50000 രൂപ തന്നു സഹായിക്കുവോ ?? പ്രസവം കഴിഞ്ഞു ഞാൻ തരാം.. ”
” അതിനെന്ന.. ഞാൻ തരാം… “” ഇല്ലെങ്കിൽ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവില്ലെടി… അങ്ങനെ വന്ന കണ്ണേട്ടന് അത് നാണക്കേടാവും… ഏട്ടനറിയാതെ ഞാൻ നിന്നോടു ചോദിക്കണേ.. ”
” അത് സാരില്ല.. നിന്റെ വിഷമം എനിക്ക് മനസ്സിലാവും… എന്നാലും അവരും ഒരു സ്ത്രീയല്ലെന്ന ഞാൻ ഓർക്കുന്നെ… ഇത്രയും നാളായിട്ടും ഒരു മാറ്റം വരാതിരിക്കാൻ” അവർ സംസാരിച്ചു ഫോൺ വെച്ചു…
” അവർ ശരിക്കും എന്റെമ്മ തന്നാണോ ??? ” അഞ്ജലി സ്വയം ചോദിച്ചു..” അല്ലെങ്കിൽ നിരഞ്ജന ചോദിച്ച പോലെ അവരൊരു സ്ത്രീ ആണോ ?? ”
അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു.. അതാങ്ങാനാണ്… ഇന്നും ഇന്നലെയും അല്ല.. ചില ദുരന്ത സീരിയലുകളിലെ നായികമാരെ പോലൊരു ജീവിതം അവൾക്കു ഓർമ വച്ച നാൾ മുതൽ ഉള്ളതാണ്…
” കുടുംബത്തിലെ ആരുടേയും നിറം കിട്ടാത്ത കറുത്തവൾ എന്റെ മകളല്ലെന്നു പറഞ്ഞ അച്ഛൻ നമ്പൂതിരി ആയിരുന്നു ആദ്യം തന്നെ കരയിച്ചതു “അന്നത്തെ ആ ദിവസവും അവൾ ഓർത്തു….
അച്ഛന്റെ അനിയന്റെ മകൾ മിച്ചറു തിന്നുന്നത് കണ്ടു കൊതിയോടെ നോക്കി ഇരുന്ന ദിവസം.. അവളോട് കൈ നീട്ടി ഇരന്നു വാങ്ങിയ ദിവസം.. അത് വായിൽ വെക്കും മുന്നേ കട്ടെടുത്തെന്നും പറഞ്ഞു ഇളയമ്മ പൊതിരെ തല്ലിയ ദിവസം..
അവളുടെ കണ്ണുകൾ നിറഞ്ഞു….അച്ഛൻ മകളല്ലെന്നു പറഞ്ഞത് കൊണ്ടാണോ അറിയില്ല… അമ്മയ്ക്കും തന്നോട് വെറുപ്പായിരുന്നു… ചിലപ്പോളൊക്കെ അറിയാതെ തോന്നിപ്പോവും ശരിക്കും താൻ മറ്റാരുടെയെങ്കിലും മകളാണോ എന്ന്…
എന്തിനാണ് എപ്പോഴും ഈ ഫുൾ സ്ലീവ് ധരിക്കുന്നതെന്നു എല്ലാരും ചോദിക്കും… അച്ഛൻ കയ്യിൽ സിഗരറ്റു കൊള്ളികൾ കൊണ്ടു കുത്തിയ പാടുകൾ കാണാതിരിക്കാനാണെന്നു താൻ ഒരിക്കലും ആരോടും പറഞ്ഞില്ല…
ജീവിതത്തിൽ പ്രതീക്ഷകൾ ഇല്ലായിരുന്നു…. പ്രതീക്ഷിച്ചാലും നേടി തരാൻ ആരും ഇല്ലായിരുന്നു… ഞാൻ എന്നാണ് വയസ്സറിയിച്ചതെന്നു എന്റെ അമ്മക്കറിയില്ല…
അടുക്കളയിൽ വിരി വിരിച്ചു ഉറങ്ങാൻ വിധിക്കപ്പെട്ട നാളുകളിൽ ആയിരുന്നു അത്… ഒരു രാത്രി മുഴുവൻ ഉറങ്ങാത്ത നേരം വെളുപ്പിച്ചു…
പിറ്റേന്ന് സ്കൂളിൽ ഭയന്നു വിറച്ചിരിക്കുന്ന എന്നെ മാറ്റി നിർത്തി സംസാരിച്ച ആനി ടീച്ചറാണ് ആദ്യമായി തുണി മടക്കി കയ്യിൽ തന്നതും അതൊരു അസുഖമല്ലെന്നു പറഞ്ഞു തന്നതും…
വേണ്ടങ്കിൽ എന്തിനായിരുന്നു ഇങ്ങനൊരു ജന്മം ??? നിറം കൊണ്ടാണോ മക്കളെ സ്നേഹിക്ക….
വെളുത്ത അനിയത്തിയും വെളുത്ത അനിയനും ഉണ്ടായതോടെ താൻ വീട്ടിലെ വേലക്കാരി ആയി…
തന്നെ തല്ലുന്ന അതെ കൈകൾ കൊണ്ടു അച്ഛൻ അവരെ താലോലിക്കുന്ന കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്… തന്നെ പട്ടിണിക്കിട്ടു അവർക്കു വാരി കൊടുക്കുന്ന അമ്മയെ കണ്ടു നെഞ്ചു തകർന്നിട്ടുണ്ട്…
ആ ജീവിതത്തിലേക്കാണ് പ്രതീക്ഷയുമായി കണ്ണേട്ടൻ വന്നത്… സത്യത്തിൽ വീട്ടുകാർക്ക് ഒരു ഭാരം ഒഴിവാക്കൽ കൂടി ആയിരുന്നു ആ കല്ല്യാണം… കണ്ണേട്ടന്റെ വീട്ടുകാർക്ക് ഒരു കുടിയൻ നോക്കാനുള്ള പെണ്ണും…..
കടം വാങ്ങിയ പൈസ അമ്മക്ക് കൊടുത്തു… അതിൽ നിന്നും പതിനായിരം കൊടുത്തു അമ്മ മറ്റൊരാളെ തന്നെ നോക്കുവാൻ നിർത്തി…
പ്രസവ വേദന കൊണ്ടു പുളയുമ്പോൾ തന്റെ ഭർത്താവോ അമ്മയോ ആരെങ്കിലും ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കില്ലേ ???
അച്ഛൻ കുഞ്ഞിനെ കാണാൻ വന്നില്ല… അമ്മ കുഞ്ഞനെ എടുത്തില്ല… കണ്ണേട്ടൻ ഒന്ന് കാണാൻ വന്നു….
തിരിച്ചു കൂട്ടിക്കൊണ്ടു പോവാൻ നേരം ആയിരുന്നു ഏറ്റവും വിഷമം… തൂക്കം ഇരുപതു കിലോ കൂടി… എല്ലാ അവയവങ്ങളും വളർന്നു..
പ്രസവിച്ച പെണ്ണിന് മാത്രം മനസ്സിലാവുന്ന അവസ്ഥ.. കടം വാങ്ങി വെച്ച പൈസ എല്ലാം തീർന്നു.. ഇന്നർ പോലും പകമാവുന്നില്ല.. എന്ത് ചെയ്യണം എന്നറിയില്ല…
കണ്ണേട്ടനെ വിളിച്ചു.. കാണണം എന്ന് പറഞ്ഞു.. വന്നില്ല… വീണ്ടും വീണ്ടും വിളിച്ചു… വന്നു…
ഏട്ടാ…. ഇന്നിവിടുന്നു എന്നേം മോനേം കൂട്ടി കൊണ്ടു പോവുന്നുണ്ടങ്കിൽ ഒന്ന് ഇനി അങ്ങോടു എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ തയ്യാറായിരിക്കണം…
രണ്ട് ഇനി കുടിക്കില്ലെന്നു നമ്മുടെ മോന്റെ തലയിൽ തൊട്ടു സത്യം ചെയ്യണം… ഇല്ലെങ്കിൽ ഞാൻ വരില്ല.. നിങ്ങൾ എന്നെ ഉപേക്ഷിച്ചോളു…. ഗർഭിണി ആയ സമയം പോലും നിങ്ങൾ മര്യാദക്ക് വീട്ടിൽ വരില്ലായിരുന്നു…
എത്ര രാത്രികളിൽ ഭക്ഷണം കിട്ടാതെ ഞാൻ പട്ടിണി കിടന്നിട്ടുണ്ടെന്നു ഏട്ടനറിയുവോ ??? കല്ല്യാണം കഴിച്ചാൽ എങ്കിലും നല്ലൊരു ജീവിതം ഉണ്ടാവുന്നു കരുതി… അതും
അവൾ നിയന്ത്രണം വിട്ടു കരഞ്ഞു…അന്നുവരെ ആരോടും ഒന്നും ആവശ്യപ്പെടാതിരുന്ന താൻ കണ്ണേട്ടനോട് അത് പറഞ്ഞു…. അല്ല ദൈവം പറയിപ്പിച്ചു… തന്നെ നെഞ്ചോട് ചേർത്തു അന്ന് കണ്ണേട്ടൻ തന്ന വാക്ക് ഒരിക്കലും പിന്നീട് തെറ്റിച്ചിട്ടില്ല…
അമ്മേ…. എല്ലാം ചിന്തിച്ചു നിക്കുക ആയിരുന്ന അഞ്ജലിയെ പ്ലസ്ടു പഠിക്കുന്ന മകൾ വന്നു പിന്നിൽ നിന്നും വിളിച്ചു…
അച്ചാച്ചന് വയ്യെന്ന് തോന്നുന്നു.. വേഗത്തിൽ ശ്വാസം വലിക്കുന്നു…. അഞ്ജലി മോളോടൊപ്പം മുറിയിലേക്ക് ചെന്നു….
അച്ഛൻ ശ്വാസം ആഞ്ഞു വലിക്കുന്നു.. അമ്മ കരഞ്ഞു കൊണ്ടു അടുത്തു നിക്കുന്നു…
മൂന്ന് മാസം മുൻപാണ് അഞ്ജലിക്ക് അമ്മയുടെ വിളി വന്നത്.. അനിയൻ അച്ഛനെ കട്ടിലോടെ എടുത്തു പുറത്തിട്ടു….. അനിയത്തി അങ്ങോടു ചെല്ലണ്ടന്നു പറഞ്ഞു.. എന്താ ചെയ്യണ്ടേ മോളെന്നു….
അവരെ ഞാനിങ്ങോട് കൊണ്ടോന്നോട്ടെ കണ്ണേട്ടാ എന്ന് മാത്രം താൻ ചോദിച്ചു….നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ ചെയ്തോ എന്ന് ഏട്ടനും പറഞ്ഞു… അവൾ അച്ഛന്റെ അരുകിൽ ഇരുന്നു…
എന്താ അച്ഛാ വെള്ളം വേണോ ??? അച്ഛൻ തലയാട്ടി ..അമ്മ വെള്ളം കൊണ്ടുവന്നു അഞ്ജലിയുടെ കയ്യിൽ കൊടുത്തു…. അവൾ ഒരു കവിൾ കൊടുത്തു.. അത് കുടിച്ചു.. അടുത്ത കവിൾ ഒഴിച്ചത് സൈഡിലൂടെ പുറത്തേക്കൊഴുകി…. അദേഹത്തിന്റെ ശ്വാസം നിലച്ചിരുന്നു… അഞ്ജലി തന്നെ ആ കണ്ണുകൾ അടപ്പിച്ചു…
കർമ്മം ചെയ്യാൻ അനിയൻ വന്നു…വേണ്ട, കർമ്മം ഞാൻ ചെയ്തോളാം..പെൺകുട്ടികൾ കർമ്മം ചെയ്യേ…
ആണും പെണ്ണും ഒന്നും ഇല്ല സ്വാമി.. മക്കള് മക്കളാണ്.. എന്റച്ഛന് ഞാൻ കർമ്മം ചെയ്തോളാം….
അതെ… സ്നേഹത്തിന്റെ ഒരു നോട്ടം പോലും നോക്കാതിരുന്ന ആ മകൾ കർമ്മം ചെയ്താൽ അല്ലാതെ ആര് കർമ്മം ചെയ്താലാണ് ആ ആത്മാവിനു മോക്ഷം കിട്ടുക..
” അച്ഛാ.. ഞാൻ അച്ഛൻ പറയാറുള്ളത് പോലെ അച്ഛന്റെ മോളാണോ അല്ലയോ… നിക്കറിയില്ല.. പക്ഷെ എനിക്കെന്നും നിങ്ങൾ എന്റെ അച്ഛനാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം..
അത്ര കൊതിച്ചിട്ടുണ്ട് ഒരു തലോടലിനു.. മോളേ എന്നൊരു വിളിക്ക്…. ഇനിയെങ്കിലും എന്നെ മകളായി കണ്ടു അച്ഛൻ ഈ പിണ്ഡം സ്വീകരിക്കണം”