നിറച്ചാർത്ത്
(രചന: Saritha Sunil)
ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര.
പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.
സ്വന്തം ജീവിതത്തിന് നിറക്കൂട്ടുകൾ നൽകാൻ കഴിയാതെപോയ ചിത്രകാരൻ ദേവനാരായണൻെറ ഭാര്യാ പദവിയെന്ന അലങ്കാരം തനിക്ക് നന്നായി ചേരുന്നുണ്ട്..ഭദ്രദേവനാരായണൻ..
ജനാലയിലൂടെ പുറത്തെ മഴക്കാഴ്ചകളിലേയ്ക്ക് ശ്രദ്ധ തിരിയവേ അവളോർത്തു .. ഒരിയ്ക്കൽ മഴ തൻെറ പ്രണയത്തിൻെറ പ്രതീകമായിരുന്നു …ഇന്ന് മഴയ്ക്ക് തൻെറ കണ്ണുനീരിൻെറ ഛായയാണ് …വല്ലാത്ത വിരോധാഭാസം..
കോളേജ് പഠനകാലത്ത് ഒരിയ്ക്കൽ കൂട്ടുകാരികൾ കണ്ട ചിത്ര പ്രദർശനത്തിലെ ദേവീടെ ചിത്രത്തിന് തൻെറ മുഖച്ഛായയാണെന്നവർ പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.
നേരിൽ കണ്ടപ്പോൾ അമ്പരപ്പായിരുന്നു.തൻെറ ചിത്രത്തിലെ മുഖം മുന്നിൽ കണ്ട ചിത്രകാരൻെറ ഭാവവും വ്യത്യസ്ഥമായിരുന്നില്ല..
ഒരിയ്ക്കലും നേരിൽ കാണാതെ ഇതെങ്ങനെ ..അന്നു സമ്മാനമായി തന്ന ചിത്രം വാങ്ങിയത് കൈകളിലായിരുന്നെങ്കിലും സൂക്ഷിച്ചത് ഹൃദയത്തിലായിരുന്നു.
ആട്ടോഗ്രാഫ് ഒപ്പിട്ടു വാങ്ങവേ തൻെറ കുടുംബകാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. കുറച്ചു നാൾ കഴിഞ്ഞ് ചിത്രകാരൻെറ കല്യാണാലോചനയെത്തിയപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു …നമ്മുടെ ഭദ്രേടെ ഭാഗ്യം..
കുട്ടിയെ കണ്ടിഷ്ടപ്പെട്ടു വന്ന ആലോചനയായതുകൊണ്ട് സ്ത്രീധനമൊന്നും വേണ്ടാത്രേ.അച്ഛമ്മയ്ക്ക് ഇതിൽപ്പരം സന്തോഷം മറ്റൊന്നുമില്ലായിരുന്നു…
സ്വപനങ്ങൾ ചിത്രശലഭങ്ങളേപ്പോലെ തനിയ്ക്കു ചുറ്റും പറന്നു നടന്നു..നിറങ്ങളുടെ ലോകത്തായിരുന്നു വിവാഹനാൾ വരെ.
പക്ഷേ ആദ്യ ദിനം തന്നെ വല്ലാത്ത പൊരുത്തക്കേടുകൾ തോന്നി.
ചിത്രരചനയ്ക്ക് പറ്റിയ സ്ഥലം എന്ന പേരിൽ പ്രകൃതിരമണീയമായ ഗ്രാാമാന്തരീക്ഷമാണെങ്കിലും വലിയ ആൾ പാർപ്പില്ലാത്ത സഥലത്തായിരുന്നു അദ്ദേഹം പണികഴിപ്പിച്ച പുതിയ വീട്.
തറവാട്ടിലേയ്ക്കു പോകാതെ പുതിയ വീട്ടിലേയ്ക്കായിരുന്നു വരവ്.തിരക്കൊഴിഞ്ഞപ്പോൾ ..ക്ഷീണമുണ്ടാവും ഭദ്ര കിടന്നോളൂന്നു പറഞ്ഞ് പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ പിന്നെ കണ്ടതേയില്ല.
പിന്നീടുള്ള ദിവസങ്ങളിലും ഇതാവർത്തിയ്ക്കപ്പെട്ടു.കൂടുതൽ സംസാരിയ്ക്കാത്ത പ്രകൃതമാണെന്ന് അദ്ദേഹത്തിൻെറ അമ്മ പറഞ്ഞിരുന്നു.രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന അമ്മ തറവാട്ടിലേയ്ക്ക് തിരികെ പോകാൻ നേരം വല്ലാത്ത സങ്കടം ആ മുഖത്തു കണ്ടു.
ചിത്രങ്ങളുടെ മാത്രം ലോകത്തായിരുന്നു അദ്ദേഹം.പണവും പ്രശസ്തിയും മാത്രമേ ലക്ഷ്യമുള്ളു എന്നു പതിയെ പതിയെ മനസ്സിലായി.
അദൃശ്യമായൊരു ലക്ഷ്മണരേഖ തനിയ്ക്കു ചുറ്റും വരച്ചിടപ്പെട്ടു.എന്തിനും ആവശ്യത്തിലധികം കാർക്കശ്ശ്യം.യജമാനൻെറ വാക്കുകൾ അതേപടി അനുസരിയ്ക്കാൻ ബദ്ധശ്രദ്ധരായ ജോലിക്കാർ.
തൻെറ പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ വായുവിൽ അലഞ്ഞു നടന്നു.
ഈ വീട്ടിൽ നിനക്കെന്താ കുറവെന്നു മറുചോദ്യം ഒരിയ്ക്കൽ ചോദിച്ചു.
വലിയ വീടും വിലകൂടിയ വസ്ത്രങ്ങളും വീട്ടു ജോലിയ്ക്ക് ആളുകളുമെല്ലാം ഉള്ളപ്പോൾ മറ്റെന്ത് കുറവെന്നാണു ചോദ്യം.
സ്വർണ്ണക്കൂട്ടിലടച്ച പക്ഷിയ്ക്ക് പ്രത്യേകിച്ച് എന്തു കുറവു വരാനെന്ന് ചോദിയ്ക്കാനൊരുങ്ങിയെങ്കിലും വേണ്ടെന്ന് വയ്ച്ചു.നെറുകയിലണിയിച്ച സിന്ദൂരവും കഴുത്തിലണിയിച്ച താലിയും ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നവൾക്കുള്ളൊരു വലിയ കുറവ് തനിയ്ക്കുണ്ടല്ലോ..ഭർത്താവിൻെറ കാപട്യമില്ലാത്ത സ്നേഹത്തിൻെറ.
മഴയത്ത് മുറ്റത്തു ചിതറിയ രാജമല്ലിപ്പൂക്കൾ തൻെറ സ്വപ്നങ്ങളെപ്പോലെയാണെന്നവൾക്കു തോന്നി..ഒരിയ്ക്കൽ ചുവന്നു തുടുത്ത്,പിന്നെ വാടിക്കൊഴിഞ്ഞ്..
ഒരിയ്ക്കലെങ്കിലും ഇഷ്ടത്തോടെ തന്നോടു സംസാരിച്ചിരുന്നെങ്കിലെന്നു വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്.പക്ഷേ…….
പലവട്ടം ചിന്തിച്ചു, തൻെറ വീട്ടിൽ അറിയിച്ചാലോ എന്ന്.പിന്നെയും ഉള്ളിൽ പ്രതീക്ഷയായിരുന്നു..അദ്ദേഹം തൻെറ മനസ്സു മനസ്സിലാക്കുമെന്ന്..
അദ്ദേഹത്തിൻെറ അമ്മ ഇടയ്ക്ക് വരാറുണ്ട്.നിറക്കൂട്ടുകൾ കൊണ്ടുള്ള മുഖംമൂടിയണിഞ്ഞ മകനെ അമ്മ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.അല്പം കൂടി ക്ഷമിയ്ക്കൂ മോളെ, അവൻ നിൻെറ സ്നേഹം തിരിച്ചറിയും..എന്നു മാത്രമേ അമ്മയ്ക്ക് പറയാൻ കഴിഞ്ഞുള്ളു.
ക്ഷമ,സഹനം ഇതൊക്കെ സ്ത്രീയ്ക്കു മാത്രമുള്ള അലിഖിത നിയമങ്ങളാണല്ലോ.ഈയ്യിടെ അലമാരയിൽ നിന്നും കിട്ടിയ മെഡിയ്ക്കൽ റിപ്പോർട്ടുകൾ പറഞ്ഞു തന്നു തന്നോടുള്ള അകൽച്ചയുടെ കാരണം.
രണ്ടു വർഷം മുൻപു അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല.ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ അദ്ദേഹത്തോട് സഹതാപമാണു തോന്നിയത്.
കുഞ്ഞുങ്ങൾ നമുക്ക് വിധിച്ചിട്ടില്ലെങ്കിലും പരസ്പരം സ്നേഹത്തോടെ ജീവിയ്ക്കാമെന്ന തൻെറ വാക്കുകൾ അദ്ദേഹത്തിന് ആശ്വാസമാകും എന്നാണു കരുതിയത്.
പക്ഷേ പുച്ഛം നിറഞ്ഞ ഒരു ചിരിയായിരുന്നു മറുപടി.തൻെറ സ്നേഹത്തെ മുതലെടുക്കുന്ന അദ്ദേഹത്തോട് വല്ലാത്ത ദേഷ്യം തോന്നി.
എന്തുകൊണ്ടോ ആ സമയം അച്ഛനേം അമ്മയേം ഓർമ്മ വന്നു.ഇല്ലായ്മകൾക്കിടയിലും അവർ പരസ്പരം താങ്ങായിരുന്നു.സന്തോഷം നിറഞ്ഞ കുടുംബമായിരുന്നു തൻേറത്.
അച്ഛൻേറം അമ്മേടേം പ്രിയപ്പെട്ട മകൾ ഇന്ന് എല്ലാ സൗഭാഗ്യങ്ങൾക്കിടയിലും ഒറ്റപ്പെട്ട് ജീവിയ്ക്കുന്നു.ചില ഓർമ്മകൾക്ക് നോവു പടർത്തി ചിരിയ്പ്പിയ്ക്കാനും സന്തോഷിപ്പിച്ച് കരയിപ്പിയ്ക്കാനും വല്ലാത്ത ഇഷ്ടമാണല്ലോ.
കൺമഷിയിട്ട കണ്ണുകൾ നിറയാൻ അനുവാദമില്ല അതു ചിത്രത്തിൻെറ ചാരുത കുറയ്‌ക്കും..ഏതോ ചിത്രത്തിന് ആവശ്യക്കാരുണ്ടാവും.തന്നോട് തയ്യാറായിരിയ്ക്കാൻ പറഞ്ഞിട്ടുണ്ട്.
അതിനാണീ അണിഞ്ഞൊരുങ്ങിയത് . കുറേ നാളായി കീ കൊടുത്താൽ ചലിയ്ക്കുന്ന പാവയെപ്പോലാണു താനെന്നോർത്ത് അവൾക്ക് വല്ലാത്ത അപകർഷത തോന്നി.
വാതിൽ തുറക്കുന്ന ശബ്ദം ഭദ്രയെ ചിന്തകളിൽ നിന്നുണർത്തി.
എത്ര ശ്രമിയ്ച്ചിട്ടും ദേവനാരായാണൻെറ അന്നത്തെ ചിത്രത്തിനു പൂർണ്ണത കൈ വന്നില്ല.പല രീതിയിൽ വരച്ചിട്ടും തൃപ്തിയാകാത്തു കണ്ട് അവൾ ഉള്ളിൽ ചിരിച്ചു..
തൻെറ മനസ്സിലേയ്ക്ക് അദ്ദേഹം ഒന്നു നോക്കിയിരുെന്നങ്കിൽ അപൂർണ്ണതയ്ക്കുള്ള ഉത്തരം കിട്ടിയേനെ എന്നവൾ വെറുതേ ചിന്തിച്ചു.
ഒരുപാടു സമയത്തിനു ശേഷം തൻെറ ചിത്രത്തെ സംതൃപ്തിയോടെ അയാൾ നോക്കുന്നതു കണ്ട്……താൻ ഇത്ര നാളും അടക്കിപ്പിടിയ്ച്ച ക്ഷോഭം പാദങ്ങളിലൂടെ കൈകളിലേയ്ക്ക് വിറഞ്ഞു കയറുന്നത് അവളറിഞ്ഞു.
ചില്ലു പാത്രത്തിലെ ചായക്കൂട്ടകൾ ചിത്രത്തിനുമേൽ ഭദ്രയുടെ നിറച്ചാർത്തായി പെയ്തിറങ്ങിയപ്പോൾ……….ശാന്തസ്വരൂപിണിയായ ദേവിയുടെ മുഖമല്ല സംഹാരരുദ്രയായ ഭദ്രകാളിയുടെ ഭാവമാണവൾക്കെന്ന് ദേവനാരായണൻ തിരിച്ചറിയുകയായിരുന്നു.