കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”.

അവൾ സിയ
(രചന: Saritha Sunil)

പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്,

“ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.

അടുത്തിരുന്ന ആൾ അങ്ങനെ പറഞ്ഞത് കേട്ടാണ് ഞാൻ ബാഗിൽ തപ്പി കയ്യിൽ കിട്ടിയ 50 രൂപ നോട്ട് അവർക്ക് കൊടുത്തു.”ജീതേ രഹോ മേം സാബ്”.

കൈയ്യുർത്തി കാണിച്ച് അവർ അടുത്ത ആളിലേക്കു പോയി.കാശു കൊടുക്കാത്തവരുടെ ദേഹത്ത് വല്ലാത്ത രീതിയിൽ കൈ വയ്ക്കുന്നത് കണ്ട് അറപ്പോടെ മുഖം തിരിച്ചപ്പോൾ അടുത്തിരുന്ന ആൾ …

“ഇതാ ഇവരുടെ സ്വഭാവം.കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”.

ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ കൈകളും,നീളത്തിൽ മെടഞ്ഞിട്ട മുടിയും,ശരീരം മുഴുവൻ പുറത്തു കാണത്തക്ക രീതിയിൽ സാരിയുമുടുത്ത് നടക്കുന്ന അവരെ കുറിച്ച് കൂടുതൽ കേൾക്കണമെന്നു തോന്നിയില്ല.യാത്ര അവസാനിച്ച് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അവിടെയും കണ്ടു ഇതുപോലെ കുറേ പേരെ.’ഓഹ്..ശല്യം’ മനസ്സിൽ കരുതി.

ജോലിക്കു കയറി.വസായി റോഡിലാണ് ഓഫീസ്.അവിടുന്ന് കുറച്ചു ദൂരത്തായാണു താമസിക്കാൻ സൗകര്യം കിട്ടിയത്.ഒരു റൂമിൽ രണ്ടു പേരാണ് ആ ഹോസ്റ്റലിൽ.

എന്റെ റൂം മേറ്റ് സിയ ആയിരുന്നു.ഞാൻ ജോലി ചെയ്യുന്നതിന്റെ അടുത്തുള്ള ഓഫീസിലായിരുന്നു അവൾക്കും ജോലി.അവളെ ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരു വല്ലായ്മ തോന്നി.വെറുതേയെങ്കിലും യാത്രയിൽ കണ്ടവരെ ഓർമ്മ വന്നൂ.

അന്നു പരിചയപ്പെട്ടെങ്കിലും കൂടുതൽ സംസാരിച്ചില്ല.എന്തായാലും മലയാളിയെ കൂട്ടു കിട്ടിയ സന്തോഷം പുറമേ കാണിച്ചില്ല. എങ്ങനെയാ സ്വഭാവമെന്ന് അറിയില്ലല്ലോ.

അടുത്ത ദിവസം ലോക്കൽ ട്രെയിനിൽ പോകാൻ സ്റ്റേഷനിൽ ഒരുമിച്ച് എത്തിയതായിരുന്നു.ദേ…നിൽക്കുന്നു തലേന്നു കണ്ടതു പോലെയുള്ളവർ.ഓടി അടുത്തേക്കു വന്നപ്പോൾ സിയ ചൂടായി.

“ഓയ്…മാഡം കോ ഛോഡ് ദോ…ഓഫീസ് ജാനാ ഹേ”.”അരേ…സിയ തും കഹാം ജാ രഹീ ഹോ.ഹമാരെ സാഥ് ആവോ.പൈസാ മിലേ ഗീ…പൈസാ”.

അതിൽ ഒരുവൾ അവളോടു പറഞ്ഞു.ഞാനതു കേട്ടതിനാൽ അവൾ വല്ലാതെയായി.യാത്രയിൽ അവളൊന്നും സംസാരിച്ചില്ല.

വൈകുന്നേരം ഓഫീസ് വിട്ടു വന്നപ്പോൾ സിയയെ കാണാനില്ലായിരുന്നു. രാത്രി ഏറെ വൈകിയാണ് അവൾ എത്തിയത്.ഹോസ്റ്റൽ വാർഡൻ ഒരുപാടു ചീത്ത പറഞ്ഞു.മുറിക്കകത്തേക്കു കയറിയ സിയയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

എന്തൊക്കെയോ പറയാതെ പറഞ്ഞു ആ കണ്ണുകൾ.കൂടതലൊന്നും മിണ്ടാതെ അവൾ ഉറങ്ങാൻ കിടന്നു.എനിക്കു വല്ലാത്ത നിരാശ തോന്നി.നല്ലൊരു സൗഹൃദം പ്രതീക്ഷിച്ചതാ.കിട്ടയത് ഒട്ടും സംസാരിക്കാത്ത ഒരാളെയും.

അങ്ങനെ ഒരാഴ്ച കടന്നു പോയി.ഒരു ദിവസം വൈകിട്ട് വന്നപ്പോൾ സിയ റൂമിലുണ്ട്.നല്ല സുഖമില്ലാത്തതിനാൽ ഉച്ചയ്ക്ക് ഇറങ്ങിയെന്നു പറഞ്ഞു.ഒന്നു പുറത്തേക്കു പോകാമോ എന്നവൾ ക്ഷണിച്ചു.ഒന്നു ഫ്രഷായി അവൾക്കൊപ്പം ഇറങ്ങി.

ഒരു പാർക്കിലേക്കാണ് അവൾ കൊണ്ടു പോയത്.ഭംഗിയായി വെട്ടിയൊരുക്കിയ പലതരം ചെടികൾ,സുന്ദര മുഖങ്ങളുള്ള പ്രതിമകൾ,മുയൽ കുട്ടന്മാരുടെ വയറിനകത്തെ വേസ്റ്റു ബിൻ,കുറച്ചകലെയായി കുട്ടികൾക്കുള്ള ഊഞ്ഞാൽ.ആകെക്കൂടി നല്ല ഭംഗിയുള്ള സ്ഥലം.

“ഒരു ഐസ്ക്രീം വാങ്ങട്ടെ.അല്പം തണുപ്പാകാം”.ഒരു ചിരിയോടെ അവൾ പറഞ്ഞു.എന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവൾ പോയി രണ്ട് ഐസ്ക്രീം വാങ്ങി വന്നു.

ഒരു ബഞ്ചിൽ അടുത്തടുത്തായി രണ്ടു പേരുമിരുന്നു.സിയ പതിയെ കൈത്തലം എന്റെ കൈയ്യിലേക്കു വച്ചു.ആണുങ്ങളുടേതു പോലെ പരുപരുത്ത കൈത്തലം.ഞാൻ ഞെട്ടലോടെ സിയയെ നോക്കി.അവൾക്ക് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്നു തോന്നി.

അവൾ പതിയെ ചുമച്ചു.”ഊർമ്മിളാ…എനിക്കു ചിലതു പറയാനുണ്ട്”.മ്…ഞാനൊന്നു മൂളുക മാത്രം ചെയ്തു.

“ഞാനൊരു ട്രാൻസ്ജെന്ററാണെന്നു നിനക്കു അറിയാമോ ” ?അറിയാമെന്നു ഞാൻ തലയാട്ടി.കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഞാനതു മനസ്സിലാക്കിയിരുന്നു.

“പിന്നെന്തേ ഒന്നും ചോദിക്കാത്തത്.മിക്കവർക്കും ഞങ്ങളെ കാണുമ്പോൾ വെറുപ്പാണ്”.

ഞാനൊന്നും മറുപടി പറഞ്ഞില്ല.”നിനക്കു ദേഷ്യമാണോ? അതാണോ മിണ്ടാതെ ഇരിക്കുന്നത്”.

അല്ലെന്നു ഞാൻ തലയാട്ടി.
അവൾ പറഞ്ഞു തുടങ്ങി.അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കുമൊപ്പം സ്നേഹത്തോടെ ജീവിച്ച ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത, സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ലോകമാണ് അവളുടെ സംസാരത്തിലൂടെ കേട്ടറിഞ്ഞത്.

അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോഴാണ് സിദ്ധാർത്ഥിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. പെൺകുട്ടികളോട് കൂടുതൽ കൂട്ടുകൂടുക, അണിഞ്ഞൊരുങ്ങുക അങ്ങനെ പലതും… പക്ഷേ ഇതൊന്നും കണ്ടു മനസ്സിലാക്കാൻ അവന് അമ്മയില്ലായിരുന്നു.

സിദ്ധാർത്ഥിന്റെ ജനനത്തോടെ മരിച്ചു പോയി.അതുകൊണ്ടു തന്നെ ചേച്ചിക്ക് അവനോട് ദേഷ്യമായിരുന്നു.അച്ഛനു നല്ല സ്നേഹമായിരുന്നു.മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ചേച്ചി കളിയാക്കി.

“അയ്യേ….ചാന്തുപൊട്ട്”
അന്ന് അതുകേട്ട് ചിരിച്ചു.വളർന്നപ്പോൾ മനസ്സിലായി ആൺശരീരത്തിനുള്ളിലെ പെൺമനസ്സിനെ.എത്ര തടഞ്ഞിട്ടും നിർത്താൻ കഴിയാത്ത പെണ്ണാകാനുള്ള ആഗ്രഹത്തെ.

ചേച്ചിയുടെ വസ്ത്രങ്ങളും കൺമഷിയും പൊട്ടുമൊക്കെ രഹസ്യമായി എടുത്തണിഞ്ഞു നോക്കി.ഒരുനാൾ പിടിക്കപ്പെട്ടു.ചേച്ചി പൊതിരെ തല്ലി.അച്ഛൻ തലയിൽ കൈയ്യും കൊടുത്തിരുന്നു.

ആകെയുള്ള ആൺതരി ഇങ്ങനെയായതിൽ.കൂട്ടുകാർ കൂടെ കൂട്ടാതെയായി.മിക്കവാറും മുറിയിൽ അടച്ചിരിപ്പായിരുന്നു.അച്ഛൻ മാത്രം ഇടക്കിടെ വന്നു സമാധാനിപ്പിച്ചു.ഒരിക്കൽ ചേച്ചി പറയുന്നതു കേട്ടു

“നാട്ടുകാർ ചാന്തുപൊട്ടിന്റെ ചേച്ചിയെന്നാണു വിളിക്കുന്നത്.മടുത്തു.ഇന്ന് അമ്മായി പറഞ്ഞു നല്ലൊരു ആലോചന വന്നിട്ടുണ്ട്.ഇവനെ കാരണം അതു മുടങ്ങാൻ സാദ്ധ്യതയുണ്ടെന്ന്.ഇവന് എവിടെയെങ്കിലും പോയി തുലഞ്ഞൂടെ.നാശം…അമ്മയെ കൊല്ലി”.

അന്ന് മരിക്കാൻ ശ്രമിച്ചതാണ്.നടന്നില്ല.കൈ ഞരമ്പു മുറിച്ചു കിടന്നപ്പോൾ അച്ഛനാണ് രക്ഷിച്ചത്.ആശുപത്രിയിൽ വച്ച് കുറച്ചു രൂപയും എന്റെ സർട്ടിഫിക്കറ്റുകളും കൈയ്യിൽ ഏല്പിച്ചിട്ട് എവിടെയെങ്കിലും പോയി രക്ഷപെടാൻ അച്ഛൻ പറഞ്ഞു.അച്ഛൻ കരയുന്നുണ്ടായിരുന്നു.പാവം.

അവിടുന്ന് ഇറങ്ങിയ ശേഷം കുറേ അലഞ്ഞു തിരിഞ്ഞു.റെയിൽവേ സ്റ്റേഷനിൽ രാത്രി ഉറങ്ങി കിടന്നപ്പോഴാണ് ശരീരത്തിൽ ഇഴഞ്ഞു നീങ്ങിയ കൈകളെ തട്ടി മാറ്റിയത്.

പക്ഷേ ബലിഷ്ഠമായ കരങ്ങളുടെ പിടി വിടുവിക്കാനുള്ള കരുത്തില്ലായിരുന്നു. നിലവിളിച്ചപ്പോൾ വായ് പൊത്തി പിടിച്ചു.ആ നിമിഷം ശ്വാസം മുട്ടി ചത്താലും മതിയെന്നു തോന്നി.കുറ്റിക്കാട്ടിൽ ഉടൽ മുഴുവൻ വേദനയുമായി കിടന്ന എന്റെ ശരീരത്തിലേക്ക് നൂറു രൂപ നോട്ടുമെറിഞ്ഞ് അയാൾ പോയി”.

“പിന്നെയും എത്രയോ ഇടങ്ങൾ,ആവർത്തനങ്ങൾ,ഉടലിന്റെ ആഴമളന്ന് ഞരക്കങ്ങളും പിടച്ചിലും നിലവിളിയുമായി.പകൽ മാന്യൻമാർ, രാത്രിയിൽ ഉടലുകൾ തേടി പോകുന്നവർ”.കാര്യം കഴിഞ്ഞ്

“തൂഫ്….’ഹിജഡകൾ’ എന്ന് കാർക്കിച്ചു തുപ്പി പോകുന്നവർ.”വേണ്ടപ്പെട്ടവരുടെ സുരക്ഷിതത്വത്തിന്റെ അദൃശ്യമായ രേഖകളില്ലാത്തവരുടെ ജീവിതം സങ്കല്പിക്കാനാവുമോ ഊർമ്മിളക്ക്”.

“എങ്ങനെയോ ഈ വലിയ നഗരത്തിലെത്തി”.അവൾ പറഞ്ഞു നിർത്തി.കണ്ണു നിറഞ്ഞിരിക്കുന്നു.അവൾ അനുഭവിച്ച വേദനയുടെ ആഴം ആ കണ്ണിലൂടെ അറിയാം.

“ഇവിടെയും എന്നേപ്പോലുള്ളവരുടെ ഒപ്പം അലഞ്ഞു തിരിഞ്ഞ നാളുകൾ.ഇവിടെയൊരു വ്യത്യാസമുണ്ട്.

കൂട്ടത്തിൽ നടക്കുമ്പോൾ അനുവാദമില്ലാതെ ആരും ശരീരത്തിൽ തൊടാൻ വരില്ല.പക്ഷേ അതല്ലാതെ പണമുണ്ടാക്കാൻ വേറെ മാർഗ്ഗമില്ലാതിരുന്നല്ലോ.ഓപ്പറേഷനും ഹോർമോൺ ചികിത്സയ്ക്കുമായി നല്ലൊരു തുക കണ്ടെത്തണം”.

“വർഷങ്ങളുടെ ശ്രമമായിട്ടാണ് ഓരോരുത്തരും ഓപ്പറേഷൻ നടത്തി ഫലം കാണുന്നത്.ചിലർ വിജയം കാണാതെ ഇൻഫക്ഷനൊക്കെ വന്ന് മരിച്ചും പോകാറുണ്ട്.

ഇവിടെയൊരു ലോബി തന്നെയുണ്ട്.കഷ്ടപ്പെടുന്ന കാശെല്ലാം അവരുടെ അടുത്തേക്കാണ് എത്താറ്.അവരു തീരുമാനിക്കും ഓപ്പറേഷൻ ആർക്കു നടത്തണം,എപ്പോൾ നടത്തണം എന്നൊക്കെ.

എന്നെകൊണ്ട് നല്ല വരുമാനമുണ്ടായതു കൊണ്ട് എനിക്ക് രണ്ടു വർഷം മുമ്പ് ഓപ്പറേഷൻ നടത്താനായി.ഇനിയും പൂർണ്ണമായിട്ടില്ലാത്ത ചികിത്സകൾ നടക്കുന്നുണ്ട്.പിന്നെ എന്തൊക്കെയോ പൂജകളും അവർ നടത്താറുണ്ട്.അങ്ങനെ സിദ്ധാർത്ഥ് സിയയായി മാറി”.

നല്ലൊരു കേൾവിക്കാരിയായി ഇരിക്കുമ്പോഴും ഞെട്ടലിൽ നിന്നും മുക്തി നേടാതെ, ഞരമ്പുകൾ പോലും പഴുത്തു വിങ്ങുന്ന വേദനയുടെ ലോകത്തായിരുന്നു ഞാൻ.കൈയ്യിലിരുന്ന ഐസ്ക്രീം അലിഞ്ഞിറങ്ങി.കൈകൾ തണുത്തെങ്കിലും ഉള്ളിൽ ചൂടായിരുന്നു.ഒരു തണുപ്പിനും കുറക്കാൻ കഴിയാത്തത്ര ചൂട്.

“പിന്നീട് നാട്ടിൽ പോയിട്ടില്ലേ? അച്ഛൻ,ചേച്ചീ…എപ്പോഴെങ്കിലും ഫോൺ വിളിച്ചിട്ടുണ്ടോ”? ഞാൻ ചോദിച്ചു.

“ഒരിക്കൽ പോലും പോയിട്ടില്ല.അച്ഛനെ ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ട്.ചേച്ചിയുടെ വിവാഹം കഴിഞ്ഞു.ഈ ജോലി കിട്ടിയതിൽ പിന്നെ ഇടയ്ക്കു കുറച്ചു രൂപ അച്ഛന് അയച്ചു കൊടുക്കാറുണ്ട്”.

“ഇവിടെ എല്ലാം നോക്കി നടത്തുന്ന ഒരമ്മയുണ്ട്.അവർക്കു മുകളിൽ വലിയൊരു ഗാങ്ങുണ്ട്.അവർ ആരെയും അവരുടെ സമൂഹത്തിൽ നിന്നും പുറത്തേക്കു പോയി താമസിക്കാൻ അനുവദിക്കാറില്ല.

എനിക്ക് ജോലി ശരിയായപ്പോഴും മാറി നിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും അവർ അനുവദിച്ചില്ല.കൈയ്യും കാലും പിടിച്ച് കിട്ടുന്നതിൽ പകുതി അവർക്കു കൊടുക്കാമെന്നു സമ്മതിച്ചുമൊക്കെയാണ് ഇവിടേക്കു താമസം മാറിയത്.

അവിടം അത്രയ്ക്ക് മടുത്തിരുന്നു.അന്നു നമ്മൾ കണ്ടത് അവിടെ ഒപ്പമുള്ളവരെയാണ്.പിറ്റേന്ന് അവിടേക്കാണു വിളിപ്പിച്ചത്.എല്ലാ മാസവും ശമ്പളം കിട്ടുന്നതിന്റെ അന്ന് അവർക്കുള്ളത് അവിടെ എത്തിക്കണം”.

അവൾ പറഞ്ഞു നിർത്തി.കൈകളിൽ മുഖം അമർത്തി കരഞ്ഞു.എന്റെ കണ്ണും ഒപ്പം നനഞ്ഞു.അന്ന് ട്രെയിനിൽ വച്ചു കണ്ടവരെ അറപ്പോടെ നോക്കിയതിൽ വിഷമം തോന്നി.

“എന്നോടു വെറുപ്പു തോന്നുന്നുണ്ടോ ഊർമ്മിള” ?എന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ അവൾ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു

“ഇപ്പോൾ ഞങ്ങളേപ്പോലുള്ളവരോട് കുറച്ചൊക്കെ അയവു വന്നിട്ടുണ്ട്.നിയമങ്ങളും അനുകൂലമായി മാറുന്നുണ്ട്.എന്നെങ്കിലും തുറിച്ചു നോട്ടങ്ങളില്ലാതെ,ഉടലിനെ മാത്രം സ്നേഹിക്കാതെ ഞങ്ങളേപ്പോലുള്ളവർക്കും സാധാരണക്കാരേപ്പോലെ ജീവിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു.

അന്ന് നാട്ടിലേക്കു പോകണം.പരിഹസിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കണം.ഞങ്ങളുടെ തെറ്റുകൊണ്ടല്ല ഇങ്ങനെ ജനിച്ചു പോയതെന്ന് അവരോട് ഉറക്കെ വിളിച്ചു പറയണം”.സിയ ആവേശത്തോടെ പറഞ്ഞു.

ഞാനവളുടെ കൈയ്യിൽ അമർത്തിപ്പിടിച്ചു.എല്ലാം ശരിയാകും എന്നു വെറും വാക്കു പറയാൻ എനിക്കു കഴിഞ്ഞില്ല.പകരം ഇനി അങ്ങോട്ട് അവളുടെ നല്ലൊരു സുഹൃത്തായി ഒപ്പമുണ്ടാകും എന്നു വാക്കു കൊടുത്തു.ഒരു ദീർഘ നിശ്വാസത്തോടെ നനുത്തൊരു ചിരി അവളുടെ മുഖത്തു കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *