നിന്റെ ശരീരത്തിൽ പോലും തൊടീക്കാൻ സമ്മതിക്കാത്ത വിധം നീയെന്നെ അകറ്റി നിർത്തുന്നു ഇപ്പൊ.

(രചന: ഹേര)

 

“എനിക്ക് നല്ല തലവേദനയുണ്ട്. ഒട്ടും കുറവില്ല. ഞാൻ കിടക്കാൻ പോവാ ആദി ”

 

“ആരതി… നിനക്കെന്താ ഇപ്പൊ എന്നോടൊരു സ്നേഹമില്ലാത്തത്. എന്റെ അടുത്തൊന്ന് ഇരിക്കാനോ മിണ്ടാനോ പോലും നിനക്ക് നേരമില്ല. നിന്റെ ശരീരത്തിൽ പോലും തൊടീക്കാൻ സമ്മതിക്കാത്ത വിധം നീയെന്നെ അകറ്റി നിർത്തുന്നു ഇപ്പൊ.

 

ഞാൻ നിന്റെ ഭർത്താവ് ആണ്. അതിലുപരി ഒരു ആണാ. എനിക്കും വികാരങ്ങൾ വരും. നിന്നോടല്ലേ എനിക്കത് പ്രകടിപ്പിക്കാൻ പറ്റു. മൂന്ന് മാസമായി യാതൊരു കാരണവുമില്ലാതെ ഒരു ബെഡിന്റെ രണ്ടറ്റത്താ ണ് നമ്മുടെ കിടത്തം പോലും. ഇനിയെങ്കിലും നിന്റെ പ്രശ്നം എന്താണെന്ന് പറയ്യ്. കുറച്ചു നാളായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു.”

 

അന്ന് രാത്രിയും തലവേദനയെന്ന് പറഞ്ഞ് നേരത്തെ കിടക്കാനായി ബെഡ്റൂമിലേക്ക് പോയ ഭാര്യയെ തടഞ്ഞു നിർത്തി ആദിത്യൻ എന്ന ആദി പറഞ്ഞു.

 

“ആദി… വെറുതെ പ്രോബ്ലം ഉണ്ടാക്കാൻ നിക്കരുത്. ഇതൊക്കെ നിന്റെ വെറും തോന്നലാണ്. എനിക്ക് നിന്നോട് സ്നേഹക്കുറവോ അകൽച്ചയോ ഒന്നുമില്ല. വർക്ക്‌ പ്രെഷർ കാരണം കുറെ നാളായി ഈ തലവേദന കൊണ്ട് ബുദ്ധിമുട്ടുവാ ഞാൻ.

 

ജോലി കഴിഞ്ഞു വരുന്ന ക്ഷീണത്തിൽ എനിക്കൊന്ന് കിടന്നാൽ മതിയെന്ന തോന്നുക. അല്ലാതെ നിന്റെ കൂടെ കിടക്ക പങ്കിടാൻ അല്ല. ഓഫീസിലെ മിനി പ്രസവത്തിന്റെ അവധി എടുത്ത് പോയത് കൊണ്ടാ എനിക്ക് വർക്ക്‌ ലോഡ്. കുറച്ചു നാൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് നീ.” പറഞ്ഞതും അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ ആരതി റൂമിലേക്ക് പോയി.

 

ആരതിയുടെ വാക്കുകളിൽ വിശ്വാസം വരാതെ കലങ്ങി മറിഞ്ഞ മനസോടെ ആദി സോഫയിൽ കിടന്നു.

 

ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിലാണ് ആദിയും ആരതിയും ജോലി ചെയ്യുന്നത്. നാല് വർഷം മുൻപാണ് ഇരുവരും ഒരു ഓഫീസിൽ വച്ച് കണ്ട് മുട്ടി സ്നേഹിച്ചു വിവാഹം കഴിക്കുന്നത്. ഇപ്പൊ ഒരു വർഷമായി ആരതി ബാംഗ്ലൂർ തന്നെയുള്ള മറ്റൊരു ബ്രാഞ്ചിലാണ്.

 

മൂന്നു മാസം മുൻപ് വരെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോയിരുന്നതാണ് അവരുടെ ജീവിതം. ഇരുവരും പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും അങ്ങനെ… കുട്ടികൾ മൂന്ന് വർഷം കഴിഞ്ഞു മതിയെന്നുള്ളത് അവർ ഒരുമിച്ച് എടുത്ത തീരുമാനമാണ്.

 

ഒരു വർഷം മുൻപാണ് ഇരുവരും ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. വർഷമൊന്ന് കഴിഞ്ഞിട്ടും ഗർഭിണി ആകാതെ ആയപ്പോൾ രണ്ടുപേരും ഡോക്ടറെ പോയി കണ്ടു. അപ്പോഴാണ് അറിയുന്നത് ആദിക്ക് കുട്ടികൾ ഉണ്ടാകാൻ പ്രോബ്ലം ഉണ്ടെന്നത്.

 

കൗണ്ട് കുറവായ പ്രശ്നമാണ്. കുറേ ചികിത്സ ചെയ്താൽ ചിലപ്പോ ഭേദമക്കുമെന്ന് മാത്രമാണ് ഡോക്ടറും പറഞ്ഞത്. ഡോക്ടർക്കും പകുതി പ്രതീക്ഷ മാത്രമാണ് ഈ കാര്യത്തിൽ. അതുകൊണ്ട് തന്നെ ഇരുവരും ആ വാർത്ത അറിഞ്ഞതോടെ നിരാശരായി. അവിടം മുതലാണ് ആരതിക്കും അവനോട് ചെറിയ രീതിയിൽ അകൽച്ച തുടങ്ങിയത്.

 

എന്താണ് ആരതിക്ക് പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. ഓരോന്ന് ആലോചിച്ചു അവൻ ആ കിടപ്പിൽ തന്നെ ഉറങ്ങിപ്പോയി.

 

രാത്രി ഒരുപാട് വൈകി എന്തോ സ്വപ്നം കണ്ട് അവൻ ഞെട്ടിയുണരുമ്പോൾ സമയം വെളുപ്പിന് മൂന്നു മണി കഴിഞ്ഞിരുന്നു. ആദിത്യൻ വേഗം ഹാളിലെ സോഫയിൽ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി. ഉറങ്ങി കിടക്കുന്ന ആരതിയെ ശല്യപ്പെടുത്തണ്ടെന്ന് കരുതി ശബ്ദമുണ്ടാക്കാതെ ലൈറ്റും ഇടാതെയാണ് ആദി ബെഡ്റൂമിലേക്ക് പോയത്.

 

മുറിക്ക് പുറത്തെത്തിയപ്പോൾ ആരതിയുടെ അടക്കി പിടിച്ച സംസാരം കേട്ട് അവനൊരു നിമിഷം നിന്നു. തലവേദനയെന്ന് പറഞ്ഞ് ഒൻപത് മണിക്കേ ഉറങ്ങാൻ പോയവൾ ഈ പാതിരാ കഴിഞ്ഞിട്ടും ആരോടാ രഹസ്യമായി സംസാരിക്കുന്നത്. അപ്പോൾ തന്നെ റൂമിൽ കേറി ചെന്ന് ഫോൺ പിടിച്ചു വാങ്ങി നോക്കാൻ തോന്നിയെങ്കിലും സംയമനം പാലിച്ച് അവൻ നിന്നു.

 

“നാളെ ഓഫീസിൽ എത്തിയിട്ട് കാണാം നമുക്ക്. നേരം കുറെയായില്ലേ. നീ ഉറങ്ങാൻ നോക്ക്. ആദി എങ്ങാനും എണീറ്റ് വന്ന് കണ്ടാൽ സീനാകും. ആരും അറിയാതെ പോട്ടെന്നു വച്ചിട്ട ഇത്ര നാളും വീട്ടിൽ എത്തിയാൽ ഞാൻ വിളിക്കാതിരുന്നത്.

 

ലവ് യു ഡിയർ… സ്വീറ്റ് ഡ്രീംസ്… ഉമ്മാ…”

 

ഫോണിൽ ആരോടോ അത്രയും പറഞ്ഞ് ആരതി ഫോൺ കട്ട്‌ ചെയ്തു. അവൾ അവസാനം പറഞ്ഞ വാക്കുകൾ ആദിത്യൻ വ്യക്തമായി കേട്ടിരുന്നു.

 

താൻ ജീവനായി സ്നേഹിക്കുന്നവൾക്ക് മറ്റൊരു രഹസ്യ കാമുകൻ ഉണ്ടെന്നത് അവന് വിശ്വസിക്കാൻ പ്രയാസം തോന്നി. സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിയാനാവാതെ ഞെട്ടലോടെ അവൻ തിരികെ ഹാളിലേക്ക് പോയി.

 

നേരം പുലരും വരെ ആദിയുടെ ചിന്ത ആരതിയെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. രാവിലെ അവൾ എഴുന്നേറ്റ് ബാത്‌റൂമിൽ കുളിക്കാൻ കയറുന്നത് കണ്ട ആദി മുറിയിലേക്ക് ചെന്ന് അവൾ ചാർജിനിട്ടിരുന്ന മൊബൈൽ എടുത്തു.

 

മനസ്സിൽ കയറികൂടിയ സംശയം ഉറപ്പിക്കാതെ സമാധാനം കിട്ടില്ലെന്ന്‌ അവന് തോന്നി. ആരതിയുടെ സ്ക്രീൻ ലോക്ക് അവനും അറിയാമായിരുന്നു. ആദി ഒരിക്കലും ഫോൺ എടുത്ത് നോക്കില്ലെന്ന വിശ്വാസത്തിൽ അവൾ ലോക്ക് മാറ്റിയിട്ടുമില്ലായിരുന്നു.

 

വാട്സാപ്പിൽ ഏറ്റവും മുകളിൽ വന്ന് കിടക്കുന്ന ഗുഡ് മോർണിംഗ് ഡിയർ എന്ന അവളുടെ ഓഫീസിലെ മാനേജർ അശ്വിന്റെ മെസ്സേജ് കണ്ട് അവൻ ചാറ്റ് തുറന്ന് നോക്കി.

 

ആരതിയുടെ ഓഫീസിൽ ആറു മാസം മുൻപ് പുതുതായി വന്ന ഡിവോഴ്സ് ആയ ഒരു മാനേജറാണ് അശ്വിൻ. ഒരിക്കൽ അവൾ അവനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ ബന്ധം തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി.

 

ആദി ഒരിക്കലും അവൾക്ക് ഡിവോഴ്സ് കൊടുക്കില്ലെന്നും നമുക്ക് ഒരുമിക്കാൻ വിധിയില്ല. ഇങ്ങനെ സ്നേഹിക്കാൻ ആയിരിക്കും വിധി എന്നൊക്കെ ആരതി അശ്വിനോട് സങ്കടം പറഞ്ഞ് മെസ്സേജ് അയച്ചതൊക്കെ വായിച്ച് ആദിയുടെ മിഴികൾ നിറഞ്ഞൊഴുകി.

 

ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത ആദിയോട് എനിക്ക് സ്നേഹമില്ല. ഒരമ്മയാകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എപ്പോഴെങ്കിലും ആ ആഗ്രഹം അശ്വിൻ സാധിപ്പിച്ചു തരണമെന്നൊക്കെ കണ്ടപ്പോൾ അവന്റെ ഹൃദയം തകർന്നു.

 

ഒരു മൂളിപ്പാട്ടോടെ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വന്ന ആരതി തന്റെ ഫോണും കൈയ്യിൽ പിടിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ആദിയെ കണ്ട് ഞെട്ടി.

 

“നിനക്കെന്നെ വേണ്ടതായെങ്കിൽ അത് മുഖത്തു നോക്കി പറയാമായിരുന്നു. ഇങ്ങനെയൊരു ഒളിച്ചു കളി വേണ്ടെന്ന് വയ്ക്കാമായിരുന്നു. നിനക്ക് അശ്വിന്റെ കൂടെയോ ആരുടെ കൂടെയോ ജീവിക്കാൻ ഞാൻ തടസ്സമാകില്ല. പക്ഷേ കൂടെ നിന്ന് ഇങ്ങനെ ചതിക്കണ്ടായിരുന്നു.”

 

“ഓഹ് നീ എന്റെ ഫോൺ എടുത്തു മെസ്സേജ് ഒക്കെ വായിച്ചല്ലേ. മറ്റൊരാളുടെ പ്രൈവസിയിലേക്ക് ഒളിച്ചു നോക്കുന്നത് ശരിയല്ല ആദി. പിന്നെ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാനായി ഒന്നും പറയുന്നില്ല.

 

അല്ലെങ്കിൽ തന്നെ നിന്നോട് എങ്ങനെ ഡിവോഴ്സ് ആവശ്യപ്പെടും എന്നോർത്ത് സങ്കടപ്പെട്ട് ഇരിക്കയായിരുന്നു ഞാൻ. എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത നിന്റെ കൂടെ എന്ത് പ്രതീക്ഷയിലാണ് ഞാൻ ജീവിക്കുക. എനിക്കും അമ്മയാകാൻ മോഹം കാണില്ലേ.”

 

തെറ്റ് പറ്റിപ്പോയി ആദി എന്ന് പറഞ്ഞ് തന്നോട് തെറ്റുകൾ ഏറ്റു പറഞ്ഞ് കരയുന്ന ആരതിയെയാണ് അവൻ പ്രതീക്ഷിച്ചത്. അതിന് പകരം യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന അവളെ കണ്ട് പകച്ചു നിൽക്കാനേ ആദിക്ക് കഴിഞ്ഞുള്ളു.

 

“അവന്റൊപ്പം ജീവിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ ഇന്ന് തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങണം. നിനക്കുള്ള ഡിവോഴ്സ് എത്രേം പെട്ടെന്ന് തന്നെ തന്നേക്കാം.” അത്രയും പറഞ്ഞു കൊണ്ട് അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.

 

“അല്ലേലും നീയെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാനിനി ഇവിടെ നിൽക്കുന്നില്ല. ഇപ്പൊ തന്നെ ഞാൻ അശ്വിന്റെ ഫ്ലാറ്റിലേക്ക് മാറുവാ.” ആദിയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി അശ്വിനെ വിളിച്ചു കൂട്ടാൻ വരാൻ പറഞ്ഞിട്ട് യാതൊരു കുറ്റബോധവുമില്ലാതെ അവൾ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.

 

തന്റേതായ സാധനങ്ങളും എടുത്ത് ആദിയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ കെട്ടിയ താലി മേശപ്പുറത്ത് അഴിച്ചു വയ്ക്കാൻ അവൾ മറന്നില്ല. കണ്മുന്നിൽ സ്വന്തം ഭാര്യ കാമുകനൊപ്പം കാറിൽ കയറി പോകുന്നത് വേദനയോടെ നോക്കി നിന്നു ആദി.

 

ആരുമില്ലെങ്കിലും തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി താൻ ജീവിച്ചിരിക്കണമല്ലോ എന്ന് ചിന്തിച്ചു ബാംഗ്ലൂരിലെ ജോലി റിസൈൻ ചെയ്തവൻ അന്ന് തന്നെ നാട്ടിലേക്ക് പോയി. ബാംഗ്ലൂർ തന്നെ തുടർന്നാൽ ആരതിയുടെ ഓർമ്മകൾ തന്നെയൊരു ആത്മഹത്യയിൽ എത്തിക്കുമെന്ന പേടി അവനിൽ ഉണ്ടായിരുന്നു.

 

ഒരൊപ്പിൽ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു പുതിയ ജീവിതം തേടി ഇരുവരും ഇരു ദിശയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *