നിനക്ക് ഇവിടെ ഇപ്പൊ വേറെ പണിയൊന്നുമില്ലല്ലോ..? നീ പെട്ടെന്ന് വിചാരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കൊണ്ട് ആഹാരം ഉണ്ടാക്കാം

(രചന: ശ്രേയ)

” എന്റെ ഏട്ടത്തി..ഏട്ടത്തി ഉണ്ടാക്കുന്ന സാമ്പാർ..ഒന്ന് വേറെ തന്നെയാണ്..ഇവൾ തലകുത്തി നിന്നാലും ഒരുപക്ഷേ അങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ പറ്റില്ല.. ”

അനിയൻ സുദീപും ഭാര്യ ചിത്രയും കൂടി ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പറയാതെ കയറി വന്നതാണ്.

അന്ന് ഒരു ഔട്ടിംഗ് ഒക്കെ പ്ലാൻ ചെയ്തു ഫുഡും പുറത്തുനിന്നാകാം എന്നൊക്കെയുള്ള കണക്കു കൂട്ടലിൽ ആയിരുന്നു സുനിതയും കുടുംബവും.

അവർ ഇറങ്ങാൻ തുടങ്ങുന്ന സമയത്താണ് അനിയനും കുടുംബവും കയറിവന്നത്. അപ്പോൾ പിന്നെ യാത്ര പറഞ്ഞിറങ്ങുന്നത് മര്യാദ അല്ലല്ലോ..!

അനിയനെ കണ്ടപ്പോൾ തന്നെ അമ്മ സന്തോഷത്തോടെ അവനെ ആനയിക്കുന്നുണ്ട്.

എത്ര മാസങ്ങളായി ഇവിടെ അപേക്ഷ വച്ച ഒരു കാര്യമാണ് നടക്കാനിരുന്നത് എന്ന ചിന്ത ആർക്കും ഇല്ല. അല്ലെങ്കിലും മറ്റുള്ളവർ എന്തിന് ചിന്തിക്കണം…?

ആഗ്രഹവും പ്രതീക്ഷയും മുഴുവൻ തനിക്ക് ആയിരുന്നില്ലേ..?അവനെ കണ്ടപ്പോൾ തന്നെ” സുനിതേ.. അവർക്ക് കുടിക്കാൻ എന്തേലും എടുക്ക് ” എന്നൊരു നിർദേശം വന്നു കഴിഞ്ഞു..!

അതിഥികളെ സ്വീകരിക്കേണ്ടത് വീട്ടമ്മയുടെ കടമയാണല്ലോ..! എല്ലാരോടും ചിരിച്ചെന്ന് വരുത്തി അടുക്കളയിലേക്ക് കയറി..

കുടിക്കാനുള്ള വെള്ളവും കൊണ്ട് വന്നു കഴിഞ്ഞപ്പോഴേക്കും അമ്മായിയമ്മയുടെ വക കണ്ണുരുട്ടൽ..!

അവർക്ക് കഴിക്കാനുള്ളത് ഒന്നും കാര്യമായിട്ട് ഉണ്ടാക്കിയിട്ടില്ല. അല്ലെങ്കിൽ തന്നെ നിമിഷനേരം കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ താനെന്താ മെഷീൻ ആണോ..?

” നിനക്ക് എന്തെങ്കിലുമൊക്കെ തയ്യാറാക്കി വയ്ക്കാമായിരുന്നില്ലേ..? ഇന്ന് ആഴ്ച അവസാനമായിട്ട് ആരെങ്കിലുമൊക്കെ വരും എന്നെങ്കിലും ആലോചിക്കാമായിരുന്നില്ലേ..? ”

അമ്മായിയമ്മ അടക്കിപ്പിടിച്ച സ്വരത്തിൽ ചോദിക്കുന്നത് കേട്ടില്ലെന്ന് നടിച്ചു.വെള്ളവും കുടിച്ച് വർത്തമാനം പറഞ്ഞിരിക്കുന്ന ആളുകൾ ഇപ്പോൾ ഒന്നും പോകാൻ സാധ്യതയില്ല എന്ന് അതിനോടകം തന്നെ അവൾക്ക് ബോധ്യമായി.

സങ്കടവും ദേഷ്യവും ഒക്കെ കൂടി എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലായി പോയി അവൾ.

“സുനിതേ.. ഞാൻ പോയി ചിക്കൻ വാങ്ങിക്കൊണ്ട് വരാം… നീ പെട്ടെന്ന് ഒരു ബിരിയാണി ഉണ്ടാക്ക്..”ഒതുക്കത്തിൽ അടുത്തേക്ക് വന്നു ഭർത്താവ് നിർദേശിച്ചു..

” ഇന്ന് പുറത്തേക്ക് പോകാമെന്ന് പറഞ്ഞതല്ലേ..? ഇപ്പോ സമയം ഇത്രയും ആയ സ്ഥിതിക്ക് നമുക്ക് ആഹാരം പുറത്തു നിന്നും വാങ്ങിച്ചു കൂടെ… ”

മറുപടി എന്തായിരിക്കും എന്ന് അറിയാമായിരുന്നിട്ടും അവൾ ഒരു തവണ ഒന്ന് പറഞ്ഞു നോക്കി.അയാൾ രൂക്ഷമായി അവളെ നോക്കുന്നുണ്ടായിരുന്നു.

” പുറത്തുനിന്ന് വാങ്ങുന്നതൊക്കെ എന്ത് ചെലവാണെന്ന് നിനക്കറിയാമോ..? നിനക്ക് ഇവിടെ ഇപ്പൊ വേറെ പണിയൊന്നുമില്ലല്ലോ..?

നീ പെട്ടെന്ന് വിചാരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കൊണ്ട് ആഹാരം ഉണ്ടാക്കാം. ആ സമയത്ത് അവർക്ക് വിശക്കുമെന്ന് പേടിച്ചിട്ട് ആണെങ്കിൽ അപ്പോൾ കഴിക്കാൻ എന്തെങ്കിലും ഒരു സ്നാക്ക് ഉണ്ടാക്കി കൊടുത്താൽ മതി.. ”

അയാൾ പറഞ്ഞത് കേട്ടപ്പോൾ സുനിതയ്ക്ക് വല്ലാതെ ദേഷ്യം വന്നു.അത് അടക്കി വെച്ചുകൊണ്ട് അവൾ മുറിയിലേക്ക് പോയി. പുറത്തേക്ക് പോകാൻ റെഡിയായി നിന്നതൊക്കെ വെറുതെയായല്ലോ എന്ന് ചിന്തിച്ചുകൊണ്ട് വസ്ത്രം മാറി അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി.

” ഏട്ടത്തി.. മോന് കട്ട്ലെറ്റ് വലിയ ഇഷ്ടമാണ്.. അതു കൂടി ഒന്നു ഉണ്ടാക്കണേ.. ”

അടുക്കളയിലേക്ക് നടക്കുന്ന വഴിക്ക് അനിയന്റെ ഭാര്യ വിളിച്ചു പറയുന്നത് കേട്ടപ്പോൾ സുനിതയ്ക്ക് വല്ലാതെ ദേഷ്യം തോന്നി.

ഇവിടെ വന്നു കഴിഞ്ഞാൽ അവൾ മഹാറാണി ആണെന്നാണ് വിചാരം. ഓരോ പണികൾ ആയി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ചെയ്തുകൊടുക്കാൻ ഞാൻ ഒരാൾ.

ചിന്തിച്ചുകൊണ്ട് സുനിത ബിരിയാണിക്കുള്ള അരി നോക്കിയെടുത്തു. അവൾ ഓരോ പണികളായി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഹാളിൽ നിന്ന് അത് വേണം ഇത് വേണം എന്ന് പറഞ്ഞ് 100 വിളികൾ വരുന്നുണ്ട്.

അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി വയ്യാതായി എന്ന് തന്നെ പറയാം. അനിയനും അനിയത്തിക്കും ഒപ്പം ഇരുന്ന് ഭർത്താവും അമ്മായിയമ്മയും ഒക്കെ സിനിമ കാണുന്നുണ്ട്. ആരെങ്കിലും ഒരാൾ ഒന്ന് എഴുന്നേറ്റ് വന്ന് സഹായിച്ചിരുന്നെങ്കിൽ എന്ന് അവൾക്ക് ആഗ്രഹം തോന്നി.

ഇടയ്ക്ക് ഭർത്താവ് അടുക്കളയിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ഒരു പ്രതീക്ഷ തോന്നി.

“ഇതുവരെ ആഹാരം ഒന്നുമായില്ലേ..? മനുഷ്യന് വിശന്നിട്ടു വയ്യ..”അയാൾ അത് വന്ന് പറഞ്ഞപ്പോൾ അയാളെ കൊല്ലാനുള്ള ദേഷ്യം തോന്നി സുനിതയ്ക്ക്.

ഒന്നും മിണ്ടാതെ അവൾ തന്റെ പണികൾ തുടർന്നു. അവളുടെ പ്രവർത്തി ഇഷ്ടപ്പെടാതെ അവളെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അവിടെ ഇരുന്ന് ബേക്കറി സാധനങ്ങളൊക്കെ നോക്കി പറക്കിയെടുത്ത് അയാൾ അതും കൊണ്ട് ഹാളിലേക്ക് പോയി.

അത് അവിടെ പങ്കിടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഒക്കെ ബഹളങ്ങൾ അടുക്കളയിൽ വച്ചുതന്നെ സുനിതയ്ക്ക് കേൾക്കാമായിരുന്നു.അപ്പോഴും രാവിലെ മുതൽ അവൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല.

ആഹാരമൊക്കെ റെഡിയാക്കി കഴിഞ്ഞപ്പോൾ അവൾ ഹാളിലേക്ക് ചെന്നു.” നമുക്ക് എന്നാൽ ഫുഡ് കഴിച്ചാലോ..? “അവൾ ചോദിച്ചപ്പോൾ എല്ലാവരും അവളെ ആകെ വല്ലായ്മയോടെ നോക്കി.

” ഇപ്പൊ എന്തായാലും വേണ്ട ഏട്ടത്തി.. ഇപ്പോ ഈ സാധനങ്ങളൊക്കെ കൂടി കഴിച്ചിട്ട് വയറു നിറഞ്ഞിരിക്കുകയാണ്.. ഒരു അരമണിക്കൂർ കഴിയട്ടെ.. ”

അനിയൻ പ്രസ്താവിച്ചപ്പോൾ സുനിത ഏകദേശം തളർന്നു തുടങ്ങിയിരുന്നു.അവൾക്ക് വിശന്നിട്ട് കണ്ണ് കാണാൻ വയ്യ എന്ന് ആരോടും അവൾ പറഞ്ഞില്ല.

അതിഥികൾ ഉള്ളപ്പോൾ അവർക്ക് കൊടുക്കാതെ ആഹാരം കഴിച്ചാൽ പിന്നെ അതുമതി അമ്മായി അമ്മയ്ക്ക് ബഹളം ഉണ്ടാക്കാൻ..

തളർച്ചയോടെ അവൾ അടുക്കളയുടെ വശത്തുള്ള ബെഞ്ചിലേക്ക് ചെന്നിരുന്നു. അവിടെയിരുന്നു മയങ്ങി പോയത് അവൾ അറിഞ്ഞില്ല.

കയ്യിൽ ആരോ തട്ടിയത് അറിഞ്ഞപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത്.

” ഞങ്ങളൊക്കെ അവിടെ വിശന്നിരിക്കുമ്പോൾ ഏട്ടത്തി ഇവിടെ വന്നിരുന്നു ഉറങ്ങുകയാണോ…? ”

ഒരു തമാശ പോലെ അനിയത്തി അത് ചോദിക്കുമ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.പക്ഷേ അത് വെറുതെയായി പോയി എന്ന് അവൾക്ക് തന്നെ തോന്നി.

അവൾ എത്തുമ്പോഴേക്കും എല്ലാവരും കൈ കഴുകി ഡൈനിങ് ടേബിളിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. വല്ലാത്തൊരു തളർച്ച തോന്നുന്നുണ്ടെങ്കിലും എല്ലാവർക്കും ആഹാരം വിളമ്പി കൊടുക്കാൻ താൻ മാത്രമേയുള്ളൂ എന്ന് അവൾക്കറിയാമായിരുന്നു.

എല്ലാവർക്കും വിളമ്പിക്കൊടുത്ത് കഴിഞ്ഞിട്ടും വീണ്ടും വീണ്ടും ഓരോരുത്തരും ആഹാരം എടുത്ത് കഴിക്കുന്നത് കാണുമ്പോൾ അവൾ ഓർത്തത് തന്റെ വിശപ്പിനെ കുറിച്ചാണ്.

ഒടുവിൽ എല്ലാവരും കഴിച്ചിരുന്നേൽക്കുമ്പോൾ കുറച്ചു വറ്റും ഇത്തിരി കറിയും മാത്രം ബാക്കിയായി.

പാത്രങ്ങളൊക്കെ അടുക്കളയിൽ കൊണ്ടുവന്നു വച്ച് ആ ആഹാരം വാരി കഴിക്കുമ്പോഴേക്കും വിശപ്പ് കെട്ടുപോയിരുന്നു.

പണികളൊക്കെ ഒന്ന് ഒതുക്കി ഒന്ന് റസ്റ്റ്‌ എടുക്കാൻ എന്ന് കരുതി മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഹാളിൽ ഇരുന്നുകൊണ്ട് അനിയത്തിയുടെ നിർദ്ദേശം വരുന്നത്.

” ഏട്ടത്തി ചായയുടെ കൂടെ കാര്യമായിട്ട് എന്തെങ്കിലും ഉണ്ടാക്കണം കേട്ടോ.. വല്ലപ്പോഴും ഒക്കെ ഇങ്ങനെ ഒത്തുകൂടുമ്പോൾ അല്ലേ ഇങ്ങനെ ഒക്കെ കഴിക്കാൻ പറ്റൂ.. “അതുകൂടി കേട്ടതോടെ സുനിതയുടെ നിയന്ത്രണം വിട്ടു എന്ന് തന്നെ പറയാം.

“നിന്റെ കൈക്കോ കാലിനോ വല്ല കുഴപ്പവും ഉണ്ടോ..? എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ അടുക്കളയിൽ കയറി ഉണ്ടാക്കി കഴിക്കണം.

ഞാൻ നിന്റെ വേലക്കാരി ഒന്നുമല്ല. വന്ന സമയം മുതൽ തുടങ്ങിയതാണ് ഏട്ടത്തി അത് വേണം ഏട്ടത്തി ഇത് വേണം എന്ന് പറഞ്ഞു നീ ഇരുന്ന് ഓർഡർ ഇടാൻ..

ഞാൻ ആഹാരം കഴിച്ചോ എന്ന് അന്വേഷിക്കാൻ പോലും ഈ വീട്ടിൽ ഒരാളുമില്ല. എല്ലാവർക്കും അവരവരുടെ താല്പര്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച് ഓരോ സാധനങ്ങളായി മുന്നിൽ കിട്ടണം. ഞാനിവിടെ ആരുടെയും വേലക്കാരി അല്ല. ഇവിടത്തെ മരുമകളാണ്. അടിമയല്ല..”

അവൾ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ വല്ലാത്തൊരു നിശബ്ദത പടർന്നു കഴിഞ്ഞിരുന്നു.

” രാവിലെ നിങ്ങൾ വന്നപ്പോൾ മുതൽ പണിയൊഴിഞ്ഞ ഒരു നേരമില്ല എനിക്ക്. നിങ്ങൾ ഇങ്ങോട്ട് വരുന്നതും സഹകരിക്കുന്നതും ഒക്കെ എനിക്ക് ഇഷ്ടമാണ്.. പക്ഷെ അങ്ങനെ വരുമ്പോൾ അത് എനിക്കിട്ട് പണിയാൻ ആവരുത്.. ”

അതും പറഞ്ഞു അവൾ മുറിയിൽ കയറി വാതിൽ അടക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു അവൾക്ക്…!!

Leave a Reply

Your email address will not be published. Required fields are marked *