ഞാനൊരാളുമായി ലിവിങ് ടുഗദറായിരുന്നു ബാംഗ്ലൂരിൽ…അവൾ പൊടുന്നനെ പറഞ്ഞു. ഒരുനിമിഷം… അവന്റെ നെറ്റിയിൽ വിയ൪പ്പ് പൊടിഞ്ഞു

കാലമെന്ന മാന്ത്രികൻ
എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി.

ആദ്യത്തെ രംഗം ഒരു പെണ്ണുകാണൽ ചടങ്ങാണ്. അവൻ സുമുഖൻ, സുന്ദരൻ, ആറടിയോളം പൊക്കം, എഞ്ചിനീയ൪. അവൾ തനിച്ച് അവളുടെ മുറിയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നു.

മിഴികളിൽ ആ൪ദ്രത…
ഏതോ സ്വപ്നലോകത്തുനിന്ന് ദാ ഇപ്പോ താഴെ വന്നതേയുള്ളൂ എന്ന് തോന്നുന്ന കാൽപ്പനികഭാവം. പക്ഷേ നിസ്സംഗത… അവന്റെ പ്രസൻസ് അറിഞ്ഞിട്ടും വിദൂരതയിലൂന്നിയ മിഴികൾ പറിച്ചെടുക്കാൻ വിസമ്മതിച്ച് അവളങ്ങനെ നിന്നു.

ഗാഥേ..
എന്തേ ഇങ്ങനെ ഒരു വിഷാദഭാവം..?ഞാനൊരാളുമായി ലിവിങ് ടുഗദറായിരുന്നു ബാംഗ്ലൂരിൽ…അവൾ പൊടുന്നനെ പറഞ്ഞു.

ഒരുനിമിഷം… അവന്റെ നെറ്റിയിൽ വിയ൪പ്പ് പൊടിഞ്ഞു. പിന്തിരിഞ്ഞ് നടക്കണോ എന്ന് ഒരുവേള സംശയിച്ച് അവൻ ചോദിച്ചു:

എന്നിട്ട്…?അവൻ പോയി…സാരമില്ല… മറന്നേക്കൂ…അവൻ ഉദാരമനസ്കനായി.പറ്റുന്നില്ല… ഞാൻ പ്രഗ്നന്റാണ്…

എടുത്തടിച്ചതുപോലെ അവൾ പറഞ്ഞു.ആ കൂസലില്ലായ്മയെ നോക്കി അവനല്പനേരം നിന്നു.

പിറകിൽ ശബ്ദമൊന്നും കേൾക്കാതായപ്പോൾ അവൻ പോയി എന്ന് കരുതി ഗാഥ തിരിഞ്ഞുനോക്കി. പ്രണവ് അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു. അവന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതം. അവൻ ശബ്ദം താഴ്ത്തി ചോദിച്ചു:

വീട്ടിലാ൪ക്കെങ്കിലുമറിയുമോ ഇത്..?ഇല്ല..അവളുടെ സ്വരം പതറിയിരുന്നു..പറയണ്ട.. തനിക്ക് പ്രശ്നമില്ലെങ്കിൽ നമുക്ക് വിവാഹിതരാവാം…

അവൾ മുഖമുയ൪ത്തി ചോദ്യഭാവത്തിൽ പ്രണവിനെ നോക്കി. അവരുടെ സംസാരം ഏറെനേരം തുട൪ന്നു.

ഇതേസമയം ഹാളിൽ ഇരുകൂട്ടരും ഭാവിപരിപാടികൾ ച൪ച്ച ചെയ്യുകയായിരുന്നു. അവരവരുടെ സ്റ്റാറ്റസ്സിനനുസരിച്ച് ആ൪ഭാടം ഒട്ടും കുറക്കാതെ എല്ലാം തീരുമാനിക്കാൻ ഇരുവരും മത്സരിച്ചു.

പ്രണവ് പുറത്തിറങ്ങി വന്നതും എല്ലാവരും ചേ൪ന്ന് തങ്ങളുടെ തീരുമാനങ്ങൾ പറഞ്ഞു:

അയോദ്ധ്യ ഓഡിറ്റോറിയത്തിൽ കല്യാണം..പിറ്റേന്ന് റിസപ്ഷൻ ഹോട്ടൽ ബ്ലൂ ഡയമണ്ടിൽ…

നിങ്ങൾക്ക് ഹണിമൂൺ എവിടെ വേണമെന്ന് പറഞ്ഞാൽ മതി ബുക്ക് ചെയ്യാം…

ചെറുക്കന് ഗിഫ്റ്റ് കൊടുക്കാൻ ഒരു കാ൪ ബുക്ക് ചെയ്യട്ടെ.. ഏത് വേണമെന്ന് സജസ്റ്റ് ചെയ്യാം..

ഏയ്… അതൊന്നും വേണ്ട..പ്രണവ് പെട്ടെന്ന് ഇടപെട്ടു.അത് പറഞ്ഞാൽ പറ്റില്ല..പെണ്ണിന്റെ അച്ഛനേക്കാൾ നി൪ബ്ബന്ധം അമ്മാവനായിരുന്നു.

ഗാഥക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊടുക്കൂ…
എനിക്ക് ഞാനീയിടെ ഒന്ന് വാങ്ങിയതേയുള്ളൂ…

ഗാഥയുടെ വീട്ടുകാർ പ്രണവിന്റെ മറുപടിയിൽ സംതൃപ്തരായി പരസ്പരം നോക്കി.

അടുത്ത രംഗം ഗംഭീരമായി നടക്കുന്ന വിവാഹമാണ്. എല്ലാവരും അടിച്ചുപൊളിച്ചാഘോഷിച്ചു. ഗാഥ മാത്രം ഇടയ്ക്ക് അസ്വസ്ഥയായി. അപ്പോഴൊക്കെ പ്രണവ് ആരുടെയു

ശ്രദ്ധയിൽപ്പെടാതെന്നോണം അവളെ ചേ൪ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അച്ഛന്റെ കണ്ണിൽ അതുടക്കി.

എന്താ മോളേ..?
വല്ലായ്ക വല്ലതുമുണ്ടോ.?അയാൾ നേ൪വസായി.ഏയ്.. ഒന്നുമില്ല..

അവൾ അച്ഛനോട് കള്ളം പറഞ്ഞൊഴിഞ്ഞു. വിഭവസമൃദ്ധമായ സദ്യക്കുശേഷം അതിഥികൾ ഓരോരുത്തരും പിരിഞ്ഞു. മകൾ പ്രണവിനൊപ്പം കാറിൽക്കയറി മറയുന്നതുവരെ അച്ഛനും അമ്മയും നോക്കിനിന്നു. അവരുടെ മനസ്സ് സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.

വൈകാതെ മകൾ പ്രഗ്നന്റാണെന്നറിഞ്ഞ് അവരുടെ സന്തോഷം ഇരട്ടിയായി. ആ വീട് അധികം താമസിയാതെ ഒരു കുഞ്ഞുകരച്ചിലിന്റെ അകമ്പടിയോടെ ഉണരുന്നതാണ് പിന്നീടുള്ള രംഗം.

കുഞ്ഞുവാവക്ക് എന്തൊക്കെ വാങ്ങിയാലും ഓമനിച്ചാലും തൃപ്തിയാകാതെ ആ കുടുംബം മുഴുവൻ ആഹ്ലാദത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. അതിനിടക്കാണ് ഒരുദിവസം…

ഗാഥയുമായി കുഞ്ഞിന് ഇഞ്ചക്ഷൻ വെച്ച് മടങ്ങുമ്പോഴാണ് ഹോസ്പിറ്റലിന്റെ കോറിഡോറിൽവെച്ച് ഡോക്ടർ തോമസ് ജിജോ ഗാഥയുടെ അച്ഛനെ കാണുന്നത്.മിസ്റ്റ൪ മേനോൻ..!

ജിജോ വലിയ സന്തോഷത്തോടെ മേനോനെ വലിച്ചടുപ്പിച്ചു. കൈയിലുള്ള കുഞ്ഞിനെ ഗാഥയെ ഏൽപ്പിച്ച് മേനോൻ തന്റെ പഴയ സതീ൪ത്ഥ്യനെ കെട്ടിപ്പുണ൪ന്നു.

ഇതെന്താടോ ഇവിടെ..?
താനങ്ങ് എറണാകുളത്തായിരുന്നല്ലോ…ഇപ്പോൾ കുറച്ചായി ആഴ്ചയിൽ മൂന്ന് ദിവസം ഞാനിവിടുണ്ട്. ഇതാരാണ്..? മകളാണോ..? വിവാഹവും കഴിഞ്ഞോ..? എപ്പോഴായിരുന്നു..?

ജിജോ വലിയ എക്സൈറ്റ്മെന്റോടെ കുഞ്ഞിന്റെ കവിളിൽ തൊട്ടുകൊണ്ട് ചോദിച്ചു.പിന്നേ.. നീയൊരു ദിവസം വീട്ടിലേക്ക് വാ.. നമുക്ക് വിശദമായി കൂടാം..

ഓകെ..മേനോൻ കൈകൊടുത്ത് പിരിയാനൊരുങ്ങുമ്പോഴാണ് പ്രണവ് മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്നുകളുമായി വരുന്നത് കണ്ട് ജിജോയോട് പറഞ്ഞത്:

ദേ വരുന്നു എന്റെ സൺ ഇൻ ലാ…മുന്നോട്ടു നടന്ന ഗാഥ പ്രണവിനോട് സംസാരിക്കുന്നുണ്ടായിരുന്നു.ജിജോ ഒന്നേ നോക്കിയുള്ളൂ…ഇത് പ്രണവല്ലേ…?

ആശ്ചര്യത്തോടെ ജിജോ ചോദിച്ചു.അതേ.. നിനക്കറിയോ അവനെ..?ജിജോയുടെ മുഖം അവിശ്വസനീയത നിറഞ്ഞ് വികസിക്കുന്നത് മേനോൻ കണ്ടു.ദത്തെടുത്തതാണോ മകൾ..?

ജിജോയുടെ ചോദ്യത്തിന് മേനോന്റെ ബോധമണ്ഡലത്തെ ചിതറിക്കാൻപോന്ന ശക്തിയുണ്ടായിരുന്നു.എന്താ താൻ ചോദിച്ചത്..?മേനോൻ കിതച്ചു.

പ്രണവിന് മുമ്പൊരു ആക്സിഡന്റ് ഉണ്ടായപ്പോൾ ഞാനാണ് സ൪ജറി നടത്തിയത്… ഇനി കുട്ടികളുണ്ടാവാൻ സാധ്യതയില്ല എന്ന് പറഞ്ഞ് അവന്റെ മുഖത്ത് നോക്കാൻ ഞാൻ

ബുദ്ധിമുട്ടിയപ്പോൾ വിളറിപ്പോയ അവന്റെ മുഖം ഇപ്പോഴും എന്റെ ഓ൪മ്മയിലുണ്ട്… പെട്ടെന്ന് തന്നെ മാനസികനില വീണ്ടെടുത്ത് അവൻ പറഞ്ഞു, തന്റെ അച്ഛനോടും അമ്മയോടും ഇത് പറയരുതെന്ന്…

ജിജോ ഒറ്റശ്വാസത്തിൽ പറഞ്ഞു.ദത്തെടുത്തതല്ല ജിജോ.. എന്റെ മകൾ പ്രസവിച്ചതുതന്നെയാണ്…മേനോന്റെ വാക്കുകൾ വിറകൊള്ളുന്നത് ജിജോ അറിഞ്ഞു.

ചതി പറ്റിയോ ‌തനിക്ക്..?അല്പനേരത്തെ മൌനത്തിനുശേഷം മേനോൻ പറഞ്ഞു:ഉവ്വ്.. പക്ഷേ ചതിച്ചത് പ്രണവല്ല.. എന്റെ മകളാണ്..

ഇടറിയ ചുവടുകളോടെ അയാൾ മുന്നോട്ട് നടന്നു. പ്രണവ് പെണ്ണുകാണാൻ വന്ന നിമിഷംതൊട്ട് ഓരോ രംഗങ്ങളും മേനോന്റെ മനസ്സിലൂടെ കടന്നുപോയി. സംസാരിക്കാനായി ഗാഥയുടെ മുറിയിൽക്കയറിയ പ്രണവ് ഇറങ്ങിവരാൻ

വൈകുന്തോറും ആ തുറന്നുകിടന്ന വാതിലിലേക്ക് നോക്കി താനസ്വസ്ഥനായിരുന്നു… ഇവ൪ക്കെന്താണിത്രമാത്രം സംസാരിക്കാനെന്ന് ശങ്കയായി…

വിവാഹദിവസം വരെ മകൾ ആബ്സെന്റ് മൈൻഡഡായിരുന്നു.. അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞുകണ്ടത് കുഞ്ഞ് ജനിച്ചതിനുശേഷമായിരുന്നു.. ഇപ്പോഴാണ് ഓരോ ചിത്രവും ചേ൪ത്തുവെക്കാൻ കഴിഞ്ഞത്.

പറഞ്ഞത് അബദ്ധമായോ എന്ന ചിന്തയിൽ ജിജോ തലകുടഞ്ഞു. പക്ഷേ അടുത്തനിമിഷം ജിജോയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കോറിഡോറിന്റെ അങ്ങേത്തലയിൽനിന്ന് മേനോൻ പ്രണവിനെ വാരിപ്പുണരുന്ന രംഗം കണ്ടായിരുന്നു അത്..

Leave a Reply

Your email address will not be published. Required fields are marked *