ചേച്ചീ നിങ്ങളെ അന്വേഷിച്ച്
സബൂറ എന്ന സ്ത്രീ പുറത്ത് വന്ന് നില്പുണ്ട് കയറിയിരിക്കാൻ പറഞ്ഞിട്ട് ചേച്ചിയെ കണ്ടിട്ട് വേഗം പോകാവുള്ളതാന്ന് പറഞ്ഞ് പുറത്ത് തന്നെ നില്ക്കുവാ,
സർജറിക്ക് ശേഷമുള്ള കീമോ
തെറാപ്പിയും കഴിഞ്ഞപ്പോൾ കാസർകോട്ടേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുലോചന, ബാഗുകൾ ഒക്കെ പാക്ക് ചെയ്തു ഡ്രസ്സ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് സുധീഷ് വന്നു അവളോട് ഈ കാര്യം പറയുന്നത്
സബൂറയാണ് വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ തന്നെ അവൾ വേഗം പൂമുഖത്തേയ്ക്ക് വന്നു.
എന്താ സബൂറ അവിടെത്തന്നെ നിൽക്കുന്നത്? ഇങ്ങോട്ട് കയറി വരൂ
അജയൻ വന്നില്ലേ?
ഇല്ല ചേച്ചി, എനിക്ക് ചേച്ചിയോട് കുറച്ച് സംസാരിക്കാനുണ്ട് ,നമുക്ക് അങ്ങോട്ട്
മാറിനിന്നാലോ?
അത് പറയുമ്പോൾ സബൂറയുടെ
മുഖത്ത് നിറഞ്ഞിരിക്കുന്ന ഭീതി, സുലോചനയിൽ ഉദ്വേഗം ജനിപ്പിച്ചു
സുലോചന അവളെയും കൂട്ടി തെക്കേപ്പറമ്പിലെ മാഞ്ചോട്ടിലേക്ക് നടന്നു.
ഞാൻ നിന്നെ പലതവണ വിളിക്കാൻ ശ്രമിച്ചപ്പോഴൊക്കെ നിൻ്റെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നല്ലോ ? എന്തു പറ്റി?
സുലോചന ജിജ്ഞാസയോടെ ചോദിച്ചു.
ഞാനെല്ലാം പറയാം ചേച്ചി, എനിയ്ക്ക് ചേച്ചിയോട് ചില രഹസ്യങ്ങൾ പറയാനുണ്ട്, അത് കേട്ട് ചേച്ചി ബഹളം വയ്ക്കരുത് ,ഞാൻ നിരപരാധിയാണ് ,എൻ്റെ ഭർത്താവ് ചെയ്ത ക്രൂരതകൾക്ക് ,ആ സമയത്ത് എനിക്ക് കൂട്ടു നിൽക്കേണ്ടി വന്നു, പക്ഷേ ഇപ്പോൾ ഞാൻ അയാളുമായി പിണങ്ങിയിറങ്ങിയതാണ്, ഇനിയൊരിക്കലും എനിക്ക് അയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല, അത്രയ്ക്ക് ക്രൂരനാണയാൾ
സബൂറാ, നീ എന്തൊക്കെയാണ് ഈ പറയുന്നത്? ഏട്ടനെന്നല്ലാതെ അജയനെ
നീ ,ഇതുവരെ സംബോധന ചെയ്തിട്ടില്ലല്ലോ? ഇത്രയ്ക്കും ദേഷ്യം വരാൻ ,എന്താണുണ്ടായത് ?
ചേച്ചി അന്ന് ഞങ്ങൾ രണ്ടുപേരും ചേർന്ന് ചേച്ചിയോട് ഒരു കഥ പറഞ്ഞിരുന്നില്ലേ ?അരുണേട്ടനും ഞങ്ങളുമായി കണ്ടുമുട്ടിയ കഥ ,സത്യത്തിൽ അതൊരു നുണക്കഥയായിരുന്നു ,അന്ന് ശരിക്കും സംഭവിച്ചതെന്താണെന്ന് ഞാൻ പറയാം
സബൂറ പറഞ്ഞത് കേട്ട് ,സുലോചനയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു .
സത്യത്തിൽ അജയൻ ,അരുണേട്ടനെ കാണുന്നത് ,ഞങ്ങൾ ഒളിച്ചോടിയ രാത്രിയിൽ അല്ലായിരുന്നു, അവർ തമ്മിൽ നേരത്തെ കൂട്ടുകാരായിരുന്നു, അരുണേട്ടന്റെ ഒപ്പം കോഡ്രൈവറായിട്ടായിരുന്നു അജയൻ പോയിക്കൊണ്ടിരുന്നത്, ആ സമയത്താണ് ഞാനും അജയനുമായി അടുപ്പത്തിലാവുന്നത്, അങ്ങനെ അരുണേട്ടനാണ് എൻ്റെ വീട്ടുകാർ സമ്മതിക്കാതിരുന്നപ്പോൾ ,എന്നെ വിളിച്ചിറക്കി കൊണ്ടുവരാനുള്ള ധൈര്യം അജയന് കൊടുത്തത് ,അങ്ങനെ ആ വണ്ടിയിൽ ഏതാണ്ട് പാതിരാവോടടുത്ത സമയത്ത് , ഞങ്ങൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത് ,വാഹനം വയനാട്ടിലൂടെ കടന്നുപോയപ്പോൾ ഞാൻ ചെറുതായിട്ടൊന്നു മയങ്ങി ,ഇതിനിടയിൽ വണ്ടി റോഡ് സൈഡിൽ ഒതുക്കിയിട്ട് ,
ഡോർ തുറക്കുന്നതും അടയ്ക്കുന്നതുമായ
ശബ്ദം കേട്ടാണ്
പാതി മയക്കത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കുന്നത്,അപ്പോൾ എൻ്റെയൊപ്പം ഉണ്ടായിരുന്ന അജയനും ,അരുണേട്ടനും പുറത്തിറങ്ങിയിരുന്നു, ആകാംക്ഷയോടെ ഞാൻ പുറത്തേയ്ക്ക് നോക്കി ,അപ്പോഴാണ് അവർ മൂത്രമൊഴിക്കാൻ ഇറങ്ങിയതാണെന്ന് എനിക്ക് മനസ്സിലായത്, അതൊരു കാടിന് നടുവിലൂടെയുള്ള റോഡായിരുന്നു ,വഴിവിളക്കുകൾ പോലും ഇല്ലാതിരുന്ന ആ കുറ്റാകുറ്റിരുട്ടിൽ പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി , അപ്പോഴാണ് ഇരുവശവും അഗാധ ഗർത്തമുള്ള സ്ഥലമാണതെന്ന് എനിക്ക് മനസ്സിലായത് .പിന്നാലെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇടിയും വെട്ടിയപ്പോൾ പേടിച്ച് പോയ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ,ആ സമയത്ത് തന്നെ ,ഡ്രൈവിംഗ് സീറ്റിലെ ഡോറടയുന്ന ശബ്ദം കേട്ടാണ് , ഞാൻ കണ്ണു തുറക്കുന്നത് ,അപ്പോൾ അജയനായിരുന്നു ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്നത്,പെട്ടെന്ന് തന്നെ,അജയൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നത് കണ്ടപ്പോൾ അരുണേട്ടൻ എന്തേ എന്ന് ഞാൻ അന്വേഷിച്ചു, അപ്പോഴെന്നോടയാൾ നീ മിണ്ടാതിരിക്കെന്ന് പറഞ്ഞ് ,വണ്ടിയുടെ വേഗത കൂട്ടുകയായിരുന്നു, ഏതാണ്ട് 10 കിലോമീറ്ററുകളോളം കഴിഞ്ഞിട്ടാണ്, വീണ്ടും വാഹനം നിർത്തി അജയൻ എന്നോടാ
കാര്യം പറയുന്നത് ,അവർ മൂത്രമൊഴിച്ചുകൊണ്ടിരുന്നപ്പോൾ, ശക്തമായി ഇടി വെട്ടിയെന്നും, ആ സമയത്ത് അരുണേട്ടൻ ഷോക്കേറ്റ് നിലത്തേക്ക് വീണെന്നും , പേടിച്ചുപോയ അജയൻ ഓടി വണ്ടിയിൽ കയറുകയായിരുന്നെന്നുമാണ് പറഞ്ഞത് , .
അപ്പോൾ ഞാൻ ചോദിച്ചു,അപകടം പറ്റിയ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കാതെ നിങ്ങൾ എന്തിനാണ് ,ആ പാവത്തിനെ വഴിയിൽ ഉപേക്ഷിച്ചതെന്ന്, അപ്പോൾ അജയൻ ,പറയുവാ അരുണിനെയും കൊണ്ട് നമ്മൾ ഹോസ്പിറ്റലിൽ പോകാൻ ശ്രമിച്ചാൽ നാട്ടുകാരും വീട്ടുകാരുമൊക്കെ നമ്മുടെ ഒളിച്ചോട്ടത്തെ കുറിച്ച് അറിയുമെന്നും അതോടെ നിന്നെ നിൻ്റെ വീട്ടുകാർ തിരിച്ച് കൊണ്ടുപോകുമെന്നും പിന്നീടൊരിക്കലും നമുക്ക് ഒന്നിക്കാൻ കഴിയില്ലെന്നും
പറഞ്ഞ് ,എന്നെ അജയൻ
ആശ്വസിപ്പുക്കുയായിരുന്നു.പിന്നീട് രക്ഷപ്പെടുമെന്ന് കരുതിയ അരുണേട്ടന്റെ ഫോൺകോളിനായി ഞങ്ങൾ കാത്തിരുന്നു പക്ഷേ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ,അരുണേട്ടന്റെ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു
നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാമെന്നും അന്ന് ഇറങ്ങിയ സ്ഥലത്ത് പോയി നേരിട്ടന്വേഷിക്കാമെന്നും ഞാൻ പറഞ്ഞെങ്കിലും അജയൻ അതൊക്കെ തള്ളിക്കളയുകയായിരുന്നു
എടീ അയാളുടെ ഈ വണ്ടി ഉള്ളതുകൊണ്ടാണ് നമ്മളിപ്പോൾ അല്ലലില്ലാതെ ജീവിക്കുന്നത്, അയാളിപ്പോൾ ജീവനോടെ ഉണ്ടാവില്ല ,ഉണ്ടായിരുന്നെങ്കിൽ
നമ്മളുമായി അയാൾ എപ്പോഴോ ബന്ധപ്പെട്ടേനെ ,അന്ന് ആ ഇടിമിന്നലേറ്റ് അയാൾ മരിച്ചിട്ടുണ്ടാവുമെന്ന് തന്നെയാണ് എൻ്റെ വിശ്വാസം , ഇല്ലെങ്കിൽ ചിലപ്പോൾ ,ഏതെങ്കിലും കാട്ടുമൃഗങ്ങൾ അയാളെ കടിച്ചുകയറി തിന്നിട്ടുണ്ടാവും ,
ഈ ഭൂമിയിൽ അയാളെക്കുറിച്ച് ആർക്കുമറിയില്ല അയാൾ മിസ്സിംഗ് ആണെന്ന് പോലും
ആരും അന്വേഷിച്ചിട്ടുണ്ടാവില്ല അങ്ങനെയാണെങ്കിൽ ഇത്രയും ദിവസത്തിനുള്ളിൽ എന്തെങ്കിലും ഒരു വാർത്ത പുറത്തുവന്നേനെ , പിന്നെ, ഭാര്യയുമായി പിണങ്ങി കഴിയുന്ന
അയാളെ ഭാര്യയും അന്വേഷിച്ചിറങ്ങില്ല,
അത് കൊണ്ടിനി ,കഴിഞ്ഞതൊക്കെ മറന്ന് ,
നമുക്ക്, സന്തോഷത്തോടെ ,നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകാം ,ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടി, നീ നഷ്ടപ്പെടുത്തുന്നത് നിൻ്റെ വയറ്റിൽ വളരുന്ന, നമ്മുടെ കുഞ്ഞിൻ്റെ ആരോഗ്യശേഷി കൂടിയാണ് അത് മറക്കണ്ട,
ചേച്ചീ അയാൾ പറഞ്ഞതാണ് ശരിയെന്ന് ഞാനും കരുതി , ചെയ്തത് തെറ്റാണെന്നറിഞ്ഞിട്ടും ഞാനും അയാളോടൊപ്പം സ്വാർത്ഥമതിയായി പോകുകയായിരുന്നു ,പക്ഷേ പിന്നീടുള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ ഒരു കുറ്റബോധം നിറഞ്ഞ് നിന്നിരുന്നു ,ചേച്ചിയും മക്കളും തനിച്ച് ജീവിക്കുന്നതും നഷ്ടപ്പെട്ടെന്ന് കരുതിയ ഭർത്താവിനെ വീണ്ടും കാണണമെന്ന് ചേച്ചി അതിയായി ആഗ്രഹിക്കുന്നതും കണ്ടപ്പോഴാണ് അജയനോട് ഞാൻ വീണ്ടും ,അരുണേട്ടനെ കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നത് ,അപ്പോഴാണ് ആദ്യമായി അയാളുടെ യഥാർത്ഥ രൂപം ഞാൻ കാണുന്നത്
എടീ നിൻ്റെ അടുത്ത് ഞാൻ മര്യാദയ്ക്കല്ലേ പറഞ്ഞത് ?പഴയതൊക്കെ മറന്ന് അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന്?
നീ ഇനി ഒരു വാക്ക് അയാളെ കുറിച്ച് മിണ്ടിപോകരുത് ,എനിക്ക് ഭാര്യയായി നീ തന്നെ വേണമെന്നില്ല, ഞാനൊരു ഡ്രൈവറാണ്, പോകുന്ന നാട്ടിലൊക്കെ ഇഷ്ടം കൂടിയും , ഇഷ്ടമുള്ളവരെയൊക്കെ സ്വന്തമാക്കിയും തന്നെയാണ് ,ഞാനിത് വരെ ജീവിച്ചത്, നീയും അങ്ങനെയുള്ളവരിൽ ഒരാൾ മാത്രമാണ് ,മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നാൽ, നിനക്കും കുഞ്ഞിനും ഞാൻ ചിലവിന് തരാം , ഇല്ലെങ്കിൽ അരുണിനെ വഴിയിലുപേക്ഷിച്ചത് പോലെ ,നിന്നെയും ഞാൻ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കുമെന്നും പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിത്തരിച്ച് പോയി ,ഇന്ന് വെളുപ്പിന് അയാൾ എവിടേക്കോ വണ്ടിയുമായി യാത്ര പോയ സമയത്താണ് ,ഞാനെൻ്റെ കുഞ്ഞിനെയുമെടുത്ത് അതിരാവിലെ തന്നെ അവിടെ നിന്നിറങ്ങിയത് ,ചേച്ചി പറഞ്ഞ ഏകദേശം രൂപം വെച്ചിട്ടാണ് ,ഞാൻ ഇവിടെ എത്തിയത്, ചേച്ചി എത്രയും വേഗം സ്റ്റേഷനിൽ ചെന്ന് , മാൻ മിസ്സിങ്ങിന്
ഒരു പരാതി കൊടുക്കണം, അരുണേട്ടൻ എവിടെയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് എൻ്റെ വിശ്വാസം , കൂടാതെ അജയന് ഇതിലുള്ള പങ്കും പോലീസിനോടും പറയണം ,അയാളിനി, ഒരാളെയും വഞ്ചിക്കാൻ പാടില്ല,
സബൂറ പറഞ്ഞത് കേട്ട് ,തൻ്റെ ശരീരം കുഴയുന്നതുപോലെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും സുലോചനയ്ക്ക് തോന്നി, വീണു പോകാതിരിക്കാൻ അവൾ മാവിന്റെ ചെറിയ ശിഖരത്തിൽ പിടിച്ചുനിന്നു,
തുടരും ,
തൈപ്പറമ്പൻ .
