നിന്നിലേക്ക്
(രചന: ശ്യാം കല്ലുകുഴിയിൽ)
” എടാ ഇതിപ്പോ ഒരുത്തന്റെ കൂടെ പോയ പെണ്ണാണ് എന്നോക്കെ പറയുമ്പോൾ….”” അമ്മ ഇതെന്താ ഈ പറയുന്നേ, ചേട്ടന് പത്ത് നാൽപ്പത് വയസ്സ് കഴിഞ്ഞു ഇനി ഇതുപോലെ ഉള്ളതിനെയൊക്കെ കിട്ടുള്ളൂ. അല്ലെ തന്നെ അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങളായി, എന്തായാലും നാട്ടുകാരന്റെ കൊച്ചൊന്നും കയ്യിൽ ഇല്ലല്ലോ, അത് തന്നെ ഭാഗ്യം….”
അമ്മയുടെയും മഹിയുടെയും അടക്കി പിടിച്ചുള്ള സംസാരം കേട്ട് കൊണ്ടാണ് വീട്ടില്ലേക്ക് കയറി വന്നത്. ഇല്ലാത്ത ചുമ വരുത്തി ചമച്ചുകൊണ്ടു വീട്ടിലേക്ക് കയറുമ്പോൾ അമ്മയും മഹിയും സംസാരം നിർത്തി ടീവിയിൽ നോക്കി ഇരുന്നു,
മഹിയുടെ മക്കൾക്ക് പതിവുള്ള ചോക്ലേറ്റ് പോക്കറ്റിൽ നിന്ന് എടുത്ത് കൊടുത്തുകൊണ്ട് മുറിയിലേക്ക് കയറിപ്പോകുമ്പോഴും അമ്മയും മഹിയും ടീവിയിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു
” ആ ബ്രോക്കർ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്, നാളെ നി ആ പെണ്ണിനെ ഒന്ന് പോയി കാണ്…”
അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ അത് പറയുന്നത്. മറുപടി ഒരു മൂളലിൽ ഒതുക്കി അത്താഴം കഴിച്ച് എഴുന്നേറ്റു…
പിറ്റേന്ന് രാവിലെ തന്നെ ബ്രോക്കർ വീട്ടിലെത്തി. അയാൾക്കൊപ്പം പെണ്ണ് കാണാൻ പോകുമ്പോൾ ഇടയ്ക്ക് പോകാറുള്ളത് പോലെ പെണ്ണ് കാണുക തിരികെ പോരുക അതിൽ കൂടുതൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം…
ആ വീട്ടിലേക്ക് ചെല്ലുമ്പോൾ അൽപ്പം പ്രായം ചെന്ന മനുഷ്യൻ ഉമ്മറത്ത് നിൽപ്പുണ്ട്, അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സിലായി പെണ്ണിന്റെ അച്ഛൻ ആണെന്ന്..
” ഇക്കൊല്ലം ഭയങ്കര ചൂട് ആണ്, എല്ലാം കരിഞ്ഞ് തീ പിടിക്കുമെന്ന തോന്നുന്നെ…”ഞങ്ങളെ അകത്തേക്ക് ക്ഷണിക്കുമ്പോൾ അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു..
” അത് പിന്നെ പറയാൻ ഉണ്ടോ ഈ വർഷം വെള്ളത്തിന് കുറെ ഓടേണ്ടി വരും..” അദ്ദേഹത്തിന് മറുപടി കൊടുത്തുകൊണ്ട് അതും പറഞ്ഞ് ബ്രോക്കർ കസേരയിൽ ഇരുന്നു..
” ആ ഇങ്ങള് പെണ്ണിനെ വിളിക്ക്, എനിക് വേറെ ഒന്ന് രണ്ട് സ്ഥലത്ത് കൂടി പോകാനുണ്ട്…”
ബ്രോക്കർ അത് പറയുമ്പോൾ ആ മനുഷ്യൻ അൽപ്പം പരുങ്ങലൂടെയാണ് കതവിന്റെ മറവിൽ നിന്ന അയ്യളുടെ ഭാര്യയുടെ മുഖത്തേക്ക് നോക്കിയത്.
അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി അൽപ്പം കഴിഞ്ഞ് ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് നാരങ്ങാ വെള്ളവുമായി പെണ്ണ് വന്നു…
അതിൽ നിന്ന് ഒരു ഗ്ലാസ് എടുത്ത് പെണ്ണിന്റെ മുഖത്തേക്ക് നോക്കി, രാവിലെ അമ്പലത്തിൽ പോയപ്പോൾ ഇട്ടത് ആകും ചന്ദനക്കുറിയുടെ പകുതി മാഞ്ഞു പോയിരിക്കുന്നു, മുടി പുറകിലേക്ക് പിന്നി ഇട്ടിരിക്കുന്ന അവളുടെ വേഷം നരച്ചു തുടങ്ങിയ ചുരിദാർ ആയിരുന്നു..
ഞങ്ങൾക്ക് വെള്ളം നൽകി ഷാൾ നേരെയാക്കി ഇട്ടുകൊണ്ടു അവളുടെ അച്ഛന്റെ പിന്നിലെ ഭിത്തിയും ചാരി നിന്നു, ആ മുഖത്ത് സന്തോഷമോ,സങ്കടമോ, ഒന്നും നിഴലിച്ചിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു..
” നല്ല ചൂട് അല്ലെ അതാണ് ചായ മാറ്റി വെള്ളം ആക്കിയത്…” പെണ്ണിന്റെ അച്ഛൻ അത് പറയുമ്പോൾ ആണ് അവളിൽ നിന്ന് ഞാൻ നോട്ടം മാറ്റിയത്…
” അല്ലേലും ഈ ചൂടത്ത് ഇത് തന്നെയാണ് നല്ലത്….” ബ്രോക്കറും അത് ശരി വച്ചു…” അല്ല ഇനി അവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആകട്ടെ…”
വെള്ളം കുടിച്ച ഗ്ലാസ് മേശപ്പുറത്ത് വച്ച് ചിറിയും തുടച്ച് കൊണ്ട് ബ്രോക്കർ വീണ്ടും പറഞ്ഞു. അത് കെട്ടപ്പോഴേക്കും പെണ്ണിന്റെ അച്ഛൻ നിസ്സഹായതയോടെ തന്റെ പുറകിൽ നിൽക്കുന്ന മോളെ നോക്കുന്നത് ശ്രദ്ധിച്ചു, അവൾ അയാളെ നോക്കുക പോലും ചെയ്യാതെ മുറ്റത്തേക്ക് ഇറങ്ങി…
” ആ നീയും ചെല്ല്, കാര്യങ്ങളൊക്കെ സംസാരിക്ക്…”ബ്രോക്കർ അത് പറഞ്ഞപ്പോൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് ഞാനും മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്തെ കോണിൽ നിൽക്കുന്ന തുളസി ചെടിയിൽ നിന്ന് ഒരിതൾ പറിച്ച് മൂക്കിലേക്ക് വച്ച് മണപ്പിക്കുമ്പോൾ ആണ് ഞാൻ അവിടേക്ക് ചെല്ലുന്നത്…
” ഒരിക്കൽ സ്നേഹിച്ച പുരുഷനേയും വിശ്വസിച്ച് വീട്ടുകാരെ വിഷമിപ്പിച്ച് ഇറങ്ങി പോയവളാണ് ഞാൻ, അവനെന്റെ ശരീരത്തെ മാത്രമാണ് ഇഷ്ടപെട്ടിരുന്നത് എന്നറിഞ്ഞപ്പോൾ, അവന് മാത്രമല്ല അവന്റെ കൂട്ടുകാർക്കൊപ്പവും ഞാൻ കിടന്ന് കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞപ്പോൾ, എങ്ങനെയൊക്കെയോ അവിടെനിന്ന് രക്ഷപ്പെട്ട് വന്നവളാണ് ഞാൻ…”
ഞാൻ എന്തേലും പറയും മുൻപേ തന്നെ അവൾ പറഞ്ഞു തുടങ്ങിയിരുന്നു….” സത്യം ഇതാണെങ്കിലും, പുറത്ത് ഇറങ്ങി അന്വേക്ഷിച്ചാൽ എന്നെക്കുറിച്ച് ഒരുപാട് കഥകൾ വേറെയും കേൾക്കാം, ചിലപ്പോൾ ഇതിലും മനോഹരമായി നാട്ടുകാർ പറഞ്ഞു തരും സംഭവങ്ങൾ. നിങ്ങൾക്ക് അതും കേട്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങാം,
അതല്ല ഇനി എല്ലാം ക്ഷമിച്ച് സിനിമ നായകന്മാരെ പോലെ എന്നെ കെട്ടാൻ ആണ് മോഹമെങ്കിൽ, നാളെ ചിലപ്പോൾ നിങ്ങൾ ഈ നാട്ടിൽ തല കുനിച്ചു നടക്കേണ്ടി വരും,കാരണം ഈ നാട്ടിലെ എല്ലാവരും നല്ല കഥാകാരികളും കഥാകാരന്മാരും ആണ്…
അല്ലേലും ഈ സ്ത്രീ ശരീരം ആസ്വദിക്കാൻ മാത്രമുള്ള ഉപകരണമാണെന്നു കാണുന്ന പുരുഷ വർഗ്ഗത്തോടെ തന്നെ എനിക്ക് അറപ്പാണ്,
പിന്നെ ഈ പെണ്ണുകാണൽ പരുപാടിയൊക്കെ ആ ഉമ്മറത്ത് ഇരിക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങൾ ആണ്, തനിക്ക് ശേഷം തന്റെ മോൾ എങ്ങനെ ജീവിക്കും എന്നുള്ള ആശങ്കയാണ് ആ മനസ്സിൽ നിറയെ. ഇനിയിപ്പോ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം..”
അത് പറഞ്ഞു കഴിഞ്ഞ് എന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു…
” അല്ലാ പേര് പറഞ്ഞില്ല…” തിരിഞ്ഞു നടന്ന അവളോട് ഞാൻ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു..” മീനു…”
തിരിഞ്ഞെന്നെ നോക്കുക പോലും ചെയ്യാതെ അത് പറഞ്ഞവൾ വീട്ടിലേക്ക് കയറിപ്പോയി. തീരുമാനം അറിയിക്കാം എന്നും പറഞ്ഞാണ് ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നേരെ പോയത് സുലൈമാനിക്കയുടെ കടയിലേക്ക് ആണ്.
അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു സുലൈമാനിക്ക, അച്ഛന്റെ പെട്ടെന്നുള്ള മരണം നമ്മുടെ കുടുംബത്തെ തകർത്തപ്പോൾ സഹായത്തിനുണ്ടായിരുന്നത് സുലൈമാനിക്ക ആയിരുന്നു..
ഇനിയും പഠിച്ചു നടന്നാൽ അമ്മയും അനിയനും പട്ടിണി ആകുമെന്ന് അറിഞ്ഞപ്പോഴാണ് എവിടെയെങ്കിലും ജോലി വാങ്ങി തരാൻ സുലൈമാനിക്കയോട് പറഞ്ഞത്. ജോലി പഠിക്കാൻ ആദ്യം കൊണ്ട് നിർത്തിയത് അടുത്തുള്ള വർക് ഷോപ്പിൽ ആണ്,
അവിടെ നിന്ന് പലയിടങ്ങളിലായി പല പല ജോലികൾ, എന്ത് ജോലി എടുത്താലും വേണ്ടില്ല അനിയന്റെ പഠിപ്പ് മുടങ്ങരുത്, കുടുംബവും പട്ടിണി കിടക്കൻ പാടില്ല എന്ന ഒറ്റ ആഗ്രഹമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു..
കുടുംബം നോക്കുന്നതിന്റെ ഇടയിൽ സ്വന്തം ജീവിതം മാത്രം നോക്കാൻ മറന്നു പോയി, പഠിപ്പ് കഴിഞ്ഞു ചെറിയ ജോലി കിട്ടിയപ്പോൾ അനിയൻ അവൻ ഇഷ്ടപ്പെട്ട പെണ്ണിനേയും കൂട്ടി വീട്ടിൽ വന്നു,
ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടി ഇനി എത്രയും പെട്ടെന്ന് ചേട്ടനെയും കെട്ടിക്കണം എന്നായി അമ്മ, പിന്നേ പലയിടങ്ങളിൽ ആയി പെണ്ണ് കാണാൻ പോയി അപ്പോഴാണ് പ്രായം ഒരുപാട് ആയെന്ന സത്യം മനസ്സിലാക്കുന്നത്…” എന്തായി മോനെ പോയിട്ട്…”
സുലൈമാനിക്ക അത് ചോദിക്കുമ്പോൾ ആണ് ചിന്തകളിൽ നിന്ന് ഉണർന്നത്, പോയ കാര്യങ്ങൾ എല്ലാം പറയുമ്പോൾ സുലൈമാനിക്ക ഒന്നും മിണ്ടാതെ അൽപ്പനേരം താടിക്ക് കയ്യും കൊടുത്ത് അങ്ങനെ ഇരുന്നു…
” സ്നേഹിച്ച പുരുഷനെ ചതിക്കാതേ അവനൊപ്പം പോയത് തെറ്റ് ആണെന്ന് പറയാൻ പറ്റില്ല,.. നി ഇത് അങ്ങ് സമ്മതിക്ക്, എന്തായാലും അവള് നിന്നെ ചതിക്കില്ല അത് ഉറപ്പ്…”
സുലൈമാനിക്ക അത് പറയുമ്പോൾ ശരി ആണെന്ന് എനിക്കും തോന്നി. വീട്ടിൽ സംസാരിച്ച ശേഷമാണ് ബ്രോക്കറോട് കല്യാണത്തിന് സമ്മതം ആണെന്ന് വിളിച്ചു പറഞ്ഞത്…
പിന്നെ കാര്യങ്ങൾ പെട്ടെന്ന് നടന്നു, വല്യ ആഡംഭരങ്ങൾ ഇല്ലാതെ ചെറിയ രീതിയിൽ അമ്പലത്തിൽ വച്ച് മീനുവിന്റെ കഴുത്തിൽ താലി കെട്ടി. അന്നും അവളുടെ മുഖത്തിന് പ്രത്യേക ഭവമാറ്റങ്ങൾ ഒന്നും കണ്ടിരുന്നില്ല, അവളുടെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇടയ്ക്ക് മീനുവിന്റെ കണ്ണ് നിറയുന്നത് ശ്രദ്ധിച്ചിരുന്നു…
വീട്ടിൽ വന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പോയി കഴിഞ്ഞാണ് മുറിയിലേക്ക് ചെന്നത്. മുറിയിൽ ചെല്ലുമ്പോൾ നെറ്റിയും തടവി മീനു കട്ടിലിൽ ഇരിക്കുക ആയിരുന്നു..
” യാത്രയും, തിരക്കും, ബഹളവും എല്ലാം കൂടി ക്ഷീണം കാണുമല്ലേ.. കിടന്നോളൂ….”അവളോട് അത് പറയുമ്പോൾ തിരിച്ച് ഒന്ന് മിണ്ടുകയോ മുഖത്ത് നോക്കുകയോ പോലും ചെയ്യാതെ അവൾ കട്ടിലിന്റെ ഒരു വശം ചേർന്ന് കിടന്നു. ഒന്നും മിണ്ടാതെ മറുവശത്ത് ഞാനും കിടന്നു..
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മീനു അടുക്കളയിൽ കയറിയിരുന്നു, അവളുടെ പുറകെ കലപിലസംസാരിച്ച് അനിയന്റെ മക്കളും ഉണ്ടായിരുന്നു. മീനു പെട്ടെന്ന് തന്നെ കുട്ടികളോടും വീട്ടുകാരോടും കൂട്ടായി കഴിഞ്ഞിരുന്നു..
അന്ന് രാത്രി ഞാൻ വന്ന് കിടന്ന ശേഷമാണ് മീനു മുറിയിലേക്ക് വന്നത്, വന്നയുടനെ ലൈറ് അണച്ച് കട്ടിലിന്റെ ഒരു വശം ചേർന്ന് കിടന്നു. ഞാൻ മെല്ലെ കൈകൾ അവൾക്കരികിലേക്ക് നീക്കി,
എന്റെ കൈ മീനുവിന്റെ കയ്യിൽ തടഞ്ഞപ്പോൾ ആ കൈകളിൽ മുറുക്കെ പിടിച്ചു, അല്പനേരം കഴിഞ്ഞും അവളിൽ നിന്ന് പ്രതികരണം ഇല്ലാത്തയപ്പോൾ തല തിരിച്ച് മീനുവിന്റെ മുഖത്തേക്ക് നോക്കി.
പുറത്തെ നിലാവെളിച്ചതിൽ ഞാൻ കണ്ടു കണ്ണുകൾ മുറുക്കെ അടച്ച് കിടക്കുന്ന മീനുവിനെ, മുറുക്കി അടച്ചിരിക്കുന്ന കണ്ണുകളിൽ നിന്ന് കണ്ണീർ പുറത്തേക്ക് ഒഴുകുന്നത് കണ്ടപ്പോൾ ഞാൻ അവളുടെ കയ്യിൽ നിന്ന് പിടിത്തം വിട്ടു…
” സോ…..റി…”അവളോട് അത് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു, അന്ന് രാത്രി ഒരുപാട് സമയം അവളുടെ അടക്കി പിടിച്ച തേങ്ങലുകൾ കേട്ടിരുന്നു,
ഒരു പക്ഷെ അത്രമേൽ സ്നേഹിച്ച പുരുഷനിൽ നിന്ന് കിട്ടിയ ദുരനുഭവങ്ങൾ അവളുടെ മനസ്സിനെ അത്രയേറെ മുറിവേല്പിച്ചു കാണും, എന്ത് പറഞ്ഞണ് അവളെ സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ ഞാനും വിഷമിച്ചിരുന്നു…
പിന്നീടുള്ള ദിവങ്ങളിലും രാത്രി വൈകിയാണ് മീനു മുറിയിലേക്ക് വന്നിരുന്നത്. അവൾ വരുമ്പോൾ ഉറക്കം നടിച്ച് ഞാനും കിടന്നിരുന്നു. ദിവസങ്ങൾ കടന്ന് പോകവെ എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടെങ്കിൽ മിണ്ടുന്നത് അല്ലാതെ വേറെ ഒരു അടുപ്പവും മീനു കാണിച്ചിരുന്നില്ല…
” ഞങ്ങളുടെ പഴയ വീട് അടഞ്ഞു കിടക്കുക അല്ലെ നീയും അവളും അവിടെ വന്ന് താമസിക്, നിങ്ങൾ രണ്ടുപേർ മാത്രം ആകുമ്പോൾ പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച് എല്ലാം പരിഹരിക്കാൻ കഴിയും…”
സുലൈമാനിക്കയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹമാണ് അങ്ങനെ ഒരു നിർദ്ദേശം പറഞ്ഞത്…
” അതല്ലിക്ക കല്യാണം കഴിഞ്ഞയുടനെ വീട്ടിൽ നിന്ന് മാറി താമസിക്കുക എന്ന് പറയുമ്പോൾ, അമ്മയും മഹിയും എന്ത് കരുതും…”
” എന്ത് കരുതാൻ ജീവിതം നിന്റേത് ആണ്, അല്ലെ തന്നെ ഇത്രയും നാൾ സ്വന്തമായി ഒന്നും ഉണ്ടാക്കാതെ അവർക്ക് വേണ്ടി ജീവിച്ചത് അല്ലെ, ഇനി നിനക്ക് വേണ്ടി ജീവിക്ക്, അല്ലേലും ആ വീട് നിന്റെ അനിയന്റെ പേർക്ക് എഴുതി വച്ചേക്കുക അല്ലെ, ഞാൻ നോക്കിയിട്ട് ഇതേ ഒരു വഴി കാണുന്നുള്ളൂ, ഞാൻ ഇന്ന് തന്നെ ആളിനെ വിട്ട് വീട് വൃത്തിയാക്കാനുള്ള ഏർപ്പാട് ചെയ്യാം…”
സുലൈമാനിക്ക പറഞ്ഞത് പോലെ വീട് മാറി നിന്നാൽ ചിലപ്പോൾ അവളിൽ എന്തേലും മാറ്റങ്ങൾ ഉണ്ടാകും എന്ന് എനിക്കും തോന്നി…
” ഞങ്ങൾ അടുത്ത ആഴ്ച്ച വാടക വീട്ടിലേക്ക് മാറും…” അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഞാനത് പറഞ്ഞത്…
” എന്താ ഇപ്പോൾ പെട്ടെന്ന്, അല്ലേ തന്നെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞത് പോലുമില്ല, നാട്ടുകാർ എന്ത് പറയും….” അമ്മ അത് പറഞ്ഞപ്പോൾ മഹിയും അമ്മയെ സപ്പോർട്ട് ചെയ്തു..
” എപ്പോഴയാലും മാറേണ്ടത് അല്ലെ അത് നേരത്തെ ആകാമെന്ന് കരുതി അത്രേയുള്ളൂ…”
അമ്മ മറുപടി എന്തേലും പറയുന്നതിന് മുൻപ് തന്നെ ഞാൻ കഴിച്ച് എഴുന്നേറ്റു. അന്ന് രാത്രിയും മീനു വന്ന് കിടന്നു എന്നല്ലാതെ ഒന്നും മിണ്ടിയിരുന്നില്ല..
രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും സുലൈമാനിക്കയുടെ വീട്ടിലേക്ക് മാറി. ഞങ്ങൾ ചെല്ലുമ്പോൾ സുലൈമാനിക്കയും ഭാര്യയും അവിടെ ഉണ്ടായിരുന്നു…
“വലതുകാൽ വച്ച് കയറിവാ മക്കളെ…”സുലൈമാനിക്കയുടെ ഭാര്യ അത് പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, ചെറിയ വീട് ആണേലും അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉണ്ട്. അന്ന് രാത്രി അത്താഴം സുലൈമാനിക്കയുടെ വീട്ടിൽ നിന്ന് ബിരിയാണി ആയിരുന്നു, അത് കഴിച്ച് തിരികെ വീട്ടിൽ വരുമ്പോൾ മീനുവിന്റെ മുഖത്തെ സന്തോഷവും കുറഞ്ഞിരുന്നു…
” സുലൈമാനിക്ക അച്ഛന്റെ വല്യ സുഹൃത്ത് ആയിരുന്നു, നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പുള്ളിയുടെ ഭാര്യയ്ക്കും മരുമോൾക്കും തയ്യൽ ജോലി ഉണ്ട്, തനിക്കും വേണേൽ അവിടെ ഇരുന്ന് പഠിക്കാം, ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ…”
രാത്രി കിടക്കുമ്പോഴാണ് മീനുവിനോട് അത് പറഞ്ഞത്, മറുപടി ഒരു മൂളലിൽ ഒതുക്കി അവൾ കിടന്നു..
” മേശപ്പുറത്ത് പൈസ ഇരിപ്പുണ്ട് തനിക്കു എന്തേലും സാധനങ്ങൾ വാങ്ങാനുണ്ടേൽ വാങ്ങിക്കോ…”
രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് മീനുവിനോട് അത് പറഞ്ഞത്. കയ്യിൽ ഒരു പൊതി ചോറുമായി അടുക്കളയിൽ നിന്ന് ഓടി വന്ന് അവൾ അത് എനിക്ക് നേരെ നീട്ടി. ചിരിച്ചുകൊണ്ട് ഞാൻ അത് വാങ്ങുമ്പോൾ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നിരുന്നു…
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ അകൽച്ച കുറഞ്ഞു വന്ന് തുടങ്ങി. അതികമൊന്നും മിണ്ടറില്ലെങ്കിലും മുഖത്ത് ആ പഴയ ദേഷ്യമൊക്കെ മാറി തുടങ്ങി. അവൾ എന്നേലും മനസ്സ് തുറന്ന് എന്നെ സ്നേഹിക്കുമെന്ന വിശ്വാസത്തിൽ ആണ് മുന്നോട്ടുള്ള ഓരോ ദിവസവും തള്ളി നീക്കിയത്…
” എന്താ ഇത്ത പതിവില്ലാതെ എല്ലാവരും ഇവിടെ…”പതിവുപോലെ ജോലി കഴിഞ്ഞു വരുമ്പോൾ വീടിന്റെ ഉമ്മറത് സുലൈമാനിക്കയുടെ ഭാര്യയേയും മരുമോളേയും കണ്ടപ്പോൾ ഞാനും ഒന്ന് പരിഭവിച്ചു…” ഒന്നുമില്ലടാ അവൾക്ക് ചെറിയ പനി നി വന്നിട്ട് പോകാമെന്ന് കരുതി നിന്നതാ…”
അത് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് മീനുവിന്റെ അടുക്കലേക്ക് ചെന്നു, ആള് മൂടിപുതച്ച് കിടക്കുകയാണ്, അവൾക്കരികിൽ ചെന്ന് നെറ്റിയിൽ കൈ വച്ചു നോക്കി നല്ല ചൂട് ഉണ്ട്…
” നീ പേടിക്കേണ്ട അത് ഈ കാലാവസ്ഥയുടെയാണ്, ഗുളിക കൊടുത്തിട്ടുണ്ട് ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ കുറയും…”
ഇത്ത അത് പറഞ്ഞു പോകാനായി ഇറങ്ങി,അവർ പോയി കഴിഞ്ഞപ്പോൾ വീണ്ടും മീനുവിന്റെ അടുക്കലേക്ക് ചെന്നിരുന്നു…
” എങ്ങനെ ഉണ്ടിപ്പോൾ,ആശുപത്രിയിൽ പോണോ…” അവളുടെ നെറ്റിയിൽ തടവികൊണ്ട് ചോദിച്ചു..” വേണ്ട ഗുളിക കഴിച്ചാലോ അത് മറിക്കോളും….”
അവൾ ഒന്ന് കൂടി ബെഡ് ഷീറ്റ് പുതച്ച് കിടന്നു. ഞാൻ അടുക്കളയിലേക്ക് പോയി പെട്ടെന്ന് തന്നെ ചുക്കുകപ്പി ഉണ്ടാക്കി തിരികെ അവൾക്കരികിലേക്ക് ചെന്നു…
” താൻ ഈ കാപ്പി ചൂടോടെ കുടിച്ചിട്ട് കിടക്ക്, ഒന്ന് വിയർത്താൽ പനി മറിക്കോളും…”
അവൾക്കരികിൽ ചെന്നിരുന്നു പറയുമ്പോൾ എഴുന്നേൽക്കാൻ മടിച്ചവൾ കിടന്നു. മീനുവിനെ പിടിച്ചെഴുന്നേല്പിച്ച് കട്ടിലിൽ ചാരി ഇരുത്തി ചൂട് കാപ്പി അവൾക്ക് നേരെ നീട്ടി, അത് വാങ്ങി മെല്ലെ ഊതിയാറ്റി അവൾ കുടിക്കുന്നതും നോക്കി ഇരിക്കുമ്പോൾ എന്റെ മുഖത്ത് നോക്കാതെ ഇരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…
കാപ്പി കുടിച്ച് കഴിഞ്ഞ് മീനു വീണ്ടും കിടക്കുമ്പോൾ പുതപ്പ് ഒന്നു കൂടി പുതപ്പിച്ചു കൊടുത്തിരുന്നു. രാത്രി അവൾക്കരികിൽ കിടക്കുമ്പോഴും ഇടയ്ക് ഇടയ്ക്ക് പനിയുണ്ടോ എന്ന് നോക്കിയിരുന്നു….
പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോഴും മീനു ഉറക്കത്തിൽ ആയിരുന്നു. അടുക്കളയിൽ കയറി ചായ ഇടുമ്പോഴാണ് മീനു എഴുന്നേറ്റ് വന്നത്..
” എഴുന്നേറ്റോ എങ്ങനെ ഉണ്ട് പനി…” അതും ചോദിച്ച് നെറ്റിയിൽ കൈ വച്ചു നോക്കിയപ്പോൾ അവൾ മിണ്ടാതെ നിന്നു. ഒരു ഗ്ലാസ് ചായ ഒഴിച്ച് അവൾക്ക് നേരെ നീട്ടിയപ്പോൾ ഒന്നും മിണ്ടാതെ അതും വാങ്ങി അടുക്കളയിൽ കിടന്ന സ്റ്റൂളിൽ ഇരുന്ന് കുടിച്ചു..
” താൻ പോയി കിടന്നോ ഞാൻ കുറച്ച് കഞ്ഞി ഉണ്ടാക്കിയിട്ട് വിളിക്കാം…”ഞാൻ അത് പറയുമ്പോൾ ഒന്നും മിണ്ടാതെ മീനു വീണ്ടും പോയി കിടന്നു. പൊടിയരി കഞ്ഞി വേവാറായപ്പോൾ വീണ്ടും അവളെ ചെന്ന് വിളിച്ചു. മീനു എഴുന്നേറ്റ് പല്ല് തേച്ച് വന്നപ്പോഴേക്കും കഞ്ഞിയും ചമ്മന്തിയും അവൾക്ക് മുന്നിൽ കൊണ്ട് വച്ചു..
” വായ് കയ്പ്പ് കാണും അല്ലേ അത് സരമാക്കണ്ട, എന്തേലും കഴിച്ചില്ലേൽ ക്ഷീണം കൂടുകയെ ഉള്ളു…”
അത് പറയുമ്പോൾ മീനു മിണ്ടാതെ ഇരുന്ന് കഴിച്ച് കഴിഞ്ഞ് പോയി കിടന്നു. ഉച്ച കഴിഞ്ഞ് വെള്ളം ചൂടാക്കി ബാത്റൂമിൽ കൊണ്ട് വച്ചിട്ടാണ് മീനുവിനെ പോയി വിളിച്ചത്ത്…
” വെള്ളം ചൂടാക്കി വച്ചിട്ടുണ്ട് പോയി മേല് കഴുക് അപ്പോൾ ഒന്ന് ഉഷാർ ആകും…”അവൾക്കരികിൽ ഇരുന്ന് പറയുമ്പോൾ അനുസരണയുള്ള കുട്ടിയെ പോലെ മീനു എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു. മേല് കഴുകി ഡ്രെസ്സ് മാറി വന്നപ്പോൾ ആളൊന്നു ഉഷാർ ആയി…
രാത്രിയും അവൾക്കുള്ള കഞ്ഞി ഞാനാണ് വിളമ്പി കൊടുത്തത്, പാത്രങ്ങൾ കഴുകി വയ്ക്കാൻ അടുക്കളയിലേക്ക് നടന്ന മീനുവിനെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞു വിട്ടിട്ട് പാത്രങ്ങൾ എല്ലാം കഴുകി വച്ചു കഴിഞ്ഞാണ് ഞാൻ മുറിയിലേക്ക് ചെന്നത്,
ഞാൻ ചെല്ലുമ്പോൾ അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു. അവൾക്ക് അരികിൽ ഇരുന്ന് നെറ്റിയിലും കഴുത്തിലും കൈ വച്ചുനോക്കി പനി കുറഞ്ഞിട്ടുണ്ട്, ലൈറ്റ് അണച്ച് കട്ടിലിന്റെ ഒരു വശം ചേർന്ന് ഞാനും കിടന്നു..
” ഉറങ്ങിയോ….” മീനുവിന്റെ നേർത്ത ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞ് അവളെ നോക്കിയത്. അവൾ എന്റെ അരികിലേക്ക് ചേർന്ന് വന്നിരുന്നു…
” എന്നെയൊന്ന് ചേർത്ത് പിടിക്കുമോ…” അവൾ തല കുമ്പിട്ട് പറയുമ്പോൾ ഒരു ചിരിയോട് കൂടി ഞാൻ അവളെ ചേർത്ത് പിടിച്ചു. നെഞ്ചിലേക്ക് മുഖം ചേർത്ത് കിടക്കുമ്പോൾ അവളൂടെ കണ്ണുനീർ കൊണ്ടെന്റെ നെഞ്ച് നനഞ്ഞു…
” ഏയ് എന്തിനാ കരയുന്നത്…” മീനുവിന്റെ തലമുടിയിൽ തടവികൊണ്ടാണ് ചോദിച്ചത്…” എനിക്ക് എല്ലാവരെയും പേടിയാണ്…അന്ന് അവനിൽ നിന്ന് നേരിട്ട അനുഭവങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….. എനിക്ക്…….”
അവൾ പറഞ്ഞ് മുഴുവിക്കും മുൻപേ പൊട്ടി കരഞ്ഞു തുടങ്ങി. കരഞ്ഞ് തീരുംവരെ അവളെ മുറുക്കെ ചേർത്ത് പിടിച്ചിരുന്നു…
” അതൊക്കെ കഴിഞ്ഞു, ഇനിയും അത് ഓർത്ത് ഇരിക്കാതെ മറക്കാൻ ശ്രമിക്കണം, താൻ മനസ്സ് കൊണ്ട് എന്നെ ആഗ്രഹിക്കുന്നത് വരെ ഞാൻ കാത്തിരുന്നോളം….”
അത് പറഞ്ഞവളെ ഒന്നുകൂടി എന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്നിലേക്ക് പറ്റിച്ചേർന്ന് കിടന്നു….