പ്രതികരിച്ചാൽ ആ ദേഷ്യം ബെഡ് റൂമിൽ തീർക്കാൻ പോലും അവൻ മടിച്ചില്ല……. “ഇതൊക്കെ എല്ലാവരും സഹിക്കുന്നതാ…

താലി
(രചന: അഥർവ ദക്ഷ)

അവൾ അമ്പല നടയിൽ തൊഴു കൈകളുമായി നിന്നു…… മനസ് ശൂന്യമായിരുന്നു ഇനി പറയാൻ ആകുലതകളും… സങ്കടങ്ങളും ഇല്ല എന്ന പോലെ അവൾ ഏറെ നേരെ ആ നിൽപ്പ് നിന്നു….

“ഇത് വരെ എന്റെ ജീവിതത്തിൽ നീ വിധിക്കും പോലെയേ എന്തും നടന്നിട്ടുള്ളൂ…. അത് ഇനിയും അങ്ങനെയാവട്ടെ…. എന്തും നേരിടാനുള്ള ധൈര്യം എന്നിൽ നിറയ്ക്കണേ…..”

കണ്ണുകൾ അടച്ച് ഒരു നിമിഷം കൂടി പ്രാർഥിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു…..

തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി മുന്നോട്ട് നടക്കുമ്പോൾ… അവളുടെ ഉള്ളിൽ എന്തൊക്കെയോ കത്തി അമരുന്നുണ്ടായിരുന്നു….

ഇല ചീന്തിൽ നിന്നും എടുത്ത കുങ്കുമം താലിയിൽ തൊടുവാൻ ഒരുങ്ങവേ പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ കൈ പിൻ വലിച്ചു…..

“എല്ലാം നശിപ്പിച്ചില്ലേ…. എത്രയോ ഒതുങ്ങി നിന്നതാണ്.. എന്തൊക്കെ സഹിച്ചു …… എന്നിട്ടും…..”അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

മനസ്സിലെ സങ്കടം കൂടുന്നതനുസരിച്ചാകാം അവളുടെ നടത്തതിന്റെ വേഗതയും കൂടി വന്നു…വീട്ടിൽ തനിക്കായി ഒരുങ്ങുന്നത് എന്താകാം എന്നവൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു…….

വീടിന്റെ പടി കടന്ന് അകത്തേക്ക് നടക്കുമ്പോൾ അവൾ കണ്ടു മുറ്റത്ത് ഇരിക്കുന്ന ധ്യാനിന്റെ ബൈക്ക്….. തന്റെ നെഞ്ചിടിപ്പ് കൂടുന്നത് രേവതി അറിഞ്ഞു…..

അവൾ ഒന്ന് നിന്നു….. തനിക്ക് തന്റെതായ ശരികളുണ്ടാകാം പക്ഷേ എല്ലാവരുടെയും മുന്നിൽ താൻ തെറ്റ് തന്നെയാണ്…. ഭർത്താവിനെ വഞ്ചിച്ചവൾ……

അകത്തേക്ക് ചെല്ലുമ്പോൾ ധ്യാൻ ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്…. അവന്റെ അമ്മ താടിയിൽ കൈയൂന്നി മകനെയും നോക്കി നിൽക്കുന്നുണ്ട്…..

“വന്നല്ലോ… അഴിഞ്ഞാട്ടക്കാരി…. നിന്റെ ഇഷ്ടക്കാരനെ കാണാൻ പോയതാണോടി….”അവളെ കണ്ടതും ഭാരതി ചുണ്ട് കോടി ചിരിച്ചു……

അപ്പോളാണ് ധ്യാൻ അവൾ വന്നിരിക്കുന്നത് കാണുന്നത്…. അവളെ കണ്ടതും അവൻ പാഞ്ഞ് രേവതിയുടെ അടുത്തേക്ക് വന്നു….. ദേഷ്യത്തോടെ അവൻ അവളുടെ ഇരു കവിളിലും ആഞ്ഞു തല്ലി……

“ചതിക്കുവായിരുന്നു… അല്ലേടി…”എന്നിട്ടും ദേഷ്യം തീരാതെ അവൻ അവളുടെ മുടിയിൽ കുത്തി പിടിച്ച് ആഞ്ഞു തള്ളി….. കസേരയിൽ തട്ടി വീണ് രേവതിയുടെ നെറ്റി മുറിഞ്ഞ് ചോ ര കിനിച്ചു…..

“വേണ്ട മോനെ…. എന്തേലും പറ്റി പോയാൽ അതിനും നമ്മൾ സമാധാനം പറയണം…..”വീണ്ടും അവളെ തല്ലാൻ ഒരുങ്ങിയ അവനെ അമ്മ തടഞ്ഞു…..

“ഇവളെ കൊന്നിട്ട്… ജയിലിൽ പോകേണ്ടി വന്നാലും പോകും ഞാൻ… അങ്ങനെ എന്നെ ഒന്നിനും കൊള്ളാത്തവൻ ആക്കേണ്ട….”അവൻ വീണ്ടും അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു….

നിലത്ത് വീണിടത്തു നിന്നും എഴുനേറ്റ് നിൽക്കാൻ ശ്രെമിക്കുവായിരുന്ന അവളെ അവൻ വീണ്ടും തള്ളി താഴെയിട്ടു….. അവളുടെ കവിളിൽ കുത്തി പിടിച്ചു…..

അപ്പോളേക്കും ധ്യാനിന്റെ അനിയൻ ധനേഷ് അവിടേക്ക് വന്ന്… അവനെ ബലമായി അവിടെ നിന്നും പിടിച്ചു കൊണ്ട് പോയി……

“നശിച്ചവൾ…. രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് എന്ത് സുഖം തേടിയാടി നീ വേറെ പോയത്….” ഭാരതി അവളെ ശാപവാക്കുകൾ പറഞ്ഞ് കൊണ്ട് അകത്തേക്ക് പോയി…..

രേവതി ഹാളിന്റെ ഒരു സൈഡിലേക്ക് ഒതുങ്ങി…. കാലുകളിൽ തലയൂന്നി കുനിഞ്ഞിരുന്നു….. മനസും ശരീരവും ഒരു പോലെ നീറി പുകയുകയായിരുന്നു……

“എന്ത് സുഖം തേടിയാണ് വേറെ പോയത്…” ആ ചോദ്യം അവളിൽ ചിരിയുളവാക്കി

സാധാരണയിൽ… സാധാരണ കുടുംബത്തിലെ ഇളയ മകൾ അതായിരുന്നു രേവതി…. അച്ഛൻ ഇല്ലാത്ത കുടുംബം.. മുന്നോട്ട് കൊണ്ട് പോയിരുന്നത് അവളുടെ സഹോദരനും അമ്മയും ചേർന്നാണ്….

പ്ലസ് ടു കഴിഞ്ഞപ്പോളാണ് ധ്യാനിന്റെ ആലോചന അവൾക്ക് വരുന്നത്…. രേവതിക്ക് ഇഷ്ട്ട കുറവൊന്നും ഇല്ലായിരുന്നു… അങ്ങനെ ഭേദപ്പെട്ട രീതിയിൽ ആ വിവാഹം നടന്നു…..

ധ്യാനിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനുമാണ് ഉണ്ടായിരുന്നത് ഏതാനും മാസങ്ങൾ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ അങ്ങ് കടന്നു പോയി…..

മാസങ്ങൾ കടന്നു പോകുന്തോറും ചില ദുശീലങ്ങൾ ധ്യാനിൽ കണ്ട് തുടങ്ങി… ആദ്യം ആദ്യം… ചെറിയ രീതിയിൽ തുടങ്ങിയ മ ദ്യപാനം പിന്നെ നിത്യേന ആകുകയായിരുന്നു…..

മ ദ്യപിച്ചാൽ അവൻ മറ്റൊരാളാണ്… കാരണമില്ലാതെയുള്ള ഉപദ്രവവും.. ചീത്ത പറച്ചിലും….. എല്ലാം കണ്ട് പേടിച്ചു കരയുകയല്ലാതെ എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു……

“കല്യാണത്തിന് മുന്നേ ഇതിലും കഷ്ട്ടം ആയിരുന്നു.. വഴിയിൽ വീണ് കിടന്നിട്ടൊക്കെ എത്രയോ വട്ടം എടുത്തു കൊണ്ട് വന്നിരിക്കുന്നു…. കുറേ നാൾ നിറുത്തിയപ്പോൾ ഇനി കഴിക്കില്ലന്ന് കരുതി….”

ഒരിക്കൽ അയൽപ്പക്കത്തെ ചേച്ചി പറയുന്നത് കേട്ട് അവൾ നല്ല രീതിയിൽ ഞെട്ടി…..

കരഞ്ഞിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയതോടെ… അവൾ സ്നേഹത്തോടെ അവനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു അതിലും ഫലം കാണുന്നില്ലന്ന് കണ്ടപ്പോൾ…

നല്ല രീതിയിൽ പ്രതികരിച്ചു നോക്കി… വീട്ടിലേക്ക് പിണങ്ങി പോയി നോക്കി… പക്ഷേ ഒന്നിലും ധ്യാൻ മാറിയില്ല……

ഓരോ വട്ടം പിണങ്ങി പോകുമ്പോളും… മോഹന വാക്കുകളുമായി അവൻ അവളെ തേടിയെത്തും… താലികെട്ടിയവനെ വിശ്വസിച്ച് അവൾ അവന്റെ കൂടെ തിരികെ പോരുകയും ചെയ്യുമായിരുന്നു…..

കുട്ടികൾ രണ്ടായി…. വർഷങ്ങൾ കഴിയുന്തോറും സംശയവും ചീത്ത പറച്ചിലും കൂടി വന്നു പ്രതികരിച്ചാൽ ആ ദേഷ്യം ബെഡ് റൂമിൽ തീർക്കാൻ പോലും അവൻ മടിച്ചില്ല…….

“ഇതൊക്കെ എല്ലാവരും സഹിക്കുന്നതാ മോളെ… കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചേ പറ്റൂ….” സങ്കടങ്ങൾ പറഞ്ഞവരൊക്കെ അവളെ ഉപദേശിച്ചു…..

പെൺ സുഹൃത്തുക്കളോട് സംസാരിച്ചാൽ പോലും സംശയം…..പാട്ടുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് അത് കേൾക്കാൻ പോലും അവിടെ അവകാശമില്ലായിരുന്നു….

“ആരാണാവോ… ഇപ്പോൾ മനസ്സിൽ….”ഇഷ്ട്ടമുള്ള ഒരു പ്രണയ ഗാനം കേട്ടാൽ ധ്യാനിന്റെ സ്‌ഥിരം ചോദ്യമാണ്… പിന്നെ അതിന്റെ പേരിൽ മ ദ്യപിച്ച് വന്ന് അവളെ ചീത്ത പറയുമായിരുന്നു….

ഒരിക്കൽ സഹികെട്ടപ്പോൾ അവൾ അമ്മയോട് പരാധി പറഞ്ഞു… അമ്മയുടെ മറുപടിയാണ് ശെരിക്കും അവളെ ഞെട്ടിച്ചത്….

“അവന് ഇഷ്ടമില്ലാത്തത് നി എന്തിന് ചെയ്യുന്നു…”അതോടെ അവൾക്ക് ഒന്നു മനസിലായി തന്നെ ഇയാൾക്ക് കൊടുത്തത്തിനൊപ്പം… ഇവർ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടി അയാൾക്ക് തീറെഴുതി…

ആരോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലാക്കിയത് കൊണ്ടാകാം പിന്നെയവൾ എല്ലാവർക്കും മുന്നിൽ മൗനമായി….. സഹികെടുമ്പോൾ പ്രതികരിച്ചും… സ്വയം പഴിച്ചും അവൾ ദിവസങ്ങൾ തള്ളി നീക്കി…

കുഞ്ഞുങ്ങളുടെ കാര്യങ്ങൾക്ക് മാത്രം അവൾ വിട്ട് വീഴ്ച ചെയ്യില്ലായിരുന്നു… അവളുടെ ആവശ്യങ്ങൾ ജീവൻ നിലനിർത്താനുള്ള ആഹാരവും… നാണം മറയ്ക്കാനുള്ള വസ്ത്രവുമായി ഒതുങ്ങി….

ജനിച്ചത് കൊണ്ടും ജന്മം നൽകിയത് കൊണ്ടും മാത്രം ജീവിച്ച് പോകുമ്പോളാണ്….ഒരിക്കൽ കുഞ്ഞിന്റെ പിക് പോസ്റ്റ്‌ ചെയ്യാനായി ധ്യാനിന്റെ fb യിൽ കയറിയ രേവതി ഒരു കഥ വായിക്കുന്നത്……

കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൾ ഒറ്റയിരിപ്പിന് അത് വായിച്ചു തീർത്തു….. ഫോൺ റീചാർജ് ഒന്നും ചെയ്തു കൊടുക്കാത്തത് കൊണ്ട് തന്നെ നൈറ്റ്‌ ധ്യാൻ വന്നിട്ടായിരുന്നു വായനകൾ അത്രയും….

ആയിടയ്ക്ക് ആണ് കോവിഡിന്റെ വരവ് അതോടെ മകന്റെ ക്ലാസ്സ്‌ ഓൺലൈൻ ആയി… ഫോൺ ചാർജ് ചെയ്യാൻ തുടങ്ങിയതോടെ തനിക്കും എന്ത് കൊണ്ട് ഒരു അക്കൗണ്ട് തുടങ്ങിക്കൂട എന്ന് അവൾ ചിന്തിക്കുന്നത്…..

അങ്ങനെ അക്കൗണ്ട് തുടങ്ങി… വായനയും എത്ര പാർട്ട് വേണമെങ്കിലും അവൾ ഇരുന്ന ഇരുപ്പിൽ വായിച്ചു തീർക്കും… വായിക്കുന്നതിന് കമന്റ്‌ ചെയ്യാനും അവൾ മറന്നില്ല…..

അങ്ങനെ കമന്റ്‌ ബോക്സിൽ തുടങ്ങിയ ഒരു സൗഹൃദം ദക്ഷ്‌….. വർഷങ്ങൾക്ക് ശേഷം തന്നെ കേൾക്കാൻ ഒരാളിനെ കിട്ടിയ സന്തോഷം.. ആശ്വാസം……

ദക്ഷ് അവന്റേത് ഒരു ബിസിനസ്‌ ഫാമിലി ആയിരുന്നു സമ്പന്ന കുടുംബം….പക്ഷേ അച്ഛന്റെ വാക്കുകൾക്ക് അത് തെറ്റായാലും ശെരിയായാലും എതിർവാക്ക് പറയാൻ ആ വീട്ടിൽ അവകാശമില്ലായിരുന്നു…..

മക്കളെ തന്റെ ബിസിനസ്സിൽ ഇടപെടുത്തിയാൽ അവർ തന്നേക്കാൾ വളരുമോ എന്ന ഈഗോ അതൊക്കെ ആ വീട് അവന് നരക തുല്യമായിരുന്നു……

ബിസ്നെസ്സിൽ താൽപ്പര്യമുള്ള അവന് അച്ഛന്റെ പ്രവർത്തികൾ വലിയ നിരാശ തന്നെയായിരുന്നു…

പതിയെ… പതിയെ… എല്ലാം അവൾ അവനോട് തുറന്നു പറയാൻ തുടങ്ങി…. കുഞ്ഞായിരുന്നപ്പോൾ മുതൽ അമ്മ സഹിക്കുന്ന അച്ഛന്റെ ക്രൂരതകൾ കണ്ട് വളർന്നത് കൊണ്ടാകാം….

അവളെ ശ്രെദ്ധയോടെ കേട്ടും അവളെ ആശ്വാസിപ്പിച്ചും അവൻ അവളുടെ കൂടെ നിന്നു….

ഒരു പുനർജ്ജന്മ ബന്ധം പോലെ ആയിരുന്നു അവർ തമ്മിലുള്ള അടുപ്പം… സൗഹൃദമെല്ലാ പരസ്പരം തോന്നുന്നത് എന്ന് ഇരുവർക്കും അറിയാമായിരുന്നു…..

ആർക്കും ഒരു രീതിയിലും നാണക്കേട് വരുത്തി വെയ്ക്കില്ല…. കുഞ്ഞുങ്ങളെ മറന്ന് ഒന്നും ചെയ്യില്ല എന്നൊരു തീരുമാനം ഇരുവരും എടുത്തിരുന്നു….

Psc ടെസ്റ്റ്‌ ഒക്കെ എഴുതാനും.. പഠിക്കാനും ഒക്കെ ദക്ഷ് അവളെ നിർബന്ധിച്ചു കൊണ്ടിരുന്നു….അവളുടെ കൊഴിഞ്ഞു പോയ പല സ്വപ്നങ്ങളും അവൻ വീണ്ടും വിരിയിച്ചു തുടങ്ങി…….

ഇപ്പോൾ അവൾക്ക് കിട്ടിയ ജോലി പോലും അവൻ പകർന്നു നെൽകിയ ധൈര്യത്തിൽ നിന്നായിരുന്നു….

പലവട്ടം വേണ്ടായെന്ന് വെയ്ക്കാൻ ശ്രെമിച്ചെങ്കിലും അപ്പോളെല്ലാം അവൻ അവളിലേക്കും… അവൻ അവളിലേക്കും കൂടുതൽ അടുക്കുകയാണ് ചെയ്തത്………

രണ്ട് വർഷം അതിവേഗം കടന്നു പോയി… അതിനിടയിൽ പല തവണ അവർ നേരിൽ കണ്ടു… കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വരും വഴി അവർ തമ്മിൽ സംസാരിച്ചു നിൽക്കുന്നത് ധ്യാനിന്റെ ഒരു സുഹൃത്ത് കാണാൻ ഇടയായി….

ഇതിന് മുന്നേയും അയാൾ അവരെ ഒന്നിച്ച് കണ്ടിട്ടുണ്ടെന്ന് അറിഞ്ഞതോടെ….ധ്യാനിന് സംശയം വർധിച്ചു…

ജോലി സംബന്ധമായി വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്ന അവൻ ഉടനെ തന്നെ ധനേഷിനെ വിളിക്കുകയു.. രേവതിയുടെ ഫോൺ ചെക്ക് ചെയ്യാൻ പറയുകയും ചെയ്തു….

ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്ന രേവതിയിൽ നിന്നും ധനേഷ് ഫോൺ തമാശ രൂപേണെ പിടിച്ചു വാങ്ങിയതോടെ…. രേവതിയും ദക്ഷും തമ്മിലുള്ള റിലേഷൻ അവൻ ഉറപ്പിക്കുകയായിരുന്നു….

“ഡി…..”ഒരു അലർച്ചയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്……

രേവതി തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ കലിതുള്ളി നിൽക്കുന്ന അവളുടെ ഏട്ടൻ….. കൂടെ അമ്മാവനും അമ്മായിയുമുണ്ട്….. അവരുടെ പിറകെ ധ്യാനിന്റെ അമ്മാവനും… വലിയച്ഛനുമൊക്കെ അകത്തേക്ക് വന്നു…..

രതീഷ് അവളെ തല്ലാൻ കൈ പൊക്കി എങ്കിലും അമ്മാവനും മറ്റും ചേർന്ന് അവനെ തടഞ്ഞു… എല്ലാവരും ആ ഹാളിൽ ഇരുന്നു……

നീണ്ട നിശബ്ദത….. രേവതിയെ തെറി പറഞ്ഞു കൊണ്ട് ധ്യാൻ തന്നെ എല്ലാവരോടുമായി കാര്യങ്ങൾ വിശദമാക്കി…. അപ്പോളും അവൾ നിലത്ത് ചടഞ്ഞിരിക്കുകയായിരുന്നു…..

“കുഞ്ഞുങ്ങൾ എവിടെ….”ആരോ മക്കളെ തിരക്കുന്നത് അവൾ കേട്ടു…..

“അവനെ കഴിഞ്ഞ ദിവസം അപ്പച്ചി കൊണ്ട് പോയി….”ധനേഷാണ് പറഞ്ഞത്……

“രേവതി….. നിനക്കും മക്കൾക്കും വേണ്ടിയല്ലേ അവൻ ഈ രാത്രിയെന്നോ പകലന്നോ ഇല്ലാതെ കഷ്ടപ്പെടുന്നേ….. എങ്ങനെ തോന്നി നിനക്കിങ്ങനെയൊക്കെ…..” അമ്മായി അവളെ നോക്കി നെടുവീർപ്പിട്ടു……

“ഒരിടത്തും ഒതുങ്ങാതെ അക്കരപ്പച്ച തേടി പോകുന്നവരൊക്കെ നശിച്ചിട്ടേയുള്ളൂ….”ദേഷ്യത്തോടെ വലിയമ്മ അവളെ നോക്കി……

“ഇവളൊക്കെ നശിക്കണം… ഇപ്പോൾ എങ്കിലും എന്റെ കുഞ്ഞ് ഇതറിഞ്ഞത് കൊണ്ട്… അല്ലേൽ ആ പൈതങ്ങളേയും… എന്റെ മോനെയും കൊല്ലില്ലായിരുന്നു എന്ന് ആര് കണ്ടു….” ഭാരതി അവളെ നോക്കി പല്ലു ഞെരിച്ചു….

“എന്റെ കുഞ്ഞുങ്ങളെ ഞാൻ നൊന്ത് പ്രസവിച്ചതാ…. അവരെ … അവരെ ഓർത്താ ഞാൻ പലതും സഹിച്ചെ….”

അത്‌ വരെ മിണ്ടാതെ ഇരുന്ന രേവതി അവിടെ നിന്നും ചാടിയെഴുനേറ്റ് ഭാരതിക്ക് നേരെ തിരിഞ്ഞു….,..

“നൊന്ത് പ്രസവിച്ചൂത്രേ….. കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടുമ്പോൾ ഓർത്തോ നി ഇത്….”അവർ അവളെ പരിഹസിച്ചു…

“ഞാൻ ആരുടെയൊക്കെ കൂടെയാണ് അഴിഞ്ഞാടിയിട്ടുള്ളത് നിങ്ങൾക്ക് പറയാമോ….”

“ഡി… മതി….. താലി കെട്ടിയവനെ ചതിച്ചിട്ടും അവൾ നിന്ന് തുള്ളൂന്നത് കണ്ടോ…”ധ്യാൻ അവളുടെ അടുത്തേക്ക് പാഞ്ഞു….

“തൊട്ട് പോകരുത് എന്നെ….. എന്റെ മനസ്സിൽ മറ്റൊരാൾ വന്നിട്ടുണ്ടേൽ അത്‌ നിങ്ങൾ എന്റെ മനസ്സിൽ ഇല്ലാ എന്നുള്ളത് കൊണ്ടാണ്….”തന്നെ തല്ലാൻ വന്ന ധ്യാനിന് നേരെ അവൾ വിരൽ ചൂണ്ടി…

“വെറുപ്പിച്ച്… വെറുപ്പിച്ച്.. നിങ്ങൾ തന്നെ ഇല്ലാതാക്കിയതാണ്… എനിക്ക് നിങ്ങളോടുള്ള സ്നേഹം… കഴുത്തിൽ അണിയിക്കുന്ന താലി കൊപ്പം മനസിന്‌ മീതെയും ആ താലി ചേർത്തു വെയ്ക്കും ഒരു പെണ്ണ്…..

അത്‌ മനസ്സിൽ നിന്നും എന്ന് കൈമോശം വന്നു പോകുന്നോ അന്ന് മുതൽ കഴുത്തിൽ അനിഞ്ഞിരിക്കുന്ന ഈ മഞ്ഞ ലോഹം വെറുമൊരു ആഭരണം മാത്രമാണ്…” അവൾ കഴുത്തിൽ കിടക്കുന്ന മാല പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു

“അങ്ങനെ ആയിരുന്നെങ്കിൽ ഒഴിഞ്ഞു പോകണമായിരുന്നെടി…. അല്ലാതെ ഇവന്റെ ചിലവിൽ ജീവിച്ചു കൊണ്ടല്ല മറ്റൊരുത്തന്റെ പിറകെ പോകേണ്ടത്…..” ധ്യാനിന്റെ അമ്മായി മുന്നോട്ട് വന്നു….

“എത്ര വട്ടം… എത്ര വട്ടം.. നിങ്ങളോടും എന്റെ വീട്ടുകാരോടും പറഞ്ഞു ഞാൻ എനിക്കിവിടെ പറ്റുന്നില്ലന്ന്…. എന്റെ പറഞ്ഞു തിരുത്താനും..

ഇങ്ങനെയാണ് ജീവിക്കുന്നത് എന്ന് അടിച്ചേൽപ്പിക്കാനും അല്ലാതെ എന്തെങ്കിലും ചെയ്തോ ആരേലും…..” രേവതി എല്ലാവരെയും മാറി മാറി നോക്കി…

“പിന്നെ എന്നെ നോക്കിയതിന്റെ കണക്കാണ് ഇപ്പോൾ പറഞ്ഞതെങ്കിൽ… ഇയാൾക്കും കുടുംബത്തിനും വേണ്ടി ഞാനും തേഞ്ഞിട്ടുണ്ട്…

കഷ്ട്ടപ്പെട്ടു വാങ്ങിയ ജോലി അതിന്റെ സാലറി പോലും എന്റെ കൈയ്യിൽ കിട്ടിയിട്ടില്ല…. എന്റെ ATM കാർഡ് പോലും ആരുടെ കൈയ്യിലാണെന്ന് തിരക്ക്….5രൂപ വേണേൽ ഇയാൾക്ക് മുന്നിൽ കൈ നീട്ടണം….”അവൾ നിന്നു കിതച്ചു

എല്ലാവരും ഒരു നിമിഷം ശാന്തമായെങ്കിലും വീണ്ടും കുറ്റപ്പെടുത്തലും… തർക്കങ്ങളും തുടർന്നു……

“തൽക്കാലം അവളെ വീട്ടിലേക്ക് കൊണ്ട് പോകുക…. അവന്റെ മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്നിട്ട് തീരുമാനിക്കാം ബാക്കി എന്തും….. ഇതൊക്കെ പുറത്തു പോയാൽ കുടുംബത്തിന് മൊത്തത്തിലാ നാണക്കേട്….”

അവസാനം എല്ലാവരോടും താക്കീത് എന്നപോലെ പറഞ്ഞ് വലിയമ്മാവൻ തന്നെ കാര്യങ്ങൾക്ക് തല്ക്കാല തീരുമാനമാക്കി….

അമ്മയ്ക്കും ചേട്ടനും ഒപ്പം വീട്ടിലേക്ക് തിരിക്കുമ്പോൾ കൂടെ മക്കളെയും കൂട്ടിയിരുന്നു…

ചുറ്റും നടക്കുന്നതൊന്നും അറിയാതെ അമ്മ വീട്ടിൽ പോകുന്ന സന്തോഷത്തിൽ ആയിരുന്നു അവർ….രേവതിയുടെ അമ്മ കുഞ്ഞിങ്ങളെ നോക്കി കണ്ണുകൾ തുടച്ചു…..

“നി ഈ മക്കളെ കുറിച്ചോർത്തോ….”

“അത്‌ കൊണ്ട് മാത്രമാണ് ഞാനിപ്പോളും ജീവിച്ചിരിക്കുന്നെ…..”പുറത്തേക്ക് നോക്കി കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു….

വീട്ടിൽ എത്തിയത് മുതൽ തുടങ്ങി ഇടവലം നിന്നുള്ള എല്ലാവരുടെയും ഉപദേശം….. എല്ലാം സഹിച്ചേ പറ്റൂ… ഇതെല്ലാതെ മറ്റൊന്നും ആർക്കും പറയാനില്ലായിരുന്നു……

അവിടെ അവൾക്ക് ആശ്വാസം ഏട്ടന്റെ ഭാര്യയായാ അശ്വതി മാത്രമായിരുന്നു…… അവൾ രേവതിയോട് എല്ലാം ക്ഷമയോടെ ചോദിച്ചു മനസിലാക്കി…. കണിശക്കാരിയായ ആരോടും അതികം സംസാരിക്കാത്ത ഏട്ടത്തിയുടെ മനസ്സ് അന്നവൾ അടുത്തറിഞ്ഞു…..

“നിങ്ങൾ എല്ലാവരും ചേർന്നാ അവളെ ഇങ്ങനെ ഒരു അവസ്ഥയിലാക്കിയത്…..” എല്ലാം കേട്ട ശേഷം അശ്വതി പറഞ്ഞു….

“നീയും അവളെ ന്യായികരിക്കുകയാണോ….” രതീഷ് ഭാര്യയെ ദേഷ്യത്തോടെ നോക്കി….

“രതീഷേട്ടാ… ഇതിലെ ശെരിയും…തെറ്റും വേർതിരിക്കുക അത്ര എളുപ്പമൊന്നും അല്ല… മനസാണ് ഒരുപാട് തല്ലി കഴിയുബോൾ അതിനും പദം വന്നു പോകും…”അവൾ ശാന്തമായി പറഞ്ഞു

“അവർ തമ്മിൽ വേറെ എന്തെങ്കിലും….” അമ്മായി ശബ്ദം താഴ്ത്തി തിരക്കി….

“എന്ത്…..”അവൾ നെറ്റി ചുളിച്ചു…..

“അല്ലാ ഇങ്ങനെയുള്ള ബന്ധം ആകുമ്പോൾ….”

“ഓ… അങ്ങനെ… അമ്മായി ശരീരത്തിനപ്പുറം മനസ്സ് എന്ന് പറയുന്ന ഒന്നുണ്ട്…. അതൊന്നും പറഞ്ഞാൽ ആർക്കും മനസിലാകില്ല….”അശ്വതിക്ക് പുച്ഛം തോന്നി…..

“അതിന്… നി എന്തിനാ എന്റെ നേരെ ചാടുന്നെ..2പിള്ളേരുള്ള പെണ്ണിന്റെ പിറകെ വരുന്ന…ഇങ്ങനെയുള്ളന്മാരുടെ ഉദ്ദേശം എന്താണെന്ന് ആർക്കാ അറിയാത്തെ “അമ്മായി ദേഷ്യത്തോടെ പിറുപിറുത്തു….

“അവളുടെ ഭർത്താവ് എന്ന് പറയുന്ന ആ മാന്യൻ ചെയ്യുന്ന അത്രയും എന്തായാലും വേറെ ആരും ചെയ്യില്ല….”അവൾ അവരെ നോക്കി പരിഹാസത്തോടെ നോക്കി….

രേവതിയുടെ വീട്ടിൽ താനുമായുള്ള റിലേഷൻ അറിഞ്ഞെന്നും മറ്റും…. ഒരു ഫ്രണ്ട് വഴിയാണ് ദക്ഷ്‌ അറിയുന്നത്…..

അതിനു പിറകെ രതീഷിന്റെ സുഹൃത്ത് ജിജോയുടെ ഫോൺ ഫോൺ കാളും അവനെ തേടിയെത്തി…..

ഇനി ഈ റിലേഷൻ തുടരുത് എന്ന് തന്നെയായിരുന്നു അവരുടെ ആവിശ്യം…. ധനേഷ്.. രതീഷിന്റെ കൈയ്യിൽ കൊടുത്ത രേവതിയുടെ ഫോണിൽ നിന്നുമാണ് അവർക്ക് ദക്ഷിന്റെ കോണ്ടാക്ട് നമ്പർ കിട്ടുന്നത്……

പലവട്ടം ധ്യാൻ ചോദിച്ചെങ്കിലും കൂടുതൽ പ്രേശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ധനേഷ് ആ നമ്പർ അവനു നെല്കിയില്ല…..

ജിജോയുമായി സംസാരിച്ചു കഴിഞ്ഞതിനുശേഷം ദക്ഷ്‌ പെട്ടന്നൊരു തീരുമാനം എടുക്കാനാകാതെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

അവന്റെ മനസ്സ് നിറയെ അപ്പോൾ രേവതിയുടെ മുഖമായിരുന്നു….. ഇത്‌ വരെ താൻ പരിചയപ്പെട്ട പെൺകുട്ടികളിൽ ഏറ്റവും നല്ല കുട്ടി ആയിരുന്നു അവൾ….

ശാന്തമായും ….വളരെ സൗമ്യമായും ഇടപഴകുന്ന പ്രകൃതം… കൂട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടു നിന്നിരുന്ന അവൾ തന്നോട് അതിവേഗത്തിൽ അടുത്തു……

അവളുടെ മനസ്സിലെ സങ്കടങ്ങൾ മാത്രമല്ല…. അവളുടെ സ്വപ്നങ്ങളും. ഇഷ്ട്ടങ്ങളും എല്ലാം അവന് മനപ്പാടമായിരുന്നു……

അവന്റെ സങ്കടങ്ങളും ടെൻഷനും എല്ലാം ഒരു നിമിഷം കൊണ്ട്… അല്ലേൽ ഒരു വാക്ക് കൊണ്ട് അവൾ ഇല്ലാതാക്കിയിരുന്നു….

ഒരു രീതിയിൽ ഉള്ള കളങ്കവുമില്ലാതെ… തിരിച്ചൊന്നും ആഗ്രഹിക്കാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന അവൾ അവന് ഒരു അത്ഭുതം തന്നെ ആയിരുന്നു…..

ഇടയ്ക്കവൾ തന്റെ അമ്മയെ പോലെ തന്നെ സംസാരിക്കുമായിരുന്നു….. ഇടയ്ക്കൊ കണിസാശക്കാരിയായ ഭാര്യയും.. കാമുകിയുമായിരുന്നു…. മറ്റു ചിലപ്പോൾ താന്റെ വാക്കുകൾ കേട്ട് ഏങ്ങി കരയുന്ന കുഞ്ഞുമായിരുന്നു…..

തന്റെ ദേഷ്യവും സങ്കടവും എല്ലാം പലവട്ടം ആ മനസ്സിലേക്ക് അവൻ ഇറക്കി വെച്ചിട്ടുണ്ട്… അന്നൊക്കെ ക്ഷമയോടെ അവനെ കേട്ട് കൂടുതൽ ചേർന്നു നിന്നിട്ടേയുള്ളൂ പെണ്ണ്…..

“രേവൂ…. പുറത്താരെങ്കിലും ഈ റിലേഷൻ അറിഞ്ഞാൽ അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….” ഒരിക്കൽ അവൻ അവളോട് തിരക്കി….

“ഇല്ല…. ഒരാളും അംഗീകരിക്കില്ലന്ന് എനിക്ക് നന്നായി അറിയാം….”അവൾ മറുപടി കൊടുത്തു….

“അവൾക്ക്… അല്ലങ്കിൽ അവന്… കാ മത്തിന് വേണ്ടി എന്നെ സകലരും പറയൂ….”

“അതും അറിയാം….”അവൾ പതിയെ ചിരിച്ചു….

“എത്രവട്ടം നമ്മൾ തമ്മിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടുണ്ട്….”അവൻ തിരക്കി….

“ഒരിക്കലും ഉണ്ടായിട്ടില്ല….”രേവതി നിഷേധാർത്ഥത്തിൽ തലയാട്ടി

“ഞാൻ എത്ര വട്ടം നിന്നോട് അത്‌ ആവിശ്യപെട്ടിട്ടുണ്ട്… “അവൻ വീണ്ടും തിരക്കി….

“ഒരിക്കൽ പോലും ഇല്ല…”

“ഇതൊക്കെ ആർക്കെങ്കിലും പറഞ്ഞാൽ മനസിലാകുമോ …. സാഹചര്യങ്ങൾ ആണ് പലതിലേക്കും നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്…..”

എല്ലാം അറിഞ്ഞു കൊണ്ട് തന്നെ എപ്പോഴൊക്കെയോ പരസ്പരം അടുത്തു പോയവരാണ്…..

“പറ്റുന്നില്ലേൽ കുഞ്ഞുമായി നി അവിടെ നിന്നും ഇറങ്ങ്.. കുറച്ച് ദിവസം ഒന്ന് വീട്ടിൽ ചെന്ന് നിൽക്ക്…. എന്നിട്ട് എന്താ എന്ന് വെച്ചാൽ ചെയ്യാലോ….ഞാൻ നിന്നെ കൈ വിട്ട് കളയത്തൊന്നും ഇല്ല…..”

പലപ്പോളും ധ്യാനിന്റെ ഉപദ്രവം സഹിക്കവയ്യാതെ കരയുമ്പോൾ ദക്ഷ് അവളോട് പറഞ്ഞിട്ടുണ്ട്…..

“കൂടെ കൂട്ടണം എന്നില്ല…. കൂട്ടായി ഇങ്ങനെ ഒന്ന് നിന്നാൽ മതി… അയാളിൽ നിന്നും ഞാൻ സപ്രേറ്റഡ് ആയാൽ പോലും എന്നെ സ്വീകരിക്കാൻ ഞാൻ പറയില്ല ദക്ഷ്‌…. അതിനുള്ള കാരണം നിന്റെ അമ്മയാണ് അവർക്കത് താങ്ങാൻ ആകണം എന്നില്ല…..”

അപ്പോളൊക്കെ അവൾക്ക് ഈ ഒരൊറ്റ മറുപടിയെ പറയാനുണ്ടായിരുന്നുള്ളൂ

പക്ഷേ ഇനി തനിക്ക് പറയാതിരിക്കാൻ ആകില്ല അവൻ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി…..

സ്റ്റെയർ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു… ഹാളിൽ ഇരുന്ന് ടീവി കാണുന്ന അമ്മയെ

അവൻ താഴേക്ക് ചെന്ന് അമ്മയുടെ അടുത്തിരുന്നു… സാവധാനത്തിൽ എല്ലാം അമ്മയോട് പറഞ്ഞു…… കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ അമ്മ അവനെ തന്നെ നോക്കി….

വിവാഹിത രണ്ട് കുട്ടികളുടെ അമ്മ… അവർക്ക് അത്‌ ഇഷ്ടമാണോ എന്ന് പറയും മുന്നേ അച്ഛന്റെ ഇഷ്ടക്കേടും നാട്ടുകാരുടെയും വീട്ട് കാരുടെയും എതിർപ്പും… പരിഹാസവും എല്ലാം ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു തീർത്തു…..

അമ്മയെ പറഞ്ഞു മനസിലാക്കാൻ അവൻ ശ്രെമിച്ചു കൊണ്ടിരുന്നെങ്കിലും….. ഇത്‌ കൊണ്ട് വരുന്നതൊക്കെ ചിന്തിക്കാൻ പോലും വയ്യാതെ ആ അമ്മ തളർന്നു വീണു…..

“ധ്യാനിനെ എല്ലാം പറഞ്ഞു മനസിലാക്കിയട്ടുണ്ട്… പറ്റിയത് പറ്റി ഇനി എങ്കിലും പരസ്പരം മനസിലാക്കി ജീവിക്ക്…”രേവതിയുടെ അമ്മ അവളെ നോക്കി കൊണ്ട് പറഞ്ഞു….

രാവിലെ ഏട്ടനും അമ്മയും കൂടി അമ്മാവന്റെ വീട്ടിലേക്ക് പോയത് എന്തിനാണെന്ന് അപ്പോൾ അവൾക്ക് മനസിലായി…

താൻ ഇവിടേക്ക് വന്നിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു അതിന്റെ ടെൻഷനിൽ അമ്മ നേരെ ഉറങ്ങുന്നു പോലും ഇല്ലന്ന് അവൾക്ക് അറിയാമായിരുന്നു …..

“ഇനി ആ വീട്ടിലേക്ക് പോകാൻ എനിക്ക് താൽപ്പര്യം ഇല്ലമ്മേ…..”കിച്ചണിന്റെ സ്ലാവിൽ ചാരി കൈകൾ മാറിൽ പിണച്ചു നിന്നു കൊണ്ട് അവൾ അമ്മയെ നോക്കി….

“മോളെ.. അങ്ങനെ ഒക്കെ പറയാൻ വേഗതത്തിൽ കഴിയും എത്രവന്നാലും നിന്റെ കുഞ്ഞുങ്ങളുടെ അച്ഛനാണ്…. അവർ അച്ഛനില്ലാതെ വളരണം എന്നാണോ..”അമ്മ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു….

“സ്വന്തം അമ്മ ഒരു അടിമയും… വീട്ട് ജോലിക്കാരിയും മാത്രമായി ജീവിക്കുന്നത്.. കണ്ട് വളരുന്നതിലും നല്ലത് അതാണ്…..”അവളുടെ ശബ്ദം ഉറച്ചതായിരുന്നു…..

“അവൻ മാറിയിട്ടുണ്ട് മോളെ എല്ലാം അവന് മനസിലായിട്ടുണ്ട്….”അമ്മ പ്രതീക്ഷയോടെ പറഞ്ഞു കിണ്ടിരുന്നു…..

“മാറില്ലമ്മേ…. മാറിയാലും ഇനി എനിക്കാ ജീവിതം വേണ്ടാ… ആ മനുഷ്യനിൽ നിന്നും ഒരുപാട് ദൂരം പോന്നു കഴിഞ്ഞു ഞാൻ…. ഇനി വയ്യ….”അവൾ തീർത്ത് പറഞ്ഞു…

“മോളെ….”

“വേണ്ടമ്മേ അവളാണ് ശരി….. ഇനിയും ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് അവളെ തള്ളി വിടേണ്ട…”അമ്മയെ തടഞ്ഞു കൊണ്ട് രതീഷ് പറഞ്ഞു അവന്റെ കൂടെ അശ്വതിയും ഉണ്ടായിരുന്നു…..

“അതേ അമ്മേ…. ധ്യാൻ മാറിയതായി എനിക്കിപ്പോളും തോന്നുന്നില്ല… ഇനി മാറിയാൽ തന്നെ അത്‌ ഇവൾക്ക് അംഗീകരിക്കാൻ ആയില്ലേൽ… വേണ്ട…..” അശ്വതി അമ്മയുടെ കൈകളിൽ പിടിച്ചു….

“നിന്റെ കൂടെ ഞങ്ങൾ ഉണ്ടാകും… പറ്റിയ തെറ്റൊന്നും ഇനി ആവർത്തിക്കില്ല പക്ഷേ എന്താ നിന്റെ ഇനിയുള്ള ലൈഫ് അതിനൊരു വ്യക്തതവേണം….”രതീഷ് അനിയത്തിയെ നോക്കി….

“ദക്ഷിന്റെ കാര്യമാണോ ഏട്ടാ….” അതാണ് ഏട്ടൻ അർഥമാക്കുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു….

“അതേ… എത്ര ന്യായികരിച്ചാലും ആ ബന്ധം നമ്മുടെ സമൂഹം അംഗീകരിക്കില്ല മോളെ….

നിന്റെ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർക്ക് നേൽക്കാൻ എന്ത് മറുപടിയാണ് നിനക്ക് ഉണ്ടാകുക…. ഇനി അവൻ നിന്നെ സ്വീകരിക്കാൻ തെയ്യാറാണേൽ….”രതീഷ് ഒന്ന് നിറുത്തി…..

“ഞാൻ വ്യക്തമായൊരു തീരുമാനം എടുത്തിട്ടുണ്ട് ഏട്ടാ….. എനിക്കൊന്ന് ദക്ഷിനെ നേരിട്ട് കാണണം….. അതിനുമുന്നേ ഒരു ഭാരമായി എന്നിലുള്ള ആ ബന്ധം അത്‌ അറുത്ത് മാറ്റണം…” അവൾ നെടുവീർപ്പോടെ പറഞ്ഞു……

പ്രകൃതി ആകെ ചുവപ്പുരാശി പടർത്തി കൊണ്ട് അസ്തമയ സൂര്യൻ ഉലയിൽ കാച്ചിയ ലോഹം കണക്കെ ജ്വാലിച്ചു നിന്നു…….

കരയെ പുണരാനുള്ള ആവേശത്തിൽ അപ്പോളും തിരമാലകൾ വീണ്ടും… വീണ്ടും അലറി അടുത്തു കൊണ്ടിരുന്നു……. ദൂരേക്ക് പറന്നകലുന്ന പക്ഷികൾ…. കരകാണ കടലിന്റെ വിദൂരതയിലേക്ക് നോക്കി രേവതി വെറുതെ നിന്നു….

തിരമാലകൾ കരയെ പുണരുന്നതിനോടൊപ്പം അവളുടെ കാൽ പാദങ്ങളിലും മുത്തമിട്ടു……. കാറ്റ് അവളുടെ മുടിയിഴകളെ തൊട്ട് തലോടി കൊണ്ടിരുന്നു……

“എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയുന്നില്ല രേവൂ…..” അവളോടൊപ്പം ചേർന്ന് നിന്നിരുന്ന ദക്ഷ് പറഞ്ഞു……

“ഇതൊക്കെ ഞാൻ എപ്പോളെ മുൻകൂട്ടി കണ്ടതാ ദക്ഷ്‌…. ” പാറി പറക്കുന്ന മുടിയിഴകൾ പിടിചൊതുക്കി കൊണ്ട് അവൾ ദക്ഷിനെ നോക്കി…..

“ചതിച്ചു എന്ന് തോന്നുന്നുണ്ടോ നിനക്ക്….. ഞാൻ കാരണം പേരുദോഷം മാത്രം ബാക്കിയായെന്ന് തോന്നുന്നോ….”അവന്റെ ശബ്ദം ഇടറിയിരുന്നു…..

“ദക്ഷ്‌ പ്രണയം പലപ്പോഴും നമുക്ക് നഷ്ട്ടമാകുന്നത് എപ്പോളാണെന്നോ… ധൈര്യമില്ലാതെ ആകുമ്പോൾ ആണ്.. അല്ലെങ്കിൽ അതിനു വേണ്ടി മറ്റു പലതും ഉപേക്ഷിക്കാൻ നമുക്ക് പറ്റാതെ വരുമ്പോൾ….”അവൾ വിദൂരതയിലേക്ക് നോക്കി കൊണ്ട് തന്നെ തുടർന്നു…..

“ഇവിടേ നമ്മൾ രണ്ട് പേരും ഭീരുക്കളാണ്…. നി മനസ്സിൽ കയറിയ ആ നിമിഷം വേണമെങ്കിൽ എനിക്കാ വീട്ടിൽ നിന്നും ഇറങ്ങാമായിരുന്നു…

അന്നും ഞാൻ ചിന്തിച്ചത് നമുക്ക് ചുറ്റും നിൽക്കുന്നവരെ കുറിച്ചായിരുന്നു…. മറ്റുള്ളവർ എന്ത് പറയും… പ്രതികരിക്കും എന്ന് ചിന്തിക്കുന്നിടത്തോളം നമുക്ക് മനസ്സ് കൊണ്ട് സ്നേഹിക്കാനെ കഴിയൂ…..”

“എനിക്ക് കുറേ കൂടി ടൈം വേണം രേവൂ…. അമ്മ വേറെ ആരും എനിക്ക് പ്രേശ്നമല്ല… പക്ഷേ എന്റെ ഈ തീരുമാനം കൊണ്ട് അമ്മയ്ക്ക് എന്തെങ്കിലും വന്നു പോയാൽ പിന്നെ….” അവനൊന്നു നിറുത്തി

“ആർക്കും ഒന്നും പറ്റില്ല…. ഒരു അഫയറിൽ ആയിരിക്കുബോൾ അവിടെ അവർ രണ്ട് പേരുമെ ഉണ്ടായിരിക്കുകയുള്ളൂ…

പക്ഷേ മാര്യേജ് അങ്ങനെ അല്ലല്ലോ… രണ്ട് ഫാമിലിയുടെ കൂടി ചേരൽ കൂടിയാണ്… അവിടെ ജീവിതം അത്ര മനോഹരം ഒന്നുമായിരിക്കണം എന്നില്ല…..”അവൾ പുഞ്ചിരി തൂകി……

“നിനക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനും… സംസാരിക്കാനും എങ്ങനെ സാധിക്കുന്നു….”ദക്ഷ്‌ അത്ഭുതപ്പെട്ടു…..

“നി മറ്റെല്ലാ ടെൻഷനും വിട്ടേക്കൂ…. നിന്റെ ബിസിനസ്സും മറ്റും ശ്രെദ്ധിക്കൂ മറ്റെല്ലാം വന്ന് ഭവിക്കും പോലെ വരട്ടെ…..”അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു……

അവനായി കാത്തിരിക്കും എന്ന് അവൾ നെൽകിയ ഉറപ്പിൻ മേൽ ദക്ഷ്‌ രേവുവിനോട് യാത്ര പറഞ്ഞ് നടന്നകലുമ്പോൾ… ചുണ്ടിൽ നേരത്ത പുഞ്ചിരിയോടെ അവൾ അവനെ തന്നെ നോക്കി നിന്നു……

“ഒരിക്കൽ നിനക്ക് എന്നിൽ നിന്നും അകലേണ്ടി വന്നേക്കാം എന്നത് എനിക്ക് അറിയാവുന്ന സത്യം തന്നെയാണ് ദക്ഷ്‌….

പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു ഇഷ്ട്ടം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും എന്റെ കൈയ്യിൽ ഇല്ല… മനസ്സ് അങ്ങനെയാണല്ലോ… അതെങ്ങനെ സഞ്ചരിക്കുമെന്ന് ആർക്കും പറയാനാകില്ല…..”അവൾ നെടുവീർപ്പിട്ടു കൊണ്ട് തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു……

ഒരു ജോലിയുണ്ട്…. ആരെയും ബുദ്ധിമുട്ടിക്കാതെ മക്കളെ നോക്കാൻ തനിക്കാകും…. വാടകയ്‌ക്കെടുത്ത കൊച്ചു വീട്ടിൽ ജീവിതം സമാധാനം നിറഞ്ഞതാണ്…….. ഡിവോഴ്സ്ന് ശേഷം ധ്യാനിന് വിവാഹലോചനകൾ തക്രിതിയായി നടക്കുന്നത് അവൾ അറിഞ്ഞിരുന്നു……

ഒന്നിച്ച് ഒരു വീട്ടിൽ പരസ്പരം കലഹിച്ചു കഴിയുന്നതിലും എത്രയോ നല്ലതാണ്…. പരസ്പര ബഹുമാനത്തോടെ സ്നേഹിച്ച് അൽപ്പം അകലെ കഴിയുന്നത്….

താലിയിലൂടെ മാത്രമേ പരസ്പരം ഒന്നിക്കാനാകൂ എന്ന ധാരണയെ തെറ്റാണെന്ന് അവളുടെ അനുഭവങ്ങൾ അവളെ പഠിപ്പിച്ചിരുന്നു…..

മനസ്സിൽ ഉത്തരം കിട്ടാത്തൊരു സമസ്യയായി ദക്ഷ് നിറയുമ്പോളും അവളുടെ മനസ്സ് ശാന്തമായിരുന്നു…. ഒരു പുരുഷന്റെ തണലിൽ താലി അണിഞ്ഞേ ഒരുവൾക്ക് ജീവിക്കാനാകൂ എന്നില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *