(രചന: Bhadra Madhavan)
തുടയുടെ അരികിലൂടെ അരിച്ചരിച്ചു നീങ്ങുന്ന വിരലുകളുടെ തഴമ്പ് തിരിച്ചറിഞ്ഞതും ശ്രുതിയുടെ അടിവയറ്റിലൊരു പിടച്ചിലുണർന്നു…
അവളുടെ കണ്ണുകൾ വെപ്രാളത്തോടെ വിരലുകളുടെ ഉടമയെ തിരഞ്ഞു…തിരക്ക് പിടിച്ച ബസിൽ താൻ നിൽക്കുന്നതിന് അടുത്തുള്ള സീറ്റിൽ ഇരിക്കുന്നയാളുടെയാണ് ആ കൈകളെന്ന് അവള് കണ്ടെത്തി
അയാളുടെ മടിയിൽ മൂന്നോ നാലോ സ്കൂൾ ബാഗുകളുമുണ്ടായിരുന്നു…ഒറ്റ നോട്ടത്തിൽ പുറമെ നിന്ന് നോക്കുന്ന ആർക്കും അയാളെ സംശയം തോന്നില്ലെങ്കിലും ആ ബാഗുകളുടെ മറവിലൂടെ
അയാളുടെ തടിച്ച വിരലുകൾ ശ്രുതിയുടെ യൂണിഫോം ചുരിദാറിന് മുകളിലൂടെ അവളുടെ തുടയിൽ പരതി നടക്കുകയായിരുന്നു
ശ്രുതിയുടെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി…. കൈകാലുകൾ തളർന്നു….
വിറയ്ക്കുന്ന കൈകളോടെ അവൾ അയാളുടെ കൈകളെ തട്ടി മാറ്റി… പേടിയോടെ മുന്നോട്ട് നിൽക്കാനുള്ള അവളുടെ ശ്രമങ്ങളെല്ലാം പരാജയപെട്ടു….
രാവിലെയുള്ള ആ ബസ്ട്രിപ്പിൽ ജോലിക്കാരും സ്കൂൾ കുട്ടികളും തിങ്ങി നിറഞ്ഞു നല്ല തിരക്കായിരുന്നു… മുന്നോട്ട് നീങ്ങി നിൽക്കുന്തോറും അവൾ പിന്നിലേക്ക് തള്ളപ്പെട്ട് കൊണ്ടിരുന്നു….
ദേഷ്യവും വെറുപ്പും ഉള്ളിൽ കടിച്ചു പിടിച്ചു കൊണ്ട് ശ്രുതി അവിടെ നിന്നു…പത്തു മിനിറ്റ് കഴിഞ്ഞതും അതേ വിരലുകൾ അവളുടെ തുടയിലൂടെ വീണ്ടും കൂടുതൽ ശക്തിയോടെ സഞ്ചരിക്കാൻ തുടങ്ങി….
എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി ഉഴറി…തന്റെ ദേഹത്ത് കേറി പിടിച്ച അയാളുടെ ചെകിടത്ത് വലിച്ചടിക്കാനും വലിയ വായിൽ അയാൾക്കെതിരെ ശബ്ദമുയർത്തി
പ്രതികരിക്കാനും അവൾക്ക് അതിയായ ആഗ്രഹം തോന്നിയെങ്കിലും അതിനു കഴിയാത്ത വിധം അവൾ മരവിച്ചു നിൽക്കുകയായിരുന്നു
അവൾ വെറുപ്പോടെ അയാളുടെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി…. അയാൾ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു… അയാളുടെ വഷളൻ ചിരി കണ്ടതും അവളുടെ ഉള്ളിൽ അറപ്പു നുരഞ്ഞു പൊന്തി….
പെട്ടന്ന് എവിടെന്നോ വന്നൊരു ധൈര്യത്തിൽ അവൾ തന്റെ ഇടതു കയ്യിലെ നീട്ടി വളർത്തിയ കൂർത്ത നഖങ്ങളാൽ അയാളുടെ കൈ തണ്ടയിൽ അമർത്തി വരഞ്ഞു….
അയാൾ ഒരു കുടച്ചിലോടെ കൈ പിൻവലിച്ചു കൊണ്ട് ശ്രുതിയെ രൂക്ഷമായി നോക്കിബസ് മുന്നോട്ട് നീങ്ങി…പത്തു മിനിറ്റ് കഴിഞ്ഞതും ശ്രുതിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തി അവൾ ബാഗുമായി മുന്നോട്ട് നീങ്ങിയതും….
പപ്പാ എന്റെ ബാഗ് താ……എന്നും പറഞ്ഞു അയാളുടെ നേരെ ചിരിയോടെ ചെന്ന് അയാളുടെ കയ്യിലിരുന്ന ബാഗുകളിൽ നിന്നോരെണ്ണം എടുത്തു തോളത്തിട്ട പെൺകുട്ടിയെ കൊണ്ട് ശ്രുതിയുടെ കണ്ണ് മിഴിഞ്ഞു
റിയ….റിയ ജോൺ… അവളുടെ തന്നെ ക്ലാസ്സിലെ പെൺകുട്ടി….ശ്രുതിയുടെ ഉള്ളിലൊരു നെടുവീർപ്പ് വന്നു തിങ്ങി…..
എന്ത് നല്ല കുട്ടിയാണ് റിയ….. അവളുടെ അച്ഛനാണോ ഇത്… കൂട്ട് കൂടിയിരുന്നു ഭക്ഷണം കഴിക്കുമ്പോഴെല്ലാം വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവളെപ്പോഴും അവളുടെ അച്ഛനെ കുറിച്ച് പറയുമായിരുന്നു..
അവളുടെ പപ്പയ്ക്ക് അവളെ ഒരുപാട് ഇഷ്ടമാണെന്നും പപ്പ ഒരുപാട് നല്ലവൻ ആണെന്നുമെല്ലാം വലിയ അഭിമാനത്തോടെ പറയുമായിരുന്നു
എന്തിനേറെ…ഈ ഇടയ്ക്ക് ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വാർത്ത വിവാദമായപ്പോൾ അന്ന് റിയ ഒരുപാട് വിഷമത്തോടെ തങ്ങളോട് അതിനെ കുറിച്ച് സംസാരിച്ചിരുന്നു……
പെൺകുട്ടികളെ ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കുന്നവരെ നിയമപരമായി നേരിടണമെന്നും പെൺകുട്ടികളുടെ അനുവാദമില്ലാതെ അവരെ ഉപദ്രവിക്കുന്നവരെ തൂക്കി കൊല്ലണമെന്നൊക്കെ അന്ന് അവൾ പറഞ്ഞിരുന്നു…
പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂൾ ഗ്രൂപുകളിൽ വളരെ സജീവവുമാണ്….ആ കുട്ടിയുടെ അച്ഛൻ തന്നെ മറ്റൊരു പെൺകുട്ടിയുടെ ദേഹത്ത്…….
ശ്രുതി വെറുപ്പോടെ അയാളെയൊന്നു നോക്കിയ ശേഷം ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു
ക്ലാസ്സ് എടുക്കുമ്പോഴും ശ്രുതിയുടെ ചിന്തകൾ റിയയെ കുറിച്ചായിരുന്നു… അവളുടെ കണ്ണുകൾ ഇടയ്ക്കിടെ റിയയിലേക്ക് പാറിവീണു…
ശ്രുതിക്ക് റിയയെ കുറിച്ചോർത്തു വല്ലാതെ വിഷമം തോന്നി…. അതോടൊപ്പം അയാളെ ഓർത്തു വെറുപ്പും….. അയാളുടെ കൈ കൊണ്ടിടതെല്ലാം അസ്വസ്ഥതയുടെ നീല സർപ്പങ്ങൾ ഇഴഞ്ഞു നടക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു….
സങ്കടം ഉറകൂടി അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാടി…. ഉച്ചയ്ക്ക് ശേഷം വയറുവേദനയെന്ന് കള്ളവും പറഞ്ഞു ശ്രുതി ക്ലാസ്സിൽ നിന്നും വീട്ടിലേക്ക് പോയി
വീട്ടിലെത്തി വാടി തളർന്നു കിടക്കുമ്പോഴും അവളുടെ മനസിലെ രോഷം അടങ്ങിയിരുന്നില്ല…..
എപ്പോഴോ തളർന്ന് കിടന്നു ഉറങ്ങിയ ശ്രുതി എണീക്കുന്നത് നെറ്റിയിൽ സ്നേഹത്തോടെ തലോടിയ അമ്മയുടെ കയ്യുടെ ചൂടേറ്റാണ്
സുഖമില്ലേ നിനക്ക്?? മുഖമൊക്കെ വാടിയിരിക്കുന്നല്ലോ… അമ്മയുടെ മുഖത്തൊരു ആശങ്ക തെളിഞ്ഞു
ഒന്നുല്ലമ്മേ…. ശ്രുതി അമ്മയുടെ തോളിലേക്ക് മുഖം ചായ്ച്ചു….പറ കുട്ടാ… എന്താ പറ്റിയെ… അമ്മ വീണ്ടും ചോദിച്ചു
താൻ എത്ര ഒളിച്ചാലും അമ്മയ്ക്കത് മനസിലാവുമെന്ന് മനസിലാക്കിയ ശ്രുതി രാവിലെ ഉണ്ടായ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു…
എല്ലാം കേട്ടതും അവളുടെ അമ്മയുടെ കണ്ണുകൾ കലങ്ങിആരാണവൻ?? എവിടെയാ അവന്റെ വീട്???
മുറിയുടെ വാതിൽക്കൽ നിന്നും വലിയൊരു അലർച്ച കേട്ടതും അമ്മയും ശ്രുതിയും ഞെട്ടി വിറച്ചു
ചുവന്ന കണ്ണുകളുമായി വാതിൽ പടിയിൽ കൈ കുത്തി നിന്നു എല്ലാം കേൾക്കുകയായിരുന്ന ശ്രുതിയുടെ അച്ഛൻ നിന്ന് വിറയ്ക്കുകയാണ്
പറ മോളെ ആരാ എന്റെ മോളെ ഉപദ്രവിച്ചത്…??അകത്തേക്ക് കയറി വന്ന അച്ഛൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി
അച്ഛന്റെ നെറ്റിയിൽ വലിഞ്ഞു മുറുകി നിൽക്കുന്ന തടിച്ച ഞരമ്പുകളും ചുവന്ന കണ്ണുകളും ശ്രുതിയിൽ പേടിയുണർത്തി
എന്റെ കൂട്ടുകാരിയുടെ അച്ഛനാണ്… അച്ഛാ…. ശ്രുതിയുടെ ശബ്ദം വിറച്ചുഅവരുടെ വീടറിയോ നിനക്ക്??അറിയാം അച്ഛാ…
പണ്ട് എപ്പോഴോ മറന്നു പോയൊരു ബുക്ക് എടുക്കാൻ തന്നെയും കൂട്ടി റിയ വീട്ടിൽ പോയ ഓർമയിൽ ശ്രുതി മറുപടി പറഞ്ഞുവാ…. അച്ഛൻ ശ്രുതിയുടെ കയ്യും പിടിച്ചു പുറത്തിറങ്ങികേറ്….
സ്റ്റാർട്ട് ചെയ്ത ബൈക്കിന്റെ പിന്നിലേക്ക് കേറാതിരിക്കാൻ ശ്രുതിക്ക് കഴിഞ്ഞില്ലറിയയുടെ വീടിന്റെ കാർ പോർച്ചിലേക്ക് ശ്രുതിയുടെ അച്ഛന്റെ ബൈക്ക് ഇരച്ചു ചെന്ന് നിന്നു
കാളിങ് ബെല്ലമർത്തി വാതിൽ തുറക്കുന്നതിനായി വെയിറ്റ് ചെയ്യവേ തന്റെ കൈതണ്ടയിൽ മുറുക്കി പിടിച്ചിരിക്കുന്ന അച്ഛന്റെ കൈകൾ വിറയ്ക്കുന്നത് ശ്രുതി പേടിയോടെ തിരിച്ചറിഞ്ഞു
വാതിൽ തുറന്നു സുന്ദരിയായ ഒരു സ്ത്രീ കടന്നുവന്നുഅത് റിയയുടെ അമ്മയാണെന്ന് മുഖം കണ്ടപ്പോൾ തന്നെ ശ്രുതിക്ക് മനസിലായി….ഭർത്താവുണ്ടോ അകത്ത്??
ശ്രുതിയുടെ അച്ഛന്റെ സ്വരത്തിനു കാഠിന്യം കൂടിഉണ്ടല്ലോ… കേറി വാ….. ആ സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചുഇച്ചായാ….അവർ അകത്തേക്ക് നോക്കി വിളിച്ചു
എന്താ ലിസി…. അലസതയോടെ തലയും ചൊറിഞ്ഞുകൊണ്ട് റിയയുടെ പപ്പ അകത്ത് നിന്നും ഇറങ്ങി വന്നു
ഹാളിലേക്ക് വന്ന അയാൾ ഒരുനിമിഷം ശ്രുതിയെ കണ്ട് പകച്ചുശ്രുതിയുടെ അച്ഛൻ അയാളെ കണ്ടയുടൻ അയാളുടെ ഷർട്ടിൽ കുത്തി പിടിച്ചു
നിന്റെ സൂക്കേട് തീർക്കാൻ എന്റെ മോളെയാണോ കള്ള….. കിട്ടിയത്…..ശ്രുതിയുടെ അച്ഛന്റെ ചുരുട്ടിയ മുഷ്ടി അയാളുടെ അടിവയറ്റിൽ ചെന്ന് പതിച്ചു…..
ശ്രുതിയ്ക്ക് ചെവി രണ്ടും കൊട്ടിയടക്കപെട്ടത് പോലെ തോന്നി…..തന്റെ അച്ഛന്റെ ആക്രോശങ്ങളും അയാളുടെ അലർച്ചകളും റിയയുടെ അമ്മയുടെ കരച്ചിലും വിദൂരതയിലെന്ന പോലെ അവൾക്ക് കേൾക്കാമായിരുന്നു. നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി അവളവിടെ തറഞ്ഞു നിന്നു
വാ മോളെ….. അച്ഛൻ വന്നു കയ്യിൽ പിടിക്കുമ്പോഴാണ് ശ്രുതിക്ക് സ്ഥലകാലബോധം വരുന്നത്…. വിറയ്ക്കുന്ന കാലടികളോടെ അവൾ പുറത്തേക്ക് നടന്നു
എന്നാൽ പുറത്തെത്തിയ ശ്രുതി ഞെട്ടി വിറച്ചു…..നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി റിയ സിറ്റ്ഔട്ടിൽ നിൽക്കുന്നുണ്ടായിരുന്നു….
അകത്ത് നടന്നതെല്ലാം സ്കൂൾ വിട്ട് വന്ന റിയ കേട്ടുവെന്ന് ശ്രുതിക്ക് മനസിലായിറിയേ…… ശ്രുതി അവളുടെ കയ്യിൽ പിടിച്ചുറിയ ശ്രുതിയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് അകത്തേക്കൊടി
അച്ഛന്റെ കൂടെ റിയയുടെ വീടിന്റെ പടി കടക്കുമ്പോൾ വീടിന്റെ ഉള്ളിൽ നിന്നും എന്തൊക്കെയോ പൊട്ടിതകരുന്ന ശബ്ദങ്ങളും അലറികരച്ചിലുകളും ശ്രുതി കേട്ടു
പിറ്റേന്ന്……അച്ഛന്റെ കൂടെയാണ് ശ്രുതി സ്കൂളിൽ പോയത്…. ക്ലാസ്സിലെത്തിയതും ശ്രുതിയുടെ കണ്ണുകൾ റിയയെ തിരഞ്ഞുവെങ്കിലും റിയ ക്ലാസ്സിലുണ്ടായിരുന്നില്ല….
ഉച്ചയോടെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായി ക്ലാസ്സിലേക്ക് പ്യുൺ കടന്നു വന്നുറിയയുടെ അച്ഛനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി….
തലച്ചോറിൽ അനേകായിരം വണ്ടുകൾ കലപില കൂട്ടുന്നത് പോലെ ശ്രുതിക്ക് തോന്നി….ബോധം മറഞ്ഞു വീണ ശ്രുതിയെ ആരൊക്കെയോ ചേർന്ന് താങ്ങി പിടിച്ചു ……..
ബോധം തെളിയുമ്പോൾ ശ്രുതിക്ക് മുൻപിൽ കണ്ണീരോടെ അമ്മയിരിപ്പുണ്ടായിരുന്നു…. തൊട്ട് അടുത്തായി നെറ്റിയിൽ കൈ കൊടുത്തു അച്ഛനും
അമ്മേ….. ശ്രുതി ചിലമ്പിച്ച സ്വരത്തിൽ വിളിച്ചുമോളെ….. അമ്മ അവളുടെ കവിളിൽ കൈ വെച്ചു
അവൾ പാവമാണ് അമ്മേ….. റിയ….. റിയ പാവമാ അമ്മേ…. നല്ല കുട്ടിയാ…..ശ്രുതി പിറുപിറുത്തുമോളെ…. ശ്രുതിയുടെ അമ്മ ചങ്ക് തകർന്നു വിളിച്ചു
സുധേ….. ശ്രുതിയുടെ അച്ഛൻ ഭാര്യയുടെ തോളിൽ കൈ വെച്ചുവാ…. അയാൾ പുറത്തേക്ക് കണ്ണ് കാണിച്ചു
മോളെ വിഷമിപ്പിക്കണ്ട സുധേ…. അയാളുടെ മരണത്തെക്കാൾ സഹപാഠിയുടെ അവസ്ഥ മോളുടെ മാനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്…എന്റെ ഭാഗത്തും തെറ്റുണ്ട്….
പരിസരബോധമില്ലാത്ത പെരുമാറ്റം ആയിപോയി അന്ന് എന്റേത്ശ്രുതിയുടെ അച്ഛന്റെ കണ്ണ് നിറഞ്ഞു
പക്ഷെ…. ഞാനൊരു അച്ഛനാണ്… ഒരു പെൺകുട്ടിയുടെ അച്ഛൻ…. എന്റെ കുഞ്ഞിനെ മോശായി ഒരാൾ നോക്കുന്നത് പോലും സഹിക്കാൻ എനിക്കാവില്ല…..
അയാൾ കണ്ണുകൾ ഒപ്പിക്കൊണ്ട് അകത്തേക്ക് കയറിപ്പോയിരണ്ടാഴ്ച കടന്നുപോയി….ശ്രുതി ഡിസ്ചാർജ് ആയി വീട്ടിലെത്തി….. പഴയ പോലെ അവളിൽ ചിരിയും ഉന്മേഷവും നിറഞ്ഞു
ഒരു ദിവസം അവളെ തേടിയൊരു അതിഥിയെത്തിറിയ….റിയ ജോൺഹാളിലെ സോഫയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന പെൺകുട്ടി പഴയ റിയ തന്നെയാണോ എന്ന് ഒരു നിമിഷം ശ്രുതിയൊന്നു ശങ്കിച്ചു
റിയ….. ശ്രുതി ശബ്ദം താഴ്ത്തി വിളിച്ചുറിയ അവളെ നോക്കി ചിരിച്ചു… ആ ചിരിയിൽ വേദന നിറഞ്ഞിരുന്നുതാനിപ്പോ സ്കൂളിൽ പോവുന്നില്ലേ…. റിയ തിരക്കി
ഇല്ല…. പറ്റുന്നില്ല…. ശ്രുതിയുടെ തൊണ്ടയിടറിപോണം…. പരീക്ഷയൊക്കെ അടുത്ത് വരുവാണ്…. താൻ നന്നായി പഠിക്കുന്ന കുട്ടി അല്ലെ… നാളെ മുതൽ ക്ലാസ്സിൽ പോണം കേട്ടോ…
റിയ ശ്രുതിയുടെ കയ്യിൽ പിടിച്ചുഞങ്ങൾ ഈ നാട്ടിൽ നിന്നും പോവാടോ. അമ്മയുടെ നാട് കോട്ടയത്താണ്.. അങ്ങോട്ട് പോവുകയാണ്….
അതിനു മുൻപ് തന്നെ ഒന്ന് കാണണമെന്ന് തോന്നി….. ഒരു മാപ്പ് പറയണമെന്ന് തോന്നി…. ഇനി പോട്ടെ….. റിയ കണ്ണ് തുടച്ചു കൊണ്ട് എണീറ്റു വാതിൽക്കലേക്ക് നീങ്ങി
റിയ…. തനിക്ക് എന്നോട് ദേഷ്യമുണ്ടോ….. ശ്രുതി ചോദിച്ചുഎന്തിന്…. തെറ്റ് ചെയ്യ്തത് നീ അല്ലല്ലോ ശ്രുതി… എന്റെ പപ്പയല്ലേ….ഞാൻ കാരണം നിന്റെ പപ്പ….. ശ്രുതി ദയനീയമായി റിയയെ നോക്കി
പാപത്തിന്റെ ഫലം മരണമാണ് ശ്രുതി….. അതേ എനിക്ക് പറയാനുള്ളു…റിയയുടെ കൺകോണിലൊരു കണ്ണുനീർ തുള്ളി തിളങ്ങി
നനുത്തൊരു ചിരി ശ്രുതിക്കായി സമ്മാനിച്ചു കൊണ്ട് റിയ ഇറങ്ങി നടന്നു….കണ്ണീർപാട നിറഞ്ഞ ശ്രുതിയുടെ കണ്ണിൽ നിന്നും അവൾ അകന്നു അകന്നു പൊയ്കൊണ്ടിരിന്നു…