കുറച്ചു കാലമായി ഇവൾ ഇങ്ങനാ ഡോക്ടർ… ആരോടും ഒന്നും മിണ്ടില്ല… കുഞ്ഞിനെ ഒന്ന് നോക്കുക പോലും ഇല്ല…

(രചന: ജ്യോതി കൃഷ്ണ കുമാർ)

“”യെവക്ക് പ്രാന്താ ഡോക്ടറെ… എന്റെ കുഞ്ഞിനെ ഇവൾ….””

ആകെ വയലന്റ് ആയ ഭർത്താവിന്റെ മുമ്പിൽ അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ ഇരുന്നു…

“”നോക്കിയേ വല്ല കൂസലും ഉണ്ടോ എന്ന്”” ഭർത്താവിന്റെ അമ്മ ഇപ്പുറത്തു ഇരുന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി…

കുഞ്ഞ് അവരുടെ കൈയിൽ ആണ്.. മൂന്നോ നാലോ മാസം പ്രായം ഉള്ള ഒരു മിടുക്കി കുഞ്ഞ്…

“പാല് കൊടുക്കൂല്ല ഡോക്ടറെ… രാഗി പൊടി അനത്തി കൊടുക്കുവാ ഞാൻ ഈ കുഞ്ഞിന്… അതിന് വയറിനു പിടിക്കുകേല ചെലപ്പോ.. എന്നിട്ട് കൊച്ചിനെ ഡോക്ടർടെ അടുത്ത് കൊണ്ട് പോണം…

അവിടന്ന് മു ല പ്പാൽ കൊടുക്കാഞ്ഞിട്ട് ചീത്ത കേക്കും… ആരോട് പറയാൻ… ആറു മാസം അത് തന്നെ വേണ്ടേ.. എന്ത് പറഞ്ഞാലും ഇതുപോലെ മിഴിച്ചു ഇരുന്നോളും..””

എന്താ പേര്….??

എന്ന് ഞാൻ ആ കുട്ടിയോട് ചോദിച്ചപ്പോൾ, എങ്ങോ നോക്കി ഒട്ടും ആത്മാർത്ഥത ഇല്ലാതെ അവൾ പറഞ്ഞു,

“”അഞ്ജലി “”

എന്ന്…

“”ശത്രുനെ പോലാ കുഞ്ഞിനോട്.. ഉപദ്രവിക്കാനൊക്കെ നോക്കും… ഏതോ ബാധ കേറീതാ… അല്ലെ പിന്നെ ഇങ്ങനെ ഉണ്ടോ…??””

ഭർത്താവിന്റെ അമ്മ അവളെ നോക്കി പല്ലിറുമ്മി…

“കുറെ ആയി ഈ ചെക്കനോട് അവൾ വേണ്ടാ എന്ന് എല്ലാരും കൂടെ പറയാൻ തുടങ്ങീട്ട്.. കേക്കണ്ടേ.. അവനു അവളെ വേണ്ടൂ…”

അതു കേട്ട് അഞ്ജലി മിണ്ടാതെ ഇരുന്നു.. ആ ചെറുപ്പക്കാരൻ അമ്മ പറഞ്ഞതനുസരിച്ച് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു…

“”നിങ്ങൾ ഒന്ന് പുറത്തേക്ക് നിൽക്കുമോ…””

അവരവിടെ ഇരിക്കുന്നത് ആ കുട്ടിക്കും നല്ലതല്ലായിരുന്നു….

അവരെന്നെ ഒന്ന് നോക്കി പിന്നെ ആ കുഞ്ഞിനേയും എടുത്തു പുറത്തേക്ക് നടന്നു…

അവളുടെ ഭർത്താവ് അപ്പോഴും തല കുനിച്ചു ഇരിക്കാരുന്നു…

“നിങ്ങളുടെ പേര്??”

എന്ന് ചോദിച്ചപ്പോൾ അയാൾ സന്തോഷ്‌ എന്ന് പറഞ്ഞു…

“”സീ മിസ്റ്റർ സന്തോഷ്‌… എന്താണ് പ്രശ്നം…. “”

അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു….

എന്നിട്ട് മെല്ലെ പറഞ്ഞു തുടങ്ങി.. ഇത്തവണ നേരത്തെ അത്രയും ഡിസ്റ്റർബ്ഡ് ആയിരുന്നില്ല അയാൾ…

“കുറച്ചു കാലമായി ഇവൾ ഇങ്ങനാ ഡോക്ടർ… ആരോടും ഒന്നും മിണ്ടില്ല… കുഞ്ഞിനെ ഒന്ന് നോക്കുക പോലും ഇല്ല… അവൾ ഉണർന്ന് കരയുന്നത് പോലും ഇവൾക്ക് ഇഷ്ടമല്ല… ഒന്നെടുക്കുക പോലും ചെയ്യാതെ ചെവി പൊത്തി ഇരിക്കും….

കഴിഞ്ഞ ദിവസം അമ്മ നിർബന്ധിച്ചു കുഞ്ഞിനെ മടിയിൽ വച്ച് കൊടുത്തു… കുഞ്ഞു കരയാൻ തുടങ്ങിയപ്പോ സ്വന്തം കുഞ്ഞാ എന്ന് പോലും നോക്കാതെ കാട്ടിലിലേക്ക് എറിഞ്ഞു.. ഭാഗ്യം കൊണ്ട എന്റെ കുഞ്ഞ്…….”””

അയാൾ വല്ലാതെ കിതച്ചു…

ഞാൻ നീട്ടിയ വെള്ളം ഒറ്റ വലിക്കു തീർത്തു…

മെല്ലെ അഞ്ജലിയെ നോക്കിയപ്പോൾ മേശമേൽ ഇരിക്കുന്ന ഏതോ വസ്തുവിലേക്ക് മുഴുവൻ ശ്രദ്ധയും കൊടുത്ത് ഇരിക്കുന്നത് കണ്ടു…. ഇവിടെ നടക്കുന്നതൊന്നും അവളെ സംബന്ധിക്കുന്നതല്ല എന്ന മട്ടിൽ…

സന്തോഷ്‌ തുടർന്നു….

“”ഏറെ നാളത്തെ പ്രണയത്തിനു ശേഷമാ ഞാനിവളെ കെട്ടുന്നേ രണ്ടു വീട്ടിലും എതിർപ്പാരുന്നു… എന്നിട്ടും വിട്ടകൊടുത്തില്ല…

നല്ലോണം ജീവിച്ചു വരുവാരുന്നു… ഇപ്പോ ഇവൾ ഇങ്ങനെ ഒക്കെ തുടങ്ങിയാ….. ബാധ കേറീതാ എന്ന് പറഞ്ഞു ആ വഴി കുറെ നോക്കി… പക്ഷേ എനിക്കതിലൊന്നും വിശ്വാസം ഇല്ല…

ഞാൻ അവസാന ശ്രമം എന്ന നിലയിലാ ഡോക്ടറെ ഇങ്ങോട്ട് കൊണ്ടു വന്നേ…. ഇനി ആരും ഇല്ല ഇവളെ ഉപേക്ഷിക്കാൻ ഉപദേശിക്കാൻ…. പറ്റാത്തോണ്ടാ… അത്രക്ക്… അത്രക്ക് ഞാൻ….”””

അയാൾ കരയുന്നത് കണ്ടപ്പോൾ അവൾ മെല്ലെ അയാളെ നോക്കി…..

“ചികിൽസിക്കണം ഡോക്ടറെ.. ആ പഴയ അഞ്ചുനെ എനിക്ക് വേണം….”

ചെറിയൊരു ചിരിയോടെ പറഞ്ഞു,

ചികിൽസിക്കാം””‘ എന്ന്… അതു പക്ഷെ അഞ്ജലിയെ അല്ല പകരം സന്തോഷിനെയും അമ്മയെയും ആണ് എന്ന്..

പകപ്പോടെ അയാൾ എന്നെ നോക്കി…
ചെറിയ ചിരിയോടെ തുടർന്നു..

എന്ന് മുതലാണ് അഞ്ജലിയിൽ ഈ വ്യത്യാസം കാണാൻ തുടങ്ങിയത് ..??

സന്തോഷ് ഓർത്തെടുത്തു പറഞ്ഞു പ്രസവശേഷം ആണെന്ന്….. അതിനു മുമ്പ് അവൾ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന്…

അഞ്ജലിയെ കൂടെ പുറത്തേക്ക് വിട്ട് ഞാൻ അയാളോട് സംസാരിക്കാൻ ആരംഭിച്ചു…

“”സന്തോഷ്‌….

പ്രസവം സ്‌ത്രീയിലുണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ മാനസികമായി അവരെ ബാധിക്കുന്നു പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ….

പ്രസവാനന്തര വിഷാദ രോഗത്തെ മൂന്നു കാറ്റഗറികളായി തരം തിരിക്കാം. പോസ്റ്റ് പാ ര്‍ട്ടം ബ്ലൂസ്, പോസ്റ്റ് പാ ര്‍ട്ടം സൈക്കോസിസ്, പോസ്റ്റ് പാ ര്‍ട്ടം ഡിപ്രഷൻ.

ലോകത്ത് ആയിരം ജനനമെടുത്താൽ എടുത്താൽ 300 മുതൽ 750 വരെ ജനനങ്ങളിലും അമ്മമാര്‍ നേരിടുന്ന പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് പ്രസവത്തിന് ശേഷം കുറച്ച് ദിവസങ്ങള്‍ കൊണ്ടോ ആഴ്ച്ചകള്‍ കൊണ്ടോ ഭേദമായേക്കാം.

പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ഗുരുതരമായ അവസ്ഥയാണ്. പ്രസവം കഴിഞ്ഞ് നാലു ആഴ്ച്ചകള്‍ക്കുള്ളിൽ തുടങ്ങുന്ന ഈ വിഷാദരോഗത്തെ ഗൗരവമായി ചികിത്സിക്കേണ്ടതുണ്ട്.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ പ്രവസത്തിന് തൊട്ടുപിന്നാലെയോ അല്ലെങ്കിൽ ഗര്‍ഭധാരണത്തിലിരിക്കുന്ന സമയത്തുണ്ടായിരുന്ന രോഗത്തിന്‍റെ തുടര്‍ച്ചയായോ സംഭവിക്കാം…..

പ്രസവത്തിന് പിന്നാലെ ഹോര്‍മോണുകളിൽ സംഭവിക്കുന്ന മാറ്റവും വൈകാരികമായ പ്രശ്നങ്ങളും ഈ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

കുഞ്ഞിനെ നോക്കാനുള്ള പ്രാപ്തി തനിക്ക് ഉണ്ടോ എന്ന ആകുലതകളും കുഞ്ഞ് ജനിച്ചതോടെ തന്‍റെ ജീവിതത്തിന് മേലുള്ള കണ്‍ട്രോള്‍ നഷ്ടപ്പെട്ടു എന്ന തോന്നലുകളും ഇത്തരം വൈകാരിമായ പ്രശ്നങ്ങളിൽ പെടുന്നു…..

ഇതൊരു രോഗമല്ലേടോ… ഒരു അവസ്ഥയാണ്…

തന്റെ കരുതലും വീട്ടുകാരുടെ സപ്പോർട്ടും ഉണ്ടെങ്കിൽ പെട്ടെന്ന് മാറുന്ന ഒരവസ്ഥ… അതാണ് ഞാൻ ആദ്യം പറഞ്ഞത്.. ചികിത്സ നിങ്ങൾക്കാണ് വേണ്ടതെന്നു…

താൻ ഇത്രയും സ്നേഹിക്കുന്നവൾക്ക് വേണ്ടി തനിക്കിത്രയേ ചെയ്യേണ്ടൂ… അവളെ മനസിലാക്കുക…

സ്നേഹിക്കുക… ഇപ്പോ താൻ കൊടുക്കുന്ന സ്നേഹം.. തന്റെ അഞ്ജലി ഒരായിരം മടങ്ങായി തിരിച്ചു തരുമെടോ… കുറച്ചു സമയം എടുക്കും എന്ന് മാത്രം…””””

അയാൾ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ നോക്കി ഇരുന്നിരുന്നു… മെല്ലെ ആ മിഴികൾ നിറയുന്നത് കണ്ടു…

“”ഇതൊന്നും എനിക്ക്…..””

“”സാരല്ല… ഇനി ശ്രെദ്ധിച്ചാൽ മതി… തനിക്ക് തിരികെ കിട്ടുമെടോ തന്റെ അഞ്ജലിയെ…”””

വീണ്ടും അഞ്ജലിയെ അകത്തേക്ക് വിളിപ്പിച്ചപ്പോൾ സന്തോഷിന്റെ മുഖത്തെ വിഷമം മാറി കരുതൽ നിറഞ്ഞിരുന്നു…

സന്തോഷിന്റെ അമ്മയെ കൂടെ ഇത്തിരി ശ്രമകരമായി എങ്കിലും പറഞ്ഞു മനസ്സിലാക്കി…

ഏറെ നാളുകൾക്കു ശേഷം അവർ മൂന്ന് പേരും കൂടെ കാണാൻ വന്നു… അഞ്ജലി അതീവ സന്തോഷവതി ആയിരുന്നു… കുഞ്ഞ് അവളുടെ കയ്യിൽ ഇരുന്നു ചിണുങ്ങി…

അപ്പോഴൊക്കെ അവൾ ആ കുഞ്ഞിനെ ഉമ്മ കൊണ്ട് മൂടി… അത് കണ്ടു സന്തോഷ്‌ എന്നെ നോക്കി ഒന്ന് ചിരിച്ചു… മനസ്സ് നിറഞ്ഞ്….

Leave a Reply

Your email address will not be published. Required fields are marked *