അനാമിക
(രചന: Kannan Saju)
” ഇയ്യാളെന്റെ ചന്തിക്കു പിടിച്ചു വിനുവേട്ടാ…. ” ബൈക്കിൽ നിന്നും ഇറങ്ങുകയായിരുന്ന വിനുവിനോട് ഞെട്ടലോടെ തിരിഞ്ഞുകൊണ്ടു രമ്യ പറഞ്ഞു..
അയ്യോ ചേച്ചി ഞാൻ ബൈക്കീന്നു തിരിഞ്ഞിറങ്ങിയപ്പോ അറിയാതെ എന്റെ കൈ തട്ടിയതാ… അത് കേട്ടു ഞെട്ടലോടെ വിഷ്ണു പറഞ്ഞു…
വിഷ്ണു…. കറുത്ത നിറത്തിൽ പഴകിയ ഒരു കാവി മുണ്ടും നരച്ചു കളറ് മങ്ങിയ കറുത്ത ഷർട്ടും ധരിച്ചു ബജാജിന്റെ പഴയൊരു ct100 ബൈക്കിൽ വന്നിറങ്ങിയവൻ.
രമ്യ… കാഴ്ച്ചയിൽ തന്ന അതീവ സുന്ദരിയും തിളക്കമാർന്ന വസ്ത്രം ധരിച്ചവളും.
വിനു… ആറടി പൊക്കത്തിൽ ആരോഗ്യവാനായ ജീൻസും ഷർട്ടും ധരിച്ച ചെറുപ്പക്കാരൻ…. ബുള്ളെറ്റിലാണ് ഇരുവരും വന്നത്..
ആദ്യം ബാക്കി നിർത്തിയ വിഷ്ണുവിന് പിന്നാലെ സൈഡിൽ വിനുവും ബൈക് നിർത്തുക ആയിരുന്നു… രമ്യയും വിഷ്ണുവും ഒരുമിച്ചു വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ആണ് അത് സംഭവിക്കുന്നത്…
വിനു ചാടി വിഷ്ണുവിന്റെ കഴുത്തിനു പിടിച്ചു ബൈക്കിലേക്കു കിടത്തി” **** മോനേ… നീ…… ” അപ്പോഴേക്കും മുന്നിലെ കടകളിൽ നിന്നും മറ്റും ആളുകൾ ഓടി വന്നു…
” എന്താ…. എന്താ പ്രശ്നം ??? ” ഒരുവൻ ചോദിച്ചു…” ചേട്ടാ ഇയ്യാളെന്റെ ശരീരത്തിൽ കയറി പിടിച്ചു ” അവൾ ദയനീയമായി അവരോടു മറുപടി പറഞ്ഞു… അത് കേട്ടതും മൂന്നാലു പേർ മുന്നോട്ടു വന്നു
” മോനങ്ങു മറിക്കെ… ഞങ്ങടെ നാട്ടിൽ വന്നു ഇമ്മാതിരി പോക്കിരിത്തരം കാണിച്ചവനെ ഞങ്ങള് തന്നെ പെരുമാറിക്കോളാം ” അവർ വിനുവിനെ മാറ്റി നിർത്തി…
വിഷ്ണുവിന്റെ കഴുത്തിനു പിടിച്ചു വലിച്ചു കൊണ്ടു ഒരുവൻ മോന്തക്കാടിച്ചു…അടി കൊണ്ട പാടെ അവൻ നിലത്തു വീണു…
” അയ്യോ… എന്നെ തല്ലല്ലേ ചേട്ടാ.. ഞാനിവിടെ അടുത്തൊരു വീട്ടിൽ പെയിന്റ് പണിക്കു വന്നതാണ്… ചായ കുടിക്കാൻ വണ്ടി നിർത്തിയതാ… സത്യായിട്ടും ഞാൻ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല “
” മിണ്ടരുത് നീ.. നിന്നെ കണ്ടാൽ അറിയാം നീ ശരിയല്ലെന്ന്…. ” ഒരുവൻ പിന്നിൽ നിന്നും വന്നു വിഷ്ണുവിന്റെ മുതുകിൽ ചവിട്ടി കൊണ്ടു
” ഇവനെ പോലുള്ള ഞെരമ്പുകളെ ഒക്കെ എന്ത് ചെയ്യണം എന്നറിയാമോ “വിഷ്ണു മുഖം ഇടിച്ചു നിലത്തേക്ക് വീണു…. ഒരുവൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു നിർത്തി…
” എന്നെ തല്ലല്ലേ ചേട്ടാ പ്ലീസ്…. എനിക്കെന്തെങ്കിലും പറ്റിയ അമ്മക്കാരും ഇല്ല “അവന്റെ ഇരു കരണങ്ങളിലും മാറി മാറി അടിച്ചു കൊണ്ടു ഒരുവൻ.. ” അത് നീ ഓരോന്ന് ചെയ്യുന്നെന്ന് മുന്നേ ആലോചിക്കണമായിരുന്നു….”
ഒരുവൻ മുട്ടു കാലുകൊണ്ട് വിഷ്ണുവിന്റെ കാലിന്റ കവക്കിടയിൽ ആഞ്ഞു തൊഴിച്ചുവിഷ്ണു വാ പൊത്തി കുന്തം കാലിൽ ഇരുന്നു പോയി… പിന്നിൽ നിന്നും ഒരുത്തൻ ഷർട്ടിൽ പിടിച്ചു വലിച്ചു നിലത്തേക്കിട്ടു… അവന്റെ ഷർട്ട് ഒരു ഭാഗം കീറി അയ്യാളുടെ കയ്യിൽ ഇരുന്നു…
” ഒന്ന് നിർത്തുവോ ???? “സമീപത്തു ശ്രീ കൃഷ്ണ ബേക്കറി നടത്തുന്ന അനാമിക അവർക്കിടയിലേക്ക് ഇറങ്ങി വന്നു… എല്ലാവരും അവളെ നോക്കി…
” കൊറേ നേരായല്ലോ… നിങ്ങക്കൊക്കെ ഭ്രാന്താണോ ??? ഒരു അപ്പൂപ്പൻ അവിടെ തല കറങ്ങി വീണപ്പോ ഈ പറഞ്ഞ ആൾക്കാരെ ഒന്നും കണ്ടില്ലല്ലോ ???
കുറെ സദാചാരക്കാര് വന്നേക്കുന്നു… അയ്യാൾ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ പോലീസിനെ വിളിക്കണം.. അല്ലാതെ നിങ്ങൾ നിയമം കയ്യിലെടുക്കരുത്.. “
” ചേട്ടാ.. പോലീസിനെ വിളിച്ചു കൊടുക്ക്… ഇനി തമ്പുരാട്ടി പറഞ്ഞിട്ട് ആരും കേട്ടില്ലെന്നു വേണ്ട… ” ഒരുവൻ പറഞ്ഞു….
അവർ പോലീസിനെ വിളിച്ചു. വിഷ്ണു കിതച്ചുകൊണ്ട് വായിൽ നിന്നു ചോരയും ഒലിപ്പിച്ചു അവിടെ ഇരുന്നു…
അനാമിക തന്റെ കടയിൽ നിന്നും ഒരു സോഡ പൊട്ടിച്ചു കൊണ്ടു വന്നു വിഷ്ണുവിന് നേരെ നീട്ടി. അവൻ വേണ്ടെന്നു തലയാട്ടി. .
” താനിത് കുടിക്ക് .. ഇനി ഇവിടെ കിടന്നെങ്ങാനും താൻ ചത്താ ഞങ്ങക്ക് സാക്ഷി പറയാൻ നടക്കാനൊന്നും പറ്റത്തില്ല… ” വിഷ്ണു അത് വാങ്ങി.. മെല്ലെ മെല്ലെ കുടിച്ചു…
പോലീസ് വന്നു വിഷ്ണുവിനെ ജീപ്പിൽ കയറ്റി… ബുള്ളറ്റിൽ പിന്നാലെ പോയി വിനുവും രമ്യയും പരാതിയും എഴുതി കൊടുത്തു തിരിച്ചു പോയി…
” ഷഡി ഇട്ടിട്ടുണ്ടോടാ…. ? “” ഉണ്ട് സർ.. പക്ഷെ “” ഉം??? എന്താ ഒരു പക്ഷെ? ” അവൻ മിണ്ടിയില്ല…
” ആ മുണ്ടും ഷർട്ടും അഴിച്ചു വെച്ചിട്ടു ഷഡി മാത്രം ഇട്ടു ആ മൂലയ്ക്കൽ പോയി നിന്നോ ” വിഷ്ണു പരുങ്ങലോടെ ഷർട്ടും മുണ്ടും അഴിച്ചു…
അതുകണ്ടു പോലീസുകാരും സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ചിരിക്കാൻ തുടങ്ങി..
പഴകിയ ആ ഇന്നർവിയറിനു നിറയെ തുളകൾ ഉണ്ടായിരുന്നു… വിഷ്ണു തല കുനിച്ചു മൂലയിലേക്ക് നടന്നു..
” എന്തോന്നെടെ ഇത് ???? വീട്ടിലെ അരിപ്പയോ?? ” si യുടെ ചോദ്യം കേട്ടു എല്ലാവരും ചിരിച്ചു …
” അവളെ പോലെ ഒരു സാധനത്തിനെ കണ്ടാൽ പിടിക്കാൻ തോന്നും.. പ്രത്യേകിച്ചും നമ്മളെ പോലെ കൗതുകം കൂടുതൽ ഉള്ള ആളുകൾക്ക്.. എന്ന് കരുതി പബ്ലിക് ആയി പിടിക്കാമോടെ??? ” si അവനെ കളിയാക്കി ചോദിച്ചു…
” എനിക്കങ്ങനൊന്നും തോന്നിയില്ല സർ… ഞാൻ അങ്ങനൊരളല്ല… ഞാൻ അറിഞ്ഞോണ്ട് പിടിച്ചിട്ടില്ല”
si ക്ക് അതിഷ്ടപ്പെട്ടില്ല… അയ്യാൾ അവന്റെ അടുത്തേക്ക് ചെന്നു…” അങ്ങനൊരാളല്ലെന്നു പറഞ്ഞാൽ….??? ” അവനു മുഖാമുഖം അയ്യാൾ നിന്നു…
” പറയടാ… അങ്ങനൊരാളല്ലെന്നു പറഞ്ഞാൽ ??? അപ്പൊ ഞാൻ മോശമാണെന്നോ ??? ” വിഷ്ണു ദയനീയതയോടെ si യെ നോക്കി…” നീ മനഃപൂർവം പിടിച്ചെന്ന് പറയടാ “” ഞാൻ പിടിച്ചിട്ടില്ല സർ… പ്ലീസ് “
si കോൺസ്റ്റബിളിനെ നോക്കി… അയ്യാൾ cctv കണക്ഷൻ വിടുവിച്ചു… si അവനെ കുനിച്ചു നിർത്തി മുതുകിനു മുട്ട് കൈ കൊണ്ടു മൂന്ന് ഇടി ഇടിച്ചു… വിഷ്ണു ചുമച്ചുകൊണ്ടു നിലത്തേക്കിരുന്നു
” നീ പിടിച്ചെന്ന് പറയടാ “” ഞാൻ പിടിച്ചിട്ടില്ലല്ലോ സർ ” അയ്യാൾ അവനെ വീണ്ടും പൊക്കി എടുത്തു…റസൽ.സർ…ഒരു പച്ചീർക്കിളി ചീകി എടുത്തോണ്ട് വാ…
റസൽ അത് കൊണ്ടു കൊടുത്തു… വിഷ്ണുവിനെ സെല്ലിലേക്ക് കയറ്റി മുട്ടിൽ നിർത്തി രണ്ട് പോലീസുകാർ പിന്നിൽ നിന്നും പിടിച്ചു… അയ്യാൾ അവനിൽ പച്ചീർക്കിളി പ്രയോഗം നടത്തി….
അവിടം മുഴുവൻ അവന്റെ നിലവിളി ഉയർന്നു… എന്നിട്ടും വിഷ്ണു സമ്മതിച്ചില്ല….” താൻ fir എഴുതു…. അവൻ സമ്മതിച്ചോളും “
അപ്പൊഴെക്കും വിനുവിനെയും രമ്യയെയും കൂട്ടി അനാമിക സ്റ്റേഷനിൽ വന്നു… അവൾ തന്റെ കടയുടെ മുകളിൽ ഉണ്ടായിരുന്ന ബ്യൂട്ടിപാര്ലറിലെ cctv ദൃശ്യങ്ങൾ si ക്ക് കാണിച്ചു കൊടുത്തു…
” ശേ.. അവന്റെ ഒരു നിറവും വേഷവും ഒക്കെ കണ്ടപ്പോ ഞാനും കരുതി ഉള്ളതായിരിക്കും എന്ന്.. ചെറുതായൊന്നു പെരുമറിയായിരുന്നു… എന്തായാലും വിട്ടേക്കാം.. നിങ്ങള് പൊക്കോ… “
” ഇല്ല സർ .. ഇപ്പൊ തന്നെ ഒന്ന് ” വിനു പറഞ്ഞു…” ശരി. നിങ്ങളു പുറത്തേക്കു നിന്നോ… ഇപ്പൊ വിട്ടേക്കാം “
അനാമികക്ക് എന്തോ സംശയം തോന്നി… എങ്കിലും അവൾ പുറത്തേക്കു പോയി… കുറച്ചു കഴിഞ്ഞു മെല്ലെ മെല്ലെ ചുവടുകൾ വെച്ചു വിഷ്ണു ഇറങ്ങി വന്നു… അവർ മൂന്ന് പേരും വിഷ്ണുവിനെ നോക്കി…
” ക്ഷമിക്കണം… അപ്പോഴത്തെ ഒരു…. “” മനഃപൂർവം അല്ലല്ലോ… സാരില്ല… “” ഇത് കുറച്ചു പൈസ ഉണ്ട്… ക്ഷമിക്കണം ഞങ്ങളോട്… ” വിനു കുറച്ചു പണം എടുത്തു അവന്റെ കൈകളിൽ വെക്കാൻ തുടങ്ങിയതും അവൻ കൈ വലിച്ചു …
” വേണ്ട സർ… എനിക്ക് ഇതുപോലൊരു കറുത്ത ഷർട്ട് മേടിക്കണം… നാളെ പണിക്കു പോവുമ്പോ ഇടാൻ ഒന്നും ഇല്ല…. “
” അത് ഞാൻ വാങ്ങി കൊടുത്തോളം ” അനാമിക പറഞ്ഞു… വിഷ്ണു അവളെ നോക്കി…” നിങ്ങള് പൊക്കോ.. ഇയ്യാളെ ഞാൻ കൊണ്ടു വിട്ടോളം “
വിഷമത്തോടെ വിഷ്ണുവിനെ നോക്കിയാ ശേഷം അവർ മടങ്ങി… അനാമികക്കൊപ്പം അവളുടെ ആൾട്ടോ കാറിൽ വിഷ്ണുവും കയറി.. അവൻ എന്തോ വേദന സഹിച്ചിരിക്കുന്ന പോലെ അവൾക്കു തോന്നി…
” എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ??? ” ഡ്രൈവിങ്ങിനു ഇടയിൽ അവൾ ചോദിച്ചു” ഇല്ല… എനിക്കൊന്നു മൂത്രം ഒഴിക്കണം… എവിടെങ്കിലും ഒതുങ്ങിയ സ്ഥലം കാണുമ്പോൾ “
” ഉം ‘അവൾ ആളൊഴിഞ്ഞ ഒരിടത്തു വണ്ടി നിർത്തി… വിഷ്ണു കുറച്ചു മാറി മൂത്രം ഒഴിക്കുവാനായി കുറച്ചു നേരമായി നിക്കുന്നു.. എന്ത് ചോദിക്കണം എന്നറിയാതെ അവൾ കാറിനരികിൽ തന്നെ നിന്നു…
ഒടുവിൽ വിഷ്ണുവിന്റെ മൂത്രം ഒഴിക്കാനുള്ള ശ്രമം വിജയിച്ചു… ചോര കലർന്ന മൂത്രം പുറത്തേക്കു ഒഴുകി.. നീറൽ സഹിക്കാതെ കരഞ്ഞു കൊണ്ടു മൂത്രം മുഴുവിപ്പിക്കാതെ അവൻ നിലത്തേക്കിരുന്നു…
ഓടി വന്നു നോക്കിയ അനാമിക ചോര കണ്ടു മുഖം തിരിച്ചു. … അവൻ കരഞ്ഞുകൊണ്ട് അടുത്തുള്ള മരത്തിൽ പിടിച്ചു മുട്ടുകാലിൽ കുഞ്ഞി കൂടി ഇരുന്നു… അവൾ വണ്ടിയിൽ നിന്നും ടവ്വൽ എടുത്തു അവനു കൊടുത്തു..
” തുടക്ക്.. ഹോസ്പിറ്റലിൽ പോവാം “” വേണ്ട.. അവരെന്താ പറ്റ്യേയെന്നു ചോദിക്കില്ലേ… വീണ്ടും പ്രശ്നയാൽ അയ്യാളുടെ തല്ലു കൊള്ളാൻ എനിക്ക് വയ്യ ” എനിക്കറിയാവുന്ന ആളുടെ ഹോസ്പിറ്റലിൽ പോവാം.. വാ.. “
അവൾ തന്റെ സുഹൃത്തിന്റെ ക്ലിനിക്കിൽ അവനെ കൊണ്ടു പോയി… മരുന്ന് വാങ്ങി.. മുറിവുകൾ കഴുകി കെട്ടി… പുതിയ ഷർട്ട് മേടിച്ചു കൊടുത്തു… തിരിച്ചു കാറിൽ വരുമ്പോൾ
” ആരാ നിങ്ങൾ??? എനിക്ക് വേണ്ടി എന്തിനാ ഇതെല്ലം ചെയ്യുന്നേ ??? ” അവൾ ചിരിച്ചു…..” ഞാൻ കാര്യമായി ചോദിച്ചതാ… എല്ലാവരും എന്നെ സംശയിച്ചപ്പോ നിങ്ങള് മാത്രം എന്താ ?? “
” എന്റെ ഭർത്താവിന് ഒരു അനിയൻ ഉണ്ടായിരുന്നു… പേര് കേട്ടാൽ ചിലപ്പോ താൻ അറിയുമായിരിക്കും… വിവേക് ഗോവർദ്ധനം… ” അവന്റെ മുഖം മാറി…
” അവനെ ഒരു പെങ്കൊച്ചിനു വയങ്കര ഇഷ്ടമായിരുന്നു…. പക്ഷെ അവനു ഒട്ടും താല്പര്യം ഇല്ലായിരുന്നു താനും..അങ്ങനെ ഞങ്ങളവന്റെ കല്ല്യാണം ഉറപ്പിച്ചു…
ഈ പെൺകൊച്ചു ആദ്യം ഇവന്റെ നല്ല സുഹൃത്തായിരുന്നെ… എപ്പോഴും വിളിക്കും വിശേഷങ്ങൾ പറയും.. എന്നോടും സംസാരിച്ചിട്ടുണ്ട്…. അവസാനം ഇവൾ പ്രൊപോസ ചെയ്തു.. അവൻ പറ്റില്ലെന്ന് പറഞ്ഞു..
കല്ല്യാണം ഉറപ്പിച്ചപ്പോ ഇനി ഒരിക്കലും അവനെ കിട്ടില്ലെന്ന വാശിയിൽ അവൾ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചേന്ന് പറഞ്ഞു അവനെതിരെ ആത്മഹത്യ കുറിപ്പും എഴുതി വെച്ചിട്ട് കെട്ടി തൂങ്ങി … കേട്ട പാതി കേക്കാത്ത പാതി നാട്ടുകാർ ഇളകി …
പല തവണ വീട്ടിൽ വെച്ചു ശാരീരികമായി ബന്ധപ്പെട്ടിരുന്നു എന്നും ആ കുട്ടി അതിൽ എഴുതിയിരുന്നു… ഞങ്ങൾ പോലും അവനെ വിശ്വസിച്ചില്ല… ഞങ്ങളുടെ കണ്മുന്നിൽ നാട്ടുകാർ അവനെ പൊതിരെ തല്ലി… അന്ന് രാത്രിയിൽ ലോക്കപ്പിൽ വെച്ചവൻ. “
” അവളുടെ കണ്ണുകൾ നിറഞ്ഞു.. ആ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോഴാണ് അവൾ വെർജിൻ ആയിരുന്നെന്നു അറിയുന്നത്.. പിന്നീട് അവരുടെ മെസ്സേജുകളും മറ്റും പരിശോധിച്ചതോടെ……. “
” ഇന്ന് താൻ അവിടെ അവരുടെ മുന്നിൽ യാചിക്കുന്ന കണ്ടപ്പോൾ എനിക്കെന്റെ അനിയനെ ഓർമ വന്നു ” വിഷ്ണു പകച്ചിരുന്നു…
” നമ്മുടെ സമൂഹം അങ്ങനായി പോയെടോ.. ആരോപണങ്ങൾ മതി… പിന്നെ അത് സത്യമാണെന്ന രീതിയിൽ പ്രതികരണം ആണ്.. മുൻവിധി ആണ്…
നിറമില്ലാത്തവനും മങ്ങിയ വസ്ത്രം ധരിച്ചവനും ഒക്കെ മോശക്കാരനും മൊബൈൽ മുതൽ കാർ തുടങ്ങി ഡ്രസ്സ് വരെ വിലക്കൂടുതൽ ഉള്ളത് ഉപയോഗിക്കുന്നവൻ എല്ലാം മാന്യനും എന്ന തെറ്റിദ്ധാരണ “..
അവൾ വണ്ടി വീടിനു മുന്നിൽ നിർത്തി. വിഷ്ണു ഇറങ്ങി….” പണ്ട് സ്വാമി വിവേകാനന്ദൻ ഒരു വെള്ളക്കാരനോട് പറഞ്ഞൊരു വചനം ഉണ്ട്.. നിങ്ങളുടെ നാട്ടിൽ ജന്റിൽ മാനെ ഉണ്ടാക്കുന്നത് തുന്നൽക്കാരൻ ആണ്, പക്ഷെ ഞങ്ങടെ നാട്ടിൽ ജന്റിൽ മാനേ നിർവചിക്കുന്നത് അയ്യാളുടെ സ്വഭാവം ആണ് എന്ന് “
ഇന്നതൊക്കെ മാറിയിരിക്കുന്നു… പണം ഉള്ളവൻ പറയുന്നതും പ്രവർത്തിക്കുന്നതും ശരിയും ഇല്ലാത്തവൻ ചെയ്യുന്നതെല്ലാം മോശവും തെറ്റും….
സംശയം ഉണ്ടങ്കിൽ നാളെ കൂട്ടുകാരന്റെ ഒരു ആഡംബര കാറും എടുത്തു മിന്നുന്ന വസ്ത്രവും ധരിച്ചു കഴുത്തിൽ ഒരു റോൾഡ് ഗോൾഡിന്റെ മാലയും ഇട്ടു, ബ്യൂട്ടി പാർലറിൽ പോയി ഒന്ന് മിനുങ്ങിയിട്ടു ഇന്നീ സംഭവം ഉണ്ടായ അതെ സിറ്റിയിലേക്ക് ഒന്ന് ഇറങ്ങി നോക്ക്….
ഇന്ന് കണ്ട അതെ ആളുകളുടെ മനോഭാവം മാറുന്നത് കാണാം. പുറമെ നമ്മൾ എന്ത് കാണിക്കുന്നോ അതെ ലോകം വ്ശ്വസിക്കു….
അവൻ തലയാട്ടി…അമ്മയോട് ഇനി എന്ത് പറയും ??വണ്ടീന്ന് വീണുന്നു പറഞ്ഞോളാം…
മം… ആ കൂട്ടത്തിൽ ഒരു ചേച്ചിയെയും കൂടി കിട്ടിയെന്നു പറഞ്ഞേക്ക്…. ചേട്ടൻ വിളിക്കുമ്പോൾ ഞാനും പറയുന്നുണ്ട് പുതിയൊരു അനിയനെ കിട്ടിയ കാര്യം…
ചേട്ടനെവിടെ….അങ്ങ് ബോർഡറിലാ… പട്ടാളത്തിൽ…. അവൻ ചിരിച്ചു…എന്നാ ഞാൻ പോട്ടെ …. അവൾ വണ്ടി മുന്നോട്ടെടുത്തു… അവൾ ദൂരെ മറയുന്നതും നോക്കി വിഷ്ണു അങ്ങനെ നിന്നു.