ഇത്രയും സുന്ദരിയായ നിങ്ങൾക്ക് ഇങ്ങനെ ഒരാളെയാണോ ഭർത്താവായി കിട്ടിയത് എന്ന് ചോദിച്ചത് മുതൽ മിനി തിരിച്ചു…

(രചന: J. K)

“അവളെ ചേട്ടന്റെ ശരീരം കാണാൻ അനുവദിക്കരുത് ” ഒരാൾ മരിച്ചു കിടക്കുന്ന വീട്ടിൽ ഒരു ശബ്ദമുയർന്നപ്പോൾ,

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു, കണ്ടത് കലി തുള്ളി നിൽക്കുന്നവനെ ആണ് മരിച്ച പ്രേമന്റെ അനിയൻ, സത്യൻ “”.

എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു പ്രേമന്റെ ഭാര്യ മിനി പ്രേമനെ കാണാൻ എത്തിയതാണ്, മിനി നോക്കുമ്പോൾ പ്രേമന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു തന്റെ രണ്ട് പെൺ മക്കളും കരയുന്നുണ്ട് .അതു കണ്ട് അവൾ തല താഴ്ത്തി നിന്നു .

അപ്പോഴേക്കും മറ്റു ചിലരും കൂടി പ്രതിഷേധവുമായി എത്തിയിരുന്നു. “നീ എത്രയും വേഗം ഇവിടെ നിന്ന് ഇറങ്ങി പോകണം” എന്നവർ മിനിയോട് പറഞ്ഞു,

ഇനിയും അവിടെ നിന്നിട്ട് യാതൊരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ മിനി അവിടെ നിന്നും ഇറങ്ങി…. ഇറങ്ങാൻ നേരം പ്രേമനെ ഒന്നുകൂടി അവൾ നോക്കി…

മിഴികൾ പൂട്ടി ഉറക്കത്തിൽ എന്ന പോലെ കിടക്കുന്നുണ്ട് അവസാനമായി ഒന്ന് മാപ്പ് പറയാൻ പോലും അവസരം കിട്ടിയില്ലല്ലോ എന്ന് ആലോചിച്ച് അവളുടെ ഉള്ളിൽ വല്ലാത്ത ഭാരം…

ആ കാലുപിടിച്ചൊന്നു കരയാൻ വന്നതാണ്…അവളുടെ ഓർമ്മകൾ ഒരു പാട് നാൾ പിന്നിലേക്ക് പോയി.

അച്ഛനും അമ്മയ്ക്കും തങ്ങൾ ഏഴു പെണ്മക്കൾ ആയിരുന്നു അതുകൊണ്ട് തന്നെ അത്യാവശ്യം ബുദ്ധിമുട്ടിയാണ് തന്റെ ബാല്യവും കൗമാരവും കടന്നു പോയത്

അവിടെ നിന്നാണ് പ്രായത്തിനു ഏറെ മൂത്ത പ്രേമന്റെ കല്യാണ ആലോചന വരുന്നത് തങ്ങൾ തമ്മിൽ പതിനഞ്ച് വയസ്സോളം വ്യത്യാസമുണ്ടായിരുന്നു അന്ന് എല്ലാവരും അത് പറഞ്ഞു കളിയാക്കിയിരുന്നു.

പക്ഷെ ആ വീട്ടിൽ നിന്നും എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടണം എന്ന് മാത്രമേ അന്ന് മോഹിച്ചിരുന്നുള്ളു, വല്ലതും നേരത്തിനു ഭക്ഷണം കഴിക്കാൻ കിട്ടണം എന്ന് മാത്രമായിരുന്നു മോഹം.

അത് കൊണ്ട് തന്നെയാണ് മറ്റൊന്നും കാര്യമാക്കാതെ പ്രേമന്റെ ആലോചന വന്നപ്പോൾ സമ്മതിച്ചതും കല്യാണം എത്രയും പെട്ടെന്നു കഴിഞ്ഞതും .

സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും ഒരു പുരയിടവും ഉണ്ട് പ്രേമന്.. ബന്ധുക്കൾ എന്നുപറയാൻ രണ്ട് അനിയന്മാർ മാത്രം അച്ഛനും അമ്മയും മരിച്ചു..

ഇതുവരെയും കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു പക്ഷേ അമ്മ കൂടെ പോയപ്പോൾ വല്ലാണ്ട് തനിച്ചായി അതുകൊണ്ടാണ് ഇപ്പോൾ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചത്…

അത്യാവശ്യം കളള് കുടിക്കുന്ന ശീലമുണ്ടയിരുന്നു പ്രേമന്, കിട്ടുന്ന പണത്തിനു പാതി കുടിച്ചു തീർക്കും ബാക്കി പാതി മിനിയുടെ കയ്യിൽ കൊണ്ട് കൊടുത്തിരുന്നു വീട്ടുകാര്യങ്ങൾ നോക്കാൻ,

അത് കൊണ്ട് തന്നെ വലിയ പ്രരാബ്ദങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും ഇല്ലാതെ വീട്ടുകാര്യങ്ങൾ നടന്നു കൊണ്ടിരുന്നു.

ക്രമേണ രണ്ടു പെണ്കുഞ്ഞുങ്ങളുമായി അവരുടെ കാര്യങ്ങൾക്കൊന്നും പ്രേമൻ ഒരു മുടക്കവും വരുത്തിയിരുന്നില്ല

എങ്കിലും അയാൾക്ക്‌ സ്നേഹത്തോടെ പെരുമാറാനോ അവളോട് നല്ല രീതിയിൽ സംസാരിക്കാനോ ഒന്നും അറിയില്ലായിരുന്നു , ഒരു തരം മുരടൻ സ്വാഭാവം .

പക്ഷേ യാതൊരുതരത്തിലും ഇനി ബുദ്ധിമുട്ടിചിരുന്നില്ല… വഴക്ക് പോലും പറഞ്ഞില്ല…പ്രകടിപ്പിച്ചില്ല എങ്കിലും ആ ഉള്ള് നിറയെ സ്നേഹമായിരുന്നു..

പക്ഷേ മിനി അത് പലപ്പോഴും തിരിച്ചറിഞ്ഞില്ല എന്ന് മാത്രം…ആ ഇടക്കാണ് അവരുടെ വീടിനു ഒരു വലിയ കെട്ടിടത്തിന്റെ പണി നടക്കുന്നത് അവിടുത്തെ കോൺട്രാക്ടർ സാധനങ്ങളെല്ലാം വാങ്ങിച്ചു കൊടുത്ത അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചു ഒപ്പം അതിനായി ഒരു ചെറിയ തുക നൽകാമെന്നും പറഞ്ഞു….

പ്രേമനോട്‌ ചോദിച്ചപ്പോൾ, ഭക്ഷണം അല്ലേ ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞു… അത് കൊണ്ട് തന്നെ അവൾ അത് സമ്മതിച്ചു. അവിടെയുള്ളവർക്കൊക്കെ നന്നായി ഭക്ഷണം ഉണ്ടാക്കി കൊടുത്തു.

അതിൽ ഒരാൾ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. എപ്പോഴും ചിരി യോടെ നടക്കുന്ന അയാളെ മിനിയും ശ്രദ്ധിച്ചിരുന്നു, പേര് മുത്തു അങ്കമാലിയാണ്‌ വീട് എന്നും ഇവിടെനിന്നും കുറെ ദൂരെ ആണെന്നയാൾ പറഞ്ഞു…

ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് പ്രേമൻ കയറി വന്നു അവരോടെല്ലാം ചിരിച്ചു പെരുമാറി.

പിറ്റെന്നാൾ മുത്തു ചോദിച്ചു ഇന്നലെ വന്നതാണോ നിങ്ങളുടെ ഭർത്താവ് എന്ന് അതെ എന്ന് പറഞ്ഞപ്പോൾ അയാളെയും നിങ്ങളെയും കണ്ടാൽ അച്ഛനെയും മകളെയും പോലെ തോന്നുമെന്ന്‌ പറഞ്ഞു.

ഇത്രയും സുന്ദരിയായ നിങ്ങൾക്ക് ഇങ്ങനെ ഒരാളെയാണോ ഭർത്താവായി കിട്ടിയത് എന്ന് ചോദിച്ചത് മുതൽ മിനി തിരിച്ചു ചിന്തിച്ചു തുടങ്ങി.

പലപ്പോഴും തന്റെ മനസ്സിൽ ഉണ്ടായിട്ടുള്ള കാര്യമാണ് അത്…. പക്ഷേ വിധിച്ചത് ഇത് ആണല്ലോ എന്നോർത്ത് സഹിക്കുകയായിരുന്നു..

മുത്തു ചെറുപ്പമായിരുന്നു കാണാനും തരക്കേടില്ല അതുകൊണ്ടു തന്നെ അയാൾ അവളുടെ മനസ്സിൽ എങ്ങനെയോ കയറി സ്ഥാനം പിടിച്ചിരുന്നു….

അത്തരത്തിലുള്ളതായിരുന്നു അയാളുടെ പെരുമാറ്റം അവളെ കൂടുതൽ ശ്രദ്ധിച്ചു അവളുടെ കാര്യങ്ങളിലെല്ലാം ഇടപെട്ടു….അയാളുടെ ഓരോ പുകഴ്ത്തലുകളിലും, സ്നേഹ പ്രകടനങ്ങളിലും അവൾ വീണു .

അങ്ങനെയാണ് എതോ ഒരു നിമിഷത്തിൽ അവൻ പറഞ്ഞതു വിശ്വസിച്ച് വീട്ടിൽ നിന്ന് അവന്റെ കൂടെ ഇറങ്ങി പോയത്.

പറഞ്ഞതൊന്നും അല്ലായിരുന്നു അയാൾ ഒരു വെറും കള്ള് കുടിയൻ. അവളെ നന്നായി ഉപദ്രവിച്ചു ആദ്യം പോയ സുഖമൊന്നും ഉണ്ടായിരുന്നില്ല, ജീവിതം ശരിക്കും എന്താണെന്നു അവൾ അവിടെനിന്നും പഠിച്ചു.

പക്ഷെ മിനി അവിടെനിന്നു ഇറങ്ങി പോയതും പ്രേമന്റെ ജീവിതം ആകെ താളം തെറ്റിയിരുന്നു അയാൾ മുഴു കുടിയനായി,

മക്കളെ നോക്കാതെയായി വീട്ടിലേക്കു വരാതെ ആയി വഴിയരികിൽ എവിടെയെങ്കിലും കുടിച്ചു
കിടക്കും , നാട്ടുകാർ വീട്ടിൽ എത്തിക്കും.

എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു കുടിക്കുമെങ്കിലും നാട്ടുകാർക്കൊക്കെ പ്രേമനെ വലിയ കാര്യമായിരുന്നു അയാൾ നല്ലൊരു സ്വാഭാവത്തിനുടമയും ആരുമായും വഴക്കിനൊന്നും പോകാതെ നല്ലൊരു ഉപകാരിയുമായിരുന്നു.

പക്ഷേ തന്റെ ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തം അയാളെ ആകെ മാറ്റിമറിച്ചു മുഴുക്കുടിയനായ അയാൾ ഒരു ദിവസം റോഡരികിൽ ചോര ഛർദ്ദിച്ചു കിടന്നു..

ആരൊക്കെയോ എടുത്ത് ആശുപത്രിയിലെത്തിച്ചു അനിയന്മാർ എല്ലാം കൂടെ ചേർന്ന് പൈസ എടുത്ത് അയാളെ ചികിത്സിച്ചു ഇനി ഒരു തുള്ളി പോലും കുടിക്കരുത് എന്ന് പറഞ്ഞിരുന്നു പക്ഷേ ആരു കേൾക്കാൻ..

മിനിയെ പറ്റി ഓർമ്മ വരുമ്പോൾ മക്കളുടെ മുഖം കാണുമ്പോൾ അയാൾ വീണ്ടും വീണ്ടും കുടിച്ചു…ഒടുവില് ആ ജീവൻ പോകുന്നവരെയും….

മിനിക്ക് പ്രേമന്റെ തിരിച്ചു വരണമെന്ന് മോഹമുണ്ടായിരുന്നു അതുകൊണ്ടാണ് കാല് പിടിച്ചിട്ടെങ്കിലും വീട്ടിൽ കയറാം എന്ന് കരുതിയാണ് വീട്ടിൽ വന്നത് , അപ്പോൾ കണ്ടത് പ്രേമന്റെ ജീവനറ്റ ശരീരം.

അവിടെയുള്ളവർക്കൊക്കെ അവളോട് കടുത്ത ദേഷ്യമായിരുന്നു എന്ത് ചെയ്യണം എന്നറിയാതെ മിനിയും നിന്നു.

ഒരാശ്രയത്തിനായി അവൾ തന്റെ രണ്ട് പെൺ കുഞ്ഞുങ്ങളെയും നോക്കി പക്ഷെ അവരൊന്നും അവളെ ശ്രദ്ധിച്ചില്ല ,

അവരുടെ അച്ഛന്റെ ഈ അവസ്ഥക്ക് കാരണം മിനിയാണ് എന്നുള്ള ബോദ്ധ്യം അവർക്കു നന്നായിട്ടുണ്ടായിരുന്നു അതുകൊണ്ടു തന്നെ അവർ അവളെ കാണണ്ട എന്നുപറഞ്ഞു കളഞ്ഞു.

വേറേ വഴിയല്ലാതെ മിനി മുത്തുവിനരികിലേക്കു തന്നെ തിരിച്ചു പോയി അവൾക്കറിയാം ഇനിയുള്ള ജീവിതം ദുസ്സഹമാവുമെന്നു ചെയ്തു

പോയ തെറ്റിന്റെ വിഴുപ്പു പേറി ഇനിയുള്ള കാലം ജീവിക്കാനാണ് തന്റെ വിധിയെന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു അവൾക്ക് , വേറെ വഴിയില്ല ഇത് അനുഭവിക്കുക തന്നെ…

Leave a Reply

Your email address will not be published. Required fields are marked *