(രചന: മഴമുകിൽ)
വിപിൻ നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ യൊക്കെ സംസാരിക്കാൻ കഴിയുന്നു. നമ്മൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് എന്നുപോലും നിങ്ങൾ പലപ്പോഴും മറന്നു പോകുന്നു…
അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനുശേഷം ഒന്നായവരല്ലേ നമ്മൾ. എന്തുമാത്രം തടസ്സങ്ങളെ എല്ലാം അതിജീവിച്ചാണ് നമ്മൾ ഇങ്ങനെ ഒരു ജീവിതം കെട്ടിപ്പടുത്തത്..
എന്നിട്ട് ഇപ്പോൾ നിങ്ങൾ ഈ രീതിയിലാണ് എന്നോട് സംസാരിക്കുന്നതെങ്കിൽ ഞാൻ എന്താണ് വിചാരിക്കേണ്ടത്…
ഒരുപാട് നാൾ ഒന്നുമായില്ല നമ്മൾ തമ്മിൽ പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് ഏറി പോയാൽ നാലുമാസം..
അതും വിപിന്റെ നിർബന്ധത്തിനു വഴങ്ങി മാത്രമാണ് ഞാൻ നിങ്ങളെ ഗൾഫിൽ പോകാൻ അനുവദിച്ചത്.. എന്നിട്ടിപ്പോൾ നിങ്ങൾക്ക് എവിടെ നിന്നാണ് ഇപ്പോൾ ഈ സംശയം…
വാക്കുകൾ ഓരോന്നും പെറുക്കിക്കൂട്ടി പറയുമ്പോൾ മീനൂട്ടി വല്ലാതെ വിറക്കുന്നുണ്ടായിരുന്നു….
ഇവിടെ നിന്നും നിങ്ങൾ പോയത് മുതൽ തുടങ്ങിയതാണ് നിങ്ങൾക്ക് എന്നോടുള്ള ഈ സംശയം…
കുഞ്ഞിനെ ഡേ കേറിൽ വിടുന്നതിനും വീട്ടിലെ അത്യാവശ്യ സാധനങ്ങളും വാങ്ങാൻ ഞാൻ അല്ലാതെ പിന്നെ ആരാണ് ഇവിടെ ഉള്ളത്.. എന്റെ ആവശ്യങ്ങൾക്കെല്ലാം ഞാൻ തന്നെ പുറത്തു പോകണ്ടേ.
അതിനൊക്കെ സംശയിക്കാൻ തുടങ്ങിയാൽ പിന്നെ എങ്ങനെയാണ് വിപിൻ…
വിപിന്റെയും മീനു കുട്ടിയുടെയും പ്രണയ വിവാഹമായിരുന്നു… ഇരു വീട്ടുകാർക്കും ഒട്ടും താല്പര്യമില്ലാതെ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്.
ജീവിതം ഒരുവിധം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരു കുഞ്ഞു ജനിച്ചത്,.. മീനുക്കുട്ടി പഠിത്തം കഴിഞ്ഞ് വീട്ടിൽ ഇരിപ്പാണ്..
വിപിന്റെ വരുമാനം കൊണ്ട് മാത്രം മുന്നോട്ടു പോകാൻ കഴിയില്ല എന്ന് അവസ്ഥയായി.. അങ്ങനെയിരിക്കുമ്പോഴാണ് റിലേറ്റീവ്സിന്റെ നിർബന്ധപൂർവ്വം വിപിൻ ഗൾഫിലേക്ക് പോകാൻ തീരുമാനിക്കുന്നത്..
വിപിൻ നാട്ടിൽ നിന്ന് മാറിനിൽക്കുന്നത് മീനുക്കുട്ടിക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല.. പക്ഷേ എങ്കിൽ പോലും തങ്ങളുടെ അവസ്ഥയെ ഓർത്ത് അവൾ ഒന്നും മിണ്ടിയില്ല…
ആദ്യത്തെ ഒരു മാസം വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നുപോയി.. ദിവസങ്ങൾ കഴിയുന്തോറും വിപിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കുവാൻ തുടങ്ങി.
മീനുക്കുട്ടി കുഞ്ഞിനെയും കൊണ്ട് സ്കൂളിൽ പോകുന്നതും സാധനങ്ങൾ വാങ്ങാൻ പോകുന്നതും എല്ലാം കൃത്യസമയം കണക്ക് വെച്ച് ചോദിക്കുമായിരുന്നു.. ഒരു ദിവസം അമ്പലത്തിൽ പോയി വരാൻവൈകിയത്തിനു മീനു കുട്ടിയെ വിപിൻ ഒരുപാട് വഴക്ക് പറഞ്ഞു…
ആദ്യമൊന്നും വിപിന്റെ ഈ സംശയത്തെ മീനു കാര്യമായി എടുത്തില്ല എങ്കിലും ദിവസങ്ങൾ കഴിയുംതോറും അതിന്റെ അളവും വ്യാപ്തിയും കൂടിക്കൂടി വന്നു..
എന്തുകാര്യത്തിനും വിപിന് മീനുവിനെ സംശയം മാത്രമായി.. വാട്സ്ആപ്പ് മെസ്സേജുകളിൽ വരെ ഗൾഫുകാരന്റെ ഭാര്യ കൂട്ടുകാരനോടൊപ്പം ഒളിച്ചോടുന്നതും….
ഗൾഫുകാരന്റെ ഭാര്യ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു എന്നുള്ള മെസ്സേജുകൾ മീനുക്കുട്ടിയുടെ ഫോണിലേക്ക് അയച്ചു കൊടുക്കാൻ തുടങ്ങി…..
ഒടുവിൽ സഹികെട്ട് മീനുക്കുട്ടി ഒരിക്കൽ ദേഷ്യപ്പെട്ടു… ചേട്ടൻ എന്തിനാണ് എനിക്ക് ഈ രീതിയിലുള്ള മെസ്സേജുകൾ ഒക്കെ അയക്കുന്നത്….
എവിടെയെങ്കിലും എന്തെങ്കിലും ഒരു സംഭവം നടക്കുന്നതിന്റെ പേരിൽ എന്തിനാണ് എല്ലാവരെയും ഒരുപോലെ ഇങ്ങനെ പറയുന്നത്.. നിങ്ങൾക്ക് എന്നെ അത്രയ്ക്ക് സംശയമാണെങ്കിൽ എന്തിനാണ് നിങ്ങൾ ഇവിടെ നിന്ന് പോയത്..
വിവാഹശേഷം എന്റെ കൂടെ പഠിച്ചവരോ എന്റെ ബന്ധുക്കളോ അല്ലെങ്കിൽ ഫാമിലി ഫ്രണ്ട്സിനോട് പോലും ഞാൻ അധികമായി സംസാരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല..
കൂട്ടിലടച്ചിട്ട് കിളിയെ പോലെ എന്നെ ഈ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ നിങ്ങൾ എന്തിനെങ്കിലും അനുവദിച്ചിട്ടുണ്ടോ..
കാണുന്നവർക്കൊക്കെ നിങ്ങൾക്ക് അത് എന്നോടുള്ള സ്നേഹമാണെന്ന് പറയുമ്പോൾ എനിക്ക് മാത്രമല്ല അറിയാവൂ ഞാൻ എന്തുമാത്രം വീർപ്പുമുട്ടലാണ് ഈ വീടിനുള്ളിൽ കിടന്ന് അനുഭവിക്കുന്നത് എന്ന്..
പക്ഷേ ഞാൻ അന്നൊന്നും ഒന്നും പറയാതെ ഇരുന്നതാണ് ഇപ്പോൾ കുറ്റമായി മാറിയിരിക്കുന്നത്…
എന്നെക്കുറിച്ച് പറയാനുള്ള എന്തെങ്കിലും ശക്തമായ ഒരു കാരണമോ കുറ്റമോ നിങ്ങടെ പക്കൽ ഉണ്ടോ.. ഒന്നുമില്ലല്ലോ എല്ലാം നിങ്ങളുടെ വെറും സംശയം മാത്രമല്ല..
ഇനിമുതൽ കുഞ്ഞിനെ കൊണ്ടാക്കാനും വീട്ടുകാര്യങ്ങൾ ഒന്നും വാങ്ങാനും നീ പുറത്തേക്ക് പോകണ്ട നിന്റെ സഹോദരനോട് പറഞ്ഞു അവന് കഴിയുമെങ്കിൽ പോകാൻ പറയു…
നിങ്ങൾക്ക് എന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ എന്തൊക്കെയാണ് ഈ പറയുന്നത്…കുഞ്ഞിനെ കൊണ്ടുവിടാനും വീട്ടിലെ സാധനങ്ങൾ വാങ്ങാനും അവന് വേറെ ജോലിയും തൊഴിലും ഒന്നുമില്ലാതെ ഇരിക്കുകയാണോ….
എന്റെ വീട്ടിലെ കാര്യങ്ങൾ വാങ്ങാൻ ഞാനല്ലേ പുറത്തുപോകേണ്ടത്….ഇനിയെന്ത് കാര്യത്തിനാണെങ്കിലും നീ വീട്ടിൽ നിന്നും പുറത്തിറങ്ങണ്ട എന്നാണ് ഞാൻ പറയുന്നത്.. എന്റെ വാക്ക് ധിക്കരിച്ചു പോകാനാണ് ഭാവമെങ്കിൽ….. ബാക്കി ഞാൻ പറയുന്നില്ല….
മീനുക്കുട്ടി ആകെ ധർമ്മ സംഘടത്തിലായി അവൾ വിവരങ്ങളെല്ലാം അമ്മയോട് പറഞ്ഞു..
വിപിൻ ചേട്ടന് വിവാഹം കഴിഞ്ഞപ്പോൾ മുതൽ ചെറിയ സംശയം ഉണ്ടായിരുന്നെങ്കിലും ഈ രീതിയിലുള്ള പെരുമാറ്റം ഒന്നും ഏട്ടനിൽ നിന്നും ഉണ്ടായിട്ടില്ല…. ഞാൻ എത്ര ഒക്കെ എന്തൊക്കെ പറഞ്ഞിട്ടും ഏട്ടന്റെ തീരുമാനത്തിൽ നിന്ന് ഒരു മാറ്റവുമില്ലാത്ത പോലെയാണ്….
ഒടുവിൽ മീനുവിന്റെ സങ്കടം സഹിക്കാൻ വയ്യാതെ അമ്മ തന്നെ വിപിനെ വിളിച്ചു സംസാരിക്കാൻ തീരുമാനിച്ചു….
എന്താ വിപിൻ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്തിനാണ് നീ ഇങ്ങനെ ഇത്രയും അകലെ ഇരുന്നു കൊണ്ട് അവളെ വിഷമിപ്പിക്കുന്നത് നിനക്കറിഞ്ഞുകൂടാത്തതല്ലല്ലോ മീനുകുട്ടിയെ..
ഇങ്ങനെ സംശയരോഗം ആയി മുന്നോട്ടു പോയാൽ നിങ്ങളുടെ ജീവിതം എവിടെ ചെന്ന് നിൽക്കും… നിന്റെ ഭാര്യയെ കുറിച്ച് നിനക്ക് നന്നായി അറിയില്ലേ പിന്നെന്തിനാണ് ഈ രീതിയിലുള്ള സംശയമൊക്കെ…
പിന്നെ പിന്നെ വിപിൻ വിളിക്കാതെയായി.. മീനുക്കുട്ടിയെ കുറിച്ച് ഒന്നും അന്വേഷിക്കാതെയുമായി മെസ്സേജുകൾ അയച്ചാൽ അതിനൊന്നും കൃത്യമായ മറുപടി പോലും കൊടുക്കാറില്ല……
മീനു കുട്ടിയുടെ അവസ്ഥ ഓരോ ദിവസവും വളരെയധികം സങ്കടം നിറഞ്ഞതായി മാറി. അവൾ വളരെയധികം ശോഷിച്ചു തുടങ്ങി.
അവൾ എത്ര തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും വിപിന് സംശയ രോഗം മാറുന്ന ലക്ഷണമില്ല. ഒടുവിൽ വിപിന്നെ അവന്റെ പാട്ടിന് വിടാൻ തന്നെ മീനു തീരുമാനിച്ചു.
ദിവസങ്ങൾ പെട്ടെന്ന് പോയി മറഞ്ഞു കൊണ്ടേയിരുന്നു. വിപിൻ കൃത്യമായി മീനുകുട്ടിക്കും കുഞ്ഞിനുമുള്ള ചെലവിനുള്ള കാശ് അയച്ചു കൊടുത്തു കൊണ്ടിരുന്നു.
ഒരു ദിവസം രാവിലെ മീനുക്കുട്ടി നോക്കുമ്പോൾ ഉണ് വിപിന്റെ മെസ്സേജ് ഒന്നും കാണുന്നില്ല. വിളിക്കാൻ ശ്രമിച്ചിട്ടാണെങ്കിൽ മൊബൈൽ സ്വിച്ച് ഓഫ് എന്ന് മാത്രമേ പറയുന്നുള്ളൂ.മീനുവിന് ആകെ വിഷമം തോന്നി.
അവൾ ജോലികൾ ഒന്നും ചെയ്യാതെ വീടിന്റെ ഒരു മൂലയിൽ ചടഞ്ഞു കൂടി.അമ്മ ഒരുപാട് തവണ വന്നു നിർബന്ധിച്ചപ്പോഴാണ് അവൾ എന്തെങ്കിലും കഴിക്കാൻ തന്നെ കൂട്ടാക്കിയത്.
കോളിംഗ്ബെൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് മീനു എഴുന്നേറ്റ് വന്ന് വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിപ്പോയി.
വിപിൻ ചേട്ടൻ….അവൾ പൊട്ടി കരച്ചിലോട് കൂടി അവന്റെ മാറിലേക്ക് വീണു. എന്തിനാ ഇന്നലെ മുതൽ ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുന്നത്.
ഞാൻ എത്ര തവണ വിളിച്ചു എന്നറിയാമോ? ഞാൻ എന്തുമാത്രം പേടിച്ചുപോയി എന്നറിയാമോ. എന്തിനാ ചേട്ടാ എന്നെ ഇങ്ങനെ വിഷമപ്പെടുത്തുന്നത്.
എന്നെ അത്രയ്ക്ക് വേണ്ടാതായത് കൊണ്ടാണോ. വിപിൻ നോക്കുമ്പോൾ ഉണ്ട് ഒറ്റ ദിവസം കൊണ്ട് തന്നെ പെണ്ണ് കോലം കെട്ടിരിക്കുന്നു.
കണ്ണിനു ചുറ്റും കടുത്ത കറുത്ത പാടുകളും അഴിഞുലഞ്ഞ തലമുടിയും കരഞ്ഞു തളർന്ന കണ്ണുകളും…
ഞാൻ ഇന്നലെ രാത്രി അവിടെ നിന്നും ഫ്ലൈറ്റ് കയറി. മൊബൈൽ ഓഫ് ആയിരുന്നു പിന്നെ ഇവിടെ എത്തിയപ്പോഴേക്കും സിം ഒക്കെ മാറണ്ടേ. നിനക്കൊരു സസ്പെൻസ് ആയി കൊള്ളട്ടെ എന്ന് ഞാൻ വിചാരിച്ചു.
എനിക്ക് സർപ്രൈസ് തരാൻ വേണ്ടി ഒന്നുമല്ല. ചേട്ടനു എന്നെ സംശയമാണ് അതുകൊണ്ടാണ് എന്നോട് പോലും ഒരു വാക്ക് പറയാതെ കയറി വന്നത്.
എങ്ങനെ കഴിയുന്നു ചേട്ടനെ എന്നെ ഇ
ങ്ങനെ സംശയിക്കാൻ..അങ്ങനെയൊന്നുമില്ല പെണ്ണേ. എനിക്ക് നിന്നെയും മോനെയും കാണാതെ അവിടെ ജീവിക്കാൻ കഴിയില്ല.
അതുകൊണ്ട് ഞാൻ അവിടുത്തെ ജോലി മതിയാക്കി ഇങ്ങു പോന്നു. ശമ്പളം കുറവാണെങ്കിലും നിന്നെയും കുഞ്ഞിനെയും കണ്ട് നിങ്ങളുടെ സാമീപ്യത്തിൽ ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം.അത് മതിയെടി.
അവന്റെ ആ പറച്ചിലിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല. വലിയ പ്രാരാബ്ദ ങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീട്ടുകാരും അവന്റെ മടങ്ങിവരവിന് ഒന്നും പറഞ്ഞില്ല.
നമ്മുടെ നാടിനോളം വരുമൊ മറ്റേതൊരു നാടും.. എനിക്ക് നിങ്ങളൊന്നുമില്ലാതെ അവിടെ പറ്റില്ല.