അവളായിരുന്നു വലുത്. പക്ഷേ സ്വന്തം മക്കളുടെ കാര്യത്തിലും നീ അങ്ങനെ ഒരു വേർതിരിവ് കാണിക്കും എന്ന് ഞാൻ വിചാരിക്കുന്നില്ല.

(രചന: ശ്രേയ)

” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..? ”

ഓഫീസിൽ നിന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ തന്നെ കേൾക്കുന്നത് അമ്മയുടെ ഈ ബഹളമാണ്..!

ദിനവും ഇത് തന്നെ കേട്ടു കേട്ടു ആകെ മടുത്തു..! ജോലി കഴിഞ്ഞു വരുമ്പോ തന്നെ മനസ്സ് മടുപ്പിക്കുന്ന കുറെ വാർത്തകൾ മാത്രമാണ് കേൾക്കാനുള്ളത്.. എത്രയെന്നു വച്ചാ സഹിക്കുന്നത്.?

ഈർഷ്യയോടെ വിനോദ് ചിന്തിച്ചു.രണ്ടാമതൊരു വിവാഹം കഴിച്ച നാൾ മുതൽ തുടങ്ങിയതാണ് അമ്മയുടെ ഈ വക പയ്യാരം പറച്ചിൽ..! ഒരു തരത്തിലും അതിൽ കുറവ് വരുന്നില്ല..!

ശരിക്കും പറഞ്ഞാൽ രണ്ടാം വിവാഹം എന്റെ താല്പര്യം കൊണ്ടായിരുന്നില്ല.. മറിച്ചു രണ്ട് ചെറിയ കുഞ്ഞുങ്ങളെയും രോഗിയായ അമ്മയെയും നോക്കി ഓഫീസിലും പോകാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉപദേശിച്ചു.

അതിന്റെ പരിണിത ഫലം ആണ് മനസ്സില്ലാ മനസ്സോടെ ഉള്ള ആ കല്യാണം..!!പക്ഷെ.. ഇതിപ്പോൾ ഗുണത്തെക്കാൾ ഏറെ ദോഷമായെന്ന് മാത്രമല്ല, സമാധാനം എന്താണെന്ന് അറിയാൻ പോലും പറ്റാത്ത അവസ്ഥ ആയി..!

വിനോദിന്റെ തല ചൂട് പിടിച്ചു.എന്നാലും അമ്മ എന്തിനാണ് അവളെ ഇത്രത്തോളം കുറ്റം പറയുന്നത് എന്നാണ് മനസ്സിലാകാത്തത്..

താൻ ഇവിടെ ഉള്ളപ്പോഴൊക്കെ തന്റെ മുന്നിലേക്ക് പോലും വരാതെ മിക്കപ്പോഴും അടുക്കളയിലും പുറത്തെ വരാന്തയിലും ഒക്കെയായിരിക്കും അവൾ. ഒരിക്കൽ പോലും മക്കളോട് പോലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല.

വിനോദ് ഓർത്തു. അതേസമയം തന്നെ അവന്റെ ഉള്ളിലേക്ക് അവന്റെ അമ്മയുടെ മുഖവും കടന്നു വന്നു.

അമ്മ അങ്ങനെ ഇങ്ങനെ ഒരാളെയും കുറ്റം പറയാറില്ല. അങ്ങനെയുള്ള അമ്മ അവളെ കുറിച്ച് പറയണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ..

താൻ ഓഫീസിലേക്ക് പോയി കഴിഞ്ഞാൽ പിന്നീട് ഇവിടെയുള്ളത് അമ്മയും അവളും കുഞ്ഞുങ്ങളും മാത്രമാണ്.ആ സമയത്ത് ഇവിടെ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അത് അമ്മയ്ക്ക് ആയിരിക്കുമല്ലോ അറിയാൻ കഴിയുക..

അവന്റെ മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുന്നുണ്ടായിരുന്നു.കുട്ടികളെ അയാൾ ശ്രദ്ധിക്കുമ്പോഴൊക്കെയും അവർക്ക് യാതൊരു ഭാവ വ്യത്യാസവും അയാൾ കാണുന്നുണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞുങ്ങളെ അവളോടൊപ്പം ഉറങ്ങാനോ അവളോടൊപ്പം തനിച്ചു നിൽക്കാനോ അമ്മ സമ്മതിക്കാത്തത് പലപ്പോഴും അയാൾ ശ്രദ്ധിച്ചു

അവളിൽ നിന്ന് കുട്ടികളെ പറിച്ചു മാറ്റുന്നത് പോലെയാണ് പലപ്പോഴും അമ്മയുടെ പെരുമാറ്റം. അമ്മ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ഒരു കാരണം ഉണ്ടാകും എന്ന് വിനോദ് ചിന്തിച്ചു.

ദിവസങ്ങൾ കടന്നു പോകുമ്പോൾ അമ്മയുടെ പരാതികൾ വർദ്ധിച്ചത് അല്ലാതെ ഒന്നിനും ഒരു കുറവും വന്നില്ല..!

അന്നൊരു ദിവസം വൈകുന്നേരം അവൻ ജോലി കഴിഞ്ഞ് വരുമ്പോൾ കാണുന്നത് കലി തുള്ളി നിൽക്കുന്ന അമ്മയെ ആണ്. അതിപ്പോൾ പതിവ് കാഴ്ച ആയതു കൊണ്ട് തന്നെ ശ്രദ്ധിക്കാതെ മുറിയിലേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് അമ്മ അവനെ പേര് ചൊല്ലി വിളിക്കുന്നത് അവൻ കേൾക്കുന്നത്.

ഇന്നും പരാതികൾക്ക് ഒരു കുറവും ഇല്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്.

” ഇത്രയും ദിവസം ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ പറഞ്ഞ വാക്കിന് ഒരു വില വയ്ക്കാൻ നീ തയ്യാറായിട്ടില്ല. നിനക്ക് എന്തൊക്കെ പറഞ്ഞാലും അവളായിരുന്നു വലുത്. പക്ഷേ സ്വന്തം മക്കളുടെ കാര്യത്തിലും നീ അങ്ങനെ ഒരു വേർതിരിവ് കാണിക്കും എന്ന് ഞാൻ വിചാരിക്കുന്നില്ല.

നിന്റെ കുട്ടികളെ ഇന്ന് അവൾ തല്ലി. രണ്ടിന്റെയും കൈ തിണർത്ത് കിടക്കുന്നത് കണ്ടാൽ തന്നെ സങ്കടം വരും.. ഇനിയും അവൾക്ക് കൊല്ലാകൊല ചെയ്യാൻ കുട്ടികളെ ഇട്ടുകൊടുക്കണമോ വേണ്ടയോ എന്ന് നീ ആലോചിക്കണം..”

അമ്മ പറഞ്ഞത് കേട്ടപ്പോൾ വിനോദിന് ദേഷ്യം കൊണ്ട് കണ്ണ് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇത്രയും ദിവസം അമ്മ പല ആരോപണങ്ങളും പറഞ്ഞിട്ടും ഒരിക്കൽ പോലും അവളോട് അതിനെക്കുറിച്ച് ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ ഇന്ന് കുട്ടികളെ ഉപദ്രവിച്ചു എന്ന് കേട്ടപ്പോൾ അയാൾക്ക് തന്റെ നിയന്ത്രണം നഷ്ടമാകുന്നത് പോലെയാണ് തോന്നിയത്.

ആ സമയത്ത് തന്നെയാണ് കുട്ടികൾ അവൻ വന്നിട്ടുള്ളത് അറിഞ്ഞുകൊണ്ട് അവിടേക്ക് കടന്നു വന്നത്.

മക്കളെ കണ്ടപ്പോൾ തന്നെ അവന് പകുതി ആശ്വാസം തോന്നി. എങ്കിലും അമ്മ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നറിയണം എന്ന് അവൻ ചിന്തിച്ചു.

അവരുടെ രണ്ടാളുടെയും കൈ പരിശോധിക്കുമ്പോൾ ഒരിക്കലും അമ്മ പറഞ്ഞതുപോലെ അവർക്കൊന്നും സംഭവിച്ചിട്ടുണ്ടാകരുത് എന്നൊരു പ്രാർത്ഥന അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

പക്ഷേ അതൊക്കെയും വിഫലമാക്കിക്കൊണ്ട് കുട്ടികളുടെ രണ്ടാളുടെയും കയ്യിൽ തിണർത്ത് പാടുകൾ ഉണ്ടായിരുന്നു..!

” ഇതെന്താ പറ്റിയത്..? “അങ്ങേയറ്റം ഗൗരവത്തോടെ അവൻ കുട്ടികളോട് ചോദിച്ചു.”മായമ്മ തല്ലി..”

ഇളയവൾ വിതുമ്പി കൊണ്ട് പറയുന്നത് കേട്ടപ്പോൾ വിനോദിന് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണുകാണാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തി.

” മായേ.. “അവന്റെ ആ വിളിയിൽ ആ വീട് തന്നെ കിടുങ്ങി വിറക്കുന്നതു പോലെയാണ് നിന്നവർക്ക് തോന്നിയത്.

അവന്റെ വിളിയിൽ തന്നെ ഭയപ്പെട്ടുകൊണ്ട് മായ അവന്റെ മുന്നിലേക്ക് എത്തി.

“ഇതെന്താ ഈ കുട്ടികളുടെ കയ്യിൽ കാണിച്ചു വച്ചിരിക്കുന്നത്..? ഇങ്ങനെ എന്റെ കുട്ടികളെ ഉപദ്രവിക്കാനും മാത്രം എന്ത് തെറ്റാണ് അവർ ചെയ്തത്…?

അഥവാ അവരെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അത് എന്നോട് തുറന്നു പറയണം. അവരെ ശിക്ഷിക്കാനും ശാസിക്കാനും ഞാനുണ്ട്. ആ ജോലി തൽക്കാലം മായ ചെയ്യണമെന്നില്ല.”

വിനോദ് ഗൗരവത്തോടെ പറഞ്ഞപ്പോൾ മായക്ക് സങ്കടം സഹിക്കാൻ ആകുന്നുണ്ടായിരുന്നില്ല.” അത് വിനോദേട്ടാ.. ”

അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴും അവന്റെ ഉള്ളിൽ തെളിഞ്ഞു നിന്നത് കുട്ടികളുടെ മുഖമായിരുന്നു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും ആലോചിക്കാതെ അവന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞു.

അമ്മയുടെ മുഖം പ്രകാശിച്ചു. പക്ഷേ കുട്ടികളുടെ രണ്ടാളുടെയും മുഖം സങ്കടം കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി എടുക്കാൻ മായക്ക് ഒരു നിമിഷം വേണ്ടി വന്നു. സങ്കടം സഹിക്കാനാവാതെ അവൾ പിന്തിരിഞ്ഞ് മുറിയിലേക്ക് ഓടി..

“അച്ഛൻ എന്തു കാര്യത്തിനാ അമ്മയെ തല്ലിയത്..?”മൂത്തമകൾ ചോദിക്കുന്നത് കേട്ടപ്പോൾ വിനോദ് പകപോടെ അവളെ നോക്കി.

” നിങ്ങളുടെ രണ്ടാളുടെയും കൈ ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ അമ്മ എന്ന് പറയുന്നവൾ നിങ്ങളെ തല്ലിയത് കൊണ്ടല്ലേ..?അവൾക്ക് അതിനുള്ള അധികാരം ആരാണ് കൊടുത്തത്..? പത്തമ്മ പെറ്റമ്മ ആവില്ല എന്നൊക്കെ പറയുന്നത് ഇതിനാണ്..”

അച്ഛമ്മ പറയുന്നത് കേട്ടപ്പോൾ കുട്ടികൾ ദേഷ്യത്തോടെ അവരെ നോക്കി.”അച്ഛമ്മ എന്നും ഈ വാക്കുകൾ തന്നെയാണല്ലോ പറയാറുള്ളത്. പക്ഷേ ഞങ്ങളുടെ ഭാഗത്തുനിന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ഞങ്ങളുടെ അമ്മ ഞങ്ങളെ പ്രസവിച്ചു എന്ന ബന്ധം മാത്രമല്ല ഞങ്ങളോടുള്ളൂ..

പക്ഷേ പ്രസവിക്കാതെ തന്നെ ഞങ്ങൾക്ക് അമ്മയാണ് മായമ്മ.മക്കൾ തെറ്റ് ചെയ്താൽ ശിക്ഷിക്കുന്നതും ശാസിക്കുന്നതും അമ്മമാരുടെ കടമയല്ലേ..? ഞങ്ങളുടെ സ്വന്തം അമ്മയാണ് ഞങ്ങളെ ഇങ്ങനെ തല്ലിയത് എങ്കിൽ അച്ഛൻ അമ്മയോട് ഇങ്ങനെ ദേഷ്യപ്പെടുമായിരുന്നോ..?

അമ്മയെ തല്ലുമായിരുന്നോ..? അമ്മയോട് അങ്ങനെയൊന്നും പെരുമാറേണ്ടിയിരുന്നില്ല.. അമ്മ എന്തിനാ ഞങ്ങളെ തല്ലിയത് എന്ന് അച്ഛനു അറിയാമോ..?

ഇന്ന് വൈകിട്ട് ഞങ്ങൾ രണ്ടാളും കൂടി സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് മാളൂട്ടി ഒരു വണ്ടിയുടെ മുന്നിലേക്ക് ഓടി കയറി. അത് ശ്രദ്ധിക്കാതെ ഞാനും അവളുടെ പിന്നാലെ വണ്ടിയുടെ മുന്നിലേക്കാണ് ഓടിച്ചെന്ന് നിന്നത്. ഞങ്ങളുടെ പിന്നാലെ വന്ന അമ്മ ആ രംഗം കണ്ടു വല്ലാതെ ഭയന്നു പോയി..

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ രണ്ടാളെയും നിങ്ങൾക്ക് കാണാൻ കിട്ടുമായിരുന്നില്ല. ഞങ്ങളുടെ ശ്രദ്ധക്കുറവിനെ പഴിച്ചു കൊണ്ടാണ് അമ്മ ഞങ്ങളെ തല്ലിയത്.

അതൊരിക്കലും അമ്മ മനപ്പൂർവ്വം ചെയ്തതൊന്നുമല്ല. ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തരാൻ അമ്മയ്ക്ക് ഇങ്ങനെയല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു.. അമ്മയെ ഇതിന്റെ പേരിൽ ഇനി അച്ഛൻ ശിക്ഷിക്കരുത്..”

അത്രയും പറഞ്ഞുകൊണ്ട് അവൾ അനിയത്തിയുടെ കയ്യും പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ വിനോദിന് താൻ തീരെ ചെറുതായി പോയതു പോലെ തോന്നി.

തല്ലുന്നതിനു മുൻപ് എന്താ കാരണം എന്ന് ഒന്ന് അന്വേഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു.. കുട്ടികളുടെ കയ്യിലെ പാട് കണ്ടപ്പോൾ അവളോട് ഇത്രയും ദേഷ്യപ്പെടാൻ കാരണം അവൾ കുട്ടികളുടെ രണ്ടാനമ്മയാണ് എന്നുള്ള തോന്നൽ തന്നെയാണ്.അല്ലെങ്കിൽ ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല..!

കുറ്റബോധത്തോടെ ചിന്തിച്ചുകൊണ്ട് അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ട് അവൾ അവിടെ ഇരിപ്പുണ്ട്.”സോറി.. പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ട് പറ്റിപ്പോയതാണ്..”

ഒരു ക്ഷമാപണം പോലെ അവൻ പറയുമ്പോൾ അത് സ്വീകരിച്ചതുപോലെ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ആ നിമിഷം അവളെ ചേർത്തു പിടിക്കുമ്പോൾ ഇനി ഒരിക്കലും ഇങ്ങനെയൊന്നും ആവർത്തിക്കില്ല എന്ന് അവൻ ഉള്ളുകൊണ്ട് അവൾക്ക് വാക്ക് കൊടുക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *