ബന്ധം മുറിച്ചവൾ
(രചന: Sadik Eriyad)
സൽമാനും ഉമ്മയും കൂടെ ഉപ്പയുടെ ഓരോ കയ്യിലും പിടിച്ച് കാറിലേക്ക് കൊണ്ടുവന്നിരുത്തി ഒപ്പം അവരും കാറിലേക്ക് കയറി യാത്ര പുറപ്പെട്ടു. അവരുടെ യാത്ര ചെന്ന് നിന്നത് ഓട് മേഞ്ഞ ചെറിയൊരു വീടിന് മുന്നിലാണ്
സൽമാന് പെണ്ണു കാണാൻ വന്ന വീട് അവിടത്തെ മൂന്ന് പെൺകുട്ടികളിൽ മൂത്തവളായ നാദിയയെ പെണ്ണ് കാണാൻ. നാദിയയുടെ ഫോട്ടോ സൽമാന് കാണിച്ച ബ്രോക്കർ സൈദാലിക്ക അവരെയും കാത്ത് പുറത്ത് തന്നെ നിൽപ്പുണ്ട്
കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് സൽമാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ ഉമ്മ സൽമാനോട് ചോദിച്ചു മോനെ ഇതാണോ വീട്
അതെ ഉമ്മാ ഞാൻ ഉമ്മയോട് എപ്പഴും പറയാറില്ലെ ഞാനൊരു പാവപ്പെട്ട വീട്ടിന്നെ കെട്ടുള്ളുന്ന് അത് ഞാൻ കളി പറഞ്ഞതല്ല ഉമ്മാ
നമ്മളും കുടിലിൽ നിന്നല്ലെ നമുക്കിന്നുണ്ടായ ആ വലിയ വീട്ടിൽ എത്തിയത്
ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി ഉപ്പയെ ഇറങ്ങാൻ സഹായിക്കാൻ വന്ന സൽമാന്റെ കൈ പിടിച്ച് ഒരു മുത്തം കൊടുത്തുകൊണ്ട് സൽമാന്റെ ഉപ്പ കുഴഞ്ഞു പോകുന്ന നാവുകളാൽ പറഞ്ഞു ഉപ്പാന്റെ മോൻ ഉപ്പാന്റെ മോനാണ് ന്റെ കുട്ടി
പാചക തൊഴിലാളിയായിരുന്ന മമ്മുണ്ണിക്കും പത്നി ഹാജറാക്കും ആറ്റു നോറ്റിരുന്ന് വർഷങ്ങൾക്ക് ശേഷം കിട്ടിയ ഒരെയൊരു മകനാണ് സൽമാൻ
അവരുടെ നാട്ടിലെ കല്യാണ പന്തലുകളിൽ മമ്മുണ്ണിക്കാന്റെ നെയ് ചോറിന്റെയും ഇറച്ചിക്കറിയുടെയും വാസനയടിക്കാത്ത വീടുകളും
കല്ല്യാണ പന്തലുകളും കുറവായിരുന്നു പാചകത്തിൽ തുറന്ന ശുദ്ദിയും സ്നേഹവും ആവശ്യത്തിലേറെ നൽകിയിരുന്ന മനുഷ്യൻ
ചെറുതിലെ തന്നെ ഉപ്പയുമായി പാചക പുരയിൽ പോയിരുന്ന സൽമാൻ തീച്ചൂടിൽ വെന്തുരുകി ഓടി നടന്ന് പാചകം ചെയ്യുന്ന ഉപ്പയുടെ നെറ്റിയിൽ നിന്ന് ഒഴുകി വീഴുന്ന വിയർപ്പ് തുള്ളികൾ കാണുമ്പോൾ
വീട്ടിൽ വന്ന് കിടക്കാൻ നേരം ഉമ്മയോട് എപ്പോഴും പറയും ഞാൻ പഠിച്ഛ് നല്ല ജോലി വാങ്ങിയാൽ പിന്നെ ഞാനെന്റെ ഉപ്പയെ ജോലിക്കൊന്നും വിടില്ലാന്ന്
ആ വാക്ക് അവരുടെ പുന്നാര മകൻ സൽമാൻ നിറവേറ്റിയിരിക്കുന്നു സൽമാനിന്ന് സൗ ദി അ റേ ബ്യായിലെ വലിയൊരു ഏസി കമ്പനിയിൽ മാനേജറായി ജോലിചെയ്യുന്നു
സൽമാന്റെ ഉപ്പ ഇന്ന് തീരെ അവശനായെങ്കിലും നന്മയുള്ള അവരുടെ മകൻ എല്ലാ സൗഭാഗ്യങ്ങളും ആ മാതാപിതാക്കൾക്ക് നൽകി.
രണ്ട് പേരെയും കൊണ്ട് പോയി ഹജ്ജ് എന്ന പുണ്ണ്യ കർമം നിർവഹിപ്പിച്ചു രണ്ട് പേരെയും ഭൂമിയിലെ തിളക്കങ്ങളായ് തന്നെ പൊന്ന് പോലെ നോക്കുന്നു.
അങ്ങനെ സൽമാനും ലോകത്തിലെ ഏറ്റവും മഹത്വമുള്ളതും നന്മയുള്ളതുമാകേണ്ട ബന്ധമായ വിവാഹമെന്ന രണ്ടിണകൾ ഒന്നാകുന്ന ബന്ധത്തിലേക്ക് കടക്കുകയാണ്
നന്മയുള്ള തുടക്കമായിരുന്നു സൽമാന്റെയും നാദിയയുടെയും ജീവിതാരംഭം
ആദ്യ രാത്രിയിലെ തുടക്കത്തിൽ തന്നെ ഒറ്റ കാര്യമെ നാദിയയോട് സൽമാൻ പറഞ്ഞൊള്ളു എന്റെ ഉപ്പയും ഉമ്മയും ഒരിക്കലും വേദനിക്കരുത് ഞാൻ നാട്ടിലില്ലേലും അവരെ നീ പൊന്ന് പോലെ നോക്കണമെന്ന്.
സൽമാൻ പറഞ്ഞതെല്ലാം കേട്ട് നാദിയയും പറഞ്ഞു ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല ഇക്കാ
ഇക്കായെ പോലെ നന്മയുള്ളൊരാളുടെ ഭാര്യയാകാൻ കഴിയുമെന്ന് നന്മയുള്ള മനസ്സുള്ളത് കൊണ്ടല്ലെ ഒരു കഴിവുമില്ലാത്ത വീട്ടിൽ നിന്നെന്നെ ഇക്ക ഇങ്ങോട്ട് കെട്ടികൊണ്ട് വന്നത്
ഇത് പോലെ വലിയൊരു വീട്ടിൽ വന്ന് കയറാൻ എന്ത് ഭാഗ്യമാ റബ്ബെ ഞാൻ ചെയ്തത്
നാദിയ മനസ്സിൽ റബ്ബിനെ സ്തുതിച്ചു കൊണ്ട് സൽമാന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു
ആ വീട്ടിലെ ഒരുമകളായ് തന്നെ പെട്ടെന്ന് മാറി നാദിയ സൽമാന്റെ വാക്കുകൾ കൃത്യമായ് തന്നെ നാദിയയെന്ന ഭാര്യ നിർവഹിച്ചുപോന്നു ഉപ്പയെയും ഉമ്മയെയും പൊന്ന് പോലെ തന്നെ നാദിയ നോക്കി
നാദിയയുടെ ആ ഒരു ഗുണം ഉമ്മയിൽ നിന്ന് അറിഞ്ഞത് മുതൽ ജീവനായിരുന്നു സൽമാന് നാദിയയെ
സൽമാൻ ഗൾ ഫിൽ പോയും വന്നും നിന്നു അതിനിടയിലവർക്ക് രണ്ട് കുട്ടികൾ പിറന്നു രണ്ട് പൊന്നോമനകൾ
നാദിയയുടെ രണ്ട് അനിയത്തി മാരെ കെട്ടിച്ചയച്ചതും നാദിയയുടെ വീട് പൊളിച്ച് വലിയ വീട് വച്ചതും വീടിനോട് ചേർന്ന് വലിയൊരു പലചരക്ക് കട
അവളുടെ ബാപ്പാക്ക് ഇട്ട് കൊടുത്തതും അതോടെ അവരുടെ വീടിന്റെ അവസ്ഥ തന്നെ മാറിയതും സൽമാന്റെ നന്മയുള്ള മനസ്സിന്റെ ഗുണങ്ങളായിരുന്നു
രണ്ടാഴ്ച്ച മുന്നെ തുടങ്ങിയ ഒരുക്കങ്ങളാണ് ജോലി റിസൈൻ ചെയ്യ്ത് നാട്ടിലേക്ക് പോരുകയാണ് സൽമാൻ ഉപ്പാടെ മരണവും ഉമ്മാടെ പ്രായം തളർത്തിയ ബുദ്ദിമുട്ടുകളും സൽമാന് ഗൾഫിൽ തുടരാൻ കഴിയാതെ വന്നിരിക്കുന്നു
മക്കൾക്ക് വേണ്ട കളിക്കോപ്പുകളും ഉമ്മാക്കുള്ള പുതപ്പുകളും നിസ്ക്കാരകുപ്പായവും
തന്റെ പ്രിയതമക്കുവേണ്ട ഏറ്റവും സുഗന്ധമുള്ള പെർഫ്യുമുകളും മറ്റു ലേഡീസ് ഐറ്റംസുകളും ഭാര്യ പിതാവിനും മാതാവിനുമുള്ള കുറേയേറെ ഐറ്റംസുകളും
അങ്ങനെ നിറുത്തി പോരുന്നത് കൊണ്ട് ഒരുപാട് സാധനങ്ങൾ വാങ്ങി സൽമാൻ കാത്തിരുന്നു തന്റെ ജീവിത നൗകയായ മണ്ണിലേക്ക് പറക്കാൻ ഇനിയുള്ള കാലം തന്റെ ഉമ്മയും ഭാര്യയും മക്കളുമൊത്ത് കൊതി തീരെ ജീവിക്കാൻ
നാളെയാണ് സൽമാന് നാട്ടിലേക്കുള്ള ഫ്ലൈറ്റ് നേരം ഇരുട്ടിനോട് അടുക്കുന്നു
രാവിലെ കുറച്ചധിക നേരം നാദിയയുമായി സംസാരിച്ചു അവൾക്ക് തീരെ ഉണർവ് തോന്നിയില്ല
രാവിലത്തെ കാര്യങ്ങൾ ഓരോന്നായ് ഓർത്തെടുത്തു സൽമാൻ എന്തെ നാദിയക്ക് പറ്റിയത് തലവേദന ഇപ്പൊ മാറിക്കാണുമൊ
രാവിലെ ഞാനാണ് അങ്ങോട്ട് ഒരുപാട് സംസാരിച്ചത് ഒന്നും അവളിങ്ങോട്ട് പറഞ്ഞില്ല തലവേദനയെന്ന് പറഞ്ഞ് ഞാൻ പറഞ്ഞതെല്ലാം അവൾ മൂളി കേട്ടു
കുറച്ചു നാളുകളായി നാദിയ ഇങ്ങനെ തന്നെ ആണ് ഞാനെപ്പോ വിളിക്കുമ്പോഴും ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു
ഇല്ല എല്ലാം എന്റെ തോന്നലാകും അവൾക്ക് ശരിക്കും വയ്യാഞ്ഞിട്ടാകും പാവം ഒറ്റക്കല്ലെ വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത് സൽമാൻ ഓരോന്നോർത്ത് കിടന്ന് മയങ്ങി പോയിരുന്നു
എയർപോട്ടിൽ നിന്ന് സൽമാൻ പുറത്ത് വരുമ്പോൾ കുഞ്ഞുമ്മാന്റെ മകൻ സത്താർ കാറുമായി കാത്ത് നിൽപ്പുണ്ടായിരുന്നു സൽമാൻ വേഗം ഡോർ തുറന്ന് അകത്ത് കയറി ഇരുന്നു സാധനങ്ങളെല്ലാം കയറ്റി കാറിൽ വെച്ചത് സത്താർ തന്നെയാണ്
സത്താർ ഡ്രൈവിങിനിടയിൽ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ സൽമാൻ സീറ്റിൽ ചാരികിടന്ന് കരയുകയാണ് ഈ മനുഷ്യൻ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല
നാദിയാത്ത ഇങ്ങനെയൊന്ന് ഈ മനുഷ്യനോട് ചെയ്യുമെന്ന് അത്രക്ക് സ്നേഹമായിരുന്നു സൽമാൻകാക്ക് നാദിയാത്തയെ
എന്ത് എല്ലിനിടയിൽ കുത്തിയാവോ ആ പെണ്ണും പുള്ളക്ക് സത്താർ മനസ്സിൽ പിറു പിറുത്ത് രോഷം തീർത്തു
ഇന്ന് വർഷങ്ങൾ മൂന്ന് കഴിഞ്ഞിരിക്കുന്നു നാദിയ സൽമാനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയിട്ട്
സൽമാൻ ഒരു യാത്ര കഴിഞ്ഞ് വരുമ്പോൾ അവിചാരിതമായി ഒരു കടയിൽ കയറേണ്ടി വന്നു അവിടത്തെ സെയിൽസ് കൗണ്ടറിൽ കണ്ട മുഖം ഒന്നെ നോക്കിയുള്ളൂ
സൽമാൻ റബ്ബേ എന്ന് മനസ്സിൽ വിളിച്ചു കൊണ്ട് തിരിഞ്ഞ് കാറിനരികിലേക്ക് നടന്നു അല്ല ഓടുകയായിരുന്നു സൽമാൻ
കാറ് ആളൊഴിഞ്ഞ റോഡിന്റെ സൈഡിലേക്ക് ഒതുക്കി കുറേ നേരം അവിടെ തന്നെ ഇരുന്നു
റബ്ബേ എന്റെ നെഞ്ചിനുള്ളിൽ മുഖം പൂഴ്ത്തി ഇക്കയാണെന്റെ സ്വാർഗമെന്ന് പറഞ്ഞ ആനിഷ്കളങ്കയായിരുന്ന എന്റെ ആ നാദിയയെ തന്നെയാണോ
ഞാനിപ്പൊ കണ്ടത് അത് അവൾ തന്നെയാണോ മൂന്നു വർഷം കൊണ്ട് എന്ത് രൂപമാണ് എവിടെ പോയി അവളുടെ മുഖത്തിന്റെയാ പ്രസന്നത
ഇങ്ങനെ മാറാൻ കഴിയുമോ റബ്ബെ ഒരു ഭാര്യയായവൾക്ക് രണ്ട് മക്കളുടെ ഉമ്മയായവൾക്ക് എന്ത് കുറവാണ് റബ്ബേ ഞാൻ അവൾക്ക് വരുത്തിയത് എന്തിനാ എന്നെയും മക്കളെയും ഉപേക്ഷിച്ചു അവൾ പോയത്
അവൾ പത്തു മാസം വയറ്റിൽ ചുമന്ന് പെറ്റതല്ലേ എന്റെ പൊന്ന് മക്കളെ
സത്താറും ഉമ്മയും പറഞ്ഞ ഓരോ കാര്യങ്ങളും സൽമാന്റെ മനസ്സിൽ മിന്നി മിന്നി തെളിഞ്ഞു
അമിതമായുള്ള അവളുടെ ഫോൺ ഉപയോഗവും ഉപ്പാന്റെ മരണ ശേഷം അടിക്കടിയായുള്ള അവളുടെ വീട്ടിലേക്ക് ആരയോ കാണാനുള്ള യാത്രയും
അവൾ തന്നെ അവൾക്കുള്ള ചതി കുഴി തോണ്ടുകയായിരുന്നോ എന്തോ അറിയില്ല എവിടെയാണ് പിഴച്ചത് എന്നിലും വന്നു പോയിട്ടുണ്ടോ കുറവുകൾ
നിമിഷ നേരത്തെ സുഖം കൊതിച്ച് നന്മയിലുള്ള ഒരു കുടുംബ ജീവിതം തകർത്തെറിയുന്ന മനസ്സുകളെ ഈ സമൂഹം പോലും നിങ്ങൾക്ക് മാപ്പ് തരില്ല
ഈ ലോകത്തിൽ ഏറ്റവും വിലകൂടിയതും മഹത്വ മുള്ളതും നന്മയുള്ളതുമാകേണ്ട ബന്ധം അത് ഭാര്യ ഭർതൃ ബന്ധമാണ്
ഇത്തിരി നേരത്തെ ദുഷിച്ച ചിന്തകളാൽ നന്മയുള്ള ജീവിതത്തിൽ നിന്നും അഴുക്ക് ചാലിലേക്ക് ചാടിയാൽ പിന്നീടൊരിക്കലും ആ നന്മയിലേക്ക് നീന്തിക്കയറാൻ കഴിയില്ല
എത്ര കൈകൾ പിടിച്ചു കയറ്റാൻ ശ്രമിച്ചാലും നിങ്ങളൊരിക്കൽ നഷ്ടപ്പെടുത്തിയ ആ ഒരു നന്മ മാത്രം നിങ്ങൾക്ക് തിരിച്ചു കിട്ടില്ല അതിന് ദൈവം പോലും ഒരിക്കലും കൂട്ട് നിൽക്കില്ല
ഭാര്യ ഭർതൃ ബന്ധങ്ങൾ ആരെ കൊണ്ടും ഉരുട്ടിനീക്കാൻ കഴിയാത്ത പാറ കല്ല് പോലെ ഉറച്ചു നിൽക്കട്ടെ
ഏത് കുറവുകളും കുറ്റങ്ങളും സഹിക്കേണ്ട ബന്ധമാകട്ടെ വിവാഹ ബന്ധം ആ ഒരു പാടമല്ലേ നമ്മുടെ പൂർവികർ നമുക്ക് കാണിച്ചു തന്നത്
ഒരിക്കലും വറ്റാത്ത കിണർ പോലെ നിറഞ്ഞ് തുളുമ്പി നിൽക്കട്ടെ കുടുംബ ജീവിതത്തിലെ സ്നേഹം
ഞാനെന്ന സൽമാന്റെ ജീവിതം മാത്ര മെല്ല പാതിവഴിയിൽ തകർന്ന് പോയത് എന്നെ പോലെ ഒരുപാട് പേർ വേദനിച്ചിട്ടുണ്ട്
നമ്മുടെ ഈ നാട്ടിൽ ഇത് പോലുള്ള ഒരു വാർത്തകളും ഇനിയെങ്കിലും കേൾക്കാതിരിക്കട്ടെ നമ്മുടെ കാതുകളിൽ.
നന്മയുള്ള മനസ്സുകളെ നിങ്ങൾക്ക് നൽകുന്നു ഞാൻ എന്റെ ഈ ചെറിയ കഥ ഏതൊരു ഭർത്താവിന്റെയും മനസ്സിനുള്ളിലെ പുഞ്ചിരി അവന്റെ ഭാര്യയാണ്.