സംസാരശേഷി ഇല്ലാത്ത അവൾ മരുമകളെ തെല്ലും ബുദ്ധിമുട്ടിക്കാരുതെന്നു കരുതി ആ വീട്ടിലെ എല്ലാ ജോലികളും തനിയെ…

നിസ്സഗനായി
(രചന: അളകനന്ദ)

ഒന്നും മിണ്ടാതെ അയാൾ കാറിനു പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണയച്ചു…. ഒന്നും കാണാനാവുന്നില്ല….. കാഴ്ചയെല്ലാം കണ്ണീർ പടർത്തിക്കളഞ്ഞു.

ഉള്ളിൽ ഉരുകിക്കനക്കുന്ന സങ്കടങ്ങൾ തിങ്ങി നിറയുന്നു. നെഞ്ച് ഒന്ന് പൊട്ടിപ്പോയിരുന്നെങ്കിൽ….. ഒന്നുറക്കെ നിലവിളിച്ചു കരയാനാവുമായിരുന്നെങ്കിൽ…..

കണ്ണീരിലൂടെ അയാൾ അവനെ പാളി നോക്കി. ഇത്ര ഗൗരവം മുൻപ് ഒരിക്കലും അവനിൽ കണ്ടിട്ടില്ല. അനുകമ്പയുടെ ഒരു നേർത്ത കണികപോലും അവനിൽ അവശേഷിക്കുന്നില്ല.

ദൃഷ്ടിയുറച്ച കാലം മുതൽ അവന്റെ സ്ഥായി പുഞ്ചിരി നിറഞ്ഞതായിരുന്നു.

പല്ല് ഇല്ലാത്ത മോണകാട്ടി ചിരിക്കുമ്പോൾ അവനൊരു മാലാഖകുഞ്ഞു ആണെന്ന് അയാൾക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്. തന്റെ ജീവനും ജീവിതവും വെളിച്ചം വീശാൻ വന്ന മാലാഖ.

അവന്റെ ഓരോ വളർച്ചയിലും അയാൾ എന്തന്നില്ലാതെ സന്തോഷിച്ചു. സഹപ്രവർത്തകരോട് അവന്റെ വളർച്ചയെയും കുസൃതികളെയും നേട്ടങ്ങളെയും പറ്റി പറഞ്ഞു അഭിമാനിച്ചു.

വീട്ടിലും അയാൾ കൂടുതൽ സമയം അവനുവേണ്ടി മാറ്റിവച്ചു. രാവിലെ അവനെ ഉണർത്തുമ്പോൾ അവന്റെ രണ്ടു കവിളിലും അയാൾ മുത്തം വയ്ക്കും. കുറെ പുന്നാരിക്കും.

പിന്നെ, പല്ല് തേപ്പിക്കൽ, കുളിപ്പിക്കൽ, യൂണിഫോം ധരിപ്പിക്കൽ, സ്കൂളിൽ കൊണ്ടാക്കൽ തൊടങ്ങി എല്ലാ കാര്യങ്ങൾക്കും അവനു അയാൾ വേണം. ഒഴിവ് ദിവസങ്ങളിൽ വെറുതെ നടക്കാനിറങ്ങുന്നതും ചൂണ്ടയിടുന്നതും അവനോടൊപ്പമാക്കി.

തന്റെ തനിപ്പകർപ്പാനവൻ എന്ന് അവളോട്‌ പറഞ്ഞു അഭിമാനിക്കുമ്പോൾ സംസാരശേഷിയില്ലാത്ത അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിക്കും.

അവൾ ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ലങ്കിലും അവളുടെ കണ്ണുകളിലെ വാചലത വായിച്ചെടുക്കാൻ അയാൾക്ക്‌ മാത്രം അറിയാമായിരുന്നു.

അവളോട്‌ ഒരുപാടിഷ്ടം തോന്നിയത് കൊണ്ടാണ് സംസാരശേഷി ഇല്ലെന്നറിഞ്ഞിട്ടും അവളെതന്നെ വിവാഹം കഴിച്ചത്.

ഒരുപാട് സ്നേഹം നിറഞ്ഞ, സന്തോഷം നിറഞ്ഞ ജീവിതത്തിലെ നിറവായാണ് അവൻ പിറന്നത്. ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി.

തൊട്ടിലിൽ കിടന്നുറങ്ങുന്ന അവനെ അയാൾ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുമായിരുന്നു. അവൻ ചെറുതായി ഒന്നു വിങ്ങി വിതുമ്പുന്നത് പോലും സഹിക്കാൻ അയാൾക്ക്‌ ത്രാണി ഉണ്ടായിരുന്നില്ല.

അവൻ എപ്പോഴും അയാളോടൊപ്പമായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ, ഗൃഹപാഠം ചെയ്യിക്കുമ്പോൾ, എഴുതി എഴുതി അവന്റെ കൈ കുഴയുമ്പോൾ അയാൾ അവന്റെ കൈ തലോടി പറയും :”എന്റെ പൊന്നിന്റെ കൈ വേദനിച്ചുന്നോ? അച്ഛൻ തലോടി താരല്ലോ… ”

ചിലപ്പോൾ അയാൾ അവന്റെ ഗൃഹപാഠം ചെയ്തുകൊടുക്കും. അല്ലെങ്കിൽ ഇത്രയും ഗൃഹപാഠം കൊടുത്തുവിട്ട ടീച്ചറിനോട്‌ കയർക്കും.

അവനെ വല്ലാതെ ലാളിക്കുമ്പോൾ തന്റെ ബാല്യത്തിലെ നിരാശ്രയത്വം അയാളറിയാതെ അയാളുടെ ഓർമ്മകളെ പിടിച്ചുലക്കും.

ഇന്നും തനിക്കജ്ഞതാമായ ഏതോ കാരണത്തിന് കൊല്ലപ്പെട്ട മാതാപിതാക്കളുടെ മൃതദേഹത്തിനരികെ ആരോരുമില്ലാതെ വാവിട്ടു നിലവിളിക്കുന്ന അന്നത്തെ ആറ്‌ വയസ്സുകാരന്റെ ദൈന്യത അയാളുടെ ചിന്തകളെ അസ്വസ്ഥമാക്കും.

വിശന്നും കരഞ്ഞും എങ്ങനൊക്കെയോ തള്ളിനീക്കിയ ബല്യ കൗമാരങ്ങൾ പിന്നിട്ടു ഇന്ന് മകന്റെ ഗൃഹപാഠം പോലും ചെയ്തുകൊടുക്കുമ്പോൾ തനിക്കു നേരിട്ട ദുഃഖങ്ങളിൽ ഒരു ശതമാനം പോലും അവൻ അനുഭവിക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു.

ആർഭാടപൂർവ്വം അവനിഷ്ടപ്പെട്ട വിവാഹം നടത്തുമ്പോളും ഒരിക്കലും തന്റെയോ അവളുടെയോ താത്പര്യങ്ങളല്ല മുൻനിർത്തിയത്.

സംസാരശേഷി ഇല്ലാത്ത അവൾ മരുമകളെ തെല്ലും ബുദ്ധിമുട്ടിക്കാരുതെന്നു കരുതി ആ വീട്ടിലെ എല്ലാ ജോലികളും തനിയെ ചെയ്തുതീർത്തു പോന്നു. ചിലപ്പോഴൊക്കെ അയാളും അവളോടൊപ്പം കഷ്ടപെട്ടു.

വെളുത്തുമെലിഞ്ഞ അവളെ വാർദ്ധക്യം പെട്ടന്ന് ബാധിച്ചെന്നു പലപ്പോഴും തോന്നിയിരുന്നു. രോഗങ്ങൾ പലതും മാറിമാറി അവളുടെ ശരീരത്തെ തകർത്തുകൊണ്ടിരുന്നു.

തീരെ നടക്കാനാവാതെ ആയപ്പോഴാണ് ഒരിക്കൽ പകൽ സമയത്തു അവളെ കിടക്കയിൽ കണ്ടത്. അറിയാതെ മലം വിസർജിച്ചു കിടക്കുന്ന അവളെ മകനും മരുമകളും കഠിനമായി ശകാരിച്ചു.

അവളെ ഒന്നെഴുന്നേൽക്കാൻ സഹായിക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെ അവർ വണ്ടിയും എടുത്തു എങ്ങോട്ടോ പോയപ്പോൾ അയാൾ അവളുടെ അടുത്ത് വന്ന് സ്വാന്തനിപ്പിച്ചശേഷം വിസർജ്യങ്ങൾ മാറ്റി മുറി വൃത്തിയാക്കി.

മരുമകളുടെ വസ്ത്രങ്ങൾ പോലും കഴുകിക്കൊടുക്കുമായിരുന്ന അവളുടെ രോഗാവസ്ഥ മനസ്സിലാക്കാതെ അവർ പലപ്പോഴും അവളോട്‌ ക്രൂരമായി പെരുമാറാൻ തുടങ്ങി.

പലപ്പോഴും ആക്ഷേപവാക്കുകൾ അയാളുടെ ഹൃദയത്തെയും മുറിപ്പെടുത്താൻ തുടങ്ങി. മരുമകളുടെ ശകാരങ്ങളും രൂക്ഷമായ നോട്ടങ്ങളും കണ്ടില്ലെന്നു ഭാവിക്കാൻ ശ്രമിച്ചു.

അവന്റെ മാറ്റമാണ് അയാളെ അമ്പരപ്പിച്ചത്. എന്തിനും അവനു താൻ കൂടെ വേണമായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ നേർക്ക് സ്നേഹം നിറഞ്ഞ ഒരു നോട്ടം പോലുമില്ല.

ഒന്നും സംസാരിക്കാറില്ല. അവളെയും കൂട്ടി എവിടേക്കെങ്കിലും ഇറങ്ങിപ്പോയാലോ എന്ന് ഒരുപാട് തവണ അയാൾ ചിന്തിച്ചു. അപ്പോഴും അവനു അതൊരു നാണക്കേടാവും എന്ന് കരുതി ഒക്കെ സഹിച്ചു.

ഇന്നലെ തന്റെയും അവളുടെയും വസ്ത്രങ്ങൾ അവൻ തന്നെ രണ്ടു പെട്ടികളിലാക്കുന്നത് അയാൾ ശ്രദ്ധിച്ചു.

താൻ ഭയപ്പെട്ടിരുന്നത് തന്നെ സംഭവിക്കാൻ പോകുന്നു എന്നയാൾ മനസ്സിലാക്കി. മനസ്സ് നീറിപ്പുകയുന്നുണ്ടായിരുന്നെങ്കിലും അവൾ കൂടെയുണ്ടല്ലോ എന്നായാശ്വാസം അയാളുടെ നീറിപ്പുകയുന്ന തലച്ചോറിനു സാന്തനം നൽകി.

ജീവിതത്തിലെ ഒരുപാട് ദുഃഖങ്ങളോടൊപ്പം ഇതും തനിക്ക് മുറിച്ചു കടക്കാൻ കഴിയുന്ന ദുഃഖം ആകും. ഇനിയുള്ളത് തങ്ങളുടെ ജീവിതം എന്ന് കരുതിയാണ് ഉറങ്ങാൻ കിടന്നത്.

സ്വയം തകർന്നും നഷ്ടപ്പെടുത്തിയും രാപകൽ കഷ്ടപ്പെട്ടു താൻ നിർമിച്ച വീട്ടിൽ നിന്നും അവസാന യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സ് മരവിച്ചു കഴിഞ്ഞിരുന്നു. അവളെയും താങ്ങി പിടിച്ചു വണ്ടിയിൽ കയറ്റി……

ഏറെ ദൂരം യാത്രചെയ്തു ഏതോ വൃദ്ധസദനത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ അന്തേവാസികളിൽ പലരുടെയും മുഖത്തെ നിർവികാരത അയാൾ ശ്രദ്ധിച്ചു.

പ്രതീക്ഷകളറ്റ ജന്മങ്ങൾ……. സന്തോഷത്തിന്റെ കടയ്ക്കൽത്തന്നെ വെട്ടേറ്റ പാവം വൃക്ഷങ്ങൾ…..

വണ്ടിയിൽ നിന്ന് അവനാണ് അവളെ ഇറക്കിയത്. രണ്ടു പേരുടെയും പെട്ടിഎടുത്തു ഉള്ളിലേക്ക് നടക്കാനൊരുങ്ങവേ മകന്റെ ശാസന.”അച്ഛൻ ഇവിടെ അല്ല താമസിക്കേണ്ടത്. ഇത് സ്ത്രീകൾക്ക് മാത്രമുള്ള സ്ഥലമാ… ”

അവൾ ഞെട്ടിത്തരിച്ച് അയാളെ നോക്കി. അങ്കലാപ്പോടെ, ഇത്രയും നൊമ്പരപ്പെട്ടു ഞാൻ അവളെ കണ്ടിട്ടില്ല. ഇത്രയും വിങ്ങി വിതുമ്പുന്ന അവളുടെ ഹൃദയം ഞാൻ തൊട്ടിട്ടില്ല. ഇത്രയും പരിക്ഷീണയായി മുമ്പൊരിക്കലും നിന്നിട്ടില്ല.

“മോനെ… നിന്റെ അമ്മക്ക് സംസാരശേഷിയില്ലാന്നുള്ള കാര്യം നീ മറന്നോ…..? അവളുടെ ആവശ്യങ്ങൾ എനിക്ക് മാത്രമേ അറിയൂ….

ജീവിതത്തിന്റെ അവസാന കാലത്ത് ഞങ്ങളെ ഇങ്ങനെ രണ്ടാക്കുരുത്. ജീവിതം തുടങ്ങിയത് മുതൽ എനിക്കവളും അവൾക്ക് ഞാനുമേയുള്ളൂ.. മോനെ, അവളെ ഒറ്റക്ക്……. ”

വാക്കുകൾ മുഴുവിക്കും മുൻപ് അവൻ കലിതുള്ളി “നിർത്തു. എന്നെ പഠിപ്പിക്കാൻ വരണ്ട. ചെയ്യണ്ടതെന്താന്ന് നല്ല ബോധം എനിക്കുണ്ട്. ”

അവളുടെ കയ്യിൽ ഒന്നു തൊട്ടു. ഒരു പക്ഷെ, ഈ ജീവിതത്തിലെ അവസാന സ്പർശം, ഒരു ശിലാ പ്രതിമപോലെ നിന്ന അവളെ ഒന്നു തഴുകാനാവുന്നതിനുമുന്പേ അവൻ അയാളെ കാറിലേക്ക് ഉന്തിക്കയറ്റി.

ഇനി താനും ഏതോ വൃദ്ധസദനത്തിൽ…. അയാൾ മുഖമമർത്തിത്തുടച്ചു.

“മകനേ…. നിന്റെ കയ്യൊന്ന് കുഴഞ്ഞാൽ നിന്റെ കാലൊന്ന് ഇടറിയാൽ, കണ്ണോന്നു നിറഞ്ഞാൽ…..

ഇന്നും അച്ചന്റെ ഹൃദയം പിടക്കും. എന്റെ ഇരുകൈകൾ നീട്ടി ഓടിവന്ന് കെട്ടിപ്പുണരാൻ വെമ്പൽ കൊള്ളും. പക്ഷെ , മോനെ.. നീ…. അച്ചനും അമ്മയും നിനക്കാരുമായിരുന്നില്ലേ മോനെ? ”

ഒരായിരം കരളലയിക്കുന്ന ചോദ്യങ്ങൾ അയാളുടെ നെഞ്ചിലുറഞ്ഞുകൂടിയെങ്കിലും അയാൾ അവനോട് ഒന്നും ചോദിച്ചില്ല.

നിസ്സംഗനായി ഒന്നും മിണ്ടാതെ അയാൾ കാറിനു പുറത്തെ കാഴ്ചകളിലേക്ക് കണ്ണയച്ചു. ഒന്നും കാണാനാവുന്നില്ല. കാഴ്ചകളെയെല്ലാം കണ്ണീർ പടർത്തിക്കളഞ്ഞു. കാഴ്ചകളിൽ ഇരുട്ട് നിറഞ്ഞു തുടങ്ങിയിരുന്നു………

ഒരിക്കലും വെളിച്ചത്തിലേക്ക് വരാൻ പറ്റാത്ത ഇരുട്ടിലേക്ക് അയാൾ യാത്രയായി……..

Leave a Reply

Your email address will not be published. Required fields are marked *